തിരിഞ്ഞുനോക്കുന്നതിനു
മുമ്പേ ഒരു കരംഫസലിന്റെ ചുമലിൽ തലോടി... നിർവ്വികാരമായ, നിശ്ചലമായ മനസ്സിന്
സുഖം നൽകുന്ന തലോടൽ... അവന് ആളെ മനസ്സിലായില്ല.... വിക്കി വിക്കി അവൻ
ചോദിച്ചു.
ആ.... ആ.... ആ... ആ..രാ...... ആ..രാ...?
”മോനെവിടുന്നാ.... എന്താ ഇവിടെ... എന്താ കരയുന്നേ....? എന്തുണ്ടേലും പറ... നമുക്ക് പരിഹാരമുണ്ടാക്കാം..”
”അങ്കിളിവിടെ...”
”ഞാനിവിടുത്തെ സെക്യൂരിറ്റി ഓഫീസറാണ്...”
തൊട്ടടുത്ത റൂം ചൂണ്ടിക്കാട്ടി പറഞ്ഞു...
”ഞാനവിടെയാ
താമസിക്കുന്നേ... മോൻ വാ... നമുക്ക് അകത്തിരിക്കാം.... നിന്റെ പ്രശ്നങ്ങൾ
പറയാവുന്നതാണെങ്കിൽ എന്നോടു പറ... എന്തെങ്കിലും പരിഹാരമുണ്ടാക്കാം...
നിന്നെപ്പോലെ മൂന്നു കുട്ടികളുടെ അച്ഛനാ ഞാൻ... മോൻ പോരേ...”
അവന്
അദ്ദേഹത്തെന്റെ സാമീപ്യവും, സംസാരവും അല്പം ആശ്വാസം പകർന്നു.
കരഞ്ഞുകലങ്ങിയ കണ്ണുമായി അവൻ അദ്ദേഹത്തെ അനുഗമിച്ചു... ഇദ്ദേഹത്തോട് തന്റെ
കാര്യങ്ങൾ പറയുന്നത് ബുദ്ധിയാണോ... എന്തിനായിരിക്കും തന്നെ അങ്ങോട്ടു
കൂട്ടിക്കൊണ്ടുപോകുന്നത്... ഇയാളും മറ്റുള്ളവരെപോലെ തന്നെ
ചൂഷണംചെയ്യുന്നതിനായിരിക്കുമോ... അവന്റെ ചിന്തകൾ പലരീതിയിൽ
ആയിരുന്നു.. അദ്ദേഹം റൂം തുറന്ന് അകത്തേയ്ക്ക് കയറി... അവന് ഇരിക്കാനുള്ള
കസേര ചൂണ്ടിക്കാട്ടി... ഒരു കൊച്ചു മുറി.. എന്നാൽ എല്ലാ സൗകര്യവും
അവിടുണ്ട്... ഒരു കിടക്ക. അലമാര മേശ, കണ്ണാടി കട്ടിൽ കിടക്കുന്നതിനടുത്തായി
ചെറിയൊരു മറ അവിടെ അത്യാവശ്യം കുക്ക് ചെയ്യാനുള്ള
സൗകര്യമൊരുക്കിയിരിക്കുന്നു. ഫസലിന് താല്ക്കാലികമായി ഒരാശ്വാസം
കൈവന്നിരിക്കുന്നു. അദ്ദേഹം കുറച്ചു വെള്ളം എടുത്ത് ഫസലിന് നൽകി. അവൻ
ദാഹിച്ചു വലഞ്ഞവനെപ്പോലെ കുടിച്ചുതീർത്തു... ഇനിവേണമോഎന്ന ചോദ്യത്തിന്
വേണ്ടെന്നുള്ള തലയാട്ടൽ മാത്രം. ഫസൽ ഇരുന്ന കസേരയ്ക്ക് തൊട്ടഭിമുഖമായി
സെക്യൂരിറ്റി ഒഫീസർ കസേരവലിച്ചിട്ടിരുന്നു.
”മോനേ..
ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞാ വന്നേ.. വളരെ കഷ്ടപ്പെട്ട്
പട്ടിണികിടന്നൊക്കെയാണ് ഇവിടംവരെയൊക്കെ എത്തിയത്... എനിക്ക് ഒരുവയസ്സ്പ്രായമുള്ളപ്പോൾ എന്റെ അച്ഛൻ ഞങ്ങളെവിട്ടു പോയി.. ഞങ്ങൾ നാല്
കുട്ടികളായിരുന്നു... ഞങ്ങളെ അമ്മയാണ് വളരെ ബുദ്ധിമുട്ടി പഠിപ്പിച്ച്
ഇവിടംവരെയൊക്കെ എത്തിച്ചത്.. എനിക്ക് മുകളിൽ രണ്ടു ചേച്ചിമാരായിരുന്നു.
ഒരാൾ ഒരപകടത്തിൽ മരിച്ചു. മറ്റേയാളെ തെറ്റില്ലാത്തരീതിയിൽ
വിവാഹംകഴിപ്പിച്ചയച്ചു... അമ്മയുടെ കഠിനാധ്വാനം അവരെ
രോഗിയാക്കിമാറ്റിയിരുന്നു.... കഴിഞ്ഞവർഷം അവരും ഈ ലോകത്തേട് വിടപറഞ്ഞു...
എനിക്ക് ഇളയതും ഒരു പെൺകുട്ടിയായിരുന്നു അവളുടെ കല്യാണം കഴിഞ്ഞു..
കുടുംബസമേതം ഗൾഫിലാ... എന്നെ പരിചയപ്പെടുത്തിയില്ലല്ലോ... ഞാൻ സ്റ്റീഫൻ...
എല്ലാരും എന്നെ സ്നേഹപൂർവ്വം സ്റ്റീഫച്ചായാന്നു വിളിക്കും...”
”ഞാൻ എന്റെ കാര്യമല്ലേ പറയുന്നുള്ളൂ... ഇനി പറ എന്താ നിനക്ക് സംഭവിച്ചേ...”
അവൻ തന്റെ കൈവിട്ടുപോയ മനോനില വീണ്ടെടുത്തുകഴിഞ്ഞിരുന്നു.
”ഞാനും സ്റ്റീഫച്ചായാന്നു വിളിച്ചോട്ടെ...”
അവന്റെ കരം ഗ്രഹിച്ചുകൊണ്ട് അയാൾ പറഞ്ഞു.
”അതിനെന്താ...
നിനക്കും വിളിക്കാം... ഞാനീ ഹോസ്പിറ്റലിൽ വന്നിട്ട് 29 വർഷമായി... ധാരാളം
കഷ്ടപ്പെട്ടിട്ടാണ് ഇന്നീ ഓഫീസർ പദവിയിലെത്തിയത്... ഈ ആശുപത്രി എനിക്ക്
എന്റെ വീടുപോലെയാണ്... എനിക്ക് മൂന്നു പെൺമക്കളാ... ഒരാളിവിടെ നഴ്സാണ്...
മറ്റേയാൾ ഡിഗ്രിക്ക് പഠിക്കുന്നു.... ഇനി ഒരാൾ ഒൻപതാംക്ലാസ്സിൽ
പഠിക്കുന്നു. എല്ലാരുടേയും വിദ്യാഭ്യാസകാര്യത്തിൽ ഇവിടുത്തെ ഹോസ്പിറ്റൽ
മാനേജ്മെൻ് എന്നെ സഹായിക്കുന്നു... അതിന് ദൈവത്തോടു നന്ദിപറയുന്നു.”
യേശുവിന്റെ ചിത്രത്തിൽ നോക്കി കുരിശുവരച്ചു...
ഭിത്തിയിൽ
തൂക്കിയിട്ട കുരിശിൽ തറച്ച യേശുവിന്റെ രൂപം ഫസൽ അതിൽ കുറച്ചുനേരം
നോക്കിനിന്നു. എന്തെല്ലാം പീഠകൾ സഹിച്ചതാണ്. താനും ഇതുപോലെയുള്ള
പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്... അറിയാതെ തെറ്റിലേയ്ക്ക്
ചെന്നെത്തപ്പെടുന്നു. ഇന്നല്ലെങ്കിൽ നാളെ നല്ലൊരു കാലം വരുമായിരിക്കും...
അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു...
”സ്റ്റീഫച്ചായാ...
ഞാൻ പറയാം... എനിക്ക് 7 വയസ്സ് പ്രായമുള്ളപ്പോൾ വാപ്പ എന്നെയും ഉമ്മയേയും
ഉപേക്ഷിച്ചു... അടിച്ചിറക്കിയെന്നു വേണം പറയാൻ... വാപ്പയില്ലാതെ വളരെ
കഷ്ടപ്പെട്ടാണ് വളർന്നത്... ഒരിക്കൽപ്പോലും വാപ്പയില്ലാത്ത ദുഖം എനിക്ക്
ഉമ്മ അറിയിച്ചിട്ടില്ല... വർഷങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ ഇവിടെവച്ചു
കണ്ടു. തീരെ അവശനാണ്... എന്നെ അദ്ദേഹത്തിന് തിരിച്ചറിയാനായിട്ടില്ല.
എന്തൊക്കെയായാലും സ്വന്തം വാപ്പയല്ലെ... ഞാനിക്കാര്യം ഉമ്മയോടോ മറ്റാരോടോപോലും പറഞ്ഞിട്ടില്ല... എന്നെങ്കിലുമൊരിക്കൽ ഉപ്പ എന്നെയും ഉമ്മയെയും
തിരഞ്ഞുവരുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.”
”മോനേ
ഫസലേ എനിക്ക് കാര്യം പിടികിട്ടി... നിനക്ക് അദ്ദേഹത്തോടിപ്പോൾ സഹതാപവും
സ്നേഹവുമായിരിക്കും... അതങ്ങനെയാടാ രക്തബന്ധം തൂത്താൽ പോവില്ല മോനേ... ഞാൻ
അറിവാകുന്നതിനു മുന്നേ എന്റെ അപ്പൻ നഷ്ടപ്പെട്ടു. പക്ഷേ ഇന്നും ആ നഷ്ടബോധം
എനിക്കുണ്ട്. നിനക്ക് അറിയാൻ സാധിച്ചില്ലേ... അദ്ദേഹം
ജീവിച്ചിരിക്കുന്നെന്ന്... അതുതന്നെ ഒരനുഗ്രഹമല്ലേ... എന്തേ നീ അദ്ദേഹത്തെ
കണ്ടില്ലേ... സ്വയം പരിചയപ്പെടുത്താമായിരുന്നില്ലേ... ഒരുപക്ഷേ അദ്ദേഹത്തിനും നിന്നെ കാണണമെന്ന ആഗ്രഹം ഉണ്ടാവില്ലേ.”
”ഇല്ല...
എന്നെ ഇതുവരെ മനസ്സിലായിട്ടില്ല... ഞാൻ ദൂരെനിന്നു കണ്ടിരുന്നു.
അദ്ദേഹത്തിന്റെ ആദ്യഭാര്യയിലുള്ള മകളിവിടുണ്ട്... അവളുമായി ഞാൻ
സംസാരിച്ചിരുന്നു. പക്ഷേ ഞാൻ അവളുടെ സഹോദരനാണെന്നകാര്യം പറഞ്ഞിട്ടില്ല.
ഇപ്പോൾ സർജറി കഴിഞ്ഞ് ഐ.സി.യുവിലാണ്... പലരീതിയിലും ഞാൻ സാമ്പത്തികമായി
സഹായിച്ചു... ഞാനാരാന്ന് എനിക്ക് വെളിപ്പെടുത്താനാവില്ല കാരണം എന്റെ ഉമ്മ
അറിഞ്ഞാൽ എന്താവും പ്രതികരണമെന്നുള്ള കാര്യം എനിക്ക് ഓർക്കാൻകൂടി
കഴിയില്ല... ഉമ്മയുടെ കണ്ണ് കലങ്ങുന്നത് എനിക്കിഷ്ടമല്ല... അവർ അത്രയേറെ ആ
മനുഷ്യനെ വെറുത്തിരുന്നു.”
”അതങ്ങനെയാ
ഫസലേ... ഉമ്മയ്ക്ക് ഒരിക്കലും സഹിക്കാനാവില്ല. നിന്റെ ഉമ്മയ്ക്ക് സ്വന്തം
ജീവിതപങ്കാളിയെയാണ് നഷ്ടപ്പെട്ടത്. ജീവിതം മുഴുവൻ കൂടെയുണ്ടാകുമെന്നു
കരുതിയ കെട്ടിയോൻ. പക്ഷേ പാതി വഴിയിൽ ഉപേക്ഷിച്ചുപോയത് ക്രൂരതയല്ലേ...
എന്തിന്റെ പേരിലായാലും സഹിക്കാവുന്നതിനുമപ്പുറമാണ്... പക്ഷേ അവർക്ക്
ഭർത്താവാണ് നഷ്ടപ്പെട്ടതെൻങ്കിലും മകനായ നിന്നെ ലഭിച്ചു എന്നാശ്വസിക്കാം.
പക്ഷേ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ വാപ്പാനെയാണ്. ജീവിതത്തിൽ എന്നും
കൈപിടിച്ചു നടത്തേണ്ട രക്ഷകൻ... ഒരു റോൾമോഡലായി കൂടെയുണ്ടാവേണ്ടതാണ്. അതൊരു
നഷ്ടം തന്നെയാണ്...”
പൊതുവേ
പറഞ്ഞു കേൾക്കാറുണ്ട് ആൺകുട്ടികൾക്ക് അമ്മയോടാണ് കൂടുതൽ സ്നേഹമെന്നും
പെൺകുട്ടികൾക്ക് അച്ഛനോടാണ് കൂടുതൽ സ്നേഹമെന്നും... അതൊരു പ്രകൃതി
നിയമമാണ്. ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും ആകർഷണമുണ്ടാവും.. അമ്മയും
മകനും തമ്മിലുള്ള ബന്ധമെന്നു പറയുമ്പോൾ പവിത്രമായ ബന്ധം തന്നെയാണ്.
തിരിച്ച് അച്ഛനും മകളുമെന്നു പറയുമ്പോഴും അതുപോലെതന്നെ. കുഞ്ഞുങ്ങൾ
രണ്ടുപേരുടേയും സ്നേഹവും സുക്ഷിതത്വവും അനുഭവിച്ചുതന്നെ വളരണം.
ഫസലിനെപ്പോലെ ജീവിതയാത്രയിൽ വഴിതെറ്റിപ്പോയ എത്രയോ കുട്ടികൾ നമ്മുടെ
സമൂഹത്തിലുണ്ട്. അവനനുഭവിക്കുന്ന മാനസിക സംഘർഷം അവന് തന്റെ അമ്മയോട് എങ്ങനെ
പറയാനാവും... കഴിഞ്ഞുപോയ സംഭവങ്ങൾ എങ്ങനെ ഉമ്മയോട് പറയും, അമ്മയാണെങ്കിലും
അവരൊരു സ്ത്രീയല്ലേ... തന്നെ ഒരു ഉപഭോഗവസ്തുവായി മറ്റുള്ളവർ
ഉപയോഗിക്കുന്നത് എങ്ങനെ പറയാനാകും. ഒരു പക്ഷേ വാപ്പയോടാണെങ്കിൽ
സൂചനയെങ്കിലും നൽകാമായിരുന്നു, കാരണം ഇങ്ങനെയുള്ള ചൂഷണം ഉണ്ടെന്നുള്ള
അറിവെങ്കിലും അദ്ദേഹത്തിനുണ്ടാകുമായിരുന്നു. സഫിയയെപ്പോലുള്ള ഉമ്മമാർക്ക്
ഇതെങ്ങനെ മനസ്സിലാകാനാണ്. അവരെപ്പോലുള്ളവർ സ്വന്തം ആൺമക്കൾ മറ്റു
പെൺകുട്ടികളുമായി കൂടുതൽ അടുത്തിടപഴകാതിരിക്കാനായിരിക്കും
ശ്രദ്ധിക്കുക.. പക്ഷേ സമൂഹത്തിലെ കൃമികീടങ്ങളെപ്പോലുള്ള സ്വവർ്ഗ്ഗപ്രേമികളെ
അവരൊരിക്കലും സംശയിക്കില്ല. മാറണം നമ്മുടെ സമൂഹം... പെൺകുട്ടികളുടെ
ഭാവമാറ്റങ്ങൾമാത്രമല്ല രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ടത് ആൺകുട്ടികളുടെ
മേലും ഒരു കണ്ണുവേണം... യാത്രചെയ്യുന്ന ബസ്സിലും ചെന്നെത്തുന്ന
സ്ഥലങ്ങളിലും എന്തിന് സ്കൂളുകളിൽപോലും അവർ സുരക്ഷിതരല്ല.
സംഭാഷണ
മധ്യേ സ്റ്റീഫൻ തന്റെ പേഴ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു പഴയ ബ്ലാക്ക്ആന്റ്
വൈറ്റ് ഫോട്ടോ കൈയ്യിലെടുത്തു... എന്നിട്ട് ഫസലിന്റെ നേരേ നീട്ടി...
”മോനേ..
ഇതു കണ്ടോ... എനിക്ക് ഓർമ്മയാകുംമുന്നേ ഞങ്ങളെ വിട്ടുപിരിഞ്ഞ എന്റെ
അച്ഛനാണ്... ജീവനോടെ എനിക്ക് കാണാനായിട്ടില്ല. പക്ഷേ അദ്ദേഹത്തെ ഞാനിന്നും
കൂടെക്കൊണ്ടുനടക്കുന്നു. അത് മകനായ എന്റെ അവകാശമാണ്... അമ്മയെന്നു
പറയുന്നത് വാത്സല്യവും അച്ഛനെന്നുപറയുന്നത് അവകാശവുമാണ്. ഇന്നല്ലെങ്കിൽ
നാളെ നിനക്കത് മനസ്സിലാവും... നീ തല്ക്കാലം ഇതാരോടും പറയേണ്ട... നിനക്ക്
അദ്ദേഹത്തെ കാണണോ... ഐ.സി.യുവിൽ കയറി കാണാനുള്ള സംവിധാനം ഞാനുണ്ടാക്കാം...
അദ്ദേഹത്തിന്റെ പേരും ഡീറ്റൈൽസും പറഞ്ഞാ മതി...”
അവന്റെ മനസ്സിലുണ്ടായ ആശ്വാസം വർണ്ണനാതീതമായിരുന്നു.. എന്തുവന്നാലും ശരി തന്റെ വാപ്പാനെ ഒന്നു കണ്ടുകളയാം എന്നവൻ മനസ്സിൽ ഉറപ്പിച്ചു.
സ്റ്റീഫന്റെ
സ്നേഹപൂർവ്വമായ പെരുമാറ്റം അവനിൽ ഒരുതരം സുരക്ഷിതബോധമുണ്ടാക്കി...
ഉപദേശവും അവനെ വളരെയധികം സ്വാധീനിച്ചു. താൻ കരഞ്ഞതെന്തിനാണെന്നുള്ള
യാഥാർത്ഥ്യം അവന് വെളിപ്പെടുത്താനുള്ള ധൈര്യമുണ്ടായിരുന്നില്ല...
എന്തായാലും ഇന്ന് വൈകുന്നേരം തങ്ങളിവിടെനിന്നും ഡിസ്ചാർജ്ജായി പോകും...
ഇതുപോലൊരവസരം ഇനി ജീവിതത്തിലൊരിക്കലും വന്നുചേരില്ല. അവൻ പേരും വിലാസവും
സ്റ്റീഫന് നൽകി...
അദ്ദേഹം
അവനേയും കൂട്ടി താഴേയ്ക്കിറങ്ങി... ഐ.സി.യുവിന്റെ വാതിൽക്കൽവരെ അവനെ
അനുഗമിച്ചു... വാതിലിന് പുറത്ത് ബെല്ലടിച്ചു കാത്തുനിന്നു താമസിയാതെ ഒരു സിസ്റ്റർ
വാതിൽ തുറന്നു പുറത്തേയ്ക്ക് വന്നു...
”എന്താ എന്തുപറ്റി അപ്പാ”
”മോളേ... ഇവന് ഹംസ എന്ന രോഗിയെ ഒന്നു കാണണം... ഇവൻ എനിക്ക് വളരെ വേണ്ടപ്പെട്ടവനാ...”
”അതിനെന്താ... ചെരുപ്പൂരിയിട്ട് അകത്തേയ്ക്ക വന്നോള്ളൂ....”
”ഫസലേ
ഇതെന്റെ മൂത്തമോളാ... ഇവൾക്കാണിന്നിവിടെ ഡ്യൂട്ടി... അവൾ വേണ്ട സഹായം
ചെയ്തുതരും... ഞാൻ ഇവിടെത്തന്നെകാണും നീ പോയികണ്ടിട്ട് പോരെ...”
അവൻ
സ്റ്റീഫന്റെ മകളെ അനുഗമിച്ചു... ഒന്നുരണ്ടു വളവുകളും തിരിവുകളും കടന്ന്
തന്റെ വാപ്പയുടെ ബഡ്ഡിനു മുന്നിൽ നിന്നു... അദ്ദേഹത്തെ അവനൊന്നു നോക്കി...
തലയിൽ വലിയ ഒരു കെട്ടുണ്ട്... മൂക്കിലൂടെ ട്യൂബിട്ടിരിക്കുന്നു മൂന്നുനാല്
ദിവസങ്ങൾക്കു മുന്നേ കണ്ടതിനേക്കാൾ മോശമായിരിക്കുന്നു. നരച്ച താടിരോമങ്ങൾ
കൂടുതൽ പ്രായംതോന്നിക്കുന്നു... ഗാഢമായ നിദ്രയിലാണെന്നു തോന്നുന്നു. അവൻ
അടുത്തു ചെന്നു... സിസ്റ്റർ അവനെ അവിടെ നിർത്തിട്ട് അടുത്ത രോഗിയുടെ
അടുത്തേയ്ക്ക് പോയി... കൂടുതൽ നേരം നിൽക്കാൻ പാടില്ലാത്ത സ്ഥലമാണിതെന്നു
അവനെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവളുടെ അപ്പൻ പറഞ്ഞതുകൊണ്ടു
മാത്രമായിരിക്കും തന്നെ ഈ നേരത്ത് അകത്തേയ്ക്ക് കടത്തിവിട്ടത്.
അവൻ
അദ്ദേഹത്തന്റെ കാൽപാദങ്ങളിൽ മുറുകെ പിടിച്ചു കണ്ണുകൾനിറഞ്ഞു തുളുമ്പി മുകളിലേയ്ക്ക് നോക്കി പടച്ചോനോടു
പ്രാർത്ഥിച്ചു... അവസാനമായി താൻ വാപ്പയെ കാണുന്നത് തന്റെ ഉമ്മയെ അടിച്ചു
പുറത്താക്കിയ ദിവസമായിരുന്നു... തലയിൽ മുറിവേറ്റു തന്റെ ഉമ്മ തണുത്തു
വിറങ്ങലിച്ചു കിടക്കുന്ന രൂപം ഇന്നും മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.
അന്ന് ഇദ്ദേഹത്തിന് എന്തു ക്രൂരമായ രൂപമായിരുന്നു... ഇതൊരുപക്ഷേ പടച്ചോൻ
വിധിച്ചതായിരിക്കും... ഇങ്ങനെയൊരു കൂടിച്ചേരൽ... ആര് ആരെയൊക്കെ
കാണണമെന്നുള്ളത് പടച്ചോന്റ തീരുമാനമാണല്ലോ... അന്ന് കണ്ട ആ രൂപം ഇതാ
ജീവച്ഛവംപോലെ തന്റെ മുന്നിൽ കിടക്കുന്നു. അന്നത്തെ ആ ഭയം ജീവിത്തിൽ ഉടനീളം
തന്നെ പിൻതുടർന്നിരുന്നു. പക്ഷേ ഇപ്പോൾ ഭയമില്ല പകരം ദയമാത്രം, കാരുണ്യം
മാത്രം തന്റെ മനസ്സിൽ ഏതോ കോണിൽ സൂക്ഷിച്ചുവച്ച നിധി നേരിട്ടു കാണുംപോലെ
അവൻ നോക്കിനിന്നു.
അവനറിയാതെ
അവന്റെ കണ്ണിൽ നിന്നു കണ്ണുനീർ തുള്ളികൾ അദ്ദേഹത്തിന്റെ കാൽക്കലേയ്ക്ക്
വീണു... സാവധാനം ആ വൃദ്ധ മനുഷ്യൻ കണ്ണു തുറന്നു... അവനെ തുറിച്ചു നോക്കി..
തന്റെ മുന്നിൽ നിൽക്കുന്നതാരെന്നുള്ള ജിഞ്ജാസ... നിറഞ്ഞ കണ്ണുകളുമായി
നിൽക്കുന്ന 15 വയ്സ്സ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി...
അദ്ദേഹത്തന്റെ ചിന്തകൾ വളരെ പിറകിലേയ്ക്ക് പോയി.... എവിടെയെങ്കിലും...?
അദ്ദേഹം ഓർത്തെടുക്കാൻ ശ്രമിച്ചു... അറിയാതെ അടഞ്ഞുപോകുന്ന കണ്ണുകൾ
ബന്ധപ്പെട്ട് തുറന്നുവയ്ക്കാൻ ശ്രമിക്കുന്നു... ഓർമ്മയിലെവിടെയോ ഒരു
വെള്ളിടി... ആ മിന്നലിൽ അദ്ദേഹം തിരിച്ചറിഞ്ഞു...
”മോ...ൻ ... മോ...ൻ ... ഫ... സ... ലല്ലേ......” അദ്ദേഹത്തിന്റെ അവ്യക്തമായ ശബ്ദം പുറത്തേയ്ക്ക് വന്നു.
ഫസലിന് നിയന്ത്രിക്കാനായില്ല... ഫസൽ അദ്ദേഹത്തിന്റെ കൈകളിൽ ചുംബിച്ചു.. ബലഹീനനാണെങ്കിലും ഒരു കൈകൊണ്ട് അവനെ തന്നോടടുപ്പിക്കാൻ ശ്രമിച്ചു...
”എ...
വിടെല്ലാം തിരക്കി.... എവിടായിരുന്നു നീ.... അറിയാമായിരുന്നു
എന്നെങ്കിലും കണ്ടെത്തുമെന്ന്... അല്ലേ നീ ഫസലല്ലേ... എവിടെ നിന്റെ
ഉമ്മ.... സഫിയ... മറന്നിട്ടില്ല... അവളെവിടെ.....”
ഫസലിന്റെ
ശരീരമാസകലം ഒരുതരം വിറയൽ ബാധിച്ചിരുന്നു. ഒന്നും മിണ്ടാനാവാത്ത
അവസ്ഥയിലുമായിരുന്നു... അദ്ദേഹത്തിന്റെ ശ്വാസഗതി വർദ്ധിക്കുന്നതുപോലെ
തോന്നി... ജീവൻരക്ഷാ ഉപകരണങ്ങളിൽ നിന്നും ചില പ്രത്യേക ശബ്ദം
കേട്ടിട്ടാണെന്നു തോന്നുന്നു രണ്ടു സിസ്റ്റർമാർ ഓടി അടുത്തുവന്നു...
സ്റ്റീഫച്ചായന്റെ മകൾ ഓടിവന്ന് ഫസലിനോട്... പുറത്തേയ്ക്ക് നിൽക്കാൻ
പറഞ്ഞു... തന്റെ കൈകളിൽ ബലമായി പിടിച്ച വാപ്പയുടെ കൈ ബലമായി വിടുവിച്ച് അവൻ പുറത്തേയ്ക്കിറങ്ങി...
അദ്ദേഹം കിടക്കയിൽ കിടന്ന് ഫസലേ ഫസലേ... സഫിയ... സഫി... എന്നുച്ചത്തിൽ
വിളിക്കുന്നുണ്ടായിരുന്നു... ആ ശബ്ദത്തിന് വ്യക്തത കുറഞ്ഞു വരുന്നതുപോലെ
തോന്നി... അവൻ തിരിഞ്ഞുനോക്കാതെ പുറത്തേയ്ക്കിറങ്ങി... ഒന്നു കാണണമെന്നേ
കരുതിയുള്ളൂ... ഇപ്പോൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. അവന് അവനെത്തന്നെ
നിയന്ത്രിക്കാനായില്ല. പുറത്തെത്തിയപ്പോൾ സ്റ്റീഫച്ചായൻ തന്നെ
കാത്തുനിൽക്കുന്നു. ഓടി അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു
പൊട്ടിക്കരഞ്ഞു. അവന്റെ കരച്ചിലടക്കാൻ സ്റ്റീഫൻ നന്നായി പാടുപെട്ടു...
അല്പസമയത്തിനകം അദ്ദേഹത്തിന്റെ മകൾ ഐ.സിയുവിന്റെ വാതിൽ തുറന്ന്
പുറത്തുവന്നു.
”എന്താ മോളേ... എന്തുപറ്റി ഇവന്റെ വാപ്പയ്ക്ക്.”
”ഒന്നുമില്ലപ്പാ... ഇവനെ കണ്ട സ്നേഹംകൊണ്ടാ... ഇപ്പം എല്ലാ ഒക്കെയാണ്... നാളെയോ മറ്റന്നാളോ റൂമിലേയ്ക്ക് മാറ്റും...”
അവന്
സന്തോഷമായി... പടച്ചവനോട് അവൻ നന്ദിപറഞ്ഞു... സ്റ്റീഫൻ പക്കറ്റിൽ നിന്നും
തൂവാലകൊണ്ട് അവന്റെ മുഖം തുടച്ചു വൃത്തിയാക്കി.. അവനേയും കൂട്ടി
ക്യാന്റീനിലേയ്ക്ക് പോയി... അനുസരണയുള്ള കുട്ടിയായി അവനും അദ്ദേഹത്തെ
അനുഗമിച്ചു... ക്യാന്റീന്റെ മുന്നിലെത്തിയ അവൻ സ്റ്റീഫന്റെ കൈവിടുവിച്ച്
പെട്ടെന്ന് വലതുഭാഗത്തേയ്ക്ക് ആരേയോ ലക്ഷ്യമാക്കി നടന്നു. അപ്പോൾ ഫസലിന്റെ മുഖത്ത് പല ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു....
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 07 2019
ഷംസുദ്ധീൻ തോപ്പിൽ 21 07 2019
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 07 2019
ഷംസുദ്ധീൻ തോപ്പിൽ 21 07 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ