10.10.21

നിഴൽവീണവഴികൾ ഭാഗം 147

 

എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് പോയി... സഫിയ അവന്റെ റൂമിലേയ്ക്ക് ചെന്നു.. ഫസലിനറിയാമായിരുന്നു ഉമ്മ വരുമെന്ന്... അവിടെ വന്ന് അവന്റെ ബാഗിൽ പായ്ക്ക് ചെയ്യേണ്ടതോരോന്നും പായ്ക്ക് ചെയ്യാൻ സഹായിച്ചു... പ്രത്യേകം തയ്യാറാക്കിയ അച്ചാറ്... അൻവർ കൊണ്ടുവന്ന മിഠായി, ബദാം, പിസ്ത തുടങ്ങിയവയും ഭദ്രമായി വച്ചു. അന്ന് സഫിയ അവനോടൊപ്പം അവിടെത്തന്നെ കിടന്നു... കുറേ നാളുകൾക്കുശേഷം അവൻ ഉമ്മയേയും കെട്ടിപ്പിടിച്ചുറങ്ങി...

സഫിയ രാവിലെ തന്നെ താഴേയ്ക്കു ചെന്നു... അവർ രാവിലെ കാപ്പി കുടി കഴിഞ്ഞല്ലേ പുറപ്പെടുകയുള്ളൂ.. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...

അൻവറും നാദിറയും കുഞ്ഞും ഫസലും മാത്രമാണ് ഇത്തവണ പോകുന്നത്. ഫസലിനെ കോളേജിലാക്കി അൻവറും ഫാമിലിയും രണ്ടുമൂന്നുദിവസം അമ്മായിയുടെ അടുത്തു കൂടാമെന്നുള്ള ഉദ്ദേശമാണ്. അവർ വാഹനത്തിൽ കയറി... സഫിയയുടെ ഉള്ളിൽ ദുഃഖം നിറഞ്ഞു കൂടിയെങ്കിലും പുറത്തുകാണിച്ചില്ല. ഹമീദും വീൽചെയറിൽ മുറ്റത്തെത്തി. എല്ലാവരും സന്തോഷത്തോടെതന്നെ ഫസലിനെ യാത്രയാക്കി. റഷീദിന്റെ മോൾ കൂടെ പോകണമെന്നു പറഞ്ഞ് വാശിപിടിച്ചു. ഒരുവിധം അവളെ സമാധാനിപ്പിച്ചു അകത്തുകയറ്റി. ഇത്തവണ അൻവർ തന്നെയാണ് വണ്ടിയോടിച്ചത്. കാരണം വിഷ്ണുവിന് അത്യാവശ്യമായ ചില കാര്യങ്ങൾക്ക് പോകേണ്ടതുണ്ട്. അതുമാത്രമല്ല എത്ര ദിവസം സ്റ്റേചെയ്യുമെന്ന്  തീരുമാനമായിട്ടുമില്ല. അവരുടെ വാഹനം ഗേറ്റ് കടന്ന് മുന്നോട്ട്. തൊട്ടടുത്ത പ്ലോട്ടിൽ സഫിയയുടെ വീട് ഉയർന്നുവരുന്നു. വാർപ്പ് കഴിഞ്ഞു.. ഇനി തേപ്പും മറ്റും കിടക്കുന്നു. ഇടയ്ക്ക് പെയ്ത മഴയത്ത് പണി നിർത്തിവയ്ക്കേണ്ടിവന്നു.

അവർ മെയിൻ റോഡിൽ പ്രവേശിച്ചു. അൻവർ ഡ്രൈവർ സീറ്റിലുണ്ട്. തൊട്ടടുത്ത് നാദിറയും കുഞ്ഞും ഫസൽ ഇത്തവണ പിറകിലേയ്ക്ക് മാറി.. കുഞ്ഞ് ഇടയ്ക്ക് പിറകിൽ വരും മടുക്കുമ്പോൾ മുന്നിലേയ്ക്ക് പോകും.. അവർ ഓരോ തമാശയും പറഞ്ഞ് യാത്ര മുന്നോട്ട് തുടർന്നു.

ഉച്ചയോടെ അവർ ഒരു മരത്തണലിൽ വണ്ടി നിർത്തി. വീട്ടിൽ നിന്നും കൊണ്ടുവന്ന ആഹാരം കഴിച്ചു. കുറച്ചുനേരം വിശ്രമിച്ചു.. വീണ്ടും യാത്ര തുടർന്നു.

വൈകുന്നേരം നാലുമണിയോടെ അവർ അമ്മായിയുടെ വീട്ടിലെത്തി. അവിടെത്തുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ അവരെ വരവേറ്റു.. അമ്മായിയുടെ അസുഖമൊക്കെ മാറിയിരുന്നു. ഇപ്പോൾ പഴയതിനേക്കാൾ ഉഷാറായിരിക്കുന്നു. കുഞ്ഞ് അവിടെല്ലാം ഓടിക്കളിക്കാൻ തുടങ്ങി.

“അമ്മായി ജെസ്സി ഇല്ലേ...“

“ഇല്ല.. അവൾ നാട്ടിൽ പോയി... കോടതി വിധിപ്പകർപ്പ് വാങ്ങണം.. പാസ്പോർട്ടിൽ അവന്റെ പേരുണ്ടായിരുന്നു അതു മാറ്റണം കൂടാതെ ചില ബാങ്ക് രേഖകളിലും മാറ്റങ്ങൾ വരുത്തണം അതിനുള്ള തയ്യാറെടുപ്പിലാ പോയത്. മറ്റന്നാൾ അവൾ തിരികെവരും.“

“അവളെന്തുമാത്രം സഹിച്ചുകാണും അല്ലേ അമ്മായി..“

“അതേടാ... അവളിപ്പോൾ കമ്പനിയുടെ നട്ടെല്ലായി മാറി... നിന്റെ ഗുരുത്വം കൊള്ളാമെന്ന് എപ്പോഴും അവൾ പറയാറുണ്ട്... നാളെ നിനക്ക് സമയമുണ്ടെങ്കിൽ കമ്പനിയിലൊന്നു പോകണേ...“

“പിന്നെന്ത് അതുദ്ദേശിച്ചുകൂടിയാ വന്നത്.... എന്തായാലും ഇവനെ നാളെ ഹോസ്റ്റലിലാക്കിയിട്ട് പോകാമെന്നാണ് തീരുമാനം... നിയമപരമായി ഞാനിപ്പോഴും അമ്മായിയുടെ സ്റ്റാഫ്തന്നെയാണല്ലോ... എന്നെ രാജിവയ്ക്കാൻ സമ്മതിക്കാത്തത് അമ്മായിയല്ലേ..“

“അതേ.. ഞാൻ നിന്റെ രാജി സ്വീകരിക്കില്ല മോനേ... നീ ഇപ്പോഴും ലീവിലാ... അമ്മായി എപ്പോൾ ലീവ് പിൻവലിച്ചാലും നീ തിരിച്ചുവരണം...“

അവിടെ കൂട്ടച്ചിരിയുയർന്നു. അവരുടെ സഹോദരന്റെ മകളാണ് ജെസ്സി.. വളരെ ആർഭാടമായി നടത്തിയ വിവാഹം.. ആദ്യമൊക്കെ നല്ല രീതിയിൽ പോയ ബന്ധമാണ്. പിന്നീട് മയക്കുമരുന്നിന്റെ ഉപയോഗത്താലോ മറ്റോ ആവണം അവന്റെ സ്വഭാവം മാറാൻ തുടങ്ങി... ദേഹോപദ്രവം, സംശയം, അങ്ങനെ എല്ലാം.. അവസാനം അവൾ പിരിയാൻ തീരുമാനിച്ചു. കോടതിയിൽ കേസെത്തി.. എല്ലാ തെളിവുകളും നിരത്തി.. കോടതി നിരുപാധികം അവൾക്ക് ഡൈവോഴ്സ് നൽകി... എന്തായാലും കുഞ്ഞുങ്ങളിലാല്ലത് ഭാഗ്യം അവൾക്കൊരു പുനർ വിവാഹമാകാമല്ലോ.. പക്ഷേ അവളതിന് സമ്മതിക്കുന്നുമില്ല.. അവൾ പറയുന്നത് ഇനിയൊരു വിവാഹം കഴിച്ചാലും ഇതുപോലാകില്ലെന്ന് എന്താണ് ഉറപ്പെന്നാണ്. നല്ല വിദ്യാഭ്യാസം, അതി സുന്ദരി, മത വിശ്വാസിയാണെങ്കിലും അവളിത്തിരി മോഡേണാണ്. അവളുടെ ഉപ്പ അവളെ വളർത്തിയതും അങ്ങനെതന്നെയാണ്.  ഇപ്പോൾ അമ്മായിയുടെ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവാണ്... വളരെ മിടുക്കോടെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നു. ആർക്കും പരാതിയില്ല. എന്തു പ്രശ്നമുണ്ടെങ്കിലും എളുപ്പം തീർക്കാനുള്ള അവളുടെ കഴിവ്.. എം.ബി.എ. ബിരുദം അവൾക്ക് തുണയാവുകയും ചെയ്തു. കാനഡയിലേയ്ക്ക് പോകാനാണ് എം.ബി.എ. എടുത്തത്.. അവസാനം അവളുടെ ആഗ്രഹങ്ങൾ അമ്മായിയുടെ കമ്പനിയിൽ തളച്ചിട്ടു... നാടുമതിയന്നാണ് അവളുടെ ഭാഷ്യം...

എല്ലാവരും ഫ്രഷായി വന്നു... ചായയും പലഹാരങ്ങളും മേശയിൽ നിരത്തിയിരുന്നു. അമ്മായിയുടെ ചില സ്പെഷ്യൽ ഐറ്റംസ്.. അവർ എല്ലാവരും കഴിച്ചു. പുറത്ത് നല്ല മഴപെയ്യുന്നു. പുറപ്പെടുമ്പോൾ നല്ല തെളിഞ്ഞ ആകാശമായിരുന്നു. കാലം തെറ്റി പെയ്യുന്ന മഴ. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞിരുന്നു. ഹമീദിന്റെ സുഖവിവരം... അദ്ദേഹം മക്കളെ വളർത്തിയ രീതി... സഫിയയുടെ വിവാഹം.. അതിലെ ദുഃഖകരമായ അവസ്ഥ... അവളുടെ സന്തോഷം ഫസലാണെന്നും അവനിലെ പ്രതീക്ഷ വളരെ വലുതാണെന്നും ഇടയ്ക്കിടയ്ക്ക് അമ്മായി ഫസലിനെ ഓർമ്മിപ്പിക്കുമായിരുന്നു. ഫസൽ ഓരോ ദിവസവും ആഴത്തിൽ തന്റെ മനസ്സിൽ അതുരുവിടുമായിരുന്നു. അതാണ് അവനെ മുന്നോട്ടു നയിക്കുന്നതുതന്നെ... നാളെ തിരികെ ഹോസ്റ്റലിലേയ്ക്ക്... കുറച്ചു ദിവസമായി ഹോസ്റ്റൽ മിസ്സ് ചെയ്യുന്നു. ഡോ. ഗോപിയോട് ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു നാളെ എത്തുമെന്ന്. അൻവർ അവിടെയും പോകുന്നുണ്ട്. ഫസലിനേയും കൊണ്ട് ഗോപിയുടെ അടുത്തു പോയിട്ടുവേണം കോളേജിൽ അവനെ വിടാൻ...

മഴയായതുകാരണം അവർ പുറത്തേയ്ക്കൊന്നും പോയില്ല.. അല്ലെങ്കിൽ ബീച്ചിലൊന്നു പോകണമെന്നു വിചാരിച്ചതാണ്. ഇനി അടുത്ത ദിവസമാകട്ടെയെന്നു കരുതി. രാത്രി അത്താഴത്തിന് അമ്മായി പത്തിരിയും മട്ടൻ കറിയും തയ്യാറാക്കിയിരുന്നു. ജോലിക്കാരി ഉണ്ടെങ്കിലും എല്ലാറ്റിനും അമ്മായിയുടെ  മേൽനോട്ടമുണ്ടാകും. അതു ഭക്ഷണത്തിന്റെ രുചി കൂട്ടുകയും ചെയ്യും. അവർ എല്ലാവരും ഭക്ഷണം കഴിച്ചു. വീണ്ടും കുറേനേരം സംസാരിച്ചിരുന്നു. രാവിലെ 7 മണിക്ക് ഫസലിനെ ഹോസ്റ്റലിലാക്കണം അതു കഴിഞ്ഞ് കമ്പനിയിലേയ്ക്ക് പോകണം അതാണ് ഇപ്പോഴത്തെ പ്ലാൻ. കമ്പനിയിൽ എല്ലാവർക്കും  സ്വീറ്റ്സ് കൊടുക്കണം അതിന് മിഠായിത്തെരുവിൽ നിന്നും സ്വീറ്റ്സ് വാങ്ങണം. അവർ ഉറങ്ങാൻ കിടന്നു...

അതി രാവിലെ തന്നെ എല്ലാവരും ഉറക്കമുണർന്നു. പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി നാദിറയും അമ്മായിയും ഒപ്പമുണ്ട്. അവർ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പോകാനിറങ്ങി. ഗേറ്റ് കടന്ന് വാഹനം കോളേജ് ലക്ഷ്യമാക്കി തിരിച്ചു. സമയം 7.30 ആയിരിക്കുന്നു. നേരേ ഗോപിയുടെ വീടിനു മുന്നിൽ വണ്ടി നിർത്തി. ഫസലിറങ്ങി ഗേറ്റ് തുറന്നു വാഹനം അകത്തു കടന്നു. ഗോപി ഗേറ്റ് തുറന്ന് പുറത്തേയ്ക്ക വന്നു...

“എല്ലാവരുമുണ്ടല്ലോ...“

“എത്രനാളായി ഗോപി നമ്മൾ തമ്മിൽ കണ്ടിട്ട്.“

“അതേയതേ .. നാട്ടിൽ വന്നപ്പോഴൊന്നും അൻവർ ഇല്ലായിരുന്നു.“

അവരെ ഗോപി സ്വീകരിച്ചിരുത്തി. അമ്മായിയെ പരിചപ്പെടുത്തി... ഗോപിയുടെ ഭാര്യയും മകളുമുണ്ടായിരുന്നു. എല്ലാവരും വളരെ സന്തോഷത്തെടെ അവരെ സ്വീകരിച്ചു. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എല്ലാം കഴിച്ചെന്നും ഇനിയൊരു ദിവസം വരാമെന്നും പറഞ്ഞു. അവർ പഴയകാര്യങ്ങളോരോന്നും പറഞ്ഞിരുന്നു. അരമണിക്കൂറിനുശേഷം അവർ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി..

“ഗോപീ.. ഞാൻ നാളെക്കഴിഞ്ഞ് വരാം.. നമുക്ക് കോഴിക്കോടൊന്നു കറങ്ങണം..“

“പിന്നെന്താ... നിയെപ്പൊ വന്നാലും ഞാൻ റഡിയാണ്..“

അവർ പഴയ ഗോപിയും അൻവറുമാവുകയായിരുന്നു. അവർ ഫസലിനെ ഹോസ്റ്റലിനു മുന്നിലിറക്കി... അവരോട് സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി. പലരും ഹോസ്റ്റലിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങി... ചിലരെങ്കിലും ഇന്നലയെ എത്തിക്കാണണം.. കാരണം ഇന്ന് ക്ലാസ്സുണ്ട്... വണ്ടി അവിടെനിന്നും പുറപ്പെട്ടു.

“അൻവറേ... ഈ ഗോപിയല്ലേ... ഹമീദ് പറയാറുള്ളത്...“

“അതേ അമ്മായി.. അവർക്ക് സഫിയയെ ജീവനായിരുന്നു. പക്ഷേ വിധി എല്ലാം തകർത്തു.. സമൂഹത്തെ പേടിച്ച് അന്ന് അത് വേണ്ടെന്നുവച്ചു.“

“എന്തു സമൂഹം... അന്ന് അതൊന്നും നോക്കരുതായിരുന്നു. ഇപ്പോൾ ആ കുഞ്ഞ് കിടന്ന് നരകിക്കുന്നത് നിങ്ങൾ കണ്ടതല്ലേ... എന്തു നല്ല സ്വഭാവമാ ഗോപിക്ക്..“

“അതേ അമ്മായി... അവരെ അടർത്തിമാറ്റിയ വേദന ഇതുവരെ ആർക്കും മാറിയിട്ടില്ല... അതുകൊണ്ടായിരിക്കാം.. ആ കുറ്റബോധത്താലായിരിക്കാം ആർക്കും സഫിയയെ കുറ്റം പറയാനാവാത്തത്... അന്നവൾക്ക് ഈ ബന്ധം കിട്ടിയിരുന്നെങ്കിൽ അവൾ രക്ഷപ്പെടുമായിരുന്നു. ഇന്നും അവൾക്ക് അതിൽ കുറ്റബോധമില്ല.. എല്ലാം വിധിയാണെന്നു മാത്രം സ്വയം കരുതുന്നു. ബാപ്പയുടെ തീരുമാനത്തിൽ തെറ്റുപറ്റിയത് ഇതിൽ മാത്രമായിരുന്നു.“

“അതൊരു വലിയതെറ്റായിപ്പോയില്ലേ അൻവറേ.. ഞാനത് അന്നേ അറിഞ്ഞിരുന്നെങ്കിൽ നടത്തിവിടുമായിരുന്നു. ഈ മതങ്ങളൊക്കെ ആരുണ്ടാക്കിയതാ... മനുഷ്യന്റെ സന്തോഷത്തിന് എതിരായി മതം നിന്നാൽ സന്തോഷമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്... ങ്ഹാ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം പഴങ്കഥകളായില്ലേ..“

“ശരിയാണമ്മായി.. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് മിഠായിത്തെരുവിലെത്തി.. രാവിലെയായതു കാരണം വലിയ തിരക്കില്ല.. അവിടെനിന്നും വിലകൂടിയ മിഠായികൾ വാങ്ങി. കോഴിക്കേടിന്റെ പ്രിയപ്പെട്ട ഹൽവ വാങ്ങാൻ മറന്നില്ല.. നാട്ടിൽ കൊണ്ടുപോകാനും കുറെ സാധനങ്ങൾവാങ്ങി... അവർ നേരേ ഓഫീസിലേയ്ക്ക്.. അവിടെത്തുമ്പോൾ സമയം 10 മണിയായിരുന്നു. നല്ല അടുക്കും ചിട്ടയോടുകൂടിത്തന്നെ ഓഫീസ് പ്രവർത്തിക്കുന്നു. അവർ അകത്തു കയറി. മാനേജർ അവരെ സ്വീകരിച്ചു. ജനറൽ മാനേജർ ബോർഡ് കണ്ടു.. ഇപ്പോഴും തന്റെ പേര്തന്നെ അതിൽ വച്ചിരിക്കുന്നു. എല്ലാവരും ആ റൂമിലേയ്ക്ക് കയറി.. വിശാലമായ റൂം.. അവിടെ കുറച്ചുനേരമിരുന്നു. കമ്പനിയുടെ ചുമതലക്കാർ ഓരോരുത്തരായി വന്നു.. അവരോട് കുശലം ചോദിച്ചു. എല്ലാവർക്കും മിഠായി കൊടുക്കാനായി ഒരാളെ ഏൽപ്പിച്ചു. അതിനുശേഷം അൻവർ കമ്പനിയുടെ ഉള്ളിലേയ്ക്ക് കടന്നു. എല്ലാവരും അൻവറിനെ വിഷ് ചെയ്തു... ഏറെ നാളുകൾക്കുശേഷമാണല്ലോ ഇപ്പോൾ ഇങ്ങോട്ടു വന്നത്. ഫിനാൻസ് മാനേജരുമായി സംസാരിച്ചു. എല്ലാം ഇവിടെ ഭദ്രമാണ്. കമ്പനിയുടെ ടേണോവർ 1200 കോടിയായി ഉയർന്നിരുന്നു. എക്സ്പോർട്ടിംഗ് വർദ്ധിച്ചതാണ് കാരണം. ഇനിയും ഉയരങ്ങളിലെത്തുമെന്നുള്ളത് തീർച്ചയാണ്.

ഉച്ചവരെ അവരവിടെ കഴിച്ചുകൂട്ടി. ജീവനക്കാർക്ക് ലഞ്ചിനുള്ള സമയത്ത് അവർ അവിടെനിന്നുമിറങ്ങി.. കമ്പനിയിൽ കാന്റീനുണ്ട്. അവർക്കെല്ലാം അവിടെയാണ് ഭക്ഷണം.. അമ്മായി വീട്ടിൽ ഭക്ഷണം തയ്യാറാക്കിയരുന്നതിനാൽ അവിടെ പോയി കഴിക്കാൻ തീരുമാനിച്ചു. അവർ കമ്പനിയിൽ നിന്നും നേരേ വീട്ടിലേയ്ക്ക്.. അവിടെ തീൻമേശയിൽ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ഒന്നു ഫ്രഷായി അവരെത്തി.. നല്ല രുചികരമായ മട്ടൻ ബിരിയാണി കൂടെ ബീഫ് റോസ്റ്റ്.. മറ്റ് എല്ലാവിഭവങ്ങളുമുണ്ട്. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് ഭക്ഷണം കഴിച്ചു.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 17 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 10 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ