3.10.21

നിഴൽവീണവഴികൾ ഭാഗം 146

 

ഭക്ഷണം കഴിച്ച് അവൻ നേരേ റൂമിലേയ്ക്ക്... അവൻ കട്ടിലിൽ മലർന്നുകിടന്നു.. അന്നത്തെ ദിവസം സംഭവിച്ചകാര്യങ്ങൾ ഓരോന്നായി ഓർത്തു... അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.....

ദിവസങ്ങൾ വളരെ പെട്ടെന്നു കടന്നുപോയി. സന്തോഷകരമായ 10 ദിവസങ്ങൾ അൻവർമാമയ്ക്ക് ലീവ് ഇനിയുമുണ്ട്. അവിടുത്തെ കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ പോകുന്നു. തനിക്കു പോകാനുള്ള ദിവസമായിരിക്കുന്നു. ഇന്ന് ഐഷുവിന്റെ വീട്ടിലേയ്ക്ക് പോകണം അവൾ ഇന്നലെ എത്തിയതായി വിളിച്ചുപറഞ്ഞിരുന്നു. പറഞ്ഞതുപോലെ അവളും ഉമ്മയും വന്നു. വാപ്പയ്ക്ക് നിന്നു തിരിയാൻ സമയമില്ല.

ബൈക്കിൽ അവൻ അവിടേയ്ക്ക് തിരിച്ചു. പത്തുമണിയോടെ അവിടെത്തി. ഗേറ്റ് തുറന്നു കിടന്നിരുന്നു. ബൈക്ക് മുറ്റത്തുവച്ച് വാതിലിനടുത്തെത്തി. ബല്ലടിക്കാനൊരുങ്ങിയപ്പോൾ വാതിൽ തുറക്കപ്പെട്ടു. ഐഷു തന്നെയാണ് വാതിൽ തുറന്നത്.

“നീയെന്താ ലേറ്റായത്.“

“ഉറങ്ങിപ്പോയി...“

“നിനക്ക് ഇപ്പോൾ ഉറക്കമിത്തിരി കൂടുതലാണ്.“

“തിരക്കുകളിലേയ്ക്ക് വീണ്ടും തിരിച്ചുപോകുവകയല്ലേ... നിനക്കെന്നാ ക്ലാസ്സ് തുടങ്ങുന്നത്..“

“അടുത്തയാഴ്ചയാണ്... “

“നിനക്കോ...?“

“നാളെ പോകും... ക്ലാസ്സ് തുടങ്ങുന്നത് രണ്ടു ദിവസം കഴിഞ്ഞാണ് മാമയും വരുന്നുണ്ട്... അമ്മായിയുടെ വീട്ടിൽ രണ്ടുദിവസം നിൽക്കും... അവർ ഒരേ നിർബന്ധം...“

“അവർക്കു സുഖമാണോ..“

“ഇപ്പോൾ കുഴപ്പമില്ല...“

“ഉമ്മഇല്ലേ...“

“ഇല്ല.. ഉമ്മ ബാങ്കിൽ പോയി...“

“നീയെന്താ പോകാഞ്ഞത്..“

“ഓ... വെറുതേ പോയി അവിടെ നോക്കി നിൽക്കണം.“

“അതോ ഞാൻ വരുമെന്നു കരുതി നിന്നതാണോ?“

“അങ്ങനെയും പറയാം...“

“എത്രനാളായി നമ്മൾ തമ്മിൽ കണ്ടിട്ട്...“

“എന്നാലും ഫോണുള്ളതുകൊണ്ട് ഒരു ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല..“

“ശരിയാ...“

“നീയൊരു ദിവസം ബാംഗ്ലൂരിലേയ്ക്ക് പോരേ...“

“വരാം... എല്ലാം ഒത്തുവരട്ടേ...“

“പഠിത്തമൊക്കെ എങ്ങനുണ്ട്..“

“കുഴപ്പമില്ല... തുടങ്ങിയതല്ലേയുള്ളൂ.. ചില തുടക്കപ്രശ്നങ്ങളുണ്ട്...“

“ചെക്കാ.. നീ വല്ല ലൈനിലും കുടിങ്ങിയോ...“

“അതിന് വേറേ ആളെ നോക്കണം..“

“വെറുതേ പുളുഅടിക്കല്ലേ... അങ്ങനെവല്ലതും സംഭവിച്ചാൽ കൊന്നുകളയും...“

അവൾ അവനടുത്തായി സോഫയിൽ വന്നിരുന്നു.

“നീയെന്താ അന്യരെപ്പോലെ അകന്നിരിക്കുന്നത്...“

“ചേർന്നിരിക്കാനുള്ള ബന്ധം ആയില്ലല്ലേ...“

“ഈ പെണ്ണിന് ഇപ്പോഴും ഇങ്ങനെയാണോ... ഒരു മാറ്റവുമില്ലല്ലോ...“

“പടച്ചോന് നിരക്കാത്തതൊന്നും ചെയ്യാൻ പാടില്ലെന്നാ...“

“ഞാൻ നിന്നെ കെട്ടാൻ പോവുകയല്ലേ...“

“അത് കെട്ടിക്കഴിഞ്ഞ്... ഇപ്പോൾ നമ്മൾ രണ്ടാളും രണ്ട് വ്യക്തിത്വങ്ങൾ തന്നെയാണ്... വിവാഹശേഷം നമുക്ക് എല്ലാമാവാം...“

“എല്ലാമെന്നു പറഞ്ഞാൽ..“

“ഓ... ഒന്നുമറിയാത്ത പുണ്യാളൻ...“

അവൻ അവളുടെ കൈകളിൽ സ്പർശിക്കാൻ നോക്കി... അവൾ അവന്റെ കൈ തട്ടിമാറ്റി...

“വേണ്ട മോനോേ... ഇതിനൊന്നും എന്നെക്കിട്ടില്ല...“

“കെട്ടിക്കഴിഞ്ഞാൽ സമ്മതിക്കുമോ..“

“കെട്ടിക്കഴിഞ്ഞാൽ പിന്നെ സമ്മതമെന്തിന്... നിനക്കുള്ളതല്ലേ എല്ലാം...“

“ഹാവൂ... എന്റെ ഭാഗ്യം...“ താൻ വിചാരിച്ചത് വളരെ വേഗം എല്ലാം തന്നെക്കൊണ്ട് ചെയ്യാനാവുമെന്നാ.. പക്ഷേ എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ലെന്ന് അവന് ബോധ്യമായി... അവളെ പ്പോലെ ഒരു പെണ്ണിനെക്കിട്ടാൻ താൻ അർഹനാണോ?...  ഈ ചെറുപ്രായത്തിനിടയിൽ എത്രയോ സ്ത്രീകൾ... ഓരോന്ന് ആലോചിച്ചപ്പോൾ അവൻ മൂഡ് ഓഫായപോലെ തോന്നി...

“നീയെന്താ മൂഡോഫായേ...“

“ഒന്നുമില്ല ഐഷൂ...“

“നാളെക്കഴിഞ്ഞ് കോളേജിൽ പോകണം... നീയെന്നാ തിരിച്ചുപോകുന്നേ...“

“നാളെ വെളുപ്പാൻ കാലത്തെ ഫ്ലൈറ്റാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ബാങ്കിലെ കാര്യങ്ങൾ റഡിയായാൽ നടക്കും. അല്ലെങ്കിൽ ഒരു ദിവസം കൂടി നീട്ടേണ്ടിവരും...“

അപ്പോഴേയ്ക്കും വീടിനു മുന്നിൽ കാർ വന്നു നിന്നു.. അതിൽ നിന്നും അവളുടെ ഉമ്മ പുറത്തിറങ്ങി.. ഐഷുവും ഫസലും വാതിലിനടുത്തേക്കുവന്നു.

“ങ്ഹാ.. ഇതാര് ഫസലോ... എപ്പോ വന്നു...“

“അൽപനേരമായതേയുള്ളൂ...“

“നീ നേരത്തേ വന്നിരുന്നെങ്കിൽ നിന്നെക്കൂടി ബാങ്കിൽ കൊണ്ടുപോയി പരിചയപ്പെടുത്താമായിരുന്നു... ഈ പെണ്ണാണെങ്കിൽ വീട്ടീന്ന് ഇറങ്ങില്ല ഫസലേ...“

“എന്നെ വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ...“

“അടുത്ത പ്രാവശ്യമാവട്ടേ... ചില കാര്യങ്ങൾക്ക് ഞാൻ വരേണ്ടതില്ലായിരുന്നു.... ഫസലിനെ ഏൽപ്പിച്ചാൽ മതിയല്ലോ..“

“ഉമ്മാ.... മരുമോന് ഇപ്പോഴേ പണി കൊടുക്കുകയാണോ..“

“അവനും ബിസിനസ് പഠിക്കട്ടേ...“

അവൻ അവളെ നോക്കി കണ്ണിറുക്കി... അവൾ ഉമ്മകേൾക്കാതെ ചുണ്ടുകൊണ്ട് പോടാ എന്നു പറഞ്ഞു...

“നീയവന് കുടിക്കാനൊന്നും കൊടുത്തില്ലേ...“

“എല്ലാം ഫ്രിഡ്ജിലുണ്ടുമ്മാ...“

“അത് നടന്നുവരില്ലല്ലോ...“

അവർ അടുക്കളയിലേയ്ക്ക് പോയി... അൽപ സമയത്തിനകം രണ്ടു ഗ്ലാസ്സ് ജ്യൂസുമായി എത്തി... കൂടെ കുറച്ച് സ്നാക്സും.. ഒരുഗ്ലാസ് ഫസലിനും ഒന്ന് ഐഷുവിനും...

“താങ്ക്സ് ഉമ്മാ...“

“താങ്ക്സൊന്നും വേണ്ടടീ മടിച്ചി...“ അവളുടെ ഉമ്മ പറഞ്ഞു...

അന്നത്തെ ദിവസം ലഞ്ചും അവിടുന്നു കഴിച്ചു... അവളുടെ ഉമ്മയുടെ കൈകൊണ്ടുണ്ടാക്കിയ മട്ടൻ ബിരിയാണി... അവർ നന്നായി കുക്ക് ചെയ്യുമെന്ന് അവന് ബോധ്യമായി...

“ഈ കൈപ്പുണ്യമൊന്നും ഐഷുവിന് കിട്ടിയിട്ടില്ലല്ലോ ഉമ്മാ...“

“ശരിയാ മോനേ... എന്തുചെയ്യാനാ... ഞാൻ കല്യാണം കഴിഞ്ഞു വരുമ്പോൾ എല്ലാ പാചകവും എനിക്കറിയാമായിരുന്നു... നിന്റെ വിധി..“

അവൾ അവനെ നോക്കി മുഖം കോടിച്ചു കാണിച്ചു.... “അനുഭവിച്ചോ... എന്ന അർത്ഥത്തിൽ“

വളരെ രസകരമായ നിമിഷങ്ങളായിരുന്നു കടന്നുപോയത്. ആറുമണിയോടുകൂടി അവൻ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... വീട്ടിൽ പറഞ്ഞിരുന്നു താമസിച്ചേ വരികയുള്ളൂവെന്ന്.. അതുകൊണ്ട് കുഴപ്പമില്ല... നാളെ പോകാനുള്ള തയ്യാറെടുപ്പ് നടത്തണം... മറ്റന്നാൾ അതിരാവിലെ പുറപ്പെടണം... അവൻ വീട്ടിലെത്തിയപ്പോഴേയ്ക്കും നേരമിരുട്ടിയിരുന്നു. ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് സഫിയ പുറത്തിറങ്ങിവന്നു...

“നീയെന്താ ലേറ്റായത്... അവർ തിരിച്ചുപോയോ..“

“ഇല്ലുമ്മാ... വെളുപ്പിനാ ഫ്ലൈറ്റ്... അവർ നിർബന്ധിച്ച് നിർത്തിയതാ..“

“നീയവിടുത്തെ സംബന്ധക്കാരനായല്ലോ..“

“ഉമ്മ പേടിക്കേണ്ട... ഞാൻ ഉമ്മയെവിട്ടു പോവില്ല...“

“പോടാ ചെക്കാ...“

അവൻ സഫിയയുടെ തോളിൽ കൈയിട്ടു അകത്തേയ്ക്കു കടന്നു...

“മോളേ അവൻ വന്നോ..“

“വന്നു വാപ്പാ...“

ഫസൽ നേരേ ഹമീദിന്റെ അടുത്തെത്തി.. പോയ കാര്യങ്ങൾ പറഞ്ഞു... അവൻ പണ്ടേ അങ്ങനെയാ.. പുറത്തുപോയി തിരിച്ചുവന്നാൽ പറയാനുള്ള കാര്യങ്ങളാണെങ്കിൽ എല്ലാം വാപ്പയോട് പറയും. അതുകേൾക്കാൻ അദ്ദേഹത്തിന് എന്തു സന്തോഷമാണെന്നോ...

അവൻ മുകളിൽ പോയി ഫ്രഷായി താഴെയെത്തി... അപ്പോഴേയ്ക്കും അൻവറും കുടുംബവും എത്തിയിരുന്നു.. അന്ന് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു... ഏറെ നേരം സംസാരിച്ചും പറഞ്ഞുമിരുന്നു. സഫിയയ്ക്ക് ചെറിയ വിഷമമുണ്ട്. നാളെക്കഴിഞ്ഞാൽ അവൻ തിരികെപോകുമല്ലോ... അവനെ കൊണ്ടാക്കാൻ പോകണമെന്നുണ്ട്... എന്തായാലും നാദിറയും അൻവറും പോകുന്നുണ്ട്... അതു മതി... എല്ലാവരും ചെല്ലണമെന്നാ അമ്മായി പറഞ്ഞിരിക്കുന്നത്... അത് എന്തെങ്കിലും പറയാം... അവനെ അവിടെ വിട്ടിട്ടു വരുമ്പോൾ വിഷമമാ... ഇതാകുമ്പോൾ ഇവിടുന്നു യാത്രപറഞ്ഞ് വിട്ടാൽ മതിയല്ലോ......

എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് പോയി... സഫിയ അവന്റെ റൂമിലേയ്ക്ക് ചെന്നു.. ഫസലിനറിയാമായിരുന്നു ഉമ്മ വരുമെന്ന്... അവിടെ വന്ന് അവന്റെ ബാഗിൽ പായ്ക്ക് ചെയ്യേണ്ടതോരോന്നും പായ്ക്ക് ചെയ്യാൻ സഹായിച്ചു... പ്രത്യേകം തയ്യാറാക്കിയ അച്ചാറ്... അൻവർ കൊണ്ടുവന്ന മിഠായി, ബദാം, പിസ്ത തുടങ്ങിയവയും ഭദ്രമായി വച്ചു. അന്ന് സഫിയ അവനോടൊപ്പം അവിടെത്തന്നെ കിടന്നു... കുറേ നാളുകൾക്കുശേഷം അവൻ ഉമ്മയേയും കെട്ടിപ്പിടിച്ചുറങ്ങി...

സഫിയ രാവിലെ തന്നെ താഴേയ്ക്കു ചെന്നു... അവർ രാവിലെ കാപ്പി കുടി കഴിഞ്ഞല്ലേ പുറപ്പെടുകയുള്ളൂ.. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 10 2021


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ