14.3.20

നിഴൽവീണവഴികൾ - ഭാഗം - 65

 
 
അവരാണ് അവളെ വീട്ടിലെത്തിച്ചത്.. കഠിനപ്രയത്നത്തിലൂടെ അവൾ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. അവനെതിരെ കേസും കൊടുത്തു. അവളൊരു ഛാൻസീറാണിയാടാ... നല്ല ആത്മാർത്ഥതയുള്ള കുട്ടി.. അങ്ങനെ എല്ലായിടത്തും ജോലിക്കൊന്നും പോവില്ല.. നല്ല കുടുംബമാണെങ്കിൽ മാത്രമേ പോവുള്ളൂന്നാ അവളെന്നോട് പറഞ്ഞത് ..

അടുത്ത ദിവസം തന്നെ ജോലിക്കാരി ജോലിക്കെത്തി.. വിചാരിച്ചതുപോലെതന്നെ വളരെ നല്ല സ്വഭാവമുള്ള കുട്ടി... കാഴ്ചയിൽ വലിയ പ്രായമൊന്നും തോന്നില്ല. പക്ഷേ മുഖത്ത് ദുഃഖം നിഴലിയ്ക്കുന്നുണ്ട്.. അതാരെയും കാട്ടാതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്. കുറച്ച് ദിവസങ്ങൾകൊണ്ട് അവൾ എല്ലാവരുടേയും സ്നേഹം പിടിച്ചുപറ്റി. ഉമ്മയുടെയും ഉപ്പയുടെ കാര്യത്തിൽ അവളുടെ ശ്രദ്ധ മക്കളെപ്പോലും നാണിപ്പിക്കുന്നരീതിയിലായിരുന്നു. നാദിറയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ അവൾ ചെലുത്തുന്നുണ്ട്.. അവൾക്ക് താഴത്തെ നിലിൽ സ്റ്റോർ റൂമിനോട് ചേർന്നുള്ള റൂമാണ് നൽകിയിരുന്നത്. രാവിലെ 4 മണിക്ക് എഴുന്നേൽക്കും അടുക്കളയൊക്കെ വൃത്തിയാക്കലാണ്. അതു കഴിഞ്ഞാൽ നേരം വെളുത്തുടൻ മുറ്റമടിച്ച് വൃത്തിയാക്കും. ഒരോരുത്തരുടേയും ഡ‍്രസ്സുകൾ പ്രത്യേകം പ്രത്യേകം കൊണ്ടുപോയി കഴുകി വിരിക്കും. ഇതിനിടയിൽ അടുക്കളപ്പണികളൊക്കെ തീർത്തിരിക്കും. അതു കഴിഞ്ഞാൽ പിന്നെ റഷീദിന്റെ കുഞ്ഞിനെ ലാളിച്ചുകൊണ്ടിരിക്കും. അവൾക്കും ആഗ്രഹം കാണുമല്ലോ... അതായിരിക്കും കുഞ്ഞിനോടിത്ര സ്നേഹം.

ഫസലിന്റെ പരീക്ഷയുടെ അവസാന ദിവസം... രാവിലെ കാപ്പി കുടിച്ച് അവൻ സ്കൂളിലേയ്ക്ക്.. എത്തിച്ചേരാൻ കുറച്ചു താമസിച്ചതിനാൽ നേരേ പരീക്ഷാഹാളിലേയ്ക്ക്.. ഐഷുവിനെ കണ്ടിട്ടു പോകണമെന്നുണ്ടായിരുന്നു. പക്ഷേ സമയം താമസിച്ചതിനാൽ അതിനു കഴിഞ്ഞില്ല.. മറ്റെല്ലാ പരീക്ഷകളും അവന് വളരെ എളുപ്പമായിരുന്നു. ഇതും അങ്ങനെയായിരിക്കുമെന്നുള്ള പ്രതീക്ഷയായിരുന്നു അവന്റെ മനസ്സിൽ. പടച്ചോനെ മനസ്സിൽ ധ്യാനിച്ച് ചോദ്യപേപ്പർ വാങ്ങി.. എന്നത്തേയും പോലെ എളുപ്പമുള്ള ചോദ്യങ്ങളാണെന്ന് അവന് മനസ്സിലായി.. ഐഷുവിന്റെ മോഡൽ ചോദ്യപേപ്പറുകൾ വളരെ കറക്ടാണെന്നു തോന്നി.. ഇനി അവൾക്ക് ചോദ്യം ചോർന്നു കിട്ടിയതെങ്ങാനുമാണോ.. ഇല്ലില്ല.. അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമവൾക്കില്ല. കാരണം അവൾ ഈ സ്കൂളിന്റെ പ്രതീക്ഷയാണ്.. ഇത്രയും നന്നായി പഠിക്കുന്നൊരു കുട്ടിക്ക് അതിന്റെ ആവശ്യമില്ല..

അവൻ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഓരോന്നായി എഴുതാൻ തുടങ്ങി. ഒന്നുരണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് കുറച്ച് സംശയം ഉണ്ടായെങ്കിലും ഒന്നും എഴുതാതെവിട്ടില്ല.. എന്തായാലും ജയിക്കാനുള്ളതിനേക്കാൾ മാർക്കു കിട്ടുമെന്നുറപ്പായിരുന്നു.

എല്ലാം എഴുതി ക്കഴിഞ്ഞ് മൊത്തത്തിലൊന്നോടിച്ചു നോക്കി.. അഭിമാനം തോന്നി... ഇന്ന് കൊണ്ട് പരീക്ഷ അവസാനിക്കുന്നു. ജീവിതത്തിലെ വലിയൊരു പരീക്ഷണം... ഈ കടമ്പ കടക്കാമെന്നുള്ള ഉറപ്പ് ഇപ്പോൾ മനസ്സിലുണ്ട്. എല്ലാവരുടെയും ആഗ്രഹം സാധിക്കണം.. അതിന് താൻ തന്നെ മുൻകൈയ്യെടുക്കണം.. 

അവൻ പരീക്ഷാഹാളിൽ നിന്നും പുറത്തു കടന്നു... ഐഷുവിന്റെ ഹാളിന്റെ സമീപത്തായി നിന്നു.. അൽപസമയത്തിനകം അവൾ എത്തി.. അവളുടെ മുഖം കടുത്തിരിക്കുന്നു. ഒരു ചിരിപോലുമില്ല.

“ഐഷു പരീക്ഷ എങ്ങനുണ്ടായിരുന്നു.“

“കുഴപ്പമില്ല.. നിനക്കോ?“

“എനിക്ക് നല്ല എളുപ്പമായിരുന്നു.“

“ഉം..“

“എന്താ.. എന്തുപറ്റി നിനക്കൊരു സന്തോഷമില്ലാത്തെ..“

“നീയെന്താ രാവിലെ ലേറ്റായത്..“

“ബസ്സ് കിട്ടാൻ താമസിച്ചു..“

“ഓക്കെ... പരീക്ഷയ്ക്ക് നേരത്തേ ഇങ്ങണമെന്നറിയില്ലേ..“

“ഇനിയെന്നാ കാണുക..“

അവൾ അവന്റെ മുഖത്തേയ്ക്കു നോക്കി... മുന്നോട്ടു നടന്നു...

“എന്നെ കൊണ്ടുപോകാൻ കാർ എത്തി...“

അവൾ മുന്നെ നടന്നു.. അവൻ അൽപദൂരം പിറകേ... അവൾ തിരിഞ്ഞു നിന്നു. യാത്ര യോദിച്ചു..

“ഓക്കെ.. ഇനിയും കാണാം.. ഞാൻ...“

അവൾ നടന്നകന്നു... കാറിനടുത്തെത്തി തിരിഞ്ഞു അവനെ നോക്കി... കൈയ്യാട്ടി വിളിച്ചു..

അവൻ ഓടി അടുത്തെത്തി...

അവൾ കാറിന്റെ ഗ്ലാസ്സ് താഴ്ത്തി.. 

“നീ വരുന്നോ?“

കേൾക്കാൻ കൊതിച്ച വാക്കുകൾ.. അവൻ പിന്നീടൊന്നും ആലോചിച്ചില്ല.. മുൻവശത്തെ ഡോർ തുറന്ന അകത്തു കയറി...

വെപ്രാളത്തിനിടയിൽ ആരാണ് വണ്ടിയോടിച്ചതെന്ന് നോക്കിയില്ല... 

“ങ്ഹാ അങ്കിളോ..?“

“ഫസലേ പരീക്ഷ എങ്ങനുണ്ടായിരുന്നു.“

“നന്നായിരുന്നു.“

“ഒരു ഫസ്റ്റ് ക്ലാസ് പ്രതീക്ഷിക്കാമോ..“

“അങ്കിൾ ഞാൻ നന്നായി എഴുതി... ഇനിയെല്ലാം പടച്ചോന്റെ കൈയ്യിൽ.“

“വാപ്പാ.. ഞാൻ എല്ലാ ചോദ്യങ്ങളുടേയും മോഡൽ കൊടുത്തിരുന്നു... അതിൽ നിന്നുള്ള ചോദ്യങ്ങളാ മുഴുവൻ ചോദിച്ചത്.. പിന്നെ ഇതൊരു പ്രയാസമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല...“

അവൻ അതിന് ഉത്തരം പറഞ്ഞില്ല..

“അടുത്തത് എന്താ പ്ലാൻ..“ അദ്ദേഹം അവനോട് ചോദിച്ചു.

“ഒന്നും തീരുമാനിച്ചിട്ടില്ല.. എൻഡ്രൻസ് എഴുതാൻ ആഗ്രഹമുണ്ട്...“

“ആഗ്രഹം മാത്രം പോരാ പ്രയത്നിക്കുകയും വേണം. ഫസലിന് ക്ലാസിന് പോകാൻ താല്പര്യമുണ്ടോ..?“

“ഉണ്ട് അങ്കിൾ..“

“ശരി... ഈ വരുന്ന ഏഴാം തീയതി എൻഡ്രൻസ് ക്ലാസ് തുടങ്ങുകയാണ്... സിറ്റിലിലെ എക്സ്ട്രീം കോളേജിലാണ്... അവിടുത്തെ പ്രിൻസിപ്പാൾ എന്റെയൊരു സുഹൃത്താണ്.. താല്പര്യമാണെങ്കിൽ ഞാൻ വിളിച്ചു പറയാം... ഐഷുവും അവിടെയാണ് പോകുന്നത്..“

അവന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ലായിരുന്നു. ഐഷു ഉള്ളിടത്ത് എത്താനുള്ള അവസരം വെറുതെ കളയാമോ..?“

“പിന്നെ.. വീട്ടുകാരോട് സംസാരിച്ച് നാളെയോ മറ്റന്നാളോ വീട്ടിൽ വന്ന് പറയണം...“

“ശരി അങ്കിൾ...“

“ശരി.. ഫസലേ.. ഞാൻ നിന്നെ ഇവിടെ ഇറക്കാം.. ഇവിടുന്ന് എപ്പോഴും ബസ്സ് കിട്ടുമല്ലോ.?“

“ശരി അങ്കിൾ..“

റോഡ് രണ്ടായി തിരിയുന്ന ഭാഗമായിരുന്നത്.. അവർക്ക് പോകേണ്ട വഴി ഇടത്തോട്ടുള്ള റോഡിലൂടെയാണ്... തനിക്ക് വലത്തോട്ടുള്ള റോഡിലൂടെയും.. 

അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഐഷുവിനോട് യാത്രയും പറഞ്ഞ് അവൻ ഇറങ്ങി... വഹനം ഇടത്തോട്ട് തിരിഞ്ഞ് മുന്നോട്ട് പോയി.. ഐഷു അവനേ നോക്കി  ടാറ്റാ കാണിച്ചു അവനും...

മനസ്സിന് വല്ലാത്ത സന്തോഷം... എന്തായാലും അവളെ കാണാനൊരു വഴിയുമായല്ലോ.. കൂടാതെ തുടർന്നു പഠിക്കണമെന്നുള്ള മോഹവും അവന്റെ മനസ്സിലുദിച്ചിരുന്നു.

വളരെ സന്തോഷത്തോടുകൂടിയാണ് അവൻ വീട്ടിലെത്തിയത്.

“മോനേ.. എങ്ങനുണ്ടായിരുന്നു.“

“നല്ല എളുപ്പമുണ്ടായിരുന്നു..“

“അൽഹംദുലില്ല..“

എല്ലാവർക്കും വളരെ സന്തോഷമായി... 

“ഉപ്പാ.. അടുത്തയാഴ്ച മെഡിക്കൽ എൻഡ്രൻസിന്റെ ക്ലാസ് തുടങ്ങുകയാ... ചേർന്നാൽ കൊള്ളാമെന്നുണ്ട്...“

“അതിനെന്താ.. നീ പോകാൻ തയ്യാറായിക്കോ..“

അവന്റെ മനസ്സിൽ സന്തോഷം അലതല്ലി.. സഫിയ മകനെക്കുറിച്ചോർത്ത് അഭിമാനംകൊണ്ടു... അവൻ മുകളിൽപോയി കുളിച്ച് തിരികെയെത്തി. മേശമേൽ അവന് ഇഷ്ടപ്പെട്ട പലഹാരങ്ങൽ ഉണ്ടാക്കി വച്ചിരുന്നു... ജോലിക്കാരി വന്നതിനുശേഷം എന്നും വൈകുന്നേരം കഴിക്കാൻ എന്തേലും പലഹാരങ്ങളുണ്ടാവും.. ഉമ്മയാടുെയും മറ്റുള്ളവരുടെയും ജോലിഭാരമൊന്നു കുറഞ്ഞിട്ടുണ്ട്... 

വൈകുന്നേരം റഷീദ് വിളിച്ചിരുന്നു. ഫസൽ തന്നെയാണ് ഫോൺ എടുത്തത്. പരീക്ഷയുടെ വിവരങ്ങൾ തിരക്കി. അതോടൊപ്പം ഭാവി പരിപാടികളെക്കുറിച്ചും.. അവന് എൻഡ്രൻസ് എഴുതാൻ താൽപര്യമാണെന്നറിയിച്ചപ്പോൾ അതിനുള്ള കാര്യങ്ങലെല്ലാം ചെയ്യാൻ അവനോട് പ്രത്യേകം പറഞ്ഞു. പണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും എല്ലാം ഉപ്പാന്റെ കൈയ്യിൽ ഏൽപിച്ചിട്ടുണ്ടെന്നും അറിയിച്ചു. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഫോൺ ഉപ്പയുടെ കൈയ്യിലേയ്ക്ക് കൊടുക്കാൻ റീഷീദ് ഫസലിനോട് ആവശ്യപ്പെട്ടു.. ഉപ്പയോട് വിശദമായി എല്ലാം സംസാരിച്ചു. അവന്റെ ഭാവികാര്യങ്ങൾ തീരുമാനിക്കപ്പെടുകയായിരുന്നു.

ഫസലിന്റെ ഇഷ്ടപ്രകാരം സിറ്റിയിലെ കോളേജിൽ തന്നെഎൻഡ്രൻസ് കോച്ചിങ്ങിന് പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതൊരു ക്രാഷ് കോഴ്സാണ്... കാപ്സ്യൂൾ രൂപത്തിലാക്കി പഠിപ്പിക്കുമായിരിക്കും. 

ഹമീദ് സ്വപ്നം കാണുകയായിരുന്നു. ഇത്രയേറെ ത്യാഗങ്ങൾ സഹിച്ച് എത്തിച്ചേർന്ന ഈ കുടുംബത്തിൽ ഒരു ഡോക്ടറുണ്ടാവുക. തന്റെ പേരക്കുട്ടി ഒരു ഡോക്ടറായാൽ അതിന്റെ അന്തസ്സ് തങ്ങൾക്കല്ലേ... ഈ കുടുംബത്തിൽ വർഷങ്ങൾക്കുമുമ്പ് ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ ഒരു ഡോക്ടർ ഉണ്ടാവുമായിരുന്നു. പക്ഷേ അതിലൂടെയുണ്ടാവുന്ന പുകിലുകൽ ഒരിക്കലും അടിച്ചമർത്താൻ സാധിക്കാത്തതാകുമായിരുന്നു. എന്തായാലും ഇത്രയൊക്കെ ആയില്ലേ.. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്... 

അൻവറും നാദിറയും ഡോക്ടറെ കാണാൻ പോയിട്ട് തിരിച്ചെത്തി... എത്തിയയുടൻ ഫസലിന്റെ പരീക്ഷാകാര്യങ്ങളെക്കുറിച്ചാണ് അന്വേഷിച്ചത്.. എളുപ്പമുണ്ടെന്നറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം.. ഹമീദ് അൻവറിനെ വിളിച്ച് അടുത്തിരുത്തി. റഷീദ് പറ‍ഞ്ഞ കാര്യങ്ങൾ അവനോട് വിശദമാക്കി.. അൻവറിന് അതൊരു നല്ല തീരുമാനമായി തോന്നി.. ഫസലിന്റെ ഭാവി ഈ കുടുംബത്തിന്റെയും ഭാവിതന്നെയാണ്. അവനെ നല്ല നിലയിൽ പഠിപ്പിക്കണം. ഒരു ഡോക്ടറായിക്കാണാൻ ഉപ്പയ്ക്ക് നല്ല ആഗ്രഹമുണ്ട്... അത് സാധിക്കുന്നതിനായി ഈ കുടുംബം എന്ത് ത്യാഗം ചെയ്യാനും തയ്യാറാണ്.. കുടുംബത്തിന്റെ അന്തസ്സിനെക്കാളുപരി ആ വൃദ്ധമനുഷ്യൻ ചിന്തിച്ചത് ഒരു സാമൂഹ്യ നന്മതന്നെയാണ്... ഈ നാട്ടിൽ ഒരു നല്ല ഡോക്ടറില്ല.. ഇവിടെ ആർക്കെങ്കിലും അസുഖമുണ്ടായാൽ 25  കിലോമീറ്റർ അകലെയുള്ള ആശുപത്രിയെ മാത്രമേ ആശ്രയിക്കാനാവൂ.. എന്തായാലും നാട്ടുകാർക്ക് അവനെക്കൊണ്ട് ഉപകാരമുണ്ടാവുമല്ലോ... 

ഒരു ഡോക്ടർക്ക് സമൂഹത്തിൽ വലിയ സ്ഥാനമാണുള്ളത്. ആദ്യമായി വേണ്ടത് സാമൂഹ്യ പ്രതിബദ്ധതയെന്നുള്ളതാണ്. തന്റെ ജോലിയിൽ ആത്മാർത്ഥത.. ത്യാഗ മനോഭാവം.. കരുണ.. ഇതെല്ലാം ഉള്ളതുകൊണ്ടുതന്നെയാണ് നമ്മുടെ ഈ നാട്ടിൽ എല്ലാ പകർച്ചവ്യാധികളെയും അതിജീവിക്കാനായത്... കരുത്തുറ്റ ഒരു ഭരണാധികാരിയുടെ കീഴിൽ എണ്ണയിട്ട യന്ത്രംപോലെ അവർ പ്രവർത്തിക്കുകയാണ്. ലോകത്തിലെ തന്നെ മഹാമാരിയെ അമർച്ചചെയ്യുന്നതിനായി.. മെഡിക്കൽ ഫിൽഡിലെ ഡോക്ടർമാർ മാത്രമല്ല പാരാമെഡിക്കൽ വിഭാഗവും മറ്റ് അനുബന്ധ ഡിപ്പാട്ടുമെന്റുകളും അഹോരാത്രം കഷ്ടപ്പെടുന്നു. ഓരോ സുപ്രഭാതം പൊട്ടിവിടരുമ്പോഴും പ്രാ‍ർത്ഥന പുതുതായി ആർക്കും അസുഖമുണ്ടാകരുതേ എന്നാണ്. ആശ്വാസത്തിന്റെ വാക്കുകൾ കേൾക്കാൻ വൈകുന്നേരം മുഖ്യമന്ത്രിയുടേയും ആരോഗ്യവകപ്പു മന്ത്രിയുടേയും വാർത്താസമ്മേളനത്തിനായി കാത്തിരിക്കും. ഉത്തരവാദിത്വപ്പെട്ടവർ സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ഒരു ആശ്വാസം ഒരു ധൈര്യം അതുമാത്രമാണ്. വിദേശ രാജ്യങ്ങൾപോലും നമ്മുടെ ഈ കൊച്ചു കേരളത്തെ അഭിനന്ദിക്കണമെങ്കിൽ ഇവിടുത്തെ പ്രതിരോധ പ്രവർത്തനം അത്രകണ്ട് വലുതാണെന്നുതന്നെയാണ്. നിപ്പാ കാലത്ത് നമ്മൾ പ്രതിരോധിച്ചതുപോലെ ഇതും നമ്മൾ പ്രതിരോധിക്കും. ഇനിയൊരാൾക്കും അസുഖം പടരാതിരിക്കാൻ ഒറ്റക്കെട്ടായി നമുക്കു പ്രയത്നിക്കാം.. കുറ്റംപറഞ്ഞ് ഉദ്യോഗസ്ഥരുടേയും ബന്ധപ്പെട്ടവരുടേയും മനോവീര്യം തകർക്കുന്നതിനു പകരം നമുക്കും ഒരു കൈ സഹായിക്കാം. മാസ്കില്ലാത്തവർക്ക് അത് വാങ്ങി നൽകാം.. സാനിറ്റൈസർ ഇല്ലാത്തവർക്ക് അതും വാങ്ങി നൽകാം.. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീടുകളിൽ കഴിയുന്നവരെ നമുക്കും സഹായിക്കാം. അവരെ ഒറ്റപ്പെടുത്തുന്നതിനു പകരം അവർക്കുവേണ്ട ധൈര്യം നൽകാം.. ഭക്ഷണം നൽകാം. വായുവിലൂടെ പകരുന്ന ഒരസുഖമല്ലിത്.. സ്പർശനത്തിലൂടെ യോ രോഗിയുടെ സ്രവങ്ങളിലൂടെയോ മാത്രം.. സമൂഹം പരസ്പരം ഒരകലം പാലിക്കേണ്ട ഘട്ടമാണിത്. ആൾക്കൂട്ടം കഴിവതും ഒഴിവാക്കുക.. ആഘോഷങ്ങൾ തൽക്കാലം മാറ്റിവയ്ക്കാം... ഇത് ഒരു യുദ്ധമാണ്. ഈ യുദ്ധത്തിലെ പടയാളികൾ നാമോരോരുത്തരുമാണ്.. നമുക്ക് തെറ്റിയാൽ എല്ലാം തകിടംമറിയും..

പൊരുതാം നല്ലൊരു നാളെയ്ക്കായി..  ഭയം വേണ്ട.. ജാഗ്രതമാത്രം...
 
 
 
ഷംസുദ്ധീൻ തോപ്പിൽ 15 03 2020
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 03 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ