16.8.26

ആത്മബന്ധങ്ങളിലെ വേർതിരിവിന്റെ മുറിവുകൾ

 


ആത്മബന്ധങ്ങളിൽ ആത്മമിത്രങ്ങൾ നഷ്ടത്തെ വേർതിരിവ് കൊണ്ട് മുറിപ്പെടുത്തുന്നത് ഹൃദയത്തിൽ മുള്ളു കൊള്ളുന്ന വേദനയാണ്.

ചില മനുഷ്യർ നമ്മുടെ ജീവന്റെ പാതിയാണ്; ജീവശ്വാസം പോലെ നമ്മൾ കൂടെക്കൂട്ടിയവർ. ആത്മബന്ധങ്ങളുടെ ആഴം അളക്കാൻ വാക്കുകൾ പോരാതെ വരുമ്പോൾ, അവിടെയൊരു ചെറിയ വേർതിരിവ് മതി—നമ്മുടെ ലോകം മുഴുവൻ തകർന്നുപോകാൻ. ഒരു കാലത്ത് നെഞ്ചോട് ചേർത്തുപിടിച്ച ആത്മമിത്രങ്ങൾ തന്നെ അകന്നുപോകുമ്പോൾ, ആ നഷ്ടം സമ്മാനിക്കുന്ന ശൂന്യത വാക്കുകൾക്കതീതമാണ്.

മനഃപൂർവ്വമല്ലാതെയോ സാഹചര്യങ്ങളുടെ സമ്മർദ്ദംകൊണ്ടോ ഒക്കെ വന്നുഭവിക്കുന്ന ആ അകൽച്ചയുണ്ടല്ലോ... അതൊരു വെറും വിടപറച്ചിലല്ല. നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ആഴങ്ങളിലേക്ക് ആരെങ്കിലും തുരുതുരെ മുള്ളുകൾ കോർത്തു കയറ്റുന്നതുപോലെയുള്ള അലറിക്കരയാൻപോലുമാകാത്ത വലിയൊരു നീറ്റലാണ്. കൂടെയുണ്ടായിരുന്ന വഴിയിലൂടെ ഇനി തിരിഞ്ഞു നോക്കിയാൽ ആ നിഴൽപോലും കാണാനില്ലെന്ന് തിരിച്ചറിയുന്ന ആ നിമിഷം... നെഞ്ചിൽ കനലുകോരിയിടുന്ന വേദനയാണ്.

എങ്കിലും, ആ നോവിലും ബാക്കിയാവുന്നത് ആത്മബന്ധങ്ങളുടെ പവിത്രമായ ഓർമ്മകൾ മാത്രമാണ്. മൗനം പോലും കഥ പറയുന്ന, ആഴമുള്ള ആ വേർപാടുകൾ സമ്മാനിച്ച മുറിവുകളുമായി നമ്മൾ ഇനിയും മുന്നോട്ടു നടക്കേണ്ടി വരുന്നു... ആഴത്തിൽ സ്നേഹിച്ചവരുടെ കൈകൾ വിട്ടുപോകുമ്പോഴുള്ള ആ വേദന മാത്രം മായാതെ ബാക്കിയാവുന്നു.


ഷംസുദ്ധീൻ തോപ്പിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ