3.5.20

നിഴൽവീണവഴികൾ ഭാഗം 72




സഫിയയും ഉമ്മയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഭക്ഷണ രീതികൾ നേരെത്തെ തന്നെ നാദിറയെ കൊണ്ട് അവളുടെ ഉപ്പയെ വിളിച്ചു മനസ്സിലാക്കിയിരുന്നു... കൂടെ ഒരു സഹായി കൂടെ ഉണ്ടാകൂവെന്നാണ് പറഞ്ഞിരിക്കുന്നത്.. നേരത്തെ എവിടെയാണ് താമസമെന്നറിഞ്ഞാൽ അവിടെ അദ്ദേഹത്തിന്റെ ആരാധകർ ഇരച്ചെത്തും അതുകൊണ്ട് വിശ്രമ കേന്ദ്രം രഹസ്യമാക്കിവച്ചിരിക്കുകയാണ്.

ഹമീദ് ചിന്തിക്കുകയായിരുന്നു, എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഇവിടംവരെയെത്തിയത്.. ഒരിക്കലും ചിന്തിക്കാത്ത സമൂഹത്തിൽ നിലയും വിലയുമുള്ളൊരു നിലയിലെത്തി. എല്ലാം പടച്ചോന്റെ അനുഗ്രഹം. അല്ലെങ്കിൽ ഇതുപോലെ ഒരു മനുഷ്യൻ ഈ ഭവനം തിര‍ഞ്ഞെടുക്കില്ലല്ലോ.

പറഞ്ഞ സമയത്തു തന്നെ അവരെത്തി. മൗലവിയും സഹായിയും ഡ്രൈവറും മാത്രം. ഫസലിന് അത്ഭുതമായിരുന്നു. ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള ആ മനുഷ്യൻ തന്റെ മുന്നിൽ. അവൻ ഇമവെട്ടാതെ നോക്കിനിന്നു. അൻവറും അവന്റെ അമ്മാവനും സുഹൃത്തും ചേർന്ന് സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. ഫസലിനെ കണ്ടപാടേ അവനെ അടുത്തേയ്ക്ക് വിളിച്ചു. 

“നീ എന്തിനാ പഠിക്കുന്നേ....“

“അത്... ഞാൻ.. മെഡിക്കൽ എൻഡ്രൻസിന് പോകുന്നു.“

“കൊള്ളാം മിടുക്കനാണല്ലോ... നല്ല ഭാവിയുണ്ട്...“

അദ്ദേഹം ഹാളിലേയ്ക്ക് കയറി.. ഹമീദിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ കൈ പിടിച്ചു മുത്തംനൽകി... എന്തോ വല്ലാത്തൊരു ആകർഷണത്വം  അദ്ദേഹത്തിനുണ്ടായിരുന്നു. അൻവറിനോടും മറ്റുള്ളവരോടും കുശലാന്വേഷണം നടത്തി. ഹമീദ് ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഫസൽ ഇതെല്ലാം വീക്ഷിച്ചു നിൽക്കുകയായിരുന്നു.

ഫസലിനെ അദ്ദേഹം അടുത്തേയ്ക്ക് വിളിച്ചു.

“ഫസലേ.. നിനക്ക് എക്സാമൊക്കെ എങ്ങനെയുണ്ടായിരുന്നു.“

“കുഴപ്പമില്ല..“

“ഓക്കെ.. എൻഡ്രൻസിനായി നന്നായി പരിശ്രമിക്കണം. ഒരു സത്യ വിശ്വാസിക്ക്  പ്രധാനമായും ഒരു ലക്ഷ്യമുണ്ടായിരിക്കണം.“

മൻജദ വജദ (പരിശ്രമിച്ചാൽ വിജയിക്കും )നന്നായി പഠിച്ച് നല്ലമാർക്ക് വാങ്ങി വിജയിക്കണം.നല്ല മനുഷ്യൻ ആവണം ആളുകൾക്ക് തന്നാലാവുന്ന സേവനങ്ങൾ ചെയ്യണം... 

ഇന്നമഅൽ ഹുസ്‌രി യുസ്‌റാ (തീർച്ചയായും പ്രയാസങ്ങളോടൊപ്പം ഒരെളുപ്പം ഉണ്ടാകും )നീ നന്നായി പരിശ്രമിച്ചോ വിജയം നിന്റെ കൂടെയാണ്... അദ്ദേഹത്തിന്റെ വാതോരാതെയുള്ള മനോഹരമായ സംസാരം കേട്ട് ഫസൽ 

അത്ഭുതത്തോടെ നോക്കിനിന്നു... അദ്ദേഹം തന്റെ ബാഗിലുണ്ടായിരുന്ന ഒരു പുസ്തകം എടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു.. 

ഇത് ഞാൻ എഴുതിയതാണ്. ഈ പ്രായത്തിലെ കുട്ടികളെ ലക്ഷ്യമാക്കി രചിച്ചതാണ്.. പലപ്പോഴും ഈ പ്രായത്തിലാണ് കുട്ടികൾ വഴിതെറ്റിപ്പോകുന്നത്. അവരിലുണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കൾ മനസ്സിലാക്കാൻ വൈകുന്നു. ആധുനികമായ ഈ യുഗത്തിൽ എന്തെല്ലാം നാം മനസ്സിലാക്കണം എന്നതിനെക്കുറിച്ചുള്ള ഒരു വിശകലനമാണിത്.. 

യാ ബുനയ്യ ഇന്നഹാ ഇൻതഖു മിസ്ക്കാല  ഹബ്ബത്തിൻ മിൻ ഹർദലി ഫതകൂൻ ഫീസഹ്റത്തിൻ അവ്ഫിസമാവാത്തി അവ്ഫിൽഅർളി യഹ്ത്തി ബിഹല്ലാഹു ഇന്നല്ലാഹ ലത്തീഫുംഹബീർ (എന്റെ കുഞ്ഞുമകനെ നീ നല്ല കാര്യമോ ചീത്ത കാര്യമോ ചെയ്ത് എവിടെ ഒളിപ്പിച്ചു വെച്ചാലും ദൈവം കണ്ടെത്തുക തന്നെ ചെയ്യും )

ഒരിക്കലും പ്രലോഭനങ്ങളിൽ‌ അകപ്പെടാൻ പാടില്ല.. ഈ പ്രപഞ്ചം നമ്മെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കും. ആ ഭ്രമം നമ്മെ എവിടെക്കൊണ്ടുചെല്ലുമെന്നറിയില്ല. നമ്മളുടെ ഭ്രമത്തെ നമ്മൾ തന്നെ അടക്കി നിർത്തണം. അതിന് മാനസികമായി തയ്യാറെടുക്കണം. എന്റെ ജീവിതത്തിലും അനുഭങ്ങളും അവിടെയുണ്ടെന്നു കൂട്ടിക്കൊള്ളണം.

അവനെ വീണ്ടും അടുത്തു വിളിച്ചുചേർത്തു നിർത്തി... അവന്റെ കൈകളിൽ അദ്ദേഹം സ്പർശിച്ചപ്പോൾ എന്തോ ഒരു ഇലക്ട്രിക് പാസ്ചെയ്തതുമാതിരി അവന് തോന്നി... അറേബ്യൻ പെർഫ്യൂ അടിച്ചിരിക്കുന്നു. അവൻ അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ അദ്ദേഹത്തോട് ചേർന്നു നിന്നു. 

കൂടെവന്ന സഹായി അദ്ദഹത്തെ ഓർമ്മിപ്പിച്ചു 

“നമുക്ക് 4 മണിക്കാണ് പരിപാടി..“

“ഓക്കെ.. ഇപ്പോൾ സമയം 1.00 മണി“

“നമുക്ക് കുറച്ച് ഭക്ഷണം കഴിക്കാം.“ അൻവർ ഇടയ്ക്കു കയറി പറഞ്ഞു..

“എന്തിനാ കുറച്ചാക്കുന്നേ.. എനിക്കൊന്നു ഫ്രഷാവണം..“

അൻവർ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ റൂം കാണിച്ചു. അദ്ദേഹവും സഹായിയും അകത്തേയ്ക്ക് പോയി... അല്പനേരത്തിനകം അവർ ഫ്രഷായി വന്നു. തീൻമേശയിൽ ഭംഗിയായി എല്ലാം അടുക്കിവച്ചിരുന്നു.. മൗലവി അദ്ദേഹത്തിനായി തയ്യാറാക്കിയ സീറ്റിലിരുന്നു. സഹായി തൊട്ടടുത്തായി.

“വളരെ വിപുലമായ ഭക്ഷണമാണല്ലോ... എല്ലാം ഇവിടെ ഉണ്ടാക്കിയതാണോ?“

“അതേ... സഫിയ നല്ലൊരു കുക്കാണ്..“

“ഓ... ഫസലിന്റെ ഉമ്മ...“

“ഹമീദിക്കാ ഇരിക്ക്. സീറ്റുണ്ടല്ലോ...“

“അല്ല.. അത്...“

“വേണ്ട ഒന്നും പറയേണ്ട.. നമുക്കെല്ലാർക്കുമിരുന്നു കഴിക്കാം.“

“ഫസലേ നീയിങ്ങു പോരേ..“ ഫസലിനെ വലതുവശത്തായി അദ്ദഹം ഇരുത്തി... തൊട്ടടുത്തായി അൻവർ.. അദ്ദഹത്തിന്റെ ഡ്രൈവറും കഴിക്കാനിരുന്നു.“

ഭക്ഷണം കഴിച്ചു തുടങ്ങിയതിനു ശേഷം അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല. നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു. എല്ലാം നന്നായി ഇഷ്ടപ്പെട്ടെന്നുള്ളത് അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാം..

അദ്ദേഹം ഭക്ഷണം കഴിച്ചു പൂർത്തിയായി.. അല്പം മധുരവും കഴിച്ചു..

“എല്ലാം നന്നായിട്ടുണ്ട് സഫിയാ...“

അവൾ നന്ദിപൂർവ്വം നോക്കി ചിരിച്ചു. വാഷ്ബേസിനടുത്തുപോയി കൈകഴുകി തിരികെവന്നിരുന്നു.. മറ്റുള്ളവരും കൈകഴുകിയിരുന്നു.

ഞാൻ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാറില്ല.... അതാണ് ഒന്നും പറയാതിരുന്നത്.

യാഹുലാം സമ്മില്ലാഹ വകുൽ ബിയമീനിഖ് 

വകുൽ മിമ്മായലീഖ് (കുഞ്ഞു മകനെ ദൈവനാമത്തിൽ ഭക്ഷണം കഴിക്കണം അടുത്തുള്ളത് ഭംഗിയായി കഴിക്കുക )വലത് കൈകൊണ്ട് കഴിക്കുക വലത് കൈകൊണ്ട് കുടിക്കുക വലിച്ചു വാരി കഴിക്കരുത് സാവധാനം ആസ്വദിച്ചു കഴിക്കുക... 

“ഹമീദിക്കാ... എന്തായി ഉമ്രയ്ക്ക് പോകുന്ന കാര്യങ്ങളൊക്കെ...“

“പടച്ചവന്റെ കൃപ എല്ലാം ശരിയായി വരുന്നു... പാസ്പോർട്ട് ഇന്നലെ കിട്ടി... അതിന്റെ കോപ്പി റഷീദിന് അയച്ചുകൊടുത്തു. എല്ലാം വേഗം നടക്കുമെന്നറിഞ്ഞു.

അദ്ദേഹം കൈപ്പത്തികൾ രണ്ടും നെഞ്ചിനൊപ്പംവച്ചു പ്രാർത്ഥിച്ചു ..

മാഷാഅല്ലാ... വഫക്കകും അല്ലാ...വയസക്കുമുല്ലാഹു ഉമൂറകും (കാര്യങ്ങൾ മുറപോലെ ചെയ്യാൻ അള്ളാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ യാത്രയും മറ്റുകാര്യങ്ങളും അല്ലാഹു എളുപ്പമാക്കട്ടെ )

ഒരു മുസൽമാൻ ജീവിതത്തിലൊരിക്കലെങ്കിലും  എത്തിച്ചേരേണ്ട സ്ഥലമാണത്... എന്റെ 24-ാമത്തെ വയസ്സിൽ ഹജ്ജിന് പോയിത്തുടങ്ങിയതാ... ഇന്നും മുടങ്ങാറില്ല...

“ഇനിയൊരല്പം വിശ്രമിച്ചാലോ...“

“ആവാം“ അദ്ദേഹത്തെ അൻവർ റൂമിലേയ്ക്ക് ആനയിച്ചു. ഫാൻ ഫുൾ സ്പീഡിൽ വച്ചിരുന്നു. ഭക്ഷണം കഴിഞ്ഞാൽ അദ്ദേഹം ചെറുതായൊന്നു മയങ്ങാറുണ്ട്. അദ്ദേഹത്തിന്റെ സഹായി അത് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോൾ സമയം രണ്ടുമണികഴിഞ്ഞു. തൊട്ടടുത്തായതിനാൽ സമയത്ത് അങ്ങോട്ട് ഇറങ്ങിയാൽ മതിയല്ലോ.. അവിടുത്തെ മൈക്കിൽ പറയുന്നത് ഇവിടെ നിന്നാൽ കേൾക്കാം...“

അദ്ദേഹത്തിന്റെ സഹായി പുറത്തേയ്ക്കിറങ്ങി.. 

“രണ്ടുഷീറ്റ് വെള്ള പേപ്പറുമായി ഫസലിനോട് അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു.“

ഫസൽ ഓടി മുകളിലേയ്ക്ക് തന്റെ ഷെൽഫിൽ നിന്നും നാലഞ്ചുഷീറ്റ് പേപ്പറും പേനയുമായി അവൻ താഴേയ്ക്ക്.. ചാരിയിരുന്ന വാതിൽ മെല്ലെ തള്ളി തുറന്ന് അകത്തേയ്ക്ക്... 

“വാ ഫസലേ ഇരി... ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നെഴുതിഎടുത്തേ ... “

ഫസൽ ബഹുമാനപൂർവ്വം കട്ടിലിൽ ഇരുന്നു. അദ്ദേഹം തലയിണ തലയ്ക്ക് ഉയർത്തിവച്ച് കിടക്കുകയായിരുന്നു.

അദ്ദേഹം ചില അറബിക് ക്വോട്ടുകൾ പറഞ്ഞു കൊടുത്തു... അവൻ അതെല്ലാം മലയാളത്തിൽ എഴുതിയെടുത്തു...

“ഇതൊക്കെ നീ ഖുറാനിൽ നോക്കി വരിയുടെ നമ്പറും അർത്ഥവും എഴുതി എനിക്ക്  അയയ്ക്കണം... അഡ്രസ്സ് എഴുതിക്കോ...“

അവൻ അഡ്രസ് എഴുതി.. അദ്ദേഹം അവന്റെ തോളിൽ തടവിക്കൊണ്ടു പറഞ്ഞു...

നിനക്കൊരു ഭാവിയുണ്ട്... നന്നായി പഠിക്കുക... നിന്റെ കണ്ണുകളിൽ തിളക്കം കണ്ടാൽ അതു മനസ്സിലാക്കാം... സെല്ലല്ലാഹു അലൈവ സെല്ലം... അനുഗ്രഹിച്ചിട്ടുണ്ട്. നീ ഖുറാനെ അറിയാൻ ശ്രമിക്കുക.. എന്നാൽ നിനക്ക് നിന്നെ മനസ്സിലാവും... 

അദ്ദേഹത്തിന്റെ സ്പർശനത്തിനുപേലും വലിയ ശാന്തത അനുഭവപ്പെട്ടു... 

“ഇന്ന് പള്ളിയിലേയ്ക്ക് എന്റെകൂടെ പോരേ... നിനക്ക് സ്റ്റേജിൽ ഇരിക്കാം... എന്റെ പ്രസംഗവും കേൾക്കാമല്ലോ..“

അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി... 

“ഫസലേ... ഞാനൊരല്പം ഉറങ്ങട്ടെ... നീ റഡിയായിക്കോ... പിന്നെ തലയിൽ തൊപ്പിവയ്ക്കണം കേട്ടോ...“

അവൻ തലകുലുക്കി പുറത്തിറങ്ങി വാതിൽ ചാരി.. ഉമ്മയോട് അദ്ദേഹത്തോടൊപ്പം പള്ളിയിൽ പോകാൻ വിളിച്ച കാര്യം പറഞ്ഞു. എല്ലാവർക്കും സന്തോഷമായി.. ഹമീദിന് ഫസലിനെയോർത്ത് അഭിമാനംതോന്നി... എല്ലാവർക്കും അവനെ പെട്ടെന്ന് ഇഷ്ടപ്പെടും... അവന്റെ സ്വഭാവത്തിന്റെ സവിശേഷതയാവും.. കൂടാതെ കാണാനും നല്ല മൊഞ്ചനല്ലേ.. പയ്യനാണേലും അവനെപ്പോലെ മൊഞ്ചൻമാർ നമ്മുടെ കുടുംബത്തിലാരുമില്ല.

ഉമ്മ അവന്റെ പിറകേ പോയി.. അവന് ധരിക്കാനായി വെള്ള ഷർട്ടും പച്ചക്കരയൻ മുണ്ടും നൽകി.. തലയിൽവയ്ക്കാനുള്ളതൊപ്പിയും... അതെല്ലാം വച്ചുകഴിഞ്ഞപ്പോൾ അവനും ഒരു കുട്ടി മൗലവിയെപ്പോലായി.. കണ്ണാടിയിൽ നോക്കി എല്ലാമൊന്ന് ഉറപ്പുവരുത്തി.. ഒരു ചെറിയ നോട്ടുപുസ്തകം കൈയ്യിലെടുത്തു. ചിലപ്പോൾ എന്തെങ്കിലും നല്ല കാര്യങ്ങൾ എഴുതിയെടുക്കാൻ അവസരം കിട്ടിയാൽ എഴുതാമല്ലോ... അത്രയ്ക്ക് നല്ല പ്രഭാഷണമാണ് അദ്ദേഹത്തിന്റേത്.

അവൻ താഴെയെത്തിയപ്പോൾ മൗലവി റഡിയായിരുന്നു. പെട്ടെന്നാണ് ടെലിഫോൺ ശബ്ദിച്ചത്. റഷീദായിരുന്നു അത്. അദ്ദേഹം മൗലവിയുമായി സംസാരിക്കാനായിരുന്നു വിളിച്ചത്.. അവർ രണ്ടാളും സംസാരിച്ചു. അടുത്ത പ്രാവശ്യം സൗദിയിലെത്തുമ്പോൾ ബേക്കറിയിലെത്താമെന്നു റഷീദിന് വാക്കുകൊടുത്തു. ഫോൺവച്ച് ഹമീദിക്കയുടെ അടുത്തെത്തി.. അദ്ദേഹത്തിന്റെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ചു... എഴുന്നേൽക്കാൻ ശ്രമിച്ച അദ്ദേഹത്തെ എഴുന്നേൽക്കേണ്ടേന്നു പറഞ്ഞു.. ഒരു നിമിഷം മുകളിലേയ്ക്ക് നോക്കി പ്രാർത്ഥിച്ചു. യാത്രയിൽ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... എല്ലാം വേഗം നടക്കട്ടെ... അനാരോഗ്യങ്ങളെല്ലാം മാറട്ടെ... കുടുംബത്തിന് ശ്രേയസും ഐശ്യര്യവും നേരുന്നു.

ഹമീദിന്റെ കണ്ണു നിറഞ്ഞുപോയി.. എത്ര വലിയ പണ്ഡിതനായിട്ടും എത്ര സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറുന്നത് . സാവധാനം എല്ലാവരോടും നന്ദിപറഞ്ഞ് പുറത്തേയ്ക്കിറങ്ങി.

അദ്ദേഹം അൻവറിനേയും ക്ഷണിച്ചു.. അവരെല്ലാവരും ഒരുമിച്ചു വണ്ടിയിൽ കയറി. മൗലവി എല്ലാവരോടും നന്ദിരേഖപ്പെടുത്തി... ഈ ഭാഗത്തേയ്ക്ക് വരുമ്പോൾ ഇനിയും വരുമെന്ന് അദ്ദേഹം പോകാൻ നേരത്ത് ഹമീദിനെനോക്കി പറഞ്ഞു... 

അവർ വിഷ്ണുവിനൊപ്പം വാഹനത്തിൽ പള്ളിയിലേയ്ക്ക് അവിടെ വൻപിച്ച സ്വീകരണമൊരുക്കിയിരുന്നു. പുതുതായി പണിയാൻപോകുന്ന പള്ളിയ്ക്ക് അടുത്തായി ആർച്ചും അതിനുചുറ്റു തോരണങ്ങളുമായി അലങ്കരിച്ചിരുന്നു. അദ്ദേഹം കാറിൽ നിന്നിറങ്ങി.. എല്ലാവരും ഓടി അടുത്തെത്തി... പൂച്ചെണ്ട് കൈയ്യിൽവച്ചുകൊടുത്തു.. അദ്ദേഹം അത് വാങ്ങി ഫസലിന്റെ കൈയ്യിൽ കൊടുത്തു... ഫസലിന്റെ കൈപിടിച്ച് അദ്ദേഹം വേദിയിലേയ്ക്ക്... അവിടെയുള്ളവർ ധരിച്ചിരുന്നത് അദ്ദേഹത്തിന്റെ മകനായിരിക്കും ഫസലെന്നാണ്... അദ്ദേഹം സ്റ്റേജിലേയ്ക്ക്.. സ്റ്റേജിൽ പ്രസംഗം നടക്കുകായിരുന്നു. പ്രസംഗം നടത്തിയ ആൾ മൗലവിയുടെ വരവ് കണ്ടയുടനെ പ്രസംഗം നിർത്തിയിരുന്നു. മൂന്നു വരികളിലായി കസേരയിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഫസലിനേയും കമ്മറ്റിക്കാർ സ്റ്റേജിലേയ്ക്ക് ആനയിച്ചു.. അവന് രണ്ടാമത്തെ റോയിൽ ഇരിപ്പിടവും നൽകി... അവന് സ്വർഗ്ഗം കിട്ടിയപോലായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യം നടന്നിരിക്കുന്നു. താൻ പലപ്പോഴും സ്റ്റേജിൽ കയറിയിട്ടുണ്ട്.. പക്ഷേ ഇത് തികച്ചും അപ്രതീക്ഷിതമായതായിരുന്നു.

അദ്ദേഹം പ്രസംഗത്തിനായി എഴുന്നേറ്റു... അവനെനോക്കി പുഞ്ചിരിച്ചു... അൻവർ ദൂരെനിന്നു നോക്കുകയായിരുന്നു. തന്റെ അനന്തിരവൻ എന്തുപെട്ടെന്നാണ് ഉയരങ്ങളിലെത്തിയത്... അഭിമാനംതോന്നുന്നു...

ക്യാമറകൾ മിന്നിമറഞ്ഞു.. തൊട്ടടുത്തായി വീഡിയോയും... എല്ലാവരും ഫസലിനേയും പ്രത്യേകം കവർചെയ്തു... അദ്ദെഹത്തിന്റെ പ്രസംഗം ആരംഭിച്ചു.

അൽഹംദുലില്ലാ വാസ്സലാത്തു വാസ്സലാമു അലാ റസൂലിൽ അമീൻ വഹലാ ആലിഹി വസഹ്‌ബിഹി വസല്ലമ തസ്ലീമൻകസീറാ (ദൈവത്തിന് സർവ്വ സ്തുതിയും ദൈവത്തിന്റെ പ്രവാചകന്റെ പേരിൽ സമാധാനവും രക്ഷയും ഉണ്ടാവട്ടെ... അതെ പോലെ തന്നെ പ്രവാചകന്റെ കുടുംബത്തിന്റെ പേരിലും അദ്ദേഹത്തിന്റെ അനുചരൻമ്മാരുടെ പേരിലും എല്ലാനിലക്കുള്ള ധാരാളം സമാധാനാവും വലിയ രക്ഷയും ഉണ്ടാവട്ടെ )

എന്താണ് പള്ളി ... അഥവാ ആരാധനാലയം... മുസൽമാനെ സംബന്ധിച്ച് നിസ്കാരം എന്നുപറയുന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. ഒറ്റയ്ക്കുള്ള നിസ്‌ക്കാരവും കൂട്ടം കൂടിയുള്ള നിസ്‌ക്കാരവും ഉണ്ട്. .. അതിൽ വളരെ ശ്രേഷ്ഠമാണ് കൂട്ടംകൂടിയുള്ള നിസ്ക്കാരം  അഥവാ അഞ്ചു നേരത്തെ നിസ്ക്കാരം ... അതിനായി. പടച്ചവൻ സ്ഥാപിക്കാൻ പഠിപ്പിച്ചതാണ് പള്ളികൾ...സാംസ്കാരിക കേന്ദ്രങ്ങളും വിദ്യ അഭ്യസിക്കുന്ന കേന്ദ്രങ്ങളും ആണ് പള്ളികൾ ശാന്തിയും സമാധാനവും വിളിച്ചോതുന്ന നന്മയുടെയും ഒരു ഉത്തമ സമൂഹ സൃഷ്ടിക്ക് വേണ്ടി ഉൽബോധനം ചെയ്യുന്ന കേന്ദ്രം ഭയ ഭക്തിയുടെ കേന്ദ്രം ദാന ധർമ്മങ്ങളുടെ കേന്ദ്രം അശണരുടെ കണ്ണീരൊപ്പാനുള്ള കേന്ദ്രം കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും കേന്ദ്രം ഇസ്ലാമിന്റെ നേടും തൂണാണ് പള്ളികൾ ലോകത്ത് തുല്യത ഇല്ലാത്ത ഒരു സമീപനം ആണ് പള്ളികൾ പഠിപ്പിച്ചത് പള്ളികളിൽ അടിമയും ഉടമയും ഭരണാധികാരിയും ഭരണീയരും പാവപ്പെട്ടവനും സമ്പന്നനും എല്ലാവരും തോളോട് തോൾ ചേർന്ന് ഒപ്പം നിന്ന് നിസ്‌ക്കരിക്കുന്നു. തൊടലും തീണ്ടലും ഇല്ല സമത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും സഹവർത്തിത്വത്തിന്റെയും ഒരു വിവേചനവും ഇല്ല.എല്ലാവരും ഒരുപോലെ ദൈവത്തിന്റെ മുൻപിൽ....നമ്മൾ എല്ലാവരും ദൈവത്തിന്റെ അടിമകളാണ് എന്ന് വിളിച്ചു പറയുന്ന കേന്ദ്രങ്ങൾ ആവണം പള്ളികൾ....അവിടെ കുപേരൻ ഇല്ല... കുചേലൻ ഇല്ല  അദ്ദേഹത്തിന്റെ പ്രസംഗം അങ്ങനെ ഒഴുകിയൊഴുകി പോവുകയായിരുന്നു...

ഫസൽ പലതും തന്റെ ചെറു പുസ്തകത്തിൽ എഴുതുന്നുണ്ടായിരുന്നു. മുക്കാൽ മണിക്കൂറത്തെ പ്രസംഗം കഴിഞ്ഞു.. അടുത്തതായി പള്ളിക്ക്തറക്കല്ലിടൽ.. അദ്ദേഹം ഫസലിനേയും കൂട്ടി സ്റ്റേജിൽ നിന്നിറങ്ങി... നേരേ കല്ല് തയ്യാറാക്കിവച്ചിരുന്നിടത്തെത്തി ... എല്ലാവർക്കുമൊപ്പം ഫസലിനോടും അതിൽ കൈവയ്ക്കാൻ പറഞ്ഞു... അവന് എല്ലാം ഒരു സ്വപ്നംപോലെ തോന്നി... പറയുന്നത് അതുപോലെ അനുസരിച്ചു.. അവിടെ അല്ലാഹു അക്ബർ ശബ്ദം മുഴങ്ങി... ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ മക്കയിലെ കഹ്‌ബയെ ഖിബ്‌ല യാക്കി പള്ളിയുടെ ആദ്യ കല്ല് പാകി... ആൾക്കൂട്ടം സാവധാനം പിരിഞ്ഞു തുടങ്ങി മൗലവിയുടെ ആരാധകർ പലരും പലതും ചോദിച്ചു... അതിൽ ഒരാൾ ചോദിച്ചു 

“ഇതാരാണ്...“

“നമ്മുടെ സമുദായത്തിന് ഒരു മുതൽക്കൂട്ടാണിവൻ...“

“എല്ലാവരും വലിയ ബഹുമാനത്തോടെ അദ്ദേഹത്തെ യാത്രയാക്കി...“ 

വാഹനം നേരേ റെയിൽവേസ്റ്റേഷനിലേയ്ക്ക്. സ്റ്റേഷനിൽ എല്ലാവരും ഇറങ്ങി... അവിടെത്തിയപ്പോഴേയ്ക്കും ട്രെയിൻ വരാനുള്ളസമയമായിരുന്നു. ഫസലിനെ അടുത്ത് വിളിച്ച് പറഞ്ഞു. 

“ഫസലേ നമുക്കിനിയും കാണണം... ഞാൻ വിളിക്കാം.. എനിക്ക് ഞാൻ പറഞ്ഞുതന്നതിന്റെ ഡീറ്റെയിൽസ് പോസ്റ്റ് ചെയ്തുതരണം...“

“അവൻ ബഹുമാനപൂർവ്വം തലകുലുക്കി... ട്രെയിൻ ദൂരെനിന്നും വരുന്നത് കാണാമായിരുന്നു.. മൗലവിയും സഹായിയും പ്ലാറ്റ് ഫോമിലേയ്ക്ക്... ട്രെയിൽ ഒരു ഞരക്കത്തോടെ അവിടെവന്നുനിന്നു. അവർ രണ്ടാളും അകത്തു കയറി...  ചൂളം വിളിച്ച് ട്രെയിൻ നിങ്ങീൻ തുടങ്ങി... മൗലവി എല്ലാവരേയും നോക്കി ടാറ്റ കാണിച്ചു.. ട്രെയിൻ കണ്ണിൽ നിന്നും മറയുന്നതുവരെ അവർ നോക്കിനിന്നു. സാവധാനം കാറിനടുത്തെത്തി... ഫസലിന് എന്തോ നഷ്ടപ്പെട്ടപോലെ തോന്നി... അവർ കാറിൽ കയറി.. വിഷ്ണുവാണ് തുടക്കമിട്ടത്..

“ഫസലേ നീ ഒരു ദിവസംകൊണ്ട് ഫേമസായല്ലോ...“

“അതേയതേ... എന്താ നിന്നിലെ പ്രത്യേകത എന്ന് ഞങ്ങൾക്ക് മനസ്സാലാകുന്നില്ല ഫസലേ.“ അൻവർ പറഞ്ഞു..

“അവൻ ചിരിച്ചു... മാമാ... നല്ല കുട്ടികളെ  തിരിച്ചറിയാനുള്ള കഴിവുണ്ട് മൗലവിക്ക്...“

ശരിയായിരിക്കാം... 

അവർ വീട്ടിലെത്തി.. വിശേഷങ്ങൾ എല്ലാം അൻവറായിരുന്നു പറ‍ഞ്ഞത്.. ആർക്കും നടന്നതൊന്നും വിശ്വിക്കാനായില്ല... ഹമീദിന് മകന്റെ കഴിവിൽ അഭിമാനവും അത്ഭുതവും തോന്നി.. സഫിയയ്ക്ക് എന്തു പറയണമെന്നറിയില്ല.. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

ലോകം സന്തോഷത്തിൽ കടന്നുപോകവെയാണ് കോവിഡ് എന്ന മഹാമാരി കടന്നുവന്നത്... കണ്ണുകൊണ്ടു കാണാനാവാത്ത ആ ഭീകരൻ പലരുടേയും ജീവനെടുത്തു മുന്നേറുന്നു. മനുഷ്യന് എതിർക്കാനാവുന്നില്ല.. നിശ്ശബ്ദനായി ഒളിച്ചിരിക്കേണ്ട അവസ്ഥ... ആയുധങ്ങളും സൈന്യങ്ങളുമുള്ള രാജ്യങ്ങൾപോലും ഇന്ന് നിസ്സഹായരാണ്... ശാസ്ത്രം പോലും പകച്ചുനിൽക്കുന്നു. പകർച്ചവ്യാധിയെക്കുറിച്ച് ഖുറാനിൽ പറഞ്ഞിട്ടുണ്ട്....

ഒരു രാജ്യത്ത് പകർച്ചവ്യാധി പടർന്നുപിടിച്ചാൽ ആ രാജ്യത്തേയ്ക്ക് പോവുകയോ അവിടെനിന്നും ആരും ഇങ്ങോട്ടു വരുകയോചെയ്യരുത്... ഇത്രയും പടർന്നു പിടിക്കാനുള്ള കാരണവും ഇതുതന്നെ... അസുഖമാണെന്ന് അറിയാതെ മനുഷ്യൻ വേഗതയ്ക്ക് പ്രാധാന്യംകൊടുത്തു... മനുഷ്യനേക്കാളും വേഗതയിൽ വൈറസ് എല്ലായിടത്തുമെത്തി.. ഇന്ന് രക്ഷപ്പെടാനായി സ്വയം തീർത്ത തടവറയിൽ മനുഷ്യൻ കഴിയേണ്ടിവരുന്നു.

വിശുദ്ധ റമദാൻ മാസമാണ്... കരുതലോടെ വീട്ടിനുള്ളിൽ ത്തന്നെ പ്രാർത്ഥനയും ആഘോഷങ്ങളും നടത്താം.. എല്ലാറ്റിനുമുള്ള കഴിവ് ദൈവം നമുക്ക് നൽകട്ടെ.. .. വൈറസിനാൽ പീഠനമനുഭവിക്കുന്ന എല്ലാവരേയും ദൈവം കാത്തു രക്ഷിക്കട്ടെ... കാത്തിരിക്കാം വൈറസിൽ നിന്നും മോചിതമായ ഒരു പുതിയ ലോകത്തിനായി...

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 05 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 05 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ