17.4.21

നിഴൽവീണവഴികൾ ഭാഗം 122 Shadow paths

 

താൻ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണ്... ഉമ്മ അവളെ ഇരുത്തിയൊന്നു നോക്കി. ആട്ടോ ഡ്രൈവർ സാധനങ്ങളൊക്കെ ഇറക്കി വീട്ടിനകത്തുവച്ചു.  അവൾ ഓരോന്നായി എടുത്തു സ്റ്റോർറൂമിലേയ്ക്കു മാറ്റി... അവളുടെ ഭാവമാറ്റം അവർ ശ്രദ്ധിച്ചു.. ഭർത്താവ് വരാൻ പോവുകയല്ലേ.. അതുകൊണ്ടായിരിക്കാമെന്ന് അവരും കരുതി.

പുണ്ണ്യ മാസം വന്നെത്തി. ഭക്തിയുടെയും സഹനത്തിന്റെയും ഓർമ്മപുതുക്കൽ. ഓരോ മുസൽമാനും വളരെ പ്രധാനപ്പെട്ട മാസമാണിത്. പിറകണ്ടുകഴിഞ്ഞാൽ നോമ്പ് ആരംഭിക്കുകയായി. വെളുപ്പാൻകാലത്ത് ആരംഭിക്കുന്നത് വൈകുന്നേരം ബാങ്കുവിളിയോടുകൂടി അവസാനിക്കുന്നു.നോമ്പ് തുറന്ന് നേരേ പള്ളിയിലേയ്ക്ക് അവിടെ പ്രാർത്ഥനകൾ കഴിഞ്ഞ് വീട്ടിലെത്തും. അപ്പോഴേയ്ക്കും സ്ത്രീകളും പ്രാർത്ഥനകൾകഴിഞ്ഞ് ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാവും. വളരെ പുണ്ണ്യങ്ങളുടെ മാസമാണിത്.

ഹമീദിന് നോമ്പ് പിടിക്കണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കാര്യങ്ങൾ ചെയ്താൽ മതിയെന്നു റഷീദും അൻവറും പറഞ്ഞതിനാൽ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം നോമ്പ് നോൽക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നതാണ്. ഖുർആനിൽ തന്നെ പറയുന്നുണ്ട്. രോഗികൾ അത്ര മോശപ്പെട്ട അവസ്ഥയിലാണെങ്കിൽ നോമ്പ് നോൽക്കേണ്ടതില്ലെന്ന്. ഹമീദിന് വളരെ വിഷമം തോന്നി. ഇന്നുവരെ നോമ്പ് നോൽക്കാതിരുന്നിട്ടില്ല. ന്നാലും... ങ്ഹാ.. ഇതൊക്കെ പടച്ചോന്റെ ഓരോ പരീക്ഷണങ്ങളായിരിക്കാം...ഈ ഈയിടെയായിട്ടു മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ല.. പലതരം അസ്വസ്ഥസ്തകളുമുണ്ട് അതിനൊരു പരിഹാരങ്ങളുമായിട്ടുമില്ല. മരുന്നുകൾ ഭക്ഷണമാക്കിയിരിക്കുന്നു. ധാരാളം ഗുളികകളുണ്ട്. ഓരോന്നും വിവിധ വർണ്ണങ്ങളിലുള്ളത്. അവയുടെ സമയം കൃത്യമായി സൈനബ മനസ്സിലാക്കി തരുന്നുണ്ട്. പഴയതുപോലെ നടക്കാനോ മറ്റോ വലിയ പാടാണ്.. പ്രായം കൂടി വരികയല്ലെ.. ന്നാലും ഇപ്പോൾ ഒരു സന്തോഷമുണ്ട്. ഇരുന്ന ഇരുപ്പിൽ മരിച്ചുപോയാലും തന്റെ മക്കളെല്ലാം പരസ്പരം സ്നേഹിക്കുന്നവരായതിനാൽ വിഷമമില്ല.. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം എന്നുമാത്രമേ പറയാനാകൂ.

ആദ്യ നോമ്പ് ദിവസത്തിനടുത്ത ദിവസം തന്നെ ഫസലിന് മൗലവിയുടെ വിളിയെത്തിയിരുന്നു. അന്നുവൈകുന്നേരം പ്രഭാഷണമുണ്ട്. അദ്ദേഹം അവനെ അവിടെ വന്നു പിക് ചെയ്തു. ഹമീദിനോട് കുശലാന്വേഷണം പറഞ്ഞാണ് അവർ രണ്ടാളുമിറങ്ങിയത്. വാഹനത്തിൽ വച്ച് ഫസലിനോട് വിഷയത്തെ ക്കുറിച്ച് സംസാരിച്ചു. വായന ഇപ്പോൾ ഒരു ശീലമാക്കിയതിനാൽ തനിക്ക് വിഷയം ഒരു പ്രശ്നമല്ലെന്നറിയാം.. എന്തു വിഷയം നൽകിയാലും അതു കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് ഇപ്പോൾ ഫസലിനുണ്ട്.

വിശാലമായ മൈതാനത്ത് നിരത്തിയിട്ട കസേരകളിൽ ഭക്ത്യാദരപൂർവ്വം ഇരിക്കുന്ന ജനങ്ങൾ.. അവർ കമ്മറ്റിക്കാരോടൊപ്പം നേരേ സ്റ്റേജിലേയ്ക്ക്. മൗലവി ആദ്യം ചെറിയൊരു പ്രഭാഷണം നടത്തി. ആരോഗ്യ സംരക്ഷണത്തിൽ ഇസ്ലാമിന്റെ പങ്കിനെക്കുറിച്ചാണ് പ്രതിപാദിച്ചത്. ഖുർആൻ പറയുന്ന വിഷയത്തിലൂന്നിയുള്ള പ്രഭാഷണം. എങ്ങനെയാകണം ഒരു മുസൽമാൻ അവന്റെ ഭക്ഷണമാകാൻപോകുന്ന വസ്തുവിനെ സമീപിക്കേണ്ടതെന്നും, തന്റെ ഭക്ഷണത്തിനു പാത്രമാകുന്ന ജീവിയോട് അവസാനമായി ചെയ്യേണ്ടതെന്താണെന്നും വിശദമായി പറഞ്ഞുകൊടുത്തു. ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം സഹവർത്തിത്തത്തോടെ ജീവിക്കാനാണ്. ഇതിൽ മനുഷ്യൻ അവനുവേണ്ടത് ഭൂമിയിൽ നിന്നു കണ്ടെത്തുന്നു. ചിലതിനെ അവൻ വളർത്തുന്നു. കൃഷി ചെയ്യുന്നു. എല്ലാം തന്റെ വംശം നിലനിർത്തുന്നതിനുവേണ്ടി. വിശപ്പടക്കുന്നതിനുവേണ്ടി... അങ്ങനെ ആ പ്രഭാഷണം നീണ്ടുനീണ്ടു പോയി.

അടുത്തതായി പ്രസംഗിക്കാൻ ക്ഷണിച്ചത് ഫസിലനെയായിരുന്നു. വെള്ളവസ്ത്രവും വെള്ള തൊപ്പിയും ധരിച്ച ഫസൽ നേരേ മൈക്കിനടുത്തെത്തി. തന്റെ പൊക്കത്തിനനുസരിച്ച് മൈക്ക് അഡ്ജസ്റ്റുചെയ്തു വച്ചു.

“പ്രിയ സോദരരേ... നാം ഇന്നിവിടെ കൂടിയിരിക്കുന്നത് ഈ വിശുദ്ധ മാസത്തിന്റ പ്രസക്തിയെക്കുറിച്ച് മനസ്സിലാക്കാനാണ്. നിങ്ങളെല്ലാം നോമ്പ് തുറന്നു വന്നവരാണ്. റംസാൻ മാസത്തിന്റെ ആദ്യ ദിവസമാണിന്ന്.. ആരുടേയും മുഖത്ത് വലിയക്ഷീണമൊന്നും കാണാനില്ല... ഈകാലവസ്ഥയിൽ കഠിനമായ വൃതാനുഷ്ഠാനം ഏതൊരു മുസൽമാന്റെയും കടമയാണ്... കർത്തവ്യമാണ്. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ കാതിൽ മുഴക്കുന്ന അല്ലാഹു അക്ബർ വിളിയോടെ അവന്റെ ഇഹലോകവാസജീവിതം ആരംഭിക്കുന്നു. പിന്നീടങ്ങോട്ട് സുഖത്തിന്റെയും ദുഃഖത്തിന്റെയും ദിവങ്ങളാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് അവന് ചെയ്തുതീർക്കാൻ ധാരാളം ചുമതലകളുണ്ട്. ഒരു മകന്റെ അല്ലെങ്കിൽ മകളുടെ ചുമതല... അതിൽ നിന്നും സ്വന്തം പിതാവിനേയും മാതാവിനെയും സംരക്ഷിക്കേണ്ട ചുമതല, സമൂഹത്തോടുള്ള അവന്റെ ചുമതല, ഉറ്റവരോടും ഉടയവരോടുമുള്ള അവന്റെ കർത്തവ്യങ്ങൾ. ഇതെല്ലാം കൃത്യമായി പാലിക്കപ്പെടേണ്ടവനാണ് ഒരു മുസൽമാൻ.. ലോകത്തിലെ ഏറ്റവും വലിയ മതഗ്രന്ഥമാണ് ഇസ്ലാം മതഗ്രന്ഥം.. ഖുർആൻ.. അതിൽ ഒരു കുഞ്ഞ് ജനിച്ച് അതിന്റെ മരണംവരെയുള്ള കാര്യങ്ങൾ വിശദമായി വിവരിച്ചിരിക്കുന്നു. അതിനനുസരിച്ച് എല്ലാ മനുഷ്യരും ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ എന്നാഗ്രഹിച്ചുപോകുന്നു.“

നിങ്ങളുടെ മനസ്സിലെ ദുഷ്ട ചിന്തകൾ. ഈ ഒരു വർഷത്തിൽ നിങ്ങൾ ചെയ്ത തെറ്റുകൾ... എല്ലാറ്റിനുമുള്ള പരിഹാരം കൂടിയാണ് ഈ സ്വയം സമർപ്പിത ജീവിതം കൊണ്ടു ഉദ്ദേശിക്കുന്നത്. ഫസൽ ഇരുത്തം വന്ന ഒരുപ്രാസംഗികനായിരിക്കുന്നു മൗലവി പോലും അവന്റെ വാക്ചാതുര്യത്തിൽ വിസ്മയിച്ചുപോയി. തനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ അവനറിയാം... അദ്ദേഹം മാത്രമല്ല അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും അവന്റെ സംഭാഷണത്തിൽ മുഴുകി ഇരിക്കുകയായിരുന്നു.

വളരെ ഭംഗിയായി അവരുടെ പ്രഭാഷണം അവസാനിച്ചു. എല്ലാവരും ഫസലിനെ പുകഴ്തി സംസാരിച്ചു. മതപ്രഭാഷണ മേഖലയിലെ പുതിയ ഒരു സൂര്യോദയമായി അവനെ കണ്ടു. അവർ ലഘു ഭക്ഷണം കഴിച്ചശേഷം തിരികെ വന്നു വാഹനത്തിൽ കയറി.

“ഫസൽ നിന്റെ വാക്കുകൾ ജനഹൃദയങ്ങളിലേയ്ക്കാണ് പോകുന്നത്. നിനക്ക് ഇതിലെല്ലാം ഒരുപ്രത്യേകം കഴിവുണ്ട്.“

“അതെല്ലാം മൗലവിയുടെ മിടുക്കുതന്നെയാണ്. ഒന്നുമല്ലാതിരുന്ന എന്നെ ഈ രിതിയിൽ എത്തിച്ചത് മൗലവിയാണ്“

“അത് ശരിതന്നെ.. അറിവില്ലാത്ത ഒരാളെ എനിക്ക് ഇതുവരെ എത്തിക്കാനാവില്ലല്ലോ.“

ശരിയാണ്. അവന്റെ ഉള്ളു മനസ്സിലാക്കി അവനിതൊക്കെ സാധിക്കുമെന്നു മനസ്സിലാക്കി ധൈര്യപൂർവ്വം ഏറ്റെടുത്തത് മൗലവി തന്നെയാണ്. അദ്ദേഹത്തിന്റെ സെലക്ഷൻ തെറ്റിയിട്ടില്ല... തന്നെ പല രീതിയിലിും ഉപയോഗിച്ചെങ്കിലും മെച്ചം തനിക്കുന്നെയാണെന്ന് ഫസലിനറിയാം.

റഷീദ് പതിവുപോലെ വീട്ടിൽ വിളിച്ചിരുന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ അവനും സന്തോഷം.. വാപ്പയുടെ വിഷമം മനസ്സിലാക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യം സുപ്രധാനംതന്നെയാണല്ലോ. അൻവറിനും മറിച്ചൊരഭിപ്രായമില്ല. ഹമീദ് മനസ്സില്ലാ മനസ്സോടെ വൃതാനുഷ്ഠാനം വേണ്ടെന്നുവച്ചു.

ഫസലും മൗലവിയും എത്തിയയുടൻ ഹമീദ് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. മൗലവി ഫസൽലിനെ നന്നായി പുകഴ്ത്തിയാണ് സംസാരിച്ചത്. തന്റെ പേരക്കുട്ടിയുടെ കാര്യത്തിൽ ഹമീദിന് വളരെയധികം സന്തോഷം തോന്നി. അവന് തങ്ങളിലാർക്കും ഇല്ലാത്തൊരു കഴിവുണ്ടെന്ന ബോധം. എന്തായാലും അവന് നല്ലൊരു ഭാവിയുണ്ടെന്നുള്ള വിചാരം അവർക്കെല്ലാവർക്കുമുണ്ട്.

അവിടെനിന്നും അത്താഴം കഴിച്ചാണ് മൗലവി പിരിഞ്ഞത്... രാത്രിയിൽ ഐഷു വിളിച്ചിരുന്നു. അവൻ നേരത്തേ അവളോടിക്കാര്യം സൂചിപ്പിച്ചിരുന്നു. വിവരങ്ങൾ അറിയുന്നതിനായാണ് അവൾ വിളിച്ചത്. അവൻ തന്റെ വീര സാഹിക കഥകളൊക്കെ അവളോട് പറഞ്ഞു. അവൾ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. പിറ്റേ ദിവസം രാവിലെ ഫ്രീയാണെങ്കിൽ കാണണമെന്ന് അവൾ പറഞ്ഞിരുന്നു. അവൻസമ്മതിച്ചു.

അവൻ രാവിലെ പത്തു മണിയോടെ വീട്ടിൽ നിന്നും പുറപ്പെട്ടു. പോകുന്ന വഴിയ്ക്ക് തന്റെ പുതിയ കൂട്ടുകാരിയുടെ വീടിനടുത്തെത്തിയപ്പോൾ ബൈക്ക് സ്ലോയാക്കി.. മതിലിൽ ഓരംചേർന്ന് ഒരു പുരുഷൻ നിൽക്കുന്നു. കൈലി മാത്രം ഉടുത്തിരിക്കുന്നു. ഏകദേശം നാൽപ്പത്തിയഞ്ചു വയസ്സു പ്രായം കാണും... ഫസലിന് മനസ്സിലായി അവളുടെ ഭർത്താവ് എത്തിയിരിക്കുന്നു. പിന്നെ ആ സൈഡിലേക്കേ നോക്കിയില്ല.. അൽപം സ്പീഡ് കൂട്ടി ബൈക്ക് പായിച്ചു. ജംഗ്ഷനും കടന്ന് ഐഷുവിന്റെ വീട്ടിലേയ്ക്ക്. അവിടെ ഐഷുവും ഉമ്മയും കൂടാതെ അവരുടെ ഒരു ബന്ധുവും ഉണ്ടായിരുന്നു. നോമ്പുകാലമായതിനാൽ വളരെ ട്രഡിഷണൽ ഡ്രസ്സ് ധരിച്ചാണ് അവർ നിന്നിരുന്നത്. അവർ ബന്ധുവിന് ഫസലിനെ പരിചയപ്പെടുത്തി. അവർ പല കാര്യങ്ങളും സംസാരിച്ചിരുന്നു. ഇതിനിടയിൽ ഐഷുവിന്റെ ഉമ്മ ചില പേപ്പറുകൾ ഫസലിനെ കാണിച്ചു.

“ഫസൽ.. ഇത് നമ്മുടെ നാട്ടിലെ പുതിയ പ്രോജക്ടിന്റെ പേപ്പറുകളാണ്. ഞങ്ങൾ നാളെ തിരികെ പോകുന്നു. നീ ഒരുപകാരം ചെയ്യണം. ഈ വരുന്ന പതിനഞ്ചാം തീയതി അതായത്. നാലു ദിവസം കഴിഞ്ഞ് വില്ലേജാഫീസിൽ എത്തിക്കണം. നമ്മളുടെ ഒരു ബന്ധുവാണ് ഓഫീസർ... അദ്ദേഹം ലീവിലാണ്.. നീയിത് അവിടെ കൊടുത്ത് ഇതിൽ അപ്രൂവൽ സിഗിനച്ചർ വാങ്ങണം. അതു കൂടാതെ ഇത് ഞങ്ങൾക്ക് കൊറിയർ അയച്ചുതരികയും വേണം.“

“അതിനെന്താ ഞാൻ ചെയ്യാമല്ലോ.“

അവർ അവനെ ഏൽപിക്കുന്ന ആദ്യത്തെ ഉദ്യമമല്ലേ.. അവൻ സന്തോഷപൂർവ്വം ഏറ്റെടുത്തു.

അവർ അൽപനേരം അവിടെ സംസാരിച്ചിരുന്നു. തങ്ങൾ നാളെ പോവുകയാണെന്നും താമസിയാതെ വീണ്ടും വരുമെന്നും പറഞ്ഞു... നാളെ രാവിലെയാണ് ഫ്ലൈറ്റ്... ഫസലിന് എത്താനാവില്ല.. കാരണം ഉപ്പയേയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം...

“അതു സാരമില്ല... നമുക്കിനിയും കാണാം.. പെരുന്നാളിന് മിക്കവാറും ഞങ്ങൾ ഇവിടെ കാണും.. ഉമ്മയും പ്രായം ആയി വരുന്നു . അവർക്കും ആഗ്രഹം ഇവിടെ പെരുന്നാൾ കൂടണമെന്നാണ്. അൽഹംദുലില്ല... എല്ലാം ശരിയാകും..“

ഫസൽ ഉച്ചയോടെ അവിടെനിന്നും യാത്രപറഞ്ഞു പിരിഞ്ഞു.. വിശുദ്ധ മാസായതിനാൽ പ്രണയം മനസ്സിലൊതുക്കി.. അവൻ തിരികെ വീട്ടിലേയ്ക്ക് നല്ല വെയിലുണ്ട്. അൽപംസ്പീഡിലാണ് വണ്ടി പായിച്ചത്. എന്നാലും തന്റെ പുതിയ കൂട്ടുകാരിയുടെ വീടിനടുത്തെത്തിയപ്പോൾ വാഹനം ചെറുതായി സ്ലോചെയ്തു... അതാ അവൾ മതിലിനരികിലുണ്ട്... അവൾ അവനെ നോക്കി ചിരിച്ചു. കൈകൊണ്ട് സിഗ്നൽ കാണിച്ചു.. അവന് മനസ്സിലായി അവൾ മാത്രമേ അവിടുള്ളൂവെന്ന്.

“പിന്നെ ഇക്കയെത്തി....“

“ഞാൻ കണ്ടു...“

“രാവിലെ വണ്ടി പോകുന്ന ശബ്ദം കേട്ടു.. ഇപ്പോൾ ഉമ്മായെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്.“

“അവൾ കൈയ്യിൽ കരുതിയ ചെറിയൊരു പൊതി അവനെ ഏൽപ്പിച്ചു.. ഇത് കുറച്ച് മിഠായിയാ.. ഇക്കാ കൊണ്ടുവന്നതാ..“

അവൻ അത് വാങ്ങി...

“ശരി.. പൊയ്ക്കോ... പിന്നെ കാണാം... ഒരാഴ്ച ഇവിടെ കാണും. അതു കഴിഞ്ഞിട്ട് കാണണം.“

“അവൻ തലയാട്ടി... പതിയെ ബൈക്കിൽ വീട്ടിലേയ്ക്ക്.“

“നീയെന്താ നേരത്തേ എത്തിയത്..“

“ഐഷുവിന്റെ വാപ്പാന്റെ ചിലപേപ്പേഴ്സ് തരാനാണ് വിളിച്ചത്. അത് വില്ലേജാപ്പിലീസിൽ കാണിച്ച് ഒപ്പിടീക്കണം.“

“നീയിപ്പോൾ അവരുടെ കുടുംബക്കാരനായോ ഫസലേ...“

“പോ ഉമ്മാ ഒന്നു കളിയാക്കാതെ...“

“അവൻ കൊണ്ടുവന്ന പൊതി മേശപ്പുറത്തു വച്ചു. സഫിയ അതു തുറന്നുനോക്കി. നിറയെ പല വർണ്ണങ്ങളിലുള്ള ചോക്ലേറ്റുകൾ..“

“ചെക്കാ നോമ്പാണെന്നറിയില്ലേ..“

“ഇല്ലുമ്മാ.. നോമ്പുതുറ കഴിഞ്ഞിട്ട് കഴിക്കാല്ലോ..“

“അവള് തന്നതായിരിക്കും..“

അവനൊന്നും മിണ്ടിയില്ല.. ശരിയാണ്. അവള് തന്നതാണ് ഏതവളെന്ന് ഉമ്മയ്ക്ക് അറിയില്ലല്ലോ... വിശുദ്ധ മാസമാണ്.. വെറുതെ കള്ളം പറയേണ്ട.. നിശ്ശബ്ധനായിരുന്നു.

“അവൻ നേരേ മുകളിലേയ്ക്ക് കയറി... ഫ്രഷായി... തന്റെ ശേഖരത്തിൽ നിന്നും ഒരു പുസ്തകമെടുത്ത് വായിക്കാനായിരുന്നു. സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞിരിക്കുന്നു. വായനയ്ക്കിടയിൽ അറിയാതെ ഉറങ്ങിപ്പോയി...“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 04 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 18 04 2021


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ