1.2.20

നിഴൽവീണവഴികൾ - ഭാഗം - 59



എല്ലാം നഷ്ടപ്പെട്ടവന് അതും ഒരു നഷ്ടമായി തോന്നിയില്ല.. ഒരുവർഷത്തോളം ക്യാമ്പിൽ കഴിച്ചുകൂട്ടി.. നാട്ടിലേയ്ക്ക് തിരിച്ചു പോരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവിടെ ആരുമില്ലെന്നുള്ള സത്യം... വീടൊക്കെ ആരൊക്കെയോ കൈക്കലാക്കി. ജീവിതയാത്രയിൽ വിവാഹം കഴിക്കാനും താൻ മറന്നുപോയിരുന്നു. അല്ലെങ്കിലും സ്ഥിരവരുമാനമില്ലാത്ത തനിക്കാര് പെണ്ണിനെത്തരാൻ...

ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം ആഗ്രഹിച്ചു. ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. ഗൾഫിലേയ്ക്ക് അവസരം കിട്ടിയപ്പോൾ ഒന്നും ആലോചിച്ചില്ല. ആരോടും യാത്ര പറയാനില്ലായിരുന്നു, നേരേ സൗദി അറേബ്യയിലേയ്ക്ക്.. പല ജോലികളും നോക്കി. മരുഭൂമിയിലെ ചൂടും തണുപ്പും അതിജീവിച്ചു... പടപൊരുതി... കാരുണ്യമുള്ള ഒര അറബി വീട്ടുവേലയ്ക്കായി അവനെ കൊണ്ടുപോയി.. അവിടെ നിന്നും ഡ്രൈവിംഗ് പഠിച്ചു.. അദ്ദേഹത്തോടൊപ്പം 4 വർഷങ്ങൾ.. ആകസ്മികമായി അദ്ദേഹത്തിന്റെ മരണം.. തുടർന്ന് പുറത്തുപോയി ജോലിചെയ്യേണ്ട അവസ്ഥ വന്നു. പല സ്പോൺസർമാരുടെയടുത്തും ജോലി ചെയ്തു. ഇപ്പോൾ ഉണ്ടായിരുന്ന ജോലിയിൽ നിന്നും മാറണമെന്ന ആഗ്രഹം.. അതാണ് എന്നെ ഇവിടെ എത്തിച്ചത്. 

അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കാണാമായിരുന്നു. തന്റെ സഹൃത്ത് ഇന്ന് ആർക്കും സ്വപ്നംപോലും കാണാനാവാത്തവിധത്തിലുള്ള ഉയരത്തിലെത്തിയിരിക്കുന്നു. അഭിമാനം തോന്നുന്നു അവനെയോർത്ത്. മനസ്സിലെ ഭാരം ഇറക്കിവച്ചപ്പോൾ അഭിമന്യുവിന് ഒരു ആശ്വാസം... റഷീദ് തോളിൽ തട്ടി ആശ്വസിപ്പിച്ചു. 

“അഭീ.. നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. നിനക്കിപ്പോൾ ആരുമില്ലായെന്നുള്ള തോന്നൽ വേണ്ട.. ഞാനുണ്ട്...“ വികാരനിർഭരമായ നിമിഷങ്ങളായിരുന്നവിടെ... മനസ്സിൽ ഏകനാണെന്ന തോന്നൽ അഭിമന്യുവിന് ഇല്ലാതാകുന്നതുപോലെ തോന്നി.. തന്നെ പൂർണ്ണമായും മനസ്സിലാക്കിയവനായിരുന്നു റഷീദ്. പലപ്പോഴും തിരികെവരണമെന്നു ചിന്തിച്ചുവെങ്കിലും പല കാരണങ്ങളാലും വേണ്ടെന്നുവച്ചു.. അതും തന്റെ ജീവിത്തിൽ ഒരു നഷ്ടമായിരിക്കാം. എല്ലാം വിധി.. എന്നല്ലാതെ എന്തുകരുതി സമാധാനിക്കാൻ. 

അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു... അനേകനാളിനു ശേഷം കഴിച്ച ഭക്ഷണത്തിന് രുചിയുണ്ടെന്നു തോന്നിയ ദിവസമായിരുന്നു.. 

റഷീദിന്റെ ബേക്കറിയിൽ നിന്നും 24 കിലോമീറ്റർ ദൂരത്തിലായിരുന്നു അഭിമന്യുവിന്റെ വീട്... ഹിന്ദിക്കാർ ധാരാളമായി താമസിച്ചിരുന്ന സ്ഥലം.. അവിടെ ആരുമറിയാതെ മലയാളം കഴിവതും സംസാരിക്കാതെ ഒരു ഉത്തരേന്ത്യക്കാരനായി കഴിഞ്ഞുവരികയായിരുന്നു അഭിമന്യു. വിസ കഴിയാൻ ഇനി രണ്ടുമാസങ്ങൾ മാത്രം. ഗുജറാത്തിൽ നിന്നും വന്നിട്ടിതുവരെ തിരികെപോയിട്ടില്ല.. എവിടെ പോകാനാണ്.. ആരുണ്ടവിടെ.. അവിടെ തന്നെ കാത്തിരിക്കാനും തനിക്ക് കാണാനുമായി ആരുമില്ലല്ലോ.. അതിനാൽ അങ്ങോട്ടു പോയിട്ടുമില്ല. 

റഷീദ് ഭക്ഷണത്തിനു ശേഷം അഭിമന്യുവിനെയും വിളിച്ച് ബേക്കറിപലഹാര നിർമാണ യൂണിറ്റിലേക്ക് കയറി.. അവിടെ ജീവനക്കാർപലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നത് കാണാമായിരുന്നു. എല്ലാം വളരെ ഹൈജീനിക്കായ അന്തരീക്ഷത്തിൽ... അത്യാധുനികമായ മെഷീനറികൾ... ബ്രഡ്ഡും മറ്റും സ്ലൈസ് ചെയ്യ്ത് പായ്ക് ചെയ്തു വരുന്നു. ഒരിടത്ത്  കലാപരമായി കേക്കുകൾ നിർമ്മിക്കുന്ന ജീവനക്കാരൻ. എല്ലാം അഭിമന്യുവിന് പുതുമകൾ നിറഞ്ഞതായിരുന്നു. അകത്തെ സന്ദർശനത്തിനിടയിൽ റഷീദ് ജീവനക്കാരോട് കുശലം പറയുന്നുണ്ടായിരുന്നു. അഭിമന്യുവിന് റഷീദിന്റെ ഉയർച്ചയിൽ അഭിമാനം തോന്നി. എല്ലാ സെക്ഷനും കറങ്ങി കണ്ടതിനു ശേഷം തിരികെ റഷീദിന്റെ ഓഫീസിലെത്തി..

അഭിമന്യു റഷീദിന്റെ മുഖത്തേയ്ക്ക് നോക്കി.. പഴയതുപോലെ അവന്റെ മുഖത്തെ നിശ്ചയദാർഢ്യം അവനെ അത്ഭുതപ്പെടുത്തി.. പണ്ടേ റഷീദ് അങ്ങനെയാണ്. ഏതു സാഹചര്യത്തിലും അവന് പിടിച്ചു നിൽക്കും. എത്ര വലിയ പരാജയത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൻ ഉയർത്തെഴുന്നേൽക്കും.. പഠിക്കുന്ന സമയത്ത് കണക്കിന് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ടീച്ചർ കളിയാക്കിയപ്പോൾ വാശിയോടെ കണക്ക് പഠിച്ച് ആ ടീച്ചറെക്കൊണ്ട് നല്ലവാക്കു പറയിച്ചവനാണ് റഷീദ്.. എന്നും അവൻ അഭിമന്യുവിന് ഒരത്ഭുതമായിരുന്നു. 

റഷീദ് അഭിമന്യുവിന്റെ മുഖത്തേയ്ക്ക് നോക്കി.

”അഭീ... നീ ഇതെല്ലാം കണ്ടില്ലേ...”

”കണ്ടു...”

”എന്തു തോന്നുന്നു..”

”വളരെ നല്ല നിലയിൽ നീ മാനേജ് ചെയ്യുന്നെന്നു മനസ്സിലായി...”

”എനിക്ക് നിന്റെ സഹായം ആവശ്യമുണ്ട്.”

അഭിമന്യു ഞെട്ടിപ്പോയി... തന്നെക്കൊണ്ട് എന്തു സഹായം..

”മറ്റൊന്നുമല്ല.. നിന്റെ കഴിവ് എനിക്കുവേണ്ടി.. ഇവിടെ ഏത് സെക്ഷനിൽ വേണമെങ്കിലും നിനക്ക് ജോലി ചെയ്യാം.. ഈ സ്ഥാപനത്തിന്റെ ഏതു പൊസിഷൻ വേണമെങ്കിലും നിനക്ക് വഹിക്കാം...”

”വേണ്ട അതൊന്നും എനിക്കു വേണ്ട.. ഒരു ജോലി.. ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുപോകണം. അതുമാത്രം.”

”നിനക്ക് എല്ലാ ഭാഷയുമറിയാം... അതു തന്നെയാണ് നമുക്ക് വേണ്ടത്.. നിന്നെ ഈ ബേക്കറിയുടെ മാർക്കറ്റിംഗ് മാനേജരാക്കാമെന്നാണ് എന്റെ തീരുമാനം.

അഭിമന്യുവിന് ശബ്ദം പുറത്തുവന്നില്ല..

”എനിക്ക് അതിനുള്ള അർഹതയില്ല റഷീദ്..”

”ഇതുപോലെ ഒരു സ്ഥാപനം എനിക്ക് നടത്താനുള്ള അർഹതയുണ്ടെങ്കിൽ നിനക്ക് ഈ സ്ഥാപനത്തിന്റെ മാർക്കറ്റിങ് മാനേജരാകാനും കഴിയും.. അതിന് യാതൊരു തടസ്സവുമില്ല..

”ശരി... പക്ഷേ എനിക്ക് എല്ലാം മനസ്സിലാക്കാൻ കുറച്ച് സമയം വേണം.”

”എടുത്തോളൂ...”

”ഇപ്പോൾ ഞാൻ ഇവിടുത്തെ എല്ലാ സെക്ഷനിലും ജോലിചെയ്ത് കാര്യങ്ങൾ മനസ്സിലാക്കട്ടെ... അതിനുശേഷം എന്നെക്കൊണ്ട് ഈ പദവി വഹിക്കാനാകുമെങ്കിൽ ഞാൻ ഏറ്റെടുക്കാൻ തയ്യാറാണ്.”

”ഓക്കെ... പിന്നെ. നീ പഴയ കാര്യങ്ങളൊന്നും ഇനി ഓർത്ത് വിഷമിക്കേണ്ട.. താമസം ഇന്നുതന്നെ ഞങ്ങളുടെ ക്വാർട്ടേഴ്സിലേയ്ക്ക് മാറാം... പിന്നെ സ്പോൺസറെ കണ്ട് റിലീസ് ലറ്റർ വാങ്ങണം.. എത്രയും വേഗം ഈ സ്ഥാപനത്തിലേയ്ക്ക് വിസ മാറ്റണം.”

അഭിമന്യുവിന് ഇതെല്ലാം വെറും സ്വപ്നം പോലെ തോന്നി. ഇന്നലെവരെ എല്ലാ ജോലിയും ചെയ്തു പൊരിവെയിലത്തു നടന്നവൻ.. ഇന്ന് ജീവതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. ഒരു പക്ഷേ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഇതിനുവേണ്ടിയായിരിക്കാം. അതങ്ങനെയാണല്ലോ.. ഒരു മനുഷ്യന് ജീവത്തിൽ ഒരുപാട് കഷ്ടപാടുകളുണ്ടാവും.. പക്ഷേ അവനെ തേടി ഒരു നല്ല ദിവസം എത്തും. അത് ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ര ഉയരത്തിലെത്തിക്കുകയും ചെയ്തു. ആരുമില്ലെന്നു കരുതിയ അഭിയ്ക്ക് ഇന്ന് എല്ലാവരുമുണ്ടെന്നുള്ള തോന്നൽ.. 

റഷീദ് ഒരു ബെല്ലടിച്ചു.. ഡോറിൽ മാനേജർ വന്നു നിന്നു.

”മാനേജർ.. ഇദ്ദേഹം നാളെമുതൽ ഈ ഓഫീസിൽ ജോയിൻ ചെയ്യുന്നു. വേണ്ട കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കണം. വിസ മാറ്റാനുള്ള നടപടികളും ചെയ്യണം.”

”ഏത് സെക്ഷനിലാണ്. സാർ..”

”അതൊന്നും തീരുമാനിച്ചിട്ടില്ല.”എല്ലാ സെക്ഷനും പരിചയപ്പെട്ട് കാര്യങ്ങളൊക്കെ ഒന്ന് പടിക്കട്ടെ ...

മാനേജർ പുറത്തേയ്ക്ക് പോയി..

”റഷീദ് ഒരു കാര്യം എനിക്കു ചെയ്തുതരണം. തൽക്കാലം ഞാനാരാണെന്ന് ആരോടും പറയേണ്ട.. ഞാനിവിടെ എല്ലാ സെക്ഷനിലും ജോലിചെയ്ത് മനസ്സിലാക്കി വരട്ടെ.. എന്നിട്ട് എനിക്ക് പറ്റിയ പൊസിഷൻ ഏതാണെന്ന് റഷീദ് തന്നെതീരുമാനിച്ചാൽ മതി..”

”ഓക്കെ.. എല്ലാം നിന്റെ ഇഷ്ടം.”

മാനേജരെ വിളിച്ച് അഭിമന്യുവിനെ താമസസ്ഥലത്ത് കൊണ്ടാക്കാൻ പറഞ്ഞു.. അടുത്ത ദിവസം ഓഫീസിൽ ജോയിൻ ചെയ്യാനുള്ള സംവിധാനങ്ങളുമുണ്ടാക്കി. താമസം ക്വോർട്ടേഴ്സ് നമ്പർ 2 വിലേയ്ക്ക് നാളെത്തനെ മാറണമെന്നും പ്രത്യേകം പറഞ്ഞു.

നിറഞ്ഞ മനസ്സോടെയും നിറഞ്ഞ കണ്ണുകളോടെയും അഭി റഷീദിനോട് യാത്രപറഞ്ഞിറങ്ങി.. 

റഷീദ് ചിന്തിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയത് പലതും തിരികെലഭിച്ചുകൊണ്ടിരിക്കുന്നു. ഈ കൂട്ടത്തിൽ ഇവനും. പടച്ചോന്റെ തീരുമാനമായിരിക്കാം ഇതെല്ലാം. റഷീദ് ജോലിയിൽ മുഴുകി... പെട്ടെന്നാണ് അവൻ ഓർത്തത്. സ്റ്റീഫൻ ചേട്ടന്റെ മകൾ ഇന്നാണല്ലോ ജോയിൻ ചെയ്യുമെന്ന് പറഞ്ഞത്... റഷീദ് ഹോസ്പിറ്റലിലേയ്ക്ക് വിളിച്ചു.

അങ്ങേത്തലയ്ക്കൽ റിസപ്ഷനിൽ നിന്നും ഒരു അറബിക് ജീവക്കാരി ഫോണെടുത്തു.

ഹൽ ഇൻളമത് ജൂലി ഇൻദകും അൽയൗ ? [ ജൂലി എന്ന കുട്ടി ഇന്നു ജോയിൻ ചെയിതിട്ടുണ്ടോ... 

മറുതലയ്ക്കൽ നിന്നും ഹോൾഡ് ചെയ്യാൻ പറഞ്ഞു... അൽപ സമയത്തിനുശേഷം മറുമടി ലഭിച്ചു. ജൂലി ഗെയിർ മൗജൂദഹ് ഫിൽ മുസ്തഷ്ഫാ [അങ്ങനൊരു കുട്ടി ഇവിടില്ലല്ലോ എന്ന്.

റഷീദിന്റെ മനസ്സിൽ പല സംശയങ്ങളും ഉരുണ്ടു കൂടി. ഉടൻ തന്നെ വണ്ടിയെടുത്ത് ഹോസ്പിറ്റലിലേയ്ക്ക്.. ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട്  അകത്തേയ്ക്ക് കയറി. പി.ആർ.ഓ. യുടെ മുറിയിൽ കയറി. റഷീദിനെ കണ്ടയുടൻ ചാടിയെഴുന്നേറ്റു.. സർ... സാറിന്റെ കുട്ടി ഇന്ന് ജോയിൻ ചെയിതിട്ടുണ്ട്.. ഞാനങ്ങോട്ട് വിളിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞു.. ഇന്നുമുതൽ ഡ്യൂട്ടിക്ക് പ്രവേശിക്കുകയും ചെയ്തു. അവർ എല്ലാവർക്കും പല സ്ഥലത്തായിട്ടാണ് ജോലി.. 

റഷീദിന് ആശ്വാസമായി.. അയാളോട് താങ്ക്സ് പറഞ്ഞു.. പി.ആർഓ. ഇരിക്കാൻ പറഞ്ഞു.. റഷീദ് ഇരുന്നു. 

”ഒരു ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ്പായിരുന്നു ആ മാൻപവർ റിക്രൂട്ടിംഗ് ഏജൻസിയുമായി.. ഇപ്പോൾ എല്ലാം പരിഹരിച്ചു.”

”ഓക്കെ. നന്നായി...”

”അവൾ ഏത് സെക്ഷനിലാണ്.”

”ഐസിയുവിലാണ്. അവിടെ ജോലിചെയ്യാൻ നമ്മുടെ മലയാളികളാണ് ബസ്റ്റ്.. ഏത് ക്രിറ്റിക്കൽ സിറ്റുവേഷനും തരണംചെയ്യാൻ അവർക്കുള്ളതുപോലെ കഴിവ് മറ്റാർക്കുമില്ല.. ഇവിടെ അറബികൾക്കുമതറിയാം അതാണ് കേരളത്തിൽ നിന്നും പ്രത്യേകം നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. എത്രയോ പേരെയാണ് നഴ്സുമാരുടെ കഴിവുകൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവന്നിട്ടുള്ളത്.”

മലയാളികളെക്കുറിച്ച് മലയാളിതന്നെ പറയുന്നതുകേട്ടപ്പോൾ റഷീദിന് അത്ഭുതംതോന്നി. സാധാരണ മലയാളി മലയാളികളെക്കുറിച്ച് നല്ല അഭിപ്രായം പറയാറില്ല. പക്ഷേ ഡോക്ടർമാരേയും നഴ്സുമാരെയും പറ്റി ആ പറഞ്ഞത് ആത്മാർത്ഥമായിത്തന്നെയാണ്. ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ ആത്മാർത്ഥത പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അന്യ രാജ്യത്താണെങ്കിലു‍ം ഭാഷ അറിയില്ലെങ്കിലും ഏതൊരു രോഗിയേയും ഒരു വിലപ്പെട്ട ജീവനായി കാണാൻ അവർക്ക് കഴിയുന്നു. അവിടെ ജാതിയുടേയോ മതത്തിന്റേയോ അതിർവരമ്പുകളില്ല. അതുതന്നെയാണ് മലയാളി നഴ്സുമാരെ പ്രത്യേകം വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്ചെയ്യുന്നത്.

ആരോഗ്യമേഖലയിൽ അവരുടെ സാന്നിധ്യം ഒരിക്കലും മറക്കാനാവാത്തതാണ്. ഏറ്റവും വികസനത്തിലെത്തിയ കേരളത്തിലെ ആരോഗ്യമേഖലിയിൽ നഴ്സിംഗ് പഠിച്ച് പുറത്തിറങ്ങുന്ന ഒരു നഴ്സിന് എല്ലാവിധ പ്രവർത്തി പരിചയവുമുണ്ടാവുമെന്നുള്ളത് സ്വാഭാവികംമാത്രം. നിപ്പ ബാധിച്ചപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനോടൊപ്പം ഒരു നഴ്സിന്റെ ജീവനുമായിരുന്നു. ജനസംഖ്യാനുപാതത്തിൽ നമ്മുടെ നാട്ടിൽപ്പോലും നഴ്സുമാരുടെ എണ്ണം കുറവാണ്. അവർ എല്ലായ്പ്പോഴും ജാഗ്രതയോടെ ഉണർന്നിരിക്കുന്നു. ശരീരത്തിൽ ജീവന്റെ ഒരു തുടിപ്പെങ്കിലുമുണ്ടെങ്കിൽ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുമെന്നുള്ള പ്രതിഞ്ജയുമായി.

ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്ന് ലോകരാജ്യങ്ങളിൽ വലിയ ഭീതി പടർത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണെന്നത് കൂടുതൽ ഭീതിതമാക്കുന്നു. പക്ഷേ ഒരു കാര്യത്തിൽ നമുക്ക് ധൈര്യമായിരിക്കാം. നിപ്പപോലുള്ള ഒരു രോഗം വന്നപ്പോൾ മരണസംഖ്യ ഉയരാതെ പിടിച്ചു നിർത്താനായത് നമ്മുടെ ഭരണാധികാരികളുടെയും ഡോക്ടർ മാരുടേയും നേഴ്സുമാരുടെയും ആത്മാർത്ഥമായ കഴിവുകൊണ്ടു മാത്രം തന്നെയാണ്. അത്രപോലും അപകടകരമല്ലാത്ത കൊറോണ വൈറസിനെ അതിജീവിക്കാൻ നമുക്കാവുമെന്നുതന്നെയാണ് കരുതുന്നത്. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക. നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ ഈ മഹാമാരിയേയും നമുക്ക് പുറത്താക്കാം . ചൈനയിൽ നിന്നും വരുന്നവർ ആരോഗ്യപ്രവർത്തകർ പറയുന്നതുപോലെ അടുത്തുള്ള ആശുപത്രിയിൽ ബന്ധപ്പെടുക.. കഴിവതും പൊതുവാഹനങ്ങളിൽ സഞ്ചരിക്കാതിരിക്കുക.. പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക.. വിവാഹം നിശ്ചയിച്ചവരുടെ വിവാഹംപോലും കഴിവതും മാറ്റിവയ്ക്കുക. ഈ രോഗത്തേയും വരുതിയിൽ വരുത്താൻ നമ്മൾ ഒറ്റക്കെട്ടായി ശ്രമിക്കണം. ഒരു കാര്യം ശ്രദ്ധിക്കണം രോഗി എന്നു പറയുന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേയുള്ളൂ. അതിനു മുമ്പേ ആ വീട്ടുകാരേയം കുടുംബക്കാരേയും ഒറ്റപ്പെടുത്താൻ ശ്രമിക്കരുത്. ചൈനയിൽ നിന്നെത്തിയവർ സ്വമേധയാ ഹോസ്പിറ്റലിൽ ചെല്ലേണ്ടത് അത്യാവശ്യം തന്നെയാണ്. മിക്കവരും എം.ബി.ബി.എസിനു പഠിക്കുന്നവരാണ്. അവരോട് ഇതൊന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. 

തുമ്മൽ വരുമ്പോൾ അടുത്തു നിൽക്കുന്നവന്റെ മുഖത്തേയ്ക്ക് നോക്കി തുമ്മാതെ തൂവാലകൊണ്ട് മറച്ച് തുമ്മാൻ ശ്രമിക്കുക.. മലയാളി അവന്റെ ശീലങ്ങൾ മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സംശയം ഉള്ളവർ നാണക്കേട് കരുതി വീട്ടിലിരിക്കരുത്. ജീവൻ വച്ച് കളിക്കരുത്. നഷ്ടം നിങ്ങൾക്കും ഈ സമൂഹത്തിനുമാണ്. വ്യക്തി ശുചിത്വം പാലിക്കുക.. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിക്കുക.. കാത്തിരിക്കാം ഈ രോഗം നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുന്നതിനായി... പരിശ്രമിക്കാം ഇനിയൊരിക്കലും ഒരു പകർച്ചവ്യാധികളും തിരിച്ചു വരാതിരിക്കാൻ.. മലയാളി ലോകത്തിൽ എല്ലായിടത്തുമുണ്ട്. അതിനാൽ ലോകത്തിൽ നടക്കുന്ന ഓരോ ചലനങ്ങളും മലയാളിയെ ബാധിക്കും. അത് നല്ലതായാലും ചീത്തയായാലും. 

ജാഗ്രതപാലിക്കുക.. 
 


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 02 02 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 09 02 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ