14.6.20

നിഴൽവീണവഴികൾ ഭാഗം 78


ലേബർ റൂമിനു മുൻപിൽ ഉമ്മയെ കണ്ടെത്തി.. ഉമ്മ വലിയ ടെൻഷനിലായിരുന്നു. പെട്ടെന്നാണ് നാദിറയ്ക്ക് വേദന വന്നത്.. ഉടൻ ഇവിടെയെത്തിച്ചു.. ഉടനേതന്നെ സർജ്ജറി വേണമെന്നു ഡോക്ടർ പറ‍ഞ്ഞു. കൂടെ സഹായിക്കാൻ ആരുമില്ലായിരുന്നു. വിഷ്ണു ഓട്ടംപോയതുകാരണം വേറേ വണ്ടിപിടിച്ചാണ് വന്നത്.. എന്തായാലും ഫസൽ എത്തിയത് സഫിയയ്ക്ക് ഒരു വലിയ അനുഗ്രഹമായി..



അല്പനേരത്തിനകം സിസ്റ്റർ തിയേറ്ററിന്റെ ഡോറിൽ വന്നു.. നാദിറയുടെ ആരേലും ഇവിടുണ്ടോ....



ജിഞ്ജാസയോടെ.. രണ്ടാളും അങ്ങോട്ടേയ്ക്ക് വേഗത്തിൽ നടന്നെത്തി...



നാദിറ പ്രസവിച്ചു... ആൺകുട്ടിയാ...



മറ്റൊരു സിസ്റ്റർ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ പുറത്തേയ്ക്ക് കൊണ്ടുവന്നു. സഫിയ കുഞ്ഞിനെ ഏറ്റുവാങ്ങി...



”പെട്ടെന്നു തിരികെ തരണേ..”



”കുഞ്ഞിന്റെ അമ്മ.. നാദിറ എങ്ങനെയുണ്ട്.”



”സുഖമായിരിക്കുന്നു. സെഡേഷനിലാ...”



ചുവന്നു തുടുത്ത മുഖമുള്ള കുട്ടി ഫസലിന് ജിജ്ഞാസയായിരുന്നു. സഫിയ കുഞ്ഞിനെയുമെടുത്ത് തൊട്ടടുത്തുള്ള തൂണിനു സമീപമായി നിന്നു... അതിന്റെ മുഖത്തേയ്ക്ക് നോക്കി ലാളിച്ചു...



കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് വിളിച്ചു  അല്ലാഹു അക്ബർ.... അല്ലാഹു അക്ബർ....



അല്പസമയത്തിനകം സിസ്റ്റർ പുറത്തേയ്ക്ക് വന്നു. കുഞ്ഞിനെ തിരികെ നൽകി... അവൻ ആള് ഉഷാറാണെന്നു തോന്നുന്നു... കൈയ്യും കാലുമൊക്കെ അടിച്ചുകാണിക്കുന്നു. മിഴിച്ചുള്ള നോട്ടം...



റഷീദ് മാമയ്ക്ക് പെൺകുട്ടിയാണെങ്കിലും അൻവർ മാമയ്ക്ക് ആൺകുട്ടിയെ കിട്ടിയിരിക്കുന്നു. നാദിറ മാമിയ്ക്ക് ആഗ്രഹവും അതായിരുന്നു. അവരെപ്പോഴും പറയുമായിരുന്നു. ഫസലെ എനിക്ക് നിന്നെപ്പോലൊരു സുന്ദരനായ ആൺകുഞ്ഞുവേണമെന്ന്...



സഫിയ... അൻവറിനോട് വിവരം വിളിച്ചു പറയാൻ ഫസലിനോടു പറഞ്ഞു.. ഫസലിന് അവരുടെയൊക്കെ ടെലിഫോൺ നമ്പർ കാണാപ്പാടമായിരുന്നു... ഉമ്മാ തൊട്ടപ്പുറത്ത് ബൂത്തുണ്ട്... ഞാൻ റഷീദ് മാമയെയും  വിളിച്ചു പറയട്ടെ...



”വേണം. പെട്ടെന്ന് വാ... ഇവിടെ എല്ലാവ ർക്കും സുഖമാണെന്നു പറഞ്ഞോളൂ... ഉപ്പാനോടും ഉമ്മാനോടും അന്വേഷണം പറയണെ.... ഞാനിവിടെ നിൽക്കാം. ചിലപ്പോൾ എന്തേലും ആവശ്യത്തിന് വിളിക്കും...”



ഫസൽ നിമിഷനേരം കൊണ്ട് ടെലിഫോൺ ബൂത്തിലെത്തി. അതിന്റെ കാബിനിൽ ആരുമുണ്ടായിരുന്നില്ല.. നേരേ അകത്തു കയറി. അൻവറിനെ വിളിച്ചു.



വിഷയം കേട്ടപ്പോൾ അൻവറിന് സന്തോഷമായി... ഉടൻ എത്താമെന്നും വേണ്ടകാര്യങ്ങളൊക്കെ ചെയ്യാനും വിളിച്ചു പറഞ്ഞു...



അടുത്തതായി റഷീദിനെ വിളിച്ചു. അവരും വളരെ ഹാപ്പിയായി... ഉപ്പയും ഉമ്മയും റഷീദ് മാമയുടെ കൂടെയുണ്ടായിരുന്നു. അവരുമായി അവൻ സംസാരിച്ചു. എത്രയും പെട്ടെന്ന് ഉപ്പ തിരിച്ചെത്തണമെന്നായിരുന്നു അവന് ആഗ്രഹം... അടുത്ത ബുധനാഴ്ച അവരെല്ലാവരും തിരിച്ചെത്തുന്ന കാര്യം അവനോട് പറഞ്ഞു.. ഇനി വെറും അഞ്ചു ദിവസങ്ങൾ മാത്രം...



കൂട്ടത്തിൽ വീട്ടിലേയ്ക്കും വിളിച്ചു കാര്യം പറഞ്ഞു... റഷീദിന്റെ ഭാര്യ അവിടെ ഒറ്റയ്ക്കായിരുന്നല്ലോ.. ജോലിക്കാരിയോട് രണ്ടു ദിസം വീട്ടിൽ നിൽക്കാൻ പറഞ്ഞ് ഏൽപിച്ചാണ് പോയത്. അതു കാരണം ജോലിക്കാരിയും അവിടുണ്ടായിരുന്നു. ഹോസ്പിറ്റലിലെ കാര്യമായതുകൊണ്ട് എന്തായാലും ആള് വേണ്ടിവരുമല്ലോ...



നാദിറയുടെ വാപ്പയോട് അൻവർ തന്നെയാണ് വിളിച്ച് വിവരം പറഞ്ഞത്.. അവരും ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു. വൈകുന്നേരത്തോടെ എല്ലാവരും ഹോ സ്പിറ്റലിലെത്തി. അപ്പോഴേയ്ക്കും ഉമ്മയേക്കും കുഞ്ഞിനേയും റൂമിലേയ്ക്ക് കൊണ്ടുവന്നു. അത്യാവശ്യം സൗകര്യമുള്ള റൂമായിരുന്നു. ബൈസ്റ്റാന്റിനു കിടക്കാൻ ഒരു കട്ടിൽ കൂടിയുണ്ടായിരുന്നു. അൻവർ വന്നയുടനേ.. സഫിയ കുഞ്ഞിനെയെടുത്ത് അൻവറിന്റെ കൈയ്യിലേയ്ക്ക് കൊടുത്തു.. അവൻ മിഴിച്ചു അൻവറിനെ നോക്കുകയായിരുന്നു. അല്പസമയത്തിനുശേഷം അൻവർ നാദിറയുടെ ഉമ്മയെ ഏല്പിച്ചു. അവരും അവനെ ലാളിച്ചു.



”മാമ എന്താ പേര് കണ്ടുവച്ചിരിക്കുന്നത്.”



അൻവർ അല്പനേരം ആലോചിച്ചു... ”നീ പറ.. ഒരു പേര്...”



എല്ലാവരും ഫസലിനെ നോക്കി...



”ഇക്കാ... റഷീദിക്കാന്റെ മോൾക്കും ഇവനാ പേരിട്ടത്... ഇവന്റെ കൈയ്യിൽ ധാരാളം പേരുണ്ട്..”



ഫസൽ അല്പനേരം ആലോചിച്ചു...



അമാൻ... എന്നിട്ടാലോ അർത്ഥം... സംരക്ഷണം അല്ലെങ്കിൽ സുരക്ഷിതം... അല്ലാഹുവിന്റെ സംരക്ഷണം  ലഭിക്കുന്നവൻ എന്നർത്ഥം...



അവിടെ എല്ലാവർക്കും ആ പേര് വളരെ ഇഷ്ടപ്പെട്ടു... സ്വന്തം അനന്തിരവന്റെ അറബി പാണ്ഢിത്യത്തിലും എല്ലാവർക്കും അത്ഭുതം തോന്നി.. അവൻ വീട്ടിൽ അങ്ങനെ വായിക്കുന്നത് കാണാറില്ല.. മൗലവി വന്നതിനുശേഷം പലതും അവൻ വായിക്കുന്നതും സംശയം ഉപ്പയോട് ചോദിക്കുന്നതും കേട്ടിട്ടുണ്ട്...



അൻവർ ദൈവ നാമത്തിൽ കുഞ്ഞിന്റെ  ചെവിയിൽ മന്ത്രിച്ചു... അമാൻ... അമാൻ... അമാൻ....



കുഞ്ഞിന് ഇഷ്ടപ്പെട്ടെന്നുതോന്നുന്നു.. കൈയ്യും കാലും മുകളിലേയ്ക്കും താഴേയ്ക്കും ചലിപ്പിച്ചുകൊണ്ട് ആഹ്ലാദത്തോടെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു... രാത്രി ഏഴുമണിയായപ്പോൾ വിഷ്ണു വണ്ടിയുമായെത്തി.. അന്നത്തെ ദിവസം ഹോസ്പിറ്റലിൽ സഫിയയും നാദിറയുടെ ഉമ്മയും നിൽക്കാമെന്നേറ്റു... നാദിറയുടെ വാപ്പയും അൻവറും, ഫസലും വീട്ടിലേയ്ക്ക് തിരിച്ചു... പിറ്റേദിവസം രാവിലെ അൻവർ നേരത്തേ എത്തുമെന്നും. ഉച്ചയ്ക്ക് ഫസൽ ചോറുമായി വരാമെന്നും പ്ലാൻ ചെയ്തു.. അടുത്ത ദിവസം ക്ലാസ്സിനു പോകുന്നില്ലെന്നും ഒരു ദിവസത്തെ ക്ലാസ് പോയാലും കുഴപ്പമില്ലെന്നു ഫസൽ അവരോടു പറഞ്ഞു.. കൂടാതെ തൊട്ടടുത്ത ദിവസം ശനിയും ഞായറുമാണ്. മൂന്നു ദിവസം അവധിയുണ്ടല്ലോ.. ആ ദിസം ഇരുന്നു പഠിക്കാമെന്നും വാക്കുകൊടുത്തു...



അവർ മൂവരും വീട്ടിലെത്തി. വണ്ടി പോർച്ചിൽ പാർക്ക് ചെയ്ത് വിഷ്ണു യാത്ര പറഞ്ഞ് പോയി... നാദിറയുടെ ഉപ്പയെ  അവിടാക്കിയിട്ടാണ് അവർ വീട്ടിലേക്ക് പോന്നത്... അൻവറും ഫസലും കുളിച്ച് ഭക്ഷണം കഴിക്കാനെത്തി. ജോലിക്കാരി വേണ്ടതെല്ലാം മേശയിൽ എടുത്തു  വച്ചിട്ടുണ്ടായിരുന്നു.  അഫ്സയും  ഒപ്പമുണ്ടായിരുന്നു. ഹോസ്പിറ്റലിലെ വിവരങ്ങളെല്ലാം വിശദമായി പഞ്ഞു.. ഇനി ഈ വീട്ടിലേയ്ക്ക് പുതുതിയായി വരാൻ പോകുന്ന അതിഥിയുടെ പേര് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു...



പിറ്റേ ദിവസം അതി രാവിലെ തന്നെ അൻവർ റഡിയായി  താഴെയെത്തി.. അവിടെ കൊണ്ടു പോകാനുള്ള കാപ്പി റഡിയാക്കിവച്ചിട്ടുണ്ടായിരുന്നു. വിഷ്ണു പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. അൻവർ വാഹനത്തിൽ കയറി ഹോസ്പിറ്റലിലേയ്ക്ക്... അന്ന് വിഷ്ണുവിന് ഒന്നുരണ്ട് ഓട്ടമുള്ളതുകൊണ്ട് ഉച്ചയ്ക്ക് കാണില്ലാന്നും പറഞ്ഞു. നേരത്തേ ബുക്ക് ചെയ്ത ഓട്ടമാണ്. അത് വേണ്ടെന്നു പറയാനും പറ്റില്ലല്ലോ... അൻവർ നിർബന്ധിച്ചതുമില്ല... ഉച്ചയ്ക്ക ഭക്ഷണം കൊണ്ടുവരാൻ ഓട്ടോപിടിച്ചുകൊള്ളമെന്നു പറഞ്ഞു... ഫസൽ കുറച്ചു താമസിച്ചാണ് ഉണർന്നത്... അവൻ പ്രഭാത കൃത്യങ്ങളെല്ലാം നിർവ്വഹിച്ച് കാപ്പികുടിക്കാനിരുന്നു. ജോലിക്കാരി എല്ലാം വിളമ്പി വച്ചിരുന്നു. അവൻ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. അങ്ങേത്തലയ്ക്കൽ ഐഷു...



”നീയെന്താ ഇന്ന് പോണില്ലേ...”



”അതേ... നാദിറ മാമി പ്രസവിച്ചു..”



”ഓ.. അതാണ് പോകാതിരുന്നതല്ലേ..”



”എന്താ കുഞ്ഞ്...”



”ആൺകുട്ടിയാ.. അമാനെന്നാ പേര്...”



”എന്നാൽ ആ പേരിട്ടത് നീയല്ലേ..”



അവൾ അങ്ങനെയാണ്.. തന്നെ എല്ലാ രീതിയിലും മനസ്സിലാക്കിയവൾ... എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവൾക്ക് നന്നായറിയാം...



”എന്തു പറഞ്ഞു വാപ്പയും ഉമ്മയുമൊക്കെ... ”



എല്ലാവർക്കും ഇഷ്ടപ്പെട്ടു...”



”കുഞ്ഞെങ്ങനെ കാണാനൊക്കെ..”



”സുന്ദരനാ... നല്ല വെളുപ്പുണ്ട്...”



”എങ്ങനെ സുന്ദരനാകാതിരിക്കും... നിന്റെ കുടുംബത്തിന്റെ സൗന്ദര്യം കിട്ടുമല്ലോ...”



”.. പിന്നെ.. അടുത്ത ബുധനാഴ്ച ഞാനങ്ങെത്തും... വാപ്പ ഒരാഴ്ചകൂടി കഴിഞ്ഞിട്ടേ വരുള്ളൂ.... ഉമ്മയും ഞാനും നാട്ടിൽ കാണും...”



”.. ഓകെ... അപ്പോൾ വണ്ടി ഡ്രൈവറായിരിക്കും കൊണ്ടുവരുന്നതല്ലേ..”



”പിന്നല്ലാതെ... ഉമ്മയ്ക്കും എനിക്കും ഓടിക്കാനറിയില്ലല്ലോ...”



”എനിക്ക് ലൈസൻസ് കിട്ടട്ടേ.. പിന്നീടുള്ള കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം...”



”എന്നാൽ വാപ്പയോട് പറഞ്ഞ് നിനക്ക് വീട്ടിൽ കിടക്കുന്ന വണ്ടി തരാം.. പക്ഷേ ഒരു കണ്ടീഷൻ.. വീട്ടിൽ വന്ന് എന്നേയും കൂടെക്കൂട്ടണം...”



”‍ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ..”



”ടാ...ചെക്കാ നീ മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല അതിന് മുൻപ് എന്നെ ഇറക്കി കൊണ്ടുവരാൻ....കൂടുതൽ ചിന്തിക്കേണ്ട...കെട്ടോ... അതൊക്കെ നമുക്ക് പഠിപ്പു കഴിഞ്ഞു...ഞാൻ കുറച്ചു ദിവസം നാട്ടിൽ ഇല്ലാത്തപ്പൊ ചെക്കന് കൂടുന്നുണ്ട് നിനക്ക് ഞാൻ വച്ചിട്ടുണ്ട് കെട്ടോ...”



”ഓ... പെണ്ണ് അപ്പൊഴേയ്ക്കും പിണങ്ങിയോ നീ എന്റെ മുത്തല്ലേ..കൊഞ്ചല്ലേ കൊഞ്ചല്ലേ നിനക്ക് ഞാൻ...”



”എന്തിനാടാ ചക്കരേ ഞാൻ നിന്നോട് പിണങ്ങുന്നേ...”



”നീ ആകെ റൊമാന്റിക് ആണല്ലേ.. പിന്നെ... നീ നിൽക്കുന്നത് ഒരു മണരണവീട്ടിലാ..”



”ശരിയാ...പടച്ചോൻ കാക്കട്ടെ ...”



”.. ശരി എന്നാൽ ഞാൻ വയ്ക്കട്ടെ... വാപ്പാന്റെ  ഫോണാ...”



”ശരി. ഐഷു.. ബൈ ഡാ.. ഉമ്മാ...”



അവൻ ഫോൺ വച്ചിട്ട് ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴാണ് അടുത്ത കാൾ വന്നത്...



അവൻ ഓടിയെത്തി.. അപ്പുറത്ത് അൻവറായിരുന്നു.



ഹോസ്പിറ്റലിൽ വിളിച്ചിരുന്നു. കാര്യങ്ങളൊക്കെ നന്നായിരിക്കുന്നുവെന്ന കാര്യം പറ‍ഞ്ഞു... പൈസയ്ക്ക് എന്തേലും ആവശ്യമുണ്ടെങ്കിൽ സഫിയയോട് പറഞ്ഞ് ആവശ്യമുള്ള പണം നൽകാൻ ഫസലിനോട് പറഞ്ഞ് ഏല്പിച്ചു..



ഉച്ചയ്ക്കുള്ള ഭക്ഷണം റഡിയായി.. ഫസൽ ഉച്ചഭക്ഷണവും ഹോസ്പിറ്റലിലേയ്ക്കുള്ള ഭക്ഷണവുമായി ഓട്ടോയിൽ പോയി... അവിടെത്തി.. എല്ലാവരും ഭക്ഷണം കഴിച്ചു. ഫസൽ കുഞ്ഞിന്റെ അടുത്തെത്തി അവനെ ലാളിച്ചുകൊണ്ടിരുന്നു. നാദിറയ്ക്ക് നല്ല ക്ഷീണവും വേദനയുമുണ്ടായിരുന്നു. കട്ടിലിൽ ചാരിയിരുന്നാണ് ഭക്ഷണം കഴിച്ചത്.



വൈകുന്നേരത്തോടെ ഫസലും അൻവറും വീട്ടിലേക്ക് തിരിച്ചു.. വിഷ്ണു ഓട്ടം കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നു. പോകുന്ന വഴിക്ക് കുറച്ച് വെജിറ്റബിൾസും മറ്റ് സാധനങ്ങളുമൊക്കെ വാങ്ങി.. സാധാരണ സഫിയയാണ് എല്ലാം ചെയ്യുന്നത്.. ഇപ്പോൾ അവൾ ഇല്ലല്ലോ.. പക്ഷേ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് സഫിയ ഹോസ്പിറ്റലിൽ വച്ച് എഴുതിക്കൊടുത്തിരുന്നു. അവർ വേണ്ട സാധനങ്ങളൊക്കെ വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു.



അങ്ങ് സൗദി അറേബ്യയിൽ ഹമീദിനും ഭാര്യ സൈനബയ്ക്കും അതൊരു പുതിയ ലോകമായിത്തന്നെ തോന്നി. ഉംറ വിജയകരമായിപൂർത്തിയാക്കാനായി... ഈ ജന്മത്തിൽ ചെയ്യാവുന്ന പുണ്യകർമ്മങ്ങളൊക്കെ ചെയ്തിട്ടുണ്ട്.. ചെയ്ത പാപങ്ങൾക്ക് എല്ലാം പടച്ചോൻ മാപ്പുതരട്ടെ... എന്നായിരുന്നു ഹമീദിന്റെ പ്രാർത്ഥന... റഷീദ് വാപ്പയേയും ഉമ്മയേയും കൂട്ടി സ്പോൺസറിന്റെ അടുത്തു പോയിരുന്നു. വളരെ നല്ലൊരു സ്വീകരണമായിരുന്നു ഹമീദിനും സൈനബയ്ക്കും അവിടെ നിന്നും ലഭിച്ചത്... സ്പോൺസർക്ക് അറബി മാത്രമേ അറിയൂ... അറബി പറയുന്നത് മലയാളത്തിലാക്കി ട്രാൻസ്സിലേറ്റ് ചെയ്ത് റഷീദ് ഉപ്പയോടും ഉമ്മയോടും പറയും.. അവിടെ നിന്ന്  ഉച്ചഭക്ഷണവും കഴിഞ്ഞാണ് അവർ തിരിച്ചെത്തിയത്...



അത്യാവശ്യം നാട്ടിലേയ്ക്കു കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ റഷീദ് വാങ്ങിയിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും ആവശ്യത്തിനുള്ള സാധനങ്ങളും ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ട സാധനങ്ങളൊക്കെ വാങ്ങി... എന്നും വൈകുന്നേരം താമസസ്ഥലത്ത് പലതരം പരിപാടികളും അവിടുള്ളവർസഘടിപ്പിച്ചിരുന്നു. എല്ലാവർക്കും ഒപ്പം ഹമീദും ഭാര്യയും കാണും. അവരെല്ലാം വളരെ സന്തോഷത്തോടെ ആഘോഷമാക്കുകയായിരുന്നു.



നമുക്കിവിടെ ആഘോഷങ്ങൾ കുറച്ചുനാളേയ്ക്ക് മാറ്റിവക്കാം.

സ്വന്തം ആരോഗ്യത്തിനും പൊതുജന ആരോഗ്യത്തിനും പ്രവാചകൻ മുഹമ്മദ്‌ നബി വളരെ അധികം പ്രാധാന്യം നൽകിയിട്ടുണ്ട്. അദ്ദേഹം മദീനയിൽ ആയിരുന്നപ്പോൾ ഒരു പ്രധിനിധിസംഘം കരാർ ഉണ്ടാക്കാൻ അദ്ദേഹത്തിന് അടുത്തേക്ക് വന്നു കരാർ ഉണ്ടാക്കിയതിന് ശേഷം അതിൽ ഒരാളുമായി കൈ കൊടുക്കാൻ തയ്യാറായില്ല അവരെ മടക്കി അയക്കുകയാണ് ഉണ്ടായത്.

നിങ്ങളിൽ ആരും തന്നെ പകർച്ചവ്യാധി ബാധിച്ചു മരിക്കാൻ ആഗ്രഹിക്കുന്നവർ അല്ലല്ലോ..അതിജീവിക്കാൻ വേണ്ടി പകർച്ചവ്യാധിയെ നിയമാനുസൃതവും സംരക്ഷകവുമായ എന്ത് മാർഗവും മനുഷ്യന് സ്വീകാര്യമാണ്.

നിങ്ങളുടെ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക....

പ്രവാചകന്റെ ഒരു അനുയായി പറയുകയാണ് മുഹമ്മദ്‌ നബി പറഞതായിട്ട് ഞാൻ കേട്ടിട്ടുണ്ട്...  ഫഇദാ സമിഹ്ത്തും ബി അർളിൻ ഫലാതകദ്ധിമു അലൈഹി വ ഇദാ വഖഹബി അർളിൻ വ അൻതും ബിഹാ ഫലാ തഹ്‌റുജു അൽ ഫിറാറ മിൻഹും.(ഒരു നാട്ടിൽ പകർച്ചവ്യാധി ഉണ്ടെന്നു കേട്ടാൽ നിങ്ങൾ അങ്ങോട്ടു പോകരുത്. അത് ബാധിച്ച നാട്ടിൽ നിന്ന് നിങ്ങൾ ഓടിപോകുകയും ചെയ്യരുത്) 

നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകൻ പറഞ്ഞ ഈ വാക്കുകൾ ഇന്ന് ചിക്കാഗോ എന്ന നഗരത്തിൽ ഒരു പരസ്യ ബോഡായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രോഗിയായ ഒരു രോഗിയെ ആരോഗ്യവാനായ ഒരു വ്യക്തിയുമായി പാർപ്പിക്കരുത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉപദേശം ഇന്നും പ്രാധാന്യം അർഹിക്കുന്നു.

പൊട്ടിപുറപ്പെടുന്നത് തടയാൻ യഥാസമയം കഴിയാതെ ഇരുന്നതിന്റെ ശിക്ഷ നമ്മളിലൂടെ ഈ ലോകം അനുഭവിക്കുന്നു...

ഇനി എത്ര നാൾ... സോപ്പിട്ട്.... ഗ്യാപ്പിട്ട്.... മാസ്കിട്ട്....എത്രകാലം അകലം പാലിച്ച്....
വീട്ടിൽ കഴിയണം...... അറിയില്ല.....




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 14 06 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 21 06 2020







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ