21.3.20

നിഴൽവീണവഴികൾ ഭാഗം 66


കുടുംബത്തിന്റെ അന്തസ്സിനെക്കാളുപരി ആ വൃദ്ധമനുഷ്യൻ ചിന്തിച്ചത് ഒരു സാമൂഹ്യ നന്മതന്നെയാണ്... ഈ നാട്ടിൽ ഒരു നല്ല ഡോക്ടറില്ല.. ഇവിടെ ആർക്കെങ്കിലും അസുഖമുണ്ടായാൽ 25 കിലോമീറ്റർ അകലെയുള്ള ആശുപത്രിയെ മാത്രമേ ആശ്രയിക്കാനാവൂ.. എന്തായാലും നാട്ടുകാർക്ക് അവനെക്കൊണ്ട് ഉപകാരമുണ്ടാവുമല്ലോ...

അടുത്ത ദിവസം രാവിലെ അൻവർ ഭാര്യയുമായി ചെക്കപ്പിന് പോയിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചില വൈറ്റമിൻ സിറപ്പും ടാബ്ലറ്റുകളും നൽ‌കി.. രക്തക്കുറവുണ്ടെന്നും നന്നായി ആരോഗ്യം ശ്രദ്ധിക്കണമെന്നും അറിയിച്ചു. അവരുടെ സന്തോഷം വീട്ടിലെല്ലാവരുടെയും സന്തോഷം തന്നെയായിരുന്നു. ഹമീദിന് അടുത്തൊരു പേരക്കുട്ടിയേക്കൂടി ലാളിക്കാനുള്ള ഭാഗ്യമുണ്ടായതിൽ സന്തോഷമുണ്ട്.

പൂർണ്ണ ആരോഗ്യവാനല്ലെങ്കിലും തന്നാലാവുന്നതെല്ലാം ഹമീദ് അവിടെ ചെയ്യുന്നുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള പ്രഭാത നടത്തം വീടിന്റെ മുറ്റത്തുതന്നെ നടത്തുന്നുണ്ട്. എപ്പോഴും സന്തത സഹചാരിയായി വടിയും കൂടെയുണ്ട്... 

യാദൃശ്ചികമായിരുന്നു സ്റ്റീഫന്റേയും ഭാര്യയുടെയും വരവ്... പ്രധാനമായും ഫസലിന്റെ പരീക്ഷക്കാര്യങ്ങൾ അന്വേഷിക്കാനായിരന്നു എത്തിയത്.. അവനിൽ നിന്ന് സന്തോഷകരമായ മറുപടി അവർക്കും സന്തോഷം നൽകി.. മകളുടെ ജോലിയൊക്കെ നന്നായി പോകുന്നെന്നും പറഞ്ഞു. ഇത്തവണത്തെ വരവ് കുറച്ചു പലഹാരങ്ങളും കൊണ്ടായിരുന്നു. നാദിറ ഗർഭിണിയാണെന്നുള്ള വിവരം അവരും അറിഞ്ഞിരുന്നു. 

എന്തിനാണ് ഇത്രയൊക്കെ കഷ്ടപ്പെട്ടതെന്നു ചോദിച്ചപ്പോൾ ഇതൊന്നുമൊരു കഷ്ടപ്പാടൊന്നുമല്ല നമ്മുടെ ചുമതലയല്ലേ എന്നാണവർ പറഞ്ഞത്.. രണ്ടു കുടുംബങ്ങളും അത്രയേറേ ആത്മബന്ധത്തിലായിക്കഴിഞ്ഞിരുന്നു. മകളുടെ കാര്യങ്ങളൊക്കെ ഇപ്പോൾ സേഫായതിലുള്ള സന്തോഷവുമുണ്ടവർക്ക്. അവൾക്ക് വിവാഹാലോചനകൾ വരുന്നുണ്ട്. പക്ഷേ ഇപ്പോൾ മകൾക്ക് താല്പര്യമില്ലെന്നാണ് അറിയിച്ചത്.. പോയിട്ട് കുറച്ചു നാളുകളല്ലേ ആയുള്ളൂ അതു മാത്രമല്ല അവൾക്ക് ലക്ഷ്യം അമേരിക്കയോ ആസ്ട്രലിയയോ ആണെന്നാണ്‌  പറയുന്നത്.. അവൾക്ക് പണ്ടേ ഉള്ള ആഗ്രഹമായിരുന്നു ഒരു നഴ്സാവുകയെന്നുള്ളത്. അതോടൊപ്പം പാപ്പന്റെ മക്കളെല്ലാം വിദേശത്താണ് അതുകൊണ്ട് അവൾക്കും ഒരാഗ്രഹം വിദേശത്തു പോകണമെന്ന്.. അവളുടെ ഇളയതും നഴ്സിംഗ് മതിയെന്നാ പറഞ്ഞിരിക്കുന്നത്.. അവളും പ്ലസ് ടുവിനായിരുന്നല്ലോ.. നല്ല എളുപ്പം അവൾക്കും ഉണ്ടായിരുന്നെന്നാണ് പറഞ്ഞത്..

സ്റ്റീഫനും ഭാര്യയും ഏകദേശം 12 മണിയോടുകൂടിയാണ് എത്തിയത്. ഭക്ഷണം നിർബന്ധിച്ചു കഴിപ്പിച്ചു. എന്നാലിനി വൈകുന്നേരം വെയിലാറിയിട്ടു പോകാമെന്നു ഹമീദിന് നിർബന്ധം.. അങ്ങനെ അവരവിടെ തമാശകളും കുടുംബകാര്യങ്ങളും പറഞ്ഞിരുന്നു. 

”സ്റ്റീഫൻ ആർമിയിൽ എത്രവർഷം ജോലിചെയ്തു..”

”ഞാൻ പതിനഞ്ചു വർഷം ജോലിചെയ്തു.. വാളന്ററി റിട്ടയർമെന്റെടുക്കുകയായിരുന്നു.”

”അതെന്താ അങ്ങനെ...”

”ഹമീദിക്കാ... സിയാചിനിലെ തണുപ്പിലായിരുന്നു 8 വർഷത്തോളം.. തുടർന്നും രാജ്യത്തെ സേവിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കുട്ടികൾ വളർന്നപ്പോൾ തിരിച്ചുപോരേണ്ട അവസ്ഥയായി.. അവളെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത അവസ്ഥ.. ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും നമ്മുടെ കുട്ടികൾക്ക് നമ്മൾ തന്നെവേണമല്ലോ.. ഇവിടെയെത്തി മൂന്നുമാസത്തിനകം തന്നെ ജോലിക്കും കയറി.. വെറുതെ നിൽക്കാൻ വയ്യ അതുകൊണ്ടാ..

”അതിർത്തിയിൽ വലിയ പ്രശ്നങ്ങളുണ്ടായ സമയത്തായിരുന്നല്ലേ..”

”ഇല്ല.. അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ചെറിയ ചില പൊട്ടിപ്പുകൾ ഉണ്ടാവും.. ചിലപ്പോൾ ആരെങ്കിലും മരിക്കും. അല്ലെങ്കിൽ പരിക്കുപറ്റും.. ഞങ്ങൾ ടെക്നിക്കൽ സ്റ്റാഫുകൾക്ക് യുദ്ധമുഖത്ത് പോകേണ്ടിവരില്ല...”

”റഷീദിന് വലിയ ആഗ്രഹമായിരുന്നു എയർഫോഴ്സിൽ ചേരണമെന്നുള്ളത്.. പക്ഷേ എന്തുകൊണ്ടോ അതൊന്നും നടന്നില്ല..”

”റഷീദ് കഴിഞ്ഞ ദിവസം മോളെ കാണാൻ പോയിരുന്നു. അവൾക്ക് കുറച്ച് ഫ്രൂട്സും മറ്റുമൊക്കെ കൊണ്ടുക്കൊടുത്തെന്നു പറഞ്ഞു.. ഒരു സഹോദരന്റെ സ്നേഹം അവള‍്ക്ക് കിട്ടുന്നെന്നാണ് അവൾ പറഞ്ഞത്..”

”അവനങ്ങനെയാ... വലിയ ശ്രദ്ധയാ എല്ലാക്കാര്യത്തിലും.”

”ങ്ഹാ സ്റ്റീഫൻ ചേട്ടാ പോണ്ടേ.. നമുക്ക്..”

”ചായ കുടിച്ചിട്ടു പോകാം.. ”ഹമീദിന്റെ നിർദ്ദേശം ആർക്കും എതിർക്കാനാവില്ല.

നാലുമണിയോടുകൂടി ചായയും കുടിച്ച് അവർ യാത്രയായി... ഫസലിന്റെ ഭാവിപരിപാടിയെക്കുറിച്ച് അവൻ അവരോട് വിശദമായി സംസാരിച്ചിരുന്നു. എൻഡ്രൻസ് ചെയ്യുന്നെന്നറിഞ്ഞപ്പോൾ അവർക്കും വലിയ സന്തോഷമായി.. എന്തായാലും നന്നായി പഠിക്കണമെന്നും പറഞ്ഞ് അവർ യാത്ര പറഞ്ഞിറങ്ങി.

റഷീദിന്റെ ബിസിനസ് കുറച്ചുകൂടി വിപുലപ്പെടുത്തി.. പുതിയ ബ്രാഞ്ചിന്റെ ചുമതല അഭിമന്യുവിനെ ഏൽപ്പിച്ചു.. അവൻ പഴയതുപോലൊന്നുമല്ല.. വളരെ ആത്മാർത്ഥമായി ജോലിചെയ്യുന്നു. പുതിയ ബ്രാഞ്ചിന്റെ എല്ലാ കാര്യങ്ങളും അവനാണ് ചെയ്തിരുന്നത്.. ഇപ്പോൾ ബേക്കറിയെക്കുറിച്ചുള്ള എല്ലാം അവനറിയാം.. സ്റ്റാഫിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവന് നന്നായറിയാം. എല്ലാവരുമായി ഒരു നല്ല ബന്ധം അവൻ ഉണ്ടാക്കിയെടുത്തിരുന്നു. അവന്റെ വരവ് ശരിക്കും റഷീദിന് ഒരു വലിയ സഹായമായിരുന്നു. താഴെത്തട്ടിൽ നിന്നു തുടങ്ങി എല്ലാം സെക്ഷനിലൂടെയും അവൻ കടന്നുവന്നതുകൊണ്ട് എല്ലാം നന്നായി തറവാക്കിയി രുന്നു. കുറഞ്ഞ സമയംകൊണ്ട് അവൻ നല്ലൊരു ബിസ്സിനസ്സുകാരനായി മാറി.. 

റഷീദ് അവന്റെ സാലറിയിലും വർദ്ധനവ് വരുത്തി പുതിയ കാറ് അവനായി വാങ്ങിനൽകി.. റഷീദിന് അവനെക്കൊണ്ട് ഒരു വിവഹം കഴിപ്പിക്കണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വരികയായിരുന്നു. പലപ്പോഴും അവനത് സംസാരിക്കുകയും ചെയ്തു.. വരട്ടേ എല്ലാറ്റിനും ഒരു സമയമുണ്ട് എന്ന് മാത്രമാണ് അറിയിച്ചത്.

എന്നും അഭിമന്യു ഹെഡോഫീസിൽ വന്നിട്ടാണ് ബ്രാഞ്ചിലേയ്ക്ക് പോകുന്നത്.. അവിടെ 12 സ്റ്റാഫുകളുണ്ട്.. സിറ്റിയിൽ നിന്നും കുറച്ചു മാറിയുള്ള സ്ഥലത്താണ് പുതിയ ഷോപ്പ്.. സാധാരണക്കാർ ഏറെയുള്ള സ്ഥലം.. നല്ല ബിസിനസ്സുമുണ്ടവിടെ.. അഭിമന്യുവിന്റെ നിർദ്ദേശപ്രകാരം ഷവർമയും സാൻവിച്ചിനും മാത്രമായി ഒരു സെക്ഷൻ അവിടെ തുടങ്ങുകയും ചെയ്തു.. അടുത്ത് ധാരാളം ഓഫീസുകൾ ഉള്ളതിനാൽ ഓർഡറുകളാണ് കൂടുതൽ ലഭിക്കുന്നത്.. എന്തായാലും അഭിമന്യുവിന്റെ  കണക്കുകൂട്ടൽ തെറ്റിയില്ല.. ബിസിനസ്സ് നന്നായി പോകുന്നു. ഇപ്പോഴുള്ള നാലു ബ്രാഞ്ചുകളിൽ ഏറ്റവും നല്ല കളക്ഷൻ അവിടുന്നുതെന്നയാണ്. അതിന് ആത്മാർത്ഥമായ ശ്രമം അവന്റെ ഭാഗത്തുനിന്നുതന്നെയാണെന്നുള്ളത് ഒരു വലിയ ഭാഗ്യം തന്നെയാണ്. 

ഇടയ്ക്കിടെ റഷീദ് സ്റ്റീഫന്റെ മകളെ കാണാൻ പോകുമായിരുന്നു. ചിലപ്പോൾ അഭിമന്യുവും കാണും.. ഒരു ദിവസം സംസാരമധ്യേ റഷീദ് അവളോടു പറഞ്ഞു..

”മോളേ.. നമുക്ക് അഭിയങ്കിളിന്റെ കല്യാണം നടത്തിവിടണ്ടേ...”

”വേണം അങ്കിൾ..”അങ്കിൾ പുരനിറഞ്ഞു നിൽക്കയല്ലേ ചിരിയോടെ അവൾ പറഞ്ഞു 

”എന്നാൽ നീതന്നെ ഒരു നല്ല കുട്ടിയെ നോക്ക്.. ഇവിടെ ആരേലും ഉണ്ടോ... അവന് കുറച്ച് പ്രായമുണ്ട്.. ആ പ്രായത്തോട് യോചിക്കുന്ന രീതിയിലാവണം.”

”ജൂലി.. വേണ്ട.. ഇവൻ പലതും പറയും... എനിക്കൊന്നുമില്ലെങ്കിലും ഇപ്പോൾ നല്ല സ്വാതന്ത്ര്യമുണ്ട്.. അത് കണ്ടിട്ടിവന് സഹിക്കുന്നില്ല..”

”ഇല്ല അങ്കിളേ... നമുക്കിവിടെ നല്ലൊരു കുട്ടിയുണ്ട്.. അങ്കിളിവിടെ നിൽക്ക് ഞാനിപ്പോൾ വരാം..”

അവൾ വേഗത്തിൽ അടുത്ത റൂമിലേയ്ക്ക് പോയി..

”റഷീദേ.. ഞാൻ കെട്ടത്തൊന്നുമില്ല.. വേണ്ട കേട്ടോ..”

”അതൊക്കെ നമുക്കു നോക്കാമെന്നേ...”

അല്പം കഴിഞ്ഞപ്പോൾ അവളോടൊപ്പം മറ്റൊരു സ്റ്റാഫുമായി വന്നു.

”റഷീദങ്കിൾ ഇത് എന്റെ സുഹൃത്ത് .. ഞങ്ങൾ ഒരു ടീമിലുള്ളവരാണ്.. മലയാളിയാണെങ്കിലും ഗുജറാത്തിലാ ബന്ധുക്കളൊക്കെ...

”ഗുജറാത്തിലെവിടെ...” അപ്രതീക്ഷിതമായി അഭിയുടെ ചോദ്യം...

”ഗുജറാത്തിൽ അഹമ്മദാബാദിലാണ്. അച്ഛന് അവിടെ ഒരു ടെക്സ്റ്റയിൽ കമ്പനിയിലായിരുന്നു ജോലി..”

പിന്നീടുള്ള ചോദ്യങ്ങളൊക്കെ അഭിയുടേതായിരുന്നു. അവളെക്കാണാൻ വളരെ സുന്ദരിയുമായിരുന്നു. ഏകദേശം 30 വയസ്സ് പ്രായം കാണും. അഭിയുടെ മുഖഭാവം കണ്ടാൽ അവന് ഇഷ്ടമായെന്നുള്ള തോന്നലുണ്ടാക്കും.

അല്പനേരത്തിനകം അവിടെനിന്നും അവർ യാത്രപറഞ്ഞിറങ്ങി.. അവർക്ക് ഡ്യൂട്ടി മാറാനുള്ള സമയമായിരുന്നു. 

കാറിൽക്കയറി കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല..

”റഷീദേ.. ആ കുട്ടി കല്യാണം കഴിച്ചതാണോ..”

”അറിയില്ല...”

”നല്ല കുട്ടി.. ചിലപ്പോൾ കെട്ടിയതാണെങ്കിലോ..”

”നമുക്ക് ജൂലിയോട് ചോദിക്കാം.. നിനക്കെന്താ ഇത്ര പെട്ടെന്നൊരു മനംമാറ്റം.. വിശ്വാമിത്രന്റെ തപസ്സിളകിയോ.”

”ഏയ് അതൊന്നുമല്ല.. ജീവിതത്തിൽ തിരഞ്ഞുനടന്ന ഒരാളിന്റെ മുഖംപോലൊരു തോന്നൽ..”

”വീട്ടിലെത്തുന്നതുവരെ അവർ രണ്ടുപേരും പലതും സംസാരിച്ചിരുന്നു. ആ കുട്ടിയെ കണ്ടതുമുതൽ അഭിമന്യുവിന് ഒരു മാറ്റം സംഭവിച്ചതുപോലെ...”

വൈകുന്നേരം റഷീദിന്റെ ഫോണിൽ നിന്നും.. സ്റ്റീഫന്റെ മകളെ വിളിച്ചു.. 

”ജൂലി .. ഇത് ഞാനാ‍.. അഭി..”

”പറഞ്ഞൊ അങ്കിൾ..”

”അതേ.. ഞാനൊരുകാര്യം ചോദിക്കട്ടേ.. റഷീദിവിടെ അടുത്തുണ്ട്..”

”അങ്കിൾ ചോദിച്ചോ..”

”ആ കുട്ടീടെ പേരെന്താ.. ഞാൻ ചോദിക്കാൻ വിട്ടുപോയി..”

”അശ്വതി എന്നാണ്..” അവളും ഇപ്പോൾ അങ്കിളിന്റെ പേരുചോദിച്ചിട്ട് പോയതേയുള്ളൂ..”

”പിന്നെ വേറൊന്നും വിചാരിക്കല്ലേ.. അവൾ കല്യാണം കഴിച്ചതാണോ..”

”ഇല്ലെന്നേ... എന്താ അങ്ങനെ ചോദിച്ചത്..”

”അല്ല...”

അപ്പോഴേയ്ക്കും റഷീദ് ഫോൺ തട്ടിപ്പറിച്ചു...

”മോളേ അവന് അവളെയങ്ങ് വല്ലാതെ പിടിച്ചുപോയി.. നീയതൊന്നു പ്രൊസീഡ് ചെയ്യ്..”

”അങ്കിൾ അവളുടെ ജീവിതത്തിൽ ഒരു വരിയ പ്രശ്നമുണ്ടായിട്ടുണ്ട്.. അവൾ വിവാഹം കഴിച്ചതാ... വിവാഹദിവസം വധൂവരന്മാർ ഒരുമിച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. എതിരേവന്ന ഒരു ചരക്കു ലോറിയുമായി അവരുടെ കാർ കൂട്ടിയിടിച്ച് വരൻ മരമടഞ്ഞു... അതിനു ശേഷം അവൾ വേറേ കല്യാണം കഴിച്ചിട്ടില്ല..”

”അതൊന്നും ഒരു പ്രശ്നമുള്ളകാര്യമല്ല.. നീ കാര്യങ്ങളെക്കുറിച്ച് വിശദമായി അവളോട് പറഞ്ഞോ.. കുട്ടിയെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം..”

”നല്ല കുട്ടിയാണ്. നല്ല സ്വഭാവം.. അച്ഛൻ മരിച്ചുപോയി.. രണ്ടു സഹോദരിമാരുണ്ട് അവരുടെ വിവാഹം കഴിഞ്ഞു... അവർക്കുവേണ്ടിയാ അവളിവിടെ എത്തിയത്.. അവളുടെ കഴിവുകൊണ്ടുതന്നെയാണ് രണ്ട് കുട്ടികളുടേയും വിവാഹം കഴിഞ്ഞത് ഇവിടെ എന്നേക്കാൾ സീനിയറാണ്... 5 വർഷമായി ഇവിടെത്തിയിട്ട്.”

”ശരി മോളേ... നാളെ വിളിക്കാം.”

”ശരി അങ്കിൾ..”

”റഷീദ് കാര്യങ്ങളെല്ലാം വിശദമായി ഗോപിയോട് പറഞ്ഞു..”

”റഷീദേ എനിക്ക് ഒരു വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹമൊന്നുമില്ലായിരുന്നു. പക്ഷേ അവളെ കണ്ടപ്പോൾ നിനക്കറിയില്ലേ .... നമ്മളുടെ ക്ലാസിലെ ആ കുസൃതിപ്പെണ്ണിനെ.. അവളെപ്പോലില്ലേ...”

”ശരിയാ എനിക്കും തോന്നി..”

”റഷീദേ നീതന്നെ അതെല്ലാം തിരക്കിക്കോ... എനിക്ക് ആരുമില്ല.. എല്ലാം നീ തീരുമാനിച്ചോ...”

”അത്രയല്ലേയുള്ളൂ.. പിന്നെ.. നിന്റെ ഗാർഡിയനും എല്ലാം ഞാൻതന്നെയാണ്.. നീ ആ കുട്ടിയെ കഷ്ടപ്പെടുത്താതിരുന്നാൽ മതി.. നമുക്ക് അവളുടെ വീട്ടുകാരുമായി ആലോചിക്കാം.”

അഭിമന്യു ഗുഡ്നൈറ്റ് പറഞ്ഞ് അവന്റെ മുറിയിലേയ്ക്ക് പോയി.. അന്ന് അവന്റെ മനസ്സ് നിറയെ സന്തോഷമായിരുന്നു. ലക്ഷ്യമില്ലാതെ അലഞ്ഞ തനിക്ക് ഒരു ലക്ഷ്യം ഉണ്ടാക്കിത്തന്നത് റഷീദാണ്.. ഒരു പക്ഷേ ദൈവത്തിന്റെ ഒരു പരീക്ഷണമായിരുന്നു കാണും ഇതൊക്കെ.. എന്തായാലും ആ കുട്ടിയുടെ ഇഷ്ടം കൂടി നോക്കണമല്ലോ...

പിറ്റേ ദിവസം രാവിലെ തന്നെ സ്റ്റീഫന്റെ മകൾ വിളിച്ചിരുന്നു. ആ കുട്ടിക്ക് ഇഷ്ടക്കുറവൊന്നുമില്ലെന്നും വീട്ടുകാരുമായി ആലോചിച്ചു വേണ്ടത് ചെയ്യാമെന്നുമാണ് അവൾ അറിയിച്ചത്..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു നട്ടിലുള്ള അവളുടെ അമ്മയെ വിളിച്ചു റഷീദ് വിശദമായി എല്ലാം സംസാരിച്ചു. അവന്റെ ഇവിടുത്തെ ബിസ്സിനസ്സിനെക്കുറിച്ചും തന്റെ പങ്കാളിയാണ് അവനെന്നുമുള്ള കാര്യങ്ങളൊക്കെ അറിയിച്ചു. ബന്ധുക്കളാരുമില്ലെന്നുള്ള കാര്യത്തിൽ അവർക്കല്പം വിഷമമുണ്ടായെങ്കിലും തന്റെ മകളെ സന്തോഷത്തോടെ നോക്കുമെന്നുള്ള ഒരു ഉറപ്പ് റഷീദിൽ നിന്നും കിട്ടി.. അവരും സമ്മതം മൂളിയതോടെ ഒരു ഒഫിഷ്യൽ പെണ്ണുകാണൽ തരപ്പെടുത്താൻ റഷീദ് തീരുമാനിച്ചു...

അവർ രണ്ടാളോടും അടുത്ത വെള്ളിയാഴ്ച ബേക്കറിയിലെത്താൻ റഷീദ് പറഞ്ഞു.. ഒരു പതിനൊന്നു മണിക്ക് കാർ ഹോസ്റ്റലിലെത്തുമെന്നും അതിൽ കയറി എത്താനുമാണ് റഷീദ് പറഞ്ഞത്...

പറഞ്ഞതുപോലെ അവർ കൃത്യസമയത്തുതന്നെ എത്തി.. അവരെ രണ്ടുപേരേയും ബേക്കറിയുടെ ഒരു ക്യാബിനിൽ ഒറ്റയ്ക്ക് സംസാരിക്കാൻ വിട്ടു.. വിശദമായി അവർ എല്ലാം സംസാരിച്ചു. അവർ പരസ്പരം അവരവരുടെ സാഹചര്യങ്ങളും ജീവിതവും വിവരിച്ചു.. ഒന്നും ഒളിച്ചുവയ്ക്കേണ്ടതില്ലല്ലോ... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർക്ക് പരസ്പരം ഇഷ്ടം കൂടുകയായിരുന്നു. അവിടുന്നുതന്നെ റഷീദ് അവളുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു.. രണ്ടു പെൺമക്കളും വീട്ടിലുണ്ടായിരുന്നു. അവരുടെ ഭർത്താക്കന്മാരുമായും സംസാരിച്ചു.. വീട്ടുകാർക്ക് പൂർണ്ണ സമ്മതം.. 

വിവാഹം ഒരുവർഷം കഴിഞ്ഞുള്ള വെക്കേഷന് നടത്താമെന്നുള്ള തീരുമാനം അവർ രണ്ടാളുമെടുത്തു. അതെല്ലാരും സമ്മതിക്കുകയായിരുന്നു. റഷീദിന്റെ മനസ്സിനും വലിയ സന്തോഷമായിരുന്നു. 

അവരെ കൊണ്ടുവിടാനുള്ള ഏർപ്പാടുകൾ ചെയ്തശേഷം റഷീദ് അഭിയുമായി വിശദമായി സംസാരിച്ചു.

”അഭി... നമ്മുടെ പുതിയ ബ്രാ‍ഞ്ചിൽ നീയൊരു പാർട്ട്ണറായിരിക്കും...”

അത് കേട്ട് അഭി ഞെട്ടിപ്പോയി...

”നിയിനി ഇങ്ങനെയൊന്നും ജീവിച്ചാൽ പോരാ.. കുറച്ചുകൂടി ഉത്തരവാദിത്വമൊക്കെ വേണം...”

”എടാ അത്..”

”നീയതൊന്നും ആലോചിക്കേണ്ട.. ഞാൻ അവളോട് പറഞ്ഞിരിക്കുന്നതും അതുതന്നെയാണ്.. ആ ബ്രാഞ്ച് നമ്മൾ പാർട്ണർഷിപ്പിലാണെന്നാണ്..”

”റഷീദിന്റെ വാക്കുൾ അവന്റെ കണ്ണുനിറച്ചു... റഷീദ് നടന്ന് അവന്റെ അടുത്തെത്തി.. അവന്റെ തോളിൽ സ്പർശിച്ചു. ടാ.. നമ്മൾ ഒന്നിച്ചു കളിച്ചു വളർന്നതല്ലേ.. നിനക്ക് എന്നേയും എനിക്ക് നിന്നേയും നന്നായറിയാം.. എന്തോ കാരണത്താൽ നമ്മൾ രണ്ടായെങ്കിലും വീണ്ടും കണ്ടുമുട്ടിയത് പടച്ചോന്റെ തീരുമാനമാ.. നിന്റെ ആത്മാർത്ഥതയ്ക്ക് എനിക്ക് ഇതല്ലേ ചെയ്യാനാകൂ..

അവരുടെ സ്നേഹവും ആത്മാർത്ഥതയും ഒരു മാതൃകതന്നെയായിരുന്നു. സുഹൃത്ബന്ധത്തിന്റെ ഉദാത്ത ഉദാഹരണം... വർഷങ്ങളോളം കഷ്ടപ്പെട്ടിട്ടും എങ്ങുമെത്താതിരുന്ന അവന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. റഷീദും അങ്ങനെതന്നെയായിരുന്നു എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയിടത്തു നിന്നുമാണ് എല്ലാം തുടങ്ങിയത്... ഈ മരുഭൂമി മലയാളിക്ക് ഒരു ഭാഗ്യം തന്നെയാണ്.. എത്രയോ ഇന്ത്യക്കാർ ഇവിടെനിന്നും ജീവിതം പച്ചപിടിപ്പിച്ചിട്ടുണ്ട്... എത്രയോപേർ തകർന്നുപോയിട്ടുമുണ്ട്.. ഈ മണ്ണ് സ്വന്തം മണ്ണിനേക്കാൾ പ്രിയമാകുന്നത് അതുകൊണ്ടാണ്. ഓർമ്മയാകുന്ന കാലം മുതൽ മലയാളിയുടെ മനസ്സിൽ തുടങ്ങുന്ന മോഹമാണ് ഗൾഫെന്നത്... 18 വയസ്സായാൽ പാസ്പോർട്ടെടുത്ത് ഗൾഫിൽ വിടാം എന്നാണ് വീട്ടുകാരുടെയും പ്രതീക്ഷ.. ഇവിടെത്തി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് കേരളമെന്ന ഒരു സംസ്ഥാനം ഇന്ത്യയിലെ നമ്പർ 1 എന്ന സ്ഥാനത്തെത്തിക്കാൻ എത്രയോ കഷ്ടപ്പാടുകൾ സഹിക്കുന്നുണ്ട് പ്രവാസികൾ.. ജീവിതത്തിലും ഒരിക്കലെങ്കിലും ഇവിടെത്തിയവർ ഒരിക്കലും ഗൾഫ് മറക്കില്ല.. മണലാരണ്യം എന്നു പറയുമെങ്കിലും സ്വർണം വിളയുന്ന മണലാണിവിടെ...

ഇന്ന് ഇന്ത്യയെപ്പോലെ തന്നെ ആശങ്കയോടെയാണ് ഗൾഫും ദിനങ്ങൾ തള്ളിനീക്കുന്നത്. കൊറോയെന്ന മനുഷ്യ വംശത്തിന് ഭീഷണിയായ വൈറസ് എല്ലാ രാജ്യങ്ങളിലേയ്ക്കും പടർന്നുപിടിക്കുന്നു ചൈനയിൽ നിന്നും തുടങ്ങി മറ്റു പല രാജ്യങ്ങളിലൂടെ കടന്ന് ഇപ്പോൾ 174 രാജ്യങ്ങളിലെത്തിയിരിക്കുന്നു. മനുഷ്യന് തടയാവുന്നതിനും അപ്പുറമാണ് ഇതിന്റെ വ്യാപനം. പല രാജ്യങ്ങളും ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്നും ഒരാളെങ്കിലും ഗൾഫിലുണ്ടാവും... അതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത് അവിടെയും ഇവിടെയും രോഗം പടർന്നുപിടിക്കുകയാണ്. ഗൾഫിൽ നിന്നെത്തുന്നവർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയുന്നതിന് പകരം കറങ്ങി നടക്കുന്നത് ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. അസുഖത്തെക്കുറിച്ച് വേണ്ട ബോധവൽക്കരണം അധികാരികൾ നടത്തിയിട്ടും ആരോഗ്യവകുപ്പുമായി സഹകരിക്കാൻ തയ്യാറാകാതെ പൊതുയിടങ്ങളിൽ കറങ്ങി നടക്കുന്നവരെ അസുഖം ഭേദമായശേഷം പിടിച്ച് ജയിലിൽ അടയ്ക്കണം.. ഇനി വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നവരുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ഫോട്ടോയുൾപ്പെടെ പ്രസിദ്ധീകരിക്കണം ബാക്കി നാട്ടുകാർ നോക്കിക്കൊള്ളും... സ്വന്തം അസുഖം മറ്റുള്ളവർക്കൂടി കൊടുക്കണമെന്നുള്ള വാശി എന്തിനാണ് ഇത്തരക്കാർക്ക്... കേരളത്തിൽ ഇതുവരെ കമ്യൂണിറ്റി സ്പ്രഡ് ഉണ്ടായിട്ടില്ല അതിൽ ആശ്വസിക്കാം.. വരുന്ന ആഴ്ചകൾ നമ്മളെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്. ആരുടെ ഉള്ളിലാണ് ഈ വൈറസ് പടർന്നതെന്ന് കണ്ടുപിടിക്കുക പ്രയാസകരമാണ്. വൈറസ് കയറിക്കഴിഞ്ഞാ ആ വ്യക്തി വൈറസ് വാഹകനാകുമെന്നതാണ് ഈ വൈറസിന്റെ പ്രത്യേകത.. 

കൈ വൃത്തിയായി കഴുകുക.. ഒര സാമൂഹ്യ അകലം പാലിക്കുക ഇതൊക്കെ മാത്രമേ ഈ അസുഖം വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാനാവൂ.. കഴിഞ്ഞ ആഴ്ചയേക്കാളും ഭീകരമായ ഒരവസ്ഥയിലേയ്ക്ക് ഈ ലോകം മാറിയിരിക്കുന്നു.. അസുഖമെത്താത്ത സ്ഥലങ്ങളില്ലെന്നു വന്നിരിക്കുന്നു.. ജാഗ്രത കൂടുതലാക്കേണ്ടിയിരിക്കുന്നു. 14 ദിവസം വീട്ടിലിരുന്ന് സ്വന്തം അസുഖം മാറ്റുന്നതിനു പകരം നാടുമുഴുവൻ കറങ്ങി എല്ലാവർക്കും അസുഖം കൊടുത്ത് സമൂഹത്തെ മുഴുവൻ വീട്ടിലിരുത്തരുത്.. നമ്മുടെ ആരോഗ്യമേഖലയ്ക്ക് ചെയ്യാനുള്ള പരിമിതികളുണ്ട്. കേരളത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമാണ്. 

ഞാനുമൊരു പ്രവാസിയാണ്. പ്രിയപ്പെട്ട പ്രവാസികളെ... നാട്ടിലേയ്ക്ക് വരുമ്പോൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രമിക്കുക... പണ്ട് പ്രവാസി വന്നെന്നറിഞ്ഞാൽ ഓടി എല്ലാവരും വീട്ടിലെത്തുമായിരുന്നു. ഇന്നത്തെ അവസ്ഥ പ്രവാസികളെ കണ്ടാൽ ഓടിയൊളിക്കും അല്ലെങ്കിൽ അടിച്ചോടിക്കും. ആ ഒരവസ്ഥയിലേയ്ക്ക് നമ്മൾ പ്രവാസികൾ തന്നെ അവസരമുണ്ടാക്കരുതേ... ഇതൊരു അപേക്ഷയാണ്.. കുറഞ്ഞ ദിവസങ്ങൾ കുടുംബക്കാരോടൊപ്പം ലീവിനുവരുന്ന നിങ്ങൾ അസുഖം മറച്ചുവച്ച് നാടുമുഴുവൻ ചുറ്റിക്കറങ്ങി മറ്റുള്ളവർക്കും അസുഖം നൽകി നാട്ടുകാരുടെ മൊത്തം ശാപമേറ്റുവാങ്ങരുതേ... നിങ്ങളുടെ ഉറ്റവരും ഉടയവരും ഇവിടെത്തന്നെയാണ് ജീവിക്കേണ്ടത്. നിങ്ങളുടെ കുഞ്ഞുങ്ങളെ നാളെ നാടുമുഴുവൻ അസുഖം വരുത്തിയവന്റെ മകനെന്നോ മകളെന്നോ വിളിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കുക.. ഈ അസുഖത്തിന്റെ വ്യാപനം ഭീകരമാണ്. വന്ന അസുഖം മാറി അടുത്തവർഷവും നമുക്കിവിടൊക്കെ ജീവിക്കണ്ടേ... പ്രിയ പ്രവാസികളേ... നിങ്ങൾ വെറുക്കപ്പെട്ടവരാകരുതേ...

ഭയം വേണ്ട.. ജാഗ്രതമതി.. 

ശാരീരിക അകലം, സാമൂഹിക ഒരുമ അതാണ് നമ്മുടെ മുദ്രാവാക്യം... നീക്കിവയ്ക്കാം ഒരു ദിവസം നമ്മളുറങ്ങുമ്പോൾ നമുക്കുവേണ്ടി ജീവൻ പണയം വച്ച് ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുവേണ്ടി.. ഭരണാധികാരികൾക്കുവേണ്ടി... ഇന്നത്തെ ജനതാ കർഫ്യൂവിൽ പങ്കെടുക്കൂ... ഈ വിപത്തിനെ നമുക്ക് ഒറ്റക്കെട്ടായി മറികടക്കാം.. വലിയൊരു വിപത്തിന്റെ വ്യാപനം തടയാം... ഇപ്പോൾ, ഇന്ന് നമുക്ക് തടായാനായി ഇന്ത്യയോടൊപ്പം ഇന്ത്യാക്കാർക്കൊപ്പം നിൽക്കാം...



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  22 03 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച  29 03 2020


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ