29.2.20

നിഴൽവീണവഴികൾ - ഭാഗം - 63

ഫസൽ പഠിക്കാനായി മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി... അവൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി... പച്ചപ്പുല്ലുകളാൽ സമൃദ്ധമായ പുരയിടങ്ങൽ... കുറച്ചകലെയായി കാണുന്ന ഭാരതപ്പുഴ... ഭാരതപ്പുഴ മെലിഞ്ഞു മെലിഞ്ഞ് ഇപ്പോഴൊരു നീരുറവമാത്രായി മാറിയിരിക്കുന്നു. അവൻ കുറച്ചുനേരം അവിടെ നിന്നു... വീണ്ടും മേശപ്പുറത്തിരിക്കുന്ന പഠിക്കാനുള്ള പുസ്തകത്തിലേയ്ക്ക് അവന്റെ ശ്രദ്ധയെത്തി... ലിസ്സി ടീച്ചർ കൊണ്ടുവന്ന ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചു പഠിക്കാമെന്നു കരുതി അവൻ കസേരയിലേക്ക് ചാഞ്ഞിരുന്നു .

കോളിംഗ് ബെല്ലിലെ ശബ്ദം കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്... ക്ഷീണംകൊണ്ടായിരിക്കും ഉറങ്ങിപ്പോയി... ആരാന്നറിയാൻ അവൻ പതുക്കെ താഴേയ്ക്കിറങ്ങി.. അൻവർമാമ...

“ങ്ഹാ... മാമാ...“

“എന്തായി മോനേ പരീക്ഷയൊക്കെ...“

“തുടങ്ങിയില്ല... മറ്റന്നാളാ...“

“എല്ലാം പഠച്ചു കഴിഞ്ഞോ..

“ഉം..“

മാമ പോയിട്ട് ഇപ്പോൾ ഒരുമാസത്തിലധികമായിരിക്കുന്നു. വളരെ തിരക്കുപിടിച്ച ജോലി... 

എല്ലാറ്റിന്റേയും ചുമതല വിശ്വസ്തനെന്ന നിലയിൽ അമ്മായി അൻവറിനെ ഏൽപ്പിച്ചിരിക്കുന്നു. ആയതിനാൽ അൻവറിന് നിന്നു തിരിയാൻ സമയമില്ല.. എന്തായാലും വന്നല്ലോ.. ഇന്നുകൊണ്ട് മാമയും നാദിറമാമിയും തമ്മിലുള്ള പ്രശ്നങ്ങൾ തീരുമായിരിക്കും.

അവൻ മുകളിലേയ്ക്ക് നോക്കി. സാധാരണ നാദിറ മാമി താഴേയ്ക്ക് വന്ന് ആരാന്ന് നോക്കേണ്ടതാണ്. പക്ഷേ കാണുന്നില്ല...

“എടാ നിന്റെ മാമി എവിടേടാ... കുറച്ചു ദിവസമായി അവളെ വിളിച്ചിട്ടു കിട്ടുന്നുമില്ല..“

“മാമാ... മാമി മുറിയിലുണ്ട്... ഞാൻ വിളിച്ചുകൊണ്ടുവരാം.“

അവൻ ഓടി മുകളിലത്തെ നിലയിലെത്തി... അവിടെ കട്ടിലിൽ കുനിഞ്ഞിരുന്ന് കരയുന്ന നാദിറയെയാണ് അവന് കാണാനായത്... ആദ്യമായാണ് നാദിറ മാമി കരയുന്നത് കാണുന്നത്.. ഓരോ കാര്യങ്ങൾ ഓർത്തായിരിക്കും. എന്തായാലും പഴയതുപോലെ നാദിറമാമിക്ക് വലിയ ജാഡയൊന്നുമില്ല.. ഒരു മാറ്റം അവർക്കുണ്ട്... അവൻ അവരുടെ കൈയ്യിൽ പിടിച്ചു.

“വാ മാമി.. മാമ വന്നിരിക്കുന്നു.“

“ഇല്ലടാ... എത്ര ദിവസായി എന്നോടൊന്നു മിണ്ടിയിട്ട്.“

“അതൊക്കെ ഇന്നുകൊണ്ട് അവസാനിപ്പിക്കാം. ഞാനല്ലേ വിളിക്കുന്നത്...“

അവൻ നാദിറയുടെ കൈയ്യിലെ പിടി മുറുക്കി.. വലിച്ച് എഴുന്നേൽപ്പിച്ചു... ഒരു അനുസരണയുള്ള കുഞ്ഞിനെപ്പോലെ അവന്റെ പിന്നാലേ നടന്നു. പടിയിറങ്ങി താഴേയ്ക്ക്... താഴെ എല്ലാവരുമുണ്ടായിരുന്നു. 

“എന്താടാ മോനേ.. നിന്റെ മാമിക്ക് ഒറ്റയ്ക്ക് വരാനറിയില്ലേ..“

“ഇല്ല മാമാ.. അതല്ലേ ഞാൻ കൂടെ വന്നത്... മാമാ ജോലി കിട്ടിയപ്പോൾ വീടും വീട്ടുകാരെയുമൊക്കെ മറന്നോ...“

അവിടെ ഒരു വലിയ ചിരിയുയർന്നു... ഒരു മഞ്ഞ് ഉരുകുകയായിരുന്നവിടെ.. നാദിറപോലും അറിയാതെ ചിരിച്ചുപോയി...

“മോളേ.. അവന്റ ബാഗെടുത്ത് റൂമിലേയ്ക്ക് കൊണ്ടുപൊയ്ക്കോ...“

ഹമീദ് നാദിറയോടായി പറഞ്ഞു.. അവൾ അടുത്തെത്തി അൻവറിന്റെ കൈയ്യിൽനിന്നും ബലമായി ബാഗ്  വാങ്ങി... ചെറു പുഞ്ചിരിയോടെ മുകളിലേയ്ക്ക്.. അവളുടെ അൻവറിനോടുള്ള ദേഷ്യം എങ്ങോട്ട് പോയെന്നറിയില്ല... കുശലം പറച്ചിലുകൾക്ക്ശേഷം അൻവറും മുകളിലേയ്ക്ക് പോയി... റൂമിലെത്തി... 

പെട്ടെന്നാണ് അവൾ അവനെ കെട്ടിപ്പിടിച്ചത്... അൻവർ പ്രതീക്ഷിച്ചിരുന്നില്ല.. അവൾ അൻവറിന്റെ നെഞ്ചിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു... അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു. 

“എ... എന്നോട് പിണക്കമാണോ.... വെറുപ്പാണോ.... എന്താ എന്നെ വിളിക്കാഞ്ഞേ..“

“ദേ.. ഞാൻ പറഞ്ഞതല്ലേ.. ജോലിത്തിരക്ക്.. ഒന്നിനും സമയമില്ല..“

“ന്നാലും പണ്ട് ഇങ്ങനെയായിരുന്നില്ലല്ലോ. എന്ത് ജോലിത്തിരക്കാണെങ്കിലും എന്നെ വിളിക്കുമായിരുന്നല്ലോ..“

“ശരിയാ... നീ ഇപ്പോഴത്തേയ്ക്ക് ക്ഷമിക്ക്.“

അവളുടെ നെറുകെയിൽ ഒരു ചെറു ചുംബനം നൽകി... അവൻ അവളെ ഗാഢമായി പുണർന്നു... അവരുടെ സ്നേഹത്തിന്റെ ആഴം അവിടെ ചുവരുകൾക്ക് മനസ്സിലാകുമായിരുന്നു. അവൾ അവനെ തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു. അവൾ അവനെ മനസ്സിലാക്കിയിരിക്കുന്നു. അവൾ അൻവറിന്റെ കൈ സാവധാനം പിടിച്ചു... അത് നേരേ തന്റെ അടിവയറ്റിലേയ്ക്ക് കൊണ്ടുപോയി.. എന്നിട്ട് ചോദിച്ചു.

“അവിടെ എന്തേലും അനക്കം തോന്നുണ്ടോയെന്ന്..“

അവൻ ഒരു നിമിഷം സ്തംഭിച്ചുപോയി... എന്താ എന്തുപറ്റി.. 

“ഓ... ഇക്കായ്ക്ക് ഒന്നുമറിയില്ല.. ങ്ങള് ഒരു വാപ്പായാകാൻ പോണൂന്നു..“

പടച്ചോനേ... എത്രകാലത്തെ കാത്തിരിപ്പാണിത്...

“എങ്ങനെ അറിഞ്ഞു...“

“ങ്ങള് പോയമാസത്തിലേ എനിക്ക് സംശയമുണ്ടായിരുന്നു.. ഇന്നലെ ഞാൻ ക്ലീനിക്കില് പോയിരുന്നു.. ആരേയും അറിയിച്ചില്ല.. അവരാ പറ‍ഞ്ഞത്...  അവൾക്ക് നാണം കൊണ്ട് വാക്കുകൾ പൂർത്തിയാക്കാനായില്ല..“

അൻവറിന്റെ മനസ്സ് സന്തോഷം കൊണ്ട് മതിമറന്നു.. അവൻ അവളെ എടുത്ത് പൊക്കി..

“വേണ്ടിക്കാ... ഇപ്പം ഇതൊന്നും വേണ്ട... ശരീരം കൂടുതൽ അനക്കണ്ടന്നാ ഡോക്ടർ പറഞ്ഞേ.. ഇവിടെ ആരോടും ഞാൻ പറഞ്ഞില്ല.. എന്റെ ഇക്കയോട് ആദ്യം പറയണമെന്ന് എനിക്ക് വാശിയായിരുന്നു. എത്ര പ്രാവശ്യമാ ഞാൻ ഫോണിലൂടെ പറയാൻ ശ്രമിച്ചത്... വരാൻ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു .. അതാണ് ഞാൻ വീണ്ടും വിളിക്കാഞ്ഞേ.“

 അൻവർ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി... സ്നേഹോഷ്മളമായ നിമിഷങ്ങളാണ് അവിടെ അരങ്ങേറിയത്... പടച്ചോൻ അവർക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം നൽകിയിരിക്കുന്നു... എത്ര കാലമായുള്ള പ്രാർത്ഥനയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പലരും ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറാൻ തന്നെ ആകാത്ത അവസ്ഥയായിരുന്നു. പലരും അൻവറിനോട് ചോദിച്ചിട്ടുണ്ട്... 

“അൻവറേ ഈ കെട്ടില് കുട്ടികളില്ലേല് വേറേ കെട്ടിക്കൂടെ...“

ശരിയാണ്.. ഒരു മുസൽമാന് തന്റെ തലമുറ നിലനിർത്തുന്നതിനായി ഒരു വിവാഹം കൂടി കഴിക്കുന്നതിൽ തെറ്റില്ല.. എന്നാൽ ഇക്കാലത്ത് അതിനെ സപ്പോർട്ട് ചെയ്യുന്നവർ വളരെ കുറവായിരിക്കും. 

“അതേയ് ഞാൻ ഹമീദിന്റെ മോനാ... എനിക്ക് കെട്ടിയോൾ ഒന്ന് മതി.. കുഞ്ഞുങ്ങളെ തരണോ വേണ്ടെയെന്ന് പടച്ചോൻ തീരുമാനിക്കും.“

ആ പടച്ചോന്റെ തീരുമാനമായിരിക്കണം. ഇതൊക്കെ... അവൻ അവളുടെ വിടർന്ന ചുണ്ടുകളിൽ ചുംബനം നൽകി... അവളുടെ കണ്ണുകൾക്ക് നനവായിരുന്നു. സന്തോത്തിന്റെയും സങ്കടത്തിന്റെയും...

“പിന്നെ.. ങ്ങള് പറ... എനിക്ക് നാണാ...“

“ശരി.. ഞാൻ തന്നെ പറയാം..“

“അൻവർ പെട്ടെന്ന് പടിയിറങ്ങി താഴേയ്ക്ക് പോയി... അവൻ സഫിയയെ വിളിച്ചു..

സഫിയ അവനടുത്തേയ്ക്ക് വന്നു.

“സഫിയാ.. അവൾക്ക് വിശേഷാ.. ഞങ്ങടെ വിളി പടച്ചോൻ കേട്ടെന്നാ തോന്നുന്നേ...“

സഫിയയ്ക്ക് സന്തോഷമടക്കാനായില്ല... അവൾ ഉടൻതന്നെ ഉമ്മയോടും ഉപ്പയോടുംഅഫ്സയോടും വിവരം പറഞ്ഞു... അവിടെ ഒരാഘോഷത്തിന്റെ തുടക്കമായിരുന്നത്.. എല്ലാവരുടെയും പ്രാർത്ഥന പടച്ചോൻ കേട്ടിരിക്കുന്നു. ഹമീദിന് വലിയ ദുഃഖമായിരുന്നു. അൻവറിന് കുഞ്ഞുങ്ങളുണ്ടാകാത്തതിൽ.. ഇന്നിതാ ആ പ്രാർത്ഥനയും ഫലം കണ്ടിരിക്കുന്നു. സഫിയ ഓടി മുകളിലേയ്ക്ക്.. അവൾ മുട്ടുവേദനയുണ്ടെങ്കിലും ആ ആവേശത്തിൽ അതൊന്നും അവൾ നോക്കിയില്ല... നേരേ ചെന്ന് നാത്തൂനെ കെട്ടിപ്പിടിച്ചു.. അവളുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണിർ പൊഴിഞ്ഞു.. ഈ വീട്ടിൽ ഒരു കുഞ്ഞിക്കാലുകൂടി ഉണ്ടാവാൻ പോകുന്നു. കുഞ്ഞില്ലാത്തതിനാ‍ൽ അറ്റുപോകുമെന്നു കരുതിയ ബന്ധം വീണ്ടും ദൃഢമായിരിക്കുന്നു. സഫിയ നാദിറയെയും കൂട്ടി താഴേയ്ക്ക്.

“നാത്തൂനേ... പടിയിറങ്ങുമ്പോൾ സൂക്ഷിക്കണേ...“

“ങ്ങള് പോന്നേ.. കളിയാക്കാതെ...“

നാദിറയ്ക്ക് വല്ലാത്ത നാണം ആരുടേയും മുഖത്ത് നോക്കാനാവാത്ത അവസ്ഥ.

“കൊച്ചു കള്ളീ... രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നല്ലേ... നീ അൻവറിനോട് പിണക്കം കാണിച്ചപ്പോഴേതോന്നി. എന്തോ വിശേഷമുണ്ടെന്ന്.. കാര്യമറിയാതെ ചോദിക്കാനാവുമോ... അൻവറെ നീ നാളെ ഇവളേയും കൂട്ടി ആശുപത്രിയിലൊന്നു പോകണം.. തല്കാലം കുറച്ചു ദിവസം ലീവെടുക്കു.“

“ശരി ഉമ്മ.. ഒരാഴ്ച ലീവുണ്ട്... കുറച്ചു ദിവസത്തേയ്ക്ക് ഞാൻ പോയി വരാം...“

എല്ലാവർക്കും അത് സമ്മതമായിരുന്നു. നാദിറ നേരേ ചെന്ന് അഫ്സയുടെ യുടെ  കുഞ്ഞിനെ എടുത്തു താലോലിക്കാൻ തുടങ്ങി... അവൾ ആകെ മാറിയിരിക്കുന്നു. 

ഫസൽ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു. എന്തായാലും ഈ വീട്ടിൽ ഒരുകുഞ്ഞു കൂടി എത്താൻ പോകുന്നു. അവന്റെ മനസ്സിലും സന്തോഷം അലതല്ലി.. ഫസൽ തന്നെയാണ് റഷീദിനെ വിളിച്ച് വിവരം പറഞ്ഞത്.. റഷീദ് അൻവറിനോട് സംസാരിക്കുകയും ചെയ്തു... അന്ന് സന്തോഷപ്രദമായി എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. അവിടെ പിച്ചവച്ചു നടക്കാൻ ഒരു കുഞ്ഞുകൂടി.. എല്ലാവരുടേയും മനസ്സിലെ സന്തോഷം അതിരുകളില്ലാത്തതായിരുന്നു.

അതങ്ങനെയാണ്.. വിവാഹം കഴിഞ്ഞ് ഗർ‌ഭിണിയായിക്കഴിഞ്ഞാൽ ഭാര്യയും ഭർത്താവും പിറക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലായിരിക്കും.. പത്തുമാസം ചുമന്ന് നൊന്തു പ്രസവിക്കുന്നതുവരെ ആ സ്വപ്നങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞുകൊണ്ടിരിക്കും... അച്ഛന്റേയും അമ്മയുടെയും സ്വപ്നങ്ങൾക്ക് വർണ്ണം പകർന്നുകൊണ്ടുള്ള ജനനം... എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി വളർന്നുവരുന്ന കുഞ്ഞ്... ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടാലോ...? അതാണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ സംഭവിച്ചത്... താലോലിച്ച് വളർത്തിയ കുഞ്ഞ് സ്വന്തം കൺമുന്നിൽവച്ച് കാണാതാകുന്നു... എല്ലാ സംവിധാനങ്ങളുമായുള്ള തിരച്ചിൽ കണ്ടെത്താനാവുന്നില്ല.. പ്രതീക്ഷ അസ്തമിക്കാത്ത രാവുകൾ.. പക്ഷേ എല്ലാവരുടേയും പ്രതീക്ഷകൾ മങ്ങലേൽപ്പിച്ചുകൊണ്ട് ദുഃഖകരമായ ആ വാർത്തയെത്തി... നേരിട്ടു കണ്ടിട്ടില്ലെങ്കിലും വല്ലാത്ത വേദനയായിരുന്നു മനസ്സിൽ... എങ്ങനെ സഹിക്കും അതിന്റെ രക്ഷകർത്താക്കൾ... എങ്ങനെ, എന്താണ് സംഭവിച്ചത്... പോലീസുകാർക്കുപോലും ഉറക്കമില്ലാത്ത രാത്രിയായിരുന്നു. കേരളമൊട്ടുക്ക് അരിച്ചു പെറുക്കി.. പക്ഷേ അപ്പോഴും വെള്ളത്തിന്റെ അടിത്തട്ടിൽ ഉറങ്ങുകയായിരുന്നു അവൾ ഒരിക്കലും ഉണരാത്ത ഉറത്തിൽ... ഒരു ദേശത്തെ മൊത്തത്തിൽ ദുഖത്തിലാക്കി അവൾ പോയി... അവൾ എല്ലാ മലയാളിക്കും പ്രിയപ്പെട്ടവളായി.. ഒരു നോവായി... ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
 
കുഞ്ഞുങ്ങളുടെ ശ്വാസം നിലയ്ക്കാതിരിക്കാൻ ഒരു കരുതൽ ആവശ്യമാണ്.കൈവിട്ട് പോയിട്ട് വിധിയെ പഴിച്ചിട്ട് കാര്യമില്ല .കണ്ണിലെ കൃഷ്ണമണിപോലെ കാത്തു കൊൾക. തിരിച്ചറിയുക കഴുകൻ കണ്ണുകളെ

അച്ചനമ്മമാരുടെ കണ്ണിൽ അവളൊരു കുഞ്ഞാണ് .അന്യന്റെ കണ്ണിൽ അവളൊരു പെണ്ണാണ് .....

നാദിറയ്ക്ക് വല്ലാത്ത മനംപുരട്ടൽ, അൻവറിന് എന്ത് ചെയ്യണമെന്നറിയില്ല... ശർദ്ദിലായി മാറിയപ്പോൾ പേടിച്ച് സഫിയയെ വിളിച്ചു. സഫിയ ഓടി അകത്തെത്തി.. അൻവറെ ഇതൊക്കെ ഇതിലുള്ളതാ... പേടിക്കാതെ താഴെപ്പോയിരിക്ക്... സഫിയ അവളുടെ മുതുകത്ത് തടവിക്കൊണ്ടിരുന്നു.

“നാത്തൂനേ.. ഇതെല്ലാം കാണും... പിന്നേ.. കുഞ്ഞിന് ഇഷ്ടപ്പെട്ട ആഹാരം കൊടുത്തില്ലേൽ ഇങ്ങനെ മനംപുരട്ടൽ ഉണ്ടായിക്കൊണ്ടിരിക്കും.. ഇപ്പോൾ നിങ്ങൾ ഒന്നല്ല.. രണ്ടാ... കേട്ടോ..“

ഒരുവിധം ശരിയായപ്പോൾ അവർ രണ്ടാളും താഴേയ്ക്ക് പോയി.. താഴെ അക്ഷമനായി അൻവർ നിൽക്കുന്നു. അവൾ അൻവറിന്റെ അടുത്തു ചേർന്നു നിന്നു.. അവൻ അവളുടെ തോളിൽ തടവി... ഭർത്താവ് അടുത്തെത്തിയപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.. അന്നു രാവിലെ തന്നെ അവർ ഹോസ്പിറ്റലിലേയ്ക്ക പോയി...

ഫസൽ നാലു മണിക്കു തന്നെ ഉറക്കമുണർന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അവിടെ നടന്നതൊന്നും അവൻ അറിഞ്ഞില്ല.. ഇന്ന് രാവിലെ അവനുള്ള കാപ്പിയുമായി എത്തിയത് അൻവറായിരുന്നു. മാമയുടെ മുഖത്തേയ്ക്ക നോക്കി... ആ മുഖത്ത് സന്തോഷം അവനും അത് ഏറെ ആഹ്ലാദം പകർന്നു.

“ഫസലേ.. പിന്നെ ആരേലും നിന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നോ...“ രഹസ്യമായി അവനോട് ചോദിച്ചു.

“ഇല്ല മാമാ... രണ്ടു ദിവസം മുമ്പ് ആമിനയെ  പുതിയ സ്റ്റാന്റിനടുത്ത് വെച്ച് ഞാൻ കണ്ടിരുന്നു. ഒരു വീട്ടിൽ ജോലിക്കു നിൽക്കുന്നു എന്നാ പറഞ്ഞത് . കുഞ്ഞും അവിടെത്തന്നെ.. രക്ഷപ്പെട്ടെന്നാ പറഞ്ഞത് ...“

“എന്തായാലും നീ വീണ്ടും തിരഞ്ഞ് പോകാതിരുന്നത് നന്നായി..“

അവനും അത് ശരിയാണെന്നു തോന്നി.

“സഫിയയ്ക്ക് ഇതൊന്നും അറിയില്ലല്ലോ..“

“ഇല്ല മാമാ...“ അവന് ഇപ്പോൾഇതൊക്കെ ആലോചിക്കുമ്പോൾ മനപ്രയാസം ഉണ്ടാകാറില്ല.. ഇപ്പോൾ എല്ലാം വലുത് അവന്റെ ഉമ്മ മാത്രമായിരുന്നു. അവരുടെ സന്തോഷം മാത്രമായിരുന്നു. അവരുടെ ആഗ്രഹം മാത്രായിരുന്നു. ആ ആഗ്രഹ സാഫല്യത്തിനായാണ് ഇപ്പോൾ താൻ പ്രയത്നിക്കുന്നത് തന്നെ . പരീക്ഷയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലായിരുന്നു അവൻ. 

ഫസൽ പല്ല്തേയ്ച്ച് കുളിച്ച് കാപ്പികുടിക്കാനായി താഴേയ്ക്ക് പോയി. എല്ലാവർക്കുമൊപ്പം കാപ്പികുടിച്ചു.

“ഫസലേ.. എല്ലാം പഠിച്ചു കഴിഞ്ഞോ?“... ഹമീദിന്റെ ചോദ്യത്തിന് അവൻ സന്തോഷപൂർവ്വം ഉത്തരം നൽകി..

“എല്ലാം പഠിച്ചിട്ടുണ്ട്... പക്ഷേ പഠിച്ചതുതന്നെ ചോദിക്കണം.“

ഷംസുദ്ധീൻ തോപ്പിൽ  01 03 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  08 03  2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ