9.5.20

നിഴൽവീണവഴികൾ ഭാഗം 73


അവർ വീട്ടിലെത്തി.. വിശേഷങ്ങൾ എല്ലാം അൻവറായിരുന്നു പറ‍ഞ്ഞത്.. ആർക്കും നടന്നതൊന്നും വിശ്വിക്കാനായില്ല... ഹമീദിന് മകന്റെ കഴിവിൽ അഭിമാനവും അത്ഭുതവും തോന്നി.. സഫിയയ്ക്ക് എന്തു പറയണമെന്നറിയില്ല.. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

വളരെ സന്തോഷകരമായി അന്നത്തെ ദിവസം കഴിഞ്ഞുപോയി.. റഷീദ് വിളിച്ചപ്പോൾ റഷീദിനോടും കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ കഴിഞ്ഞുപോയി.. വെള്ളിയാഴ്ച ക്ലാസിന് പോയില്ല ശനിയാഴ്ച ക്ലാസ്സുണ്ട്. ഫസൽ രാവിലെ തന്നെ റഡിയായി.. കാപ്പികുടിക്കാൻ താഴെയെത്തിയപ്പോഴാണ് എല്ലാവരും ഒരുമിച്ചിരുന്ന് പത്രം നോക്കുന്നത് കണ്ടത്..

“എന്താ ഉമ്മാ.. എന്തു പറ്റി. പത്രത്തിൽ വല്ല വാർത്തയുമുണ്ടോ.“

“ടാ... നിന്റെ ഫോട്ടെ ഇന്നത്തെ പത്രത്തിലുണ്ട്.“

“നോക്കട്ടെ...“

അവൻ ഓടിയെത്തി പത്രം തട്ടിപ്പറിച്ചു.

“ങ്ഹാ... നന്നായിരിക്കുന്നു അല്ലേ ഉമ്മാ..“

“അതേടാ... ചുളുവിൻ നീ ഫേമസായല്ലോടാ..“

“അങ്ങനെ പറയല്ലേ സഫിയാ..“ അൻവറിന്റെ കമന്റ്.

“ഉപ്പാ ഉപ്പ കണ്ടായിരുന്നോ..“

“ഞാനാ ആദ്യം കണ്ടത്.. എനിക്ക് കണ്ണ് വലുതായിട്ട് പിടിക്കാത്തതുകൊണ്ട് സഫിയയെ കാണിച്ചു... എന്തായാലും നിന്നെ അയാൾക്ക് നന്നെ ബോധിച്ചെന്നു തോന്നുന്നു... പറഞ്ഞതുപോലൊക്കെ ചെയ്യാൻ നോക്ക്.. കഴിവതും ഖുറാൻ എന്നും വായിക്കണം... ഖുറാൻ ഒരു അനുഷ്ഠാനമാണ്... ജീവിതാനുഷ്ഠാനം.. അതിൽ നന്മമാത്രമേയുള്ളൂ. ശരിയ്ക്കും വായിച്ചു മനസ്സിലാക്കാൻ ഒരായുസ്സുപോരാ...“

“ശരിയാ ഉപ്പാ.. ഞാൻ എന്തായാലും കൂടുതൽ പഠിക്കാൻ ശ്രമിക്കാം...“

എല്ലാവരുടേയും മുന്നിൽ അവനൊരു ഹീറോയായി.

അവൻ ക്ലാസ്സിന് പോകാൻ യാത്ര പറഞ്ഞിറങ്ങി.. ജംങ്ഷനിൽ ചെന്നു, ആദ്യം വന്ന ബസ്സിൽ തന്നെ കയറി. ബസ്സിൽ തിരക്കു കുറവായിരുന്നു. 20 മിനിറ്റിനകം ജംഗ്ഷനിലെത്തി... അവിടെ കാത്തുനിന്നു. എന്തായാലും ഐഷുവിനോട് പറയാനൊരു കാര്യമായല്ലോ.. അവൾക്കും സന്തോഷാവും.

അല്പനേരത്തിനകം  തൂവെള്ള നിറത്തിലുള്ള ആ കാറ് അവനു മുന്നിൽ വന്നുനിന്നു.. അവൻ ഫ്രണ്ട്സീറ്റിൽ കയറിയിരുന്നു... ഡോറടച്ച് വണ്ടി മുന്നോട്ടു നീങ്ങി... എന്നത്തേയും പോലെ ഗുഡ്മോണിംഗ് പറഞ്ഞു.

“ഫസലേ.. നീ ആളിപ്പോ വലിയ ഫേമസാണല്ലോ...“

“അങ്കിൾ അറിഞ്ഞോ...“

“ഉവ്വ്.. ഐഷുവാ എന്നെ പത്രത്തിൽ കാണിച്ചുതന്നത്..“ ഐഷു പത്രം അവന്റെ നേരേ നീട്ടി...

“കൺഗ്രാജുലേഷൻസ് ഫസൽ“ ഐഷുവാണത് പറഞ്ഞത്..

“നീ ഇന്നലെ അദ്ദേഹം വരുന്ന കാര്യം പറഞ്ഞപ്പോൾ ഇത്രത്തോളം പരിചയമുണ്ടെന്നറിഞ്ഞില്ല..“

“അങ്കിൾ എനിക്കുമറിയില്ലായിരുന്നു... എന്തോ ഭാഗ്യംകൊണ്ട് മനസ്സിൽ വിചാരിക്കാത്ത കാര്യമാണ് നടന്നത്.“

“ശരിയാ.. ചിലപ്പോൽ പടച്ചോൻ നമ്മളെ പലരീതിയിലും പരീക്ഷിക്കും.. അപ്രതീക്ഷിതമായി ഭാഗ്യം നമ്മെ തേടിവരുകയും ചെയ്യും.“

“ഫസലേ.. അയാളൊരു നല്ല മനുഷ്യനാണ്. എന്റെ സുഹൃത്തുകൂടിയാണ്. ഇടയ്ക്കിടയ്ക്ക വിളിക്കാറുണ്ട്... എന്തായാലും നിനക്ക് നല്ലൊരു മനുഷ്യനെയാണ് കിട്ടിയിരിക്കുന്നത്.. നല്ല അറിവാണ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനേയും കുറിച്ച് അദ്ദേഹത്തിനറിയാം.“

“അറിയാം.. നല്ല പ്രസംഗമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്തു... എന്നെയും കൂടെക്കൊണ്ടുപോയി... അറിയില്ല.. എനിക്കതൊക്കെ ഒരു പുതുമായിയരുന്നു..“

അവർ കോച്ചിങ് സെന്ററിനടുത്തെത്തി.

അവരെ രണ്ടാളേയും അവിടിറക്കി അദ്ദേഹം കാറോടിച്ചുപോയി. ഐഷു അവനോട് ചോദിച്ചു.

“ഫസലേ നിനക്കെന്താടാ ഇത്തിരി ജാഢ“

“ഏയ് എനിക്ക് ജാഡയോ... നിനക്ക് തോന്നിയതാവും..“

“ഞാൻ വെറുതെ പറഞ്ഞതാ ചെക്കാ ...“

“പിന്നെ.. നീയങ്ങ് ഫേമസാകുമ്പോൽ നമ്മളെയൊക്കെ മറക്കുമോ...“

“നീ പോ പെണ്ണേ വെറുതേ മനുഷ്യനെ കളിയാക്കാതെ.“

അവർ ക്ലാസ്സിലേയ്ക്ക് പോയി.. അല്പ നിമിഷങ്ങൾക്കകം ടീച്ചർ ക്ലാസ്സിലെത്തി. പിന്നീട്.. എല്ലാവരും ക്ലാസ്സിലെ പഠനത്തിൽ മുഴുകി... ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും പഠനത്തിന്റെ തിരക്കിലേക്ക്.. അതിനിടയിൽ  ടെസ്റ്റ്പേപ്പറുകളും ഉണ്ടാകും.

ക്ലാസ്സ് കഴിഞ്ഞ് രണ്ടാളും പുറത്തേയ്ക്കിറങ്ങി. അല്പനേരത്തിനകം ഐഷുവിന്റെ വാപ്പ എത്തിച്ചേർന്നു. അവർ രണ്ടാളും വണ്ടിയിൽ കയറി.. 

അന്നത്തെ ക്ലാസ്സിലെ വിശേഷങ്ങൽ അവർ മൂവരും സംസാരിച്ചിരുന്നു. 

“ഫസലേ ഉപ്പാന്റെ ഉംറ വിസ എന്തായി..“

“ഇന്നറിയാമെന്നാണ് റഷീദ് മാമ പറഞ്ഞത്...“

“ഉപ്പയ്ക്ക് എങ്ങനെയുണ്ടിപ്പോൾ ഹാപ്പിയാണോ.“

“ഉപ്പ ഇപ്പോൾ കൊച്ചുപിള്ളേരെപ്പോലെ ഓടി നടക്കുകയാണ്. മക്കയിൽ പോകുന്നകാര്യത്തിൽ വളരെ സന്തോഷവാനുമാണ്ട്.

“ഉപ്പാന്റെ നിയോഗമാണത്... ഓരോ മുസ്ലീമിനും അവിടെ എത്തണമെങ്കിൽ ദൈവവിളിയുണ്ടാവണം. ഉപ്പാക്കും ഉമ്മക്കും ഇപ്പോഴാണ് ആ വിളിയുണ്ടായത്. ഞാനെത്ര നാളായി വിചാരിക്കുന്നു ഇതുവരെ അതിനു കഴിഞ്ഞില്ല.. എല്ലാ വർഷവും നോമ്പു പിടിക്കുന്നു. പക്ഷേ അവിടൊന്നെത്താൻ മാത്രം കഴിയുുന്നില്ല.“

“എല്ലാത്തിനും അതിനുള്ള സമയമുണ്ടല്ലോ.“

അവർ ജെക്ഷനിലെത്തി. അവനവിടിറങ്ങി യാത്രപഞ്ഞ് ഐഷുവും വാപ്പായും മുന്നോട്ടുപോയി.

നാളെ ഞായറാഴ്ച അവധിയാണ്. കുറച്ചു ഹോംവർക്കുകളു ചെയ്യാനുമുണ്ട്... അതെല്ലാം കഴിഞ്ഞിട്ട് മൗലവി പറഞ്ഞ ഖുറാനിലെ കാര്യങ്ങളൊക്കെയൊന്നു നോക്കണം. അവൻ ജംഗ്ഷനിൽ നിന്നും ആദ്യം കിട്ടിയ ബസ്സിൽ കയറി വീട്ടിലേയ്ക്ക് യാത്രയായി.

വീട്ടിലെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് വളരെ സന്തോഷം കാണാമായിരുന്നു. ഉപ്പയാണ് അവനോട് കാര്യം പറഞ്ഞത്..

“മോനേ.. ഒരു സന്തോഷവാർത്തയുണ്ട്. ഞങ്ങൾക്ക് ഉംറയ്ക്ക് പോകാനുള്ള വിസ റഡിയായി.. ഇനി ടിക്കറ്റിന്റെ എന്തോ ഒന്ന് ശരിയാവാനുണ്ട്.. അതുടൻ ശരിയാവുമെന്നാണ് റഷീദ് വിളിച്ച് അറിയിച്ചത്... എന്തായാലും ഞങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗ്യമാണിതെന്ന് കരുതാം..  എന്റെ കുടുംബത്തിലാർക്കും അവിടെ പോകാനായിട്ടില്ല.. പക്ഷേ എനിക്കതിനുള്ള ഭാഗ്യം പടച്ചോൻ തന്നിരിക്കുന്നു. മണലാരണ്യത്തിലെ ആ പരിശുദ്ധമായ  ദൈവഗേഹത്തിലെത്താൻ എനിക്കും അവസരം കിട്ടിയിരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥനയായിരിക്കാം.“

ഉപ്പ വളരെ സന്തോഷവാനായി കണ്ടിരിക്കുന്നു. ഉമ്മുമ്മയും അതുപോലെതന്നെ.. എല്ലാറ്റിനും പിറകിലായി റഷീദ് മാമയുടെ ഭാര്യയുമുണ്ട്. നാദിറാന്റി റസ്റ്റിലായതിനാൽ ഒരിടത്ത് ഒതുങ്ങിക്കൂടി ഇരുപ്പാണ്. 

വൈകുന്നേരം റഷീദ് വിളിച്ചു.. ഫസലാണ് ഫോണെടുത്തത്.. റഷീദ് വിവരങ്ങൾ വിശദമായി ഫസലിനോട് പറഞ്ഞു.. പോകാനായി തയ്യാറെടുക്കേണ്ടതിനെക്കുറിച്ചും എന്തെല്ലാമാണ് കൈയ്യിൽ കരുതേണ്ടതിനെക്കുറിച്ചും റഷീദ് വിശദമായി സംസാരിച്ചു. അവൻ ഒരു പേപ്പറിൽ ഇതെല്ലാം എഴുതിവച്ചു.. ഈ ആഴ്ചതന്നെ കയറേണ്ടിവരുമെന്നും.. അതിനു മുന്നേ ഡോക്ടറെ ഒന്നുകൊണ്ടുപോയി ഫുൾ ഒരു ചെക്കപ്പ് നടത്തണമെന്നും പറഞ്ഞു. കൂടാതെ ഒന്നുരണ്ട് വാക്സിനുകളുമെടുക്കണം. അവനതെല്ലാം വിശദമായി എഴുതിവച്ചു.. റഷീദ് ഫോൺ ഉപ്പയ്ക്ക് കൊടുക്കാൻ പറഞ്ഞു.. മാമ വിശദമായി ഉപ്പാനോടും സംസാരിച്ചു. 

ഒരു വലിയ തയ്യാറെടുപ്പു തന്നെ നടത്തണം.. ഒന്ന് രണ്ടാളും പ്രായം ചെന്നവരാണ്. രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളുമുണ്ട്.. വരുന്നത് എന്തായാലും വരട്ടേ.. ഒരുപക്ഷേ ജീവിതം അവസാനിക്കുന്നത് ആ പുണ്യ ഭൂമിയിൽ വച്ചാണെങ്കിൽ അത്രയും നല്ലത്.

കഠിനാധ്വാനികളുടെ നാടാണ് ഗൾഫ്... ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള നാട്... പെട്രോളിന്റെ കണ്ടുപിടുത്തമാണ് ആ രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടായത്. അതിനു ശേഷം വളരുകയായിരുന്നു ലോകോത്തരമായ രീതിയിൽ ഇന്നത്തെ ഈ നിലയിലെത്താൻ ഒരുപാട് വിദേശികളുടെ ചോര വിയർപ്പായിട്ടുണ്ട്. പ്രത്യേകിച്ച് നമ്മൾ ഇന്ത്യാക്കുരുടെ.. മലയാളികളുടെ... ഇന്ന് ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നു. പ്രവാസികളെ പോറ്റിയ നാടാണത്... ഇന്ന് അവരുടെ കുടുംബങ്ങൾക്ക് അന്തസ്സായി ജീവിക്കാനുള്ള ചുറ്റുപാടുകളും മക്കൾക്ക് നല്ല വിദ്യാഭ്യാസവും ലഭിച്ചത് ഈ നാട്ടിൽ നിന്നുമാണ്. കൊറോണയെന്ന ലോകം ഭയപ്പെടുന്ന ശത്രുവായ വൈറസ് പടർന്നുപിടിക്കുന്നു. പലമേഖലയിലും നിർമ്മാണങ്ങളും ഓഫീസ് പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടിവന്നിരിക്കുന്നു.

എന്നിട്ടും നമ്മുടെ മലയാളികളിൽ ഒരു വിഭാഗത്തിന് അവിടം ഉപേകഷിച്ച് നാട്ടിലെത്താൻ തിടുക്കം.. രോഗം ലോകത്തിലെല്ലായിടത്തുമുണ്ട്. ഇന്ന് കേരളത്തിൽ ഇതിനൊരു തീവ്രത കുറവായിരിക്കാം.. അതുകൊണ്ടാണ് അവർക്ക് ഓടി ഇവിടെത്താൻ തോന്നുന്നത്.. ഉറ്റവരേയും ഉടയവരേയും കാണുന്നതിനായി... പക്ഷേ ഒരു കാര്യം ഓർക്കുക... കേരളത്തിൽ അതി തീവ്രമായി ഈ അസുഖം നിലനിന്നിരുന്നുവെങ്കിൽ അവരുടെ കുടുംബം ഒരിക്കലും പറയില്ല എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലെത്താൻ.. ഇത്രയും നാൾ പോറ്റിയ ഒരു നാടിന് ഒരാപത്തു വരുമ്പോൾ സ്വന്തം തടി രക്ഷിക്കാൻ ഓടി രക്ഷപ്പെടുന്നത് ഒരു നല്ല രീതിയാണോ... എന്തിനേയും നേരിടാനുള്ള ഒരു മനക്കരുത്തുള്ളവനാണ് മലയാളി... ഞാൻ പല സുഹൃത്തുക്കളുമായി സംസാരിച്ചു. അവർ പറയുന്നത്... ഒരിക്കലും കൊറോണയുടെ പേരിൽ ഇവിടം വിട്ട് പോകില്ല.. ഇനി ഇവിടെ കിടന്നാണ് മരിക്കാൻ വിധിയെങ്കിൽ അങ്ങനെ നടക്കട്ടെയെന്നാണ്... നാട്ടിലേയ്ക്ക് വരണമെന്നുള്ള ആഗ്രഹത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല.. പക്ഷേ വരുന്നവർ ഒരു കാര്യം ഓർക്കുക.. കൊറോണ എല്ലായിടത്തുമുണ്ട്... ഇന്ന് കേരളത്തിൽ അതിന് വലിയ തീവ്രതയില്ല.. പക്ഷേ ഒരശ്രദ്ധമതി ഇന്നത്തെ നില മാറിമറിയാൽ. അപ്പോൾ പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ ചൂട്ടുംകെട്ടി പടയെന്ന അവസ്ഥ ഉണ്ടാകരുത്... എല്ലാവരും ശ്രദ്ധിക്കുക.. സ്വന്തം സുരക്ഷിതത്വംപോലെതന്നെയാണ് മറ്റുള്ളവരുടെ സുരക്ഷയും.. 

ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.. കുറച്ചു നാൾ മറ്റുള്ളവർക്കുവേണ്ടി ക്വാറന്റീനിൽ ഇരിക്കാൻ മനസ്സുകൊണ്ട് തയ്യാറെടുപ്പു നടത്തുക.. അങ്ങനെയുള്ളവർമാത്രമേ നാട്ടിലേയ്ക്ക് വരാവൂ... നാട്ടിലേയ്ക്ക് വരാനുള്ള അവസരം ഒരു മുതലെടുപ്പാവരുത്. കേരളത്തിൽ ഇന്നുകാണുന്നതെല്ലാം ഗൾഫ് എന്ന പ്രവാസ ജീവിതത്തിൽ നിന്നും കെട്ടിപ്പൊക്കിയതാണ്. ഈ അസുഖമൊക്കെ നാളെ മാറിയെന്നിരിക്കും.. പക്ഷേ ചെയ്തിരുന്ന ജോലി വീണ്ടും കിട്ടണമെന്നില്ല... ഗൾഫ് എന്ന രാജ്യത്തിന്റെ ബിസ്സിനസ്സ് മേഖലയിലെ തകർച്ചയ്ക്ക് കാരണമാവുന്ന രീതിയിൽ എല്ലാവരും നാട്ടിലേയ്ക്ക പാലായനം ചെയ്യരുത്... ആ നാടിന്റെ നിലനില്പ് നമ്മുടേയും നിലനിൽപ്പാണ്... ഇന്ത്യയിലെത്തിക്കഴിഞ്ഞാൽ എന്ത് എന്ന ഒരു ചിന്തകൂടി നമുക്കുണ്ടാവണം. 10 ലക്ഷം ഇന്ത്യാക്കാർ തിരികെയെത്തുന്നെന്നു വിചാരിക്കുക.. വരുന്ന ഓരോ ഗൾഫ്കാരന്റെയും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത അവസ്ഥയാവും.. കേരളത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഓരോരുത്തർ വീതം ഗൾഫിലുണ്ടെന്ന് കണക്കാക്കാം... അങ്ങനെയെങ്കിൽ കേരളം ഒരു വലിയ ലോക്ഡൗണിലേയ്ക്കായിരിക്കും പോവുക.. പല മേഖലകളും അടച്ചിടേണ്ടിവരും... ഇറ്റലിയിൽ സംഭവിച്ചതുപോലെ.. അസുഖം വന്നപ്പോൾ ആ സ്ഥലത്തുനിന്നും കുറച്ച് ആൾക്കാർ മറ്റൊരു സ്ഥലത്തേയ്ക്ക് പാലായനം ചെയ്തു.. അങ്ങനെ അസുഖം വരാതിരിക്കാൻ പാലായനം ചെയ്തവർ ആ നാടിനെ ഇന്നൊരു ശവപ്പറമ്പാക്കി മാറ്റി.. പ്രവാസിസഹോദരങ്ങളുടെ വരവ് സന്തോഷകരം തന്നെ.. പക്ഷേ എല്ലാ നിർദ്ദശങ്ങളും പാലിച്ച് ക്വാറന്റീനിൽ ഇരിക്കുക.

ഇന്ത്യയ്ക്ക് അകത്തും ഇതുതന്നെയാണ് ഇന്ന് കാണാൻ കഴിയുന്നത്... എല്ലാവർക്കും കേരളത്തിലെത്തണം... സർക്കാരിന് ശ്വാസം വിടാനുള്ള സമയം പോലം കോടുക്കാതെ പ്രതിപക്ഷം... എന്തിനും ഏതിനും കുറ്റംപറയാതെ ആപത്ത് കാലത്ത് കൂടെ നിൽക്കുന്നതിനു പകരം കുടിപ്പക തീർക്കാതിരിക്കുക.. കൊറോണ ഇന്നല്ലെങ്കിൽ നാളെ ഈ സമൂഹത്തിൽ നിന്നും ഇല്ലാതാകും.. പക്ഷേ ചിലരുടെ മനസ്സിലെ വൈറസ് ഒരിക്കലും മാറില്ല... കാത്തിരിക്കാം ഒരു നല്ല നാളേയ്ക്കായി.....



ഹൃദയഭാജനങ്ങളായ അമ്മമാരുടെ ദീര്ഗായുസ്സിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്  സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 10 05 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 05 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ