4.4.20

നിഴൽവീണവഴികൾ ഭാഗം 68


സഫിയ ആലോചിക്കുകയായിരുന്നു. തന്റെ ജീവിതത്തിലും ഇതുപോലൊരു സാഹചര്യമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടൊരുത്തൻ പക്ഷേ തനിക്ക് അതിനു കഴിഞ്ഞില്ല.. പകരം കിട്ടിയതോ തിക്തമായ അനുഭവങ്ങളായിരുന്നു. ഇനിയും എന്തെല്ലം സഹിക്കാനിരിക്കുന്നു. മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിഞ്ഞില്ല.. വാപ്പയ്ക്കും അതിൽ വിഷമമുണ്ട്.. മതമേലധ്യക്ഷ്യന്മാരുടെ ഭീഷണി ഭയന്ന് തനിക്ക് ലഭിക്കുമായിരുന്ന ജീവിതം വേണ്ടെന്നു വച്ചു.. ഒരു നാടിനെ കലാപത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട എന്നുള്ള വാപ്പയുടെ തീരുമാനം ശരിയായിരുന്നു . പക്ഷേ അതിനു നൽകിയ വിലയോ...? തന്റെ ഒരായുസ്സ്...

ക്ലാസ്സിന് പോകാനുള്ള ദിവസം വന്നെത്തി. രാവിലെ തന്നെ കുളിച്ച് സിറ്റിയിൽ നിന്നും വാങ്ങിയ പുതിയ ഡ്രസ്സുമിട്ട് അവൻ എല്ലാവരുടേയും അനുഗ്രഹങ്ങളും വാങ്ങി യാത്രയായി. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ആദ്യം കിട്ടിയ ബസ്സിൽ കയറി അവൻ സിറ്റിയിലേയ്ക്ക്. എൻഡ്രൻസ് സെന്ററിന്റെ അടുത്തുള്ള ബസ്റ്റോപ്പിലിറങ്ങി. പരിചിതമായ മുഖങ്ങളൊന്നും അവിടില്ല. നേരേ നടന്നു കുട്ടികൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. ഐഷു കൂടി വന്നിട്ട് കയറാമെന്നവൻ കരുതി.. പെട്ടെന്നാണ് തോളിൽ ഒരു തട്ട്..അവൻ തിരിഞ്ഞു നോക്കി.. തന്റെ പഴയ തിരക്കഥാകൃത്ത്. അന്ന് ഗുരുവായൂരിൽ തന്നെ കൊണ്ടുപോയി പണിയൊപ്പിച്ച മഹാൻ... 

“സാറെന്താ ഇവിടെ.“

“നല്ല ചോദ്യം.. ഇത് നമ്മടെ സ്ഥലമല്ലേ..“

“അല്ല നീയെന്താ ഇവിടെ..“

“ഞാനിവിടെ എൻഡ്രൻസ് ക്ലാസ് കോചിങ്ങിന് വ ന്നതാ..“

“ഓ... നീ നന്നായി പഠിക്കുമല്ലേ.“

അവൻ നിശബ്ദനായി നിന്നു.

“നമുക്കൊരു ചായകുടിച്ചാലോ..“

“വേണ്ട. ഞാൻ രാവിലെ ചായകുടിച്ചിട്ടാ വന്നത്.. ഉപ്പ കൂടെയുണ്ട്. ആരെയോ കാണാൻ പോയതാ..“ അവനൊരു കള്ളം പറഞ്ഞു .. കാരണം വീണ്ടും പഴയകാലത്തേയ്ക്ക് പോകാൻ വയ്യാത്തതുകൊണ്ടാണ്.

“നീയെന്നും വരുന്നുണ്ടോ...“

“ഉണ്ട്..“

“പിന്നെ.. ദാ ആ കാണുന്ന രണ്ടു നില ലോഡ്ജില്ലേ.. അതിനപ്പുറത്താ എന്റെ വീട്.. വീട്ടുപേര് ആനന്ദം എന്നാണ്... നീ ഫ്രീയാകുമ്പോൾ അങ്ങോട്ട് പോരേ.. പുതിയ കഥയൊക്കെ റഡിയായിരിപ്പുണ്ട്.. കൂടാതെ നിനക്ക് നല്ലൊരു ഭാവിയുമുണ്ട്.“

“ശരി.. ഞാൻ വരാം..“ 

ആരും കാണാതെ അവന്റെ ചന്തിയിൽ ഒരു നുള്ളുകൊടുത്തിട്ട് അയാൾ റോഡ് മുറിച്ചുകടന്ന് പോയി... അപ്പുറത്തു നിന്നും വീണ്ടും അവനെനോക്കി കണ്ണിറുക്കികാണിച്ചു.. 

അവൻ വളരെ പെട്ടെന്ന് അകത്തേയ്ക്ക് കയറി.. ഇനി ഇവിടെ കൂടുതൽ സമയം നിൽക്കുന്നത് ശരിയല്ല.. തന്നെ സിനിമയില് അഭിനയിപ്പിക്കാമെന്നുപറഞ്ഞ് തന്റെ ജീവിതത്തിൽ ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്യിച്ച മഹാനാണിത്.. പുറത്തു കറങ്ങി നിന്നാൽ വീണ്ടും അയാളുടെ കരവലയത്തിൽ അകപ്പെട്ടാലോ...

അവൻ അകത്തു കയറി ഓഫീസിനു മുന്നിൽ നിരത്തിയിട്ടിരുന്ന കസേരയിൽ ഇരുന്നു. അവന്റെ ചിന്തകൾ വളരെക്കാലം പിന്നിലേയ്ക്കു പോയി... കാര്യങ്ങൾ തിരിച്ചറിയുന്ന കാലത്തിനു മുന്നേ താൻ എന്തെല്ലാം അനുഭവിച്ചു.. പഠിച്ച സ്കൂളിലെ ടീച്ചറും സാറും തമ്മിലുള്ള അവിഹിതബന്ധം കണ്ടുപിടിച്ചതിന്റെ പേരിൽ അവർ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നു. അവിടെനിന്നും പുതിയ സ്കൂളിലെത്തിയപ്പോൾതന്നെ പലവഴിക്കും നയിച്ചുകൊണ്ടു പോയത് ആ സ്കൂളിലെ മാനേജരായിരുന്നു. അവിടെനിന്നും സിനിമാഭിനയത്തിനായി ഇറങ്ങിയപ്പോൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന നിലയിലുവരെയെത്തി... എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.  സിനിമ  നിർമ്മാതാവിന്റെ മരണത്തോടെ ഇല്ലാതായപ്പോൾ പുതിയ സിനിമ നൽകാമെന്നുപറഞ്ഞ് വീണ്ടും തന്നെ പീഠിപ്പിച്ചതാണ് ഈ മനുഷ്യൻ. ഇനിയും അയാളുടെ കഴുകൻ കണ്ണുകൾ തന്റെ മേലേയ്ക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതുപോലുള്ള കഴുകന്മാരെ ഒഴിവാക്കുന്നതായിരിക്കും നല്ലത്..

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഐഷു വാതിൽ തുറന്ന് അകത്തുവന്നു. 

“ഫസലേ നീ നേരത്തേ എത്തിയോ..“

“അതേ ഐഷു.. ആദ്യം കട്ടിയ ബസ്സിൽ കയറിയിങ്ങുപോന്നു.“

“നീവന്നിട്ടാണോ ഓഫീസ് തുറന്നത്..“

“ആക്കിയതാ അല്ലെ ...“

“അല്ല ഒൻപത് മണിക്ക് ക്ലാസ്സ് തുടങ്ങുന്നതിന് വെളുപ്പാൻകാലത്തേ വരേണ്ടകാര്യമുണ്ടോ... വെറുതേ വായിനോക്കി നിൽക്കാനായിരിക്കും എത്തിയതല്ലേ..“
ഒന്ന് പോടീ പെണ്ണെ... 
“നീ വാ നമുക്ക് ക്ലാസ്സിലേക്ക് പോകാം..“

അവർ രണ്ടുപേരും ക്ലാസ്സിലേയ്ക്ക് പോയി.. അവിടെ മറ്റുകുട്ടികളും എത്തിത്തുടങ്ങിയരുന്നു.

“ടാ നീയെവിടാ ഇരിക്കുന്നേ...“

അവൻ മൂന്നാമത്തെ റോയിലെ വലതു സൈഡിലായി സീറ്റു പിടിച്ചു. അവൾ തൊട്ടടുത്ത് പെൺകുട്ടികളുടെ സൈഡിലെ ആദ്യത്തെ സീറ്റും. പരസ്പരം എപ്പോഴും കാണാമല്ലോ... ഓരോ കുട്ടികളും അവരവരുടെ സീറ്റുകൾ പിടിച്ച് ഇരുപ്പുറപ്പിച്ചു.. ആദ്യ ദിവസത്തെ ക്ലാസ്സാണ്. 

“നീ ഒറ്റയ്ക്കാണോ വന്നത്..“

“അല്ല വാപ്പ പോകുന്നതുവഴി ഇവിടിറക്കി.. തിരിച്ചു വാപ്പയോടൊപ്പം പോകാം.. നീയും പോരേ.. .... അവിടിറക്കാം.. അവിടുന്ന് നിനക്ക് വലിയദൂരമില്ലല്ലോ...“

“ശരിയാ... നിന്റെ വാപ്പയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ...“
ഒന്നു പോടാ ചെക്കാ... 
“ഇതുവരെയില്ല... കുറച്ചു കഴി‍ഞ്ഞാൽ എങ്ങനെയാണെന്നറിയില്ല..“

“അവൻ പിറകിലൂടെ കൈനീട്ടി ആരും കാണാതെ അവൾക്കൊരു നുള്ളുകൊടുത്തു...“

“അവൾ ഒന്നു പുളഞ്ഞു.“

“ചെക്കാ എന്റെ അടുത്തൂന്നു കിട്ടൂട്ടോ ..“

പെട്ടെന്നാണ് സാർ അവിടെ കടന്നെത്തിയത്. എല്ലാവരും ചാടിയെഴുന്നേറ്റ് ഗുഡ്മോർണിഗ് പറഞ്ഞു... ആദ്യം പരിചയപ്പെടലായിരുന്നു. എല്ലാവരും അവരവരുടെ പേരുകൾ പറഞ്ഞു.. അവന്റെ ഊഴവും വന്നു. ഫസൽ എന്നു പറഞ്ഞു. തൊട്ടടുത്ത ബെഞ്ചിൽ   ഐഷു.. അവളും എഴുന്നേറ്റ് പേരുപറഞ്ഞു. തൊട്ടടുത്തിരിക്കുന്ന കുട്ടിയുമായി അവൾ പെട്ടെന്ന് പരിചയക്കാരായി... അവനും അടുത്തുള്ള സുഹൃത്തുക്കളെ കണ്ടെത്തി.. 

പരിചയപ്പെടലിനു ശേഷം എൻഡ്രൻസിനെക്കുറിച്ച് ചെറിയൊരു ക്ലാസ്സെടുത്തു.. പലരോടും അദ്ദേഹം ആരാകണമെന്നു ചോദിച്ചു.. ഫസലിന്റെ അടുത്തെത്തി.. 

“ഫസലേ നിനക്ക് ആരാകാനാണ് ആഗ്രഹം..“

“എനിക്ക് ഒരു നടനാകണം..“

“പിന്നെന്തിനാ ഇവിടെവന്നത്.“

“സർ.. അത് പിന്നെ... പ്രൊഫഷൻ ഡോക്ടറാകണമെന്നാണ്... എന്റെ ആഗ്രഹം ഒരു നടനാവണമെന്നുമാണ്.. ഒരു ഡോക്ടർ നടനായിക്കൂടെന്നില്ലല്ലോ..“

“..ഓകെ.. പക്ഷേ ഇവിടെ നടനം വേണ്ട.. പഠിത്തം മാത്രം മതി..“

“സോറി.. സാർ.. പെട്ടെന്ന് പറഞ്ഞുപോയതാ..“

“കുഴപ്പമില്ല..“ എല്ലാവരും ഒന്നു ചിരിച്ചു... ഐഷു അവനെ നോക്കി ഒരു പരിഹാസച്ചിരി പാസ്സാക്കി.. അവൻ അവളെനോക്കി കാണിച്ചുതരാമെടീ.. എന്നുള്ള ഭാവത്തിൽ.

അടുത്തത് ഐഷുവിന്റെ ഊഴമായിരുന്നു.

“സർ എനിക്കൊരു സ്പെഷ്യലൈസിഡ് ഡോക്ടറാകണം. രോഗീ പരിചരണം അതാണെന്റെ ലക്ഷ്യം.. പ്രായമായവരെ കൂടുതൽ കരുതലോടെ ശുശ്രൂഷിക്കാനുള്ള ഒരാഗ്രഹം..“

“ഓക്കെ.. നല്ല ലക്ഷ്യംതന്നെയാണ്.. പക്ഷേ നന്നായി പഠിക്കണം. ഈപ്രായത്തിൽ ലക്ഷ്യമൊക്കെ നല്ലതാണ്. പക്ഷേ അതിലേക്കുള്ള ദൂരം വളരെ വലുതാണ് അതിനുള്ള തയ്യാറെടുപ്പാണ് നാം ഇവിടെനിന്നും ആരംഭിക്കുന്നത്.. നാമോരുരുത്തർക്കും ഓരോരോ ലക്ഷ്യങ്ങളായിരിക്കും. ലക്ഷ്യപ്രാപ്തിക്കായി നമ്മളുടെ അധ്വാനം അതാണ് വിജയത്തിലേയ്ക്കുള്ള വഴി.. ലക്ഷക്കണക്കിനു കുട്ടികൾ പരീക്ഷയെഴുതും അതിൽ നിന്നും ആയിരമോ രണ്ടായിരമോ ആയിരിക്കും ജയിച്ചു വരിക... നോക്കൂ.. ഞാൻ പഠിപ്പിച്ച ധാരാളം കുട്ടികൾ എൻഡ്രൻസ് പഠിച്ച് ജയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നു. ഒരു പക്ഷേ നിങ്ങൾ ചോദിച്ചേക്കാം എന്തുകൊണ്ട് ഞാനൊരു ഡോക്ടറായില്ലെന്ന്.. അതിനു കാരണമുണ്ട്..“

എല്ലാവരും ജിജഞാസയോടെ സാറിന്റെ മുഖത്തേയ്ക്ക് നോക്കി.

“ശരിയാണ്... നന്നായി പഠിക്കുമായിരുന്നു. പത്താക്ലാസ്സിൽ ആദ്യ അഞ്ചുറാങ്കുകളിൽ ഒരാളായിരുന്നു ഞാൻ. എന്നെ ഒരു എൻഞ്ചിനീയർ ആക്കാണമെന്നായിരുന്നു എന‍്റെ രക്ഷകർത്താക്കളുടെ ആഗ്രഹം. കാരണം അച്ഛൻ എൻഞ്ചിനീയറായിരുന്നു. എന്റെ ജേഷ്ഠൻ ഡോക്ടറാണ്... പക്ഷേ എനിക്കിഷ്ടം ഒരു നല്ല അധ്യാപകനാവുകയെന്നതായിരുന്നു. എന്റെ ഇഷ്ടത്തിന് രക്ഷകർത്താക്കൾ ആദ്യം എതിരായിരുന്നു. പക്ഷേ ഞാൻ. എന്റെ ലക്ഷ്യത്തിൽ ഉറച്ചു നിന്നപ്പോൾ അവർക്ക് അത് സമ്മതിക്കേണ്ടിവന്നു.“

“ജീവത്തിൽ നമ്മളെ സ്വാധീനിക്കുന്ന ഒരുപാടുപേരുണ്ടാവും... അതിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് എന്റെ സയൻസ് ടീച്ചറായിരുന്നു. അവരുടെ അധ്യാപികയെന്നനിലയിലുള്ള ആത്മാർത്ഥത... അതാണ് എന്നെ ഈ ഒരു ജോലി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്... ഒരു കുഞ്ഞിനെ അവന്റെ വ്യക്തിത്വവും ഭാവിയുമെല്ലാം ഒരു ശില്പിയെപ്പോലെ മെനഞ്ഞെടുക്കുന്നവരാണ് അധ്യാപകർ.. അറിവിന്റെ ആധ്യാക്ഷരം പകർന്നു നൽകുന്ന അധ്യാപകരെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ഒരു അധ്യാപകന് ഒരുപാട് ഡോക്ടർമാരേയും എഞ്ചിനീയർമാരേയും സൃഷ്ടിക്കാനാവും... അതാണ് അധ്യാപകനെന്നുള്ള ഗുണം... ജീവിതത്തിൽ പല ഘട്ടത്തിലും എന്നെ സ്വാധീനിച്ച അധ്വാപകരുമുണ്ടായിട്ടുണ്ട്.. “

“വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയുള്ള പഠിത്തമാകരുത് നമ്മുടേത്.. നമുക്ക് ലക്ഷ്യം പരമപ്രധാനമാണ്. അതിനായി പ്രയത്നിക്കുക... ഇവിടെ നോക്കിയേ ഫസൽ അവന്റെ ആഗ്രഹം ഒരു നടനാവുകയെന്നുള്ളതാണ്.. ആ ലക്ഷ്യത്തിലവൻ നടനാകണമെന്നു പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം എനിക്കു മനസ്സിലാക്കാൻ സാധിച്ചു.. പക്ഷേ അവനൊരു ഡോക്ടറെന്ന പ്രൊഫഷനാണ് ഇഷ്ടം എന്നും പറഞ്ഞു... ശരിയാണ്..ഫസലിന്റെ ചിന്താഗതി ശരിയാണ്... അവന്റെ ഉള്ളിൽ ഒരു കലാകാരനുണ്ട്... അവനൊരിക്കലും ഉള്ളിലെ കലാകാരനെ ഒളിപ്പിക്കാനാവില്ല... ഒരു കലാകാരന് സമൂഹത്തോടൊരു പ്രതിപത്തിയുണ്ടായിരിരിക്കും... അതു തന്നെയാണ് ഒരു ഡോക്ടർക്കും വേണ്ടത്..“

ഫസലൊന്നു ഞെളിഞ്ഞിരുന്നു. ക്ലാസ്സിലെ ആദ്യദിവസം തന്നെ തന്നെക്കുറിച്ച് സാർ പറഞ്ഞല്ലോയെന്ന സന്തോഷവും.. ഐഷു.. അവനെയൊന്നു നോക്കി. പുഞ്ചിരിച്ചു. അവൾക്കുമറിയാം അവന്റെ ആഗ്രഹങ്ങളിൽ പ്രധാനം അഭിനയമയാണെന്നുള്ളത്.. ഇക്കാലത്ത് ആ ഒരു തൊഴിൽ മാത്രം ചെയ്ത് ജീവിക്കാനാവില്ലല്ലോ... ഒരു നല്ല നടനാവാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടിവരും.. അങ്ങനെ കടന്നുവന്നാൽ തന്നെ എത്രകാലം പിടിച്ചു നിൽക്കാനാവും.. കലയെ പരിപോഷിപ്പിക്കുന്നതിൽ തെറ്റില്ല.. പക്ഷേ സമൂഹത്തിൽ ഒരു പ്രൊഫഷണലിന് പലതും ചെയ്യാനാവും.. അതു തന്നെയാണ് അവന്റെ ലക്ഷ്യവും..

ബേസിക്കായുള്ള കാര്യങ്ങളായിരുന്നു അന്നത്തെ ദിവസത്തെ ക്ലാസിൽ പറഞ്ഞുപോയത്. സാറിന്റെ പഠിപ്പിക്കുന്ന രീതി എല്ലാ കുട്ടികൾക്കും വളരെ ഇഷ്ടപ്പെട്ടു... അദ്ദേഹം വളരെ ആസ്വദിച്ചുകൊണ്ടാണ് പഠിപ്പിച്ചത്.. മനുഷ്യ ശരീരത്തെക്കുറിച്ചും മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഉദാഹരണത്തോടെ പറഞ്ഞുതന്നു.. പഠനത്തിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ അദ്ദേഹം പ്രതേകം സൂചിപ്പിച്ചു... എല്ലാദിവസവും പത്രങ്ങളും മറ്റു മാധ്യമങ്ങളും വായിക്കണമെന്നും.. നല്ലൊരു വായനാശീലം മനുഷ്യന് കൂടുതൽ അറിവു നൽകുമെന്നും പറഞ്ഞു..

ഉച്ചയ്ക്ക് ഭക്ഷണത്തിനു ബെല്ലടിച്ചു... എല്ലാവരും ക്യാന്റീനിലേയ്ക്ക് പോയി.. ഫസലും ഐഷുവും ഉച്ചഭക്ഷണം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. രണ്ടുപേരും അടുത്തടുത്താണ് ഇരുന്നത്.. പരസ്പരം ഷെയർ ചെയ്ത് അവർകഴിച്ചു.

“ചെക്കാ നീ വന്ന ദിവസം തന്നെ സാറിനെ കൈയ്യിലെടുത്തല്ലേ..“

“ഞാനെന്തു ചെയ്യാനാടീ...ശോ എനിക്കു വയ്യ... അതങ്ങനെയങ്ങു സംഭവിക്കുന്നതാടീ..“

“നിന്നെക്കാണാനും ഒരു സിനിമാനടന്റെ ലുക്കൊക്കെയുണ്ടല്ലോ.. അതായിരിക്കും...“

“പിന്നെ... ഇവിടെ നല്ല സുന്ദരിക്കൊച്ചുങ്ങളൊക്കെയുണ്ട്... നീ ആരേയും നോക്കി കണ്ണിറുക്കി കാണിക്കല്ലേ..“

അവൻ അവളെയൊന്നു ദയനീയമായി നോക്കി..“

“നിന്റെ കണ്ണു ഞാൻ കുത്തിയെടുക്കും..“

“പിന്നെ... നീയല്ലേ എന്റെ കണ്ണുകുത്തിയെടുക്കുന്നേ... മരണം വരെ നീതന്നെയെന്നെ നോക്കേണ്ടിവരും..“

“വാ നമുക്ക് കൈകഴുകാൻ പോകാം..“

അവർ രണ്ടാളും വാഷ്റൂമിലേക്ക്‌ പോയി..ടിഫിൻ ബോക്സ്‌കഴുകി തിരികെയെത്തി... കുറച്ചു സമയം അവർ ക്ലാസ്സിന് വെളിയിൽ നിന്നും സംസാരിച്ചു. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം സംസാരിച്ചു. ഫസലിന് പറയാൻ മാമയുടേയും അഭിമന്യുവിന്റെയും കാര്യങ്ങളുണ്ടായിരുന്നു. അവളതൊക്കെ ജിജ്‌ഞാ സയോടെ കേട്ടു.. അല്ലെങ്കിലും ഫസലിന് എല്ലാം നന്നായി അവതരിപ്പിക്കാൻ നല്ല കഴിവാണ്.. അതിൽ ആരും മുഴുകിയിരുന്നുപോവും...

ഉച്ചയ്ക്ക് മറ്റൊരു സാറാണ് ക്ലാസെടുക്കാനെത്തിയത്.. അദ്ദേഹവും ബേസിക്കായിട്ടുള്ള കാര്യങ്ങളൊക്കെ പറഞ്ഞുപോയി.. നാലുമണിക്ക് ക്ലാസ്സ് അവസാനിച്ചു.. എല്ലാവരും തിരക്കുകൂട്ടി പുറത്തിറങ്ങി.. ഫസലും ഐഷുവും സാവധാനമാണ് പുറത്തെത്തിയത്.. അവിടെ ഐഷുവിന്റെ വാപ്പ വണ്ടിയുമായി കാത്തുനിൽക്കുന്നുണ്ടയിരുന്നു. മറ്റാരോ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.

അവർ രണ്ടുപേരും കാറിനടുത്തെത്തി.. 

“രണ്ടുപേരും പിറകിലെ സീറ്റിലിരുന്നോ..“

“അവർ രണ്ടു സൈഡിലൂടെ വണ്ടിയിൽ കയറി.. ക്ലാസിനെക്കുറിച്ച് അദ്ദേഹം അവരോട് വിശദമായി സംസാരിച്ചു.. 

ആദ്യ ദിവസം തന്നെ ഫസലിന്റെ കാര്യത്തിലുണ്ടായ കാര്യങ്ങളൊക്കെ ഐഷു വിശദമായി വാപ്പയോട് പറഞ്ഞു..

“അപ്പോ നീ സാറിനെ കുപ്പിയിലിറക്കിയല്ലേ..“

ഫസൽ ഒരു ചിരിയിലൊതുക്കി... 

അവൻ ചുറ്റുപാടും നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവൾ കൈ നീട്ടി അവനൊരു നുള്ളുകൊടുത്തത്.. അവനൊന്നു പിടഞ്ഞു.. 

“എന്താ ഫസലേ... ഇറങ്ങാറായില്ലല്ലോ...“

“ഇല്ല.. ഇനി അല്പ ദൂരമല്ലേയുള്ളൂ...“

അവളെ നോക്കിയപ്പോൾ അവൾ അവനെ നോക്കി ചിരിക്കുകയായിരുന്നു.

അവനിറങ്ങാനുള്ളസ്ഥലമെത്തി.. അദ്ദേഹം വാഹനം സൈഡിലാക്കി നിർത്തി..

“ഫസലേ.. നാളെ നീ ഇവിടെ വന്നു നിന്നാൽ മതി.. ഞാൻ ഇവിടുന്നു പിക് ചെയ്യാം.“

“ശരിയങ്കിൾ.. താങ്ക്സ്..“

അവൻ അവിടെനിന്നും അടുത്ത ബസ്സിൽ കയറി... കുറച്ചു സമയത്തിനകം അവനിറങ്ങാനുള്ളസ്റ്റോപ്പിലെത്തി.. അവിടെനിന്നും 10 മിനിറ്റ് നടക്കാനുള്ള ദുരമുണ്ട്.. സാവകാശം അവൻ വീട്ടിലേയ്ക്ക് നടന്നു....  നാളെ ക്ലാസ്സുണ്ട്.. വീട്ടിലെത്തിയിട്ട് ചില ചാപ്റ്റർ റഫർ ചെയ്തുകൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട്. കുളിച്ച് ചായകുടിച്ച് ഉടൻ തന്നെ അത് പ്രിപ്പയർ ചെയ്യാൻ തുടങ്ങണം.. മടിപിടിച്ചാൽ വലിയ പാടാണ്. ഇന്ന് സാറിൽ നിന്നും കിട്ടിയത് നല്ലൊരു മോട്ടിവേഷനാണ്. അത് തന്റെ ജീവിതത്തിൽ സ്വാധീനിച്ചതായി അവനൊരു തോന്നൽ... ഒരു ഡോക്ടർ ആവുകയെന്നതായിരുന്നില്ല ലക്ഷ്യം ഉപ്പയും ഉമ്മയും അവരുടെ ആഗ്രഹങ്ങളും തന്റെ മനസ്സിലേയ്ക്കും ആഴ്ന്നിറങ്ങി.. സമൂഹത്തിൽ ഒരു ഡോക്ടർക്ക് ഒരുപാടൊക്കെ ചെയ്യാനുണ്ട്.. പരിശ്രമിക്കാം. ബാക്കിയെല്ലാം പടച്ചോൻതീരുമാനിക്കട്ടെ...

ഈ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ വരുതിയിലാക്കാൻ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുകയാണ്. നമ്മുടെ നാട്ടിലും ധാരളം കേസ്സുകൾ റിപ്പോർട്ട് ചെയിതിരിക്കുന്നു. മരണം കൂടിവരുന്നത് ഭയത്തോടെയാണ് കാണുന്നത്. എത്ര ചിട്ടയായും പ്രവർത്തനം നടത്തിയാലും ജനങ്ങൾ അതിൽ സഹകരിച്ചില്ലെങ്കിൽ എല്ലാം വിഫലമാവും.. എല്ലാ നിയന്ത്രണങ്ങളും നമുക്കുവേണ്ടിയാണെന്നുള്ള ചിന്താഗതി നമ്മുടെ മനസ്സിൽ ഉറപ്പിക്കേണ്ടിയിരിക്കുന്നു. ഭരണാധികാരികൾക്ക് ഒന്നും പേടിക്കാനില്ല... പക്ഷേ അവരുടെ ജാഗ്രത അത് സമൂഹത്തിനുവേണ്ടിയാണ്... ആ നിയന്ത്രണങ്ങൾ പാലിക്കുക.. നിർണ്ണായകമായ ആഴ്ചയാണിത്... ഈ പരീക്ഷണകാലം നമ്മൾ അതിജീവിച്ചേപറ്റൂ... സമൂഹ വ്യാപനം ഒഴിവാക്കിയില്ലെങ്കിൽ വലിയ വില നമുക്കു കൊടുക്കേണ്ടിവരും...  എന്നും കാണുന്ന മുഖങ്ങൾ ഒരു സുപ്രഭാതത്തിൽ കാണാതാവുന്നതിനെക്കുറിച്ചൊന്നു ചിന്തുച്ചിനോക്കിയേ... അത്ര ഭീകരമാണ് ഈ വൈറസ്.. 

ഭയം വേണ്ട ജാഗ്രത മതി.. ശാരീരിക അകലം സാമൂഹിക ഒരുമ.. നല്ല ഒരു നാളെയ്ക്കായി പ്രാർത്ഥിക്കാം. ഈ ലോക്ഡൗൺ നമുക്ക് നമ്മുടെ ശരീരത്തിന് നമ്മുടെ മനസ്സിന്.. നമ്മുടെ പ്രകൃതിയ്ക്ക് എല്ലാറ്റിനും വിശ്രമിക്കാനുള്ള സമയമാണിത്... ഈ വിശ്രമകാലം കഴിഞ്ഞാൽ പുതിയൊരു ലോകത്തേയ്ക്ക് തിരികെയെത്താം.. പ്രതീക്ഷയോടെ വ്യക്തമായ ലക്ഷ്യത്തോടെ കാത്തിരിക്കാം.




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 05 04 2020

 

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 12 04 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ