2.2.19

നിഴൽ വീണ വഴികൾ - ഭാഗം 7

വീട്ടിലിരുന്ന് ജമീലയുടെ കുത്തുവാക്കുകൾ കേൾക്കുന്നതിനേക്കാൾ നല്ലത് അടുത്തെവിടെയെങ്കിലും വല്ല ജോലിയും കിട്ടിയാൽ പോകാമായിരുന്നു. എങ്കിൽ വൈകുന്നേരംവരെ അൽപ്പം മനസ്സമാധാനം കിട്ടുകയും ചെയ്യും. മോൻ സ്കൂൾ വിട്ട് വരുമ്പോഴേക്ക് വീട്ടിൽ എത്തുകയും ചെയ്യാം. ഇക്കാര്യം സഫിയ ഹംസയോട് പറഞ്ഞെങ്കിലും ആദ്യം അയാൾ എതിർത്തു. പക്ഷെ സഫിയയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി പിന്നീട് സമ്മതം മൂളി. അങ്ങിനെ സഫിയ മകനെ സ്ക്കൂളിലേക്ക് പറഞ്ഞു വിട്ട് രാവിലെ ജോലിക്ക് പോയിത്തുടങ്ങി.

വീട്ടിൽനിന്ന് അരകിലോമീറ്റർ നടന്നാൽ അന്നാട്ടിലെ പ്രമാണിയായ കൈമൾ ചേട്ടന്റെ കൃഷിയിടത്തിലെത്താം. അവിടെ ചെറിയ റബ്ബർ തൈകൾക്ക് കള പറിക്കാനും മറ്റുമായി ധാരാളം പണികളുണ്ട്. ഇത് സഫിയക്ക് വല്ലാത്തൊരു ആശ്വസമായി തന്റെ ദുഖങ്ങളും വിഷമങ്ങളും കൂടെ ജോലിചെയ്യുന്നവരോട് പറഞ്ഞ് അവൾ ആശ്വസം കണ്ടെത്തി. ഇത് വരെ താൻ കൂട്ടിലടച്ച കിളികളെ പോലെയായിരുന്നു.....

ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയിക്കൊണ്ടിരുന്നു സഫിയ ജോലിചെയ്ത് കിട്ട്ണ പൈസ ഒരുരൂപ പോലും തന്റെ ആവശ്യങ്ങൾക്കായെടുത്തില്ല. തന്നെ ഭർത്താവ് എന്ത് ചെയ്താലും അവൾക്ക് ഭർത്താവിനോട് അതിരറ്റ സ്നേഹമായിരുന്നു. ഹംസയും സഫിയയും വീണ്ടും നല്ല സൗഹൃദത്തിൽ മുന്നോട്ട് പോകുന്നത് ജമീലക്ക് സഹിച്ചില്ല. ഇവർ ഇങ്ങിനെ പോയാൽ തന്റെ സ്ഥിതി കഷ്ടത്തിലാവുമെന്ന് അവൾ കരുതി സഫിയയെയും ഹംസയേയും എങ്ങിനെയെങ്കിലും തെറ്റിക്കണം. അതിനുള്ള കുതന്ത്രങ്ങൾ ജമീല മെനയാൻ തുടങ്ങി.

ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന സഫിയയുമായി ജമീല ഒന്നും രണ്ടും പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി. ജോലിയുടെ ക്ഷീണത്താൽ സഫിയ ആദ്യം മറുത്തൊന്നും പറഞ്ഞില്ല. ജമീല ഇത് തുടർന്നപ്പോൾ സഹികെട്ട് സഫിയയും തിരിച്ചു പറഞ്ഞു തുടങ്ങി. അവർ തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇത് കണ്ടുകൊണ്ടാണ് ഹംസ  ജോലി കഴിഞ്ഞ് വന്നത്. ഹംസയെ കണ്ടപാടെ ജമീല ഒന്നുകൂടെ ഒച്ചയുണ്ടാക്കാൻ തുടങ്ങി. ഒരുപാട് തവണ രണ്ടാളോടും മിണ്ടാതിരിക്കാൻ ഹംസ പറഞ്ഞെങ്കിലും അവർ നിർത്താൻ കൂട്ടാക്കിയില്ല. അയാൾ ദേഷ്യത്തോടെ ചുറ്റുമൊന്നു പരതിനോക്കി. കയ്യിൽ കിട്ടിയത് ഒരു മരക്കഷണമായിരുന്നു. അത് വെച്ച് കലി അടങ്ങുവോളം സഫിയയെ അടിച്ചു. ഇത് കണ്ടാണ് ഫസൽ സ്ക്കൂൾ വിട്ട് വന്നത്. അവൻ കയ്യിലുള്ള പുസ്തകം വലിച്ചെറിഞ്ഞ് ഓടിവന്ന് വാപ്പയെ തടയാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. അവനും കരയാൻ തുടങ്ങി, അയൽവാസികളെല്ലാം കൂടി. അവർ ഓരോന്നു പിറുപിറുക്കാൻ തുടങ്ങി.

സഫിയ അവളുടെ കയ്യിൽ കിട്ടിയ വസ്ത്രങ്ങളെല്ലാം എടുത്ത് മകനെയും കൂട്ടി പടിയിറങ്ങി. ‘‘ഇനി നിങ്ങടെ കൂടെ ഞാനില്ല, ഞാനും എന്റെ കുട്ടിയും എവിടെയെങ്കിലും പോയി ജീവിച്ചോളാം‘‘. ഹംസ  പിറകേചെന്ന് ഫസലിനെ പിടിച്ചു വലിച്ചു. ഫസല് വാവിട്ട് കരയാൻ തുടങ്ങി “ഞാനെന്റെ ഉമ്മച്ചിക്കോപ്പാ  പോണത് ” അവസാനം പിടിയും വലിയുമായി. ദേഷ്യം സഹിക്കാതെ അയാൾ ഫസലിനെ അടിച്ചു. ആ അടിയുടെ ശക്തിയിൽ അവന്റെ ബോധം മറഞ്ഞു. അത്കണ്ട് അയൽവാസിയായ വർക്കിച്ചേട്ടൻ  ദേഷ്യത്തോടെ ഹംസയോട് പറഞ്ഞു “നീ ആ കുട്ടിയെയും തള്ളയെയും വിട്ടില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും. നിന്റെ അടുത്ത് നില്ക്കുന്നതിനേക്കാൾ നല്ലത് അവൾ എവിടെയെങ്കിലും പോയി രക്ഷപ്പെടുന്നതാണ്”. ഇത് കേട്ട ഹംസ ഫസലിന്റെകൈയ്യിലെ പിടിവിട്ടു. സഫിയ കുഞ്ഞിനെയും എടുത്ത് അയൽപക്കത്തെ വർക്കിച്ചേട്ടന്റെ വീട്ടിലേക്ക് ഓടി, പിന്നാലെ വർക്കിച്ചേട്ടൻ ഓടിച്ചെന്ന് ഭാര്യയോട് വെള്ളം കൊണ്ടുവരാൻ പറഞ്ഞു. വെള്ളം ഫസലിന്റെ മുഖത്ത് തെളിച്ചു കുലുക്കി വിളിച്ചു അവൻ പതിയെ കണ്ണ് തുറന്നു. അവൻ ഭയപ്പെട്ടു വിറക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞ് മനസ്സ് ആകെ പേടിച്ചുപോയി. എന്നാലും അവൻ വിക്കി വിക്കി ഉമ്മയോട് ചോദിച്ചു “ഉമ്മച്ചിക്ക് എന്തെങ്കിലും പറ്റിയോ”? ഇത്കേട്ട് സഫിയ അവനെ കെട്ടിപിടിച്ച് കരഞ്ഞു.”ഇല്ല മോനേ ഉമ്മച്ചിക്ക് ഒന്നും പറ്റിയില്ല”. കണ്ട് നിന്ന വർക്കിച്ചേട്ടന്റെയും ഭാര്യയുടെയും കണ്ണുകൾ ഈറനണിഞ്ഞു.

കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം സഫിയ വർക്കിച്ചേട്ടനോട് പറഞ്ഞു “നിങ്ങൾ എനിക്കൊരു സഹായം ചെയ്യണം ഞാനിവിടെ നിന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകും. ഇക്കാ ഇവിടേയും വന്ന് ഉപദ്രവിക്കും, അതിന് മുമ്പ് ഇവിടന്ന് രണ്ട് കിലേമീറ്റർ അകലെ അമ്മാവന്റെ ഭാര്യ വീടുണ്ട്. അതിപ്പൊ അടുത്താ ഞാൻ അറിഞ്ഞത് ... അവിടെ എത്തിയാൽ അവിടന്ന് അവർ എന്നെ എന്റെ വീട്ടിൽ എത്തിച്ചുതരും”. ‘‘അതിനെന്താ സഫിയാ നമുക്ക്  ഇപ്പൊതന്നെ പോവാം. ആദ്യം നീയും മോനും എന്തെങ്കിലും കഴിക്ക്. ഉച്ചക്ക് കഴിച്ചതല്ലെ. മോനും നല്ല വിശപ്പുണ്ടാകും.‘‘ സഫിയക്ക് വിശപ്പ് തീരെ ഇല്ലായിരുന്നു. അത്രയ്ക്ക് മരവിപ്പായിരുന്നു മനസ്സിൽ. പക്ഷെ സ്നേഹസമ്പന്നരായ അവരുടെ നിർബന്ധത്തിനു വഴങ്ങി സഫിയയും മോനും കഴിച്ചു എന്ന് വരുത്തി. വർക്കിച്ചേട്ടന്റെ ഭാര്യയോട് യാത്ര പറഞ്ഞ് വർക്കിച്ചേട്ടന്റെ കൂടെ  അമ്മായിയുടെ വീട്ടിലെത്തി. ഇതുവരെ നടന്ന കാര്യങ്ങളെല്ലാം അമ്മായിയോട് പറഞ്ഞു. വർക്കിച്ചേട്ടൻ ഇടപെട്ടില്ലങ്കിൽ ഇവിടെ എത്തില്ലായിരുന്നു. അമ്മായി വർക്കിച്ചേട്ടനോട് നന്ദി പറഞ്ഞു, ഫസലിനെ അരികെ പിടിച്ച് മൂർദ്ധാവിൽ ഉമ്മവെച്ചു. നീവേണം ഇനി ഉമ്മയെ നോക്കാൻ....

സഫിയ അമ്മായിയെയും കൂട്ടി  താൻ ജോലിചെയ്തതിൽ കിട്ടാനുള്ള പൈസ വാങ്ങാൻ കൈമൾ ചേട്ടന്റെ അടുത്തു ചെന്നു. ഇനി ഞാൻ ജോലിക്ക് വരില്ലന്ന് പറഞ്ഞ് കിട്ടാനുള്ള പൈസ വാങ്ങി നേരെ അമ്മായിയുടെ വീട്ടിലേക്ക് പോന്നു. ‘‘അമ്മായി ഞങ്ങൾ ഇവിടെ അധികം നിന്നാൽ  ഹംസക്ക ഇവിടെയും വരും അതിനു മുൻപ് ഇവിടന്ന് പോകണം‘‘. ‘‘മോൾ എത്രയും പെട്ടന്ന് നമ്മുടെ കോഴിക്കോട്ടുള്ള വലിയഇക്കാന്റെ അടുത്തേക്ക് പൊയ്ക്കോ. അവിടേക്കാണെങ്കി ഹംസയുടെ ശല്ല്യമുണ്ടാവില്ലല്ലോ. അമ്മായി സഫിയയോട് പറഞ്ഞു!‘‘

കോഴിക്കോട്ടുള്ള വലിയമ്മാവന്റെ വീട്ടിലേക്ക് എത്തേണ്ട വഴി സഫിയ അമ്മായിയോടു ചോദിച്ചു. അമ്മായി പറഞ്ഞു ‘‘സഫിയാ നീ കോഴിക്കോട് പുതിയ സ്റ്റാന്റിലെത്തി ഒരു ഓട്ടോ വിളിച്ച് മാളിയേക്കൽ ഹസ്സനാജിയുടെ വീട്ടിൽ എത്തിക്കാൻ പറഞ്ഞാൽ ഓട്ടോക്കാരൻ എത്തിച്ചുതരും. കോഴിക്കോട്ട്കാർക്ക് പ്രസിദ്ധനാണ് സഫിയാ നിന്റെ വലിയമ്മാവൻ”. അമ്മായിയുടെ കൂടെ സഫിയ മുക്കം ബസ്സ്സ്റ്റാന്റിലെത്തി. അമ്മായി അവരെ  കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറ്റി. കണ്ടക്ടറോട് കോഴിക്കോട് എത്തിയാൽ ഇവരെ ഒരു ഓട്ടോ കയറ്റി വിടാൻ പറഞ്ഞു. നല്ലവനായ കണ്ടക്ടർ അങ്ങിനെ ചെയ്യാമെന്നേറ്റു. അമ്മായി ഫസലിനെ ചേർത്ത് പിടിച്ചു. “മോനേ... ഉമ്മയെ ഞാൻ നിന്നെ ഏൽപ്പിക്കയാ, നല്ലപോലെ പഠിച്ച് നല്ലജോലിയൊക്കെ സമ്പാദിച്ച് ഉമ്മാനെ പൊന്ന് പോലെ നോക്കണം. അപ്പൊ ഉപ്പ താനെ നിങ്ങളെ അടുത്ത് വന്നോളും”. അമ്മായി ഫസലിന്റെ കയ്യിൽ കുറച്ച് പൈസയും വെച്ച് കൊടുത്തു. ബസ്സ് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പൊ സഫിയ പിരഭ്രമത്തോടെ കണ്ടക്ടറോട് ചോദിച്ചു ‘‘കോഴിക്കോട് എത്താറായോ‘‘. ‘‘ഇല്ല ഇത്താ ഇനിയും പോവാനുണ്ട് . പേടിക്കണ്ട എത്തിയാൽ പറയാം‘‘. ആദ്യമായി തനിച്ച് യാത്രചെയ്യുന്നതിലുള്ള പരിഭ്രമം സഫിയയിൽ നിഴലിച്ചിരുന്നു. ഇനി എന്താണ് റബ്ബേ തന്റെ അവസ്ഥ. അങ്ങിനെ ഓരോന്ന് ഓർത്ത് അസ്വസ്ഥതയോടെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ടക്ടർ സഫിയയെ തട്ടി വിളിച്ചു. ‘‘ഇത്താ... മോനെ ഒന്ന് മടിയിലിരുത്തു ഇവരവിടെ ഇരുന്നോട്ടെ‘‘. ഇത് വരെ സീറ്റിൽ താനും മകനും തനിച്ചായിരുന്നു. കണ്ടക്ടറുടെ വിളിയിൽ സഫിയ പതിയെ ചിന്തകളിൽ നിന്നുണർന്നു. തല ഉയർത്തി നോക്കി.

ഒറ്റനോട്ടത്തിൽ കുലീനത തോന്നിക്കുന്ന മധ്യവയസ്ക. ആടയാഭരണങ്ങൾ വേണ്ടുവോളം അണിഞ്ഞ സ്ത്രി. സഫിയ ബഹുമാനത്തോടെ ഒന്നുകൂടി ഒതുങ്ങി ഇരുന്നു കൊടുത്തു. ബസ്സിൽ തിരക്ക് വർദ്ധിച്ചുവന്നു ബസ്സ് മുമ്പോട്ട് പോയിക്കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പൊൾ  ഫസൽ ആ സ്ത്രീയെ തട്ടി പറഞ്ഞു “ചേച്ചീ ങ്ങളെ പേസ് അതാ വീണ് കിടക്കുന്നു”. പുറത്തേക്ക് നോക്കി എന്തൊ ആലോചനയിൽ ഇരുന്ന സ്ത്രീ അപ്പോഴാണ് ഫസലിനെ ശ്രദ്ധിച്ചത്. ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഓമനത്തമുള്ള മുഖം. ഇതുവരെ താനാകുട്ടിയെ ശ്രദ്ധിക്കാത്തതിലുള്ള കുറ്റബോധത്തോടെ താഴെ വീണ പേഴ്സ് എടുത്തു. സഫിയയോട് നന്ദിപറഞ്ഞു. ഈപേഴ്സ് നഷ്ടപ്പെട്ടിരുന്നെങ്കിൽ ആകെ തകർന്ന് പോയേനെ. തന്റെ വിലപ്പെട്ട രേഖകളും പൈസയും മറ്റും... വല്ലവരുടെയും കണ്ണിലാണിത് പെട്ടതെങ്കിൽ... ചിന്തിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. ആ സ്ത്രിയും സഫിയയും പെട്ടന്ന് സൗഹൃദത്തിലായി. സഫിയ തന്റെ എല്ലാ വിഷമങ്ങളും അവരോട് പറഞ്ഞു. പറയുകയല്ല തന്റെ വിഷമങ്ങൾ അൽപ്പ സമയം ഇറക്കി വെക്കാനുള്ള അത്താണിയായി സഫിയ ആ സ്ത്രീയെ കാണുകയായിരുന്നു. അവർ സഫിയയെ ആശ്വസിപ്പിച്ചു ഫസലിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു ‘‘നിങ്ങൾ ഭാഗ്യവതിയല്ലേ. ഒന്നുമില്ലേലും ദൈവം നിങ്ങൾക്ക് നല്ലൊരു മകനെ തന്നില്ലെ. ഞങ്ങൾക്ക്  ഇട്ട് മൂടാൻ സമ്പത്ത് തന്നു. പക്ഷെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ദൈവം ഞങ്ങൾക്ക് തന്നില്ല. അടർന്നുവീണ കണ്ണുനീർ തുടയ്ക്കാൻ ശ്രമിച്ചു കൊണ്ടവർ പറഞ്ഞു . മോനെ എത്ര കഷ്ടപ്പെട്ടായാലും നല്ലപോലെ വളർത്തണം. ഇവൻ വളർന്നു വലുതായാൽ നിങ്ങൾ രക്ഷപ്പെട്ടില്ലെ, അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും. അതിനടുത്തത് കോഴിക്കോട്  പുതിയ സ്റ്റാന്റാണ്. അവിടംവരയേ ഈ ബസ്സുള്ളൂ. അത്കൊണ്ട് നിങ്ങൾ പേടിക്കണ്ട. ഞാൻ കണ്ടക്ടറോട് ഒന്നൂടെ ഓർമ്മപ്പെടുത്താം. അവര് ഓട്ടോ വിളിച്ച് തന്നോളും. ദൈവം അനുഗ്രഹിക്കയാണെങ്കിൽ നമുക്ക് ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് കാണാം.‘‘

ഫസലിന്റെ കയ്യിൽ അവർ കുറച്ച് നോട്ടുകൾ വെച്ച് കൊടുത്തു. സഫിയ വേണ്ടെന്ന് പറഞ്ഞെങ്കിലും. ഇതിരിക്കട്ടെ കൂടുതലൊന്നും ഇല്ലെങ്കിലും നിങ്ങൾക്ക് ഇത് ഉപകാരപ്പെടും. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ്സ് നിറുത്തി അവർ ഇറങ്ങി. സഫിയ ഓർത്തു ഇതുവരെ തന്റെ വിഷമങ്ങളെല്ലാം താൻ സ്വയം മറന്ന് പോയിരുന്നു. നല്ലവരായ ആ സ്ത്രീയോടുള്ള സംസാരത്തിൽ ഞാൻ ഒറ്റക്കല്ല തന്റെ കൂടെ ആരെല്ലാമോ ഉണ്ടല്ലൊ എന്ന ഒരാശ്വാസം. പക്ഷെ അവര് ഇറങ്ങിയപ്പൊ എന്തൊ വല്ലാത്തൊരു ഭാരം വീണ്ടും തന്നെ പിടികൂടിയിരിക്കുന്നു...

ഫസൽ പൈസ ഉമ്മയുടെ നേരെ കാണിച്ചപ്പൊഴാണ് സഫിയ ഓർമ്മയിൽ നിന്ന് ഉണർന്നത്. പൈസ എണ്ണിനോക്കി. നൂറിന്റെ 5 പുത്തൻ നോട്ടുകൾ. ഇത് കിട്ടണമെങ്കിൽ താൻ എത്ര ദിവസം കഷ്ടപ്പെടണം. അവൾ റബ്ബിനോട് നന്ദി പറഞ്ഞു. പടച്ചവൻ തന്നെ കണ്ടറിഞ്ഞ് സഹായിക്കുകയാണല്ലൊ... പല രൂപത്തിൽ പല വേഷത്തിൽ.... എന്തിനേയും നേരിടാനുള്ള ധൈര്യം അതാണ് തനിക്ക് ഇനി വേണ്ടത്.... സഫിയ മകനെ ചേർത്തുപിടിച്ച് പുറത്തേക്കു നോക്കിയിരുന്നു. മെയിൻ റോഡിലെത്തിയ ബസ്സിന്റെ വേഗത കൂടിവരുന്നതായി അവൾക്ക് തോന്നി. ഒരു കൈയിൽ മകനേയും മറുകൈകൊണ്ട് ബസിന്റെ കമ്പിയിലും മുറുകെപിടിച്ചവളിരുന്നു.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  10 02 2019

ഷംസുദ്ധീൻ തോപ്പിൽ 03 02 2019




2 അഭിപ്രായങ്ങൾ: