11.4.20

നിഴൽവീണവഴികൾ ഭാഗം 69


അവൻ ചുറ്റുപാടും നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവൾ കൈ നീട്ടി അവനൊരു നുള്ളുകൊടുത്തത്.. അവനൊന്നു പിടഞ്ഞു..

“എന്താ ഫസലേ... ഇറങ്ങാറായില്ലല്ലോ...“

“ഇല്ല അങ്കിൾ .. ഇനി അല്പ ദൂരമല്ലേയുള്ളൂ...“

അവളെ നോക്കിയപ്പോൾ അവൾ അവനെ നോക്കി ചിരിക്കുകയായിരുന്നു.

അവനിറങ്ങാനുള്ളസ്ഥലമെത്തി.. അദ്ദേഹം കാർ സൈഡിലാക്കി നിർത്തി..

“ഫസലേ.. നാളെ നീ ഇവിടെ വന്നു നിന്നാൽ മതി.. ഞാൻ ഇവിടുന്നു പിക് ചെയ്യാം.“

“ശരിയങ്കിൾ.. താങ്ക്സ്..“

അടുത്ത ദിവസം ജംഗ്ഷനിൽ നിന്നും അവരോടൊപ്പം കാറിൽ കയറി... കൃത്യസമയത്തുതന്നെ ക്ലാസ്സിലെത്തി. ഫസലും ഐഷുവും പഠനത്തിൽ ഒരു മത്സരം തന്നെ നടത്തുകയായിരുന്നു. അന്നന്നുള്ള കാര്യങ്ങൾ അന്നന്നുതന്നെ പഠിച്ചു തീർക്കാൻ ശ്രമിച്ചിരുന്നു. കാറിലിരുന്നു ഓരോ ചോദ്യങ്ങളും ഐഷു അവനോട് ചോദിക്കാറുമുണ്ടായിരുന്നു. പലതും കൃത്യമായി ഉത്തരങ്ങൾ നൽകാൻ അവനു സാധിച്ചിരുന്നു. 

രണ്ടുപേരും ക്ലാസ്സിലേയ്ക്ക് കയറി.. പതിവുപോലെ ഉച്ചയൂണും ഒരുമിച്ചിരുന്നു കഴിച്ചു. ക്ലാസ്സ് തീരുന്നതിന് പത്തു മിനിട്ടു മുൻപ് ഓഫീസ് അറ്റൻഡർ ക്ലാസ്സിലെത്തി.. ഫസലിനെ കാണാൻ ആരോ വന്നിരിക്കുന്നെന്നു പറഞ്ഞു..

അവൻ ചിന്തിക്കുകയായിരുന്നു. ആരായിരിക്കും... തന്നെ തിരക്കിവരാൻ.  ഇനി വീട്ടിൽ നിന്നാരെങ്കിലുമായിരിക്കുമോ... അവൻ ഐഷുവിനെനോക്കി... അവൾ ജിജഞാസയോടെ അവനേയും നോക്കി...ക്ലാസിൽ നിന്നും പുറത്തിറങ്ങി... നേരേ ഓഫീസിലേയ്ക്ക്.. അവിടെ വിസിറ്റിംഗ് റൂമിൽ തന്നെകാത്തിരിക്കുന്ന ആളെ കണ്ടവൻ ഞെട്ടി.. ഇയാളെന്താ ഇവിടെ... 

“വാ.. ഫസലേ.. വാ...“ അയാൾ പഴയ തിരക്കഥാകൃത്ത്...

“എന്താ എന്തുപറ്റി. എനിക്ക് ക്ലാസ്സുണ്ട്...“

“നിന്റെ ക്ലാസ്സ് തീരാറായല്ലോ... നമുക്കൊരു തിരക്കഥ ചർച്ചചെയ്യാം... ഒരു പുതിയ പ്രൊഡ്യൂസറെ കിട്ടിയിട്ടുണ്ട്.. നിന്നെ നായകനാക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.“

അവന്റെ കൈയ്യും പിടിച്ചുകൊണ്ട് അയാള്‌‍ പുറത്തേയ്ക്കിറങ്ങി.. റോഡിലേയ്ക്ക് കാലെടുത്തു വച്ചപ്പോഴേയ്ക്കും ഒരു വിളി...

“ഫസലേ നീയെവിടെ പോകുന്നു..“

“രണ്ടാളും തിരിഞ്ഞു നോക്കി.. ഐഷുവിന്റെ വാപ്പ..“ അദ്ദേഹത്തിന് ഈ തിരക്കഥാകൃത്തിനെ മുൻപേ അറിയാം ... കുറച്ചു തരികിടയാണെന്നുറിയാം..“

“നീയെന്താടോ ഇവിടെ...“

“ഇവനെ വച്ചൊരു സിനിമചെയ്യാനാ... ഇന്നലെ കണ്ടിരുന്നു.. ഇന്ന് കുറച്ച് കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.“

“ഇപ്പോൾ അതൊന്നും വേണ്ട.. അവനൊരു ലക്ഷ്യമുണ്ട്. അതു കഴിഞ്ഞു മതി വേറെന്തും.. നീ വെറുതേ അവനെ ശല്യപ്പെടുത്തേണ്ട പോ പോ ...“

“അത് സർ... ഞാൻ നിർമ്മാതാവിനോട് പറഞ്ഞുപോയി...“

“വേണ്ട... അവന്റെ പഠിത്തമൊക്കെ കഴിയട്ടെ.. ഈ ഏര്യയിൽ ഇനി നിന്നെ കണ്ടുപോകരുത് സിനിമയുടെ പേരും പറഞ്ഞ്..“

അദ്ദേഹത്തന്റെ ശബ്ദത്തിന് ഘനം കൂടിയെന്നു അയാൾ മനസ്സിലായി...

“അവനെ വിട്ട് നീ വേറെ ആളെ നോക്ക്.. അവന് അഭിനയമോഹമുണ്ടെങ്കിൽ ഇനിയും സമയമുണ്ട്.“

“ശരിസാർ..“ അവന്റെ കൈവിട്ട് തിരിഞ്ഞുപോലും നോക്കാതെ അയാൾ വേഗത്തിൽ നടന്നുപോയി.

ഫസലേ.. ആരേലും വന്നു വിളിച്ചാൽ നീയെന്തിനാ ക്ലാസ്സിൽ നിന്നിറങ്ങുന്നത്..  ഞാൻ പ്രിൻസിപ്പാളിനെയൊന്നു കാണട്ടേ... അദ്ദേഹവും അവനോടൊപ്പം അകത്തേയ്ക്ക് പോയി. അവൻക്ലാസ്സിലേയ്ക്കും.. അല്പനേരത്തിനകം ക്ലാസ്സ് തീർന്ന് രണ്ടുപേരും പുറത്തിറങ്ങി.. അവർ വാപ്പ  പ്രിൻസിപ്പൽ റൂമിൽ ഇരിക്കുന്നത് കണ്ട് പുറത്തെ കസേരയിൽ ഇരുന്നു. അറ്റൻഡർ വന്ന് രണ്ടുപേരേയും അകത്തേയ്ക്ക് ക്ഷണിച്ചു. അവർ അകത്തുപോയി.. 

“ഫസലേ... നിന്നെ ഇനി ആര് തിരഞ്ഞുവന്നാലും പുറത്തിറക്കരുതെന്നാണ് സാറിന്റെ താക്കീത്.. ഓക്കെ..“

“ശരി.. സർ...“

എന്തായാലും ആശ്വാസമായി. ആ മനുഷ്യനെക്കൊണ്ടുള്ള ശല്യം തീർന്നല്ലോ.. അവർ മൂവരും പുറത്തിറങ്ങി.. കാറിൽ കയറി കാർ പതിയെ നീങ്ങി തുടങ്ങി ... 

“ഫസലേ.. ആര് സിനിമയിലോ നാടകത്തിലോ അഭിനയിക്കാമെന്നുപറഞ്ഞ് വന്നാൽ വെറുതേ ചിന്തിക്കാതെ ഇറങ്ങിപ്പോകരുത്.. ഇത് നിന്റെ ജീവിമാണ്.. ആദ്യം നിന്റെ ലക്ഷ്യത്തിന് പ്രാധാന്യം കൊടുക്കണം... ബാക്കിയൊക്കെ പിന്നീട്.. കോടിക്കണക്കിനുള്ള മനുഷ്യരിൽ അഭിനയിക്കാനാഗ്രഹവുമായി നടക്കുന്ന എത്രയോ ജനങ്ങളുണ്ട്. അവർക്കെല്ലാം അവസരം ലഭിക്കണമെന്നില്ല. എത്രയോ കലാകാരന്മാർ അവരുടെ ജീവിത്തിൽ ലക്ഷ്യത്തിലെത്താതെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ നിന്റെ കടമയെന്നുപറയുന്നത് നിന്റെ വിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുക്കുകയെന്നുള്ളതാണ്. ബാക്കി ഇതൊക്കെ കഴിയട്ടെ.. അങ്ങനെ അവസരം വേണമെങ്കിൽ ഞാൻ അതിനുള്ള വഴിയുണ്ടാക്കിത്തരാം. ഇതുപോലെ ആൾക്കാരെ പറ്റിക്കാൻ നടക്കുന്നവന്മാരെ മൈൻഡ് ചെയ്യാൻ പോകരുത് കേട്ടോ...“

“ശരിയങ്കിൾ ...“

അവനെ ജംഗ്ഷനിൽ ഇറക്കി അവർ വീണ്ടും പുറപ്പെട്ടു. എന്തോ ഐഷുവിന് അവനോട് വലിയ വിഷമം തോന്നി.. അവൻ വെറുമൊരു പാവമായിപ്പോയി അതാ ആരോ വന്നു വിളിച്ചപ്പോൾ ഇറങ്ങിപ്പോയത്.. എല്ലാം അവന്റെ നല്ലതിനുവേണ്ടിയല്ലേ...?“

അവൻ അവിടെനിന്നും അടുത്ത ബസ്സിൽ കയറി വീട്ടിലെത്തി... പതിവില്ലാതെ വീടിനു മുന്നിൽ കാർ കിടക്കുന്നു. എന്തുപറ്റി.. ഉപ്പായ്ക്കെങ്ങാനും വയ്യാണ്ടായോ...

അവൻ ഓടി അകത്തേയ്ക്ക്..

വിചാരിച്ചതുപോലൊന്നുമല്ല.. അവിടെ നാദിറമാമിയുടെ ബന്ധുക്കൾ വന്നതാ... ഗർഭിണിയാണെന്നറി‍ഞ്ഞ് പലഹാരവുമായി എത്തിയതാ... അഞ്ചാറുപേരുണ്ട്... സ്ത്രീകളും കുട്ടികളുമുണ്ട്... തനിക്ക് പരിചയമുള്ളവരൊക്കെ കുറവാണ്.

“ഫസലേ.. ഇങ്ങുപോരേ...“

“ഇതാ നമ്മുടെ ഫസല്... “ 

“ങ്ഹാ.. ഇവനങ്ങു വളർന്നുപോയല്ലോ... വളരെ കുട്ടിക്കാലത്ത് കണ്ടതാ...“

“ഇപ്പോൾ ഡോക്ടറാവാൻ പഠിക്കുകയാണ്.“

“അതേയോ... നന്നായി ഈ കുടുംബത്തിന് ഒരു ഡോക്ടർ വേണം.“

എല്ലാവരും ബഹുമാനത്തോടെ ഫസലിനെ നോക്കി... 

“ഇരിയ്ക്ക് ഫസലേ... നീയിങ്ങനെ നിന്നാലോ...“

“ഇത് നാദിറയുടെ അമ്മാവന്റെ മോനും ഭാര്യയുമാണ്.. ഇവരങ്ങ് ഗൾഫിലാ... അത് അവരുടെ മോനാ.. ഇപ്പോൾ 10-ാം ക്ലാസ്സിലാ.. അങ്ങ് ഗൾഫിലാ പഠിക്കുന്നത്.“ അൻവർ ഓരോരുത്തരെയായി പരിചയ്പപെടുത്തി.“

“ആ ഇരിയ്കകുന്ന ആളിനെ നീയറിയുമോ...“

“ഇല്ല മാമാ..“

“അദ്ദേഹത്തിന്റെ ജേഷ്ഠനെ അറിയാത്ത ആരുമുണ്ടാവില്ല... നമ്മുടെ അലി നൗഷാദ് അലി മൗലവിയെ അറിയില്ലേ.. മതപ്രഭാഷണം നടത്തുന്ന... നീയൊരിക്കൽ ചോദിച്ചിട്ടില്ലേ.. അദ്ദേഹം തലയിൽ വച്ചിരിക്കുന്ന തൊപ്പി മൃഗത്തോൽ കൊണ്ടുണ്ടാക്കിയതാണോയെന്ന് അദ്ദേഹത്തിന്റെ അനുജനാണ്.. 

ഫസൽ അയാളെ ബഹുമാനവൂർവ്വം നോക്കി.

മിക്കവാറും മൗലവിയുടെ കൂടെ ഇദ്ദേഹവും പോകാറുണ്ട്.. അടുത്ത ജനുവരിയിൽ ഇവിടടുത്ത ജമാഅത്ത് പള്ളിയിൽ പ്രഭാഷണത്തിന് വരുന്നുണ്ട്... അന്ന് മിക്കവാറും ഇവിടെയായിരിക്കും സ്റ്റേ...“

പലപ്പോഴും കാണാൻ ആഗ്രഹിച്ച ആൾ.. അദ്ദേഹത്തിന്റെ പല ബുക്കുകളും വായിച്ചിട്ടുണ്ട്.. ഇസ്ലാംമതത്തിൽ വിശ്വസിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി എല്ലാമതങ്ങളിലും നല്ല ഗ്രാഹ്യമുള്ള മനുഷ്യൻ മതങ്ങളെ പലരീതിയിൽ തുലനം ചെയ്ത് അതിന്റെ നല്ല വശങ്ങൾ എല്ലാ മതങ്ങളിലും ഒന്നാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന മനുഷ്യൻ.. ഇസ്ലാം സ്നേഹമാണെന്ന് പറഞ്ഞ മനുഷ്യൻ.. പലപ്പോഴും പ്രഭാഷണം കേൾക്കാൻ കൊതിച്ചിട്ടുണ്ട്. ഉപ്പ അദ്ദേഹത്തെക്കുറിച്ച പലപ്പോഴും പറയാറുണ്ട്... എന്തായാലും ഇവിടെ പ്രഭാഷണം ഉണ്ടെങ്കിൽ നേരിട്ട് കാണാമല്ലോ.. ഐഷു ഒരിക്കൽ പറയുകയും ചെയ്തതാണ്.. അവളുടെ വാപ്പയുടെ സുഹൃത്താണിണിയാൾ എന്ന് അടുത്ത പ്രദേശങ്ങളിൽ വന്നാൽ അവിടെ വന്നിട്ടേ പോകാറുള്ളൂ.. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിരിക്കാൻ തോന്നും.. നല്ല പാണ്ഡിത്യമുള്ള മനുഷ്യനാണ്...

വന്നവർ ചായകുടിയും കഴിഞ്ഞാണ് പോയത്. ഗൾഫിൽ നിന്നും വന്നവർക്ക് രണ്ടു ദിവസം കഴിഞ്ഞാൽ തിരികെപോവുകയും വേണം. എല്ലാവരും യാത്രപറഞ്ഞു പിരിഞ്ഞു... അൻവർ ഫസലിനോട് പഠനകാര്യങ്ങളെക്കുറിച്ച് ചോദിച്ചു.

“മാമാ.. എല്ലാം നന്നായി പഠിക്കുന്നുണ്.. ഒരുപാട് പഠിക്കാനുമുണ്ട്.. അന്നന്നുള്ള കാര്യങ്ങൽ പഠിച്ചില്ലേൽ നമ്മൾ പിന്നിലായിപ്പോകും. അതുകൊണ്ട് കുറച്ച് ലേറ്റായാ കിടക്കുന്നതും..“

“ഫസലേ ഇങ്ങുപോരേമോനേ..“

ഉപ്പ വിളിച്ചതാ.. അവൻ അടുത്തേയ്ക്ക് ചെന്നു.

അടുത്ത് കിടന്ന കസേരയിലേയ്ക്ക് ഇരിയ്ക്കാൻ പറഞ്ഞു.

“മോനേ.. നീ നന്നായി ശ്രദ്ധിച്ചുപഠിക്കണം.. സാർ ചോദിക്കുന്നതിനൊക്കെ ഉത്തരം പറയുന്നുണ്ടോ..“

“ഉണ്ട് ഉപ്പാ.“

“പിന്നേ... നമ്മൾ പണ്ട് താമസിച്ച ബട്ക്കലിലെവീടിനടുത്തുള്ള ദാസന്റെ മോൻ ഗോപി  ഡോക്ടറുടെ .. നമ്പർ ഇവിടെയുണ്ട്.. നീയൊന്ന് വിളിച്ച് സംസാരിക്കണം.. അദ്ദേഹം പഠന കാര്യത്തിൽ വേണ്ട സഹായമൊക്കെ ചെയ്തുതരും.

ഉപ്പ ഫോൺ ബുക്കെടുത്ത് മടക്കിവച്ച് പേജ് അവനെ കാണിച്ചു.. 

“ഇന്നിനി വേണ്ട... ഞായറാഴ്ച വിളിച്ചാൽ മതി.. ഇപ്പോൾ ചിലപ്പോൾ ഹോസ്പിറ്റലിലായിരിക്കും. എന്തു സഹായം വേണമെങ്കിലും തരാമെന്നാണ് പറഞ്ഞിരിക്കുന്നത്.“

“അവൻ തലകുലുക്കി.. അന്ന് ആദ്യമായി കണ്ടപ്പോൾ തന്നെ ഒരുപാട് ഉപദേശിച്ചിരുന്നു . എന്തായാലും ഈ വരുന്ന ഞായറാഴ്ച വിളിക്കണം. എന്തെങ്കിലും പുതിയ കാര്യങ്ങൾ മനസ്സിാക്കാമാല്ലോ.. വളരെ പ്രഗത്ഭനായ ഡോക്ടറാണെന്നാണ് പറഞ്ഞുകേട്ടത്..“

അവൻ ചായയും പലഹാരവും കഴിച്ച് മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി.. ഇനിയൊന്ന് കുളിക്കണം. നാളത്തേയ്ക്ക് കുറച്ച് ഹോംവർക്കുണ്ട് ചെയ്ത് തീർക്കാൻ... എല്ലാം ഒന്നു നന്നായി കവർചെയ്യണം.. കാറിലിരിക്കുമ്പോൾ ഐഷു വാപ്പാന്റെ മുന്നിൽവച്ചാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അതിനുത്തരം പറഞ്ഞില്ലേൽ നാണക്കേടാകും.

അവൻ കുളിച്ച് പുതിയ ഡ്രസ്സുമിട്ട് പുറത്തിറങ്ങി. ടെറസിൽ നിന്നും ചുറ്റുപാടുമൊന്ന് നോക്കി.. ആകാശം ഇരുണ്ടുവരുന്നു. അന്തരീക്ഷത്തിൽ ചുവപ്പ് കലർന്നു തുടങ്ങി.. പക്ഷികൾ ശബ്ദമുണ്ടാക്കി കൂട്ടിലേയ്ക്ക് പോകുന്ന തിരക്കിലാണ്. എന്തുമനോഹരമാ നേരമിരുട്ടുന്നത് കാണാൻ.. പലപ്പോഴും കടലിനരികിൽ പോയി സൂര്യാസ്തമയം കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചിട്ടില്ല.. അതിനു വീട്ടിൽ നിന്നും വിട്ടിട്ടുവേണ്ടേ...

ചെറിയ തണുത്ത കാറ്റ് മനസ്സിൽ നല്ല കുളിർമ്മതോന്നി.. അവൻ താഴെ റൂമിലെത്തി പുസ്തകമെടുത്ത് പഠനം ആരംഭിച്ചു. തന്റെ ജീവിതത്തിൽ എന്തെല്ലാമോ മാറ്റം വരുന്നതായി അവു തോന്നി തുടങ്ങി... എല്ലാറ്റിനും ഒരു അടുക്കും ചിട്ടയും... പഠനത്തോട് കൂടുതൽ താല്പര്യം.. ഒരുപക്ഷേ ഐഷുവിനോടുള്ള സഹകരണമായിരിക്കാം. തന്നെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ഫസൽ തന്റെ പഠനത്തിൽ മുഴുകി.

ലോകം അഭിമുഖീകരിക്കുന്ന കോവിഡ് എന്ന വൈറസിന്റെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. മനുഷ്യർ  പരസ്പരം പടവെട്ടുന്നത് നിർത്തി ഒറ്റക്കെട്ടായിപ്പോൾ കോവിഡിനെതിരെയാണ്. അതിലവർ വിജയം വരിക്കുകതന്നെ ചെയ്യും. നമ്മുടെ ഇന്ത്യയിലും പലസ്ഥലങ്ങളിലും സംഹാരതാണ്ഡവമാടിത്തുടങ്ങിയിരിക്കുന്നു. കരുതിയിരിക്കാം ജാഗ്രതോടെ... ഈ കൊച്ചു കേരളത്തിന്റെ മാതൃകകൾ ലോകം മൊത്തം വാഴ്ത്തുകയാണ്.. ഒരുപക്ഷേ കേരള ജനതയുടെ ഐക്യമായിരിക്കാം. ജാഗ്രതയായിരിക്കാം ആരോഗ്യമേഖലയിലുള്ള അറിവും സാങ്കേതിക മികവും  
ആയിരിക്കാം....


ഭയം വേണ്ട.. ജാഗ്രതമതി....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ