7.6.20

നിഴൽവീണവഴികൾ ഭാഗം 77




ഫസൽ താനറിയാതെ വീണ്ടും ചതിക്കുഴികളിലേയ്ക്ക് വഴുതി വീഴുകയാണ്... ബാല്യത്തിലും കൗമാരത്തിലും ഇതുപോലുണ്ടാകുന്ന സംഭവങ്ങളാണ് പുരുഷ വേശ്യമാരെ സൃഷ്ടിക്കുന്നത്... ഇതുപോലെ സമൂഹത്തിൽ പീഠനമനുഭവിക്കുന്ന ധാരാളംപേരുണ്ടായിരിക്കാം. പക്ഷേ അവരാരും അത്ര പെട്ടെന്ന് തിരിച്ചറിയപ്പെടുകയില്ലന്ന് മാത്രം ...



എന്നും വീട്ടിലെത്തുന്ന സമയത്തുതന്നെ അവൻ വീട്ടിലെത്തി. അവന്റെ മനസ്സിൽ കുറ്റബോധമൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്യമായിരുന്നു അവനിപ്പോൾ പ്രാധാന്യം.. പ്രായം അവനിലേല്പിച്ച ചിന്താഗതികളായിരിക്കാം. ഉമ്മറത്ത് ഹമീദ് എന്ന ആ വൃദ്ധമനുഷ്യന്റെ സാമീപ്യമില്ലാത്തത് ഫസലിനു മാത്രമല്ല ആ വീട്ടിലെ എല്ലാവർക്കും മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു.



അവൻ മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി കുളികഴിഞ്ഞ് വസ്ത്രം മാറിവന്നു. ഇന്നെന്തോ വല്ലാത്ത ക്ഷീണം അവന് അവനുഭവപ്പെട്ടു.



“...ഫസലേ....“



ഉമ്മയുടെ വിളി.



“.ഞാനെത്തി ഉമ്മാ... ങള് ചായ ഇങ്ങെടുത്തേ...“



“നീയൊന്നിങ്ങോട്ടു പോരേ.. കൈയ്യിൽ കുഞ്ഞിരിക്കുന്നു... വാ..“



അവന് കാര്യം മനസ്സിലായി.. അകത്തു ചെന്നു ചായയും പലഹാരവുമായി പുറത്തേയ്ക്കിറങ്ങി..



“ടാ... നീയെന്താ ഇവളെ ഒരുനോക്കു നോക്കുകപോലും ചെയ്യാതെ പോകുന്നത് . അവള് നിന്നെത്തന്നെ നോക്കുന്നത് കണ്ടില്ലേ ...“



ശരിയാ... താനത് ശ്രദ്ധിച്ചില്ല.. താൻ വീട്ടിലെത്തിയാൽ കലപില ശബ്ദമുണ്ടാക്കുന്നവൾ ഇന്നെന്തുകൊണ്ടു അതൊന്നും ശ്രദ്ധിച്ചില്ല...



“ഹായ്... ആമിനക്കുട്ടി.... സുഖാണോ മോളുകുട്ടിയെ..“



അവളുടെ കവിളിൽ തലോടി അവൻ ഡൈനിംഗ് ഹാളിലേയ്ക്ക്.



തൊട്ടു പിറകേ ഉമ്മയും.



“നീയറിഞ്ഞോ കാര്യങ്ങളൊക്കെ... സ്റ്റിഫൻ അങ്കിൾ  വിളിച്ചിരുന്നോ..?“



“ഇല്ലുമ്മാ... എന്താ എന്തു പറ്റി..“



“അല്ലാ... സ്റ്റീഫനങ്കിളിന്റെ  മോളുടെ കല്യാണമൊക്കെ ഉറച്ചു... അവൾക്കിഷ്ടപ്പെട്ട ഒരു പയ്യനാ.. കൂടെ പഠിച്ചതാ... വടകരക്കാരനാ...“



“ലിസി എന്നോട്  നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. തക്കം നോക്കി അമ്മയോട് അവതരിപ്പിക്കാൻ ഞാൻ സമയംപോലെ ലിസിയുടെ അമ്മയോട് സംസാരിച്ചു. അവർക്ക് ആദ്യം അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിന്നെ എല്ലാം ഞാൻ പറഞ്ഞു മനസ്സാലാക്കി... അവസാനം ചെറുക്കനെക്കുറിച്ച് അന്വോഷിച്ചിട്ടാവാമെന്നു പറഞ്ഞു.. അവസാനം ആ കടമ്പയും കടന്നു. രണ്ടുപേരും ഒരെ

സമുദായം.. കൂടാതെ ചെക്കെനെക്കുറിച്ചു നാട്ടിലൊക്കെ നല്ല അഭിപ്രായവും... ഒന്നുമല്ലേലും നാട്ടിൽ സർക്കാർ ജോലിയില്ലേ.. അതുതന്നെ വലിയ കാര്യമല്ലേ....“



“എവിടെയാ ജോലി..“



“അവൻ കഴിഞ്ഞ വർഷം സർക്കാർ ജോലിയിൽ പ്രവേശിച്ചു... രണ്ടാളും ഒരുമിച്ചു ഗൾഫിൽ പോകാനായിരുന്നു പ്ലാൻ... പക്ഷേ അവന്റെ ജോലി ശരിയായതു കാരണം അവൻ ജോലിയിൽ കയറി... അവളാ അവനെ നിർബന്ധിച്ചു ജോലിയിൽ കയറ്റിയത്...“



“അതെന്തായാലും നന്നായി...“



“എന്നാ കല്യാണം...“



“അത് രണ്ടുവീട്ടുകാരും കൂടി തീരുമാനിക്കും അവളുടെ ലീവിന്റെ കാര്യവും അറിയണമല്ലോ... പോയിട്ടു ഒരുവർഷം കഴിഞ്ഞതല്ലേയുള്ളൂ... റഷീദിക്കയ്ക്കും നാട്ടിലുള്ള സമയംനോക്കി തീരുമാനിക്കാമെന്നാണ് പറ‍ഞ്ഞിരിക്കുന്നത്.“



“അതിന് റഷീദ് മാമ... ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ വരുന്നെന്നു പറഞ്ഞല്ലോ...“



“അത് ശരിയാ.. അത് കുറച്ചു ദിവസത്തേക്കല്ലേ.. രണ്ടാളേയും തിരികെക്കൊണ്ടുവരുന്നതിനുമാത്രം... ഒരാഴ്ചയല്ലേ കാണുള്ളൂ... കൂടാതെ   കാണാലോ... ബോംബേന്ന് എന്തൊക്കെയോ സാധനങ്ങളൊക്കെ വാങ്ങാനുമുണ്ടെന്നു പറഞ്ഞിരുന്നു

 അവളിതൊന്നും നിന്നോട്  പറഞ്ഞിട്ടില്ലേ...“



“ഇല്ലുമ്മാ... പക്ഷേ എനിക്ക് സംശയം തോന്നിയരുന്നു.“



“എടാ കള്ളാ.“



സഫിയ കുഞ്ഞിനേയും കളിപ്പിച്ച് പുറത്തേയ്ക്കിറങ്ങി.. നാദിറയ്ക്ക് ഡേറ്റായിരിക്കുന്നു. ഈ ആഴ്ചയിലോ അടുത്തയാഴ്ചയിലേ പ്രസവം കാണും... എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞിരിക്കുകയാണ് ഡോക്ടർ.. അൻവർ മാമ ഇപ്പോൾ എല്ലാദിവസവും ജോലിക്ക് പോയി വരികയാണ്.



എന്തായാലും ഉപ്പ ഈയാഴ്ചയാണ് തിരിച്ചുവരുന്നത്.. അതുകൊണ്ട് വീട്ടിൽ ആളുണ്ടാവും...



ഫോൺ റിംഗ് ചെയ്തു.. ഫസലാണ് ഫോണെടുത്തത്... അപ്പുറത്ത് സ്റ്റീഫനങ്കിളിന്റെ മകൾ ലിസ്സിയായിരുന്നു...



“ചേച്ചീ... ങള് വലിയ കള്ളിയാണ് കേട്ടോ...“



“അതെന്താടാ ഫസലേ...“



“അതേ... ഒരു പയ്യനെ കണ്ടുവച്ചിട്ടുണ്ടായിരുന്നല്ലേ... ഞാനിന്നെല്ലാം അറിഞ്ഞു.. ഉമ്മ പറഞ്ഞു..“



“അതേ ബ്രോക്കർ ഫീസ്.. നിന്റുമ്മാക്കുള്ളതാ...“



“പിന്നേ. ചിലവുണ്ട്...“



“ആദ്യം നാട്ടിൽ വരട്ടേ... ഉമ്മായെവിടെ...“



“പുറത്ത് ആമിനകുട്ടിയുമായി
 കളിക്കുകയാ... ഞാൻ വിളിക്കാം..“



“പിന്നെ... റഷീദ്ക്കയും ഉപ്പയും ഉമ്മയും വരുന്ന ഞായറാഴ്ച തിരിച്ചു വരികയാ.. ഞാൻ രണ്ടുമൂന്നു ദിവസം അവിടെ പോയിരുന്നു. ഉപ്പയ്ക്ക് നിന്റെ കാര്യത്തിൽ വലിയ ടെൻഷനാ... നിന്റെ പഠിത്തകാര്യമാണ് പ്രധാനം. നീ നന്നായി പഠിക്കുന്നില്ലേ..“



“ഉവ്വേച്ചി... എന്നാൽ കഴിയുന്നതുപോലൊക്കെ ചെയ്യുന്നു.“



“ശരി.. അതു കേട്ടാൽ മതി... നിനക്ക് എന്താ ഞാൻ കൊടുത്തു വിടേണ്ടത്... ചേച്ചിക്ക് ഇഷ്ടം ഉള്ളത് അമ്പട കള്ളാ മിട്ടായി കൊടുത്തു വിടട്ടോ... നീ ഉമ്മാന്റെ കൈയ്യിൽ കൊടുക്ക് ...“



“ഉമ്മാ... സഫിയാ...എടാ ചെക്കാ നിനക്ക് കളി കൂടുന്നുണ്ട് കെട്ടോ .“



സഫിയ കുഞ്ഞിനെ ഫസലിനെ ഏൽപിച്ച് ഫോണെടുത്തു. അവൻ കുഞ്ഞുമായി കൊച്ചുവർത്തമാനവും പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.. അവൾക്ക് അവനോട് വലിയ സ്നേഹമാണ്... പണ്ടേ അവന്റെ ശബ്ദം കേട്ടാൽ അവൾ തിരിഞ്ഞു നോക്കുമായിരുന്നു.. വളർന്നപ്പോഴും അവൻ എടുക്കുന്നതും കൂടെ കളിക്കുന്നതും അവൾക്കിഷ്ടമാണ്...



സഫിയയും സ്റ്റീഫന്റെ മകളുമായി എന്തെല്ലാമോ സംസാരിച്ചു... അല്പനേരം കഴിഞ്ഞ് ഉമ്മ ചിരിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങിവന്നു.. കുഞ്ഞിനെ ഫസലിന്റെ കൈയ്യിൽ നിന്നും വാങ്ങി...



“എന്താ ഉമ്മാ..“



“ഒന്നുമില്ലെടാ... അവളുടെ വിഷമങ്ങളും സന്തോഷവും ഇപ്പോൾ എന്നോടാ പറയുന്നത്... ഇന്ന് അവളെ കെട്ടാൻ പോകുന്ന പയ്യന്റെ അമ്മയും അച്ഛനും സഹോദരിയും അവളെ വിളിച്ചു സംസാരിച്ചു. ആ സന്തോഷം പറയാൻ വിളിച്ചതാ... രണ്ടാളും വിവാഹംകഴിക്കാൻ ഒരുപാട് ആഗ്രഹിച്ചതല്ലേ... സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒരുമിപ്പിച്ചാൽ പടച്ചോൻ നല്ലതു വരുത്തുമെന്നാ പറയുന്നേ... എന്തായാലും അത് നന്നായി അവസാനിച്ചല്ലോ...“



സഫിയയുടെ മനസ്സിലൂടെയും പലതും കടന്നുപോയി... ഇന്നും ഒരു മുറിപ്പാടുപൊലെ തന്നെ പിന്തുടരുന്ന ഒന്നാണ് അവളുടെ ജീവിതത്തിലെ പ്രണയവും വിരഹവും വിവാഹവും ബന്ധം വേർപെടുത്തലുമെല്ലാം... ഭർത്താവ് ഈ ലോകത്തില്ലെന്നുള്ള കാര്യമറിയാതെ അവളിന്നും ജീവിക്കുന്നു. ഒരിക്കൽപോലും കാണണമെന്നുള്ള ആഗ്രഹമില്ലാതെ... ഇനിയൊരിക്കലും കണ്ടുമുട്ടരുതെന്നുള്ളപ്രാർത്ഥനയുമായി...



ഫോൺ വീണ്ടും ബെല്ലടിച്ചു... അവൻ ഓടിച്ചെന്ന്  എടുത്തു.. അങ്ങേത്തലയ്ക്കൽ ഐഷുവായിരുന്നു.



“ഡാ.. നീയിന്ന് പോയില്ലേ..“



“പോയി ഐഷു... നീയില്ലാത്തതുകൊണ്ട് ബോറായിരുന്നു.“



“ഓ നിയതൊക്കെ പറയും.. വല്ലപ്പോഴും ബോറടിക്കുന്നത് നല്ലതാ... ഉമ്മ അടുത്തുണ്ടോ..“



“ഇല്ല.. വിളിക്കണോ..“



“വേണ്ട... വേണ്ടേയ്..“



“പിന്നെ. എന്തൊക്കെയാ ഇന്ന് പഠിപ്പിച്ചത്..“



അവൻ ചുരുക്കത്തിൽ എല്ലാം വിവരിച്ചു.



“പിന്നെ.. ഞങ്ങൾ ചിലപ്പോൾ 10 ദിവസം കഴിഞ്ഞേ വരാൻ സാധ്യതയുള്ളൂ... വാപ്പയുടെ ചില ബിസിനസ് നോക്കിനടത്തിയിരുന്നതും ഇപ്പോൾ മരിച്ച മൂത്താപ്പയാണ്.. അതിൽക്കൂടി വാപ്പയ്ക്ക് ശ്രദ്ധിക്കേണ്ടിവരുമിനി... അതിനുള്ള ചില ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടേ മടങ്ങിവരവുള്ളൂ.. അല്ലെങ്കിൽ ഞാനൊറ്റയ്ക്ക് വീട്ടിൽ നിൽക്കേണ്ടിവരും... ഉമ്മയും ഇവിടെ വേണമല്ലോ...“



“നീയൊറ്റയ്ക്കെന്നാരുപറഞ്ഞു.. ഞാനും കൂടി വന്നു നിൽക്കാമെടീ..“



“ടാ... വേണ്ട...നിന്റെ ഉദ്ദേശമെനിക്കറിയാം.“
ആ പൂതി മോൻ മനസ്സിൽ വെച്ചോട്ടോ



“നല്ല ഉദ്ദേശത്തിലാ ഞാനതു പറഞ്ഞത്..“



“വേണ്ട.. വേണ്ട... എനിക്കറിയാം നിന്നെ...“



“ഉം... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടുനിന്നു...“



അടുത്ത ദിവസം ക്ലാസ്സിൽ ടെസ്റ്റ് പേപ്പറുണ്ട്.. അതിനുള്ള തയ്യാറെടുപ്പു നടത്തണം... അവൻ മുകളിലത്തെ മുറിയിലേയ്ക്ക് പോയി..



വല്ലാത്ത ക്ഷീണം. അവനൊരല്പം കട്ടിലിൽ ചാരിയിരുന്നു. അറിയാതെ ഉറങ്ങിപ്പോയി... ഉമ്മ വന്നു വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്...



“നീയെന്താ പതിവില്ലാതെ...“



“അതുമ്മാ ഇന്ന് ഐഷുവിന്റെ വണ്ടിയില്ലായിരുന്നല്ലോ.. ബസ്സിലാണെങ്കിൽ നല്ല തിരക്കും. എസി. കാറിൽ യാത്രചെയ്ത് സുഖിച്ചിട്ട് ബസ്സിൽ പോയപ്പോൾ വലിയക്ഷീണം...“



“നീ കൂടുതൽ സുഖിച്ച് ശീലിക്കേണ്ട മോനേ... നീ വാ.. വന്നു ഭക്ഷണം കഴിക്ക്.“



അവൻ എഴുന്നേറ്റ് താഴേക്ക് പോയി... ഭക്ഷണം കഴിച്ച് അല്പനേരം അവിടെ നിന്നിട്ട് വീണ്ടും റൂമിലേയ്ക്ക്. കുറച്ചു നേരം പഠിക്കാനുള്ളതൊക്കെയൊന്നു നോക്കി.. കണ്ണിൽ ക്ഷീണം അനുഭവപ്പെട്ടപ്പോൾ പുസ്തകം മടക്കിവച്ച് അവൻ കട്ടിലിലേയ്ക്ക് വീണു...



രാവിലെ ഉണർന്നു... പോകാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു... എന്നത്തേയുംപോലെ കൃത്യ സമയത്തുതന്നെ അവൻ വീട്ടിൽ നിന്നുമിറങ്ങി.. കുറച്ചു നേരത്തേയാണ് അവൻ എൻഡ്രൻസ് സെന്ററിനു മുന്നിലെത്തിയത്... എന്തായാലും ഇനിയും സമയമുണ്ട്.. അവൻ അല്പദൂരം മുന്നോട്ടു നടന്നു. അപ്പോൾ പിന്നിൽ നിന്നും ഒരു സ്ത്രീശബ്ദം..



“ഫസലേ...“



അവൻ തിരഞ്ഞു നോക്കി.. ഇന്നലെ ഡയറക്ടറുടെ ഓഫീസിൽ കണ്ട ആ സുന്ദരി... അവർ അരികിലെത്തി..



“ഫസൽ ഇവിടെയാണോ പഠിക്കുന്നത്..“



“അതേ...“



‍“എന്താ ക്ലാസ്സിൽ കയറുന്നില്ലേ...“



“ഇന്ന് ഞാനിത്തിരി നേരത്തേയാ വന്നത്... കുറച്ചു കഴിഞ്ഞിട്ടു കയറാമെന്നു കരുതി..“



“ഇന്ന് ഉച്ചയ്ക്ക് ഓഫീസിലേയ്ക്ക് വരുമോ..“



“നോക്കട്ടെ... ക്ലാസ്സ് ഉച്ചയ്ക്ക് തുടങ്ങിയാൽ മൂന്നുമണിവരെ കാണും.. ഞാൻ അവിടെ വന്നാൽ വീട്ടിലെത്താൻ ലേറ്റാവും...“



“സമയമുണ്ടെങ്കിൽ പോരേ... ഞാൻ സ്ക്രിപ്റ്റിന്റെ ചില ഭാഗങ്ങളൊക്കെ പറഞ്ഞുതരാം...“



“നോക്കട്ടെ... ആന്റീ...“



“നീയെന്താ വിളിച്ചേ... എനിക്കതിനുമാത്രം  പ്രായമൊന്നുമായില്ല.. നീയെന്നെ പേരുവിളിച്ചാൽ മതി..“



“എങ്ങനാ പേരുവിളിക്ക... എന്നേക്കാൾ മൂത്തതല്ലേ...“



“അതൊക്കെ ശരിയാ.. ഈ സിനിമാഫീൽഡിൽ പേരുവിളിക്കുന്നതാ ഒരു വെയിറ്റ്... പിന്നെ പേരു വിളിക്കാൻ പാടാണെങ്കിൽ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ...“



അവളുടെ ശൃംഗാര ഭാവം അവന് നന്നായി ഇഷ്ടപ്പെട്ടു... അവൾ യാത്ര പറഞ്‍ പിരിഞ്ഞു...



അവൻ അവൾ പോകുന്നതും നോക്കി നിന്നു.. എന്തൊരു സൗന്ദര്യമാണവർക്ക്.. എന്ത് സ്പ്രേയായിരിക്കും അടിച്ചിരിക്കുന്നത്... എന്തൊരു വടിവൊത്ത ശരീരം.. കൂടിപ്പോയാൽ 21, 22 വയസ്സു പ്രായം കാണും.. അതിനപ്പുറം കാണാനുള്ള സാധ്യതയില്ല...



അവന്റെ അടുത്തേയ്ക്ക് കൂടെ പഠിക്കുന്ന രണ്ടുപേര് നടന്നു വന്നു.



“ഫസലേ.. നിനക്കവരെ അറിയുമോ..“



“കണ്ടുപരിചയം..“



“ഞങ്ങൾ എത്ര കാലമായി ഇവിടെ അവരെ കാണാൻ കാത്തുനിൽക്കുന്നു. ഒന്നു നോക്കുകപോലുമില്ല... നീ ആളൊരു വിളവനാണല്ലോടെ... നീയെന്താ സംസാരിച്ചത്... വളച്ചെടുത്തോ..“



“കുറച്ചു കടുപ്പമാ.. ‍ ഞാനൊന്നു ശ്രമിക്കാം..“



“നിനക്കു കിട്ടും.. നിന്റത്രേം ഗ്ലാമർ നമുക്കില്ലല്ലോ...“



“കളിയാക്കാ..“



അവർ ഒരുമിച്ച് ക്ലാസ്സിലേയ്ക്ക് പോയി... ഐഷു ഇല്ലാത്തത് അവനിൽ കൂടുതൽ മടിയുണ്ടാവാനും കാരണണായി.. പഴയതുപോലെ ക്ലാസ്ലിൽ ശ്രദ്ധയില്ലാതെയുമായി... ടെസ്റ്റ്പേപ്പർ ഒരുവിധം എഴുതിയെന്നു വരുത്തി.. അന്ന് ക്ലാസ്സ് കഴിഞ്ഞ് നേരേ വീട്ടിലേയ്ക്കു തന്നെ പോയി.. നാളെ വെള്ളിയാഴ്ചയല്ലേ... നേരത്തെ ഇറങ്ങി ഡയറക്ടറുടെ ഓഫീസിൽ പോകാം... ഇന്നിനി മൂഡില്ല...



അവൻ ആദ്യം കിട്ടിയ ബസ്സിൽ കയറി വീട്ടിലേയ്ക്ക്... വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്.. നാദിറ മാമിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... ഉമ്മ അവരോടൊപ്പം പോയി... പെട്ടെന്ന് പെയിൻ വന്നതുകാരണം വണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ടു പോയി.. റഷീദിന്റെ ഭാര്യയാണ് കാര്യങ്ങളൊക്കെ പറഞ്ഞത്.. മാമ ഇനി വൈകിട്ടേ എത്തുകയുള്ളൂ... താൻ എത്തിയ ഉടൻ ഹോസ്പിറ്റലിലേയ്ക്ക ചെല്ലണമെന്ന് സഫിയ പറഞ്ഞിട്ടാണ് പോയത്.. മാമയെ വിവരം അറിയിക്കാൻ സാധിച്ചില്ല. ഓഫീസിൽ വിവരമറിയിച്ചു...



അവൻ കുളിച്ച് ചായയും കുടിച്ച് നേരേ ഹോസ്പിറ്റലിലേയ്ക്ക് രണ്ടുജോഡി ഡ്രസ്സും പഠിക്കാനുള്ള പുസ്തകങ്ങളും എടുത്തു. ചിലപ്പോൾ അവിടെ നിൽക്കാൻ പറ‍ഞ്ഞാൽ പണിയാവില്ലേ... അവൻ നേരേ നഗരമധ്യത്തിലുള്ളഹോസ്പിറ്റലിലെത്തി. റിസപ്ഷനിൽ പേരു പറഞ്ഞ് അവരുടെ റൂം കണ്ടുപിടിച്ചു.. റൂമിലെത്തിയപ്പോൾ ഉമ്മ അവിടില്ല.. സിസ്റ്ററിനോടു ചോദിച്ചപ്പോൾ തീയേറ്ററിനു മുന്നിൽ തിരക്കാൻ പറഞ്ഞു...



അവിടെ ഉമ്മയെ കണ്ടെത്തി.. അവർ വലിയ ടെൻഷനിലായിരുന്നു. പെട്ടെന്നാണ് അവൾക്ക് പെയിൻ വന്നത്.. ഉടൻ ഇവിടെത്തിച്ചു.. ഉടനേതന്നെ സർജ്ജറി വേണമെന്നു ഡോക്ടർ പറ‍ഞ്ഞു. കൂടെ സഹായിക്കാൻ ആരുമില്ലായിരുന്നു. വിഷ്ണു ഓട്ടംപോയതുകാരണം വേറേ വണ്ടിപിടിച്ചാണ് വന്നത്.. എന്തായാലും ഫസൽ എത്തിയത് സഫിയയ്ക്ക് ഒരു വലിയ അനുഗ്രഹമായി..



അല്പനേരത്തിനകം സിസ്റ്റർ തിയേറ്ററിന്റെ ഡോറിൽ വന്നു.. നാദിറയുടെ ആരേലും ഇവിടുണ്ടോ....



ജിഞ്ജാസയോടെ.. രണ്ടാളും അങ്ങോട്ടേയ്ക്ക് വേഗത്തിൽ നടന്നെത്തി...





കരുതലോടും ജാഗ്രതയോടും കേരളം ഓരോ ചുവടുകൾ മുന്നോട്ടു വയ്ക്കുകയാണ്. അടച്ചിടലുകൾക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കിത്തുടങ്ങി... ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവും വന്നുതുടങ്ങി... ലോക് ഡൗൺ മാറി.. അൺലോക്ക് ആരംഭിച്ചു.. പക്ഷേ ഇതൊന്നും കൊറോണയെന്ന വൈറസിനറിയില്ലല്ലോ... മുഖംമൂടിക്കെട്ടി.. സാനിറ്റൈസറെന്ന വഴുവഴുക്കൻ ദ്രാവകവും കൈയ്യിൽ കരുതി ഓരോ മലയാളിയും പുറത്തേയ്ക്കിറങ്ങുന്നു. തൊട്ടടുത്തുള്ളവനെപ്പോലും സംശയത്തോടെയും ഭയത്തോടും വീക്ഷിക്കുന്നു. ഓരോ വ്യക്തിയുടെയും കണ്ണുകൾ മാത്രമേ കാണാനാകൂ... ആ കണ്ണുകളിൽ ഭയത്തിന്റെ ലാഞ്ജനയാണോ.. ആത്മധൈര്യമാണോ... അറിയില്ല... പരിചിതമല്ലാത്ത മുഖംമൂടിയാണെങ്കിലും ആത്മബന്ധമുള്ളവർക്ക് മാത്രമേ ഇന്ന് പരസ്പരം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.... പലരും പരസ്പരം തിരിച്ചറിയാൻ സാധിക്കാതെ കടന്നുപോകുന്നു.. അതിന് ഒളിച്ചു പോകുന്നു എന്നും പറയാം... കാണുമ്പോൾ പരസ്പരം കുശലം ചോദിച്ചവർ... മാസ്ക് മുഖത്തേ്ക്ക് നേരേവച്ചുകൊണ്ട് ഒന്നും മിണ്ടാതെ കടന്നുപോകും... പരിചയക്കാരനെ നോക്കി ചിരിക്കുമ്പോൾ അവന് തന്റെ ചിരി കാണാനാവില്ലെന്നുള്ള കാര്യം ബോധ്യമുള്ളതുകൊണ്ട് ചിരിക്കാനും മറക്കുന്നു... ഈ മഹാവ്യാധി ഇല്ലാതാകാൻ ഇനിയും മാസങ്ങളെടുത്തേക്കാം.. അതിനു ശേഷം മനുഷ്യന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നത് കണ്ടറിയേണം... ഓരോ വ്യക്തിയുടെയും അടയാളമായ അവന്റെ മുഖം മറച്ചുപിടച്ചുകൊണ്ട് ജീവിക്കുക... ഒരിക്കലും മനുഷ്യൻ പ്രതീക്ഷിക്കാത്തതുതന്നെയാണ്..



8ാം തീയതിയ്ക്ക് ശേഷം ആരാധനാലയങ്ങൾ തുറക്കുകയാണ്... ഈ മുഖാവരണവും ധരിച്ച് കൈയ്യിൽ അണുനാശിനിയും തളിച്ച് ഭയവിഹ്വലതയോടെ മനസ്സമാധാനത്തിനായി ആരാധനാലയത്തിൽ പ്രാർത്ഥിക്കാൻ മലയാളിക്കാവുമോ? തൊട്ടടുത്തു നിൽക്കുന്നവനെ കൊറോണയുടെ വാഹകനെന്ന സംശയം ഉള്ളിലൊതുക്കി നിന്നാൽ ഏകാഗ്രതയുണ്ടാവുമോ... ശാന്തിയും സമാധാനവും ഇനിയും വിളിപ്പാടകലെയാണോ...



എവിടായാലും ജാഗ്രതപാലിക്കുക... ഒരു ചെറിയ തെറ്റുമതി... ഈ കണ്ണിയിൽ പേരുചേർക്കപ്പെടും... ആ കണ്ണി പൊട്ടിച്ചെറിയാൻ നാമോരോരുത്തരും പ്രതിഞ്ജാബദ്ധരാണ്... അതിനുള്ള ശക്തിതരുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം... ആരാധനാലയങ്ങൾ ആഘോഷത്തിനുള്ള ഇടമാക്കരുതേ... സമാധാനത്തോടും വിവേകത്തോടും കാത്തിരിക്കാം നല്ലൊരു നാളേയ്ക്കായി...




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 07 06 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 14 06 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ