20.6.20

നിഴൽവീണവഴികൾ ഭാഗം 79


അത്യാവശ്യം നാട്ടിലേയ്ക്കു കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ റഷീദ് വാങ്ങിയിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും ആവശ്യത്തിനുള്ള സാധനങ്ങളും ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ട സാധനങ്ങളൊക്കെ വാങ്ങി... എന്നും വൈകുന്നേരം താമസസ്ഥലത്ത് പലതരം പരിപാടികളും അവിടുള്ളവർസഘടിപ്പിച്ചിരുന്നു. എല്ലാവർക്കും ഒപ്പം ഹമീദും ഭാര്യയും കാണും. അവരെല്ലാം വളരെ സന്തോഷത്തോടെ ആഘോഷമാക്കുകയായിരുന്നു.

ഹമീദും ഭാര്യയും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കുകയാണ്. ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞുപോയതുപോലെ... എല്ലാവർക്കും അവർ തിരികെപോകുന്നതിൽ വലിയ വിഷമമുണ്ടായിരുന്നു. അത്രയേറെ സ്നേഹമായിരുന്നു അവർക്ക്... റഷീദും അവർക്കൊപ്പം നാട്ടിലേയ്ക്ക് മടങ്ങുന്നു. കുറച്ചു ദിവസത്തേയ്ക്കു മാത്രം.. വാപ്പയും ഉമ്മയും ഇങ്ങോട്ട് ഒറ്റയ്ക്കാണ് വന്നതെങ്കിലും തിരിച്ചു കൂടെ കൊണ്ടുപോകാമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇവിടെ ഓഫീസിലും ഫാക്ടറിയിലും വേറേ പ്രശ്നങ്ങളൊന്നുമില്ലല്ലോ.. അഭിമന്യു അവൻ എല്ലായിടത്തും ഉണ്ട്.. അതുകൊണ്ട് ഒരു ടെൻഷനുമില്ല... മക്ക പള്ളിയുടെ അപ്പുറത്ത് സൂക്കു തമറിൽ (ഈത്തപഴങ്ങളുടെ മാർകറ്റിൽ പോയി)ഈത്ത പഴങ്ങളും അത് കഴിഞ്ഞ് പുണ്യ ജലമായ സംസം വെള്ളവും ആവശ്യത്തിന് ശേഖരിച്ചു.ഉംറ കഴിഞ്ഞ് നാട്ടിൽ എത്തിയാൽ കാണാൻ വരുന്നവരെ സ്വീകരിക്കൽ ഈത്തപ്പഴവും സംസം വെള്ളവും കൊണ്ടാണ് അത് കഴിക്കാൻ തന്നെ ഒട്ടു മിക്ക ആളുകളും വീട്ടിൽ വരും.ഉംറയ്ക്ക് പോകാൻ കഴിയാതെ പോയവർ പലരും അത് കൊണ്ട് സംതൃപ്തി അടയും.അതോടൊപ്പം  നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും പായ്ക്ക് ചെയ്തു. ബന്ധുക്കൾക്ക് എന്തെങ്കിലും കൊടുക്കണമല്ലോ... 

ഡ്യൂട്ടി കഴിഞ്ഞ് എല്ലാവരും ഫ്ലാറ്റിലുണ്ടായിരുന്നു. സ്നേഹത്തോടെയുള്ള യാത്രയയപ്പ്.. ഹമീദ് റഷീദിന്റെ സ്റ്റാഫുകളുടെ സ്നേഹം തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. എല്ലാവരും അവരെ യാത്രയാക്കി... 

റഷീദ് എല്ലാ കാര്യങ്ങളും അഭിമന്യുവിനോട് പറഞ്ഞ് ഏല്പിച്ചിട്ടുണ്ടായിരുന്നു. എന്തു സഹായം വേണമെങ്കിലും സ്പോൺസറും ചെയ്യും.. അതുകൊണ്ട് പ്രത്യേകിച്ച് ടെൻഷനൊന്നുമില്ല. അഭിമന്യുവിന്റെ ഭാവി വധുവും അവിടെ എത്തിയിരുന്നു. കാർ ഓടിച്ചത് അഭിമന്യുതന്നെയായിരുന്നു. അവർ നേരേ എയർപോർട്ടിലെത്തി. 9 മണിക്കാണ് ഫ്ലൈറ്റ്. അഭിമന്യുവിനെ യാത്രയാക്കി അവർ എയർപോർട്ടിലേയ്ക്ക കയറി.. എമിഗ്രേഷനും മറ്റും കടന്ന് അവർ ലോഞ്ചിലെത്തി.. അവിടെ ഒഴിഞ്ഞ കസേരയിൽ അവർ മൂവരും ഇന്നു. 

“റഷീദേ... എല്ലാവരും നല്ല കുട്ടികളാ... നല്ല ആത്മാർത്ഥയുള്ളവർ.. ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇവിടെ സംഭവിച്ചതൊക്കെ..“

“അതേ വാപ്പാ... പടച്ചോൻ നേരത്തേ തീരുമാനിച്ചുറച്ചകാര്യങ്ങളാ. ഇതൊക്കെ...“

ഫ്ലൈറ്റ് അനൗൺസ് ചെയ്തു.. അവർ മൂവരും സാവധാനം ഫ്ലൈറ്റിനടുത്തേക്കുള്ള കവാടത്തിലേയ്ക്ക് നടന്നു... ഹമീദ് നല്ല ചുറുചുറുക്കോടെ നടക്കുകയായിരുന്നു. ഉമ്മ പൊതുവെ പതുക്കെയാണ് നടക്കാറുള്ളത്... റഷീദ് രണ്ടുപേരേയും വളരെ കെയർ ചെയ്ത് കൂടെയുണ്ടായിരുന്നു.

റഷീദ് നാട്ടിലേയ്ക്ക് വിളിച്ച് പുറപ്പെട്ട കാര്യങ്ങൾ  പറഞ്ഞു... അവിടെ എത്തുന്ന സമയത്തിനു മുന്നേതന്നെ വിഷ്ണുവും ഫസലും എത്തുമെന്നറിയിച്ചു. അൻവർ ഹോസ്പിറ്റലിലാണ്. സഫിയ വീട്ടിലേയ്ക്ക് പോന്നു. നാളെ വാപ്പയും ഉമ്മയും വരുന്നതുകൊണ്ട് വൈകുന്നേരമായപ്പോൾ അൻവറിന്റെ നിർബന്ധപ്രകാരം സഫിയയെ വീട്ടിലെത്തിച്ചു.. എയർപോർട്ടിലേക്ക് പോകാൻ ഫസലുണ്ടല്ലോ.. പിന്നെ വേറാരേയും ആവശ്യവുമില്ല..

സിസേറിയൻ ആയതുകൊണ്ടാണ് നാദിറയ്ക്ക് കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നത്. രണ്ടുദിവസത്തിനകം ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടറ്‍ പറഞ്ഞിരിക്കുന്നത്. അൻവർ ഇന്ന് ലീവെടുത്തു. ഓഫീസിൽ നിന്നും വിട്ടുനിൽക്കാനുമാവില്ല.. കുറച്ച് ഓർഡർ വിദേശത്തുനിന്നും ലഭിച്ചിട്ടുണ്ട്. അതെല്ലാം കൈകാര്യം ചെയ്യണമെങ്കിൽ അവൻ അവിടെ വേണമെന്നുമുണ്ട്.

ഹമീദ് നല്ല സുഖമായ ഒരു ഉറക്കം ഉറങ്ങി കഴിഞ്ഞപ്പോഴേയ്ക്കും ഫ്ലൈറ്റ് എയർപോർട്ടിലെത്താറായിരുന്നു. റഷീദ് വാപ്പാനെ തട്ടിയുണർത്തി.. വെളുപ്പാകാലത്ത് 4 മണിയായിരിക്കുന്നു. ഉമ്മയ്ക്ക് ഉറക്കംവന്നില്ല.. റഷീദ് ചെറിയൊരു മയക്കം മയങ്ങി... ഫ്ലൈറ്റ് ലാൻഡ് ചെയ്തു.. തിരക്കു കൂട്ടാതെ പതുക്കെ ഇറങ്ങാമെന്ന് റഷീദ് പറഞ്ഞു... 

അവർ പുറത്തെത്തി... എമിഗ്രേഷൻ ക്ലിയറൻസ്  കഴിഞ്ഞ് ലഗേജും കളക്ട് ചെയ്ത് എയർപോർട്ടിന് പുറത്തേയ്ക്ക്. അവിടെ ഫസലും വിഷ്ണുവും കാത്തു നിൽപ്പുണ്ടായിരുന്നു. അടുത്തെത്തിയയുടൻ ഫസൽ ഓടിവന്ന് ഉപ്പാനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അവന്റെ  കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനിർ പുറത്തേയ്ക്ക് തെറിച്ചു. ഓർമ്മയായ കാലംമൂതൽ കൂടെയുണ്ടായ മനുഷ്യനാണ്... പക്ഷെ ഈ കുറച്ചു ദിവസങ്ങൾ ഒരു വലിയ ശുന്യതയാണ് അവനിൽ ഉണ്ടാക്കിയത്.. രണ്ടാളും അങ്ങനെ തന്നെയാണ് .. വലിയ സ്നേഹമാണ്...

റഷീദ് രണ്ടുപേരും വിളിച്ച് ഉമ്മാനേയും കൂട്ടി നടന്നു.. വാഹനം പാർക്ക്ചെയ്തിടത്തെത്തി. വിഷ്ണുതന്നെ ലഗേജെല്ലാം കയറ്റി... അവർ അവിടെനിന്നും യാത്ര തുടങ്ങി..

വഴിയിൽ തട്ടുകടയിൽ നിന്നും ചായയും കഴിച്ച് വീണ്ടുമവർ യാത്ര തുടർന്നു. 8 മണിയായപ്പോൾ അവർ വീട്ടിലെത്തി. വീട്ടിൽ സഫിയയും ..... റഷീദിന്റെ ഭാര്യയും ഓടിയെത്തി.. ആ കുടുംബത്തിന്റെ സ്നേഹം ഒന്നു കാണേണ്ട നിമിഷമായിരുന്നു അത്.

”അഫ്സാ.. എന്റെ മോള് എവിടെ ..” റഷീദ് ഭാര്യയോട് ചോദിച്ചു.

”അതാ മുട്ടിലിഴഞ്ഞ് ഒരാൾ വരുന്നു. റഷീദ് ഓടിച്ചെന്ന് അവളെ പൊക്കിയെടുത്തു.”

”വാപ്പ വരുന്നത് പ്രമാണിച്ചാണെന്നു തോന്നുന്നു.. ഇന്നു രാവിലെ മുതൽ വലിയ ദേഷ്യത്തിലായിരുന്നു അവൾ..”

റഷീദ് മകളെ മുത്തം കൊണ്ട്  വീർപ്പുമുട്ടിച്ചു.. എല്ലാവരും വീട്ടിനുള്ളിൽ കയറി. സഫിയ എല്ലാവർക്കും ചായയെടുത്തു.. 

”വിഷ്ണു ഞാനൊന്നു ഫ്രഷായിട്ടു വരാം... ഹോസ്പിറ്റലിലൊന്നു പോകണം.”

”ശരി ഇക്കാ പോകാലോ ...”

ഉമ്മയ്ക്കും വാപ്പയ്ക്കും യാത്ര ചെയ്ത ക്ഷീണം കാണും.അതുകൊണ്ട് കൊണ്ടുപോകേണ്ടെന്നു തീരുമാനിച്ചു. നാളെ അവർ ഇങ്ങെത്തുമല്ലോ.. സഫിയയും ഫസലും പോകാൻ തയ്യാറായി...

”ഫസലേ.. നിന്റെ പഠിത്തമൊക്കെ എങ്ങനുണ്ട്.”

”നന്നായി പോകുന്നു മാമാ..”

അല്പനേരത്തിനകം തന്നെ റഷീദ് റഡിയായി വന്നു സഫിയയും ഫസലും ഒപ്പം റഷീദിന്റെ ഭാര്യയും കുഞ്ഞും ഒപ്പം കൂടി.

”വാപ്പയും ഉമ്മയും കുറച്ചൊന്നു റസ്റ്റെടുക്കട്ടെ... അപ്പോഴേയ്ക്കും നമുക്കിങ്ങെത്താം..”

ഹോസ്പിറ്റലിന്റെ മുന്നിൽ കാറെത്തി.. അവർ എല്ലാവരും ഇറങ്ങി. ലിഫ്റ്റിൽ കയറി നേരേ മുകളിലത്തെ നിലയിലെത്തി.. അൻവറിന് ഒരു വലിയ സർപ്രൈസ് ആയിരുന്നു അവരുടെ വരവ്... അൻവറും റഷീദും പരസ്പരം കെട്ടിപിടിച്ചു .. സഫിയ കുഞ്ഞിനെ എടുത്ത് റഷീദിന്റെ  കൈയ്യിൽ വെച്ചുകൊടുത്തു...

”ഇക്കാ ഇപ്പോഴും ഇക്ക കുഞ്ഞിനെ എടുക്കാൻ പഠിച്ചില്ലല്ലേ..” 

റഷീദ് കുഞ്ഞിനെ ഭാര്യയുടെ കൈയ്യിൽ കൊടുത്തു. അവളുടെ കുഞ്ഞ് നേരത്തേതന്നെ ഊർന്ന് താഴെ ഇറങ്ങിയിരുന്നു. ഫസലിനൊപ്പം കളിക്കുകയായിരുന്നു. കുറച്ചു നേരത്തെ കുശലം പറച്ചിലിനു ശേഷം അവർ യാത്ര പറഞ്ഞു... സഫിയ അവിടെ നിൽക്കാമെന്നു പറ‍ഞ്ഞ് അൻവറിനെ വീട്ടിലേയ്ക്കയച്ചു.. ഇപ്പോൾ ഇവിടെ ആവശ്യം സ്ത്രീകളുടെ സമീപ്യമാണ്. അതിന് അൻവർ അവിടെ നിന്നിട്ട് കാര്യമില്ലല്ലോ.. അതു മാത്രമല്ല അൻവറിന് ഇന്ന് ഓഫീസിലേയ്ക്ക്  പോകേണ്ടതുമുണ്ട്.. കുറച്ച് വൈകിയാലും  ഓഫീസിലെത്തണം. അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടുപോകും.. ഇപ്പോൾ ഗ്രൂപ്പ് കമ്പനിയുടെ മാനേജരാണ്. അതിനാൽ എല്ലാ ഇടത്തും തന്റെ  നോട്ടമെത്തണം അമ്മായി വിശ്വസിച്ചേൽപ്പിച്ചതാണ് അതിൽ ഒരിക്കലും വീഴ്ച്ച വരുത്തരുത് .

അവർ എല്ലാവരും തിരിച്ച് വീട്ടിലെത്തി. അപ്പോഴേയ്ക്കും വാപ്പയും ഉമ്മയും ഫ്രഷായി കാപ്പിയൊക്കെ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു.

അൻവർ എത്തിയയുടൻ വാപ്പയേയും  ഉമ്മയേയും കെട്ടിപിടിച്ചു മുത്തം കൊടുത്തു.വിശേഷങ്ങൾ പങ്കുവെച്ചു... 

”ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. ഒരുമിച്ചു പറഞ്ഞാൽ തീരില്ല.. കുറേശ്ശെയായി പറയാം...”

”ശരി വാപ്പാ.. ഞാൻ വൈകിട്ടു വരാം.. ഇന്ന്  ഓഫീസിൽ പോകണം.”

”ശരി. ശരി...”

അൻവർ റഡിയായി ഓഫീസിലേയ്ക്ക് തിരിച്ചു. വിഷ്ണു കാറിൽ ജംഗ്ഷനിൽ ഡ്രോപ്പ് ചെയ്തു.. റഷീദ് അ‍‍ഞ്ചുദിവസം മാത്രമേ അവിടെ കാണുകയുള്ളൂ. അതിനു മുമ്പ് അഭിമന്യു വിവാഹം കഴിക്കാൻ പോകുന്ന കു‍ട്ടിയുടെ വീട്ടിലൊന്നു പോകണം. അവർ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഗുജറാത്തിൽ സെറ്റിലായ മലയാളികളായിരുന്നു അവർ പക്ഷേ നാട്ടിൽ കുടുംബവീട് ഇപ്പോഴുമുണ്ട്. അവിടെ അദ്ദേഹത്തിന്റെ അനുജനാണ് നോക്കുന്നത്... വർഷത്തിലൊരിക്കൽ അവർ നാട്ടിലേയ്ക്ക് വരാറുണ്ട്.. ഇത്തവണത്തെ വരവിന് ചില പ്രത്യേകതകൾകൂടിയുണ്ട്. വിവാഹം നാട്ടിലാകണമെന്നാണ് അവരുടെ നിർബന്ധം അതിനാൽ നാട്ടിൽത്തന്നെ സെറ്റിൽ ചെയ്യാമെന്നു കരുതിയാണ് വരവ്... ഗുജറാത്തിൽ അവർ രണ്ടാളും മാത്രമല്ലേയുള്ളൂ.. നാട്ടിലാകുമ്പോൾ ഒന്നുമല്ലെങ്കിലും സഹോദരങ്ങളൊക്കെ അടുത്തുതന്നെയുണ്ടല്ലോ...

”നാളെത്തന്നെ തലശ്ശേരിയിലെ അവരുടെ വീട്ടിൽ  പോകണം.” റഷീദ് വാപ്പയോടു പറഞ്ഞു .. 

”ഞാനെത്തിയ കാര്യം അഭിമന്യു വിളിച്ചു പറഞ്ഞിരുന്നു. ഒരു ചെറിയ വാക്കുറപ്പിക്കൽ പോലെ ‍ഞാൻ അവിടെചെന്നു ചെയ്യണമെന്നാണ് അവന്റെ ആഗ്രഹം... അതു സാധിച്ചുകൊടുക്കാമെന്ന്  വിചാരിച്ചു അവനു നമ്മളൊക്കെയല്ലേ ഒള്ളൂ .”

”അതു കൊള്ളാം റഷീദേ.. എനിക്ക് യാത്ര ചെയ്യാൻ വയ്യ.. അല്ലെങ്കിൽ ഞാനും കൂടി വന്നേനേ..”

”ഫസലേ... മാമാനെ ചുറ്റുപാടുമൊന്നുകൊണ്ടു പോയി കാണിച്ചു കൊടുക്ക് . നമ്മുടെ കൃഷിയൊക്കെ കാണട്ടെ.” ഫസലിനെ നോക്കി ഹമീദ് പറഞ്ഞു.

”ഫസൽ റഷീദിനേയും കൂട്ടി പുറത്തേയ്ക്കിറങ്ങി.. പുതുതായി വാങ്ങിയ സ്ഥലം ഇതുവരെയും കണ്ടിട്ടില്ലായിരുന്നു. പോയിട്ട് വർഷം ഒന്നായല്ലോ.. അതിനിടയിലായിരുന്നു വസ്തുവിന്റെ എഴുത്തു നടത്തിയത്. എല്ലാം ഫസൽ റഷീദിനെ കൊണ്ടുപോയി കാണിച്ചുകൊടുത്തു. കൃഷിസ്ഥലവും തെങ്ങിൻതോപ്പും പച്ചക്കറികൃഷിയുമെല്ലാം പോയി കണ്ടു... 

റഷീദിന് സന്തോഷം തോന്നി. വാപ്പായിലെ പഴയ കൃഷിക്കാരന്റെ ബുദ്ധി ഇതുവരേയും വാർദ്ധക്യം തളർത്തിയിട്ടില്ല....

അന്നത്തെ ദിവസം റഷീദ് പുറത്തേയ്ക്കിറങ്ങിയില്ല.. ഫസലിനായി കൊണ്ടുവന്ന പുത്തൻ ഉടുപ്പും പേനയും മറ്റുമൊക്കെ ഹിമീദ് എടുത്തു നൽകി.. കൂട്ടത്തിൽ റഷീദിന്റെ മോൾക്കായി കൊണ്ടുവന്ന കളിപ്പാട്ടവും. അവൾ അതിൽ പല പരീക്ഷണങ്ങളും നടത്താൻ  തുടങ്ങി... കളിപ്പാട്ടങ്ങൾ പലതുണ്ടെങ്കിലും അവൾക്ക് ഇഷ്ടപ്പെട്ടത് ബട്ടൺ അമർത്തുമ്പോൾ ഡാൻസ് ചെയ്യുന്ന കുരങ്ങനെയാണ്...

ഹോസ്പിറ്റലിലേയ്ക്കുള്ള ഭക്ഷണം ഉച്ചയ്ക്ക് വിഷ്ണു കാറിൽ കൊണ്ടുപോയി. വൈകുന്നേരം അവിടുന്നാണ് കഴിക്കുന്നത്..

അടുത്ത ദിവസം രാവിലെ തന്നെ റഷീദും ഭാര്യയും കുഞ്ഞും തലശ്ശേരിയിലേക്ക് പുറപ്പെട്ടു. പോകുന്നവഴിയിൽ ഫസലിനെ ജംഗ്ഷനിൽ ഇറക്കി. അവിടുന്നു അവന് എപ്പോഴും ബസ്സുണ്ടല്ലോ... കണ്ടു പിടിക്കാന‍് അല്പം ബുദ്ധിമുട്ടായെങ്കിലും അവർ ചോദിച്ച് മനസ്സിലാക്കി ലക്ഷ്യസ്ഥാനത്തെത്തി.. ഒരു പഴയ തറവാടായിരുന്നു അത്. ചുറ്റും നല്ല തെങ്ങിൻ തോപ്പുണ്ടായിരുന്നു.. തൊട്ടു താഴെയായി വയലും ശരിയ്ക്കും ഒരു ഗ്രാമപ്രദേശമായിരുന്നു അത്.. ഒരുകാലത്ത് ഇവരൊക്കെ ഇവിടുത്തെ നായർ പ്രമാണിമാരായിരുന്നു... പിന്നീട് ഓഹരി ചെയ്ത് എല്ലാവരും പ്രത്യേകം പ്രത്യേകമായി.. അതിൽ കുടുംബവീട് കിട്ടിയത് അദ്ദേഹത്തിനായിരുന്നു.

അവർ വീട്ടിലെത്തി.. വരുമെന്ന്  നേരത്തെ അറിയാവുന്നതുകൊണ്ട് അവർ  കാത്തിരിക്കുകയായിരുന്നു. നല്ല സ്നേഹമുള്ള ആളുകളായിരുന്നു. അവളുടെ സഹോദർ പഠനം കഴിഞ്ഞ് നിൽക്കുന്നു.. നാട്ടിൽ  ജോലിനോക്കാമെന്നുള്ള ഐഡിയയിൽ നിൽക്കയാണ് .. അവിടുന്നുതന്നെ അഭിമന്യുവിനെ വിളിച്ചു. .. 

”അഭി.. നിന്റെ വാക്കുറപ്പിക്കലൊക്കെ കഴിഞ്ഞു.. എല്ലാം ഞാൻ കണ്ട് ഇഷ്ടപ്പെട്ടു.. പിന്നെ കല്യാണത്തിന്റെ ഡേറ്റ് മാത്രം നീ ഫിക്സ് ചെയ്താൽ മതി.. ബാക്കിയെല്ലാം ഇവിടെ റഡിയാണ്..”

അഭിമന്യുവിന് വളരെ സന്തോഷമായി..  തന്റെ ആത്മാർത്ഥ സുഹൃത്ത് അവൻ തന്നെ കണ്ടെത്തിയ കുട്ടി... അവൻ തന്നെ ഔദ്യോഗികമായി വിവാഹവും ഉറപ്പിച്ചു.. ഇങ്ങനെയുള്ള സുഹൃത്തുക്കളെ ഇക്കാലത്ത് എവിടെയും കാണാനാവില്ല..

അവർ ഭക്ഷണം കഴിഞ്ഞാണ് അവിടുന്ന് യാത്രപറഞ്ഞിറങ്ങിയത്.. ഇനി നേരേ ഹോസ്പിറ്റലിലേയ്ക്ക്, വൈകുന്നേരം ഡിസ്ചാർജ്ജാകുമെന്നാണ് പറഞ്ഞിരിക്കുന്നത് . അങ്ങനെയെങ്കിൽ അവരേയും കൂട്ടി പോകാമല്ലോ... ഇന്ന് വിഷ്ണുവിന് റസ്റ്റ് കൊടുത്തിരിക്കുകയാണ്. റഷീദ് തന്നെയാണ് കാർ ഓടിച്ചത്.. അൻവർ നേരത്തേ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

ഫസൽ വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങി.. ബസ്റ്റോപ്പിലേയ്ക്കുള്ളയാത്ര.. അപ്രതീക്ഷിതമായി അവന്റെ പുറകിൽ നിന്നൊരു വിളികേട്ടു. തിരിഞ്ഞുനോക്കി.. 

”ഫസലേ... നീയെന്താ അങ്ങോട്ട് വരാതിരുന്നത്..” അത് ഡയറക്ടറുടെ സെക്രട്ടറിയായിരുന്നു.

”അതേ മാമാന്റെ ഭാര്യ പ്രസിവിച്ചു. രണ്ടുമൂന്നു ദിവസം വന്നില്ല..”

”നിന്നെ കാണാനാ ഞാനിങ്ങോട്ട് വന്നത്.. നാളെ ഒന്നു ഓഫീസിലേയ്ക്ക് വരാമോ..”

”വരാം...”

”സാറ് നാളെ കാണില്ല.. സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കാൻ പറഞ്ഞു.. നാളെ ഉച്ചയ്ക്ക് വന്നാൽ  നേരത്തെ  നമുക്ക് തീർക്കാം..”

”ശരി..”

അവൻ സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി.. എന്തായാലും ഡയറക്ടറില്ലല്ലോ.. അതുകൊണ്ട് വേറേ പ്രശ്നങ്ങളൊന്നുമില്ല നാളെ എന്തായാലും ഇവിടെനിന്നും ഉച്ചയ്ക്കിറങ്ങാം. എന്തേലും കള്ളത്തരം പറയാം... ഐഷു അടുത്ത ആഴ്ച എത്തും. അവളെത്തിയാൽ പിന്നെ കള്ളത്തരങ്ങളൊന്നും നടക്കില്ല..

അവൻ ഒരു സ്വപ്നലോകത്തായിരുന്നു. സിനിമയുടെ അടയ്ക്കപ്പെട്ട വാതിലുകൾ തനിക്കായി തുറന്നുവരുന്നതുപോലെ അവനു തോന്നി.. ആദ്യം കണ്ട ബസ്സിൽ അവൻ കയരി... വളരെ നേരത്തേ തന്നെ അവൻ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ അവിടൊരു ഉത്സവപ്രതീതിയായിരുന്നു. എല്ലാവരും എത്തിയിരിക്കുന്നു. നാദിറയുടെ വാപ്പയും ഉമ്മയും സഹോദരിയും വന്നിട്ടുണ്ട്. റഷീദ് മാമയും അൻവർമാമയും തമാശകളൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. ഫസലെത്തിയപ്പോൾ എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി...

”ഫസലേ... നീയിന്നു നേരത്തെയാണല്ലോ...” സഫിയ അവനോട് ചോദിച്ചു.

”ഇന്ന് ബസ്സ് നേരത്തെ കിട്ടി..”

”നീപോയി ഫ്രഷായി വാ.. ചായയെടുത്തുവക്കാം.”

”അവൻ റൂമിലേയ്ക്ക് പോയി.. പെട്ടെന്നുതന്നെ കുളിച്ചു... റഡിയായി താഴെവന്നു... അവരോടൊപ്പം അവനും കൂടി. സന്തോഷത്തിനെ നിമിഷങ്ങളായിരുന്നു അവിടെ...





തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 06 2020




ഷംസുദ്ധീൻ തോപ്പിൽ 21 06 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ