20.4.19

നിഴൽവീണവഴികൾ - ഭാഗം 18



ഹമീദ് തലയിലെ കെട്ട് ഒന്നുകൂടി മുറുക്കി കെട്ടി, നെറ്റിയിലെ നിസ്ക്കാര തഴമ്പിൽ ഒന്നു തടവി... പടച്ചോനേ കാത്തുകൊള്ളണേ...

നേരം ഇരുട്ടി, ഫസൽ തനിക്ക് നാളെ സ്കൂളിൽ കൊണ്ടുപോകുന്നതിനുള്ള പുസ്തകങ്ങൾ അടുക്കിവച്ചു. താൻ 500 രൂപാ സൂക്ഷിച്ച കണക്കുപുസ്തകം ഏറ്റവും അടിയിൽ ആരും പെട്ടെന്നു കണ്ടുപിടിക്കില്ലെന്നവൻ ഉറപ്പുവരുത്തി. അകത്തുനിന്നും ഉമ്മ അത്താഴം കഴിക്കാൻ വിളിച്ചു, അവൻ എല്ലാരും എത്തുന്നതിനു മുന്നേതന്നെ ഭക്ഷണം കഴിച്ചു തിരിച്ചെത്തി.

“മോനേ ഫസലേ... അനവനെന്തിയേ“..

“അവൻ വേഗം കഴിച്ചു സ്ഥലംവിട്ടി ഇക്കാ.. നാളെ ടെസ്റ്റുപേപ്പറാണെന്നു തോന്നുന്നു. അവനെ വിളിച്ചു ശല്യപ്പെടുത്തേണ്ട. സൈനബ  പറഞ്ഞു.

ഫസൽ മുറിയിലെത്തി വീണ്ടും തന്റെ കണക്കുപുസ്തകം കൈയ്യിലെടുത്തു, പേജുകൾ ഓരോന്നായി മറിച്ചു. താൻ വച്ച 500 രൂപായുടെ നോട്ട് ഒന്നുകൂടി നോക്കണം. ജീവിതത്തിൽ ആദ്യമായി തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ തുക, ഏതു രീതിയിൽ ലഭിച്ചതായിക്കോട്ടെ... താനതൊന്നും ചിന്തിക്കുന്നില്ല. തനിക്ക് സുഹൃത്തുക്കളുമായിച്ചേർന്ന്  ഒന്ന് അടിച്ചുപൊളിക്കണം. തന്നെക്കുറിച്ചുള്ള അവുടെ എല്ലാ ധാരണകളും മാറ്റിയെടുക്കണം.

അവൻ പേജുകൾ ഓരോന്ന് മറിച്ചുകൊണ്ടിരുന്നു. ഒരു പേജിലെത്തിയപ്പോൾ ഒരു തുണ്ട് കടലാസ്സ് അവന്റെ കൈയ്യിൽ തടഞ്ഞു, അവൻ അതെടുത്തു, ആരാകും അതവിടെ വച്ചത് തന്റെ സുഹൃത്തുക്കൾവല്ലോരുമാണോ. അവനതിലെഴുതിയത് വായിച്ചു. ഫസലേ... എന്താ എന്നോട് ഇപ്പോ മിണ്ടാത്തേ... എന്നോട് പിണക്കമാണോ... ഫസല് സുന്ദരനായതുകൊണ്ടാണോ എന്നെ ഒഴിവാക്കുന്നത്... ഫസലിന്റെ ആഗ്രഹംപോലെ സിനിമയിലഭിനയിക്കാൻ സാധിക്കട്ടെ... ഈ പാവത്തെ മറക്കല്ലെ.... എന്ന് സ്വന്തം....“

ആരായിരിക്കുമത്... അവന് കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല, തന്റെ ക്ലാസ്സിൽ പഠിക്കുന്ന ഐഷ, കുസൃതിക്കുട്ടിയാണവൾ കാണാനും സുന്ദരി, നല്ല മൊഞ്ചുള്ള പെണ്ണ് പലപ്പോഴും തന്നോടു സംസാരിക്കാൻ സ്കൂൾ വരാന്തയിൽ കാത്തുനിൽക്കാറുണ്ട്. വരാത്ത ദിവസങ്ങളിൽ തന്റെ നോട്ടുപുസ്തകം വാങ്ങി എഴുതിയെടുക്കാറുണ്ട്. ടീച്ചർ ക്ലാസ്സെടുക്കുമ്പോൾപോലും തന്റെ ഭാഗത്തേക്കവൾ നോക്കുന്നത് കണ്ടിട്ടുണ്ട്. തൻരെ സുഹൃത്ത് അലവി പലപ്പോഴും പറയാറുണ്ട് “എടാ നിന്നെ ഓൾക്കൊരു നോട്ടമുണ്ട്. നിങ്ങൾ രണ്ടാളും നല്ല ചേർച്ചയാണെന്ന്. അവനതൊന്നും കാര്യമായി എടുത്തിരുന്നില്ല.

കൈയ്യക്ഷരം തനിക്ക് കാണാപ്പാഠമാണ് കാരണം പലപ്പോഴും അവളോ ഞാനോ ആയിരിക്കും ബോർഡിൽ ചോദ്യങ്ങളെഴുതിയിടുന്നത്. തന്നോടവൾക്കൊരു പ്രത്യേക സ്നേഹമുണ്ടെന്ന് പണ്ടേ അവനു തോന്നിയിരുന്നു. വലിയ നിറമില്ലെങ്കിലും കാണാൻ സുന്ദരിയായിരുന്നു, തട്ടത്തിനുള്ളിലെ തത്തമ്മ എന്നാണ് അവളെ കളിയാക്കി എല്ലാരും വിളിച്ചിരുന്നത്, നല്ല ചുവന്ന ചുണ്ടുകൾ തിളങ്ങുന്ന കണ്ണുകൾ. അവന്റെ മനസ്സിൽ അവളെക്കുറിച്ചുള്ള ചിന്തകൾ മിന്നിമറിഞ്ഞു.. നാളെ സ്കൂളിലെത്തിയാൽ അവളെ കാണണം അവൾക്കറിയാം താൻ സിനിമാ ആരാധകനാണെന്നും, മോഹൻലാലിന്റെ വിവിധ ഫോട്ടോകൾ മാഗസിനിൽ നിന്നും വെട്ടിയെടുത്തു വയ്ക്കുന്ന ശീലമുണ്ടെന്നും. കൂടാതെ കഴിഞ്ഞതവണ ഫാൻസിഡ്രസ്സിൽ മോഹൻലാലിന്റെ പുലിമുരുഗൻ എന്ന സിനിമയിലെ ഭാഗം താൻ വേഷംകെട്ടി ചെയ്തിരുന്നു അതിന് തനിക്കായിരുന്നല്ലോ ഫസ്റ്റ് കിട്ടിയത്, കൂടാതെ തങ്ങളുടെ ക്ലാസ്സിലെ നാടകത്തിനായിരുന്നു ഫസ്റ്റ്, നല്ല നടൻതാനും, ക്ലാസ്സിലെ ടീച്ചർമാരും പറയാറുണ്ട് ഫസലിന് സിനിമയിൽ അഭിനയിക്കാനുള്ള കഴിവൊക്കെയുണ്ടന്ന്.

അവളെഴുതിയതിൽ കാര്യമുണ്ട് താനിപ്പോൾ അവളോടങ്ങനെ സംസാരിക്കാറില്ല, കാരണം ക്ലാസ്സിൽ പലരും എന്റെയും അവളുടെയും പേര് പറഞ്ഞ് കളിയാക്കാറുണ്ട്. അവളാണെങ്കിൽ വലിയ കാശുകാരന്റെ മകൾ, വാപ്പയ്ക്ക് സ്വന്തമായി ബി.എം.ഡബ്ല്യു കാറുണ്ട്, അവളെ കൊണ്ടുവിടുന്നത് അതിലാണ്. അദ്ദേഹം സ്വന്തമായി ജൂവലറി നടത്തുന്നു. തനിക്ക് സ്വപ്നംകാണാനാവാത്ത ജീവിതരീതിയാണവർക്ക്. അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. ഇന്ന് വൈകുന്നേരമുണ്ടായിരുന്ന ദുഃഖങ്ങളെല്ലാം മാറിയതുപോലെ... തന്റെ കൈയ്യിലിരുന്ന പെൻസിലുപയോഗിച്ച് അവളുടെ ചിത്രം വരയ്ക്കാൻ ശ്രമിച്ചു. ഏകദേശം അവളെപ്പോലെയുണ്ട്, അല്ല അവൾതന്നെ, “തട്ടത്തിനുള്ളിലെ എന്റെ തത്ത“ എന്ന് അടിക്കുറിപ്പെഴുതി, അതിൽ കുറച്ചുനേരം നോക്കിയിരുന്നു, അവൾക്ക് കവളിലൊരു മറുകുണ്ടെങ്കിൽ നന്നായിരുന്നെന്നവനു തോന്നി, പെൻസിൽകൊണ്ട് കവിളിലൊരു മറുക് വരച്ചുചേർത്തു.. 

തനിക്ക് വരയ്ക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് സയൻസ് ക്ലാസ്സിലെ സൈമൺമാഷാണ്, അദ്ദേഹം എൻെറ കൈയ്യക്ഷരങ്ങളും വരച്ച് ഭാഗങ്ങൽ അടയാളപ്പെടുത്താനുള്ള തലച്ചോറിന്റെയും ശ്വാസകോളത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് ഒരിക്കൽ പറഞ്ഞു.

“ഫസൽ ഇങ്ങടുത്തുവരൂ...“ അടുത്തുചെന്ന തന്നോട് ബോർഡിൽ വരയ്ക്കാൻ പറഞ്ഞു കൊണ്ട് ചോക്കെടുത്ത് കൈയ്യിൽ തന്നു, താൻ വിറച്ചുവിറച്ച് അതു വാങ്ങി,,, 

“സാർ ഞാൻ....“

“നീയൊന്നും പറയണ്ട നിനക്ക് വരയ്ക്കാനറിയാം, നീയൊന്നു വരച്ചേ.“

അവൻ ബുക്കിൽ നോക്കി നല്ല ഭംഗിയായി ഹൃദയത്തിന്റെ നെടുകെയുള്ള ഛേദം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തി. സാറ് അവനെ നന്നായി പുകഴ്ത്തി, നല്ലഭാവിയുണ്ടെന്നും ഡ്രോയിംഗ് പഠിക്കണമെന്നും പറഞ്ഞു. കൂടാതെ സ്കൂളിലെ ഡ്രോയിംഗ് മാഷ് തന്നെവിളിച്ച് പ്രത്യേകം പഠിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

ആ ദിവസം പലർക്കും താൻ ബോർഡിൽ വരച്ച ചിത്രങ്ങൾ അവരുടെ ബുക്കിൽ വരച്ചുകൊടുത്തിട്ടുണ്ട്. അതിനിടയിൽ ഒരു പുസ്തകം തന്റെ നേരേനീട്ടി അവൻ മുഖമുയർത്തി നോക്കി, വിടർന്നമിഴികളോടെ തന്നെനോക്കി നിന്ന ഐഷയുടെ രൂപം ഇപ്പോഴും തന്റെ മനസ്സിലുണ്ട്. അവളുടെ ബുക്കിൽ വരച്ചുകൊടുത്തപ്പോൾ അവൾ പറഞ്ഞതും ഓർക്കുന്നു... ഫസലേ നീ ഭാഗ്യമുള്ളോനാ... നിന്റത്രേം കഴിവ് നമുക്കാർക്കുമില്ലല്ലോ... എന്റെ ഒരു പടം വരച്ചു തരുമോ....

അവൾ ചോദിച്ചത് ആരും കേൾക്കാതെയായിരുന്നു അതുകൊണ്ട് അവൻ അവളോട് പറഞ്ഞു. എന്തിനാ വരയ്ക്കുന്നേ കണ്ണാടിയിൽ നോക്കിയാൽ നിനക്ക് നിന്റെ രൂപം കാണാലോ എന്ന്. 

താൻ വരച്ചുവച്ചഅവളുടെ പടം 500 രൂപയ്ക്കൊപ്പം വച്ചു. രണ്ടും തനിക്കിന്ന് വളരെ മൂല്യമുള്ള വസ്തുക്കൾ നാളെ അവൾക്കിത് കൊടുക്കണം. അവളുടെ മനോഹരമായ വീട് താൻ പലപ്പോഴും ബസ്സ് യാത്രയ്ക്കിടയിൽ കാണാറുണ്ട്. സിനിമയിൽ കാണുന്നതുപോലെയുള്ള വീട്. പൂന്തോട്ടവും, പക്ഷിക്കൂടുകളും, ബാഡ്മിന്റൺ കോർട്ടുമെല്ലാം വീടിനു മുന്നിൽത്തന്നെയുണ്ട്. പുൽത്തകിടി കണ്ടാൽ കിടന്നുറങ്ങാൻ തോന്നു. അതിനകത്ത് കയറാനും കൊതിച്ചിട്ടുണ്ട്, അവളോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

“അതിനെന്താ എന്നോടൊപ്പം പോന്നോളൂ... വീട്ടിൽ എല്ലായിടവും കൊണ്ട് കാണിക്കാം.“ അത് പറയുമ്പോൾ അവളുടെ മുഖത്ത് നാണംവരുന്നത് കണ്ടിട്ടുണ്ട്.

അവൻ പുസ്തകം കയ്യിൽവച്ച് അറിയാതെ ഉറങ്ങിപ്പോയി... രാവിലെ നേരത്തെ എഴുന്നേറ്റു തന്റെ അടുത്തുണ്ടായിരുന്ന പുസ്തകം കാണുന്നില്ല. അവൻ ചാടിയെഴുന്നേറ്റ് മേശപ്പുറത്തു നോക്കി.. ഓ സമാധാനം അവിടുണ്ട്, പെട്ടെന്ന് പേജുകൾ മറിച്ചുനോക്കി, ഇല്ല ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവൻ കുളിച്ച് രാവിലെ കാപ്പിയും കുടിച്ച് എന്നത്തേക്കാൾ നേരത്തേ വീട്ടിൽനിന്നും ഇറങ്ങി, അവന് മുമ്പെങ്ങുമില്ലാത്ത ഉത്സാഹം മുഖത്ത് പൗഡർ ഇട്ട് മുടി നന്നായി ചീകിയൊതുക്കിയിരുന്നു. 

ഹമീദ് ചോദിച്ചു “നീയെന്താ നേരത്തേ പോകുന്നത്. 

അവൻപറഞ്ഞു.

“ഇന്ന് കണക്ക് ടെസ്റ്റ്പേപ്പറുണ്ട് ഉപ്പാ.“

ഹമീദ് ചിന്തിച്ചു ശരിയായിരിക്കാം അവൻ ഇന്നലെ കണക്ക് പുസ്തകം കെട്ടിപ്പിടിച്ചല്ലേ ഉറങ്ങിയത് താനാണല്ലോ അതവിടെനിന്നും എടുത്തു മാറ്റിവച്ചത്.

അവൻ സ്കൂളിലെയ്ക്കുള്ള ബസ്സിൽ കയറി. ബസ്സ് പോകുന്നത് ഐഷയുടെ വീട്ടിനടുത്തുകൂടിയാണ്, അവളുടെ വീടിനടുത്തെത്തിയപ്പോൾ വീട്ടിലേയ്ക്ക് നോക്കി, അവിടെ എന്തോ വിശേഷമുണ്ടെന്നു തോന്നുന്നു, മിനി ബസ്സുകളും മറ്റും അവിടെ കിടക്കുന്നു, ബസ്സിൽ അവിടിറങ്ങാനും കയറാനും ആരുമില്ലാതിരുന്നതിനാൽ നിർത്താതെ വേഗത്തിൽപോയി. ആയതിനാൽ നേരാവണ്ണം ഒന്നും കാണാനായില്ല. നേരേ സ്കൂളിലേയ്ക്ക്, തന്റെ ക്ലാസ്സിന്റെ ജനലിനരുകിൽ അക്ഷമായി ഐഷ അവൻ  അകത്തേയ്ക്ക് വേഗം കയറി. അവളുടെ അടുത്തെത്തി താൻ വരച്ച ഫോട്ടോ അവൾക്ക് കൊടുത്തു എന്നിട്ടു പറഞ്ഞു.

“ഞാൻ ഐഷുവിനോട് പിണങ്ങിയിട്ടൊന്നുമില്ല... ഇതാ തന്റെ പടം ഞാൻ വരച്ചതാ....“

അവൾ അത്ഭുതത്തോടെ അവനെ നോക്കി... കുട്ടികൾ ഓരോരുത്തരായി ക്ലാസ്സിലേയ്ക്ക് വന്നുതുടങ്ങിയിരുന്നു. അവൾ അവനെനോക്കി പുഞ്ചിരിതൂകി. അതിൽ എന്തൊക്കെയോ അർത്ഥമുള്ളതായി അവനു തോന്നി.

“ചിത്രം നന്നായിരിക്കുന്നു. എന്നെപ്പോലുണ്ട്., എന്തിനാ ഈ മറുക് ഇവിടെ വരച്ചുചേർത്തേ. ഇവിടൊരു മറുകുവന്നാൽ എന്നെക്കാണാൻ നന്നാകുമോ..“ അതു പറഞ്ഞവൾ അടുത്തിരുന്ന കൂട്ടുകാരിയുടെ  നെറ്റിയിൽ ഒട്ടിച്ചിരുന്ന ചെറിയ കറുത്ത പൊട്ടെടുത്ത് കവിളി‍ൽ ഒട്ടിച്ചു. എന്നിട്ടു ചോദിച്ചു

“ഇപ്പോ എങ്ങനുണ്ട്.“

അവൻ പറഞ്ഞു. “കൊള്ളാം“

ക്ലാസ്സിൽ മറ്റു കുട്ടികൾ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അവൻ അവിടെനിന്നും തന്റെ ഇരിപ്പിടത്തിലേയ്ക്ക് പോയി.

“അവൻ ആഗ്യത്തിൽ അവളോട് ചോദിച്ചു എന്താ നിങ്ങളുടെ വീട്ടിൽ വിശേഷമെന്ന്. അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു വീട്ടിൽ സിനിമാ ഷൂട്ടിംഗ് നടക്കുന്നെന്ന്. അവന് ജിഞ്ജാസ കൂടി അവളുടെ ബഞ്ചിന്റെ അറ്റത്തേയ്ക്ക് വന്നിരുന്നു. ഏത് സിനിമയാ ലാലേട്ടന്റെയാ... 

അല്ലെന്നേ കുട്ടികളുടേതാ... നായകനാരെന്നറിയില്ല... വാപ്പയുടെ സുഹൃത്താ സംവിധായകൻ, കഴിഞ്ഞയാഴ്ച വീട്ടിൽവന്ന് വീട്ടിലെ പൂന്തോട്ടത്തിൽ ഷൂട്ട് ചെയ്യണെമെന്നു പറഞ്ഞു. വാപ്പ സമ്മതിച്ചു. 

അവൻ ആഹ്ലാദത്തോടെ ചോദിച്ചു, 

“നിന്റെ വാപ്പയോട് എന്നെക്കൂടി അഭിനയിപ്പിക്കാൻ പറയാമോ.

അവൾ പറഞ്ഞു.

“ഞാൻ പറഞ്ഞുനോക്കാം... എനിക്കറിയില്ല നിന്നെ എടുക്കുമോയെന്ന്... നിനക്ക് അവിടെവന്ന കുട്ടികളേക്കാൾ സൗന്ദര്യം കൂടുതലാ അതുകൊണ്ട് എടുക്കാനുള്ള സാധ്യത കുറവാ...“

“അതെന്താ“

“ഇത് ഭിക്ഷയാചിച്ച് ജീവിക്കുന്ന കുട്ടികളുടെ കഥയാണെന്നാ വാപ്പ പറഞ്ഞേ, ഒരു കുട്ടി കണ്ണുപൊട്ടനായും മറ്റുപലരും വൈകല്യമുള്ളവരായുമൊക്കെയാണ് അഭിനയിക്കുന്നത്.. നിനക്ക് അഭിനയിക്കണോ ഫസലേ...“

“വേണം ഐഷൂ... എന്റെ പൊന്നല്ലേ.. നീയൊന്നു പറയ് വാപ്പയോട്....“

അപ്പോഴേയ്ക്കും ക്ലാസ്സ്ടീച്ചർ എത്തിക്കഴിഞ്ഞിരുന്നു. 

“ഫസലെന്താ ഇവിടെ... നിന്റെ സീറ്റിവിടല്ലല്ലോ.... “

അവൻ ഒന്നു ചമ്മി വേഗം തന്റെ സീറ്റിലേക്കോടി. അന്നത്തെ ദിവസംമൊത്തം സിനിമയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. തനിക്ക് ഒരവസരം ലഭിച്ചിരുന്നെങ്കിൽ. തനിക്കും നന്നായി അഭിനയിക്കാനറിയാമെന്നാണ് സ്കൂളിലെ ഹേഡ്മാസ്റ്റർ തനിക്ക് സമ്മാനം തന്നുകൊണ്ട് പ്രസംഗിച്ചത്. സിനിമയിൽ ബാലതാരമായി ഒരവസരം ലഭിച്ചാൽ ഞാൻ രക്ഷപ്പെടും. 

ഉച്ചബെല്ലിന് അവൻ തന്റെ പ്രിയസുഹൃത്തുക്കൾക്കൊപ്പം ക്യാന്റീനിലെത്തി, അവർക്ക് ഐസ്ക്രീമും മറ്റും വാങ്ങിനൽകി.. എല്ലാരും അവനെ വാനോളം പുകഴ്ത്തി. ഒരു ഐസ്ക്രീം ആരും കാണാതെ അവൻ ഐഷയ്ക്കായി കരുതിയിരുന്നു.. ക്ലാസ്സിൽ മറ്റു കുട്ടികളെത്തുന്നതിനുമുന്നേ അവനെത്തി അതവൾക്ക് സമ്മാനിച്ചു. സ്നേഹപൂർവ്വം അവളതുവാങ്ങി. എന്നിട്ടു ചോദിച്ചു.

“ഫസലേ ഇത് സിനിമയിൽ അഭിനിപ്പിക്കാനുള്ള കൈകൂലിയാണോ.“

“ഇല്ലെടി മണ്ടീ... അതു ഞാൻ വേറേ തരാം. അതു നീ വേണ്ടെന്ന് പറയരുത്.“

“പോടാ കൊരങ്ങാ....“ അവളവനെ കളിയാക്കി വിളിച്ചു.

സ്കൂൾവിട്ട് കൂട്ടുകാരുമായി ജംഗ്ഷനിലെ കടയിലെത്തി. അവർക്കെല്ലാം ഓരോ ചോക്ലേറ്റ് വാങ്ങി നൽകി. തന്റെ കൈയ്യിൽ 500 രൂപയിൽ ഇനിയും ബാക്കിയുണ്ട് . എല്ലാം ചിലവാക്കണ്ട കൈയ്യിൽ കരുതാം. തന്റെ കണക്കുപുസ്തകത്തിൽ തന്നെ ബാക്കിയവൻ സൂക്ഷിച്ചു. ഉറ്റ സുഹൃത്തായ അലവിയോട് തന്റെ മനസ്സിലുള്ള സിനിമാമോഹം തുറന്നു പറഞ്ഞു. അലവി അവനോട് പറഞ്ഞു

“നിന്റെ വാപ്പാ ഗൾഫിലല്ലേ.. അദ്ദേഹത്തോടു പറഞ്ഞാൽ ഒരു സിനിമ എടുക്കൂല്ലേ എന്ന്...“

അവന്റെ മനസ്സിൽ ഒരു വെള്ളിടിവെട്ടി.. ശരിയാണ് താൻ ഇവരോട് പറഞ്ഞിരിക്കുന്നത് തന്റെ വാപ്പ ഗൾഫിലാണെന്നാണ്. താൻ ഇന്ന് ചിലവ് നടത്തിയതും വാപ്പായുടെ പൈസാകൊണ്ടെന്നാണ്... 

അവനൊന്നും മിണ്ടിയില്ല. സ്കൂൾവിട്ടുള്ള യാത്രയിൽ ബസ്സിൽ ഇരുന്ന് അവൻ ചിന്തിക്കുകയായിരുന്നു... താനൊരു സിനിമാനടനായാൽ തന്റെകൂടെ ഉമ്മയ്ക്കും വരാല്ലോ... അങ്ങനെയെങ്കിൽ തങ്ങളുടെ കഷ്ടപ്പാടൊക്കെ മാറില്ലേ... അവൻ ചിന്തകളിൽ നിന്നുണർന്നത് തനിക്കിറങ്ങേണ്ട  ബസ്റ്റോപ്പെത്തിയപ്പോൾ അലവി വിളിച്ചതുകൊണ്ടാണ്. അലവിയ്ക്ക് ഇറങ്ങേണ്ട സ്റ്റോപ്പെത്താൻ ഇനിയും നാലഞ്ചു സ്റ്റോപ്പു കഴിയണം.

അന്നു രാത്രി അവന്റെ മനസ്സുനിറയെ സിനിമാ സ്വപ്നങ്ങളായിരുന്നു. പിറ്റേദിവസവും നേരത്തേ അവൻ വീട്ടിൽനിന്നിറങ്ങി. ഐഷയുടെ വീട്ടിലെത്തിയപ്പോൾ അങ്ങോട്ടേക്ക് നോക്കി... അവിടെ ഗേറ്റ് അടഞ്ഞു കിടക്കുന്നു. ആരുമില്ല... ചിലപ്പോൾ സിനിമ തീർന്നുകാണും. അവന്റെ മനസ്സിൽ നിരാശ നിറഞ്ഞു. അവൻ സ്കൂളിന്റെ വാതിൽക്കലെത്തി. ആശ്ചര്യത്തോടെ അവൻ അകത്തേയ്ക്ക് നോക്കി ഇന്നലെ ഐഷയുടെ വീട്ടിൽകണ്ട അതേ മിനിബസ്സും സിനിമാക്കാരും സ്കൂളിൽ നിൽക്കുന്നു. അവൻ അതുഭുത്തോടെ ഓരോന്നും നോക്കി നോക്കി അകത്തേയ്ക്ക പോയി.. നാട്ടുകാരും അവിടെ കൂടിയിട്ടുണ്ട്. അലവി പറഞ്ഞാണ് അവൻ അറിഞ്ഞത് ഇന്ന് സ്കൂളിൽ ഷൂട്ടിങ്ങാണെന്ന്. ടീച്ചർമാരും നേരത്തെ എത്തിയിരിക്കുന്നു. അവൻ അത്ഭുതത്തോടെ അവിടെല്ലാം ചുറ്റിക്കറങ്ങിനോക്കി... ഐഷുവിന്റെ കാർ ഒരല്പം സൈഡ്മാറ്റി ഇട്ടിരിക്കുന്നു. അവൻ കാറിനടുത്തേയ്ക്ക് നടന്നു.

പെട്ടെന്ന് കാറിന്റെ ഗ്ലാസ്സ് തുറന്ന ഐഷ ഫസലിനെ കൈയ്യാട്ടി വിളിച്ചു. കാറിനടുത്തെത്തിയപ്പോൾ നീണ്ട താടിവളർത്തിയ ഒരാൾ കാറിൽനിന്നിറങ്ങി.. ഐഷു പറഞ്ഞു അങ്കിൾ ഇതാണ് ഫസൽ ഇവൻ നന്നായി അഭിനയിക്കും. 

അവൾ പറഞ്ഞത് ഈ സിനിമയുടെ ഡറക്ടറായ തോമസ്സ് പറമ്പിലിനോടായിരുന്നു. അനവധി അവർഡുകൾ ലഭിച്ച സിനിമകളുടെ ഡയറക്ടറാണ്. അവന് അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ മനസ്സിലായി. അദ്ദേഹം കൈയ്യാട്ടി അടുത്തു വിളിച്ചു. അടുത്തു ചെന്ന അവനോടു അദ്ദേഹം ചോദിച്ചു. 

“നിനക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ.“

അവൻ ഒരു നിമിഷം നിശ്ശബ്ദനായി നിന്നു... എന്തു പറയണമെന്നറിയില്ല. ഇത് സ്വപ്നമാണോ... അവൻ ഐഷുവിനെ നോക്കി. അവൾ അവനെനോക്കി പുഞ്ചിരിച്ചു. അവളുടെ തൊട്ടടുത്തായി അവളുടെ വാപ്പയുമിരിക്കുന്നു. അദ്ദേഹം സമ്മതമെന്നുപറയാൻ ആംഗ്യം കാണിച്ചു.

അവൻ ഏറെ ജിഞ്ജാസയോടെയും, അത്ഭുതത്തോടെയും പറഞ്ഞു.... 

“വേണം എനിക്കു സിനിമയിൽ അഭിനയിക്കണം, കുട്ടിക്കാലംമുതലുള്ള ആഗ്രഹാ...“

അവനറിയാതെ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കാൽതൊട്ടു വന്ദിച്ചു. അവനെ പതുക്കെ പിടിച്ചെഴുന്നേൽപ്പിച്ചു.... എന്നിട്ട് അവന്റെ തലമുടി ഒരല്പം അലക്ഷ്യമാക്കി ചീകി.. അവന്റെ മുഖത്തെ വിവിധ ഭാവങ്ങൾ നോക്കി... സംതൃപ്തിയോടെ അദ്ദേഹം തിരഞ്ഞ് ഐഷുവിന്റെ വാപ്പയോട് പറഞ്ഞു. 

“ഷംസുക്കാ ങ്ങളെ  മോള് പറഞ്ഞതു  ശരിയാ ഇവൻ ഒക്കെയാ... എന്റെ കഥാപാത്രത്തിനു യോജിച്ച രൂപം... പക്ഷേ അന്ധനായി അഭിനയിക്കേണ്ടിവരും.“

“അവൻ പറഞ്ഞു ഞാൻ അഭിനയിക്കാം അങ്കിൾ. ഞാൻ നാടകത്തിൽ അന്ധനായി അഭിനയിച്ചിട്ടുണ്ട്.“

അവന്റെ ഉത്സാഹം ഡയറക്ടർക്ക് വളരെ ഇഷ്ടപ്പെട്ടു. 

ഡയറക്ടർ ഐഷുവിന്റെ  വാപ്പയെ വിളിച്ചു. 

“ഷംസൂക്കാ നമുക്കൊന്ന് ഹെഡ്മാസ്റ്ററുമായി സംസാരിക്കാം. ഇവന്റെ വീട്ടീന്ന് അനുവാദം വാങ്ങണ്ടെ...“

ഫസൽ  പറഞ്ഞു “വീട്ടിലാരുമില്ല, വാപ്പ ഗൾഫിലാ. അമ്മ ജോലിസ്ഥലത്താ, വലിയുപ്പ മാത്രമേയുള്ളൂ. ഉപ്പയ്ക്കിഷ്ടാ അഭിനയിക്കുന്നത്.“

അവർ രണ്ടുപേരും ഹെഡ്മാസ്റ്റരുടെ ഓഫീസിലേയ്ക്ക് പോയി. ഐഷു അവനെ അടുത്തുവിളിച്ചു. നിന്റെ ആഗ്രഹം ഞാൻ വാപ്പയോട് പറഞ്ഞു. അപ്പോഴാ അറിഞ്ഞത് ഇന്നുമുതൽ 3 ദിവസം ഷൂട്ടിംഗ് ഇവിടെവച്ചാണെന്ന്. ഒരു സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അവൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. എന്റെ ഐഷൂ... ഞാൻ മറക്കില്ലെടി നിന്നെ എന്നുപറഞ്ഞ് അവൻ അവളുടെ കൈയ്യിൽ തഴുകി. 

“മാറ് ഫസലേ ആരേലും കാണും“ എന്നു പറഞ്ഞ് അവന്റെ കൈപിടിച്ചു മാറ്റി.

അല്പം സമയം കഴിഞ്ഞപ്പോൾ ഹെഡ്മാസ്റ്റരുടെ റൂമിൽനിന്ന് ഫസലിനെ ആളുവിട്ടു വിളിപ്പിച്ചു. ചെന്നയുടനെ ഹെഡ്മാസ്റ്റർ അവനോട് പറഞ്ഞു.

“ഫസലേ നിന്റെ കഴിവിനും ആഗ്രഹത്തിനുമനുസ്സരിച്ചുള്ള അവസരമാണ് നിനക്ക് വന്നുചേർന്നിരിക്കുന്നത്. സ്കൂളിൽനിന്നുള്ള അനുവാദം ഞാൻ നൽകിയിട്ടുണ്ട്. കൂടുതൽ ദിവസം വേണ്ടിവരില്ല, ഈ ചുറ്റുപാടുകളിൽ തന്നെയാണ് ഷൂട്ടിംഗ് അതുകൊണ്ട് പേടിക്കേണ്ട... ഹമീദിനോട് ഞാനെല്ലാം പറഞ്ഞോള്ളാം.. നീ ഇവരുടെ കൂടെച്ചെല്ല്.“

അവൻ തലകുലുക്കി. അവരോടൊപ്പം പോയി... മേക്കപ്പ്മാനെ അടുത്തുവിളിച്ച് ഡറക്ടർ എന്തൊക്കയോ നിർദ്ദേശം കൊടുത്തു. അദ്ദേഹം ഫസലിനെയും  കൊണ്ട് മേക്കപ്പ് റൂമിലേയ്ക്ക് പോയി... തന്റെ സഹപാഠികൾ അത്ഭുതം കാണുന്നതുപോലെ തന്നെ നോക്കിനിൽക്കുന്നു. അലവി തന്നെ കണ്ടുടനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... 

“നമ്മുടെ ഫസലിനെ സിനിമയിലെടുത്തേ“യെന്ന്... എല്ലാരും കൈകൊട്ടി ആഹ്ലാദം പ്രകടിപ്പിച്ചു... ഇത് കണ്ട മേക്കപ്പ്മാൻ ചോദിച്ചു.

“നീ ഈ സ്കൂളിലെ താരമാണല്ലേ.“ അതുകേട്ട് അവൻ തലകുലുക്കി.

മേക്കപ്പമാൻ അവന്റെ മുടി പറ്റെവെട്ടി. കണ്ണിനു ചുറ്റും കറുപ്പടിച്ചു. തന്റെ വേഷം മാറ്റി കീറിയ നിക്കറും ഉടുപ്പും ധരിക്കാൻ പറഞ്ഞു. അവൻ പറഞ്ഞതുപോലൊക്കെ ചെയ്തു. എല്ലാം കഴ്ഞ്ഞപ്പോൾ എഴുന്നേൽക്കാൻ പറഞ്ഞു. അവൻ കണ്ണാടിയിൽ നോക്കി, തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തന്റെ രൂപം തന്നെ മാറിയിരിക്കുന്നു. അവനെ ഡയറക്ടറുടെ റൂമിലേയ്ക്ക് കൊണ്ടുപോയി.. ഫസലിനെ  കഥാപാത്രമായി കണ്ടപ്പോൾ തൃപ്തിയായി... കൊള്ളാം എന്റെ കഥയിലെ നായകന്റെ അതേ രൂപം... അപ്പോഴാണ് അവന് മനസ്സിലായത് അവനാണ് ഈ സിനിമയിൽ നായകവേഷം ചെയ്യുന്നതെന്ന്. ഫസലിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. 

താൻ ജീവിതത്തിൽ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നു. ആദ്യമായി ക്യാമറ കാണുന്നു... ആദ്യമായി ഒരു ഡയറക്ടറെ കാണുന്നു. താനും ഒരു സിനിമാക്കാരനാകാൻ പോകുന്നു. 

ഡയറക്ടർ അവനോട് കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചില സുചനകൾ നൽകി. വലിയ കുടുംബത്തിൽ പിറന്ന ഒരു കുട്ടിയായിട്ടാണ് അഭിനയിക്കേണ്ടത്. നിർഭാഗ്യവശാൽ 3 വയ്സ്സുള്ളപ്പോൾ ഒരപകടത്തിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെടുന്നു കൂടാതെ തന്റെ കാഴ്ചശക്തിയും ഇല്ലാതാകുന്നു. ഇതിനിടെ കുടുംബക്കാർ സ്വത്ത് കൈക്കലാക്കുകയും തന്നെ തെരുവിൽ ഉപേക്ഷിക്കുകയും ചെയ്തു. തെരുവിൽ ഭിക്ഷയാചിച്ചു നടക്കുന്ന ഒരു മനുഷ്യൻ തന്റെ സംരക്ഷണം ഏറ്റെടുത്തു. അദ്ദേഹത്തോടൊപ്പം വേറെയും കുട്ടികളുണ്ടായിരുന്നു. തന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് മിണ്ടാൻ പാടില്ലെന്ന നിബന്ധന ഭിക്ഷക്കാരനുണ്ടായിരുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും മറ്റുമായിരുന്നു കഥയുടെ ഇതിവൃത്തം.... ഫസൽ സംശയരൂപേണ ഡയറക്ടറോടു ചോദിച്ചു. 

“എനിക്ക് കാഴ്ച തിരിച്ചുകിട്ടുമോ അങ്കിൾ“ എന്ന്... 

“അദ്ദേഹം പറഞ്ഞു. അതെല്ലാം വഴിയേ പറയാം. ഇപ്പോൾ അതൊന്നും അറിയേണ്ടടാ മോനെയെന്ന്.“

ഡയറക്ടർ അവനെ അടുത്തു വിളിച്ചു. എന്നിട്ട് അവന്റെ കവിളിൽ നുള്ളിയിട്ടു പറഞ്ഞു. 

“നിന്നെപ്പോലൊരു കഥാപാത്രത്തെയാണ് ഞാൻ തേടിനടന്നത്. വർഷങ്ങളായി ഈ കഥ എന്റെ മനസ്സിലുണ്ടായിരുന്നു നിന്നെ ഇപ്പോൾ കണ്ടത് നന്നായി. മറ്റൊരാളിനുവേണ്ടി കരുതിയ വേഷമാണിത്. ആ കുട്ടിക്ക് വേറൊരു വേഷം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. മോനൊരു കാര്യംചെയ്യ് ഇന്ന് ഷൂട്ടിംഗ് 3 മണിവരേയേയുള്ളൂ... നീയൊന്നും പേടിക്കേണ്ട എല്ലാം ഞങ്ങൾ പറഞ്ഞുതരാം... വൈകിട്ട് വീട്ടിൽപോയി ഫ്രഷായി ഉപ്പയേയും രണ്ടുമൂന്നുദിവസത്തേക്കുള്ള ഡ്രസ്സുമായി ഞങ്ങൾ താമസ്സിക്കുന്ന ഹോട്ടലിലേയ്ക്ക് വാ... അവിടെയാണ് സിനിമാക്കാരെല്ലാരും. മൂന്നു ദിവസത്തേക്ക് സ്കൂളിൽ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ട്.“

അവൻ തലകുലുക്കി സമ്മതിച്ചു. 

അസ്സോസിയേറ്റ് എഡിറ്റർ അകത്തുവന്ന് സെറ്റ് റഡിയാണെന്ന് അറിയിച്ചു. അദ്ദേഹം അവനേയുംകൊണ്ട് പുറത്തിങ്ങി. സ്കൂളിന്റെ ഗ്രൗണ്ടിൽ ഒരു ചെറ്റക്കുടിൽ ഉണ്ടാക്കിയിരിക്കുന്നു. അതിനു സമീപമായി ടയറുകളും തകരപാത്രങ്ങളം അലക്ഷ്യമായി ഇട്ടിരിക്കുന്നു. ഉമ്മറത്തായി താടി നീട്ടിവളർത്തിയ ഒരു പ്രായംചെന്ന മനുഷ്യൻ ഇരിക്കുന്നു. ഡയറക്ടർ അവനോട് പറഞ്ഞു. 

“ആ കാണുന്ന മനുഷ്യനാണ് നിന്നെ വളർത്തുന്നത്. അപ്പുറം നിൽക്കുന്നവരും ഇവിടുത്തെ അന്തേവാസികളാണ്. നിന്നെ അടുത്ത് വിളിച്ച് ക്രൂരമായി മർദ്ദിക്കുന്നതാണ് ആദ്യ സീൻ.“

ആദ്യം അവനൊന്ന് അമ്പരന്നു. ചുറ്റുമുള്ളതൊന്നും അവൻ ശ്രദ്ധിച്ചതേയില്ല, അവൻ പൂർണ്ണമായും കഥാപാത്രമായി മാറുകയായിരുന്നു. ആദ്യത്തെ അടിയിൽ തന്നെ അവൻ താഴെവീഴുന്നതായും അവിടെനിന്ന് തപ്പിടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്നതും വീണ്ടും തന്നെ തലങ്ങും വിലങ്ങും മർദ്ധിക്കുന്നതും അവൻ നന്നായി അഭിനയിച്ചു. ഡയറക്ടർ കട്ട് പറഞ്ഞ് ഓടി അവനടുത്തെത്തി പറഞ്ഞു.

“ഫസലേ നീ നന്നായി അഭിനയിച്ചു. ഗുഡ്, നീ എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു, ആദ്യ ഷോട്ടിൽ തന്നെ നിന്നിൽ നല്ലൊരു അഭിനേതാവ് ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നു.“

അവൻ ചുറ്റും നോക്കി, എല്ലാരും ആഹ്ളാദത്തോടെ കൈയ്യടിക്കുന്നു. തന്റെ അഭിനയം എല്ലാർക്കും ഇഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ കണ്ണുകൾ ആർക്കോ വേണ്ടി പരതുന്നുണ്ടായിരുന്നു. അവസാനം അവൻ കണ്ടെത്തി, താൽക്കാലികമായി ഉണ്ടാക്കിയ വേലിക്കെട്ടിനപ്പുറത്ത് നിറകണ്ണുകളോടെ തന്നെനോക്കി കൈയ്യടിക്കുന്ന ഐഷ. അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഓടി അവളുടെ അടുത്തെത്തി നന്ദിപറയണമെന്നുണ്ടായിരുന്നു.. വേണ്ട ആളുകൾ വെറുതേ തെറ്റിദ്ധരിക്കും. മേക്കപ്പ്മാൻ അവനേയും കൊണ്ട് അകത്തേയ്ക്ക് പോയി. അടുത്തസീൻ അവന്റെ ശരീരത്തിലേറ്റ മുറിവിന്റെ പാടുകളുടെ ചിത്രീകരണമാണെന്ന് മേക്കപ്പ്മാൻ പറഞ്ഞു. 

ഫസലിന്റെ ശരീരത്തിൽ ബ്രഷും ചായവും കൊണ്ട് പലവിധ അടയാളങ്ങൾ ഉണ്ടാക്കുകയാണ് മേക്കപ്പ്മാൻ.
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 04 2019
ഷംസുദ്ധീൻ തോപ്പിൽ 21 04 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ