8.8.20

നിഴൽവീണവഴികൾ ഭാഗം 86


പരീക്ഷയുടെ തലേദിവസം... കഴിവതും ഫസൽ റിലാക്സാവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഖുർആൻ കൈയ്യിലെടുത്തു..... അതിലെ വചനങ്ങൾ വായിച്ചു... ഈണത്തിൽ കുറച്ചുനേരം ചൊല്ലി അതിന്റെ അർത്ഥം സ്വയം പറഞ്ഞു... അപ്പോഴേയ്ക്കും നിസ്കാരസമയമായിരുന്നു... നിസ്കാരവും കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും ഒരു പുതിയ ശക്തി ലഭിച്ചതുപോലെ തോന്നി... വീട്ടിൽനിന്നും.. മറ്റും വിളിച്ചിരുന്നു. ഐഷുവിന്‌റെ വിളിയും വന്നിരുന്നു. നേരത്തെ ഉറങ്ങാൻ അൻവർമാമപറഞ്ഞതിനാൽ അവൻ നേരത്തേ കിടന്നു. പഠിച്ച പല കാര്യങ്ങളും ഓർമ്മയിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. നാളത്തെ പ്രഭാതം അത് തന്റെ ഭാവി തീരുമാനിക്കുന്ന ദിവസമാണ്. നല്ലത് മാത്രം സംഭവിക്കട്ടെയെന്നു മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അവൻ ഉറക്കിലേക്ക് വഴുതി വീണു.


റഷീദ് ബിസിനസ്സിൽ നല്ല രീതിയിലുള്ള വികസനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. അൻവർ കൂടി ബിസിനസ്സിൽ പങ്കാളിയാകുന്നതോടെ വളരെ നല്ലൊരു നിലയിലെത്താമെന്നു റഷീദിനും പ്രതീക്ഷയുണ്ട്. സൗദി അറേബ്യയിലെ നിയമങ്ങൾ വച്ചുനോക്കുമ്പോൾ ദുബൈയിൽ കുറച്ചുകൂടി ബിസിനസ്സ് പിടിച്ചുവരാൻ വളരെ എളുപ്പവുമാണ്.


അഭിമന്യുവിനോട് പറഞ്ഞതനുസരിച്ച് ദുബായിലെ ചില സുഹൃത്തുക്കളുമായി അവർ സംസാരിച്ചു. അവിടുത്തെ ഹൈപ്പർമാർക്കറ്റിലെ മാനേജർ എന്തു സഹയം വേണമെങ്കിലും ചെയ്യാമെന്നേറ്റു.. നല്ല തിരക്കുള്ള ഹൈപ്പർമാർക്കറ്റ് അവിടെ അത്യാവശ്യം നല്ല വലിപ്പമുള്ള ഒരു ഏരിയ ഒഴിവുവന്നിട്ടുണ്ട്. മൾട്ടീപ്ലക്സിനും സൂപ്പർമാർക്കറ്റിനും അടുത്താണത്.. കേട്ടപ്പോൾ രണ്ടാൾക്കും അത് നല്ലതാണെന്നു തോന്നി...


“അഭീ നമുക്ക് നാളെത്തന്നെ ദുബായ് വരെയൊന്നു പൊയ്ക്കളയാം..“


“പിന്നെന്താ റഷീദ്... അവിടേയ്ക്ക് പോകാൻ ഓൺ അറൈവൽ വിസ മതിയല്ലോ.. നമുക്ക് നാളെത്തന്നെപൊയ്ക്കളയാം.“


“അഭീ... നമുക്ക് ബിസ്സിനസ്സ് ദുബായ് പോലുള്ള വലിയ നഗരങ്ങളിൽ ഇൻഡിപ്പെൻഡായി തുടങ്ങുന്നതിനേക്കാൾ നല്ലത് ഹൈപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് ചെയ്യുന്നതായിരിക്കും. കാരണം അവിടങ്ങളി‍ൽ ആളുകൾ തിക്കിത്തിരക്കിയെത്തും.. അവിടെ എങ്ങനെയായാലും ശരാശരി ഒരാൾ മൂന്നു മുതൽ നാലുമണിക്കൂർ വരെ മാളുകളിൽ കഴിച്ചുകൂട്ടും. തിരക്കുപിടിച്ച ജീവിതത്തിൽ ഒന്നു റിലാക്സ് ചെയ്യാൻ വരുന്നവരാണധികവും... പിന്നെ പാർക്കിംഗ് മാളുകളിൽ പ്രശ്നവുമല്ലല്ലോ... അതുകൊണ്ട് കുടുംബമായിട്ടുവരുന്നവർക്ക് അത് ഒരു ആശ്വാസവുമാണ്.


“ശരിയാണ്. റഷീദ്... പറഞ്ഞത്.. ഇവിടെ നമ്മൾ പ്രത്യേകം ബിൽഡിംഗിലാണല്ലോ സ്ഥാപനം തുടങ്ങിയത്.. നമുക്ക് ദാബായിലെ രീതിയൊന്നു പരീക്ഷിക്കാം... എന്തായാലും നാളെ അവിടെപോയി എല്ലാ വിശദമായി നോക്കാം...“


അവർ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.. രാവിലെ 6.30- നുള്ള ഫ്ലൈറ്റിൽ ദുബായിലേയ്ക്ക്. റഷീദ് സൗദിയിലെത്തിയിട്ട് ഇത്രയും കാലമായെങ്കിലും ദുബായിലേയ്ക്ക് ഇതുവരെ പോയിരുന്നില്ല. പക്ഷേ പല കാര്യങ്ങൾക്കുമായി ബഹറിനിലേയ്ക്കും ഖത്തറിലേയ്ക്കും പോയിരുന്നു. അതും ചെറിയ ചില മീറ്റിങ്ങുകൾക്കുവേണ്ടിമാത്രം..


അവർ രണ്ടാളും അതി രാവിലെ തന്നെ എയർപോർട്ടിലേയ്ക്ക് തിരിച്ചു. ചെക്കിൻ ചെയ്യാനുള്ള സമയത്ത് തന്നെ അവരവിടെയെത്തി. കാർ പാർക്കിംഗിൽ ഇട്ടു... രണ്ടാളും എയർപോർട്ടിലേയ്ക്ക്. അവിടെ നിന്നും കൃത്യസമയത്തു തന്നെ ഫ്ലൈറ്റ് യാത്ര തുടങ്ങി... ഏകദേശം ഒന്നരമണിക്കൂറുകൾക്കകം അവർ ദുബായിലെത്തി.... രണ്ടാൾക്കും വിസ്മയകരമായ കാഴ്ചയായിരന്നു. ഉയർന്നു നിൽക്കുന്ന സൗധങ്ങൾ.. ആകാശത്തിലെ മേഖങ്ങൾ തൊട്ടുരുമ്മി കടന്നുപോകുന്നു... രണ്ടാളും എയർപോർട്ടിലിറങ്ങി.. അവിടെനിന്നും ഒരു ടാക്സിയിൽ തൊട്ടടുത്ത് ഹോട്ടലിലേയ്ക്ക്. അവിടെനിന്നും ഫ്രഷായി കുറച്ചു വിശ്രമിച്ചു. അപ്പോഴേയ്ക്കും റഷീദിന്റെ സുഹൃത്തായ അൽത്താഫ് അവിടെത്തിയിരുന്നു.


ഏകദേശം പത്തു മണിയോടെ അവരെല്ലാം ഹോട്ടലിൽ നിന്നും യാത്രതിരിച്ചു. കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു. മുക്കാൽ മണിക്കൂറത്തെ യാത്ര അവർ ആ ഹൈപ്പർമാർക്കറ്റിലെത്തി.. മൂന്നുപേരും അവിടൊന്നു ചുറ്റിനടന്നു കണ്ടു... നല്ല തിരക്ക്. എല്ലാ കടക്കാർക്കും നല്ല ബിസിനസ് ആണെന്നു തോന്നുന്നു. മൾട്ടിപ്ലക്സിൽ 16 തിയേറ്ററുകൾ അധികവും ഹിന്ദി മലയാളം സിനിമകൾ.. അവിടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും തിരക്കു കാണാമായിരുന്നു. അവർ ഫുഡ്കോർട്ടിനടുത്തെത്തി.. അവിടെ നിന്നും ഓരോ കോഫി കുടിക്കാമെന്നു കരുതി. മൂന്നാളും കാപിച്ചിനോ ഓർഡർ ചെയ്തു...


“റഷീദ്ക്കാ... ഇവിടെ ബിസിനസ് നന്നായി ലഭിക്കുമെന്നുള്ളകര്യത്തിൽ യാതൊരു സംശയവുമില്ല.. മുൻപ് ഇവിടെ ബിസിനസ് നടത്തിയിരുന്നത് സ്പോർട്ട്സ്  ഐറ്റങ്ങളുടെ കടയായിരുന്നു. അയാൾ പെട്ടെന്ന് ബിസിനസ് നിർത്തി നാട്ടിലേയ്ക്ക് പോയി... പലരും വന്നു ചോദിച്ചെങ്കിലും കൊടുത്തില്ല.. എന്റെ അടുത്ത ബന്ധുവാണ് മാനേജർ, ഞാൻ കാര്യംപറഞ്ഞപ്പോൾ നോക്കാമെന്നു പറഞ്ഞിരുന്നു.“


അവർ കോഫി കുടിയും കഴിഞ്ഞ് അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന കടയുടെ അടുത്തെത്തി... അത്യാവശ്യം നല്ല വലിപ്പമുണ്ട്... ഫുഡ്കോർട്ടിനോട് ചേർന്നതായതുകൊണ്ട് കുഴപ്പമില്ല.. ഐസ്ക്രീം പാർലറുകൾ പലബ്രാണ്ടുമുണ്ടിവിടെ... കേക്കിനുവേണ്ടിമാത്രമായി ഒരു ചെറിയ ഷോപ്പുമുണ്ട്.. എല്ലാം ഒരിടത്തു ലഭിക്കുന്ന സ്ഥലമില്ല...


“അഭീ എന്തു പറയുന്നു.“


“റഷീദേ പറഞ്ഞ് കേട്ടിടത്തോളം വലിയ കുഴപ്പമില്ല.. നമ്മൾ ഉദ്ദേശിച്ച വലിപ്പമുണ്ട്... നമുക്ക് മാനേജരുമായി സംസാരിക്കാം..“


അവർ മൂവരും എസ്കലേറ്ററിലൂടെ താഴത്തെ നിലയിലേയ്ക്ക് പോയി. അവിടെയാണ് മാനേജരുടെ മുറി... അവരെ മൂവരേയും കണ്ടയുടനേ മാനേജർ അലി പുറത്തേയ്ക്ക് ഇറങ്ങിവന്നു... അവരെ ഓഫീസിലെ കോൺഫറൻസ് ഹാളിലേയ്ക്ക് കൊണ്ടുപോയി.


തങ്ങൾ തുടങ്ങാൻ പോകുന്ന പ്രോജക്ടിനെക്കുറിച്ച് വിശദമായി സംസാരിച്ചു. കൈയ്യിൽ മെനുവും കരുതിയിരുന്നു അതും അവർ അലിയുടെ മുന്നിൽ പ്രദർശിപ്പിച്ചു... അലിയ്ക്ക് സന്തോഷമായെന്നു മനസ്സിലായി...


“റേറ്റല്പം കൂടുതലാണ് നമ്മളെപ്പോലുള്ള തുടക്കക്കാരായ ബിസിനസ്സുകാർക്ക്.. പക്ഷേ സ്ഥലം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.“


“ബോസ് എന്നോടു പറഞ്ഞിരുന്നത് എന്തേലും വെറൈറ്റി ഫുഡ്ഐറ്റവുമായി വരുന്നവർക്ക് കൊടുത്താൽ മതിയെന്നാണ്... നിങ്ങൾക്ക് എന്തായാലം അതിനുള്ള കപ്പാസിറ്റിയുമുണ്ട്. അത് കൊണ്ട് ബോസ് എന്തായാലും സമ്മതിക്കും.“


“അവർ മൂവരും ബോസിന്റെ മുറിയിലേയ്ക്ക് പോയി... അവർ പരസ്പരം അഭിവാദനംചെയ്തു.


മൂവരും അവിടെ ഇരുന്നു. റഷീദ് തങ്ങളുടെ പ്ലാൻ വിശദമായി വിവരിച്ചു.


“ഞങ്ങൾ സൗദിയിൽ ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്... ലൈവായി ഗുബ്ബൂസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. അതുതന്നെ രണ്ടുതരം... കൂടാതെ മീറ്റ് റോളുകൾ കട്ലറ്റ്, വിവിധതരം സ്നാക്സ്, നട്സ്, ബ്രഡ്.. അങ്ങനെ പലവിധത്തിലുള്ള ഐറ്റംസാണ് ഉദ്ദേശിക്കുന്നത്.. കേക്ക് ലൈവായി ഉണ്ടാക്കി നൽകാനാണുദ്ദേശിക്കുന്നത്... ഫുഡ്കോർട്ടായതുകൊണ്ട് ഇരിപ്പിടം പ്രത്യേകം കരുതേണ്ടതില്ലല്ലോ.. മാക്സിമം സ്ഥലം ബോർമയ്ക്കും, കിച്ചനുമായി ഉപയോഗിക്കാം...“


റഷീദിന്റെ വിവരണം എന്തായാലും അറബിക്ക് നന്നായി ഇഷ്ടപ്പെട്ടു. അവർ തമ്മിൽ ഒരു എഗ്രിമെന്റ് ഡ്രാഫ്റ്റ് ചെയ്തു. റേറ്റിന്റെ കാര്യത്തിൽ 6 മാസത്തേയ്ക്ക് കുറച്ച് കുറവുവരുത്തി.. ബാക്കിയെല്ലാ ടേംസ് ആന്റ് കണ്ടീഷൻസ് റഷീദും അഭിമന്യുവും സമ്മതിച്ചു... അവർ സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി.


ഉച്ചഭക്ഷണം അവിടുത്തെ ഫുഡ്കോർട്ടിൽ നിന്നുംകഴിച്ചു.. അത്യാവശ്യം ജീവനക്കാർക്ക് താമസിക്കാനുള്ള താമസസ്ഥലം അതും വേണമല്ലോ.. അതുകൂടി നോക്കാമെന്നു കരുതി.. തിരക്കിൽനിന്നും ഒഴിഞ്ഞ്  ഏകദേശം നാൽപ്പതു കിലോമീറ്റർ ദൂരത്തിൽ ഒരു സ്ഥലത്ത് ഒരു നല്ല  അക്കമഡേഷൻ കണ്ടെത്തി. ഏകദേശം മുപ്പതുപേർക്ക് സുഖമായി താമസിക്കാം... അതിന്റെ നടത്തിപ്പുകാരനും ഒരു മലയാളി ആയിരുന്നു. ആ സ്ഥലവും എല്ലാവർക്കും ഇഷ്ടപ്പെട്ടു.. മൂന്നുനാല്  വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. മൂന്നു നിലകളിലായി 8 ഫ്ലാറ്റുകൾ ഒരു ഫ്ലാറ്റിൽ രണ്ടും മൂന്നും  വീതം റൂമുണ്ട്.. താഴത്തെ നിലയിൽ അൻവറിന് താമസിക്കാനുള്ള സ്ഥലമാക്കാം.. അതാകുമ്പോൾ മൂന്നു ബഡ്റൂം ഫ്ലാറ്റാണ്... ഇടയ്ക്ക് തങ്ങൾ ഇവിടെ വരുമ്പോൾ താമസിക്കുകയും ചെയ്യാമല്ലോ...


വന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കി അവർ എയർപോർട്ടിലേയ്ക്ക് യാത്രതിരിച്ചു. അൽത്താഫിനോട് നന്ദിപറഞ്ഞ് അവർ എയർപോർട്ടിലേക്ക് കയറി... രണ്ടാൾക്കും വളരെ സന്തോഷമുള്ള ദിവസമായിരുന്നു അന്ന്.


നാട്ടിൽ എല്ലാവരും നല്ല ടെൻഷനിലായിരുന്നു. കാരണം ഫസലിന്റെ പരീക്ഷ... എല്ലാവരുടേയും പ്രതീക്ഷ അവനിലാണ്... അതി രാവിലെ തന്നെ അവൻ ഉറക്കമുണർന്നു. ഫ്രഷായി അത്യാവശ്യം ഗൈഡുകളും മറ്റും മറിച്ചുനോക്കി.. എല്ലാം കവർചെയ്തതായി സ്വയം ബോധ്യമായി... അപ്പോഴേയ്ക്കും അൻവർ കട്ടൻചായയുമായി വന്നു... അതിനുശേഷം അൻവർ കാപ്പിയുണ്ടാക്കാൻ അടുക്കളയിലേയ്ക്ക് പോയി വിഷ്ണുവും അൻവറിനെ സഹായിക്കാനെത്തി... കൃത്യം എട്ടുമണിക്കുതന്നെ അവർ മൂവരും അവിടെനിന്നുമിറങ്ങി...


ഫസലിന് മുമ്പെങ്ങുമില്ലാത്ത ടെൻഷൻ കൈകൾക്കും കാലുകൾക്കുമൊക്കെ ഒരു വിറയൽപോലെ... ശരീരം വിയർക്കുന്നതുപോലെ.. അവൻ ധൈര്യം സംഭരിച്ച് കണ്ണടച്ചിരുന്നു.. മനസ്സിൽ പ്രാർത്ഥനയും... 8.45 ആയപ്പോഴേയ്ക്കും സ്കൂളിലെത്തി. അവിടെ സെക്യൂരിറ്റി ചെക്കിംഗും മറ്റുമെല്ലാമുണ്ടായിരുന്നു. രണ്ടാളോടും യാത്ര പറഞ്ഞ് അകത്തേയ്ക്ക് പോയി... അവിടെ എല്ലാ പരിശോധനകളും കഴിഞ്ഞ് പറഞ്ഞിരുന്ന ക്ലാസ്സിലേയ്ക്ക്. ഐഷുവിന് ഇവിടെനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പരീക്ഷ നടക്കുന്നത്. തമ്മിൽ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.. പരീക്ഷകഴിഞ്ഞ് അവർ നേരേ ബാംഗ്ലൂരിലേയ്ക്ക് പോകുന്നെന്നാണ് പറഞ്ഞിരിക്കുന്നത്.. അതുകൊണ്ട് കാണുന്നകാര്യം നടക്കില്ലെന്നു പറഞ്ഞിരുന്നു.


ഫസൽ സ്കൂളിനകത്തു കയറിയപ്പോഴേയ്ക്കും അവന് വല്ലാത്ത ധൈര്യം വന്നതുപോലെ തോന്നി.. ക്ലാസ്സിലെത്തി.. അവന്റെ സീറ്റിൽ ഇരുന്നു. ക്ലാസ്സിലേയ്ക്ക് ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. എല്ലാവരുടേയും ഡീറ്റൈൽസ് ടീച്ചർ പരിശോധിക്കുന്നുണ്ടായിരുന്നു. വേണ്ട എല്ലാ നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകിക്കൊണ്ടിരുന്നു. പരീക്ഷയ്ക്കുള്ള ബല്ലടിച്ചു... കൈയ്യിൽ കിട്ടിയ ക്വസ്റ്റൻ നെഞ്ചോടു ചേർത്തുപിടിച്ച് പ്രാർത്ഥിച്ചു. അവൻ ചോദ്യങ്ങളിലേയ്ക്ക് കണ്ണോടിച്ചു.. അറിയാം... ഓരോന്നായി ഉത്തരങ്ങളെഴുതാൻ ആരംഭിച്ചു.. വിചാരിച്ചതുപോലെ അത്ര കടുപ്പമുള്ളതല്ലെന്ന് അവന് തോന്നി... പൂർണ്ണമായും പരീക്ഷയിൽ അവൻ മുഴുകി... വലുതായി തെറ്റുകൾ വരുത്താതിരിക്കാൻ ശ്രമിച്ചിരുന്നു... കൃത്യ സമയത്തിനു മുന്നേ തന്നെ അവൻ അൻസർചെയ്തിരുന്നു. അകദേശം 90 ശതമാനവും ശരിയായിരിക്കുമെന്ന് അവന്റെ മനസ്സു പറഞ്ഞു.. ഒരു ചെറിയ പ്രതീക്ഷ അവനിലുടലെടുത്തു..


പരീക്ഷ കഴിഞ്ഞു മറ്റുള്ള കുട്ടികളോടൊപ്പംതിക്കിത്തിരക്കി പുറത്തെത്തി.. അവനോടൊപ്പം എൻഡ്രൻസ് ക്ലാസ്സിൽ പഠിച്ചിരുന്ന പലരേയും അവിടെ കണ്ടു. ജസ്റ്റ് ഹായ് പറഞ്ഞ് ഗേറ്റ് കടന്ന്‌ പുറത്തിറങ്ങി.. അവരുടെ വാഹനം പാർക്ക്ചെയ്തിടത്തേയ്ക്കെത്തി. വണ്ടി ലോക്ക് ചെയ്തിരിക്കുന്നു അടുത്തെങ്ങും മാമയെ കാണാനില്ല.. ചായകുടിക്കാനെങ്ങാനും പോയിക്കാണും. അവൻ റോഡിന്റെ ഓരം ചേർന്നു നിന്നു. അല്പം സമയം കഴിഞ്ഞപ്പോൾ പരിചിതമായ വണ്ടി അവന്റെ മുന്നിൽ വന്നുനിന്നു. അതിന്റെ പിൻഭാഗത്തെ ഗ്ലാസ് താഴ്ത്തി ഐശു കൈയ്യാട്ടി അവനെ വിളിച്ചു.. കണാൻ കഴിയില്ലെന്നു കരുതിയതാ..


“ടാ എങ്ങനുണ്ടായിരുന്നു...“


“കുഴപ്പമില്ല..“


“എന്നാലും എത്രശതമാനം എഴുതി...“


ഞാൻ എല്ലാം ആൻസർചെയ്തു. അതിൽ എത്ര ശരിയുണ്ടാകുമെന്നറിയില്ല..“


“ടാ... ‍ഞാൻ പെട്ടുപോയി.. എനിക്ക് കുറച്ച് ടഫായിട്ടു തോന്നി...“


“അത് നീ നന്നായിട്ട് പഠിക്കുന്നതുകൊണ്ടാ.. എന്നെസംബന്ധിച്ച് ‍ഞാൻ ഒരു ബുജിയല്ലല്ലോ..“


അവന്റെ സംസാരംകേട്ട് അവളുടെ ഉമ്മയും ഡ്രൈവറും ചിരിച്ചുപോയി...


“അവൾ കുറുമ്പുകാട്ടി അവനെ നോക്കി...“


“ശരി.. ഞങ്ങൾ നേരേ ബാംഗ്ലൂർക്കാ... നീ വരുന്നോ...“


“ഏയ് ഞാനെങ്ങും വരുന്നില്ല...“


“ശരി.. ഞങ്ങൾ പോട്ടെ... മാമ വന്നില്ലേ..“


“ചായകുടിക്കാൻ പോയതായിരിക്കും. ഇപ്പോ വരും..“


“അവളുടെ മുഖത്ത് ഒരു വിരഹത്തിന്റെ വേദനയുണ്ടായിരുന്നോ എന്നൊരു തോന്നൽ അവനുണ്ടായി... ഒരുപക്ഷേ അവനിലെ വിരഹമായിരിക്കാം അവളുടെ മുഖത്ത് കണ്ടത്...“


വാഹനം കണ്ണിൽ നിന്നും മറയുന്നതുവരെ അവൻ നോക്കി നിന്നു.


പെട്ടെന്നാണ് തോളത്ത് ഒരു ചെറിയ തലോടൽ ഉണ്ടായത്... അവൻ തിരിഞ്ഞുനോക്കി.. മാമ


“മാമ എവിടെ പോയിരുന്നു.“


“ഞങ്ങളൊരു ചായകുടിക്കാൻ പോയതാ... അടുത്തെങ്ങും കടയില്ലായിരുന്നു കുറച്ചുദൂരെപോയി.. നീ ഇറങ്ങിയാൽ ഇവിടെ നിൽക്കുമെന്നറിയാം. അതാ വണ്ടി എടുക്കാതിരുന്നത്...“.


“ടാ... ആരാടാ ആ വണ്ടിയിൽ പോയത്..“


“അത് മാമാ ഐഷുവാ.. എന്റെ കൂടെ പഠിച്ചകുട്ടി .. അവരിന്ന് ബാംഗ്ലൂരിലേയ്ക്ക് പോവാ .“


“അതിരിക്കട്ടെ... നിന്റെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു..“


“കുഴപ്പമില്ല മാമാ... നന്നായി എഴുതി എന്നു തോന്നുന്നു.“


“ടാ... ചതിക്കല്ലേ.. നിന്നിലെ വിജയം പ്രതീക്ഷിച്ചിരിക്കയാ.. കുടുംബത്തിലെ എല്ലാവരും...“


“അറിയാം മാമാ... പടച്ചോൻ കനിയും..“


അവർ വണ്ടിയിൽ കയറി.. അവൻ എഴുതിയ ഉത്തരങ്ങളെക്കുറിച്ചും അതിനു ലഭിക്കാൻ സാധ്യതയുള്ള മാർക്കിനെക്കുറിച്ചും ചിന്തിച്ചിരുന്നു. പരീക്ഷയ്ക്ക് കയറുന്നതുവരെയും ഒരു പ്രതീക്ഷയില്ലായിരുന്നു. പക്ഷേ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായതുപോലെ. പതുക്കെ അവന്റെ മനസ്സിൽ മെഡിക്കൽ മോഹങ്ങൾ ഉണ്ടായിത്തുടങ്ങിയിരുന്നു. ശരീരത്തിൽ പറ്റിചേർന്നുനിൽക്കുന്ന ഡോക്ടർമാരുടെ വെളുത്ത കോട്ടും ആ സ്റ്റെതസ്ക്കോപ്പും  തനിക്കും ലഭിക്കാനുള്ള ഭാഗ്യം അള്ളാഹു ഉണ്ടാക്കിത്തരട്ടെയെന്നു പ്രാർത്ഥിച്ചു.


ഫസലിന് നല്ല ക്ഷീണമുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ അവൻ അറിയാതെ ഉറങ്ങിപ്പോയി. വണ്ടി വീട്ടിനടുത്തു നിർത്തിയപ്പോഴാണ് ഫസൽ ഉണർന്നത്.. അവന് ക്ഷീണമുണ്ടാകുമെന്നു കരുതി ആരും അവനെ വിളിച്ചുണർത്തിയതുമില്ല.. അവൻ വണ്ടിയിൽനിന്നിറങ്ങി ബാഗുമെടുത്തു വീട്ടിലേയ്ക്ക്.. വീട്ടിനുമുന്നിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. സഫിയയുടെ കണ്ണിലെ തിളക്കം കണ്ടാലറിയാം... തന്റെ മകൻ ഒരു ഡോക്ടറുടെ രൂപത്തിൽ വീട്ടിലേയ്ക്ക് കയറിവരുന്നത് സങ്കല്പിക്കുന്ന ആ ഉമ്മ.... എല്ലാവരുടെയും മുഖത്ത് ജിഞ്ജാസയായിരുന്നു...


“ഫസലേ.. എങ്ങനുണ്ടായിരുന്നു. ഹമീദാണ് ചോദിച്ചത്..“


“എളുപ്പമുണ്ടായിരുന്നു ഉപ്പാ.“


“വീട്ടിൽ ബോഡ് വക്കാറായോ..“


“ഉപ്പാ പരീക്ഷയെഴുതിയതേയുള്ളൂ.. അതിനി കിട്ടിയാൽ തന്നെ 5 വർഷമെടുക്കും ഒരു ഡോക്ടറാകാൻ... പിന്നെ പി.ജി. ചെയ്യാൻ വീണ്ടും വർഷങ്ങൾ... ഇതത്ര എളുപ്പമുള്ള പഠിത്തമല്ല ഉപ്പാ..“


“എനിക്കറിയാടോ... അല്പം അമിത പ്രതീക്ഷ അതാ..“


അവനറിയാം.. എല്ലാവർക്കും തന്നെക്കുറിച്ചുള്ള പ്രതീക്ഷയുടെ അളവുകോൽ.. എല്ലാം നേരേയാകട്ടെ എന്നുള്ള പ്രാർത്ഥന.. സഫിയയുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് അവൻ കണ്ടു.. ബാഗ് നേരേ ഉമ്മാന്റെ കൈയ്യിൽ...


“ഉമ്മാ വാ ഉമ്മാ... എനിക്കു വിശക്കുന്നു.“


എല്ലാവരും വീട്ടിനകത്തേയ്ക്ക് കയറി.. അവൻ റൂമിൽപോയി ഫ്രഷായിവന്നു. അപ്പോഴേയ്ക്കും അവനായി ലഘുഭക്ഷണം റഡിയായിരുന്നു.. എല്ലാവരും വിശേഷങ്ങൾ അവനോട് ചോദിച്ചു മനസ്സിലാക്കി. ആകെ പ്രതീക്ഷനൽകുന്ന കാര്യങ്ങളായിരുന്നു ഫസൽ പറഞ്ഞത്.. എന്നാലും കുറച്ചു ഭാഗ്യംകൂടി വേണമല്ലോ.. എന്റെ കുട്ടിക്ക് ഭാഗ്യമെന്നത് ഇന്നുവരെ ഉണ്ടായതായി തോന്നുന്നില്ല. സ്വന്തക്കാരുടെ കാരുണ്യംകൊണ്ട് ജീവിതം തള്ളിനീക്കുന്നു.. സ്വന്തം പിതാവിന്റെ  സ്നേഹം പോലും പിടിച്ചുവാങ്ങാനായിട്ടില്ല... ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ തന്നോടൊപ്പം അവനും അനുഭവിച്ചു... ഉപ്പയും സഹോദരങ്ങളുമില്ലായിരുന്നില്ലെങ്കിൽ ഇന്ന് താനും ഫസലും ഈ ഭൂമിയിൽ കാണില്ലായിരുന്നു. പഴയ ഓർമ്മകൾ സഫിയയുടെ മുന്നിലൂടെ മിന്നിമറഞ്ഞുപോയി... കെട്ടിയ ഭർത്താവ് തന്നെയും മകനേയും അടിച്ചിറക്കിയപ്പോൾ എങ്ങോട്ടു പോകണമെന്നറിയില്ലായിരുന്നു. അലക്ഷ്യമായ യാത്ര ദൈവദൂതരെപ്പോലെ പലരും ജീവതത്തിൽ രക്ഷയ്ക്കായെത്തി..അവസാനം ഇവിടെവരെ... കഠിനമായ യാതനകളോട് പടവെട്ടി... .ജയിക്കാനായി മാത്രം. അല്ലാഹുവിന് നന്ദി...


സ്വന്തം നാടെന്ന പ്രതീക്ഷയിൽ പറന്നിറങ്ങി കാൽ നിലത്തു തൊടുന്നനതിനു മുന്നേ വിധി തെന്നിത്തെറിപ്പിച്ച ജീവിതങ്ങൾ നമ്മുടെ മുന്നിൽ ഒരു വേദനയായി കടന്നുപോയി... മഹാമാരിയ്ക്കിടയിലും, പ്രകൃതിക്ഷോഭത്തിനിടയിലും സ്വന്തം സുരക്ഷിതത്വംപോലും മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മലപ്പുറത്തെ സഹോദരങ്ങൾക്ക് നന്ദി... മലയാളത്തിന്റെ ഒത്തൊരുമയാണിവിടെ കണ്ടത്... വിധിയുടെ കൊടും ക്രൂരതയിൽ ഉറക്കെയൊന്നു നിലവിളിക്കാൻപോലും കഴിയാതെ പ്രകൃതി സ്വന്തം ചിറകിനുള്ളിലാക്കി ജീവിതം കവർന്നെടുത്ത മനുഷ്യർക്കു മുന്നിലും കണ്ണുനീർപൂക്കൾ.... ഓരോ പുലരിയും തുടങ്ങുന്നത് പ്രതീക്ഷയോടെയാണ് പക്ഷേ അവസാനിക്കുന്നത് മനസ്സിലേല്ക്കുന്ന മുറിവുമായാണ്. കാത്തിരിക്കാം പ്രതീക്ഷയോടെ നല്ലൊരു സുപ്രഭാതത്തിനായി...


മനുഷ്യന് നേരേ ആക്രമണം നടത്തുന്നത് വൈറസും പ്രകൃതിയും ഒരുമിച്ചാണിപ്പോൾ. ജാഗ്രത കൈവിടരുത്...





സസ്നേഹം

ഷംസുദ്ധീൻ തോപ്പിൽ 09 08 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 08 2020



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ