16.2.19

നിഴൽ വീണ വഴികൾ - ഭാഗം 9

ഇന്ന് ഹമീദിന്റെ വീട്ടിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സൈനബയും മക്കളും വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലാണ്. നാളെ രണ്ട് കല്ല്യാണങ്ങൾ നടക്കുന്നു.  റഷീദിന്റെയും അൻവറിന്റെയും. അതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. പെണ്ണ് കാണലും മറ്റ് ചടങ്ങുകളുമൊക്കെ നേരത്തേ കഴിഞ്ഞതിനാൽ വളരെ പെട്ടെന്നുതന്നെ കല്യാണം നിശ്ചയിക്കുകയായിരുന്നു. 

വയനാട്ടിലെ വെള്ളമുണ്ടയിലെ ഒരു അകന്ന ബന്ധത്തിൽ പെട്ട അനാഥ പെൺകുട്ടിയെയാണ് റഷീദ് ഭാര്യയായി തിരഞ്ഞെടുത്തത്. കല്യാണ ആലോചന നടക്കുമ്പോൾ തന്നെ അവൻ  പറഞ്ഞിരുന്നു ഒരു യതീം കുട്ടിയെ മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളൂ എന്ന്. അത്കൊണ്ട് തന്നെ റഷീദിന്റെ വിവാഹ അന്വേഷണം ആ വഴിക്ക് നീണ്ടു. കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല, മനസ്സിനിണങ്ങിയ കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം നിശ്ചയിക്കുകയും ചെയ്തു.

അൻവറിന്റെ വിവാഹാലോചന നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾതന്നെ ഹമീദന്റെ പഴയ സുഹൃത്തും അയൽവാസിയുമായിരുന്ന അലി ഹസ്സൻ  അദ്ദേഹത്തെ കാണാനെത്തി. കുശലാന്വോഷണത്തിനുശേഷം താൻ വന്നകാര്യം അലിഹസ്സൻ ഹമീദിനോട് പറഞ്ഞു. “എന്റെ മകൾ നാദിറയെ നമുക്ക് അൻവറിനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കാം. അവർ പരസ്പരം അറിയുന്നവരുമാണല്ലോ. അങ്ങനെയെങ്കിൽ നമ്മൾതമ്മിലുള്ള ബന്ധത്തിന് ഒരു ദൃഢതയുമുണ്ടാകുമല്ലോ.“ ഹമീദ് അലിഹസനെ സ്നേഹപൂർവ്വം ആശ്ലേഷിച്ചു. അങ്ങനെ ആ വിവാഹവും തീരുമാനിക്കുകയായിരുന്നു.

ബദ്ക്കൽ ഹമീദിന്റെ അയൽ വീട്ടുകാരായിരുന്നു അലിഹസ്സനും കുടുംബവും  ഒരു പെണ്ണും മൂന്ന് ആൺകുട്ടികളും അടങ്ങുന്ന കുടുംബം. അലി ഹസ്സന് കഞ്ഞിപുഴയിൽ ജോലി കിട്ടിയപ്പൊ അവർ കുടുംബസമേതം അങ്ങോട്ട്പോയി. കുടുംബം പോറ്റാൻ ഗതിയില്ലാതെ കഷ്ടതയനുഭവിക്കുന്ന ഒരു കാലമുണ്ടായിരുന്നു അലിഹസ്സന്. തന്നെ എന്നും സഹായിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു കരീം റാവുത്തർ. രണ്ടുപേരും ഒരേ കമ്പനിയിലായിരുന്നു ജോലിചെയ്തിരുന്നത്. കരീം റാവുത്തർ തന്റെ സുഹൃത്തുക്കളുടെ സഹായത്താൽ ഗൾഫിലെത്തുകയും കഠിനപ്രയത്നത്താൽ അല്ലലില്ലാതെ ജീവിച്ചുപോരുകയായിരുന്നു. ജീവിതം കെട്ടിപ്പെടുക്കാനുള്ള നെട്ടോട്ടത്തിനിടയിൽ തന്റെ സുഹൃത്തായ അലിഹസ്സന്റെ കാര്യങ്ങൾ അന്വേഷിക്കാൻ വൈകിപ്പോയി. എങ്കിലും കഷ്ടപ്പാടിൽ കഴിയുന്ന അലിഹസ്സനെ ഗൾഫിൽ കൊണ്ടുവരാനുള്ള പ്രയത്നം ആരംഭിച്ചു.

താൻ ജോലിചെയ്യുന്ന  അറബിയുടെ കയ്യിൽ നിന്ന് ഒരു വിസ സംഘടിപ്പിക്കാനുള്ളശ്രമം വിജയം കണ്ടു. വിസ ലഭിച്ച അന്നുതന്നെ അലിഹസ്സന് അയച്ചുകൊടുത്തു. 

തന്റെ സുഹൃത്തായ കരീംറാവുത്തർ തന്നെ മറന്നില്ലല്ലോ... ഈ കഷ്ടപ്പാടിൽ നിന്നും ഒരു വിടുതൽ ഉണ്ടാകാൻ പോകുന്നു.  അറബിയുടെ വീട്ടിൽ ഡ്രൈവറുടെ ജോലി, അതിനുപുറമെ കുട്ടികളെ സ്ക്കൂളിൽകൊണ്ട് വിടുകയും വേണം. ആദ്യമാദ്യം കുറച്ച് കഷ്ടപ്പെടേണ്ടി വരുമെന്നും പിന്നീട് തന്റെ  ഭാഗ്യംപോലെ ഇരിക്കുമെന്നും കരീം അറിയിച്ചു. 

കരീം തന്റെ കൈയിലുള്ള സമ്പാദ്യമുപയോഗിച്ചാണ് വിസ എടുത്തത്. എങ്ങനെയെങ്കിലും നാട്ടിൽ നിന്ന് കുറച്ച് പൈസ സംഘടിപ്പിച്ച് എത്രയും പെട്ടന്ന് ഗൾഫിൽ എത്തണമെന്ന ഒരു കുറിപ്പും, അതോടൊപ്പം വിസയും കിട്ടിയപ്പൊ ഒരുപാട് സന്തോഷമായെങ്കിലും താനെങ്ങിനെ പോവാനുള്ള പൈസ കണ്ടെത്തും എന്ന ചിന്ത അദ്ദേഹത്തെ അലട്ടുകയായിരുന്നു. ജീവിതം തള്ളി നീക്കാൻ തന്നെ  ബുദ്ധിമുട്ടുകയാണ്. ആരോടാണ് ചോദിക്കുക. അലി ഹസ്സൻ ആകെ തളർന്ന് പോയി. 

തന്നെ സമാധാനിപ്പിക്കാൻ തന്റെ ഭാര്യ ഫാത്തിമ മാത്രം. അള്ളാഹു നമുക്ക് ഒരു വഴി കാണിച്ചുതരും... ഫാത്തിമ അലിഹസ്സനോടു പറഞ്ഞു. “നമ്മടെ ഹമീദ്ക്കാനോട് നിങ്ങടെ വിഷമങ്ങളെല്ലാം പോയ് പറയ്  അദ്ദേഹം എന്തെങ്കിലും ഒരു വഴി കാണിച്ച് തരും“. അതെ ഫാത്തിമ പറഞ്ഞത് ശരിയാണ്... തന്റെ മുന്നിലുള്ള അവസാനത്തെ വാതിൽ.. ഉടൻ തന്നെ അലി ഹസ്സൻ ഹമീദിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. 

നാളുകൾക്ക് ശേഷം അലിയെ കണ്ട് ഹമീദ് അദ്ഭുതപ്പെട്ടു. വളരെയധികം ക്ഷീണിതനായിരുന്നു അലി... “എന്താടോ എന്തുപറ്റി തനിക്ക്. തന്റെ ഉത്സാഹമൊക്കെ എവിടെപ്പോയി... ജോലിക്കെന്തെങ്കിലും കുഴപ്പം.“ തന്റെ വിഷമങ്ങളെല്ലാം ഹമീദിനുമുന്നിൽ അവതരിപ്പിച്ചു.  വിസ വന്നകാര്യവും, ടിക്കറ്റിന്റെ പൈസ ഉണ്ടാക്കാൻ താൻ നെട്ടോട്ടമോടുകയാണെന്നും പറഞ്ഞു. “എന്റെ കുടുംബക്കാരാരും എന്നെ സഹായിക്കുന്നില്ല. ഞാൻ ഗൾഫിൽ പോയി ജോലിലഭിക്കാതിരുന്നാൽ അവരുടെ പൈസ തിരികെക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന പേടിയാ അവർക്ക്. എന്താ ചെയ്യാ എത്രയും പെട്ടന്ന് കയറാനാ പറഞ്ഞത്.“

അലിയുടെ വിഷമം കേട്ട് കുറച്ച് നേരം ഹമീദ് നിശ്ശബ്ദനായിരുന്നു. മുഖമുയർത്തി സൈനബയോട് പറഞ്ഞു... “നീ കേട്ടില്ലെ നമ്മുടെ അലി ഹസ്സന്റെ വിഷമം. നമ്മളല്ലാതെ ആരാ അവരെ സഹായിക്കാൻ ഈ ദുനിയാവിലുള്ളത്.“ ഒന്നും മനസ്സിലാവാതെ ഹമീദിന്റെ മുഖത്തേക്ക് നോക്കി നിന്ന സൈനബയോട്  പറഞ്ഞു “നീപോയി സീനത്തിന്റെയും സഫിയയുടെയും കാതിലും കഴുത്തിലും ഉള്ളതെല്ലാം ഊരി വാങ്ങിക്കൊണ്ടുവാ... സൈനബ തടസ്സമെന്നും പറയാതെ അവരുടെ കാതിലും കഴുത്തിലും അവശേഷിച്ചതെല്ലാം ഊരിവാങ്ങി ഹമീദിന് കൊടുത്തു. ഹമീദ് അത് തആശ്വാസ വചനങ്ങളോടെ സ്നേഹപൂർവ്വം അലിഹസ്സന്റെ കൈയ്യിൽ വച്ചുകൊടുത്തു. അലിഹസ്സന് വിശ്വസിക്കാനായില്ല. അദ്ദേഹം സ്തംഭിച്ചിരുന്നുപോയി... തൊണ്ട വരണ്ടു... എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വരുന്നില്ല. കണ്ണിൽനിന്നു കണ്ണ്നീർ ചാലിട്ടൊഴുകി. അലി ഹസ്സൻ അപ്പോൾ ഓർത്തത്  താൻ തന്റെ കുടുംബക്കാരോട് സഹായത്തിനായി ചെന്നപ്പൊ ഉണ്ടായ അനുഭവമാണ്. അവർക്ക് തന്നെ സഹായിക്കാൻ കഴിയാഞ്ഞിട്ടല്ല...

തന്റെ ആരുമല്ലാത്ത എന്നാൽ തന്റെ ആത്മ സുഹൃത്ത്. തിരിച്ച് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാതെ ഒരു രേഖപോലും ഇല്ലാതെ  തന്നെ മാത്രം വിശ്വസിച്ച് ഉള്ളത് നുള്ളിപെറുക്കി തന്നിരിക്കുന്നു. ഹമീദിന്റെ തട്ടിവിളികേട്ടാണ് അലി അസ്സൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നത്. “എന്ത് പറ്റി അലി നിന്റെ കണ്ണുകൾ നിറഞ്ഞ് വരുന്നുണ്ടല്ലൊ.“ “ഒന്നുമില്ല ഹമീദ്ക്ക കുടുംബം വരെ എന്നെ കൈ ഒഴിഞ്ഞിടത്ത് നിങ്ങളെന്നെ സഹായിച്ചപ്പൊ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ...“ “സമ്പാദ്യമായി ഇതേ എന്റെ കൈയ്യിലുള്ളൂ അലീ... നിനക്കറിയലൊ എന്റെ അവസ്ഥ.“ “ഇത് മതി ഹമീദ്ക്ക.. ഇത് മതി. ഫാത്തിമയുടെ കുറച്ച് സ്വർണ്ണവും കൂട്ടിയാ തൽക്കാലം എനിക്ക് പോവാനുള്ള പൈസയായി. ഞാൻ പോയി ജോലി കിട്ടിയാ ഉടനെ നിങ്ങളെ...“ അത് മുഴുമിപ്പിക്കാൻ ഹമീദ് സമ്മതിച്ചില്ല. “അലീ... അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട“. ആ സ്നേഹത്തിന്റെ മുമ്പിൽ അലി ഹസ്സന് മറിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. എന്നാലും അവൻ മനസ്സിൽ പറഞ്ഞു ജോലി കിട്ടിയാ ഉടനെ ഹമീദ്ക്കാന്റെ കടം വീട്ടണം. 

അങ്ങിനെ അലി അസ്സൻ ഗൾഫിലെത്തി, തെറ്റില്ലാത്ത ജോലിയും ലഭിച്ചു. പഴയ കഷ്ടപ്പാടുകളൊക്കെ മാറി. ഹമീദ്ക്കാനോട് പറഞ്ഞ പോലെ വാക്ക് പാലിച്ചു. കൊടുക്കാനുള്ള സ്വർണ്ണം തിരികെ കൊടുത്തു. അതൊരു കടംവീട്ടലായിരുന്നില്ല... തന്റെ കടമയായിരുന്നു. സഹോദരതുല്യനായ അദ്ദേഹത്തോടുള്ള ആദരവായിരുന്നു.

അന്ന് സഹായിച്ച കടപ്പാടിൻ മേലാണ് അൻവറിനെ കൊണ്ട് തന്റെ ഒരേ ഒരു മകളായ നാദിറയെ കല്ല്യാണം കഴിപ്പിക്കാൻ അലി ഹസ്സൻ തീരുമാനിച്ചത്. അങ്ങിനെ ഹമീദ്ക്കയുമായുള്ള സ്നേഹബന്ധം ഒന്നുകൂടി ദൃഢമാക്കണം. ഇന്ന് ഹമീദിന്റെ മകൻ അൻവറിന്റെയും, അലി ഹസ്സന്റെ മകൾ നാദിറയുടെയും വിവാഹമാണ്. ബന്ധുക്കളും സുഹൃത്തുക്കളും ആ ചടങ്ങിന് സാക്ഷ്യംവഹിക്കാനുണ്ടായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങൾ.

സഫിയയുടെ ജേഷ്ഠത്തി ഫൗസിയയും ഭർത്താവും വള്ളിക്കുന്നിലാണ് താമസം. ബേക്കറി സാധനങ്ങൾ ഉണ്ടാക്കികൊടുക്കുന്ന കച്ചവടം. ഓരോ തവണ കച്ചവടം കഴിയുമ്പോഴും ഇറക്കിയ കാശ്പോലും തിരിച്ച് കിട്ടാതെ ഭീമമായ കടത്തിലകപ്പെടും. ആ കടം വീട്ടാൻ ഉള്ള സ്ഥലം വിൽക്കേണ്ടിവന്നു. ഇതിങ്ങനെ ആവർത്തിച്ച് ആവർത്തിച്ച് ഉള്ള സമ്പാദ്യമെല്ലാം ഇല്ലാതെയായി. ഇപ്പോൾ ക്വാർട്ടേഴ്സിലാണ് താമസം. മൊയ്തുവിന് ബേക്കറികളിലേക്ക് മധുര പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന ജോലിയാണ്. വയറ്റാട്ടിയാണ് ഫൗസിയ. [പ്രസവിക്കുന്ന പെണ്ണുങ്ങളെ പരിചരിക്കുന്ന ജോലി]. പേറ്റിന് നിൽക്കാൻ പോവുക എന്നത് നാട്ടിൽ മാന്യതയുള്ള ജോലിയൊന്നുമല്ല.പ്രസവം കഴിഞ്ഞ് 40 കുളിക്കുന്നതു വരെ നിൽക്കണം. അത് കഴിഞ്ഞാൽ വേറെ പ്രസവക്കേസുണ്ടാവും. നല്ല കഷ്ടപ്പാടുള്ള ജോലിയാണെങ്കിലും മക്കളുടെ ഭാവി ഓർത്ത് മറ്റ് ഗതിയില്ലാത്ത ഉമ്മാമാർ അതിലേക്ക് ഇറങ്ങിതിരിക്കുന്നു. 40 ദിവസം കഴിഞ്ഞാൽ അത്യാവശ്യം തെറ്റില്ലാത്തൊരു തുക കിട്ടുകയും ചെയ്യും…..

ഒരിക്കൽ ഫൗസിയ തോട്ടിൻകരയിലെ വീട്ടിൽ  വന്നപ്പോൾ അനിയത്തിയായ സഫിയയോട് പറഞ്ഞു “ഫസൽ സ്ക്കൂളിൽ പോയാൽ നീ വീട്ടിൽ വെറുതെ ഇരിക്കയല്ലെ. ഇവിടിപ്പം പണികളും കുറവല്ലെ. ന്റെ കൂടെ വള്ളിക്കുന്നിലേക്ക് പേര് ഞാൻ പോവുന്നത്  പോലെ നിനക്കും വീടുകളിൽ പ്രസവശുശ്രൂഷയ്ക്ക് നിൽക്കാം, നമ്മുടെ നാട്ടിൽ ആളെ കിട്ടാനുമില്ല, എന്തെങ്കിലും സമ്പാദിക്കുകയും ചെയ്യാം. മോന്റെ പഠിപ്പിനും മറ്റു ചിലവുകൾക്കും  ബന്ധുക്കളെ ആശ്രയിക്കേണ്ടതില്ലല്ലൊ.“ 

ഫൗസിയ പറയുന്നതിൽ കാര്യമുണ്ടെന്ന് സഫിയക്കും തോന്നി.

തന്റെ മകൻ ഫസലിനെ പിരിയുന്നത് സഫിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. “തന്റെ മോനെ ഉപ്പയും ഉമ്മയും നന്നായി നോക്കും. എന്നാലും”. അതവൾ ഫൗസിയയോട് പറയുകയും ചെയ്തു. ”ഇത്താത്താ... ഫസലിനെ വിട്ട് നിൽക്കാന്ന് വെച്ചാ....”. ”നിനക്ക് വിഷമമുണ്ടകുമെന്നറിയാഞ്ഞിട്ടല്ല. സഫിയ ഇവിടെ നിന്നാമതിയോ. മോന്റെ ഭാവിയെക്കുറിച്ചോർത്തോ. ഇങ്ങനെപോയാൽ എന്നും വീട്ടുകാരെ ആശ്രയിക്കേണ്ടെ…….“

അവസാനം മനസ്സില്ലാമനസ്സോടെ, മകന്റെ ഭാവിയോർത്ത് സഫിയ ഫൗസിയയുടെകൂടെ പോകാൻ തീരുമാനിച്ചു. ഫസലിനോട് കാര്യങ്ങളെല്ലാം ഒരുവിധം പറഞ്ഞ് മനസ്സിലാക്കികൊടുത്തു. അവന് വിഷമമുണ്ടായിരുന്നു. എന്നാലും ഉമ്മ തങ്ങളുടെ കാര്യത്തിനാണല്ലോ പോണത്. “മോൻ വിഷമിക്കണ്ട  വലിപ്പാന്റെയും വല്ലിമ്മാന്റെയും അടുത്തല്ലെ. ഉമ്മ ഇടയ്ക്കൊക്കെ കാണാൻ വരാം.“ മോനെ വാരിയെടുത്ത് ഉമ്മവച്ചു. അവനെ പിരിയുന്നതിള്ള വേദന കടിച്ചമർത്തി സഫിയ മുന്നോട്ടു നടന്നു... അവൻ പിറകെയെത്തി സഫിയയെ വട്ടംചുറ്റി പിടിച്ചു... അവൾ സകല നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകുമെന്നുതോന്നിയപ്പോൾ ഹമീദ് ഇടപെട്ടു. മോനേ ഫസലേ നീയിങ്ങുപോരെ ... നിനക്ക് ഞാനില്ലേ... ഉമ്മ പോയിട്ട് ഉടനേ വരില്ലേ... വരുമ്പോൾ കൈനിറയെ മിഠായിയും പലഹാരങ്ങളും കൊണ്ടുവരും... ആ കുരുന്നു മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ടാവും.... മനസ്സില്ലാ മനസ്സോടെ സഫിയയുടെ സാരിത്തുമ്പിലെ പിടിവിട്ടു.... ഹമീദ് സഫിയയോട് പൊയ്ക്കൊള്ളാൻ ആഗ്യം കാണിച്ചു... അവൾ നിറകണ്ണുകളോടെ വള്ളിക്കുന്നിലേക്ക് യാത്രതിരിച്ചു. പടച്ചോൻ എന്നും ഞങ്ങൾക്കൊരു തുണയായിരിക്കട്ടെ.

ഒരാഴ്ച സഫിയ ഫൗസിയയോടൊപ്പം കോർട്ടേഴ്സിൽ താമസിച്ചു. പിന്നെ ജോലിക്ക് പോയിതുടങ്ങി. ആദ്യം സഫിയയെ ജോലിക്ക് വിളിച്ചത് കൊടിഞ്ഞി എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ്. ഫൗസിയയും അലവിയും അവളെ കൊടിഞ്ഞിയിലെ വീട്ടിൽ കൊണ്ട് ചെന്നാക്കി അവരോട് പറഞ്ഞു. “ഇവൾ ആദ്യമായിട്ടാ ഈജോലിക്ക് നിൽക്കണത്. എന്തെങ്കിലും പാകപിഴവുണ്ടായാൽ ക്ഷമിക്കണെ”. “അതൊന്നും സാരമില്ല. ഞങ്ങൾ ഇവളെ വീട്ടിലെ ഒരംഗത്തെപോലെ കണ്ടുകൊള്ളാം”. 

ആദ്യമാദ്യം സഫിയക്ക് തന്റെ ജോലിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. എങ്കിലും തന്റെ മോനെ ഓർത്ത് മുന്നോട്ട്പോയി. ആ വീട്ടുകാർ എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. എങ്കിലും അവളുടെ ജോലി അവൾ തന്നെ ചെയ്തല്ലെ തീരൂ... കുട്ടി കരഞ്ഞാൽ ചിലപ്പൊ നേരം വെളുക്കുവോളം ഉറങ്ങാൻ കഴിയില്ല. കുട്ടിയുടെ ഉമ്മ ഇതൊന്നുമറിയാതെ നന്നായി ഉറങ്ങും. എന്നാലും സ്വന്തം മകനെ പരിചരിക്കുന്നതുപോലെ അവൾ കുഞ്ഞിനെ പരിചരിച്ചു. ഉറക്കൊഴിച്ച് ക്ഷീണിച്ച് പകലൊരൽപ്പം കിടക്കാന്ന് വെച്ചാൽ ചിലപ്പൊ അതിനും കഴിയാറുമില്ല. കുട്ടിയുടെ മലാവിശിഷ്ടം നിറഞ്ഞ തുണികൾ അലക്കണം, ഉമ്മയെ കുളിപ്പിക്കണം, ഉള്ളിവെട്ടിതൂമ്പിച്ച് ചോറു കൊടുക്കണം, പ്രസവ ശ്രുശൂശമരുന്നകൾ കൃത്യമായികൊടുക്കണം അങ്ങിനെ നൂറ് കൂട്ടം പണികൾ –എല്ലാം കുത്യതയോടെ ചെയ്യണം. 

ഇടയ്ക്കിടയ്ക്ക് തന്നെ കാണാൻ ഫൗസിയ വരുന്നത് അവൾക്ക് ഏറെ ആശ്വാസമാണ്. അങ്ങിനെ ആ വീട്ടിൽ നിൽക്കേണ്ട കാലാവധിയായ 40 ദിവസങ്ങൾ കഴിഞ്ഞു. സഫിയക്ക് 40 ദിവസമെന്ന്ത് ഒരു കൊല്ലത്തെ ദൈർഘ്യംമുണ്ടായിരുന്നു. 40ന്റെ അന്ന് സഫിയയെ കൂട്ടാൻ ഫൗസിയ വന്നിരുന്നു. സഫിയ നിൽക്കുന്ന വീട്ടുകാർക്ക് അവളെ പറഞ്ഞയക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. അത്രയ്ക്ക് അടുത്തിരുന്നു ആ വീട്ടുകാരുമായി. അവരത് ഫൗസിയയോട് പറയുകയും ചെയ്തു. ഇത്രയും കാലത്തിനിടയ്ക്ക് സഫിയയെ പോലുള്ള ഒരാളെ അവർക്ക് കിട്ടിയിട്ടില്ല. തന്റെ മക്കളുടെ പ്രസവത്തിന് നിന്നവരെല്ലാം എങ്ങിനെയെങ്കിലും ഒന്ന് പോയി കിട്ടിയാ മതി എന്നു കരുതിയിട്ടേയുള്ളൂ. ഇവിടുത്തെ എന്തു വിശേഷത്തിനും ഇനി സഫിയയെ തന്നെ ഞങ്ങൾ വിളിക്കും, എന്ത് അസൗകര്യമുണ്ടെങ്കിലും വരണം. അടുത്ത തവണ വരുമ്പോൾ മോനെയും കൊണ്ട് വരണം. 

സഫിയ തന്റെ ജിവിതകഥകൾ അവരുമായി പങ്കുവെച്ചിരുന്നു. സഫിയയുടെ മകന് വേണ്ടി വീട്ടിലെ കുട്ടികളുടെകുറെ വസ്ത്രങ്ങൾ നൽകി. ഇടക്കിടെ പുതുവസ്ത്രങ്ങൾ വാങ്ങുന്നശീലമുണ്ടായിരുന്നതിനാൽ ആദ്യമാദ്യം വാങ്ങുന്ന വസ്ത്രങ്ങളാണവ. 40 ദിവസത്തെ..... പുറമെ അവരുടെ സന്തോഷത്തിനെന്ന് പറഞ്ഞു  കുറച്ച്  കൂടെ പണവും നൽകി അവളെ യാത്രയാക്കി. ഫൗസിയയുടെ വീട്ടിൽ വന്നതിന്റെ പിറ്റേന്ന് തന്നെ അവളെയും കൂട്ടി തോട്ടിൻ കരയിലേയ്ക്ക് പോയി. എത്രയും പെട്ടന്ന് തന്റെ മകന്റെ അടുത്തെത്താൻ സഫിയയുടെ മനം തുടിച്ചു. 40 ദിവസങ്ങൾ 40 വർഷങ്ങളായപോലെ... അവനെങ്ങനെയായിരിക്കും തന്നോടു പെരുമാറുക... പഴയപോലെ സ്നഹത്തോടെ ഓടിയെത്തുമോ....

സഫിയ വീട്ടിലേക്ക് വരുന്നത് ദൂരെ നിന്ന് കണ്ട ഫസൽ ഒരൊറ്റ ഓട്ടമായിരിന്നു. ഉമ്മയുടെ അടുത്തെത്തി കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു. അത് വരെ പിടിച്ച് നിന്ന സഫിയയും കരഞ്ഞ് പോയി. “മോനെന്തിനാ കരയുന്നത് ഉമ്മ വന്നില്ലെ”. ഹൃദയബന്ധങ്ങൾ ദൃഡമാവുന്ന അപൂർവ്വ നിമിഷം.

ഒരാഴ്ച സഫിയയും ഫൗസിയയും വീട്ടിൽ തന്നെ നിന്നു. അപ്പോഴേക്കും നിൽക്കാൻ ഏറ്റ വീട്ടിലെ ദിവസമായി. ഒരു വിധം ഫസലിനെ സമാധാനിപ്പിച്ച് അവർ വീണ്ടും യാത്രയായി. “എന്നാ റബ്ബേ തന്റെ മോന്റെ കൂടെ സുഖമായി താമസിക്കാൻ കഴിയുക. എന്നാ തന്റെ കഷ്ടതകളൊക്കെ തീരുക”. സഫിയ സ്വയം തന്റെ മനസ്സിനെ ആശ്വസിപ്പിച്ചു. എല്ലാം തന്റെ മകന്റെ ഭാവിക്ക് വേണ്ടിയല്ലെ അവൻ  വളർന്ന് നല്ലരു ജോലി കിട്ടിയാൽ തന്റെ കഷ്ടതകളൊക്കെ മാറില്ലേ. അവന് വേണ്ടിയാണല്ലൊ ഞാനിത്ര  കഷ്ടപ്പെടുന്നത്. തന്റെ ഒരു വയറിന് വേണ്ടിയാണെങ്കിൽ തോട്ടിൻകരയിൽ തന്നെ നിന്നാ പോരെ. ഇത്രയും ദൂരെ വന്ന് ജോലി ചെയ്യേണ്ട ആവശ്യമില്ലല്ലൊ. റബ്ബേ എല്ലാം ഞാൻ നിന്നിലർപ്പിക്കുന്നു നീയാണ് നീ മാത്രമാണെന്റെ തുണ…

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു. ആ വർഷം കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പുള്ള മാസമായിരുന്നു. നാട്ടിൽ മിക്കവർക്കും ജലദോഷവും പനിയും മറ്റുംപിടിപെട്ടിരുന്നു. ഹമീദിന് തണുപ്പ്കാലാവസ്ഥ ഒരു പേടിസ്വപ്നമായിരുന്നു... അപ്രതീക്ഷിതമായി ഒരു ദിവസം ഹമീദിന് അതി ശക്തമായ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഡോക്ടർ നൽകിയ ഇൻഹേലർ ഉപയോഗിച്ചെങ്കിലും ഒരു കുറവും കാണാത്തതിനാൽ അവർ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ സുരേഷ് കുമാറിന്റെ അടുത്തേയ്ക്ക് കൊണ്ട് പോയി. ഡോക്ടർ ഉടൻ തന്നെ പരിശോധിച്ച് ഒരിഞ്ചക്ഷൻ കൊടുത്തു. രക്തപരിശോധനകൾ ചെയ്യുന്നതിയനായി സിസ്റ്റർമാരോട് നിർദ്ദേശിച്ചു. അപ്പോഴേയ്ക്കും എക്സ്റേയുമായി ഒരു ജിവനക്കാരൻ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ എക്സ്റേ പ്രകാശത്തിന് അഭിമുഖമായി പിടിച്ച് പരിശോധിച്ചു... അദ്ദേഹത്തിന്റെ മുഖത്ത് എന്തോ ഒരു നിരാശ....  ഹമീദിന്റെ അവസ്ഥ വളരെ മോശമായി വരുന്നുവല്ലോ... ഇനിയും എത്രനാൾ... എന്താ ഞാന് അദ്ദേഹത്തിന്റെ ബന്ധുക്കളോട് പറയുക... ഡോക്ടർ വളരെ അസ്വസ്ഥനായിരിക്കുന്നു.... എന്തോ ഹമീദിന്റെ കാര്യത്തിൽ തനിക്കൊരു പ്രത്യേകത തോന്നിയിരുന്നു. ദൈവം അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24  02 2019

ഷംസുദ്ധീൻ തോപ്പിൽ 17  02 2019



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ