28.3.20

നിഴൽവീണവഴികൾ ഭാഗം 67


”റഷീദിന്റെ വാക്കുൾ അഭിമന്യുവിന്റെ കണ്ണുനിറച്ചു... റഷീദ് നടന്ന് അവന്റെ അടുത്തെത്തി.. അവന്റെ തോളിൽ സ്പർശിച്ചു. ടാ.. നമ്മൾ ഒന്നിച്ചു കളിച്ചു വളർന്നതല്ലേ.. നിനക്ക് എന്നേയും എനിക്ക് നിന്നേയും നന്നായറിയാം.. എന്തോ കാരണത്താൽ നമ്മൾ രണ്ടായെങ്കിലും വീണ്ടും കണ്ടുമുട്ടിയത് പടച്ചോന്റെ തീരുമാനമാ.. നിന്റെ ആത്മാർത്ഥതയ്ക്ക് എനിക്ക് ഇതല്ലേ ചെയ്യാനാകൂ..

നഷ്ടപ്പെട്ടുവെന്നുകരുതിയിടത്തുനിന്നും ദൈവത്തിന്റെ കരസ്പർശനത്താൽ അവൻ വീണ്ടും ജീവിതം നെയ്യുകയായിരുന്നു. വിവാഹം എന്നത് വെറുമൊരു സ്വപ്നം മാത്രമായിരുന്നു. തനിക്കു വേണ്ടി കരുതിവച്ച കുട്ടിയായിരിക്കുമവൾ.. പ്രായം കൂടിയെങ്കിലും ജീവിതത്തിന്റെ പ്രതീക്ഷകൾ ഇനിയുമുണ്ട്. 

അഭിമന്യുവിനെ പ്രതീക്ഷിക്കാനും അവനു സംരക്ഷണം നൽകാനും ഒരു സ്ത്രീ അവന്റെ ജീവിത്തിലെത്തിയിരിക്കുന്നു. ഇതിനു കാരണം റഷീദ് തന്നെയാണ്.. ഒരിക്കലും കാണുമെന്നു കരുതിയതല്ല, തന്റെ കാര്യത്തിൽ എന്തൊരു കെയറാണവന്.. ഇല്ല ഒരിക്കലും മറക്കാനാവില്ല അവനെ ജീവിതത്തിൽ.. 

അവരുടെ ബിസിനസ്സ് നന്നായി പോകുന്നുണ്ടായിരുന്നു.റഷീദിന് ഒരുകാര്യത്തിലും ഇപ്പോൾ ടെൻഷനില്ല.. എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അഭിമന്യു 
തന്നെയാണ്. ശമ്പളത്തിൽ വർദ്ധനവ് വരുത്തിയെന്നറിഞ്ഞപ്പോൾ അവൻ നേരേ പോയത് റഷീദിന്റെ അടുത്തേയ്ക്കാണ്.

“റഷീദ് എന്താ ഇത്രയും തുക എന്റെ ശമ്പളത്തിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്.“

“നീ അത്രയ്ക്ക് ഈ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നുണ്ട്.“

“അതെന്റെ ജോലിയാണ്.“

“ഇതെന്റെ കരുതലാണ്.“

“വേണ്ട റഷീദ്.. എനിക്ക് ഇപ്പോൾ കിട്ടുന്ന തുകതന്നെ എനിക്ക് അധികമാണ്.. അമിതമായ ആഗ്രഹം, സമ്പത്ത് മനുഷ്യനെ വഴിതെറ്റിയ്ക്കും.. ഞാനും നീയും വിശ്വസിക്കുന്നത് ഒരേ ദൈവത്തെ തന്നെയാണ്. പക്ഷേ വ്യത്യസ്ഥമായ പേരുകളിൽ.. നീ എനിക്ക് എന്താണ് തന്നുകൊണ്ടിരിക്കുന്നത് അതു മതി.. എനിക്ക് പണം ആവശ്യമുള്ളപ്പോൾ ഞാൻ ആവശ്യപ്പെട്ടുകൊള്ളാം..“

“റഷീദിന് അഭിമന്യുവിനെ നന്നായറിയാം... പണ്ടേ അവനങ്ങനെയാ.. എന്തുണ്ടെങ്കിലും മറ്റുള്ളവർക്ക് പകുത്തുകൊടുക്കുക.. സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചയ്ക്ക് ഭക്ഷണം താൻ കൊണ്ടുപോകാറില്ലായിരുന്നു. അതു മനസ്സിലാക്കി അവൻ തനിക്കുകൂടി ഒരു പൊതി ചോറ് കൊണ്ടുവരുമായിരുന്നു. അവൻ അത് ചെയ്തത് അവന്റെ അമ്മയോടു പറഞ്ഞായിരിക്കും പക്ഷേ അവന്റെ അമ്മ ഒരുകാലത്തും തന്നോട് അക്കാര്യം ചോദിച്ചിട്ടില്ല.. അഭിമന്യുവിനേക്കാൾ സ്നേഹം തന്നോടായിരുന്നു. ആ സ്നേഹവും കരുതലും അവന് ഇന്നുമുണ്ട്.. വേണ്ട അവനെ നിർബന്ധിക്കേണ്ട.. അവൻ അങ്ങനെയാണ്.. 

“ശരി.. അഭി ഞാൻ വേണ്ടത് ചെയ്യാം.. പിന്നെ നിന്റെ പേരിൽ ഇവിടൊരു അക്കൗണ്ടുണ്ട്... അതിൽ നിനക്ക് എപ്പോൾ പണം ആവശ്യമുള്ളപ്പോൾ ചോദിക്കാം... “

“അതൊക്കെ പിന്നീട്...“

“പിന്നെ ഇതു സൗദി അറേബ്യയാണ്. സ്നേഹം കൂടുമ്പോൾ അവളേയും വിളിച്ച് കറങ്ങാനൊന്നും പോകരുത്.. ഇവിടുത്തെ നിയമം അറിയാമല്ലോ..“

“ടാ.. എനിക്ക് സംസാരിക്കാൻ പോലും ടെൻഷനാ.. പിന്നല്ലേ കറങ്ങാൻ...“

“നീ പോടാ...“

അഭിമന്യു ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി... 

നൂറു ശതമാനം വിശ്വസിക്കാൻ കൊള്ളാവുന്നൊരുവനാ അവൻ.. വാപ്പയ്ക്കും ഉമ്മയ്ക്കും അവനെ നന്നായറിയാം.. അവൻ കൂടെയുണ്ടെന്നറിഞ്ഞപ്പോൾ വീട്ടുകാർക്കും വലിയ സന്തോഷമായിരുന്നു. വീവാഹത്തോടെ അവനു ഒരു നല്ല ജീവിതം ലഭിക്കാൻ പടച്ചോനോടു പ്രാർത്ഥിക്കാം.

നാട്ടിൽ ഫസൽ എൻഡ്രൻസ് ക്ലാസിന് പോകാൻ തയ്യാറായി... രാവിലെ തന്നെ കുളിച്ച് എല്ലാവരുടേയും അനുഗ്രഹത്തോടെ അവൻ പുറപ്പെടാൻ തയ്യാറായി.. ഉപ്പ അടുത്തേയ്ക്ക് വിളിച്ചു.. അവൻ അടുത്തെത്തിയപ്പോൾ അവന്റെ കൈയ്യിൽ ഒരുകെട്ട് നോട്ടുവച്ചുകൊടുത്തു..

“മോനേ.. ഇത് അവിടെ അഡ്മിഷൻ എടുക്കുമ്പോൾ കൊടുക്കാനുള്ളതാ.. ബാക്കിയുള്ളത് നിന്റെ ആവശ്യത്തിനാ. കുറച്ച് നല്ല ഡ്രസ്സൊക്കെ എടുക്കണം.. എന്തായാലും സിറ്റിയിൽ പോവുകയല്ലേ..“

ഫസൽ ഉപ്പാന്റെ കൈപിടിച്ചു മുത്തംവച്ചു... എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.. സഫിയ ഗേറ്റ് വരെ അവനെ അനുഗമിച്ചു.

“ചെറുക്കാ ബസ്സിലൊക്കെ നോക്കി കേറണേ..“

“ഒന്നു പോ ഉമ്മാ.. കളിയാക്കാതെ.. ഞാൻ വലുതായൊരു പുരുഷനാ..“

“എന്നിട്ട് നിനക്ക് മീശയൊന്നുമില്ലല്ലോ..“

“ങ.. ആ.. മീശ ഞാൻ വേണ്ടെന്നുവച്ചതാ..“

ക്ലാസ്സിൽ പലരും കളിയാക്കാറുണ്ട്.. തനിക്കിതുവരെ മീശ കിളിർത്തിട്ടില്ല.. എന്താണെന്നറിയില്ല.. ചിലപ്പോൾ താമസിക്കുമായിരിക്കും... ഒരു കാര്യം നോക്കിയാൽ അതാണ് നല്ലത്. ഷേവ് ചെയ്യേണ്ടല്ലോ.

അവൻ നേരേ ബസ്റ്റാന്റിലേയ്ക്ക്.. അവിടെനിന്ന് ആദ്യത്തെ ബസ്സിൽ കയറി.. ഏകദേശം 45 മിനിറ്റുകൊണ്ട് സിറ്റിയിലെത്തി.. ഐഷു പറഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ചു.. അല്പസമയത്തിനകം അവൾ വാപ്പയേയും കൂട്ടി അവിടെത്തി. ഫസലിനെ കണ്ടയുടൻ അവൾ കൈകാണിച്ചു.. അവർ അവിടിറങ്ങി ഐഷുവിന്റെ വാപ്പയും കൂടെയുണ്ടായിരുന്നു. അവർ മൂവരും ഓഫീസിലേയ്ക്ക്.. ഓഫീസിൽ എത്തിയുടൻ അവിടുത്തെ ഡയറക്ടർ ആളെവിട്ട് മൂവരേയും അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചു.. ഐഷുവിന്റെ വാപ്പയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം... വിശദമായി എല്ലാ കാര്യങ്ങളും ഡയറക്ടർ സംസാരിച്ചു.. അവിടെ ഹോസ്റ്റൽ സൗകര്യമുണ്ടെന്ന് പറഞ്ഞപ്പോൽ അതിന്റെ ആവശ്യമില്ലെന്നും പോയി വരാമെന്നും പറഞ്ഞു. 

ഡയറക്ടർ തന്റെ നേരേ നോക്കി ഇതാരെന്ന് ചോദിച്ചു.. അതിനുത്തരം ഐഷുവിന്റെ വാപ്പതന്നെയാണ് പറഞ്ഞത്..

“ഇത് സഫിയേടെ മോനാ... അടുത്ത ബന്ധുവാ..“

അവൻ ഞെട്ടിപ്പോയി.. അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കി.. ഒരു ചെറിയ പുഞ്ചിരി.. ഐഷുവിനും അത്ഭുതമായിരുന്നു.. ഫോംമെല്ലാം അവിടെവിച്ചു തന്നെ ഫിൽ ചെയ്തു.. തന്റെ പോക്കറ്റിൽ കരുതിയ പണമെടുത്തപ്പോൾ ഐഷുവിന്റെ വാപ്പ കൈപിടിച്ച് അമർത്തിക്കൊണ്ട് വേണ്ടെന്ന് പറഞ്ഞു... 

അവർ പുറത്തിറങ്ങി.. 

“ഫസലേ... നീ ഇവിടെ പണമൊന്നും കൊടുക്കേണ്ട.. ഇത് നമ്മുടെ സ്ഥാപനമാ... നിനക്കെന്തെങ്കിലും പണം വേണമെങ്കിൽ ഇവിടെ ആവശ്യപ്പെടാം...“

“അവന്റെ കണ്ണുകൾ നിറഞ്ഞുപോയി..“

ഒരു ബന്ധവുമില്ലെങ്കിലും സ്വന്തമെന്നു പറഞ്ഞു പരിചയപ്പെടുത്തി.. പണം കൊടുക്കാതെ പഠിക്കുകയും ചെയ്യാം.. ഐഷുവിന്റെ വാപ്പ അങ്ങനെ കൂടുതൽ സംസാരിക്കുന്ന സ്വഭാവക്കാരനല്ല..

“ഫസലേ വാ... ഞാൻ വഴിയിലിറക്കാം..“

കാറിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളായിരുന്നു പറഞ്ഞത്.. എന്തായിത്തീരണമെന്ന് നമ്മൾ ഇപ്പോൾത്തന്നെ തീരുമാനിക്കണം. അതിനുള്ള കഠിന പ്രയത്നത്തിനുള്ള സമയമാണിത്.. ഒരിക്കലും പിന്നിലേയ്ക്ക് ചിന്തിക്കരുത്.. ഇന്നിനെക്കുറിച്ചു മാത്രം ചിന്തിക്കുക.. നാളെകൾ നമ്മുടെ പ്രതീക്ഷകളാണ്. കഴിഞ്ഞുപോയത് നമ്മുടെ ഓർമ്മകളാണ്.. ആയതിനാൽ പടച്ചോനിൽ വിശ്വസിക്കുക.. നിനക്ക് നല്ലൊരു ഭാവിയുണ്ട്.. അതു നീ പാഴാക്കരുത്..

“വാപ്പാ വാപ്പയെന്താ എന്നെക്കുറിച്ചൊന്നും പറയാത്തെ..“

“.. നീയെന്തിനാ പിണങ്ങുന്നേ... നിന്റെ ജീവിതം നീ തിരഞ്ഞെടുത്തു കഴിഞ്ഞല്ലോ...“

അവനെ വീട്ടിനടുത്തേയ്ക്ക് ബസ്സ് കിട്ടുന്ന ജംഷനിൽ ഇറക്കി. ടാറ്റ പറഞ്ഞ് അവർ പിരിഞ്ഞു.. അവളുടെ മുഖത്തെ ആ തിളക്കം അവന്റെ ജീവിതത്തിന് വെളിച്ചം പകരുന്നതായി തോന്നി..

വീട്ടിലെത്തി കാര്യങ്ങൾ വിശദമായി ഉപ്പയോടും ഉമ്മയോടും പറഞ്ഞു... പണം വാങ്ങിയില്ലെന്നും ഫ്രീയായി പഠിപ്പിക്കാമെന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും അവരോട് പറഞ്ഞു...

“ടാ... നീ എവിടെപ്പോയാലും നിനക്ക് ഒത്ത നല്ല ആൾക്കാരെ കിട്ടുന്നുണ്ടല്ലോടാ.. എന്താടാ അതിന്റെയൊക്കെ ഗുട്ടൻസ് ..“ സഫിയ ചോദിച്ചു..

“ഉമ്മാ.. അത് വെറും സിമ്പിളാ... നമ്മൾ വിശ്വസിക്കുന്ന മതത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ മതി...“

“ടാ എനിക്കിതൊന്നും മനസ്സിലാകില്ല.. നീ വേറെന്തെങ്കിലും പറ..“

ഫസലിനെക്കുറിച്ച്ഓർത്തപ്പോൾ എല്ലാവർക്കും അഭിമാനം തോന്നി.. റഷീദ് ഉച്ചയായപ്പോൾ വിളിച്ചിരുന്നു. കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോൽ റഷീദിനും സന്തോഷം.. തന്റെ ഒരേയൊരു അനന്തരവൻ അവന്റെ ഭാവി എന്തായാലും ശോഭനമായിരിക്കുമെന്നതിൽ സംശയമില്ല..

അൻവർ വൈകുന്നേരമാണ് നാദിറേയും കൂട്ടി എത്തിയത്.. അവർ ഹോസ്പിറ്റലിൽ പോയിട്ട് നാദിറയുടെ വീട്ടിലും പോയിരുന്നു. വെയിലായതു കാരണം വൈകിട്ടു വരാമെന്നു കരുതിയിരുന്നു.. അൻവറിനും ഫസലിന്റെ കാര്യമറിഞ്ഞപ്പോൾ സന്തോഷമായി.. തങ്ങൾക്ക് കഴിയാതിരുന്നത് അവനു കഴിയുന്നുണ്ടല്ലോ... എന്നാലും അവനെ ഫ്രീയായിട്ടു പഠിപ്പിക്കാമെന്നു പറഞ്ഞ ആദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്തായിരിക്കും...?

അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. അടുത്ത ആഴ്ച ഫസലിന് ക്ലാസ് തുടങ്ങും അതിനുള്ള തയ്യാറെടുപ്പുകളും ആരംഭിക്കണം. അടുത്ത ദിവസം രാവിലെ സിറ്റിയിൽ പോയി ഡ്രസ്സെടുക്കണമെന്ന് ഉപ്പ പ്രത്യേകം ഫസലിനോടും അൻവറിനോടും പറഞ്ഞു.. സഫിയയ്ക്കും പോയാൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ വണ്ടിയെടുത്തു പോകാമെന്നായി.. വിഷ്ണുവിനോട് ചോദിച്ചപ്പോൾ അടുത്ത ദിവസം പ്രത്യേകിച്ച് ഓട്ടവുമില്ല.. എന്നാൽൽ പിന്നെ പത്തു മണിക്കുതന്നെ പോകാമെന്നു തീരുമാനിച്ചു.

ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് അൻവറാണ് ഫോണെടുത്തത്.. അങ്ങേത്തലയ്ക്കൽ സ്റ്റിഫന്റെ മകളായിരുന്നു. 

“ഇയ്ക്കാ ഇത് ഞാനാ ജൂലി .. ഫസല് അഡ്മിഷനെടുത്തോ...“

അവൾക്കിപ്പോൾ ഈ കുടുംബത്തിലെ എല്ലാവ രുടെയും ശബ്ദം നന്നായറിയാം... തങ്ങൾ അവളെ നേരിട്ട് കണ്ടിട്ടില്ല.. എയർപോർട്ടിൽ ദൂരെനിന്നു കണ്ടിട്ടേയുള്ളൂ.. എന്നാലും എല്ലാവരുമായും ഒരു നല്ല ആത്മബന്ധം അവൾ ഉണ്ടാക്കിയെടുത്തിരുന്നു. അൻവർ അവളോട് വിശേഷങ്ങൾ തിരക്കി..

“ഇക്കാ നാദിറാന്റി എങ്ങനുണ്ട്...“

“കുഴപ്പമില്ല മോളേ... ഇന്ന് ഹോസ്പിറ്റലിൽ പോയിരുന്നു. എല്ലാം ഓക്കെയാണ്..“

“മോനേ ഫസലേ... നീയിങ്ങു വന്നേ.. നിനക്കുള്ളതാ..“

അവൻ ഓടി അടുത്തു വന്നു. അവൾ ഫസലിനോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. നന്നായി പഠിക്കണമെന്നും എന്തൊക്കെ കാര്യങ്ങൽ ശ്രദ്ധിക്കണമെന്നും അവൾ അവനോട് പറഞ്ഞു. താനും എൻഡ്രൻസ് ട്രൈ ചെയ്തതാണെന്നും കിട്ടാഞ്ഞതുകൊണ്ട് ബി.എസ്.സി. നഴ്സിസംഗ് തിരഞ്ഞെടുത്തതാണെന്നും അവൾ പറഞ്ഞു.. മൂന്നുമാസം ക്ലാസിനുപോയ ഒരു പരിചയവും അവൾക്കുണ്ടായിരുന്നു.

അവനതെല്ലാം ശ്രദ്ധിച്ചു കേട്ടു.. സഫിയയോടും അവൾ സംസാരിച്ചു.. 

“മോളേ നീ ഒരാൾക്ക് കല്യാണമൊക്കെ ശരിയാക്കിയെന്നറിഞ്ഞല്ലോ...“

“എന്തു ചെയ്യാം ആന്റീ.. ഇതൊക്കെ ചെയ്യാൻ എന്നെക്കൊണ്ടല്ലേ പറ്റൂ ആന്റീ...“

“ഉവ്വുവ്വേ.. പിന്നെ.. നിന്റെ കല്യാണം എന്നാ...“

“ആന്റീ ആരോടും പറയേണ്ട.. എനിക്ക് ഇഷ്ടപ്പെട്ട ഒരാളുണ്ട്.. പപ്പായ്ക്കറിയാം. മമ്മി ഇതുവരെ അറിഞ്ഞിട്ടില്ല.. സമയം ആകുമ്പോൾ ‍ഞാൻ ആന്റിയോട് പറയാം.. അന്ന് എന്റെകൂടെ നിൽക്കണേ...“

“നോക്കട്ടെ... ചെക്കൻ എങ്ങനുണ്ടെന്നറിയേണ്ട...“

“അതൊന്നും കുഴപ്പമില്ല.. എന്തായാലും ഒന്നു സെറ്റിലാവട്ടെ... എല്ലാറ്റിനും അതിനുള്ള സമയമുണ്ടല്ലോ..“

“ശരിയാ മോളേ... എല്ലാം വീട്ടുകാരുമായി ആലോചിച്ചു വേണം ചെയ്യാൻ. നമ്മളുടെ ജീവിതത്തിൽ എല്ലാവർക്കും എപ്പോഴും ഇടപെടാൻ കഴിഞ്ഞെന്നു വരില്ല. വിവാഹം ഇഷ്ടപ്പെട്ട പുരുഷനൊടൊപ്പമായിരിക്കണം.. അടിച്ചേൽപ്പിക്കേണ്ടതല്ല.. ജീവിതം മൊത്തം ദുഖം സഹിച്ചു കഴിയുന്നതിനേക്കാൾ നല്ലതല്ലേ ഇഷ്ടപ്പെട്ട ഇണയെ നമ്മൾ തന്നെ സ്വയം തിരഞ്ഞെടുക്കുന്നത്..“

“ശരിയാ ആന്റീ...“

“ശരി.. മോളേ.. രാത്രിയായില്ലേ.. ഇനി നാളെ പോകാനുള്ളതല്ലേ.. നീ പോയി റസ്റ്റെടുക്ക് ...“

“ശരി. ആന്റി ഗുഡ് നൈറ്റ്..“

സഫിയ ആലോചിക്കുകയായിരുന്നു. തന്റെ ജീവിതത്തിലും ഇതുപോലൊരു സാഹചര്യമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടൊരുത്തൻ പക്ഷേ തനിക്ക് അതിനു കഴിഞ്ഞില്ല.. പകരം കിട്ടിയതോ തിക്തമായ അനുഭവങ്ങളായിരുന്നു. ഇനിയും എന്തെല്ലം സഹിക്കാനിരിക്കുന്നു. മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിഞ്ഞില്ല.. വാപ്പയ്ക്കും അതിൽ വിഷമമുണ്ട്.. മതമേലധ്യക്ഷ്യന്മാരുടെ ഭീഷണി ഭയന്ന് തനിക്ക് ലഭിക്കുമായിരുന്ന ജീവിതം വേണ്ടെന്നു വച്ചു.. ഒരു നാടിനെ കലാപത്തിലേയ്ക്ക വലിച്ചിഴയ്ക്കേണ്ട എന്നുള്ള വാപ്പയുടെ തീരുമാനം ശരിയായിരുന്നു . പക്ഷേ അതിനു നൽകിയ വിലയോ...? തന്റെ ഒരായുസ്സ്...

ശരിയാണ് ഈ കാലത്തും മനുഷ്യന് മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ സാധിക്കുന്നില്ല.. പക്ഷേ ചൈനയിൽ നിന്നും തുടങ്ങി ലോകം മൊത്തം വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരിയ്ക്ക് മതമെന്നോ ജാതിയെന്നോ എന്നൊരു വേർതിരിവുമില്ല.. പ്രർത്ഥനയ്ക്ക് മതസ്ഥാപനത്തിലെത്തണമെന്നുപോലും മനുഷ്യന് ഇപ്പോൾ ചിന്താഗതിയില്ല. മതസ്ഥാപനങ്ങൾ പോലുമിപ്പോൾ ആതുര ശുശ്രൂഷാ കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറായിരിക്കുന്നു. മതമെന്നത് മതിൽക്കെട്ടല്ലെന്നും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളാണെന്നും ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ദൈവങ്ങൾക്കുപോലും രക്ഷിക്കാനാവാത്ത അവസ്ഥ... ആധുനിക ചികിത്സയിൽ മാത്രം വിശ്വസിക്കേണ്ട സ്ഥിതി... 

മനുഷ്യൻ അഹങ്കരിച്ചിരുന്നു. തങ്ങളെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്ന്.. ആ അഹങ്കാരമൊക്കെ മാറിയിരിക്കുന്നു. അതിർത്തിയിൽ പോരാട്ടം നിർത്തി ജീവൻ രക്ഷിക്കാൻ ഓടുന്ന തീവ്രവാദികൾ, ലോകത്തെ വിരൽത്തുമ്പിലെത്തിച്ചെന്ന് അഹങ്കരിച്ച മനുഷ്യൻ ഇന്ന് സ്വന്തം കുടുംബത്തിലേയ്ക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു. തൊട്ടയൽപക്കത്തുള്ളവന്റെ പേരുപോലും മറന്നപ്പോൾ വാട്സപ്പിലും ഫെയ്സ്ബുക്കിലും മാത്രം പരസ്പരം ബന്ധം പുതുക്കിയിരുന്നപ്പോൾ ഓർത്തില്ല ഇങ്ങനൊരു മഹാമാരി വന്നെത്തുമെന്ന്. നഗ്നനേത്രം കൊണ്ട് കാണാനാവാത്ത ഈ ശത്രു മനുഷ്യവംശത്തിനു തന്നെ ഭീഷണിയാണ്. ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ച് പല മതങ്ങളും പലതും പറയുന്നുണ്ടെങ്കിലും ശാസ്ത്രത്തിൽ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഉൽപ്പത്തിയിൽ വൈറസുകളും ബാക്ടീരിയകളും ചെറു ജീവികളുമാണ് ഉണ്ടായതെന്നുള്ളതിന് കടംകഥയല്ലെന്ന് ജനതയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മനുഷ്യൻ കീഴടക്കിയതാണ് ഈ പ്രകൃതിയെ എന്നിട്ട് അതിനെ ചൂഷണം ചെയ്യുകയായിരുന്നു. മനുഷ്യന്റെ അതിർ വരമ്പുകൾ ജാതിയിലോ മതത്തിലോ അല്ല.. അത് നിശ്ചയിക്കുന്നത് പ്രകൃതിതന്നെയാണ്... ജാതിക്ക് അതീതമായി മതത്തിന് അതീതമായി... ഇനിയും മനുഷ്യകുലം പ്രകൃതിയോടുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ മനുഷ്യകുലംതന്നെ ഇല്ലാതാകുമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

തിരക്കുകൾക്കിടയിൽ പലപ്പോഴും മക്കളോടുപോലും അടുത്തിടപഴകാനുള്ള സമയം പലർക്കും ലഭിക്കാറില്ല.. അതിരാവിലെ ജോലിക്കെത്തുന്നവർ തിരിച്ച് വീട്ടിലെത്തുമ്പോൾ മക്കൾ ഉറക്കമായിരിക്കും. എന്തേലും അസുഖം വരുമ്പോൾ മാത്രം ലീവെടുക്കും.. അതും വർഷത്തിൽ ഒന്നോ രണ്ടോ ദിവസം.. പക്ഷെ  മക്കൾ ഇന്നു വളരെ സന്തോഷത്തിലാണ്... ഭാര്യയുടേയും അമ്മയുടേയും സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതുമാണ്. ലോകത്തിലെ ഈ മഹാമാരിയുടെ തീവ്രതയെക്കുറിച്ചൊന്നും അവർക്ക് വലിയ അറിവില്ല... പക്ഷേ ഒരു കൊറോണയ്ക്ക് കുടുംബങ്ങളിൽ സന്തോഷമുണ്ടാക്കാൻ കഴിഞ്ഞിരിക്കുന്നു.

ഭയം വേണ്ട ജാഗ്രതമാത്രം.... സുരക്ഷിതനായിരിക്കാൻ വീട്ടിനുള്ളിൽ കഴിയുക.. സന്തോഷമായിരിക്കാൻ കുടുംബത്തോടൊപ്പം... വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പലപ്പൊഴും എനിക്ക് കഴിഞ്ഞിരുന്നില്ല .. പക്ഷേ എല്ലാം നമ്മുടെ  വീടിന്റെ ചുറ്റുപാടുമുണ്ടെന്ന് ഉമ്മതന്നെ എന്നെ ബോധ്യപ്പെടുത്തിയിരുന്നു. വീടു വയ്ക്കാനായി തുടങ്ങിയപ്പോൾ നല്ല കായ്ഫലമുള്ള രണ്ട് മാവുകൾ മുറിക്കാൻ തീരുമാനിച്ച് ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മപറഞ്ഞത് ഇന്നും ഓർക്കുന്നു. നിനക്ക് വേണമെങ്കിൽ എന്നെ കൊന്നോ.. പക്ഷേ ആ വൃക്ഷത്തെ നശിപ്പിക്കരുത്.. അതൊരിക്കൽ ഈ നാട് പട്ടിണിയിലും വറുതിയിലും പെട്ടപ്പോൾ ജീവൻ നിലനിർത്താൻ സഹായിച്ചതാ.. പറമ്പിലേയ്ക് നീയൊന്ന് ഇറങ്ങി നോക്കിയേ.. മൂന്ന് മാവ്.. അഞ്ചോളം തെങ്ങുകൾ രണ്ട് കായ്ഫലമുള്ള പ്ലാവ്.. ഇത്രയും മതി ഒര കുടുംബത്തിന് ജീവിക്കാൻ.. മരച്ചീനി കൃഷി നടത്തുന്നിടം പൂന്തോട്ടമാക്കാൻ ശ്രമിച്ചപ്പോൾ അന്ന് ഉമ്മ എതിർക്കുകയായിരുന്നു. ഇന്ന് ഇതൊക്കെ തന്നെയാണ് നമ്മുടെ ഭക്ഷണം... കഴിഞ്ഞ ദിവസം ഉമ്മ അരി അധികമിട്ടു.. ഞാൻ ചോദിച്ചു എന്താ ഉമ്മ നമ്മൾക്ക് അതധികമല്ലേയെന്ന്... ഉമ്മ പറഞ്ഞു കുറച്ചധികമിരിക്കട്ടേയെന്ന്.. ബാക്കിവന്ന അരിയും മരച്ചിനിയും വെള്ളമൊഴിച്ചുവച്ചു. പിറ്റേദിവസം മീൻ ചട്ടിയിൽ മരച്ചീനിയും ചോറും കൂടെ തൈരും... കൊതികൊണ്ട് ഉമ്മയോട് ഒരു പിടി ചോദിച്ചു.. സ്നേഹത്തോടെ വായിൽ വച്ചുതന്നു.. അതിന്റെ രുചിയിൽ ഉമ്മയുടെ അടുത്തു തന്നെ കൂടി.അന്നു ഞങ്ങളറിഞ്ഞു മസാല ദോശയേക്കാളും ബർഗ്ഗറിനേക്കാളും ആധുനികമായ ആഹാരത്തേക്കാളും രുചി ഇതിനുണ്ടെന്ന്.. അതിനു ശേഷം ഞങ്ങളിപ്പോൾ രാവിലത്തെ ഭക്ഷണം പഴങ്ക‍ഞ്ഞി ആക്കിയിരിക്കുന്നു. എല്ലാവർക്കും മത്സരമാണ്... എന്ത് ആരോഗ്യകരമായ മാറ്റമാണ് ഇപ്പോൾ എന്റെ കുടുംബത്തിൽ ഉണ്ടായിരിക്കുന്നത്.. വീട്ടിലിപ്പോൾ സാൻവിച്ച് വേണ്ട... സ്നാക്സ് വേണ്ട.. ഉമ്മയുണ്ടാക്കുന്ന ശർക്കരയും പഴവും മാവും കൊണ്ട് ആവിയിൽ പുഴുങ്ങിയ ഇലയപ്പമാണ് ഇഷ്ടം.. ഇടയ്ക്ക് ഉണ്ടാക്കുന്ന കൊഴുക്കട്ട... ആരോഗ്യ ഭക്ഷണശീലം ഈ കൊറോണ കാലത്ത് എന്റെ കുടുംബത്തിൽ കൊണ്ടുവന്ന മാറ്റം എടുത്തു പറയേണ്ടതാണ്... 

മനുഷ്യന് പ്രകൃതി നൽകിയ ഒരു പുനർചിന്തനത്തിനുള്ള സമയാണിത്... സ്നേഹത്തിന്റെയും സഹനത്തിന്റെയും പാഠങ്ങൾ ഇതിൽ നിന്നു പഠിക്കാം... നമുക്ക് പ്രതിബദ്ധത പ്രകൃതിയോടായിരിക്കണം.. പുരയിടത്തിൽ ഉള്ള വൃക്ഷങ്ങളും മരങ്ങളും വെട്ടി നശിപ്പിക്കരുത്.. പഴമക്കാർ പറയുന്നതുപോലെ ഒരു പ്ലാവും ഒരു മാവും, കുറച്ച് മരച്ചിനും മറ്റു കൃഷിയുമുണ്ടെങ്കിൽ ഒരു കുടുംബത്തിന് സുഖമായി കഴിയാം.. മനുഷ്യൻ തിരക്ക് അഭിനയിക്കുന്നതാണ്. ഈ തിരക്കൊക്കെ ചുമതലകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഒരു നല്ല മനുഷ്യനാകാൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം.. 

മനുഷ്യനുണ്ടായപ്പോൾ മതങ്ങളില്ലായിരുന്നു, ജാതികളില്ലായിരുന്നു. അതിർ വരമ്പുകളില്ലായിരുന്നു. പക്ഷേ എല്ലാവരുടേയും മനസ്സിൽ ഒരതിരുണ്ടായിരുന്നു. അതിന് രൂപമില്ലായിരുന്നു. കാണാനാവില്ലായിരുന്നു. പക്ഷേ അതവൻ പ്രകൃതിയിൽ നിന്നും പഠിച്ചതാണ്. ഇന്ന് എല്ലാമുണ്ട്. പക്ഷേ... വാഹനമുണ്ട് റോഡിലിറങ്ങാനാവുന്നില്ല.. പണമുണ്ട്.. ഇഷ്ട ഭക്ഷണം വാങ്ങാനാവുന്നില്ല... മനുഷ്യർ തമ്മിലുള്ള അകലം വർദ്ധിച്ചിരിക്കുന്നു. അത് സ്നേഹമില്ലായ്മകൊണ്ടല്ല സുരക്ഷിതമായിരിക്കാനാണ്... 

വീണ്ടും പറയുന്നു. ഈ മഹാമാരിക്കു മുന്നിൽ മനുഷ്യൻ മുട്ടു മടക്കരുത്... സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.. കുടുംബത്തോടൊപ്പം വീട്ടിൽത്തന്നെ കഴിയുക.. ശാരീരിക അകലം പാലിക്കുക, സാമൂഹിക സുരക്ഷ അതായിരിക്കണം ലക്ഷ്യം.. 

ഭയം വേണ്ട ജാഗ്രതമതി... നേരിടാം ഒറ്റക്കെട്ടായി... 






സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  29 03 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച  05 04 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ