25.4.20

നിഴൽവീണവഴികൾ ഭാഗം 71


ഒരു ജന്മത്തിലെ പുണ്യം തേടിയാണ് മക്കയിലെത്തുന്നത്.. ഹമീദ്ചാരുകസേരയിൽ കിടന്ന് ചിന്തിക്കുകയായിരുന്നു. ദൂരെനിന്നും ഒരു പാട്ട് ഒഴുകിവന്നു.

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ...

പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും സ്വശ്ചമാം ജന്മമൊന്നിനീ നേടിവന്നിടാനായ്

ഒത്തിടട്ടേ.. വിധിയായിടട്ടേ... ഒത്തിടട്ടേ.. വിധിയായിടട്ടേ...

തുടർന്ന് വായിക്കുക....

ഫസൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി... കൂടാതെ ഡ്രൈവിംഗ് പരിശീലനവും ആരംഭിച്ചു. ഡ്രൈവിംഗ് അവന് വളരെ ഇഷ്ടമായി തോന്നി. എന്നാലും സഫിയയ്ക്ക് ഉള്ളിൽ ഒരു ഭയമായിരുന്നു. അത് എല്ലാ അമ്മമാർക്കുമുള്ളതാണല്ലോ... 

ഉപ്പയുടെയും ഉമമയുടെയും വിസയുടെ കാര്യങ്ങളൊക്കെ റഷീദ് അവിടെ പ്രോസസ് ചെയ്യുന്നുണ്ടായിരുന്നു. റഷീദിന്റെ ബിസിനസ് വച്ചടിവച്ചടി മുന്നേറുകയായിരുന്നു. അഭിമന്യുവിന്റെ വരവോടെ കമ്പനി നന്നായി മുന്നോട്ടുപോയിത്തുടങ്ങി. എന്തായാലും ജനമധ്യത്തിൽ റഷീന്റിന്റെ ബേക്കറിയ്ക്ക് ഒരു സുപ്രധാന സ്ഥാനംതന്നെകിട്ടി.

ഹമീദും ഭാര്യയും വളരെ സന്തോഷത്തിലായിരുന്നു. രണ്ടാഴ്ചയ്ക്കകം വിസ റഡിയാകുമെന്നും വിസ റഡിയായാലുടൻ തിരിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. വാപ്പയേയും ഉമമയേയും സ്വീകരിക്കുന്നതിനായി അവർ താമസിക്കുന്നിടത്തുതന്നെ ഒരു റൂം റഡിയാക്കി... എല്ലാ സ്റ്റാഫുകളും താമസിക്കുന്നത് ഒരു ഇടത്തുതന്നെയാണ്. ഈ വില്ലയിൽ‌ അഭിമന്യുവും റഷീദുമാണ് താമസിച്ചിരുന്നത്. അടുത്ത രണ്ടുവില്ലകളിലായി അവരുടെ സ്റ്റാഫുകളും. കാന്റീൻ എല്ലാവർക്കും ഒന്നുതന്നെയായിരുന്നു. 

അൻവറിപ്പോൾ അമ്മായിയുടെ vബിസിനസ്സ് നല്ലരീതിയിൽ കൊണ്ടുപോകുന്നു. യാത്ര കുറച്ചു ബുദ്ധിമുട്ടാണെങ്കിലും നാദിറയുടെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് പോയിവരുന്നതാണ് നല്ലതെന്നു തോന്നിയതുകൊണ്ട് പോയിവരുന്നു. നാദിറയ്ക്ക് ഇത് ഏഴാംമാസമാണ്. അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. ചെക്കപ്പുകളൊക്കെ മുറയ്ക്ക് നടക്കുന്നു. 

ഫസലും ഐഷുവും തമ്മിലുള്ള ബന്ധം ദൃഢമായിക്കൊണ്ടിരുന്നു. ക്ലാസ്സിൽ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനും രണ്ടു പേരും ശ്രമിച്ചു. താൻ ക്ലാസ്സിലിരിക്കുമ്പോൾ തന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്ന സുന്ദരിയായ ഒരു കുട്ടിയെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവനോട് അവൾ പഠനവിവരങ്ങളും മറ്റും അന്വേഷിക്കുകയും ചെയ്തു. 

ഒരുദിവസം ക്ലാസ്സ് നേരത്തേ കഴിഞ്ഞു. അവർ പുറത്തിറങ്ങി ഐഷുവിന്റെ വണ്ടിവരുന്നതും കാത്തുനിന്നു. ഐഷു അല്പം ദേഷ്യത്തോടെ അവനെ നോക്കി... 

“ദേ.. നിനക്ക് ക്ലാസ്സിലെ അമല എന്ന കുട്ടിയെ അറിയുമോ...

“ഏതു കുട്ടി...“

“നിനക്കറിയാം... എന്റെ ബഞ്ചിലിരിക്കുന്ന കുട്ടി... അവൾക്ക് നിന്റെ സ്ഥലമെവിടെയാണെന്നറിയണം. വീട്ടിലാരൊക്കെയുണ്ടെന്നറിയണം. നിന്നെക്കുറിച്ച് പലതും അവൾക്കറിയണമെന്ന്... കൂടെക്കൂടെ അവൾ നിന്നെ ഒളികണ്ണിട്ടു നോക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. എന്താ.. നിനക്കവളുമായി..“

“ഏയ് എനിക്കൊന്നുമറിയില്ല... നീയെന്താ ഇങ്ങനെയൊക്കെ...“

“പിന്നെ. വേലയൊക്കെ കൈയ്യിലിരിക്കട്ടെ... നീ അവളെ കൂടെക്കൂടെ നോക്കി വെള്ളമിറക്കുന്നത് ഞാൻ കാണുന്നുണ്ട്..“കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നത് പോലെ ആരും കാണില്ലാന്നാ അവന്റെ വിചാരം കൊല്ലും ഞാൻ നിന്നെ പറഞ്ഞില്ലാന്നു വേണ്ട അത് പറഞ്ഞു ഐഷു മറ്റാരും കാണില്ലാന്ന് ഉറപ്പു വരുത്തി നല്ലരു നുള്ളുവെച്ചു കൊടുത്തു അവനൊന്നു വേദനിക്കാൻ വേണ്ടി തന്നെ അവൻ വേദന കൊണ്ട് പുളഞ്ഞു... ഇനി മേലിൽ ഏതേലും പെണ്ണിന്റെ വായിൽ നോക്കുമ്പോൾ ഈ വേദന ഓർമ വരണം നിനക്ക് കേട്ടോടാ ചെക്കാ.... നീ എന്റെതാ എന്റത് മാത്രം.... 

വേദനയോടെ കൈ തടവി അവൻ പറഞ്ഞു “ടീ... നീയെത്ര മണ്ടിയാടീ... നിന്നെപ്പോലൊരു പെണ്ണെനിക്കുള്ളപ്പോൾ ഞാനെന്തിനാടീ.. മറ്റൊരു പെണ്ണിനെ മോഹിക്കുന്നത്..“നീ എന്റെ മുത്തല്ലേ... പൊന്നല്ലേ... പൊന്നിൻ കുടമല്ലേ... അതുകൂടെ കേട്ടപ്പോൾ ഐഷുവിൽ പ്രണയ കുളിർമഴ പെയ്തു... 

“അത്...“ അവൾക്ക് പിന്നീടൊന്നും പറയാനായില്ല.

“എന്റെ ഐഷൂ നീയൊന്ന് വിശ്വസിക്ക്.. അവൾ എന്തേലും ചോദിച്ചാലും നിനക്കെന്താ പ്രശ്നം... എന്നെ  നിനക്കറിയില്ലേ..“

അവൾ ചിന്തിക്കുകയായിരുന്നു. തനിക്കെന്താ പ്രശ്നം.. അവൾ മറ്റൊന്നും ചോദിച്ചില്ലല്ലോ... തൻ ഉള്ള കാര്യം ആദ്യമേ പറയേണ്ടതായിരുന്നു അവളോട്... വേണ്ട സമയത്ത് ബുദ്ധി വർക്ക്ചെയ്യില്ലല്ലോ.

“സോറീ ടാ... ഞാൻ..... അത്...“

“ഓകെ ഒകെ ... നീ വെറുതേ എന്നെ സംശയിക്കല്ലേ... നിനക്ക് അവളോട് പറഞ്ഞൂടേ.. അത് ബുക്ക്ടാണെന്ന്.“

“ശരീ.. സോറീ....“

അവന് അവളെ മനസ്സിലാക്കാൻ ലഭിച്ച സമയമായിരുന്നു അത്. അവളുടെ ആത്മാർത്ഥത അത്രത്തോളമുണ്ടായിരുന്നു. എന്തായാലും തന്നോടുള്ള സ്നേഹത്തിന്റെ ആഴം അവന് മനസ്സിലായി. അല്പനേരത്തിനകം അവളുടെ വാപ്പ കാറുമായി വന്നു. എന്നത്തേയും പോലെ വളരെ സന്തോഷത്തോടെ അവർ യാത്രയാരംഭിച്ചു. പതിവുപോലെ അവനെ ജംഗ്ഷനിലിറക്കി അടുത്ത രണ്ടു ദിവസം ക്ലാസ്സില്ല ആ സമയത്ത്  ചില ഹോംവർക്കുകളും നൽകിയിട്ടുണ്ട്.. 

“ഫസലേ നീ വീട്ടിലിരുന്ന് പഠിക്കണേ.. ഞാൻ വിളിക്കും..“

“ശരി മാഡം .“ചിരിച്ചു കൊണ്ടവൻ പറഞ്ഞു. പോടാ ചെക്കാ അവന്റെ ഒരു കളിയാക്കൽ... നീ പഠിക്കാതെ വാ അപ്പൊ ഇതിലും നല്ല നുള്ള് തരുന്നുണ്ട് ഞാൻ ഐഷു പറയുന്നതിനിടയിലും വാപ്പ കേൾക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിച്ചു.. 

അവർ യാത്ര തുടർന്നു. ഫസൽ സ്റ്റാന്റിൽ എത്തിയ ഉടൻ ഒരു ബസ് കിട്ടി... അതിൽ കയറി അവൻ വീട്ടിലേയ്ക്കു തിരിച്ചു.

വീട്ടിലെത്തിയപ്പോൾ അവിടെ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. കാര്യം തിരക്കിയപ്പോൾ ഉപ്പ യുടെയും ഉമമയുടെയും പാസ്പോർ്ട്ട ഉടൻ റഡിയാകുമെന്നറിഞ്ഞു. ഇന്ന് രണ്ടുപേരും പാസ്പോർ്ട്ട ഓഫീസിൽ പോയിരുന്നു. എമർജൻസി ക്വാട്ടായിലാണ് പാസ്പോർട്ട് എടുക്കുന്നത്. ഒന്നുരണ്ട് ആഴ്ചകൾക്കകം പാസ്പോർട്ട് എത്തുമെന്നാണ് അറിഞ്ഞത്... 

വൈകുന്നേരം റഷീദ് വിളിച്ചിരുന്നു. ഫസലാണ് ഫോണെടുത്തത്. ഫസലിനോട് പഠിത്തകാര്യങ്ങളൊക്കെ തിരക്കി... നല്ലതുപോലെ പഠിക്കണമെന്നും പറഞ്ഞു. അവൻ സ്റ്റീഫന്റെ മോളുടെ കാര്യവും അഭിമന്യുവിനെക്കുറിച്ചും അന്വേഷിച്ചു. അവരെല്ലാം സുഖമായിരിക്കുന്നെന്നു റഷീദ് പറ‍ഞ്ഞു. റഷീദിന്റെ മകൾ അവനെ അന്വേഷിച്ചതായും പറയാൻ പറഞ്ഞു.

അതിനു ശേഷം ഫോൺ ഉപ്പയ്ക്ക് കൊടുക്കാൻ പറഞ്ഞു. ഉപ്പ ഫോണെടുത്ത് കാര്യങ്ങൾ സംസാരിച്ചു തുടങ്ങി. പുരയിടത്തിലെ കൃഷിയെക്കുറിച്ചും പാസ്പോർട്ട് എടുക്കാൻ പോയ കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. 

സഫിയ അവന്റെ അടുത്തെത്തി..

“ഫസലേ നിന്റെ ക്ലാസ്സൊക്കെ എങ്ങനെയുണ്ട്.“

“കുഴപ്പമില്ല ഉമ്മ..“

“ഡ്രൈവിംഗ് എന്തായി..“

“നാളെ ക്ലാസ്സുണ്ട്... രണ്ടുദിവസം എൻഡ്രൻസ് ക്ലാസ്സില്ലല്ലോ... അതുകൊണ്ടു കുറച്ചു കൂടുതൽ സമയം ഡ്രൈവിംഗ് പഠിക്കാൻ പോകാം..“

“സൂക്ഷിച്ചൊക്കെ ഓടിക്കണം..“

“ഉമ്മയ്ക്ക്റിയില്ലേ... ഞാൻ വളരെ ശ്രദ്ധിച്ചാ ഓടിക്കുന്നത്.“

“നീ പോയി കുളിച്ചിട്ടു വാ... ഞാൻ ചായയും പലഹാരവുമെടുത്തുവക്കാം.“

അവൻ മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി...

റഷീദിന്റെ മകൾ മുട്ടിലിഴഞ്ഞു തുടങ്ങിയിരുന്നു. അവൾ ഇഴഞ്ഞിഴഞ്ഞ് ഉപ്പയുടെ അടുത്തെത്തും.. അടുത്തെത്തി ഉപ്പയുടെ കാലിൽ പിടിക്കും.. അതിനുശേഷം അവളുടെ കുഞ്ഞിക്കണ്ണുകളാൽ ഉപ്പയെ നോക്കും... ഉപ്പ അവളെ മോളേയെന്നു വിളിക്കുമ്പോൾ വീണ്ടും ഇഴഞ്ഞ് അകത്തേയ്ക്ക് പോകും.. ഉപ്പയ്ക്കും അവൾക്കും കൂടെക്കൂടെ ഇങ്ങനൊരു കളിയുണ്ട്.

വീട്ടുജോലിക്ക് ഒരാളുണ്ടെങ്കിലും പാചകവും മറ്റുമെക്കെ ചെയ്യുന്നത് സഫിയയും റഷീദിന്റെ ഭാര്യ അഫ്സയും  കൂടിയാണ്.. വീട്ടിൽ മറ്റു പല പണികളുമുണ്ട്. മുറ്റം തൂക്കുക.. പാത്രങ്ങൽ കഴുകുക.. കുഞ്ഞിന്റെയും തള്ളയുടെയും ഡ്രസ് അലക്കുക.. അങ്ങനെ ധാരാളം. പക്ഷെ ജോലിക്കാരി വളരെ ഹാപ്പിയായിരുന്നു.

യാദൃശ്ചികമായാണ് നാദിറയുടെ വാപ്പയുടെ ഫോണെത്തിയത്. തന്റെ ആരാധ്യപുരുഷനായ ആ മതപ്രഭാഷകൻ അലി നൗഷാദ് അലി മൗലവി അന്നാട്ടിലെത്തുന്നു. അദ്ദേഹത്തിന് താമസിക്കാനൊരിടംവേണം... അടുത്ത വർഷമാണ് ഇവിടെ മതപ്രഭാഷണം പ്ലാൻ ചെയ്തിരുന്നത് അതിനു മുന്നേ അവിടെ പുതുതായി പണിയുടെ പള്ളിയുടെ കല്ലീടൽ കർമ്മമുണ്ട്. സ്വന്തക്കാരുടെ വീട് അടുത്തുള്ളപ്പോൾ മറ്റൊരിടത്തു താമസിപ്പിക്കണ്ടല്ലോ... അടുത്ത വെള്ളിയയാഴ്ചയാണ് വരുന്നത്... 

“ഹമീദിന് അതു കേട്ടപ്പോൾ സന്തോഷമായി... മത പണ്ഡിതനായ ഒരാൾ വീട്ടിൽ വരുന്നത് എന്തുകൊണ്ടും നല്ലതല്ലേ... അദ്ദേഹത്തിന് വിശ്രമിക്കാനുള്ള അവസരം ലഭിക്കുന്നതുതന്നെ വലിയൊരുഭാഗ്യമല്ലേ... പള്ളിയുടെ നിർമ്മാണവുമായി ഇവിടെയും മഹല്ല് കമ്മറ്റിക്കാരെത്തിയിരുന്നു. റഷീദിനോട് പറഞ്ഞപ്പോൾ വേണ്ട രീതിയിലുള്ള എല്ലാ സംഭാവനയും നൽകാമെന്ന് ഏറ്റിരുന്നു. ഒരുകാലത്ത് തങ്ങളെ രക്ഷപ്പെടുത്തിയത് മറ്റൊരുനാട്ടിലെ മഹല്ല് കമ്മറ്റിയായിരുന്നല്ലോ.. പള്ളി വകയുള്ള കോർട്ടേഴ്സിലാണല്ലോ വർഷങ്ങളോളം  താമസിച്ചിരുന്നതും.. ഹമീദിന് പിന്നൊന്നും മറിച്ചു ചിന്തിക്കേണ്ടിവന്നില്ല.. അടുത്ത വെള്ളിയാഴ്ച അലി നൗഷാദ് അലി മൗലവി റെയിൽവേസ്റ്റേഷനിൽ എത്തും. അവിടുന്നു കാറിൽ ഇവിടേയ്ക്ക് ഇവിടെ ഏകദേശം 8 മണിക്ക് എത്തും.. 12 മണിയ്ക്കാണ് ഉദ്ഘാടനം പത്തുമണിവരെ ഇവിടെ വിശ്രമിക്കാമെന്നാണ് പ്ലാൻ...

ഹമീദ് അതിനുള്ള സംവിധാനം ഒരുക്കാൻ പറഞ്ഞു. വിഷ്ണുവിനോട് കാർ നേരത്തേതന്നെ എത്തണമെന്നുള്ളകാര്യവും പ്രത്യേകം പറഞ്ഞുവച്ചു.. ഒരു കുറവുമുണ്ടാവാൻ പാടില്ല... താഴത്തെ മുറി വൃത്തിയാക്കിയിട്ടു... അടുത്ത വെള്ളിയാഴ്ചയാണ് എത്തുന്നത്. അദ്ദേഹത്തിന്റെ വരവ് സമൂഹത്തിൽ തങ്ങൾക്കും ഒരു മതിപ്പ് ഉണ്ടാക്കുമെന്നതിൽ സംശയമില്ല...

ഫസലിനും നേരിട്ടു കാണാമെന്നുള്ള ഒരു സന്തോഷമുണ്ട്. എന്തായാലും അടുത്ത വെള്ളിയാഴ്ച ക്ലാസ്സിന് പോകുന്നില്ല.. ഈ അവസരം പ്രയോജനപ്പെടത്തണം. അദ്ദേഹത്തോടൊപ്പം പ്രാർത്ഥിക്കാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുകയും വേണം. 

സഫിയയും ഉമ്മയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഭക്ഷണ രീതികൾ നേരെത്തെ തന്നെ നാദിറയെ കൊണ്ട് അവളുടെ ഉപ്പയെ വിളിച്ചു മനസ്സിലാക്കിയിരുന്നു... കൂടെ ഒരു സഹായി കൂടെ ഉണ്ടാകൂവെന്നാണ് പറഞ്ഞിരിക്കുന്നത്.. നേരത്തെ എവിടെയാണ് താമസമെന്നറിഞ്ഞാൽ അവിടെ അദ്ദേഹത്തിന്റെ ആരാധകർ ഇരച്ചെത്തും അതുകൊണ്ട് വിശ്രമ കേന്ദ്രം  രഹസ്യമാക്കിവച്ചിരിക്കുകയാണ്. 

ഹമീദ് ചിന്തിക്കുകയായിരുന്നു, എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഇവിടംവരെയെത്തിയത്.. ഒരിക്കലും ചിന്തിക്കാത്ത സമൂഹത്തിൽ നിലയും വിലയുമുള്ളൊരു നിലയിലെത്തി. എല്ലാം പടച്ചോന്റെ അനുഗ്രഹം. അല്ലെങ്കിൽ ഇതുപോലെ ഒരു മനുഷ്യൻ ഈ ഭവനം തിര‍ഞ്ഞെടുക്കില്ലല്ലോ.

നമ്മളും ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്... ലോകംമൊത്തം കണ്ണുകളാൽ കാണാൻ കഴിയാത്ത ഒരു വൈറസിന്റെ പീഠനത്തിലാണ്. മനുഷ്യൻ പകച്ചുനിൽക്കുന്നു. വിശുദ്ധ റമദാൻ മാസമാണ്. ഒരു മുസൽമാനെ സംബന്ധിച്ച്  അവന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് പുതിയൊരു മനുഷ്യനായി മാറേണ്ട മാസങ്ങൾ... ലോകത്തോടൊപ്പം എല്ലാവരും ഭയത്തോടെ ഓരോദിവസവും കഴിഞ്ഞുകൂടുന്നു. ഈ പീഡനങ്ങളിൽ നിന്നും ഭയത്തിൽ നിന്നും സുരക്ഷിതമായ ഒരു നോമ്പുകാലം ആശംസിക്കുന്നു. ഭയമില്ലാതെ ജാഗ്രതയോടെ കൂടിച്ചേരലുകൾ ഒഴിവാക്കി സ്വന്തം വീടുതന്നെ വിശുദ്ധമായ പ്രാർത്ഥനാലയമായിക്കണ്ടുകൊണ്ട് ഈ ഭീകരമായ അവസ്ഥയേയും തരണംചെയ്യാം... ഒരുപക്ഷേ ഇതൊക്കെ ദൈവത്തിന്റെ ഒരു പരീക്ഷണമാവും... ഈ വൈറസിൽ നിന്നും രക്ഷപ്പെടുന്നതിനായുള്ള വാക്സിന്റെ പണിപ്പുരയിൽ നിൽക്കുന്നവർക്കും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസ് ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും ദീർഘായുസ്സിനായി പ്ര‍ാർത്ഥിക്കാം... കാത്തിരിക്കുന്നു ഭയരഹിതമായ ഒരു പ്രഭാതത്തിനായി... ഓർക്കുക കുഞ്ഞുങ്ങളേയും അറുപത് വയസ്സുകഴിഞ്ഞ അച്ഛനമ്മമാരേയും... കാരണം കരുതലും ശ്രദ്ധയും കൂടുതൽ വേണ്ടത് അവർക്കാണ്... 

എല്ലാർക്കും എന്റെ വിശുദ്ധ റമദാൻ ആശംസകൾ.




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 26 04 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 05 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ