8.2.20

നിഴൽവീണവഴികൾ - ഭാഗം - 60



ഡ്യൂട്ടി കഴി‍ഞ്ഞിട്ട് സ്റ്റീഫന്റെ മകൾ റഷീദിനെ വിളിച്ചിരുന്നു. സുഖമായിരിക്കുന്നെന്നും ജോലി ഇഷ്ടപ്പെട്ടെന്നും പറഞ്ഞു. താമസം ഹോസ്റ്റലിൽ തന്നെ... അവർ രണ്ടുപേർക്ക് ഒരു റും. ഒരു തിരുവല്ലക്കാരി മായ എന്ന സുഹൃത്തിനേയും അവൾക്ക് കിട്ടി. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ വിളിക്കാൻ റഷീദ് പറയുകയും ചെയ്തു. സ്റ്റീഫനെ വിളിച്ച് കാര്യങ്ങൾ അവൾ തന്നെ പറഞ്ഞിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലാണെന്നും അറിയാൻ സാധിച്ചു.

ഇടയ്ക്ക് റഷീദ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. മിക്കവാറും വിളിക്കാറുണ്ട്. ലാൻഡ്ഫോൺ ഉള്ളതുകൊണ്ട് വീട്ടിൽ എപ്പോൾ വേണമെങ്കിലും വിളിക്കാമല്ലോ.. വൈകുന്നേരം മൂന്നു മണിയായിട്ടും ഫസൽ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവന് പരീക്ഷയാണല്ലോ.. ഏതോ സുഹൃത്തിനെ കാണാനായായി പോകുന്നെന്നാണ് വീട്ടിൽ പറഞ്ഞിരിക്കുന്നത്. 

ഫസൽ രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. പരീക്ഷയുമായി ബന്ധപ്പെട്ട് ചില പ്രോജക്ടുകൾ തീർക്കാനുണ്ടെന്നും....... പുഴകടവിലെ സുഹൃത്തിന്റെ വീട്ടിൽ പോകുന്നെന്നുമാണ് പറഞ്ഞത്. സാധാരണയിൽനിന്ന് വ്യത്യസ്തമായി റഷീദ് വാങ്ങിനൽകിയ കടും നീല നിറത്തിലുള്ള ഷർട്ടും ചെന്നന കളർ പാന്റ്സുമായിരുന്നു വേഷം.. വ്യത്യസ്തമായ വേഷം കണ്ടപ്പോൾതന്നെ നാദിറ ചോദിച്ചു.

“എങ്ങോട്ടാ യാത്ര.... ആരെക്കാണാനാ... ചെത്ത് സ്റ്റൈലിലാണല്ലോ... ദേ.. ചെക്കാ.. ആരെങ്കിലും കണ്ണും കൈയ്യാും കാണിച്ചാൽ ചെന്നു വീണേക്കല്ലേ... അങ്ങനെ എന്തേലും അറിഞ്ഞാൽ മാമനോട് വിളിച്ചു ഞാൻ കാര്യം പറയും.“

അവൻ അതൊന്നും കാര്യമായെടുത്തില്ല... പരീക്ഷ മൊത്തത്തിൽ വന്നു തലയ്ക്കുപിടിച്ചിരിക്കുന്നു. നന്നായി പഠിച്ചാൽ മാത്രമേ നല്ല മാർക്കു ലഭിക്കുള്ളൂ.. നിർണ്ണായകമായ പരീക്ഷ കൂടിയാണ് ഈ പ്ലസ്ടൂ... വീട്ടുകാരുടെ ആ​ഗ്രഹം എന്തോ ആയിക്കൊള്ളട്ടേ... തനിക്കൊരു ലക്ഷ്യമുണ്ട്. അത് നേടാൻ നന്നായി അധ്വാനിക്കണം. പുറത്തേയ്ക്കിറങ്ങിയപ്പോൾ സഫിയ പറഞ്ഞു..

“മോനേ പെട്ടെന്ന് വന്നേക്കണേ... സൂക്ഷിച്ചുപോണം..“

“ശരി ഉമ്മ...“ രണ്ടു വാക്കുകളിൽ ഉത്തരമൊതുക്കി.. .കുറച്ചു ദിവസമായി അവൻ അങ്ങനെയാണ്.. പണ്ട് വാതോരാതെ സംസാരിക്കുമായിരുന്നു. പരീക്ഷചൂടായതുകാരണമായിരിക്കാം ഇപ്പോൾ അവന് സംസാരിക്കാൻ സമയമില്ല... ഉമ്മയുടെ മുന്നിൽ നിന്നും നേരേ ചെന്നത് ഹമീദിക്കയുടെ അടുത്തേയ്ക്കാണ്.

“ഫസലേ എങ്ങോട്ടാ...“

“ഉപ്പ പ്രോജക്ടിന്റെ കാര്യത്തിന്... ഒരു സൂഹൃത്തിന്റെ അടുത്തുനിന്നും ചില പേപ്പറുകൾ വാങ്ങാനുണ്ട്... വൈകുന്നേരത്തോടെ തിരികെയെത്തും.“

“ഓകെ.. നീയിങ്ങുവന്നേ....“ ഹമീദ് മടിയിൽ നിന്നും നൂറു രൂപയെടുത്ത് ഫസലിന്റെ കൈയ്യിൽ കൊടുത്തു.. ഇതേ.. നിന്റെ മാമ ഇന്നലെ പൈസ അയച്ചിരുന്നു. ഇത് നിനക്കുള്ളതാ..“

അവൻ രണ്ടു കൈയ്യും നീട്ടി വാങ്ങി...  അവൻ ​ഗേറ്റ് തുറന്ന് പുറത്തു കടന്നു. ​പുറത്ത് ഡ്രൈവർ വിഷ്ണു നിൽക്കുന്നു... 

“ഫസലേ നീയെങ്ങട്ടാ...“

“ടൗണിലേയ്ക്കാ...“

“വേണേൽ ജം​ഗ്ഷനിൽ ഇറക്കാം. ഇന്ന് ഒരു എയർപോർട്ട് ഓട്ടമുണ്ട്... 

ഇപ്പോൾ വണ്ടിയ്ക്ക് നല്ല ഓട്ടമാണ്. കൂടുതലും എയർപോർട്ട് ഓട്ടമാണ്... അത്യാവശ്യം വരുമാനവുമുണ്ട്. വിഷ്ണുവിന് ജീവിക്കാനുള്ള വക അതിൽനിന്ന് കിട്ടുന്നുമുണ്ട്.. അവൻ നല്ലൊരു ഡ്രൈവറുമാണ്. നാട്ടിലെല്ലാവർക്കും ഹമീദിന്റെ വണ്ടി ഒരനു​ഗ്രഹവുമാണിപ്പോൾ... അധികമായി ആരിൽ നിന്നും ഒന്നും വാങ്ങാറുമില്ല.. മിതമായ നിരക്കായതിനാൽ എല്ലാവരും ഓട്ടം വിളിക്കാറുമുണ്ട്.

ഫസൽ വണ്ടിയിൽ കയറി.. ജം​ഗ്ഷനിൽ അവനെ ഇറക്കി വണ്ടി വലത്തേയ്ക്ക് തിരിഞ്ഞുപോയി..

അൽപനേരത്തിനകം തന്നെ അവനു പോകേണ്ട വഹനമെത്തി.. ലക്ഷ്യം ഐഷുവിനെ കാണുകയെന്നുള്ളതാണ്. അവന് അത് ആരോടും പറയാനുമാവില്ലല്ലോ.. ഇന്നവൾ ..... വരുമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അവരുടെ ബന്ധുവിന്റെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി. അവൻ അവൾ പറഞ്ഞിരുന്ന സ്ഥലത്തിറങ്ങി.. നേരേ നടന്നു. അൽപദൂരം നടന്നപ്പോൾ നന്നായി അലങ്കരിച്ച ഒരു വീടിനു മുന്നിലെത്തി.. അവിടെ വിവാഹത്തിനായുള്ള പന്തൽ കെട്ടിയിരിക്കുന്നു. അവൻ പുറത്ത് അൽപനേരം നിന്നു... അവന്റെ നോട്ടം വീട്ടിനകത്തേയ്ക്ക് നീണ്ടു. 

അവന്റെ ചലനങ്ങളോരോന്നും അകത്തുനിന്നും ഒരാൾ വീക്ഷിക്കുന്നുണ്ടായിരുന്നു. അൽപ നേരത്തിനകം ഐഷു പുറത്തേയ്ക് വന്നു. കൈയ്യിൽ ഒരു പുസ്തകവുമുണ്ടായിരുന്നു. അവൾ മറ്റാർക്കും സംശയമുണ്ടാകാത്ത രീതിയിൽ അടുത്തെത്തി... ആ പുസ്തകം അവന്റെ കയ്യിൽ വെച്ച് കൊടുത്തു.. അവന്റെ മുഖത്തേയ്ക്ക് നോക്കി..

“ഇതിൽ പരീക്ഷയ്ക്ക് ചോദിക്കേണ്ടതെല്ലാമുണ്ട്... നന്നായി പഠിക്കുക... നിനക്ക് ലകഷ്യത്തിലെത്താൻ ഇതൊരു വലിയ കടമ്പതന്നെയാണ്... അതുകൊണ്ട് സമയം നഷ്ടപ്പെടുത്തരുത്...“

അവൻ തലകുലുക്കി...

“ഞാൻ പോട്ടേ...“

അവൻ അതിനും തലകുലുക്കുകയാണ് ചെയ്തത്... ആരൊക്കെയോ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു... പക്ഷേ അവരുടെ പെരുമാറ്റം ആർക്കും സംശയമുണ്ടാക്കുന്നതായിരുന്നില്ല ..

രണ്ടുചുവട് മുന്നോട്ട് നടന്ന് അവൾ തിരിഞ്ഞു നിന്നു...

“പരീക്ഷയ്ക്ക് കാണാം... വീട്ടിലേയ്ക്കല്ലേ... കറങ്ങി നടക്കല്ലേ.“

“ശരി...“

അവൾ തിരി‍ഞ്ഞു നടന്നു... അവൻ അവൾ പോകുന്നതു നോക്കി നിന്നു. അവൾ വീടിന്റെ ​​ഗേറ്റ് കടക്കുന്നതിനു മുന്നേ വീണ്ടും ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി..  അവനോട് അവൾ കൈകൊണ്ട് പോകാൻ ആം​ഗ്യം കാണിച്ചു. തിരികെ ബസ്റ്റോപ്പിലേയ്ക്ക്.. അവിടെ ബസ്സിന്റെ സമയം എഴുതിയ ബോർഡ് നോക്കി... ഇനി അരമണിക്കൂർ കഴിഞ്ഞേ ബസ്സുള്ളൂ... അവിടെ കോൺക്രീറ്റ് ബഞ്ചിലിരുന്നു. പലതും ആലോചിക്കുകയായിരുന്നു. ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊക്കെ അവൾ തനിക്കൊരു താങ്ങായും തണലായും നിന്നിട്ടുണ്ട്. ഇതുവരെ തങ്ങൾ തമ്മിൽ പിണങ്ങിയിട്ടില്ല.. താനും അവളും തമ്മിൽ ഒരുപാട് അന്തരമുണ്ട്.. അവർ വലിയ പണക്കാരാണ്.. വലിയ വീടുണ്ട്. അതിനേക്കാളുപരി  അവൾക്ക് ഒരുപാട് ബന്ധുക്കളുമുണ്ട്. തങ്ങൾക്ക് എന്താണുള്ളത്. . മാമയുടെ വീട്ടിൽ താമസിക്കുന്നു. അവരുടെ കാരുണ്യത്താൽ ചിലവുകൾ കഴിഞ്ഞുപോകുന്നു. വർഷങ്ങൾക്കു മുന്നേ വാപ്പയും ഉമ്മയും തമ്മിൽ വേർപിരിഞ്ഞു... ഈയൊരന്തരീക്ഷത്തിലേയ്ക്ക് അവൾ വന്നു കയറിയാൽ എന്താവും അവസ്ഥ... ഇഷ്ടമാണ് അവൾക്കും തനിക്കും പരസ്പരം. പക്ഷേ ഭാവിയിൽ എന്തു സംഭവിക്കുമെന്നറിയില്ല.. അവൾ അവനു നൽകിയ പുസ്തകം കൈയ്യിലിരിപ്പുണ്ട്. ഭദ്രമായി ന്യൂസ്പേപ്പറിട്ട് കവറ്ചെയ്തിരിക്കുന്നു. തനിക്കുവേണ്ടി പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യവും ഉത്തരവും അവൾ തയ്യാറാക്കി തന്നിരിക്കുകയാണ്. 

അവൾ പറഞ്ഞത് ഇപ്പോഴും അവന്റെ കാതുകളിൽ മുഴങ്ങുന്നു. ഫസലേ പണമല്ല ലോകത്തേയ്ക്ക് ഏറ്റവും വലുതായിട്ടുള്ളത് അറിവാണ്, വിദ്യാഭ്യാസമാണ്, ഇതുണ്ടെങ്കിൽ പണം താനേ വന്നുചേരും... വിദ്യകൊണ്ടു പ്രബുദ്ധരാവുക.. നാരായണ​ഗുരുവിന്റെ വാക്കുകൾ നീയോർക്കുന്നില്ലേ... സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സമൂഹത്തെ ഇന്നത്തെ നിലയിൽ ഉയർത്തിയെടുത്തത്.. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾ തകർത്ത് ആ സമൂഹത്തെ ഉന്നതിയിലെത്തിച്ചത്... ചിന്തിക്കാൻപോലും കഴിയാതിരുന്ന ആ കാലഘട്ടത്തിൽ തമ്പുരാക്കൻമ്മാരുടെ മുന്നിൽ ഓഛാനിച്ചു നിന്നിരുന്ന ഒരു തലമുറയുണ്ടായിരുന്നിവിടെ.

ശരിയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യൻ ഭിന്നിച്ചിരുന്ന ഒരു കാലഘട്ടം... താൻ പ്രതിനിധാനം ചെയ്യുന്ന ഈഴവ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രീനാരായണ​ഗുരു ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സിദ്ധാന്തം എത്രയോ വിലപ്പെട്ടതാണെന്ന് ഇന്നത്തെ സമൂഹത്തിനു ബോധ്യപ്പെട്ടുവരുന്നു. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ... ക്ഷേത്രാരാധനയ്ക്ക് തടസ്സമുണ്ടായപ്പോൾ കണ്ണാടി പ്രതിഷ്ഠിച്ച് അവിടെ പൂജനടത്താൻ പറഞ്ഞ ശ്രീനാരായണ​ഗുരുവിന്റെ നാടാണിത്. അതേവാക്കുകൾ വിദ്യകൊണ്ട് പ്രബുദ്ധരാവുക.

ഒരുപാട് കളിച്ചുനടന്നിട്ടുണ്ട്... വഴിതെറ്റിപ്പോയ ഒരു ജന്മമായിരുന്നു തന്റേത്... ഐഷുവിനെ കണ്ടതിനു ശേഷം ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുള്ളത്... അവൾക്ക് തന്റത്രയും പ്രായമേയുള്ളൂ.. പക്ഷേ എന്തെല്ലാം അറിവാണവൾക്ക്, ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായകാഴ്ചപ്പാടുണ്ടവൾക്ക്. വരുന്നതു വരട്ടെ. കാത്തിരിക്കാം.. ഇനിയും സമയമുണ്ടല്ലോ.. എന്തായാലും ഈ പരീക്ഷ തനിക്കൊരു അ​ഗ്നിപരീക്ഷതന്നെയാണ്.. നന്നായി പഠിയ്ക്കണം... തന്റെ ലക്ഷ്യത്തിന് തടസ്സം തന്റെ അലസത തന്നെയെന്ന് താൻ തിരിച്ചറിഞ്ഞിരിക്കുന്നു.. ഇനി അത് മാറ്റുകതന്നെ വേണം ...

ദൂരെനിന്നും ബസ്സിന്റെ ഹോൺ കേട്ടു... അവൻ ബസ്റ്റോപ്പിൽ  നിന്നും പുറത്തേയ്ക്കിറങ്ങി... അവിടെനിന്നും ബസ്സിൽ കയറാൻ വേറേയും ആളുകളുണ്ടായിരുന്നു. എന്തായാലും ഇവിടെവരെയെത്തി.. കോഴിക്കോട് പോയിട്ടു പോകാമെന്നു അവൻ വിചാരിച്ചു. ബസ്സിൽ സാമാന്യം നല്ല തിരിക്കുണ്ടായിരുന്നു. പുതിയ സ്റ്റന്റിലേക്ക് ടിക്കറ്റെടുത്തു.. മുക്കാൽ മണിക്കൂറത്തെ യാത്രയിൽ ബസ്സ്കോഴിക്കോട് എത്തി  .. അവൻ അവിടിറങ്ങി.. അടുത്തു കണ്ട ഒരു കടയിൽ കയറി സർബത്ത് കുടിച്ചു.. മാമ കൊണ്ടുവന്ന ഇലട്രോണിക് ഡിജിറ്റൽ വാച്ച് കൈയ്യിൽ കെട്ടിയിരിക്കുന്നു. സമയം 11.00 മണി. നേരെ അദ്രുക്കയുടെ കടയിലേക്ക് നടന്നു അവിടെക്കയറി മട്ടൻ ബിരിയാണി കഴിച്ചു പോകാമെന്നതാണ് അവന്റെ ഇന്നത്തെ പ്ലാൻ. മൂന്നു മണിവരെ ഇവിടൊക്കെ ഒന്നു കറങ്ങിനടക്കാമെന്നു അവൻ കരുതി.. അൽപദൂരം നടന്നപ്പോൾ പിറകിൽ നിന്നൊരു വിളി...

“ഫസൽ...“ അവൻ തിരിഞ്ഞുനോക്കി...

പരിചയമുള്ള ശബ്ദം...

“ആമിന എന്താ ഇവിടെ..“

അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി.. 

“നീ എവിടായിരുന്നു... എന്നെക്കാണാൻ വീട്ടിൽ വരാമെന്നു പറഞ്ഞിട്ട് പോയതല്ലേ... പിന്നെന്തേ അങ്ങോട്ടൊന്നും വന്നില്ല. നിന്റെ വീടാണെങ്കിൽ എനിക്കറിയത്തുമില്ല...“

അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി... നിരാശബാധിച്ച ആ മുഖത്ത് നേരേ നോക്കാൻ പോലും അവന് ഭയമായിരുന്നു. തന്റെ സഹോദരിതന്നെ പക്ഷേ... അൻവർ മാമയുടെ വാക്കുകൾ അവന്റെ മനസ്സിലുണ്ട്.. വെറുതേ വയ്യാവേലികൾ എടുത്തു തലയിൽ വയ്ക്കരുതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്... എന്നാലും തന്റെ ചോരയല്ലേ അവൾക്കും..

അല്പനേരം അവനൊന്നും മിണ്ടിയില്ല..

“എന്താ നീയൊന്നും മിണ്ടാത്തേ... എനിക്ക് സഹായമൊന്നും വേണ്ടകേട്ടോ... ഇപ്പോൾ ഒരു ചെറിയ ജോലിയുണ്ട്..

“എന്ത് ജോലി...“

ഒരു വീട്ടിൽ ജോലിക്കു നിൽക്കുന്നു. മക്കളെല്ലാം വിദേശത്താണ്.. അപ്പൂപ്പനും അമ്മൂമ്മയും മാത്രമേയുള്ളൂ... നല്ല സ്നേഹമുള്ളോരാ.. എന്റേയും മോൾടേയും ചിലവ് നടന്നുപോകും.. മാസം നല്ലൊരു തുക തരുന്നുണ്ട്... മോളെ അവരുതന്നെ നോക്കിക്കോളും...

“എവിടെയാ...“

“ഇവിടെനിന്നും ഒരു നാലു കിലോമീറ്റർ  അകത്തേയ്ക്ക് പോകണം.. ബസ്സ്റൂട്ടാണ്... ഇന്നിപ്പോൾ വീട്ടുസാധനങ്ങളം മീനും വാങ്ങാൻ വന്നതാ... ഡ്രൈവറെകൂട്ടിയാ വന്നത്... അവർക്ക് വണ്ടിയും ഡ്രൈവറുമുണ്ട്.“

ദൂരേയ്ക്ക് കൈചൂണ്ടിക്കാണിച്ചു...

“നാട്ടിൽ പോകാറില്ലേ...“

“ഇല്ല... അവൾടെ വാപ്പാനെ  ഞാനങ്ങ് വേണ്ടാന്നുവച്ചു... കള്ളുകുടിച്ച് ബോധമില്ലാതെ വരുന്ന ആ മനുഷ്യന്റെ ഭാര്യയായി തുടർന്നാൽ ഞാനും മോളും ആത്മഹത്യ ചെയ്യേണ്ടിവരും അതാ... എല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ടുപോന്നത്... വാപ്പാന്റെ ഒരു അകന്ന ബന്ധുവാ ഇവിടെ പരിചയപ്പെടുത്തിത്തന്നത്... നാട്ടിലെ വസ്തു എന്റെ ഭർത്താവ് വിൽക്കാൻ നടക്കുകയാണ്... എങ്ങനാ വിൽക്കുക.. അതിനു പ്രമാണമമൊന്നുമില്ല.. വാപ്പാ എവിടെയോ പണയപ്പെടുത്തിയതാ...“

“പിന്നെ... നിന്നെക്കുറിച്ച് ഞാൻ ഓർക്കാറുണ്ട്... വീട്ടിൽ പറഞ്ഞിട്ടുമുണ്ട്... എനിക്ക് നിന്റടുത്ത് വരുമ്പോൾ സ്വന്തം സഹോദരന്റടുത്തെത്തിയതുപോലെയാ... നിന്റെ സഹായത്തിനെല്ലാം ഒരുപാട് നന്ദിയുണ്ട്... നീ ഒരുദിവസം വീട്ടിലേയ്ക്ക വാ... ഇവിടെനിന്നും....... കണ്ണൂർ  ബസ്സിൽ കയറി ചന്തമുക്ക് സ്റ്റോപ്പിൽ ഇറങ്ങി ... അവിടെ ജോസഫ് സാറുടെ വീടു ചോദിച്ചാൽ മതി... ആരോടു പറഞ്ഞാലും കാണിച്ചുതരും...“

“ഞാൻ ഒരുദിവസം അങ്ങോട്ടു വരാം...“

“നീ വീട്ടിലെ ഫോൺ നമ്പർ എഴുതിക്കോ..“

അവൾ നാലക്ക നമ്പർ അവനു പറഞ്ഞുകൊടുത്തു..

“പിന്നേ ഇടക്കൊക്കെ ഒന്ന് വിളിച്ചാലും മതി... എനിക്ക് ഈ ദുനിയാവിൽ എന്റെ മോളു മാത്രമേയുള്ളൂ... നിന്നെ ഞാനെന്റെ അനുജനായിട്ടു കണ്ടോട്ടേ...“

അവളുടെ കണ്ണുകൾ നിറഞ്ഞു... 

അനുജനായിട്ടല്ല... അനുജൻ തന്നെയാണ് എന്നു അവന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു. വേണ്ട... 

“ഞാൻ ഇത്താന്നാണല്ലോ വിളിക്കാറ് പിന്നെന്താ ഇത്താ ഇങ്ങനെ..“

അവൾ കണ്ണു തുടച്ചു... 

“പോട്ടടാ... വീട്ടിൽ ചെന്നിട്ടുവേണം അവർക്കുള്ള ഭക്ഷണമുണ്ടാക്കാൻ.. പിന്നെ നീ നന്നായി പഠിക്കണേ... ഉമ്മയോട് എന്റെ അന്വേഷണം പറയണേ...“

അവൻ തലകുലുക്കി... അവൾ പതുക്കെ തിരിഞ്ഞു നടന്നു... എന്തായാലും അവൾ രക്ഷപ്പെട്ടല്ലോ... താൻ എല്ലാം ഒന്നു മറന്നുവന്നതാണ്.. വീണ്ടും ഓർമ്മകൾ അവന്റെ മനസ്സിലേയ്ക്ക് ഓടിയെത്തി... കടിഞ്ഞാണില്ലാതെ ചിന്തകൾ കാടുകയറിയപ്പോൾ അവൻ പതുക്കെ അവിടെനിന്നും കുറച്ചു മുന്നിലേയ്ക്ക് നടന്നു. അടുത്ത ആഴ്ച പരീക്ഷയാണ്... ഇതൊക്കെ ചിന്തിച്ചിരുന്നാൽ താൻ ജീവിതത്തിൽ വീണ്ടും തോറ്റുപോകും. തനിക്കു മാത്രമേ അറിയാവൂ അവൾ തന്റെ സഹോദരിയാണെന്ന്.. അവൾ അതറിഞ്ഞാലല്ലേ കുഴപ്പമുള്ളൂ.. ഇനി അതൊട്ട് അറിയാനും പോണില്ല... അതുകൊണ്ട് ചിന്തകൾക്ക് തൽക്കാലം കടിഞ്ഞാണിടാം..

അവൻ ... ഹോട്ടലിൽ കയറി.. ബിരിയാണിക്ക് ഓർഡർ കൊടുത്തു.. അൽപ നേരത്തിനകം ബിരിയാണിയെത്തി... കൊതി യോടെ അവൻ കഴിച്ച് കൈകകഴുകി പണം നൽകി തിരികെ ബസ്‌സ്റ്റാന്റിലേക്ക് ഓട്ടോ പിടിച്ചു ബസ്റ്റാന്റിലെത്തി... ബസ്റ്റാന്റെ തികച്ചും വിജനമായിരുന്നു. ആദ്യം വന്ന തൃശ്ശൂർ ബസ്സിൽ കയറി  തലപ്പാറയ്ക്കു ടിക്കറ്റെടുത്തു  അവിടെ നിന്നു വേറേ ബസ്സ് കിട്ടും.. എങ്ങനെയായായും നാലുമണിയാവും വീട്ടിലെത്താൻ...

“സഫിയാ ഫസലുവന്നില്ലേ മോളേ...“

“ഇല്ല വാപ്പാ...“

“അതെന്താ അവനിത്ര ലേറ്റാകുന്നേ...“

“സുഹൃത്തിനെ കാണാൻ പോയതല്ലേ.. എന്തായാലും നാലുമണിക്കുമുന്നേ എത്തുമെന്നാ പറഞ്ഞത്.. പോകാൻ നേരത്ത് വാപ്പ പൈസയും കൊടുത്തില്ലേ... ഇനി അവൻ ബിരിയാണിയും കഴിച്ചേ വരൂ...“

ഹമീദ് പൊട്ടിച്ചിരിച്ചു... 

“അവന്റെ പൂതി കൊള്ളാം... മട്ടൻ ബിരിയാണീന്നു പറഞ്ഞാ ചാവും... പണ്ടേ അവനങ്ങനയാ..“

“വാപ്പല്ലേ അവനെ ശീലിപ്പിച്ചത്... എവിടെപ്പോയാലും ഒരു പൊതി... അത് ബിരിയാണിയായിരിക്കും..“

“ശരിയാ... അന്ന് അവന്റെ സന്തോഷല്ലയിരുന്നോ നമുക്ക് വലുത്.. അവനൊന്നും ആവശ്യപ്പെടില്ലായിരുന്നല്ലോ...“

“ശരിയാ വാപ്പാ... ഇപ്പോഴും അവനങ്ങനെയാ... ഒരു കാര്യവും അവൻ ചോദിക്കാറില്ല.. ഇപ്പോ പരീക്ഷാച്ചൂടല്ലേ... രാത്രി വളരെ വൈകിയാ കിടക്കുന്നതെന്നാ നാദിറപറഞ്ഞത്...“

“മോളേ അൻവർ വിളിച്ചിരുന്നോ...“

സഫിയ മെല്ലെ അടുത്തെത്തി..

“വിളിച്ചു വാപ്പാ... അവൻ നാദിറയോട് ഒന്നും സംസാരിക്കുന്നില്ല .. ഫോൺ വന്നെന്നു പറഞ്ഞാൽ നാദിറ പിന്നെ വിളിക്കാൻ പറ‍ഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യുന്നു.“

“അതെന്താ അങ്ങനെ.. അവർ തമ്മിൽ വല്ല പ്രശ്നവും..“

“എന്തോ പ്രശ്നമുണ്ട്.. ഞാൻ അൻവറിനോട്  തന്നെ ചോദിക്കാം... ഇന്ന് ശനിയാഴ്ചയല്ലേ.. മിക്കവാറും വിളിക്കുകമായിരിക്കും.“

അൽപം കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു.. സഫിയതന്നെ പോയി ഫോണെടുത്തു... അവൾ വിചാരിച്ചതുപോലെതന്നെ അത് അൻവറായിരുന്നു.

“അൻവറെ ഞാനാ സഫിയ.. നാദിറേ വിളിക്കട്ടേ..“

“വേണ്ട സഫിയാ...“

“അതെന്താ അൻവറെ നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം..“

“സഫിയാ.. വാപ്പായോടൊന്നും പറയേണ്ട... അവൾക്കിപ്പോ എന്നെ ഭയങ്കര സംശയാ... ഞാനിതെങ്ങനാ നിന്നോട് പറയുകയെന്നു കരുതിയിരിക്കുയാണ്.“

സഫിയ തരിച്ചിരുന്നുപോയി പടച്ചവനെ തന്റെ ജീവിതം തകർന്നതും എന്റെ മകൻ അനാഥമായതും ഈ സംശയ രോഗം തന്നെ അല്ലെ ... ഒരിക്കലും ഒരു വിള്ളലും ഉണ്ടാവില്ലെന്നു കരുതിയിരുന്നതാണ് അവർ തമ്മിലുള്ള ബന്ധം... സ്നേഹത്തിന് ഒരു കുറവുമില്ല പക്ഷേ കുട്ടികളില്ലാത്ത ദുഃഖം മാത്രം..

“അവൾ പറയുന്നത് എനിക്കിവിടെ വേറേ ബന്ധമുണ്ടെന്നാ .. ഞാനെങ്ങനാ സഫിയാ നിന്നോടിതൊക്കെ പറയുക...“

“ഇല്ലാ അൻവറെ . നീ പറഞ്ഞോ അങ്ങിനെ എങ്കിലും നിന്റെ മനസ്സൊന്നു തണുക്കട്ടെ ... മറ്റാരാ ഇതൊക്കെ കേൾക്കാനിരിക്കുന്നേ...“

അൻവർ ജോലിയ്ക്ക് ജോയിൻ ചെയ്തിട്ട് ഇത് രണ്ടാമത്തെ മാസമാണ്. നല്ല ജോലിയുണ്ട്.. ജോലിയുടെ ഭാ​ഗമായി പലയിടത്തും പോകേണ്ടിവരുന്നുണ്ട്. ഇന്ന് ​ഗോവയിലാണെങ്കിൽ രണ്ടുദിവസം കഴിഞ്ഞ് മം​ഗലാപുരത്തെത്തണം... ലോഡ് കയറ്റി അയച്ചു കഴിഞ്ഞാൽ അതിന്റെ പേയ്മെന്റും മറ്റു കാര്യങ്ങളും ഫോളോഅപ്പ് ചെയ്യണം. തിരക്കുപിടിച്ച ജോലിയാണ്... ഇതിനിടയിൽ അവന് അവളെ വിളിക്കാൻ സമയം ലഭിക്കാറുമില്ല.. അവൾ കരുതിയത് അവന് വേറെ ബന്ധം അവിടെയുണ്ടാകുമെന്നാണ്.

വിവാഹം കഴിഞ്ഞിട്ട് 8 വർഷങ്ങളായി.. കുട്ടികൾ ഉണ്ടാവില്ലെന്ന് രണ്ടാൾക്കുമറിയാം... അവളുടെ കുഴപ്പാണെന്നുമറിയാം.. പക്ഷേ ഒരു മുസൽമാനായ തനിക്ക് വേണമെങ്കിൽ വേറെ വിവാഹംകഴിക്കാം.. പക്ഷേ ജീവിതത്തിൽ ഒരു പുരുഷന് ഒരു സ്ത്രീയെ മാത്രമേ ആത്മാർത്ഥമായി സ്നേഹിക്കാനാവൂ എന്ന പക്ഷക്കാരനാണ് അൻവർ.. മാനസികമായി ഒരു സ്ത്രീയ്ക്കേ തന്റെ ജീവിതത്തിൽ സ്ഥാനമുള്ളൂ.. ഒന്നിലധികം വിവാഹം കഴിക്കുന്നവരുണ്ടാവാം. പക്ഷേ എങ്ങനെ അതുവരെ സ്വന്തം ശരീരത്തോട് മനസ്സിനോട് ഹൃദയത്തോട് ചേർത്തു നിർത്തിയവളെ തള്ളിമാറ്റി മറ്റൊരു സ്ത്രീയ്ക്ക് അവിടെ സ്ഥാനം നൽകാനാവുക... അത് ഒരുപക്ഷേ ശരീരത്തോടുള്ള സ്നേഹമായിരിക്കും. മനസ്സിനോടുള്ളതാവില്ല... പടച്ചോൻ ഒരുമിപ്പിച്ചതാണ് തങ്ങളെ... കുട്ടികളുണ്ടായില്ലെങ്കിൽ വേണ്ട... പക്ഷേ പടച്ചോൻ കൂട്ടിയോജിപ്പിച്ചതിനെ വേർപെടുത്താൻ മനുഷ്യജന്മങ്ങളായ നമുക്കവകാശമില്ല... നല്ല സമയത്തും മോശ സമയത്തും കൂടെ നിന്നവളാണവൾ കൈവിടില്ല ജീവിതത്തിലൊരിക്കലും.. ഇപ്പോഴത്തേതൊക്കെ ചില സൗന്ദര്യപ്പിണക്കങ്ങളായിരിക്കാം.. അതൊക്കെ അടുത്തെത്തിയാൽ തീരുന്നതേയുള്ളൂ..

ദൈവത്തിന്റെ സൃഷ്ടികൾ വ്യത്യസ്ത രൂപത്തിലാണ്. പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടികൾക്കും വ്യക്തമായ സ്വഭാവ വൈചിത്ര്യങ്ങളുണ്ട്. സൃഷ്ടികളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം. വിവാഹമെന്നത് തലമുറ നിലനിർത്തിക്കൊണ്ടുപോവുകഎന്നതിലുപരി മനുഷ്യജന്മം നിലനിർത്തുക എന്നുള്ളതാണ്. അത് വിവാഹമെന്ന ചടങ്ങിലൂടെ പ്രാവർത്തികമാക്കാം. പക്ഷേ ദൗർഭാ​ഗ്യവശാൽ അവർക്ക് കുഞ്ഞുങ്ങളുണ്ടായില്ലെങ്കിലോ... ദൈവം എവിടേയും പറഞ്ഞിട്ടില്ല എത്ര കുട്ടികൾ വേണമെന്ന്.. ദൈവമൊരിടത്തും പറഞ്ഞിട്ടില്ല എത്ര വിവാഹം കഴിക്കണമെന്ന്.. ഇതെല്ലാം ദൈവികമായ നടപടികൾ മാത്രം.. അച്ഛന്റെയും അമ്മയുടെയും സ്നേഹം പങ്കുവയ്ക്കുന്നത് കുഞ്ഞുങ്ങളുമായിട്ടായിരിക്കാം. പക്ഷേ കുഞ്ഞുങ്ങളില്ലെന്നുകരുതി സ്നേഹത്തിനു കുറവുവരുമോ... സ്നേഹിക്കാൻ സ്നേഹം പങ്കുവയ്ക്കാൻ ഒരുപാടു പേരുണ്ട്. അച്ഛനേയും അമ്മയേയും സ്നേഹിക്കാം, സഹോദരങ്ങളെ സ്നേഹിക്കാം, സ്നേഹിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം സംതൃപ്തി അത് കുട്ടികളില്ലെന്നു കരുതി കുറയുമോ...? പരസ്പര വിശ്വാസം കുഞ്ഞുങ്ങളില്ലാത്തതിനാൽ കുറയുമോ... ഇവിടെ സമൂഹത്തിന്റെ ചോദ്യം, അതാണ് പ്രശ്നം.. വിവാഹം കഴിഞ്ഞാൽ ആറുമാസം കഴിഞ്ഞ് വിശേഷമില്ലെങ്കിൽ സമൂഹം ചോദിക്കും. ആർക്കാ പ്രശ്നമെന്ന്... സമൂഹം കരുതുന്നത് വിവാഹം കഴിക്കുന്നതുതന്നെ കുട്ടികളെ ഉണ്ടാക്കാനാണെന്നാണ്. ഈ ലോകത്തുള്ള ആരേയും സ്നേഹിക്കാം താലോലിക്കാം.. അതിന് ഭാഷയോ ദേശമോ പ്രശ്നമല്ല.. എത്രയോ ഇൻന്ത്യ ൻ കുട്ടികളെ വിദേശികൾ ലീ​ഗലായി ദത്തെടുത്ത് വളർത്തുന്നു. അവരെല്ലാം സന്തോഷമായല്ലേ ജീവിക്കുന്നത്... സ്വന്തമായി കുഞ്ഞുങ്ങളുണ്ടാവില്ലെന്നു കരുതി വിഷമിച്ചിരിക്കാതെ രക്ഷകർത്താക്കളില്ലാതെ... ജന്മനാ ഉപേക്ഷിക്കപ്പെട്ടതോ.. അല്ലാതെയോ ഉള്ള എത്രയോ കുട്ടികൾ നമ്മുടെ ശിശുസംരക്ഷണകേന്ദ്രത്തിലുണ്ട്. അവരിലൊരാൾക്ക് ജീവിതം കൊടുത്തുകൂടെ.. അതിനേക്കാൾ നന്മ മറ്റെന്തിനാണുള്ളത്.. ആരുടെ ചോരയെന്നുള്ളതല്ല അവിടെ നോക്കേണ്ടത്... ദൈവത്തിന്റെ ഏറ്റവും മഹത്തരമായ ഒരു സൃഷ്ടിയെ താൻ സംരക്ഷിക്കുന്നു. അത്രമാത്രം ചിന്തിച്ചാൽ മതി. അതും തന്നെപ്പോലൊരു മനുഷ്യ ജന്മമാണെന്നുള്ള തിരിച്ചറിവ്.. അതും ദൈവത്തിന്റെ സൃഷ്ടിയാണെന്നുള്ള ബോധം അതുമാത്രം മതി.. അവിടെ സമൂഹത്തിന്റെ അഭിപ്രായത്തിനായി കാത്തുനിൽക്കേണ്ടതില്ല... കാത്തുനിന്നാൽ കാലചക്രം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. അത് തിരിഞ്ഞുകൊണ്ടേയിരിക്കും.

ഈ ജന്മത്തിൽ കുഞ്ഞുങ്ങളില്ലാത്തത് ഒരു പക്ഷേ പരലോകത്ത് അനേകം കുട്ടികളെ താലോലിക്കാനുള്ള അവസരം ദൈവം ഒരുക്കിയിട്ടുണ്ടാവാം. കുട്ടികളുണ്ടാവാത്തത് ശാപമെന്നു കരുതി സ്വയം ശപിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ദൈവനിന്ദ വേറേയൊന്നുമില്ല. നാമോരോരുത്തരും മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് അവരറിയാതെ നിരീക്ഷിക്കാനാ​ഗ്രഹിക്കുന്നവരാണ്. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നു എന്ന തോന്നലുണ്ടാകുന്നതുതന്നെ ഈയൊരു ചിന്താ​ഗതികൊണ്ടുമാത്രം.. സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യംകൊടുക്കാതെ സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുക... സ്നേഹം പങ്കുവയ്ക്കലാണ്... അതിന് പരിമിതികളില്ല... വിശാലമായ ഈ ലോകത്ത് നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുഞ്ഞുണ്ടാവും... അത് ഒരുപക്ഷേ രക്തബന്ധമില്ലാത്തതാകാം. കുഞ്ഞിന്റെ പ്രതീക്ഷകൾക്ക് നിറം പകരുക... വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് മനുഷ്യശാസ്ത്രം (മനുഷ്യത്വം) വിജയിക്കും... ജനിക്കുമ്പോൾ നാമെല്ലാം അനാഥരാണ്... നമ്മളെ ശുശ്രൂഷിച്ച് വളർത്തി പറഞ്ഞ് പഠിപ്പിച്ച് അച്ചായെന്നും അമ്മായെന്നും വിളിപ്പിക്കുന്നു... നമുക്ക് സ്വന്തമെന്നു പറയുന്നത് നമ്മുടെ ശരീരം മാത്രം... എന്ന് നമ്മുടെ ശരീരം ഒറ്റയ്ക്കാകുന്നോ അന്ന് നമുക്ക് വിലയില്ലാതാകും.. വെറും മൃതദേഹമാകും... അതുകൊണ്ടാണല്ലോ നാമോരോരുത്തരും അസുഖം വരുമ്പോൾ ഡോക്ടറെക്കാണാൻ പോകുന്നത്... വ്യായാമം ചെയ്യുന്നത്... ഭക്ഷണം കഴിക്കുന്നത്... ഇതെല്ലാം ആർക്കുവേണ്ടിയാണ്.. സ്വന്തം ശരീരത്തിനുവേണ്ടി... നമുക്കുവേണ്ടി... അപ്പോൾ നാമല്ലേ പ്രധാനം... നമ്മുടെ സന്തോഷമല്ലേ പ്രധാനം... അതിനായി പ്രയത്നിക്കുക.... ശാസ്ത്ര പുരോ​ഗതിയിൽ മറ്റുള്ളവരുടെ അവയവങ്ങൾ സ്വശരീരത്തിൽ തുന്നിച്ചേർത്ത് ജീവിക്കാമെന്നുണ്ടെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിൽ എന്താണ് തെറ്റ്... സമൂഹം മാറട്ടെ... അനാഥർ ഇല്ലാതാവട്ടെ...

ജന്മംനൽകിയവർ തന്നെ മുലപ്പാലിന്റെ മധുരം നുകരുന്നതിനു മുന്നേ ജീവൻ എടുത്ത് വെറും ഒരു ബക്കറ്റിലാക്കി പുഴയിലൂടെ ഒഴുക്കി വിട്ടവർനമ്മുടെ സമൂഹത്തിലെ ശാപമാണ്.പിഞ്ചു കുഞ്ഞിന്റെ ജീവൻ എടുക്കുന്നതിനു പകരം ഏതേലും അനാഥ മന്ദിരത്തിലോ അമ്മ തോട്ടിൽ പോലുള്ള ഇടങ്ങളിലോ കുട്ടികളില്ലാത്ത ദമ്പതികൾക്കോ നൽകിയിരുന്നെങ്കിൽ ഒരു ജീവന്റെ തുടിപ്പ് അവസാനിക്കില്ലായിരുന്നു മക്കളില്ലാത്ത ദമ്പതികൾക്ക് അതൊരു അനുഗ്രഹമാകുമായിരുന്നു.

കുട്ടികൾ ഉണ്ടാവില്ലന്നു കരുതി സ്വന്തം ശരീരത്തെ ഒരു പരീക്ഷണ വസ്തു ആക്കാതെ ദൈവത്തിന്റെ സ്രേഷ്ട സൃഷി ആയ ഒരു മനുഷ്യ ജൻമ്മത്തെ ദത്തെടുത്തു കൂടെ എവിടെയോ വായിച്ചതായി ഞാൻ ഓർക്കുന്നു മുപ്പത് വയസ്സുള്ള യുവാവും ഇരുപത്തിആറുവയസ്സുള്ള യുവതിയും വിവാഹത്തിന്റെ അന്ന് നേരെ പോയത് ഒരു അനാഥ മന്ദിരത്തിലേക്കാണ്  അവിടെ നിന്ന് ഒരു കുഞ്ഞിനേയും ദത്ത് എടുത്ത് കൊണ്ട് അവർ വീട്ടിലേക്ക് പോയി.അവർ പറഞ്ഞത് ഇതാണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവുമായിരിക്കും അല്ലങ്കിൽ ഉണ്ടാവില്ലായിരിക്കും പക്ഷെ അനാഥമായൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിലൂടെ ആ കുഞ്ഞു സനാഥനായി മാറും അനാഥരില്ലാത്ത ലോകം അതാണ് അവർ കണ്ട സ്വപ്നം.....

സഫിയ അൻവറിനെ സമാധാനിപ്പിച്ചു.. 

“സഫിയ നീയിപ്പോൾ അവളൊടൊന്നും ചോദിക്കേണ്ട.. എന്തായാലും അടുത്ത ആഴ്ച  ഞാൻ നാട്ടിൽ വരുന്നുണ്ട്.. നേരിൽ സംസാരിച്ചാലേ അവളുടെ സംശയങ്ങൾ മാറുള്ളൂ... ഇവിടെ എനിക്ക് കമ്പനി ക്വാർട്ടേഴ്സുണ്ട്.. അവൾക്ക് ഇവിടെ നിൽക്കാമെന്നുണ്ടെങ്കിൽ കൊണ്ടുവരാം.“

“ശരിയാ അൻവറെ ... അതാ നല്ലതെന്നു തോന്നുന്നു.“

“അൻവർ അടുത്ത ദിവസം വിളിക്കാമെന്നു പറഞ്ഞ് ഫോൺവച്ചു.“

സഫിയ വന്നപ്പോൾ ഹമീദ് ചോദിച്ചു.

“സഫിയാ.. അൻവറിനെന്താ വിശേഷം...“

“പ്രത്യേകിച്ചൊന്നുമില്ല.. അടുത്ത ആഴ്ച വരുന്നുണ്ട്..“

“ശരി.. നാദിറയും അവനും തമ്മിൽ എന്തേലും പ്രശ്നമുണ്ടോ..“

അവൾ ഒന്നും മിണ്ടിയില്ല..

“സാധാരണ ഫോൺ വന്നാൽ അവൾ ഓടി വരാറുണ്ട്. കുറച്ചു ദിവസമായി അങ്ങനല്ലല്ലോ..“

“വാപ്പാ അൻവർ അടുത്താഴ്ച വരട്ടേ... അവരുതമ്മിൽ എന്തോ സൗന്ദര്യപ്പിണക്കം.. അത് എല്ലായിടത്തുമുള്ളതല്ലേ...“

“ശരിയാ ... ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യമേ...“ ഹമീദ് നെടുവീർപ്പിട്ടു...

ബസ്സിറങ്ങി ഫസൽ വീട്ടിലേയ്ക്ക് നടന്നു... നാലു മണിക്ക് മുന്നേ വീട്ടിലെത്തി.. സഫിയ ഓടിയെത്തി അവന്റെ കൈയ്യിൽ കയറി പിടിച്ചു.. മൂക്കിനടുത്തേയ്ക്ക് കൊണ്ടുവന്നു...

“നീയിന്നു ബിരിയാണി കഴിച്ചല്ലേ...“

അവൻ ചൂളിപ്പോയി...

“അതേ ഉമ്മാ... ഉപ്പ പൈസാതരുന്നതേ എനിക്ക് ബിരിയാണി കഴിക്കാനാ..“

“ഉപ്പയാ നിന്നെ വഷളാക്കുന്നത് ..“

കൈയ്യിലെന്താ..

“പുസ്തകാ.. പഠിക്കാനുള്ള കാര്യങ്ങളാ..“

“ശരി... ശരി.. വേ​ഗം കുളിച്ചേച്ചു വാ.. ചായയെടുത്തുവക്കാം.“

അവൻ റൂമിലേയ്ക്ക്  പോയി.. ബുക്ക് ഭദ്രമായി മേശയ്ക്കുള്ളിൽവച്ചു... കുളിച്ച് താഴത്തെ ഹാളിലെത്തി ...



 ഷംസുദ്ധീൻ തോപ്പിൽ  09 02 2020

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 02 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ