24.5.20

നിഴൽവീണവഴികൾ ഭാഗം 75



ഇവിടെ തന്റെ തിരക്കിനിടയിൽ ഒന്നും ശ്രദ്ധിക്കാനുള്ള സമയവും കിട്ടില്ല.. വാപ്പയും ഉമ്മയും വന്നസ്ഥിതിക്ക് സമയം കണ്ടെത്തണം... ഉംറയ്ക്ക് പോകാൻ ഇനിയും 7 ദിവസങ്ങൾ കൂടിയുണ്ട്. അതുവരെ ഇവരേയും കൊണ്ട് എല്ലായിടത്തും ഒന്നു കറങ്ങണം... റഷീദ് നാട്ടിൽ വിളിച്ച് വിവരം പറഞ്ഞു. ഉമ്മയും ഉപ്പയും അവരോടെല്ലാം സംസാരിച്ചു.. എല്ലാവർക്കും വലിയ സന്തോഷമായി...

അന്നു വൈകുന്നേരം റഷീദിന്റെ സ്റ്റാഫുകൾ എല്ലാവരും ഹാളിൽ ഒത്തുകൂടി.. അവരുടെ ഏറ്റവും വലിയ ഗസ്റ്റ് ഹമീദും ഭാര്യയുമായിരുന്നു. എല്ലാവരുടേയും ഊഷ്മളമായ സ്നേഹം അവർ അനുഭവിച്ചറിഞ്ഞു.. അന്നത്തെ രാത്രി എല്ലാവർക്കും പ്രത്യേകം ഭക്ഷണവും ഉണ്ടാക്കിയിരുന്നു. എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി അവർ റൂമിലേയ്ക്ക് പോയി...

അടുത്ത ദിവസം രാവിലെ തന്നെ റഷീദ് റൂമിലെത്തി. വാപ്പയും ഉമ്മയും അപ്പോഴേയ്ക്കും റഡിയായിരുന്നു.. രാവിലെ കഴിക്കേണ്ട ഗുളികകളും മറ്റും കഴിച്ചു. ഇനി ഭക്ഷണത്തിനു ശേഷമുള്ളവയുമുണ്ട് അത് കാപ്പികുടി കഴിഞ്ഞിട്ടു മതിയല്ലോ.. എല്ലാവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം.. അഭിമന്യു എല്ലാത്തിനും ഓടി നടക്കുന്നുണ്ടായിരുന്നു. കാപ്പികുടിയും കഴിഞ്ഞ് അവർ നാലാളും ഒരുമിച്ച് യാത്ര തിരിച്ചു. സ്റ്റാഫുകൾക്കു പോകേണ്ട വണ്ടി അപ്പൊഴേയ്ക്കും എത്തിയിരുന്നു. എല്ലാവരും ടാറ്റപറഞ്ഞ് യാത്രയാക്കി..

റഷീദായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. അഭിമന്യു ഫ്രണ്ട് സീറ്റിലിരുന്നു. അവർ നാട്ടിലെ കാര്യങ്ങളായിരുന്നു. കൂടുതൽ സംസാരിച്ചിരുന്നത്...
 അപ്രതീക്ഷിതമായിരുന്നു ഹമീദിന്റെ ചോദ്യം... 

“അഭീ... നിന്റെ ബീവിയെ നമുക്കൊന്നു കാണണംട്ടോ... “

“ഉപ്പാ ബീവീന്റെ കാര്യം പറഞ്ഞപ്പോൾ അവന്റെ മുഖത്തെ നാണം കണ്ടോ...“ റഷീദ് അത് പറഞ്ഞ് അവനെ കളിയാക്കി.

“അഭി.. നമ്മൾ നാട്ടിലാണെങ്കിലും കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. പിന്നെ... നിന്റെ തീരുമാനം എന്തായാലും നന്നായി... ഇവിടെ തന്നെയുള്ള ഒരു കുട്ടിയാകുമ്പോൾ രണ്ടാൾക്കും സൗകര്യമല്ലേ....“

“ശരിയാ ഉപ്പാ... അവൾക്ക് ഇന്ന് ഡ്യൂട്ടിയുണ്ട്. വൈകുന്നേരം അതുവഴി വരാം...“

“ശരി... തിടുക്കം കാണിക്കേണ്ട.. സമയമുണ്ടല്ലോ...“

അവർ റഷീദിന്റെ ഹെഡ്ഡാഫീസിലേയ്ക്ക് പോയി... അവിടെ വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു. എല്ലാവരും വന്ന് സ്വയം പരിചയപ്പെടുത്തി. റഷീദന്റെ സ്പോൺസറും അവിടെയെത്തിയിരുന്നു. അദ്ദേഹവും വളരെ സ്നേഹത്തോടെയായിരുന്നു സംസാരിച്ചത്... റഷീദിനെപ്പോലൊരു മകനെ കിട്ടിയ അങ്ങ് വളരെ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് സ്പോൺസർ പറഞ്ഞത്... 

അത് ആമനുഷ്യന് ഒരാദരവായിരുന്നു. അംഗീകാരമായിരുന്നു. ഏതൊരച്ഛനും ആഗ്രഹിക്കുന്നത്.. സ്വന്തം മകന്റെ നേട്ടത്തിൽ അയാൾ അഭിമാനംകൊണ്ടു.  സ്പോൺസർ ഒരുദിവസം വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. 

അവർ അവിടുന്നു അടുത്ത ബ്രാഞ്ചിലേയ്ക്കാണ് പോയത്.. അഭിമന്യു എല്ലാം വിശദമായി പറഞ്ഞുകൊടുത്തു. അവിടുത്തെ ബ്രാഞ്ചിലും ഊഷ്മളമായ സ്വീകരണമായിരുന്നു. എല്ലാവരും വളരെ സന്തോഷവാന്മാരായിരുന്നു. ഹമീദിനും ഭാര്യയ്ക്കും അവിടുത്തെ കാലാവസ്ഥ പ്രശ്നമായി തോന്നിയതുമില്ല.. കുറച്ചു ചൂടുണ്ടെന്നതൊഴിച്ചാൽ പ്രശ്നമൊന്നുമില്ല.. കാറിലും റൂമിയും എ.സി. യുണ്ടല്ലോ... അവർ അന്ന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഷറഫിയയിൽ പോയി അവിടെയൊക്കെ ചുറ്റി കാണിച്ചു അത് കഴിഞ്ഞ് മാളുകളിലൊക്കെ കയറി

മടങ്ങി വരുന്നവഴി അവർ ഹോസ്പിറ്റൽവഴിയാണ് വന്നത്... കോംബൗണ്ടിനകത്തെ പാർക്കിംഗ് ഏരിയായിൽ വണ്ടി പാർക്ക് ചെയ്തു... അപ്പോഴേയ്ക്കും അഭിമന്യുവിന്റെ ഭാവി വധു അവിടെ എത്തിയിരുന്നു. അവൾ അവരെ കണ്ട ഉടനെ ഓടി അടുത്തെത്തി.. ഹമീദിന്റെ കൈകൾ കൂട്ടിപ്പിടിച്ചു ഉമ്മ വെച്ചു .. അദ്ദേഹത്തിൻരെ ഭാര്യയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു. 

അഭിമന്യു നേരത്തേതന്നെ കാര്യങ്ങളൊക്കെ അവളോട് വിളിച്ചു പറഞ്ഞിരുന്നു. അല്പനേരത്തിനകം സ്റ്റീഫന്റെ മോളും അവിടെത്തി. അവൾക്ക് ഡ്യൂട്ടി ചെയ്ഞ്ചായിരുന്നു. അവളും അവരെ കണ്ട ആഹ്ലാദത്തിലായിരുന്നു. 

“മോളൂ... സ്റ്റീഫൻ കൂടെക്കൂടെ വിളിക്കാറുണ്ട്. ഫോണുള്ളതുകൊണ്ട് വലിയ ദൂരം തോന്നില്ലല്ലോ... പിന്നെ.. നിന്റെ സെലക്ഷൻ കൊള്ളാം കേട്ടോ... ഇനി എന്നാ സ്വന്തമായി....“

“പോ ഉപ്പാ... കളിയാക്കാതെ...“

“... ഉപ്പാ... ഇവള് വിചാരിക്കുന്നതുപോലൊന്നുമല്ല.. നേരത്തെ എല്ലാം തീരുമാനിച്ചുവച്ചിരിക്കുകയാ.. അപ്പന്റേയും അമ്മേടേം സമ്മതം കിട്ടാൻ കാത്തിരിക്കാ...“

“വേണ്ട.. വേണ്ട....“

അവർ കുറച്ചുനേരം അവിടെ സംസാരിച്ചും പറഞ്ഞും നിന്നു... അതിനുശേഷം യാത്രപറഞ്ഞ് വീട്ടിലേയ്ക്ക്.

അന്നും നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. പലരുടേയും നാട്ടിലെ ബന്ധുക്കളെ വിളിച്ച് ഹമീദിന് സംസാരിക്കാൻ കൊടുത്തു. അവർക്ക് ഒരു വലിയ അഭിമാനമായിരുന്നു അത്. സ്വന്തം മുതലാളിയുടെ വാപ്പയും ഉമ്മയുമല്ലേ... അവർ എത്രയോ സിംബിൾ ആണ്... 

രണ്ടു മൂന്നു ദിവസംകൊണ്ടുതന്നെ എല്ലാവർക്കും ഹമീദും ഭാര്യയും ജീവിതത്തിലെ‍ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായി മാറിയുന്നു.... ഒരു ദിവസം വൈകുന്നേരം എല്ലാവരും ചേർന്ന് കലാപരിപാടികളൊക്കെ അവതരിപ്പിച്ചു. എല്ലാം നല്ല കഴിവുള്ള ആളുകൾ... നന്നായി പാട്ടുപാടുന്നവർ... ഒരു ഹിന്ദി പാട്ട് ഹമീദിന്  നന്നായി ഇഷ്ടപ്പെട്ടു . വർഷങ്ങൾക്കു മുമ്പു കേട്ടു മറന്നതാ... അതിനു ശേഷം ഇന്നാണ് ആ പാട്ട് കേൾക്കുന്നത്.. അന്നത്തെ അതേ ഫീലോടുകൂടി ആ ജീവനക്കാരൻ പാടി... ഹിന്ദിക്കാരനാ... പാട്ടുകഴിഞ്ഞുടനേ.. അടുത്തു വിളിച്ച അഭിനന്ദിച്ചു... 

അങ്ങനെ ഉംറയ്ക്ക് പോകേണ്ട ദിവസം വന്നെത്തി. തലേ ദിവസം തന്നെ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി.. അവിടെനിന്നും ഏകദേശം 350 കിലോമീറ്റർ ദൂരമുണ്ട്.... രാവിലെ തിരിക്കണം.. ഉച്ചയോടെ അവിടെത്താം. അവിടെ അടുത്ത് താമസിക്കാനുള്ള സൗകര്യങ്ങളൊക്കെ റഡിയാക്കിയിട്ടുണ്ട്.... ആ പുണ്യ ഭൂമിയിലേയ്ക്ക് പോകാനുള്ള തന്റെ ജീവിതാഭിലാഷം.... അതും തന്റെ മകനിലൂടെ... ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്നിടം... എല്ലാവർക്കും ഒരേ ലക്ഷ്യം... സ്വാർത്ഥതയും അസൂയയും എല്ലാം ഉപേക്ഷിച്ച് ദൈവത്തിങ്കൽ ജീവൻ സമർപ്പിച്ച് ഇവിടെവന്ന് ആചാരാനുഷ്ഠാനങ്ങൾ നിറവേറ്റുന്നവർ... ഒരു മുസൽമാന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇവടെ എത്തിച്ചേരുകയെന്നുള്ളത്.. കഹ്ബ വലയം ചെയ്ത് അതിനടുത്തുള്ള ഹജറുൽ അസ്‌വദ് എന്ന കല്ല് മുത്തം നൽകി (സ്വർഗ്ഗത്തിൽ നിന്നും ഇറക്കപെട്ട കല്ല് എന്നാണ് വിശ്വാസം )കഹ്‌ബയുടെ അരികിൽ  മുട്ടുകുത്തി പ്രാർത്ഥിക്കണമെന്ന്... അള്ളാഹുഅക്ബർ എന്ന മന്ത്രധ്വനിയിൽ മുഴുകി നിൽക്കണമെന്ന് പടച്ചോന്റെ അദൃശ്യ കരങ്ങളുടെ സ്പര്ശനം തിരിച്ചറിയണമെന്ന് ...

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.. ഉമ്മയും ഉപ്പയും നല്ല വെള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്... ഉമ്മ പൂർണ്ണമായും പർദധരിച്ചിരുന്നു. ഉപ്പ തലയിൽ തൊപ്പിയും വച്ചിരുന്നു. നാട്ടിലെ തന്റെ തസ്‌വിമാല (ജപമാല) കൈയ്യിലുണ്ട്.. ഭക്തിനിർഭരമായ യാത്ര... കാറിൽ റഷീദ് ഖുറാൻ വചനങ്ങളുടെ സി.ഡി. ഇട്ടു.. അതിൽ ലയിച്ച് അവരിരുന്നു. ചിലയിടങ്ങളിലെത്തുമ്പോൾ റഷീദ് സ്ഥലങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കും... വീണ്ടും യാത്ര.. ഏകദേശം 11 മണിക്ക് അവർ ലക്ഷ്യസ്ഥാനത്തെത്തി.. അവിടെ ഹറാമിന് അടുത്ത് (പള്ളിയുടെ)താമസം അറേഞ്ചു ചെയ്തിരുന്നു. വാഹനം അവിടെ പാർക്കിംഗിൽ നിർത്തി.. രണ്ടു ജിവനക്കാർ ഓടിയെത്തി.. അവർ ലഗേജുമായി മടങ്ങി. ഉപ്പയും ഉമ്മയും സാവധാനം ഇറങ്ങി.. നടന്നു അകത്തെത്തി.. ലിഫ്റ്റിൽ കയറി പതിനൊന്നാമത്തെ നിലയിലെ ബട്ടൺ അമർത്തി.. നിമിഷനേരംകൊണ്ട് ലിഫ്റ്റി മുകളിലെത്തി.. അവർ അവിടിറങ്ങി.. 

ഹമീദും ഭാര്യയും ആദ്യമായാണ് ലിഫ്റ്റിൽ കയറുന്നതുതന്നെ.. കേട്ടിട്ടുണ്ട്.. പക്ഷേ അനുഭവിച്ചത് ആദ്യം.. അല്ലെങ്കിലും എല്ലാം തനിക്കിപ്പോൾ ആദ്യ അനുഭവങ്ങളാണല്ലോ... എല്ലാം പടച്ചോന്റെ കരുണ...

അവർ റൂമിലെത്തി.. വീശാലമായ റൂം... വലിയ മൂന്നു കട്ടിലുകൾ ചെറിയൊരു വീടുപോലുണ്ട്... ഡൈനിംഗ് റൂം.. കിച്ചൻ ടോയിലറ്റ്.. ഹമീദ് ജനലിനടുത്തെത്തി.. 

“ദേ .. ഇങ്ങോട്ടൊന്നു വന്നേ... ഈ രാജ്യം മൊത്തം കാണാല്ലോ... അതാ ആ കാണുന്നതാണ് പള്ളി എന്ത് വലിയ പള്ളിയാണ് .. കണ്ടോ....“

അവിടെനിന്നാൽ എല്ലായിടവും നന്നായി കാണാമായിരുന്നു. വാപ്പയും ഉമ്മയും വളരെ സന്തോഷത്തിലായിരുന്നു. താൻ ഇവിടെയെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആദ്യമായാണ് ഇവിടെ വരാൻ സാധിച്ചത്... ഒരുപക്ഷേ ഉപ്പയേയും ഉമ്മയേയും കൂട്ടിവരാനായിരുന്നിരിക്കണം പടച്ചോന്റെ തീരുമാനം...

ഉംറയ്ക്ക് ഇഹ്‌റാം കെട്ടേണ്ടത് (ഉംറയ്ക്ക് ഒരുങ്ങേണ്ടത്) വൈകുന്നേരം 4 മണിക്കായിരുന്നു.അവിടെ നിന്നും കുറച്ചു ദൂരെയുള്ള ആയിഷ പള്ളിയിൽ പോയി ഇഹ്‌റാം കെട്ടി വരണം.  കുറച്ചുനേരം റസ്റ്റെടുക്കാമെന്നു കരുതി... ദീർഘമായ യാത്രയല്ലേ.. വാപ്പയ്ക്കും ഉമ്മയ്ക്കും പ്രത്യേകിച്ച് ക്ഷീണമൊന്നുമില്ല.. അവർ ഉച്ചഭക്ഷണവും കഴിച്ച് ചെറുതായൊന്നു മയങ്ങി.. മൂന്നു മണിയ്ക്ക് തന്നെ ഇറങ്ങി... കാറിൽ ആയിഷാ പള്ളിയിലേക്ക് പുറപ്പെട്ടു അവിടന്ന് ഉംറയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി അവിടന്ന് പ്രാർത്ഥനാ നിർഭയമായ മനസ്സുമായി 
ഹറം പള്ളിയിൽ എത്തി...

ഹമീദിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... താൻ അറിയാതെ തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു പ്രതിസന്ധിയിലും കരഞ്ഞിട്ടില്ല.. പക്ഷേ ഇത്... അവർ ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു... ആർക്കും സംസാരിക്കാനായില്ല.. അല്ലാഹുവിന്റെ സന്നിധിയിലെത്തിയ എല്ലാവരും അദ്ദേഹത്തിന്റെ മക്കൾ തന്നെയാണല്ലോ... മനുഷ്യരായ എല്ലാവർക്കും ലക്ഷ്യവും ഒന്നാണല്ലോ.. മോക്ഷപ്രാപ്തി.. 

ലോകത്തിൽ ആദ്യമായായിരിക്കണം ആഘോഷങ്ങളില്ലാത്ത ഒരു പെരുന്നാൾ കടന്നുപോകുന്നത്... ഇന്ന് ഈ ലോകം ഒരു അദൃശ്യ ശത്രുവിനാൽ ഭയപ്പെട്ടു നിൽക്കുന്നു... എവിടേയും ദുഖം മാത്രം... നിലനിൽപിനായി മനുഷ്യൻ പോരാടുന്നു. ആശ്രയം പടച്ചോൻ മാത്രം.. അവനിൽ വിശ്വസിച്ചു ജീവിക്കുക... ഇതൊരു പരീക്ഷണമാണ്.... ഈ ഘട്ടവും നമ്മൾ അതിജീവിക്കും... 

ആഘോഷങ്ങളല്ല ഇവിടെ നമുക്കു വേണ്ടത്... ജാഗ്രതയാണ്... ഈ ഒരു ആഘോഷം ഒഴിവാക്കിയാൽ നമുക്കു മുന്നിൽ ഒരു പാട് ആഘോഷങ്ങൾ എത്തിച്ചേരും.. ഒരു ചെറിയ അശ്രദ്ധ മതി.. എല്ലാം താറുമാറാക്കാൻ. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു.. വിദേശത്തുനിന്നും നമ്മുടെ സഹോദരന്മാർ വന്നു തുടങ്ങി... കേരളം സുരക്ഷിതമാണെന്നു കരുതിയാണ് എല്ലാവരും എത്തുന്നത്... നാലോ അഞ്ചോ ലക്ഷം സഹോദരങ്ങൽ ഇവിടെ എത്തിച്ചേരും... നമ്മൾ മൂന്നരക്കോടിയിലധികം ജനങ്ങളുണ്ട്... വരുന്ന എല്ലാവർക്കും ഈ സുരക്ഷിത മണ്ണിലേയ്ക്ക് സ്വാഗതം... ഈ സുരക്ഷിതത്വം.. സംരക്ഷണം അത് നിങ്ങൾക്കും അവകാശപ്പെട്ടതാണ്... അത് നിലനിർത്തുവാൻ നിങ്ങളുടേയും സഹായം ആവശ്യമാണ്.. കാരണം വരുന്നവർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമാണ്... അവർ വഹിക്കുന്നത് വൈറസാണോയെന്ന് നമുക്കറിയില്ല... പ്രളയവും മറ്റു പ്രകൃതിക്ഷോഭവുമുണ്ടാവുമ്പോൾ നമുക്ക് ഓടിച്ചെന്ന് കൈപിടിച്ചു കരകയറ്റാം.. സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാം.. സുരക്ഷിത സ്ഥാനത്തെത്തുന്നവർ പ്രളയവും കൊണ്ടല്ല പോകുന്നത്... ഈ രോഗമുള്ള സ്ഥലത്തുനിന്നും വരുന്നവർ അങ്ങനെയല്ല.. അവരുടെ ഉള്ളിൽ വൈറസുണ്ടാകും.. അത് അറിയുവാനും ദിവസങ്ങൾ കാത്തിരിക്കണം... സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് റൂമുകളിൽ ഒതുങ്ങിക്കൂടുക... അത് നിങ്ങൾക്കുവേണ്ടിയാണ്.. നിങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടിയാണ്.. ഈ നാടിനു വേണ്ടിയാണ്... സഹോദരന്മാരെ ഈ നാട്ടിലേയ്ക്ക് ക്ഷണിച്ച നന്മയുള്ള മനുഷ്യർക്കുവേണ്ടിയാണ്... അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾ ചതിക്കുന്നത് ഈ നാടിനെയാണ് നാട്ടുകാരെയാണ്.. വീട്ടുകാരെയാണ് ബന്ധുക്കളെയാണ്...

ഭയം വേണ്ട.. ജാഗ്രതമതി...

ആഘോഷങ്ങളില്ലാതെ ഈ പെരുന്നാൾ കടന്നുപോകും... സന്തോഷത്തോടെ അടുത്ത പെരുന്നാളിനായി കാത്തിരിക്കാം... ഈ ദുർഘടഘട്ടത്തിലും നോമ്പുനോറ്റ് ഭയഭക്തിയോടെ ശരീരത്തേയും മനസ്സിനേയും നിർമ്മലമാക്കി ഈ ദിനത്തിനുവേണ്ടി കാത്തിരുന്ന എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ... നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം....





സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 24 05 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  31 05 2020




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ