19.4.20

നിഴൽവീണവഴികൾ ഭാഗം 70


ചെറിയ തണുത്ത കാറ്റ് മനസ്സിൽ നല്ല കുളിർമ്മതോന്നി.. അവൻ താഴെ റൂമിലെത്തി പുസ്തകമെടുത്ത് പഠനം ആരംഭിച്ചു. തന്റെ ജീവിതത്തിൽ എന്തെല്ലാമോ മാറ്റം വരുന്നതായി അവനുതോന്നി തുടങ്ങി... എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുംവന്നപോലെ ... പഠനത്തോട് കൂടുതൽ താല്പര്യം.. ഒരുപക്ഷേ ഐഷുവിനോടുള്ള സഹകരണമായിരിക്കാം. തന്നെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ഫസൽ തന്റെ പഠനത്തിൽ മുഴുകി.

ഫസലിന്റെ ക്ലാസ്സുകൾ നന്നായി പൊയ്ക്കൊണ്ടിരുന്നു. അതിലൂടെ ഐഷുവുമായി കൂടുതൽ അടുക്കാൻ അവന് സാധിച്ചു... അവളുടെ വാപ്പയ്ക്ക് പോലും ഫസൽ വളരെ വേണ്ടപ്പെട്ടവനായി മാറിയിരുന്നു. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വരുന്നനേരം.

“ഫസലേ... ക്ലാസ്സൊക്കെ നന്നായി പോകുന്നില്ലേ. പഠിത്തം വലിയ പ്രശ്നമൊന്നുമില്ലല്ലോ..“

“ഇല്ല അങ്കിൾ..“

“എന്നാലൊരു കാര്യം ചെയ്യ്... ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ നോക്ക്..“

“അത്..“

“വീട്ടിൽ വണ്ടിയുണ്ടല്ലോ.“

“ഉണ്ട്...“

“ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ സ്വന്തമായി  ഓടിച്ചൂടെ..“

“അത് ഉപ്പ വണ്ടി ഓടിക്കാൻ സമ്മതിക്കില്ല.“

“അതൊക്കെ മാറുമടോ... ആദ്യം താൻ ഡ്രൈവിംഗ് പഠിക്ക്. അതിനു ശേഷം നമുക്ക് നോക്കാം..“

അത് ഫസലിന് ഒരു പ്രചോദനമായിരുന്നു. അന്ന് വൈകുന്നേരം വളരെ ഉത്സാഹഭരിതനായി ഫസൽ വീട്ടിലെത്തി. വന്നപാടേ.. ഉപ്പയോട് ഇക്കാര്യം സൂചിപ്പിച്ചു. അവിടെ അൻവറുമുണ്ടായിരുന്നു.

“നിനക്കതിനുള്ള വയസ്സായോ മോനേ...“

“18 വയസ്സാ.. ഇപ്പോൾ പഠിക്കുന്നതല്ലേ നല്ലത്.. അതി രാവിലെയാകുമ്പോൾ അതും കഴിഞ്ഞ് എനിക്ക് ക്ലാസ്സിനും പോകാമല്ലോ..“

അവന്റെ താല്പര്യം കണ്ട് അവരെല്ലാം സമ്മതിച്ചു... പ്രത്യേകിച്ച് സഫിയയ്ക്കും ഒരു എതിരഭിപ്രായമില്ലായിരുന്നു. തന്റെ മകൻ അതെല്ലാം പഠിച്ചു തന്നെയും കൂട്ടി കാറിൽ പോകുന്നതൊക്കെ ഒരു മിന്നായംപോലെ അവളുടെ മനസ്സിൽ തെളിഞ്ഞു.

അന്നു വൈകുന്നേരം റഷീദ് വിളിച്ചപ്പോൾ ഈ വിവരവും അവൻ അവതരിപ്പിച്ചു..

“അത് ശരിയാ മോനേ.. നീ അതൊക്കെ പഠിക്കണം. ഒരു ഡോക്ടറാവുമ്പോൾ ഡ്രൈവിംഗും അറിഞ്ഞിരിക്കണം. പിന്നെ പഠിച്ചുവച്ചിരുന്നാൽ മതി.. വണ്ടിയൊന്നും ഓടിക്കേണ്ട.. അത് ഞാൻ നാട്ടിൽ വന്നിട്ട് നോക്കാം..“

“ശരി മാമാ...“ അവൻ ഉത്സാഹത്തോടെ അന്നത്തെ ഹോംവർക്കും മറ്റു പഠനങ്ങളുമായി മുഴുകി.

ആഴ്ചയിൽ രണ്ടുദിവസം അവൻഡ്രൈവിംഗിനു പോകുന്നു. വ്യാഴവും, ഞായറും... ഒരു ദിവസം മാത്രമേ വീട്ടിൽ നിന്നും നേരത്തേ ഇറങ്ങേണ്ടിവരുന്നുള്ളു.. ഞായറാഴ്ച ക്ലാസ്സിന് അവധിയായതുകൊണ്ട് പത്തു മണിക്കാണ് ക്ലാസ്സ്. അവനെക്കുറിച്ച് ഇൻസ്ട്രക്ക്ട്ടർക്ക്  നല്ല അഭിപ്രായമായിരുന്നു. ഉപ്പയ്ക്ക് അറിയാവുന്നൊരു മനുഷ്യനാണ്. കുറച്ച് പ്രായമുണ്ട്. പക്ഷേ എല്ലാ കാര്യങ്ങളും നന്നായി പഠിപ്പിക്കുന്നുണ്ട്.

വീട്ടിലെ ഇന്നോവ ഓടിക്കുന്ന വിഷ്ണുവേട്ടൻ നല്ലൊരു ഡ്രൈവറാണ്. അതുപോലെ തനിക്കും വണ്ടിയോടിക്കണം. വിഷ്ണുവിനോട് പഠിച്ച് കഴിഞ്ഞു തനിക്കും ഈ വണ്ടി ഓടിക്കാൻ തരുമോ എന്ന്‌ അവൻ ചോദിച്ചിരുന്നു.

“എന്റെ കഞ്ഞീ പാറ്റയിടുമോ ഫസലേ...“

“ഇല്ലെന്നേ... എനിക്ക് പഠിക്കാൻ വലിയ താല്പര്യമാ അതുകൊണ്ടാ..“

“കുഴപ്പമില്ലടാ... ഞാനൊരു തമാശ പറഞ്ഞതാ...“

ദിവസങ്ങൾ ഓരോന്നായി നീങ്ങിനീങ്ങിപ്പോയി. ഗൾഫിൽ റഷീദിന്റെ ബിസിനസ്സ് നന്നായി ഡവലപ്പു ചെയ്യുന്നുണ്ട്. നാട്ടിൽ വീടിനു തൊട്ടു ചേർന്നുണ്ടായിരുന്ന ഒരേക്കർ തെങ്ങിൻതോപ്പ് വാങ്ങിച്ചു .. അവന്റെ നിർബന്ധം വാപ്പാന്റെ പേരിൽ എഗ്രിമെന്റ് എഴുതണമെന്നായിരുന്നു. ഹമീദിക്ക് അതിനൊന്നും സമ്മതിച്ചില്ല. അവസാനം അഫ്‌സയുടെ പേരിൽ തന്നെ എഴുതേണ്ടതായി വന്നു. അവൾക്കും വാപ്പാന്റെ പേരിൽ എഴുതണമെന്നായിരുന്നു ആഗ്രഹം.. പക്ഷേ വാപ്പ വളരെ നിർബന്ധബുദ്ധിയോടെ നിൽക്കുകയായിരുന്നു.

വീട് തന്റെ പേരിൽ എഴുതിയപ്പോൾ തനിക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അതിനു സമ്മതിക്കുകയായിരുന്നു. ഇതങ്ങനെയല്ലാ.. അവനും ഒരു കുടുംബവും കുട്ടിയുമൊക്കെ ആയില്ലേ... അവർക്കാർക്കും വിഷമമില്ലെങ്കിലും നാട്ടുകാരത് സഹിക്കില്ലല്ലോ.. എന്തിന്... നല്ല തെങ്ങും പുരയിടമായിരുന്നത്. ആയിരം തേങ്ങ കണ്ണുമടച്ചുകൊണ്ട് കിട്ടും.. പുരയിടത്തിന് ഒരു സൈഡിലൂടെ പോകുന്ന ചെറിയൊരു കൈത്തോടുണ്ട്. അതിലെ വെള്ളം ചെന്നു ചേരുന്നത് ഭാരതപ്പുഴയിലായിരുന്നു. എപ്പോഴും വെള്ളമുള്ള കൈത്തോടായിരുന്നത്...

എഴുത്തു കഴിഞ്ഞ അടുത്തദിവസം തന്നെ കുറച്ച് പണിക്കാരെ സംഘടിപ്പിച്ച് പുരയിടം നന്നായി വൃത്തിയാക്കി. തെങ്ങിന് തടമെടുത്തു മഴക്കാലമാണ് വരാൻ പോകുന്നത്.. ആവശ്യത്തിനു വളവും ചെയ്തു... ഇപ്പോഴേ ശ്രദ്ധിച്ചാൽ നല്ല വിളവ് ലഭിക്കുമെന്നത് ഉറപ്പാണ്. കുറച്ച് മരച്ചീനിയും കാച്ചിലും ചേമ്പുമൊക്കെ നടണം... വടക്കു വശത്ത് ഒരുകൂട്ടം കഴുങ്‌ ഉണ്ട് അവിടെ കുരുമുളക് കൃഷിക്ക് പറ്റിയ സ്ഥലമാണ്. വാഴയും ഒന്ന്  പിരിച്ചു വയ്ക്കണം. എല്ലാം പതുക്കെ പതുക്കെ ചെയ്യാം.. ഹമീദ് വീടിന്റെ വടക്കുഭാഗത്തുള്ള മതിലിൽ ചെറിയൊരു ഗേറ്റ് വച്ചു. ഇപ്പോൾ സുഖമായി അപ്പുറത്തെ പുരയിടത്തിലേയ്ക്കിറങ്ങാം... കൂടുതൽ ദൂരമൊന്നും നടക്കില്ല.. അവിടെ ഒരു കസേരയിട്ട് തണലത്ത് ഇരിക്കും പണിചെയ്യുന്നവർക്ക് വേണ്ട നിർദ്ദേശം കൊടുക്കും. ഇടയ്ക്കിടയ്ക്ക് മോരുംവെള്ളവും, കഞ്ഞിവെള്ളവുമൊക്കെ എത്തിക്കും.

അങ്ങ് ഗൾഫിൽ അഭിമന്യു ബിസിനസ്സിൽ നന്നായി തിളങ്ങാൻ തുടങ്ങി. അവന്റെ വരവ് റഷീദിന്റെ ജോലിഭാരം പകുതിയാക്കി കുറച്ചു.. അഭിമന്യുവിന് തന്റെ ഭാവി വധുവിനെ കാണണമെങ്കിൽ റഷീദും കൂട്ടുപോകേണ്ട അവസ്ഥ..

“നിനക്കെന്താ ഒറ്റയ്ക്ക് പൊയ്ക്കൂടെ..“

“എടാ.. എനിക്കതിനുള്ള ധൈര്യമില്ല. ജീവിതത്തിൽ ഇത്രയും നാളിനിടയ്ക്ക് ഒരു സ്ത്രീയുമായി ഇങ്ങനെ അടുത്തിടപഴകേണ്ടിവന്നിട്ടില്ല... നിക്കറിയാമല്ലോ ഞാൻ വളർന്ന സാഹചര്യം അതായിരുന്നു.“

ആഴ്ചയിൽ ഒരു ദിവസം അവൻ അവിടെ പോകാറുണ്ട്. ഓഫീസ് ടൈമിൽ രണ്ടുപേരും പരസ്പരം വിളിക്കാറില്ല.. അഭിമന്യു തന്നെ പറയാറുണ്ട് ജോലി സമയത്ത്  നമ്മൾ കൂടുതൽ ശ്രദ്ധ ജോലിയിൽ കാണിക്കണം അവിടെ മറ്റു ചിന്തകൾ കടന്നുവന്നാൽ പിന്നെ ഒന്നിലും ശ്രദ്ധിക്കാനാവില്ല..

അവരുടെ ബേക്കറി സാധനങ്ങൾ വളരെയധികം പ്രിയങ്കരമായിരുന്നു അന്നാട്ടിൽ. പലരുടേയും വിവാഹാവശ്യങ്ങൾക്കും മറ്റും ചില സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കിക്കാറുണ്ടായിരുന്നു. യാദൃശ്ചികമായിട്ടാണ് സൗദി എയർ‌ലൈനിൽ കാറ്ററിംഗ് സർവ്വീസിൽ ജോലിചെയ്തിരുന്ന ഒരാളെ പരിചയപ്പെടാനിടയായത്.. അദ്ദേഹം പാലക്കാട്‌  സ്വദേശിയാണ് ഡിപ്പാർട്ട്മെന്റ് ഹെഡ്ഡും.. തന്റെ ബേക്കറിയിലെ പലഹാരങ്ങൾ അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടു. റഷീദിനെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. കൂടാതെ ചോദിച്ചത് നിങ്ങൾക്ക് ഈ പ്രോഡക്ടുകൾ ഫ്ലൈറ്റിൽ സപ്ലേചെയ്യാൻ ആഗ്രഹമുണ്ടോയെന്നാണ്.

റഷീദ് ശരിക്കും ഞെട്ടിപ്പോയി... സർ അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്..

“അത് വളരെ ഹൈനീജിക്കായിട്ടാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ഓരോ ഫ്ലൈറ്റിലും ആവശ്യമായ മെനു ഞങ്ങൾ നേരത്തേ തരും.. അതിനനുസരിച്ച് നിങ്ങൾ ബേക്കറി ഐറ്റംസ് ഞങ്ങൾക്ക് കൃത്യസമത്ത്  സ്പ്ലൈ ചെയ്യണം. കോൺട്രാക്ടിൽ പറഞ്ഞ രീതിയിൽ പറഞ്ഞ സമയത്ത്.. പിന്നെ ഇതിൽ വീഴ്ചയുണ്ടായാൽ വലിയ ഫൈനും അടിക്കും.. അറിയാമല്ലോ. ഇവിടുത്തെ നിയമം.

റഷീദിന് പിന്നൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അവൻ സമ്മതം മൂളി... അടുത്ത ആഴ്ചതന്നെ അതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണം. ആദ്യം ആപ്ലിക്കേഷൻ കൊടുക്കണം അതു കൂടാതെ വളരെ ഹൈജീനിക്കായി ഇതൊക്കെചെയ്യുന്നതിനുള്ള പുതിയ ഒരു ബോർമ തന്നെ വേണം അതിലേയ്ക്ക് ആവശ്യമായ സ്റ്റാഫുകളും.. മൂന്നുമാസം സമയമുണ്ട്.. അതിനിടയിൽ എല്ലാം റഡിയാക്കണം..

അവൻ അഭിമന്യുവിനെ വിളിച്ച് കാര്യം പറഞ്ഞു. അവനും അതൊരത്ഭുതമായിരുന്നു.

“നമുക്ക് ഒറ്റക്കെട്ടായി ശ്രമിക്കാമടോ... ഇതുവരെ എത്തിയില്ലേ... ഇനിയും ഉയരങ്ങളിലെത്താം...“

വൈകുന്നേരം തന്നെ അവർ ഒരു ബേക്കറിബോർമയ്ക്കാവശ്യമായ രീതിലിുള്ള ഒരു ബിൽഡിംഗ് കാണാൻ പോയി... അവിടുത്തെ സൗകര്യങ്ങൾ അവർക്കിഷ്ടപ്പെട്ടു... അതിന്റെ ഉടമസ്തനിൽ നിന്നും ഉറപ്പും ലഭിച്ചു. പിറ്റേ ദിവസം തന്നെ എഗ്രിമെന്റെഴുതി... ഹെൽത്തിൽനിന്നും, ഫയർ ആന്റ് സേഫ്റ്റിയിൽ നിന്നും അംഗീകാരങ്ങളും വളരെ കുറഞ്ഞ സമയം കൊണ്ട് വാങ്ങി. മെഷീനെല്ലാം എത്തി ഫിറ്റിംഗ്സും കഴിഞ്ഞു...

അതിനിടയിൽ തന്നെ അവർക്ക് സൗദി എയർലൈനിലെ മൂന്ന് ഫ്ലൈറ്റുകൾക്ക് സാധനം സപ്ലൈചെയ്യുന്നതിനുള്ള അംഗീകാരം ലഭിച്ചു. അതിൽ അവർ നല്ലരീതിയിൽ പെർഫോംചെയ്താൽ ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടിക്കൊടുക്കാമെന്നും പറ‍ഞ്ഞിട്ടുണ്ട്.. എല്ലാം മോഡേൺരീതിയിലുള്ള നിർമ്മാണ രീതിയായിരുന്നു. അഭിമന്യുവിന് ഇവിടുത്തേയും സിറ്റിയിലേയും ചുമതലയുണ്ട്... രണ്ടുപേരും മാറി മാറി എല്ലാം നോക്കിക്കൊണ്ടിരുന്നു. പുതുതായി എടുത്ത സ്റ്റാഫിന് ആവശ്യമുള്ള ട്രെയിനിംഗ് നൽകി ഉല്പാദനം ആരംഭിച്ചു. ആദ്യ ദിവസം തന്നെ നല്ല അഭിപ്രായമായിരുന്നു അവർക്ക് ലഭിച്ചത്... രണ്ടുപേരും ഇപ്പോൾ വളരെ തിരക്കിലുമാണ്. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി പത്തുമണിയെങ്കിലുമാകും.. ലാസ്റ്റ് ഫ്ലൈറ്റ് പോകുന്നത് 9 മണിക്കാണ്. എട്ടുമണിക്ക് തന്നെ സാധനം എയർപോർട്ടിലെത്തണം പ്രത്യേക പാക്കിംഗ്. ഒരു പൊടിപോലും ഉണ്ടാവാൻ പാടില്ല.. വളരെ സൂക്ഷ്മമായ രീതിയിലാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇടയ്ക്കിടയ്ക്ക് സൗദി എയർലൈനിലെ ഫുഡ് ഇൻസ്പക്ടേഴ്സ് ചെക്കിംഗിന് വരാറുണ്ട്. പടച്ചോന്റെ കൃപയിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഈ പുതിയ ബിസിനസ്സിന്റെ ചുമതകൾ നിർവ്വഹിക്കുന്നതിനായി ഒരു മാനേജരേയും പുതുതായി എടുത്തു.. അവന് പല സ്ഥാപനങ്ങളിലും ജോലി ചെയ്ത് നല്ല പരിചയവുമുണ്ടായിരുന്നു. ലബനോൺ സ്വദേശി.. എയർലൈൻ ഫുഡ് കാറ്ററിംങ്ങിൽ വലിയ പരിചയവുമുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക്  വലിയടെൻഷനില്ലാതെ കാര്യങ്ങൾ നടന്നുപോയിരുന്നു. ലാഭകരമായ ബിനിസസ്സ്.. റഷീദ് ഇപ്പോഴും നാട്ടിലെ ആ പഴയ അനാഥാലയത്തിന് മാസംതോറും പണമയച്ചിരുന്നു. അവരുടെ കത്തുകൾ വരാറുണ്ട്, ഇടയ്ക്കിടയ്ക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാറുമുണ്ട്.

വീട്ടിൽ വിളിച്ച് വിശേഷങ്ങളും തിരക്കാറുണ്ടായിരുന്നു. യാദൃശ്ചികമായാണ് വാപ്പയോട് ഒരഭിപ്രായം ചോദിച്ചത്..

“വാപ്പാ വാപ്പായ്ക്ക് പുണ്യഭൂമിയായ മക്കയിൽ വരാൻ താല്പര്യമുണ്ടോ?“

ഹമീദ് ഒരു നിമിഷം സ്തംഭിച്ചിരുന്നുപോയി.. പടച്ചോനാണോ ചോദിച്ചത് അതോ റഷീദാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. മനസ്സിൽ വല്ലാത്ത സന്തോഷം.. തന്റെ കൈയ്യിലിരുന്ന ഖുറാൻ അക്ഷരങ്ങൾ മുദ്രണം ചെയ്ത തസ്‌വിമാല ചുണ്ടോടുചേർത്തു... ആ കണ്ണുകളിൽ സന്തോഷത്തിന്റെ അശ്രുപുഷ്പങ്ങൾ

“അത് മോനേ... എന്റെ ഈ പ്രായം...“

വാപ്പാ അതിന് ഒരു കുഴപ്പവുമില്ല.. വാപ്പയ്ക്കും ഉമമയ്ക്കും ഉമ്രയ്ക്ക് വരാനുള്ള സൗകര്യം ഞാനുണ്ടാക്കാം. നോമ്പിന് മുമ്പാകുമ്പോൾ ഇവിടെ വന്ന് സുഖമായി തിരിച്ചുപോവാം...

ഏതൊരു മുസൽമാന്റെയും ആഗ്രഹം പുണ്യഭൂമിയായ മക്കയിൽ ഒരുനാളെങ്കിലും എത്തി കഅ്ബ ത്വവാഫ്  (പ്രദക്ഷിണം വെക്കുക ) ചെയ്യണം എന്നതാണ്  .. ചിത്രങ്ങളിലും മറ്റും കണ്ട് സായൂജ്യമടഞ്ഞിട്ടേയുള്ളൂ. നേരിൽ കാണുകയെന്നത് ദൈവീകമാണ്..

“കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല.. നീ പറ എന്നാ വരേണ്ടതെന്ന്...“ അദ്ദേഹത്തിന്റെ ശബ്ദത്തിന് മുമ്പെങ്ങുമില്ലാത്ത ദൃഢത... ചുറുചുറുക്ക്...

റഷീദിനും വളരെ സന്തോഷമായി.. വാപ്പ സമ്മതിച്ചല്ലോ... ഞാൻ എല്ലാം റഡിയാക്കാം.. വാപ്പ തന്നെ എല്ലാവ രോടും പറഞ്ഞോ...

അങ്ങകലെ പള്ളിയിൽ നിന്നും ബാങ്കിൻധ്വാനികൾ കാതിൽ കുളിർമഴ പെയ്തു കടന്നു പോയീ..

ഹമീദ് ഉടനെതന്നെ എല്ലാവരേയും വിളിച്ചു... എല്ലാവരും ഓടിയെത്തി.. മക്കളേ റഷീദാ ഇപ്പോ വിളിച്ചിരുന്നത് ഉമ്രയ്ക്ക് പോകാനായി അവൻ ക്ഷണിച്ചിരിക്കാ...

എല്ലാവരും ഒരുനിമിഷം മുകളിലേയ്ക്ക് നോക്കി പടച്ചോവനോട്‌ പ്രാർത്ഥിച്ചു. ആ പുണ്യ ഭൂമിയിൽ ഒരിക്കലെങ്കിലും പോകാൻ സാധിക്കുകയെന്നത് ദൈവവിളിയുള്ളവർക്കേ നടക്കൂ... വെറും സ്വപ്നങ്ങളായിരുന്നു ഒരു കാലത്ത് ഇതൊക്കെ. ഹമീദിനും കുടുംബത്തിനും ഇപ്പോൾ അത് സാധ്യമാകുമെന്നു വന്നിരിക്കുന്നു. അവരുടെയെല്ലാം സന്തോഷത്തിന് അതിരില്ലായിരുന്നു. തന്റെ തസ്‌വി മാല ഹമീദ് കൈയ്യിലേന്തി ഓരോ ദിക്റുകളും ഉരുവിട്ടുകൊണ്ടിരുന്നു. ഈ ജന്മത്തിൽ തനിക്കിനി  ഈ യൊരു ആഗ്രഹം മാത്രം ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരിക്കലും നടക്കുമെന്ന് കരുതിയതല്ല അതുകൂടി സാധിച്ചാൽ ദൈവത്തിങ്കൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാം എന്ന ഒരു ആഗ്രഹം... ഫസലും വളരെ സന്തോഷവാനായിരുന്നു.

“ഉപ്പാ എനിക്കുവേണ്ടിയും ദുഹാ ചെയ്യണേ...“

“ഞാൻ നിനക്കുവേണ്ടിയല്ലാതെ പിന്നെ ആർക്കുവേണ്ടിയാടാ ദുഹാ ചെയ്യേണ്ടത്...“

അൻവർ കുറച്ചു നാളുകളായി ഓഫീസിൽ പോയി വരികയായിരുന്നു. വന്നയുടൻ അൻവറിനോടും ഇക്കാര്യം പറഞ്ഞു. അൻവറിനും വളരെ സന്തോഷമായി വാപ്പയുടെ ആഗ്രഹമാണത്... പറഞ്ഞിട്ടില്ലെങ്കിലും അറിയാം... ഓർമ്മവെച്ച നാൾമുതൽ കൊണ്ടുനടക്കുന്ന മക്കയുടെയും മദീനയുടെയും ചിത്രം... അത് ഇന്നുവരെ മാറിയെത്തിയ എല്ലാ വീട്ടിലും ചുവരുകളിൽ മുഖ്യ സ്ഥാനം നൽകിയിട്ടുണ്ട് . പല സുഹൃത്തുക്കളും മക്കയിലെ കാര്യം പറയുമ്പോൽ ജിഞ്ജാസയോടെയും ഭക്തിയോടെയും കേട്ടിരിക്കുന്നത് കാണാമായിരുന്നു. വാപ്പയ്ക്ക് ഇപ്പോൾ പ്രത്യേകിച്ച് അസുഖമൊന്നുമില്ല... പിന്നെ പോകുന്നത് അള്ളാഹുവിന്റെ സന്നിധിയിലേയ്ക്കല്ലേ.. എല്ലാം പടച്ചോൻ നോക്കിക്കൊള്ളും...

അടുത്ത ദിവസം തന്നെ അവരുടെ പാസ്പോർട്ടെടുക്കാനുള്ള നടപടിക്രമങ്ങൾ നടത്തി. അൻവർ അതിനായി ഒരു ഏജന്റിനെ ഏർപ്പാടാക്കി... പാസ്പോർട്ട് ഉടൻതന്നെ എടുത്തു തരാമെന്ന് ഏജന്റ് പറയുകയും ചെയ്തു. ഒരു ദിവസം പാസ്പോർട്ടാഫീസിലേയ്ക്ക് പോവുകയും വേണം.. ഹജ്ജ് ഓഫീസുമായി ബന്ധപ്പെട്ട് അവിടുന്നു വേണ്ട നിർദ്ദേശങ്ങളും മനസ്സിലാക്കി... റഷീദ് വാപ്പയ്ക്കും ഉമമയ്ക്കും പാസ്പോർട്ട് കിട്ടിയാലുടൻ വിസായെടുക്കാനുള്ള കാര്യങ്ങളൊക്കെ അവിടെ ചെയ്തു തുടങ്ങി. വാക്സിനേഷൻ എടുക്കണം. വേണ്ട രീതിയിലുള്ള മെഡിക്കൽ ചെക്കപ്പൊക്കെ നടക്കണം. കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് സമർപ്പിക്കണം ഡോക്ടറുടെ സർട്ടിഫിക്കറ്റ്‍ ഒരുപാട് ഡോക്കുമെന്റുകൾ.

ഒരു ജന്മത്തിലെ പുണ്യം ലഭിക്കാനാണ് മക്കയിലെത്തുന്നത്.. അദ്ദേഹം ചാരുകസേരയിൽ കിടന്ന് ചിന്തിക്കുകയായിരുന്നു. ദൂരെനിന്നും ഒരു പാട്ട് ഒഴുകിവന്നു.

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ...
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും സ്വശ്ചമാം ജന്മമൊന്നിനീ നേടിവന്നിടാനായ്
ഒത്തിടട്ടേ.. വിധിയായിടട്ടേ... ഒത്തിടട്ടേ.. വിധിയായിടട്ടേ...

ജാഗ്രതയുടെയും കരുതലിന്റെയും പ്രാർത്ഥനയുടെയും ഫലമാവാം കേരളം ലോകത്തിനു മാതൃകയായി കൊറോണയെന്ന മഹാമാരിയിൽ നിന്നും കരകയറിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടേയും ഭരണകർത്താക്കളുടേയും പോലീസിന്റെയും ജനങ്ങളുടേയും സഹകരണംകൊണ്ട് ആ മഹാമാരിയെ പിടിച്ചു കെട്ടാനായിരിക്കുന്നു. കുറച്ചൊക്കെ ഇളവുകൾ വരും ദിവസങ്ങളിലും ഉണ്ടാകും. ആരും ഇളവുകൾ അമിതമായി ഉപയോഗിക്കരുത്. ഇപ്പോഴും കരുതലും ജാഗ്രതയും ആവശ്യമാണ്. ലോകത്ത് മരിച്ചു വീണവരുടെ അനുഭവം നമ്മൾ കണ്ടതാണ്. ശാസ്ത്രത്തിനുമുന്നിൽ കൊറോണ മുട്ടു മടക്കുകതന്നെചെയ്യും. അതിനായുള്ള പ്രയത്നം തുടർന്നുകൊണ്ടിരിക്കുന്നു. ഈ മഹാമാരിയിൽ മരണംവരിച്ച എല്ലാ ജനങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കാം. 


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  19 04 2020


തുടർന്നു വായിക്കാം അടുത്ത ഞായറാഴ്ച്ച  26 04 2020






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ