23.2.19

നിഴൽ വീണ വഴികൾ - ഭാഗം 10

 
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു. ആ വർഷം കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പുള്ള മാസമായിരുന്നു. നാട്ടിൽ മിക്കവർക്കും ജലദോഷവും പനിയും മറ്റുംപിടിപെട്ടിരുന്നു. ഹമീദിന് തണുപ്പ്കാലാവസ്ഥ ഒരു പേടിസ്വപ്നമായിരുന്നു... അപ്രതീക്ഷിതമായി ഒരു ദിവസം ഹമീദിന് അതി ശക്തമായ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഡോക്ടർ നൽകിയ ഇൻഹേലർ ഉപയോഗിച്ചെങ്കിലും ഒരു കുറവും കാണാത്തതിനാൽ അവർ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ സുരേഷ് കുമാറിന്റെ അടുത്തേയ്ക്ക് കൊണ്ട് പോയി. ഡോക്ടർ ഉടൻ തന്നെ പരിശോധിച്ച് ഒരിഞ്ചക്ഷൻ കൊടുത്തു. രക്തപരിശോധനകൾ ചെയ്യുന്നതിയനായി സിസ്റ്റർമാരോട് നിർദ്ദേശിച്ചു. അപ്പോഴേയ്ക്കും എക്സ്റേയുമായി ഒരു ജിവനക്കാരൻ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ എക്സ്റേ പ്രകാശത്തിന് അഭിമുഖമായി പിടിച്ച് പരിശോധിച്ചു... അദ്ദേഹത്തിന്റെ മുഖത്ത് എന്തോ ഒരു നിരാശ.... ഹമീദിന്റെ അവസ്ഥ വളരെ മോശമായി വരുന്നുവല്ലോ... ഇനിയും എത്രനാൾ... എന്താ ഞാന് അദ്ദേഹത്തിന്റെ ബന്ധുക്കളോട് പറയുക... ഡോക്ടർ വളരെ അസ്വസ്ഥനായിരിക്കുന്നു.... എന്തോ ഹമീദിന്റെ കാര്യത്തിൽ തനിക്കൊരു പ്രത്യേകത തോന്നിയിരുന്നു. ദൈവം അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.

 
ഹോസ്പിറ്റൽ വാസം രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.  മരുന്നും പരിചരണവും കൊണ്ട് അസുഖത്തിന് അൽപ്പം ആശ്വാസം തോന്നി. ഡോക്ടർ രാവിലെ റൗണ്ട്സിനായി എത്തി. വിശദമായി പരിശോധിച്ചു. സ്റ്റെതസ്കോപ്പ് നെഞ്ചിന്റെ ഓരോ ഓരത്തും പരതിനടന്നു. മുഖമുയർത്തി ഹമീദിനോടു പറഞ്ഞു. “നിങ്ങടെ അസുഖത്തിന് തണുപ്പ് പറ്റിയതല്ല. പെട്ടന്ന് നിങ്ങടെ അസുഖം കൂടാൻ കാരണവും അതു തന്നെയാണ്. എല്ലാവർഷത്തേക്കാളും കൂടുതൽ തണുപ്പാ ഇപ്രാവശ്യം.“ 

മൂന്നാം ദിവസവും രാവിലെതന്നെ ഡോക്ടർ പരിശോധിക്കാൻ എത്തി. എന്നിട്ട് ഹമീദിനോടും കൂടെയുള്ള ബന്ധുക്കളോടുമായി പറഞ്ഞു. “ഹമീദിന് കുറച്ചുകൂടി നല്ല ചികിത്സ ആവശ്യമാണ്. ഇവിടെയുള്ള സംവിധാനങ്ങൾ മാത്രം പോര. സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ തന്നെ കൊണ്ട് പോകണം. കോഴിക്കോട് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഹോസ്പിറ്റൽ ഉണ്ട്, സിറ്റി ചെസ്റ്റ് സ്പെഷ്യാലിറ്റി സെന്റർ. ഡോ. അസദ് എന്നാണ് അദ്ദേഹത്തന്റെ പേര്. അദ്ദേഹത്തെ കാണാനുള്ള സംവിധാനം ഉണ്ടാക്കിത്തരാം.  അവിടെ അത്യാധുനികാ ചികിൽസാ സംവിധാനങ്ങൾ ഉണ്ട്. ഇവിടുത്തെ ചികിത്സാവിവരങ്ങൾ പ്രത്യേകം എഴുതിത്തരാം. കൂടാതെ  വിളിച്ചുപറയുകയും ചെയ്യാം. പൂർണ്ണമായും ചികിത്സ അവിടെയാക്കുന്നതാണ് നല്ലത്. കഴിയുന്നതും പെട്ടന്ന് അവിടെ എത്തണം. നിങ്ങടെ അസുഖം എത്രയും വേഗം ഭേദമാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം. താൻ പാതി ദൈവം പാതി എന്നല്ലെ. നിങ്ങൾക്ക് വിഷമമാകുമെങ്കിലും ഒന്നുകൂടി പറഞ്ഞോട്ടെ. ഇന്നാട്ടിൽ നിന്ന് എത്ര ചികിൽസിച്ചിട്ടും കാര്യമില്ല. നിങ്ങളുടെ അസുഖത്തിന് തണുപ്പ് പറ്റില്ല. കാലാവസ്ഥ അസുഖത്തെ വല്ലാതെ ബാധിക്കുന്നത് കൊണ്ട് നിങ്ങൾക്ക് താമസം മകളുടെ വീട്ടിലേക്ക് മാറ്റിക്കൂടെ. അവിടെയാണെങ്കിൽ സിറ്റി ചെസ്റ്റ് സ്പെഷ്യാലിറ്റി സെന്ററിൽ പോവാനും എളുപ്പമാണല്ലൊ. എന്തായാലും ഇന്ന് ഡിസ്ചാർജ്ജ് ചെയ്ത് പോവാം. ഞാൻ പറഞ്ഞത് നിങ്ങൾ കാര്യമായിട്ടെടുക്കണം. അധികം വൈകിക്കേണ്ട എത്രയുംവേഗം പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുക.“

ഡോക്ടർ രോഗവിവരങ്ങൾ അസദിനായി എഴുതി, തന്റെ പേഷ്യന്റായ ഹമീദിനെ പ്രത്യേകം പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതിനായി പ്രയത്നിക്കണമെന്നും വിളിച്ചു പറയുകയും ചെയ്തു. ഡോക്ടർ നല്കിയ കത്തുമായി ഹമീദും കുടുംബവും ഡോക്ടറോട് നന്ദി പറഞ്ഞ് അവർ വീട്ടിലേക്ക് യാത്രയായി.

വാപ്പക്ക് സുഖമില്ലന്നറിഞ്ഞ് ഫൗസിയ അടുത്ത വീട്ടിലെ ഫോണിലേയ്ക്ക് വിളിച്ചു. ഹമീദിനോട് വിശദമായി സംസാരിച്ചു. വിഷമമുണ്ടെങ്കിലും എല്ലാവരുടെയും സമ്മതത്തോടെ നാട്ടിലേക്ക് താമസം മാറ്റുകയാണെന്നും നാട്ടിൽ വല്ല വീടോ കോർട്ടേഴ്സോ വാടകയ്ക്ക് നോക്കാനും ഹമീദ് ഫൗസിയയോട്  പറഞ്ഞു. “ഉപ്പ ഞാൻ പണിക്ക്പോകുന്ന വെന്നിയൂർ എന്ന സ്ഥലത്തെ കോർട്ടേഴ്സിൽ റൂമ് ഒഴിവുണ്ട്. പള്ളി കമ്മറ്റിയുടെതായതിനാൽ വാടക കുറവാ....“.

“എന്നാ മോള് അത് വാടകക്കെടുത്തോ ഇവിടം വിറ്റ് എത്രയും പെട്ടന്ന് നാട്ടിലേക്ക് വരികയാണ്. എനിക്ക് ഇവിടെ താമസിക്കാൻ തീരെ കഴിയില്ല തണുപ്പ് കൂടുന്നതനുസരിച്ച് അസുഖം കൂടുമെന്നാ ഡോക്ടർ പറഞ്ഞത്. ഇനി കോഴിക്കോട് കാണിക്കാനാ ഡോക്ടർ പറയുന്നത്. കോഴിക്കോട്ടേക്ക് ഇവിടെ നിന്ന് അടുത്താ.“ “ന്നാ ശരി ഉപ്പ ഞാനിന്ന് തന്നെ കോർട്ടേഴ്സിന്റെ കാര്യങ്ങളൊക്കെ തിരക്കാം“. ഫോൺ വെച്ചതിന് ശേഷം ഹമീദിന്റെ ചിന്തകൾ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഓടാൻ തുടങ്ങി. ബദ്ക്കലിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട്തോട്ടിൻകരയിൽ എത്തിയപ്പൊ വെറുതെ കിട്ടിയ ഭൂമിയിൽ. കുറഞ്ഞ കാലം കൊണ്ട്  താൻ പൊന്ന് വിളയിച്ചിരുന്നു. അതുകൊണ്ട് സ്വസ്ഥമായി ജീവിക്കാമായിരുന്നു. ഇതിപ്പൊ നാട്ടിൽ ചെന്ന് എന്ത്  ചെയ്യാനാ. ആരെങ്കിലും തങ്ങൾക്ക് ഇവിടെത്തെ പോലെ ഭൂമി തരാൻ തയ്യാറാകുമോ. തന്റെ കയ്യിലാണെങ്കി ഒന്നുമില്ല ഇനി അദ്ധ്വനിക്കാന്ന് വെച്ചാ വെറുതെ കിട്ടിയ താമസിക്കുന്ന ഭൂമിതന്നെ വിൽക്കാൻ സമ്മതിക്കുമോ? പട്ടയം പോലും ഇല്ല അഥവാ വിറ്റാ തന്നെ ഈ വിലകുറഞ്ഞ സമയത്ത് വല്ലതും കിട്ടുമോ?. തോട്ടിൻകരയിലാണെങ്കി വില വളരെ കുറവാണ് താനും. എന്തായാലും റബ്ബേ നിന്റെ വിധിയല്ലെ. വരുന്നിടം വച്ച് കാണുക തന്നെ.

പിറ്റേന്ന്  കാലത്ത് തന്നെ ഹമീദ് പോക്കർ ഹാജിയുടെ അടുത്ത് ചെന്നു. “ഹമീദേ അസുഖം ഇപ്പൊ എങ്ങിനെയുണ്ട്.“ “കുറവുണ്ട് ഹാജിക്കാ..... ഇവിടെ തണുപ്പ് കൂടുതലായതോണ്ടാണ് അസുഖം മാറാത്തതെന്നാ ഡോക്ടർ പറയുന്നത്. ഞാനെന്താ ചെയ്യാ... നാട്ടിലാണെങ്കി ന്റെ മോള് താമസിക്കണണ്ട്  അവിടെയാകുമ്പൊ ഡോക്ടറെ കാണിക്കാനും എളുപ്പാണല്ലൊ. മോള് വിളിച്ചപ്പൊ ഞാനൊരു കോർട്ടേഴ്സ് നോക്കാൻ പറഞ്ഞിട്ടുണ്ട്.“ 

ഹമീദ്  പോവുകയാണെന്ന് കേട്ടപ്പൊ പോക്കർഹാജിയുടെ കണ്ണുകൾ ഈറനണിഞ്ഞു ഗദ്ഗദത്തോടെ അദ്ദേഹം പറഞ്ഞു.”ഹമീദെ നിങ്ങൾ വന്നതിന് ശേഷം ഞാൻ എത്രമാത്രം സന്തോഷിച്ചെന്നറിയോ നിങ്ങൾ ഞങ്ങൾക്ക് പുറമക്കാർ ആയിരുന്നില്ല. ഉടപ്പിറന്നോരായിരുന്നു. പക്ഷെ നിങ്ങൾക്ക് പോകാതിരിക്കാൻ പറ്റില്ലല്ലൊ. റബ്ബിന്റെ വിധി അതായിരിക്കും. മക്കളായ റഷീദും അൻവറും കോഴിക്കോട് തന്നെയല്ലെ ജോലി ചെയ്യുന്നത്. അവർക്ക് വന്ന് പോവാനും എളുപ്പാണല്ലോ. സ്ഥലത്തിന് പട്ടയമില്ലന്ന് കരുതി നിങ്ങൾ വിൽക്കാതിരിക്കണ്ട. ഞാൻ തന്നെ എടുത്തോളാം. ഞാൻ തന്നതാണെങ്കിലും അതിപ്പൊ നിങ്ങളുടെ ഭൂമിതന്നെയല്ലെ“.  “എന്നാലും ഹാജിക്ക അത്ങ്ങളെ സ്ഥലം തന്നെയല്ലെ. ഞാനെങ്ങിനെ വില പറയാ...”.”ഹമീദെ ങ്ങക്ക് തര്ണത് വരെ അത് ന്റത് തന്നെ പക്ഷെ ഇപ്പൊ ഞാൻ തന്ന സ്ഥലാണൊ അത്. തരിശു നിലത്തിൽ പൊന്നല്ലെ വിളഞ്ഞ് നിൽക്കണെ പൊന്ന്. അത്രയ്ക്ക് നിങ്ങളതിൽ വിയർപ്പൊഴിക്കിയില്ലെ” “ഹാജിക്ക ങ്ങളോട് ഞാനൊരു വെല പറയില്ല. ങ്ങള് ന്താന്ന് വെച്ചാ തന്നോളി” “ഹമീദ് എന്ന് പോവാനാ തീരുമാനിച്ചത്” “കഴിയുന്നതും എത്രയും പെട്ടന്ന് തന്നെ പോണം. ഇബടത്തെ കാലാവസ്ഥ ന്ക്ക് പിടിക്ക്ണ്ല്ല്യ” റഷീദും അൻവറും നാളെ എത്തുംന്നാ പറഞ്ഞത്”.”ശരി ഹമീദെ നിനക്കെന്നോട് വെല പറയാൻ മടിയാണെങ്കി ഭൂമിക്ക് വെല എന്താന്ന് ഞാനൊന്ന് പുറത്ത് പോയി അന്വേഷിക്കട്ടെ ഞാൻ വരുമ്പൊ അതിലെ വരാം. ഒരുക്കങ്ങളൊക്കെ എത്രയും പെട്ടന്ന് നടത്തികൊള്ളി” “ശരി ഹാജിക്ക ഞാൻ ഇറങ്ങട്ടെ”.

പോക്കർഹാജി നാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല ഒരു വില തന്നെ ഹമീദിന് കൊടുത്തു. നാട്ടിലൊക്കെ സ്ഥലത്തിന് നല്ല വിലയാണെങ്കിലും അരുവിക്കരയിൽ ഭൂമിക്ക് തുച്ചമായ വിലയേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് പൈസ കൊണ്ട് തോട്ടിൻകരയിൽ ജീവിക്കാമെങ്കിലും. നാട്ടിൽ അത് പറ്റില്ല. റഷീദും അൻവറും പോകുന്നതിന്റെ തലേന്ന് തന്നെ എത്തിയിരുന്നു. വീട്ടിൽ എല്ലാവരും വളരെ ഏറെ വിഷമത്തിലായിരുന്നു. പക്ഷെ ഫസൽ സന്തോഷവാനായിരുന്നു. ഉമ്മയെ ഇനി എന്നും കാണാമല്ലൊ. ഉമ്മ നിൽക്കുന്ന സ്ഥലത്തേക്കാണ് പോവുന്നതെന്ന് അവൻ അറിഞ്ഞിരുന്നു. സാധനങ്ങൾ കൊണ്ട് പോകാൻ ഒരു ലോറി ഏർപ്പാടാക്കി. റഷീദും അൻവറും സാധനങ്ങളുമായി ലോറിയിൽ നാട്ടിലേക്ക് പുറപ്പെട്ടു.ഹമീദും കുടുംബവും പോക്കർ ഹാജിയോടും കുടുംബങ്ങളോടും  തങ്ങളുടെ കൂടെ കർണ്ണാടകയിൽ നിന്ന് വന്ന മറ്റുള്ളവരോടും യാത്ര പറഞ്ഞു. ഹമീദിന് ആ വിടവാങ്ങൽ വളരെ വേദനാജനകമായിരുന്നു. ബദ്ക്കൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് ഈ  തോട്ടിൻകരയിൽ  എത്തിയപ്പൊൾ കയറി കിടക്കാൻ ഇടം തന്ന പോക്കർ ഹാജിയെ പിരിയുക എന്ന് വെച്ചാൽ... തന്റെ ഹൃദയത്തിൽ നിന്ന് എന്തൊ അടർത്തി മാറ്റുന്ന വേദന. പോക്കർ ഹാജിയോടും കുടുംബത്തോടും യാത്ര പറയുമ്പൊ ഹമീദ് ഒരു നിമിഷം നിയന്ത്രണം വിട്ടു.പോക്കർ ഹാജിയെ കെട്ടി പിടിച്ച് കരഞ്ഞു. ഹാജിയുടെയും മറ്റ് കണ്ട് നിന്ന വരുടെയും കണ്ണുകൾ നിറഞ്ഞു. പോക്കർ ഹാജി ഹമീദിന്റെ തോളിൽ തട്ടി. ഹമീദെ എന്തായിത് കൊച്ച് കുട്ടികളെ പോലെ നീയല്ലെ മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ടത്. നിന്നെ പിരിയുന്നതിൽ എനിക്ക് വേദന ഇല്ലാഞ്ഞിട്ടല്ല. പക്ഷെ വിധി അതായി പോയില്ലെ. എനിക്ക് നിന്റെ കൂടെ വരണമെന്ന് അതിയായ ആഗ്രമുണ്ടായിരുന്നു. പക്ഷെ ഇത്രയും ദൂരം യാത്രചെയ്യൻ എന്റെ ആരോഗ്യം അനുവദിക്കുന്നില്ല. ഇൻശാ അല്ലാ വിധിയുണ്ടെങ്കിൽ നമുക്ക് കാണാം.

തോട്ടിൻകര ടൗൺ വരെ എല്ലാവരും അവരെ അനുഗമിച്ചു. കോഴിക്കോട്ടേക്ക് നേരിട്ട് ബസ്സ് കിട്ടി, ബസ്സിൽ കയറി നിറകണ്ണുകളോടെ എല്ലാവരോടും കൈവീശി യാത്രപറഞ്ഞു. ബസ്സ് കണ്ണിൽ നിന്ന് മറയുന്നത് വരെ നാട്ടുകാർ ബസ്സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ഹമീദും കുടുംബവും പോയ വേദനയോടെയാണ് ഒരോരുത്തരും വീട്ടിലേക്ക് മടങ്ങിയത്. 

കോഴിക്കോട് പുതിയസ്റ്റാന്റിൽ ഇറങ്ങിയ ഉടൻ തന്നെ വള്ളികുന്നിലേക്ക് ബസ്സ് കിട്ടി. ഉപ്പയെയും ഉമ്മാനെം കാത്ത് സഫിയയും, ഫൗസിയയും ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽപ്പുണ്ടായിരന്നു. സഫിയയെ കണ്ടപാട് ഫസല് ഓടിചെന്ന് ഉമ്മയെ കെട്ടിപപിടിച്ചു. ഉമ്മയെ കാണുമ്പോൾ എന്തെല്ലാമോ പറയണമെന്ന് അവൻ മനസ്സിൽ കരുതിയതാണ്. നേരിൽ കണ്ടപ്പൊ അവന് ഒന്നും പറയാൻ കഴിഞ്ഞില്ല. 

ഫൗസിയയുടെ ഉച്ചഭക്ഷണത്തിനു ശേഷം കുറച്ചുനേരം വിശ്രമിച്ചു. യാത്രാക്ഷീണം മാറിയ ശേഷം ഹമീദും കുടുംബവും താമസിക്കാൻ പോകുന്ന വെന്നിയൂരിലേക്ക് പുറപ്പെട്ടു . അവിടെ റോഡരുകിൽ പള്ളി വകയിലെ 7 മുറികളുള്ള ലൈൻ കോർട്ടേഴ്സിൽ എഴാമത്തെ മുറിയാണ് ഹമീദിന് ലഭിച്ചത്. രണ്ട് റൂം, ഒരു കിച്ചൺ, ഒരു ബാത്തറൂം ഇത്രയുമായിരുന്നു താസമസൗകര്യം. മറ്റ് 6 മുറികളിലും ആളുണ്ടായിരുന്നു. ഒരു മുറിയിൽ മദ്രസയിലെ അധ്യാപകരും മറ്റ് 5 മുറികളിൽ തൊട്ടടുത്ത് തന്നെയുള്ള സ്ക്കൂളിൽ പഠിപ്പിക്കുന്ന ടീച്ചേർസുമാണ് താമസിച്ചിരുന്നത്. ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുമ്പൊ തങ്ങളെന്തോ കാഴ്ചവസ്തുക്കളെന്ന പോലെ എല്ലാവരും നോക്കിനിൽക്കുകയല്ലാതെ ഒന്ന് സഹായിക്കാനൊ സംസാരിക്കാനൊ ആരും മെനക്കെട്ടില്ല. നിങ്ങളെവിടെ നിന്ന് വന്നവരാണെന്ന് പോലും ചോദിക്കാൻ ആരും മുന്നോട്ട് വന്നില്ല. തോട്ടിന്കരയിലെ  ജീവിതവും ഇവിടത്തെ ജീവിതവും തികച്ചും വ്യത്യസ്തം തന്നെയാണ്. അവിടെ തങ്ങളെ സഹായിക്കാൻ എല്ലാവരും ഉണ്ടായിരുന്നു. പക്ഷെ ഇവിടെ... ഞങ്ങളെക്കുറിച്ച് അവർക്കൊന്നുമറിയില്ലല്ലോ. ഇത് ഗ്രാമമല്ലല്ലൊ നാട്ടിൻ പുറമല്ലെ. റഷീദും അൻവറും പിറ്റേന്ന് തന്നെ തങ്ങളുടെ ജോലി സ്ഥലത്തേക്ക് പോയി

ആദ്യമാദ്യം തങ്ങളുമായി അകന്ന് നിന്ന അവിടുത്തെ അന്തേവാസികൾ ക്രമേണ അടുക്കാൻ തുടങ്ങി. ആദ്യം അവരുമായി സഹകരിക്കാത്തതിൽ അയൽവാസികൾക്ക് കുറ്റബോധം തോന്നിക്കാണും. കോർട്ടേഴ്സിലെ എല്ലാവരും ഒരു കുടുംബത്തെ പോലെ കഴിഞ്ഞു തുടങ്ങി. ഉമ്മ പ്രസവത്തിന് നിൽക്കാൻ പോവുമ്പൊഴുള്ള വേദന അയൽപക്കക്കാരുമായുള്ള ചങ്ങാത്തത്തിൽ ഫസൽ പതിയെ മറക്കാൻ ശ്രമിച്ചു. ഹമീദ് അയൽവാസികൾക്കൊരു കാരണവരായി മാറി. എന്ത് കാര്യവും അയാളുമായി ആലോചിച്ചെ അവർ ചെയ്യുമായിരുന്നുള്ളൂ. തോട്ടിൻകരയിൽ നിന്ന്  നഷ്ടപ്പെട്ട സ്നേഹം ഇനി ഒരിക്കലും  തിരിച്ച് കിട്ടില്ലന്ന് കരുതിയ ഹമീദിന് എല്ലാവരും നന്നായി പെരുമാറിയിരുന്നത് വളരെ സന്തോഷംനൽകി. 

ആ ഇടക്ക് ഹമീദിനെ കോഴിക്കോട് സിറ്റി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടർ അസദിനെ കാണിച്ചു. തോട്ടിന്കരയിലെ  ഡോക്ടർ സുരേഷ്‌കുമാറിന്റെ പേഷ്യന്റൊണെന്ന്  പറഞ്ഞപ്പൊ അദ്ദേഹം പ്രത്യക പരിഗണന നൽകി. “സുരേഷ്  എന്നെ വിളിച്ച് നിങ്ങടെ കാര്യം പറഞ്ഞിരുന്നു. പേടിക്കാനൊന്നുമില്ല. നമുക്ക് അസുഖമൊക്കെ മാറ്റിയെടുക്കാം. മാസത്തിലൊരിക്കെ ഇവിടെ വന്ന് ചെക്കപ്പ് ചെയ്യണം. ഇനി വരുമ്പൊ ഈ കാർഡ് കൗണ്ടറിൽ കാണിച്ചാൽ മതി.“ ഡോക്ടർ കൊടുത്ത കാർഡും വാങ്ങേണ്ട മരുന്നും വാങ്ങി പുറത്തേക്കിറങ്ങി.  “ഏതായാലും ഇവിടെ വരെ വന്നതല്ലെ. മാളിയേക്കൽ തറവാടുവരെ ഒന്നു പോയേക്കാം” സൈനബ ഹമീദിനോട് പറഞ്ഞു. “ശരിയാ ഒരുപാടായില്ലെ അളിയനെ കണ്ടിട്ട്”അവർ ഒരു ഓട്ടോ വിളിച്ച് നടക്കാവിലെ മാളിയേക്കൽ തറവാട്ടിലേക്ക് പോയി. 

നടക്കാവിലെത്തിയപ്പോൾ അവിടെ ആകെ ശോകമൂകമായ അന്തരീക്ഷം. ജോലിക്കാരോടു കാര്യം തിരക്കിയപ്പോൾ ഹസ്സനാജിക്ക് കാലത്ത് ചെറിയൊരു നെഞ്ച് വേദന ഉണ്ടായെന്നും ഉടൻതന്നെ മിംമസ് ഹോസ്പിറ്റലിൽ എത്തിച്ചുവെന്നും അറിയാൻ കഴിഞ്ഞു. എല്ലാവരും അങ്ങോട്ടേക്ക് പോയിരിക്കുന്നെന്നും മനസ്സിലാക്കി. ഉടൻ തന്നെ ഹമീദും സൈനബയും അങ്ങോട്ട് പുറപ്പെട്ടു. അവിടെ ചെന്ന് ഹസ്സനാജിയെ കണ്ടു. ബന്ധുക്കളോട് വിശദമായി സംസാരിച്ചു. അവർ പറഞ്ഞു രാവിലെ ചെറിയൊരു നെഞ്ചുവേദനയുണ്ടായി ഗ്യാസാണെന്നു കരുതിയിലുന്നു. വേദന കൂടിക്കൂടി വന്നപ്പോൾ ഇങ്ങോട്ടോക്ക് കൊണ്ടുപോന്നു. ഇപ്പോൾ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു. പടച്ചോനേ നീ അദ്ദേഹത്തെ കാത്തോളണേ എന്നു മനസ്സിൽ പ്രാർത്ഥിച്ച് ഹമീദും സൈനബയും വെന്നിയൂരിലേക്ക് യാത്രതിരിച്ചു.

പിറ്റിദിവസം പ്രഭാസം പൊട്ടിവിടർന്നത് ദുഖവാർത്തയുമായായിരുന്നു.  കോഴിക്കോടിന്റെ ഓരോ മുക്കും മൂലയും പിടിച്ച് കുലുക്കുന്ന വാർത്തയായിരുന്നു അത്. പത്രങ്ങളിലെ തലകെട്ട് തന്നെ “അശരണരുടെ തോഴൻ ഹസ്സനാജി അന്തരിച്ചു ഹൃദയാഘാതമായിരുന്നു കാരണം. വാർത്ത കേട്ട പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വാർത്ത അറിഞ്ഞ സഫിയ ഉറക്കെ നിലവിളിച്ചു. ”ഇക്കാക്ക തന്നോടവിടെ നിൽക്കാൻ പറഞ്ഞതാ ഏതായാലും മരിക്കുന്നതിന് മുമ്പു ഒന്ന് കാണാനെങ്കിലും കഴിഞ്ഞല്ലോ?”

കോഴിക്കോടങ്ങാടി മരണവീടുപോലെയായി. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടന്നു. ഹർത്താലിന്റെ പ്രതീതി. എല്ലാ വീധികളും നടക്കാവിലെ മാളിയേക്കൽ തറവാട്ടിലേക്ക് മാത്രമായി . മയ്യത്ത് ടൗൺ ഹാളിൽ പൊതു ദർശനത്തിനു വെച്ചു. തങ്ങളുടെ തോഴനെ ഒരു നോക്കുകാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ഒഴുകിയെത്തി. ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് ഹസ്സനാജിയുടെ സഹായം കിട്ടാത്തവർ കോഴിക്കോട്ടങ്ങാടിയിൽ ഇല്ലായിരുന്നു. 

മരണ വിവരം അറിഞ്ഞ ഉടനെ തന്നെ ഹമീദും കുടുംബവും കോഴിക്കോട്ടേക്ക് പുറപ്പെട്ടു. വൈകുന്നേരം വൻ ജനാവലിയുടെ സാനിധ്യത്തിൽ കടപ്പുറത്ത് മയ്യത്ത് നമസ്ക്കാരം നടന്നു. രാത്രിയോടെ കണ്ണംപറമ്പിൽ മയ്യത്ത് കബറടക്കി. നേരം വെളുക്കുവോളം മാളിയേക്കൽ തറവാട്ടിലേക്ക് ജാതി മത ഭേദമന്യേ ആയിരങ്ങൾ വന്ന് പോയി കൊണ്ടിരുന്നു. കോഴിക്കോട് നഗരത്തിന് ഹസ്സനാജി എന്ന ആ നല്ലമനുഷ്യനെ മറക്കാനാകില്ല.... എല്ലായിടത്തും തന്റെ സാമീപ്യമറിയിച്ച ഹസ്സനാജിയുടെ ഓർമ്മകൾ മനസ്സിലേറ്റി നഗരം ഉറക്കത്തിലേയ്ക്ക് വഴുതിവീണു.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 03 2019

ഷംസുദ്ധീൻ തോപ്പിൽ 24 02 2019






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ