17.5.20

നിഴൽവീണവഴികൾ ഭാഗം 74


യാത്ര പുറപ്പെടാൻ ഒരു വലിയ തയ്യാറെടുപ്പു തന്നെ നടത്തണം.. ഒന്ന് രണ്ടാളും പ്രായം ചെന്നവരാണ്. രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളുമുണ്ട്.. വരുന്നത് എന്തായാലും വരട്ടേ.. ഒരുപക്ഷേ ജീവിതം അവസാനിക്കുന്നത് ആ പുണ്യ ഭൂമിയിൽ വച്ചാണെങ്കിൽ അത്രയും നല്ലത്.

അടുത്ത ദിവസവും പതിവുപോലെ ആരംഭിച്ചു. ഫസൽ രാവിലെ ക്ലാസിനു പോയി.. ഏകദേശം 12 മണിയായപ്പോൾ രണ്ടുപേരുടേയും ടിക്കറ്റ് റഡിയായെന്നു പറഞ്ഞ് ട്രാവൽസിൽ നിന്നും വിളിച്ചിരുന്നു. ഒരുമണിക്കൂറിനകം ടിക്കറ്റുമായി അവിടുന്നൊരു പയ്യനെ പറഞ്ഞയച്ചു... 

അൽഹംദുലില്ല.. ഹമീദ് പടച്ചവനേട് നന്ദിപറഞ്ഞു. മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചുതന്നിരിക്കുന്നു. പടച്ച റബ്ബിന്റെ  അനുഗ്രം തന്നെയായിരുന്നു തന്റെ ജീവിതത്തിലുടനീളം... 

ടിക്കറ്റ്കിട്ടിയ ഉടനേതന്നെ സഫിയ റഷീദിനെ വിളിച്ച് വിവരം പറഞ്ഞു. എല്ലാവരും വലിയസന്തോഷത്തിലായിരുന്നു. പോകാനുള്ള തയ്യാറെടുപ്പുകൾ നേരത്തേ നടത്തിയിരുന്നതിനാൽ അധികം തിരക്കുകൂട്ടേണ്ടിവന്നില്ല.. ഇനിവെറും 5 ദിവസങ്ങൾ മാത്രം... അന്നൊരു ഞായറാഴ്ചയാണ്. ഫ്ലൈറ്റ് രാവിലെ പത്തുമണിക്കാണ് എയർപോർട്ടിൽ മൂന്നു മണിക്കൂർ മുമ്പേ എത്തണം. അങ്ങനെയെങ്കിൽ നാലുമണിക്കെങ്കിലും വീട്ടിൽനിന്നും പോകേണ്ടിയും വരും. 

റഷീദ് വിഷ്ണുവിനെ വിളിച്ച് കാര്യങ്ങളെല്ലാം വിവരിച്ചു.. വെളുപ്പാൻ കാലത്ത് നാലു മണിക്കുതന്നെ പുറപ്പെടണമെന്നും. കൂട്ടിനായി ഫസലും അൻവറും ഉണ്ടാകുമെന്നും അറിയിച്ചു. 

വൈകുന്നേരം അൻവർ വന്നപ്പോൾ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു... അൻവറും വലിയ സന്തോഷത്തിലായിരുന്നു. ഉപ്പയും ഉമമയും എല്ലാ മെഡിക്കൽ ചെക്കപ്പുകളും പൂർത്തിയാക്കിയിരുന്നു. ഒരുമാസത്തേയ്ക്കുള്ള ഗുളികകളും കൈയ്യിൽ കരുതാൻ തീരുമാനിച്ചു. സ്ഥിരമായി ഉപയോഗിക്കാറുള്ള ഹമീദിന്റെ ഇൻഹേലറും കൈയ്യിൽ കരുതിയിട്ടുണ്ട്... 

ഫസൽ വൈകുന്നേരം എത്തിയപ്പോഴാണ് കാര്യയങ്ങളൊക്കെ അറിയുന്നത്. അവനും വലിയ സന്തോഷമായി. ഉപ്പാക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവനാണ് തയ്യാറാക്കിയത്.. റഷീദിന്റെ  അഭിപ്രായപ്രകാരമാണതൊക്കെ തയ്യാറാക്കിയതും. അതെല്ലാം പ്രത്യേകം പായ്ക്ക് ചെയ്ത് വച്ചിട്ടുണ്ട്. അധിക ലഗേജുകൾ വേണ്ടെന്ന് റഷീദ് പ്രത്യേകം പറ‍ഞ്ഞിട്ടുണ്ടായിരുന്നു. 

”ഫസലേ.. ഉപ്പ എന്തെലും വിട്ടുപോയിട്ടുണ്ടോടാ..”

”ഇല്ല മാമാ... ഉപ്പ എല്ലാം വാങ്ങിയിട്ടുണ്ട്. ലഗേജൊന്നും കൈയ്യിൽ കരുതരുതെന്നാണ് റഷീദ് മാമ പറഞ്ഞിരിക്കുന്നത്. അതെല്ലാം എയർപോർട്ടിൽ നിന്ന് ലഗേജിൽ വിട്ടാൽ മതിയെന്ന് റഷീദ്മാമ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കൈയ്യിൽ ബാഗൊക്കെ ഉണ്ടെങ്കിൽ ഫ്ലൈറ്റിൽ കയറാനൊക്കെ വലിയ ബുദ്ധിമുട്ടാകും.. അതുകൊണ്ട്...

”ഒക്കെ.. എല്ലാം നിന്റെയും റഷീദിന്റെയു ഇഷ്ടം...”

യാത്രതിരിക്കുന്നതിന്റെ തലേദിവസം അവിടെ ധാരാളം സന്ദർശകർ എത്തിയിരുന്നു. പ്രത്യേകിച്ച് ആരോടും പറഞ്ഞിരുന്നില്ല.. എന്നാലും പള്ളിയിൽ ഒരു വലിയ വാർത്തയായിരുന്നു അത്. അന്നാട്ടിൽ ഇന്നുവരെ ആരും ഉമ്രയ്ക്ക് പോയിരുന്നില്ല.. പണ്ടെങ്ങോ ഒരാൾ ഹജ്ജിന് പോയിട്ടുണ്ട്. പള്ളിയിൽ വെള്ളിയാഴ്ചപ്രാർത്ഥനയിൽ ഹമീദിന്റെയും ഭാര്യയുടെയും ആരോഗ്യത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥനയുമുണ്ടായിരുന്നു... എല്ലാവരും എത്തിയപ്പോൾ അവർക്കുള്ള ലഘുപാനീയങ്ങൾ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു ഫസൽ... ഹമീദിക്കയെ എല്ലാവരും വന്ന് അനുമോദിച്ചു .. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ എന്ന് പ്രതേകം ഓർമിപ്പിച്ചു.. മക്കയിലെത്താൻ സാധിച്ചത് ഒരു വലിയ ഭാഗ്യംതന്നെയാണ്.. അങ്ങനെ ആർക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ.. എല്ലാറ്റിനും മകന്റെ കഴിവുതന്നെയാണ്. ആ പുണ്യഭൂമിയിൽ അധ്വാനിക്കുന്ന ഹമീദിന്റെ മകന്റെ പ്രാർത്ഥനയുടെ ഫലമാകാം തന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഇങ്ങനെ ഒരവസരം ലഭിച്ചത്..

അന്ന് സന്ധ്യയാവോളം തിരക്കായിരുന്നു. നാദിറയുടെ വാപ്പയും അഫ്സയുടെ കൂടപ്പിറപ്പുകൾ ആയ അനാഥ മന്ദിരത്തിലെ അദ്ധെവാസികളും മറ്റും എത്തിയിരുന്നു. മൗലവി വൈകുന്നേരം വിളിച്ച് പ്രത്യേകം അനുമോദിച്ചു. ഫസലിനോടും സംസാരിച്ചു. ഫസലിനെ ഏൽപ്പിച്ച ജോലിയെക്കുറിച്ചും ചോദിച്ചു... എന്നും ഖുറാൻ‌ വായിക്കാറുണ്ടെന്നവൻ പറഞ്ഞു. ഇനിയും കാണാമെന്നു പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു.

എല്ലാവരും രാത്രിയിൽ നേരത്തേ കിടന്നു. കാരണം നേരത്തെ എഴുന്നേൽക്കണമല്ലോ... എല്ലാവരും പറഞ്ഞതുപോലെ എഴുന്നേറ്റു.. വാപ്പയും ഉമമയും കുളിച്ച് റഡിയായി... എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു... പോകുന്നവഴി എത്ര ദുർഘടമാണെങ്കിലും‍ അതു താണ്ടാനുള്ള മനശക്തി തരേണമേയെന്ന് മനമുരുകിപ്രാർത്ഥിച്ചു... വിഷ്ണു നേരത്തേതന്നെ വണ്ടിയുമായെത്തിയിരുന്നു. അൻവറും ഫസലും വിഷ്ണുവും കൂടി ലഗേജൊക്കെ എടുത്ത് വണ്ടിയിൽ വച്ചു. ഇറങ്ങുന്നതിന് മുന്നേതന്നെ റഷീദ് വിളിച്ചിരുന്നു. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും. എയർപോർട്ടിനകത്ത് താനുണ്ടാകുമെന്നും അറിയിച്ചു. ഹമീദും ഭാര്യയും എല്ലാവരേയും ആലിംഗനം ചെയ്തു.. അവർ യാത്രതിരിച്ചു. വാഹനത്തിൽ കയറിയപ്പോൾ ഹമീദിന്റെ ശബ്ദത്തിന് ഒരിടർച്ചയുണ്ടായി... അൻവർ സമയോജിതമായി ഇടപെട്ട് വിഷയം മാറ്റി.. ഇല്ലെങ്കിൽ അവിടെയൊരു കൂട്ട കരച്ചിൽ ഉയർന്നേനേ...

കാറിൽ എല്ലാവരും നിശബ്ദരായിരുന്നു. ഹമീദിക്ക എല്ലാവർക്കും ഒന്നു മയങ്ങാമല്ലോ... നേരത്തേ എഴുന്നേറ്റതല്ലേ.. 

വാഹനം എർപോർട്ടിന്റെ ഗേറ്റിലെത്തി... ഫസലൊഴിച്ച് ബാക്കിയെല്ലാവരും ചെറിയ ഉറക്കത്തിലായിരുന്നു. ഫസൽ ചുറ്റുപാടുകളും നോക്കിയിരിക്കുകയായിരുന്നു. എയർപോർട്ടിലെത്തി ലഗേജ് ട്രോളിയിൽ കയറ്റി... അൻവർ എയർപോർട്ടിനകത്തേയ്ക്ക് കയറാനുള്ള പാസ്സ് വാങ്ങിവന്നു. അവർക്ക് യാത്രതിരിക്കേണ്ട സമയമായി...

ഹമീദ് ഫസിലനെ അടുത്തേയ്ക്ക് ചേർത്തുനിർത്തി... ആലിംഗനം ചെയ്തു... ഫസലിന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പുറത്തേയ്ക്കു വന്നു. ഈ അടുത്തകാലത്ത്ഒന്നും ഫസലും ഉപ്പയും മാറിനിന്നിട്ടില്ല... ഒരുമാസം ഒരു നീണ്ട കാലയളവുപോലെ ഫസലിന് തോന്നിയിരുന്നു... അൻവർ വാപ്പാനെയും ഉമ്മാനേയും വിളിച്ച് അകത്തേയ്ക്ക്. ഫസലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ഹമീദിനും സങ്കടം വന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അതിനേക്കാൾ സങ്കടം.. അവരുടെയൊക്കെ ഓമനയാണല്ലോ ഫസൽ..

അവർ എയർപോർട്ടിന്റെ പ്രധാന കവാടംകഴിഞ്ഞ് അകത്തേയ്ക്ക് പോയി.. അൻവറായിരുന്നുട്രോളി തള്ളിക്കൊണ്ടുപോയത്... വിഷ്ണു ഫസലിനേയും വിളിച്ച് അടുത്തുകണ്ട കോഫീഷോപ്പിലേയ്ക്ക് കയറി... രണ്ടാളും ഓരോ കോഫികഴിച്ചു. തിരികെയെത്തി എയർപോർട്ടിന്റെ കവാടത്തിലായി നിലയുറപ്പിച്ചു...

ഏകദേശം അരമണിക്കൂറിനകം അൻവർ പുറത്തേയ്ക്കിറങ്ങി.. എല്ലാം ഇമിഗ്രേഷനെല്ലാം ശരിയായി.. അവർക്ക് ബോഡിംഗ്പാസും ലഭിച്ചു. അതിനപ്പുറം തനിക്ക് പോകാനാവില്ല... അവരെയാത്രയാക്കി തിരികെപ്പോന്നു.

അവർ ഫ്ലൈറ്റ് ടേക്കോഫ് ചെയ്യുന്നതുവരെ അവിടെത്തന്നെ നിന്നു. അതിനുശേഷം യാത്ര തിരിച്ചു.. വഴിയിൽനിന്നും കാപ്പിയും കുടിച്ച് വീട്ടിലേയ്ക്ക്.

ഹമീദിനും ഭാര്യയ്ക്കും ഇതൊക്കെ ഒരു പുതു അനുഭവമായിരുന്നു. ആകാംക്ഷയുണ്ടായിരുന്നു. ആകാശത്തുകൂടെ പോകുന്ന ഫ്ലൈറ്റിനെ കണ്ടിട്ടുണ്ട്.. അതിന് ഇത്രയും വലിപ്പമുണ്ടാവുമെന്നു കരുതിയില്ല... പ്രായമായവരായതിനാൽ അവർക്കുവേണ്ട എല്ലാ സഹായവും എയർഹോസ്റ്റസുമാർ ചെയ്തുകൊടുത്തു. ഏകദേശം 4 മണിക്കൂറത്തെ യാത്ര... അവർക്ക് ലഭിച്ചത് സൈഡ് സീറ്റായിരുന്നു. ചുറ്റുപാടും ഒന്നും കാണാനുമില്ല താഴേയ്ക്ക് നോക്കിയാൽ മേഘപാളികൾക്കിടയിലൂടെ വിശാലമായ സമുദ്രംകാണാം... കുറേനേരം അവർ രണ്ടാളും സംസാരിച്ചും പറഞ്ഞുമിരുന്നു. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. 

എയർപോർട്ടിലെത്താനുള്ള അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്... അല്പനിമിഷങ്ങൾക്കകം ഫ്ലൈറ്റ്ലാന്റ് ചെയ്യുമെന്നും സീറ്റ്ബൽറ്റൊക്കെ മുറുക്കാനും നിർദ്ദേശിച്ചു... അവർ അതുപോലെ ചെയ്തു.. ഫ്ലൈറ്റ് സാവധാനം ഭൂമിയിലേക്ക് താഴ്ന്നുകൊണ്ടിരുന്നു. ഇപ്പോൾ വലിയ കെട്ടിടങ്ങളും റോഡുകളുമൊക്കെ കാണാം... അത് വീണ്ടും താണു... ഒരു ചെറു ശബ്ദത്തോടെ നിലംതൊട്ടു... പിന്നേയും വേഗതയിൽ ഓടിക്കൊണ്ടിരുന്നു. പതുക്കെ അതിന്റെ ചലനം നിലച്ചു.. 

ആൾക്കാർ അവരവരുടെ ലഗേജുകൽ മുകളിലത്തെ കാബിനിൽ നിന്നെടുക്കാനുള്ളതിരക്കിലായിരുന്നു. ഹമീദിനോടും ഭാര്യയോടും ഇപ്പോൾ എഴുന്നേൽക്കേണ്ട എല്ലാവരും ഇറങ്ങിയട്ടു മതിയെന്ന് എയർഹോസ്റ്റസ് പറഞ്ഞിരുന്നു. അതുപ്രകാരം അവർ സീറ്റിൽ തന്നെയിരുന്നു. അല്പനേരത്തിനകം എല്ലാവരും വാതിലിനടുത്തേക്ക് എത്തിക്കഴിഞ്ഞു സാവധാനം ഹമീദും ഭാര്യയും എഴുന്നേറ്റ്.. തങ്ങളുടെ കൈയ്യിൽ കരുതിയ പാസ്പോർട്ടും ടിക്കറ്റുമടങ്ങിയ ബാഗ് കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തി.. പതുക്കെ വാതിൽ ലക്ഷ്യമാക്കി നടന്നു... ഒരു തിരക്കുകൂട്ടലുമില്ലാതെ ഫ്ലൈറ്റിൽ നിന്നും പുറത്തേയ്ക്ക്... വിശാലമായ എയർപോർട്ട്.. 

ആ പുണ്യഭൂമിയിലേയ്ക്ക് കാലെടുത്തുവച്ചപ്പോൾ ഹമീദ് അല്ലാഹുവിനെ സ്മരിച്ചു... താനിതാ എത്തിയിരിക്കുന്നു നിന്റെ സവിധത്തിൽ ഒരു ദാസനായി... പുണ്യമേറ്റുവാങ്ങാൻ... 

എമിഗ്രേഷൻ കൗണ്ടറും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അതാ റഷീദവിടെ നിൽക്കുന്നു. റഷീദ് ഓടിയെത്തി രണ്ടുപേരേയും ആലിംഗനം ചെയ്തു..

”എങ്ങനുണ്ടായിരുന്നു വാപ്പാ.. ഉമ്മാ ക്ഷീണമൊന്നുമില്ലല്ലോ...”

”ഇല്ലമോനേ... സുഖയാത്രയായിരുന്നു. പുറപ്പെടുമ്പോൾ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. കയറി കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം മാറി...

അവർ ലഗേജുമെടുത്ത് പുറത്തേയ്ക്കിറങ്ങി... അവിടെ അഭിമന്യു കാത്തുനിൽപ്പുണ്ടായിരുന്നു. റഷീദ് അഭിമന്യു വിനെ പരിചയപ്പെടുത്തി.. 

”നിന്റെ കുട്ടിക്കാലത്ത് കണ്ടതാ.. ഇന്നിപ്പോൾ എത്ര വർഷം കഴിഞ്ഞിരിക്കുന്നു. നിന്റെ വിശേഷങ്ങൾ ഞങ്ങൾ എന്നും തിരക്കാറുണ്ട്...”

റഷീദിന്റെ കൈയ്യിൽ നിന്നും ട്രോളി വാങ്ങി അഭിമന്യു  മുന്നേ നടന്നു... അവരുടെ കാറിനടുത്തെത്തി ലഗേജ് ഡിക്കിയിലേയ്ക്ക് വച്ചു... റഷീദ് ഡോർ തുറന്നു  ഉമ്മാനേയും വാപ്പാനേയും കയറ്റി... റഷീദ് ആയിരുന്നു വാഹനം ഓടിച്ചത്...

”എന്ത് വിശാലമായ സ്ഥലമാണിത് റഷീദേ...”

”ഉപ്പാ ഒരുപാട് കാണാനിരിക്കുന്നു. നമുക്കു നേരേ റൂമിലേയ്ക്ക് പോകാം.. ഒന്നു ഫ്രഷായിട്ട് വൈകുന്നേരം പുറത്തേയ്ക്കൊന്നിറങ്ങാം.”

എയർപോർട്ടിൽ നിന്നും അരമണിക്കൂറത്തെ യാത്രയുണ്ടായിരുന്നു അവരുടെ താമസസ്ഥലത്തേയ്ക്ക്... റഷീദ് ഓരോ സ്ഥലത്തേക്കുറിച്ചും വിവരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് അഭിമന്യു ഓരോ പ്രത്യേകതകളും പറഞ്ഞു... ഹമീദിന് അതൊക്കെ അത്ഭുതമായിരുന്നു. ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങൾ നാലും അഞ്ചും ട്രാക്കുള്ള റോഡുകൾ.. ട്രെയിനിന്റെ ബോഗിയേക്കാൾ നീളമുള്ള ചരക്കു വാഹനങ്ങൾ... അങ്ങനെയെല്ലാം... 

അവർ വീട്ടിലെത്തി... ഇതാണ് ഉപ്പാ ഞങ്ങളുടെ താമസസ്ഥലം... ഇവിടെ സ്റ്റാഫുകളും ഞങ്ങളും എല്ലാവ രും ഒരുമിച്ചാണ്... വാപ്പയ്ക്കും ഉമമയ്ക്കുമായി പ്രത്യേകം റൂം ഇവിടെ റഡിയാക്കിയിട്ടുണ്ട്.. അവർ കാർ പാർക്ക് ചെയ്ത് രണ്ടുപേരും പുറത്തിറങ്ങി...

”ഇതു കൊള്ളാമല്ലോ റഷീദേ... ഇവിടെ പച്ചക്കറികളൊക്കെ വിളയുമോ...”

”ഉപ്പാ ഇതൊക്കെ ഒരു പരീക്ഷണമായിരുന്നു. പക്ഷേ വിളയുന്നുണ്ട്... ചൂടു സമയത്ത് കൂടുതൽ ശ്രദ്ധിക്കണം... കൃഷിക്കാരായ നമുക്ക് എവിടെയെത്തിയാലും അതു മറക്കാനാവില്ലല്ലോ... അതുകൊണ്ട് ഞാനും ശ്രമിച്ചു...”

അവർ റൂമിനകത്തേയ്ക്ക് കയറി... വിശാലമായ റൂം... ഡൈനിംഗ് റൂം,, കിച്ചൻ, ബാത്ത്റൂം എസി.. ഫ്രിഡ്ജ്, വാഷിംങ്മെഷീൻ എല്ലാമുണ്ട്... ഒരു ചെറിയ കുടുംബത്തിന് സുഖമായി താമസിക്കാം.. വാപ്പാനോടും ഉമ്മാനോടും ഒന്നു ഫ്രഷാകാൻ പറഞ്ഞ് അഭിമന്യുവും  റഷീദും പുറത്തേയ്ക്കിറങ്ങി..

”അഭീ... നീ ബേക്കറിയിലേയ്ക്ക് പൊയ്ക്കോ... വൈകുന്നേരം കാണാം.. നമുക്ക് രണ്ടാളേയും കൊണ്ട് പുറത്തേയ്ക്കൊന്നുപോകാം...

”ശരി... ”

അഭിമന്യു റഷീദിനോട് യാത്രപറഞ്ഞിറങ്ങി... റഷീദിന്റെ ചിരകാലമോഹമായിരുന്നു. ഒരിക്കലെങ്കിലും വാപ്പാനേയും ഉമ്മാനേയും കൊണ്ടുവരണമെന്ന്... ഭാര്യയ്ക്കാണെങ്കിൽ വരണമെന്നുള്ള താല്പര്യവുമില്ല.. അവൾ പറയുന്നത് അവളുടെ ലോകം കുടുംബമാണെന്നാണ്.. അവിടെ ഉപ്പയേയും ഉമമയേയും വിട്ടിട്ട് തനിക്കെവിടേയും പോകേണ്ടെന്നാ... അവളുപറയുന്നതും ശരിയാണ്.. ഇവിടെ തന്റെ തിരക്കിനിടയിൽ ഒന്നും ശ്രദ്ധിക്കാനുള്ള സമയവും കിട്ടില്ല.. വാപ്പയും ഉമമയും വന്നസ്ഥിതിക്ക് സമയം കണ്ടെത്തണം... ഉംറയ്ക്ക് പോകാൻ ഇനിയും 7 ദിവസങ്ങൾ കൂടിയുണ്ട്. അതുവരെ ഇവരേയും കൊണ്ട് എല്ലായിടത്തും ഒന്നു കറങ്ങണം... റഷീദ് നാട്ടിൽ വിളിച്ച് വിവരം പറഞ്ഞു. ഉമമയും ഉപ്പയും അവരോടെല്ലാം സംസാരിച്ചു.. എല്ലാവർക്കും വലിയ സന്തോഷമായി...





തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24 05 2020





ഷംസുദ്ധീൻ തോപ്പിൽ 17 05 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ