7.8.21

നിഴൽവീണവഴികൾ ഭാഗം 138

 

ആഗസ്റ്റ് 8 എന്റെ കഥാപത്രത്തിന്റെ ജന്മദിനമാണ് തികച്ചും യാദൃഷ്ചികമായിരിക്കാം കഥാ പത്രത്തിന്റെയും എന്റെയും പിറന്നാൾ ഒരു ദിവസമായത് വായനക്കാരോടൊപ്പം എന്റെ കഥാപാത്രമായ  ഫസലിന്പിറന്നാൾ ഞാനും ആശംസിക്കുന്നു ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്നു അവൻ ഇത് കാണുന്നുണ്ടെങ്കിൽ അതിൽ പരം സന്തോഷം മറ്റെന്തുണ്ട് HAPPY BIRTHDAY TO YOU DEAR FASAL
NB ഇന്ന് ഞാൻ മുറിച്ച കേക്കിന് ഞാനിട്ട പേരും ഫസൽ എന്നാണ്...

ഇതെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് ഉതകുമെന്നാണ് വിശ്വാസം.. ചെറിയ തോതിലുള്ള റാഗിംങ്‌ നല്ലതാണ്. പക്ഷേ ഇവിടെ എങ്ങനെയെന്നറിയില്ല.. വരുന്നതുവരട്ടെ... അവൻ റൂമിൽ കയറി വാതിലടച്ചു... കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു... രണ്ടുപേരും മുഖത്തോടുമുഖം നോക്കി.. വീണ്ടും ഉച്ചത്തിൽ മുട്ടി... അവർ രണ്ടാളും ഒരുമിച്ചെഴുന്നേറ്റു...

ഒരുകൂട്ടം സീനിയേഴ്സ്...

“ങ്ഹാ എന്താ മക്കളേ... നേരത്തേ ഉറക്കമായോ...“

രണ്ടാളും ഒന്നും മിണ്ടിയില്ല...

“ജോണേ... ഇവൻ കൊള്ളാലോ.... ആള് സുന്ദരനാ... നിന്റെ മീശയെവിടെയാ...“

ഫസലിനോടാണ് ചോദ്യം.. ഫസൽ മൗനം പാലിച്ചു.

റസാഖേ... ഇവനെ നമുക്കെന്തുചെയ്യാം.....

“ടാ.... 10 മിനിറ്റ് സമയം തരും.... വേഗം സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച് പോരേ....“

ഫസലൊന്നു ഞെട്ടി....... എന്താ ചെയ്ക... എതിർത്താൽ തീർന്നു... അവർ രണ്ടാളും മുഖത്തോടുമുഖം നോക്കി... അവർ പറയുന്നത് അനുസരിക്കുക... അവൻ പെട്ടെന്നുതന്നെ തന്റെ ലുങ്കിയെടുത്തു ഉടുത്തു... ഉടുപ്പ് ബ്ലൗസ്പോലെ മുകളിലേയ്ക്ക് മടക്കിവച്ചു... കുറച്ചു നീണ്ടു തുടങ്ങിയ തലമുടിയായിരുന്നു. ചീപ്പെടുത്ത് രണ്ടുവശത്തേയ്ക്കും ചീകിയിട്ടു... മുഖത്ത് പൗഡർ തേച്ചു... നെറ്റിയിൽ ഇടാൻ സിന്ദൂരംവേണ്ടേ... റൂംമേറ്റ്തന്നെ അമ്പലത്തിലെ പ്രസാദത്തിൽ നിന്നും സിന്ദൂരം എടുത്ത് അവന്റെ നെറ്റിയിൽ ഒരു വലിയ പൊട്ടുവച്ചു... അവൻ തന്നെ ഞെട്ടിപ്പോയി.. ശരിക്കും ഒരു സുന്ദരിപ്പെണ്ണ്...

ഡോറിൽ വീണ്ടും മുട്ട്.. ചെറിയൊരു പതർച്ചയുണ്ട്.... എന്നാലും ഇവരുടെ മുന്നിൽ പതറാൻ പാടില്ല... താൻ എന്തും ചെയ്യും... അതിന് ഉദാഹരണമാണ് ഇത്... പുറത്ത് വലിയ ആരവങ്ങൾ കേൾക്കാം... അവൻ വാതിൽ തുറന്ന് ചിരിച്ചുകൊണ്ട് എല്ലാവരേയും നോക്കി... ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി... സുന്ദരിയായ ഒരു യുവതിയുടെ എല്ലാ ഭാവങ്ങളും അവനിൽ മിന്നിമറഞ്ഞു...

“ടേേയ് ഇത് പെണ്ണാണോ..“ നിശ്ശബ്ധതയെ ഭേദിച്ചുകൊണ്ട് സീനിയറുടെ ചോദ്യം.“

“കരളേ... ഇത്രയും സുന്ദരിയായിരുന്നോടാ നീ...“

“ഇവളെ ഞാൻ കെട്ടും... എനിക്കിന്നിവളെ വേണം..“

ഓരോരുത്തരും ഓരോ കമന്റ് പറഞ്ഞുകൊണ്ടിരുന്നു. ഫസലിന് ഉള്ളിൽ ഒരു ഭയമുണ്ടെങ്കിലും  അവനും അത് ആസ്വദിക്കുകയായിരുന്നു. ഇവരുടെ മുന്നിൽ പതറാൻ പാടില്ല... എന്ന് മനസ്സിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. താൻ ഇരയായതുകൊണ്ട് റൂംമേറ്റ് രക്ഷപ്പെട്ടു... അവനെ അവരൊന്നും പറഞ്ഞില്ല...

“രഞ്ചു... ആരാടാ ഇവളുടെ ഭർത്താവ്...“ നേതാവ് കൂടെനിന്നവനോടു ചോദിച്ചു...

“ജൂനിയറിൽ നല്ല കട്ടി മീശയും താടിയുമുള്ള ഒരാളെ ചൂണ്ടി പറഞ്ഞു.. പോയി മുട്ടും ഷർട്ടുമിട്ടു വാടാ..“

അവൻ റൂമിലേയ്ക്കോടി... പലരും അവന്റെ കവിളിൽ തലോടുന്നുണ്ടായിരുന്നു. സ്നേഹം മൂത്ത് ഒരുവൻ മുഖത്ത് ഉമ്മവച്ചു.. ഫസൽ ഒരു കുലുക്കവുമില്ലാതെ നിന്നു...

“ഇവൻ കൊള്ളാം.. സഹകരിക്കുന്നുണ്ട്...“

“അളിയാ ഇവൻ പെണ്ണായിരുന്നെങ്കിൽ ഞാൻ പ്രേമിച്ചു കെട്ടിയേനേ...“

“ടാ.. പ്രേമിച്ചവരെല്ലാം ഇട്ടിട്ടുപോയതല്ലേ നിന്നെ... ഇനിയും പ്രേമിക്കണോ..“

“ശവത്തേ കുത്തല്ലേ അളിയാ..“

നിമിഷങ്ങൾക്കകം മണവാളനെത്തി..

“മാലയെവിടെ...“

സ്പൂണുകൾ കൊണ്ടുണ്ടാക്കിയ മാലയുമെത്തി... രണ്ടാളോടും പരസ്പരം മാലയിടാൻ പറഞ്ഞു..

അനുസരിച്ചു... കൈപിടിച്ച് ഇവിടെമൊത്തം നമുക്കു പോകണം... രണ്ടാളേയും മണവാളനും മണവാട്ടിയുമാക്കി അവർ കൊട്ടും കുരവയുമായി ഓരോ റൂമുകളിലേയ്ക്കു യാത്ര തിരിച്ചു..

ഒരു റൂമിലെത്തി മുട്ടി വിളിച്ചു.. വാതിൽ തുറക്കപ്പെട്ടു..

“ഭക്ഷണം കഴിച്ചോ...“ വിറയാർന്ന ശബ്ദത്തിൽ “കഴിച്ചു...“ കല്യാണത്തിനു വന്നിട്ട് ഭക്ഷണം കഴിച്ചതേയുള്ളോ.. സംഭാവനകൊടുത്തില്ലേ...“

“ഇല്ല...“

“കൊള്ളാം... ഇതിനെ ചിലവുള്ളതാ.. എടുത്തോണ്ടു വാ..“

അവൻ അകത്തുപോയി നൂറിന്റെ നോട്ടുമായി വന്നു... ഒരു പാത്രത്തിൽ നിക്ഷേപിച്ചു.

അവരേയും യാത്രയിൽ കൂട്ടി... അവർ ഒരുമിച്ച് ആഘോഷപൂർവ്വം ഓരോ റൂമുകളിലേയ്ക്ക് പോയി.. ഫസലിന് യാതൊരു കുലുക്കവുമില്ല.. അവനും അത് എൻജോയി ചെയ്തു... എല്ലാവരേയും ഒരുമിച്ചു കൂട്ടി നേരേ കാന്റീനിലെ വിശാലമായ ഹാളിലേയ്ക്ക്... അവിടെ സ്റ്റേജുപോലെ ഉയർന്ന ഒരു ഭാഗമുണ്ടായിരുന്നു. മണവാളനേയും മണവാട്ടിയേയും അവിടെ ഇരുത്തി... പലരും കുരവയിടുന്നു. ആരവമുണ്ടാക്കുന്നു...

“ഇനി.. കന്യാദാനമാണ്...“   നേതാവ് ഫസലിന്റെ കൈപിടിച്ച് വരന്റെ കൈയ്യിൽ വച്ചു... വലിയ ഒരു ആരവം അവിടെ ഉയർന്നു...

“ങ്ഹാ.. കലാപരിപാടികൾ ആരംഭിക്കുന്നു. ആദ്യം ഒപ്പന... ജൂനിയേഴ്സിൽ നിന്നും ആറു പേരേ തിരഞ്ഞെടുത്തു. പേടിച്ച് പേടിച്ച് അവരെത്തി... സീനിയേഴ്സിന്റെ കൂട്ടത്തിൽ നല്ല പാട്ടുകാരുമുണ്ടായിരുന്നു... അവർ പാട്ടു പാടിത്തുടങ്ങി..

“കന്നിപ്പളുങ്കേ..പൊന്നും കിനാവേ.... സുന്ദരിപൊന്നാരേ... കൺമണിക്കെന്തിനീ...കള്ള പരിഭവം...
കല്യാണ രാവല്ലേ... അവർ ഡാൻസും കളിക്കാൻ തുടങ്ങി.. മണവാട്ടിയെപ്പോലെ ഫസലും അഭിനയിച്ചു... നാണവും കണ്ണടക്കലുമായി സീൻ കൊഴുപ്പിച്ചു.. ഫസലിന് ഇതൊരു അവസരമായി തോന്നി.. എല്ലാവരും തന്നെ അറിയപ്പെടുമല്ലോ...“

ഇതിനിടയിൽ ഫോട്ടെയെടുപ്പ്... സാങ്കൽപികമായ ഫോട്ടോയെടുപ്പാണ്... സാങ്കൽപികമായ സദ്യവിളമ്പൽ... സദ്യകഴിക്കൽ... കൈകഴുകൽ... യാത്രചോദിച്ച് പോകൽ എന്തുകൊണ്ടും ഒരു കല്യാണവീടിന്റെ പ്രതീതി... എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. രാത്രി ഒരു മണിയായിരിക്കുന്നു.

നേതാവ് സ്റ്റേജിൽ വന്നു...

“പ്രിയ ഡോക്ടേഴ്സ്... ആരോഗ്യപരമായ റാഗിംഗാണ് ഇവിടെ നടന്നിട്ടുള്ളത്... ഇത് നമുക്ക് പരസ്പരം മനസ്സിലാക്കാനും കൂടുതൽ അടുക്കാനുമുള്ള അവസരമാണ്... ഇതിനെ റാഗിംഗ് എന്നു വിളിക്കാനാവില്ല... ഇന്നു ഇത് അവസാനിച്ചു.. നാളെമുതൽ നമ്മൾ നല്ല സുഹൃത്തുക്കളാണ്... ഇതുവെറും ഐസ് ബ്രേക്കിംഗ് ആണ്... കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടത്തിയിട്ടുള്ള ഏറ്റവും നല്ല പരിപാടിയായിരുന്നു ഇന്നത്തേത്... ഫസലിന്റെ സഹകരണം വളരെ പ്രശംസനീയമാണ്...“

എല്ലാവരും കൈകൊട്ടി... “ഇനി എല്ലാവർക്കും പിരിഞ്ഞുപോകാം....“ റാഫീ.. ഫസലിനെ റൂമിലെത്തിക്കണം.. എല്ലാവരും കയറുപൊട്ടി നിക്കുവാ... അവന്റെ വേഷവും ഭാവവും മനസ്സിളക്കുന്നതാ.... ആരേലും റേപ്പ്ചെയ്താൽ നീയാ ഉത്തരവാദി...“

മൂന്നുനാലുപേരുകൂടി അവനെ റൂമിലെത്തിച്ചു.. ധരിച്ച വസ്ത്രങ്ങൾ മാറ്റി മുഖത്തെ പൗഡറും സിന്ദൂരക്കുറിയും മായ്ച്ചുകളഞ്ഞു... നല്ല ഒരു അവസരമായിരുന്നു... ആദ്യ ദിവസം തന്നെ തന്നെ എല്ലാവർക്കും മനസ്സിലായി... കുറച്ച് തൊലിക്കട്ടി കൂടുതലാ തനിക്കെന്നവനറിയാമായിരുന്നു. സാഹചര്യങ്ങൾ അവന്റെ മനസ്സിന് നല്ല കട്ടി നൽകിയിരുന്നു... പുറത്ത് പറഞ്ഞ് കേട്ടതുപോലെ പേടിക്കേണ്ട ഒരു അവസ്ഥയായിരുന്നില്ല കോഴിക്കോട് മെഡിക്കൽകോളജിലേത് എന്ന് അവനുറപ്പിച്ചു...

തലേ ദിവസത്തെ ആഘോഷത്താൽ രാവിലെ എല്ലാവരും താമസിച്ചാണ് ഉണർന്നത്.... തലേ ദിവസത്തെ കാര്യം ആരും ഓർമ്മിപ്പിക്കുകയോ കളിയാക്കുകയോ ചെയ്തില്ല.. എല്ലാവരും അവരവരുടെ ജോലികൾ ചെയ്തു... റഡിയായി കോളേജിലേയ്ക്ക്... ആഴ്ച പെട്ടെന്നാണ് കഴിഞ്ഞത്... ഞായറാഴ്ച്ചയാണിന്ന്... ഉമ്മ പറഞ്ഞതുപോലെ ഇന്നു രാവിലെ തന്നെ  വിഷ്ണുവേട്ടൻ വണ്ടിയുമായി വരും... അമ്മായിയുടെ വീട്ടിലാണ് ഇന്നത്തെ സ്റ്റേ.. നാളെ തിങ്കളാഴ്ച രാവിലെ എന്നെ ഇവിടെ തിരികെവിട്ട് അവർ നാട്ടിലേയ്ക്ക് തിരിക്കും...

കുളി ഒക്കെ കഴിഞ്ഞ് അത്യാവശ്യ വസ്ത്രങ്ങൾ തോൾ ബാഗിലാക്കി അവൻ പുറത്തേയ്ക്കിറങ്ങി.. പലരും അവിടെത്തന്നെയാണ് താമസം... ചിലർ വീട്ടിലേയ്ക്ക് പോകുന്നു. ദൂരെയുള്ളവർ പോകുന്നില്ലെന്ന് ഇന്നലെത്തന്നേ പറഞ്ഞിരുന്നു. പറഞ്ഞ സമയത്തുതന്നെ വിഷ്ണുവേട്ടനെത്തി.. കൂടെ ഉമ്മയും നാദിറയാന്റിയും മകളുമുണ്ടായിരുന്നു.

“ടാ നീയങ്ങു മാറിയല്ലോടാ...“

“ഉമ്മാ... ഇവിടെ ഇങ്ങനെയൊക്കെ കുറച്ച് ജാഡവേണമല്ലോ...“

“ഒരാഴ്ചകൊണ്ട് മുടിയൊക്കെ ഹിപ്പിയെപ്പോലെ ആക്കിയല്ലോടാ...“

“ഇത്താ... ഇവനിത്തിരി ഗ്ലാമർ കൂടിയോന്ന് സംശയം...“

വണ്ടി മുന്നോട്ടെടുത്തു.. “ശരിയാ... കുറച്ചു സുന്ദരനായതുപോലെ..“ വിഷ്ണുവാണത് പറഞ്ഞത്..

അവൻ കോളേജിലെ കഥകൾ പറഞ്ഞുകൊടുത്തു.. എല്ലാവരും വലിയ ആവേശത്തിൽ കേട്ടിരുന്നു. വീട്ടിലെത്തി. വീട്ടിൽ കയറിയതും അവൻ ഞെട്ടിത്തരിച്ചുപോയി... വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു. എല്ലാവരുമൊരുമിച്ച് ഹാപ്പി ബർത്ത്ഡേ പറഞ്ഞ് വരവേറ്റു... തൊട്ടടുത്ത് ഹാപ്പി ബർത്ത്ഡേ ഫസൽ എന്നെഴുതിയ കേക്ക്.. ശരിയാണ്.. ഇന്ന് തന്റെ ബർത്ത്ഡേയാണ്... ഓർമ്മയായ കാലത്തൊന്നും ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല... എന്താണെന്നറിയില്ല... ഉമ്മയോട് പലപ്പോഴും ചോദിക്കണമെന്നു വിചാരിച്ചിച്ചുണ്ട്... പക്ഷേ അതിനുള്ള ധൈര്യമുണ്ടായിട്ടുമില്ല... ആഗസ്റ്റ് മാസം 8-ാം തീയതി... രാത്രി 8 മണിക്ക്... അത് തനിക്കറിയാം.... എല്ലാം എട്ടായിരുന്നു. വർഷംപോലും അവന്റെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു...

“അമ്മായി.. ഇത് എന്റെ മോന്റെ ആദ്യ ബർത്ത്ഡേയാണ്... ഇന്നുമുതൽ എല്ലാ വർഷവും ഇനി ആഘോഷിക്കും.. അവർ അവനെ കെട്ടിപ്പിടിച്ചു... എല്ലാവരും ചുറ്റും കൂടി...

ഇനി നമുക്ക് കേക്ക് മുറിക്കാം.. കേക്കിനു മുകളിൽ ഒരു മെഴുകുതിരി.... നാദിറ അത് കത്തിച്ചു... അവൻ അത് ഊതിക്കെടുത്തി... എല്ലാവരും അവന് ആശംസ പറഞ്ഞുകൊണ്ട് ഹാപ്പി ബർത്ത്ഡേ പാടി... അവൻ കേക്ക് മുറിച്ചു ഒരു കഷണം സഫിയയുടെ വായിൽ വച്ചുകൊടുത്തു... അതിൽ ഒരു പീസ് അവർ അവന്റെ വായിൽ വച്ചുകൊടുത്തു.. അമ്മായി വീൽച്ചെയറിൽ തൊട്ടടുത്തുണ്ടായിരുന്നു. അവർക്കും കൊടുത്തു... എല്ലാവർക്കും അവൻ മുറിച്ച് വായിൽ വച്ചുകൊടുത്തു... അതു കഴിഞ്ഞ് നല്ല വിഭവസമൃദ്ദമായ  ഭക്ഷണമായിരുന്നു... ഹോസ്റ്റലിലെ ഭക്ഷണം അത്ര നല്ലതല്ലായിരുന്നു... ആയതിനാൽ അവൻ നന്നായി കഴിച്ചു... അതും ഒരു ആഘോഷത്തിന്റെ രാവായിരുന്നു... എല്ലാവരും ഒരുമിച്ച് ഹാളിലിരുന്നു അവന്റെ കോളേജ് ജീവിതം അറിയാനായിരുന്നു ജിജഞാസ.. അവൻ നടന്ന സംഭവങ്ങൾ പൊടിപ്പും തൊങ്ങലും വച്ചു അവരോടു വിവരിച്ചു... അവന്റെ വിവരണം കേട്ട് അവരുപോലും ഞെട്ടിപ്പോയി.... ഇവനിത്രയൊക്കെ ധൈര്യമോ...

“ടാ... പുളു പറയല്ലേ....“ സഫിയ പറ‍ഞ്ഞു..

“ഞാനെന്തിനാ ഉമ്മാ പുളു പറയുന്നത്. സത്യം.. നടന്ന കാര്യങ്ങൾ ഇല്ലെങ്കിൽ ഗോപിയങ്കിളിനോട് ചോദിച്ചോ...“

രാത്രി വളരെ വൈകുവോളം അവരോരോ കാര്യങ്ങളും പറഞ്ഞിരുന്നു. അമ്മായി കൂടുതൽ ഉറക്കമൊഴിക്കേണ്ടതില്ലെന്നു പറഞ്ഞ് അവർ എല്ലാവരും പിരിഞ്ഞു... നാദിറയും സഫിയയും റൂമിലേയ്ക്ക് പോയി... ഫസലും വിഷ്ണുവും മുകളിലത്തെ റൂമിലേയ്ക്ക്..

സഫിയയ്ക്ക് പലവിധ ചിന്തകളായിരുന്നു. ഈ ദിവസമാണ് അവൻ ജനിച്ചത്... വിവാഹത്തിന് ഇഷ്ടമല്ലായിരുന്നു വാപ്പാന്റെ ആഗ്രഹപ്രകാരം... എതിർത്തില്ല.. തന്റെ സ്വപ്നങ്ങൾക്ക് ചിറകുകളില്ലായിരുന്നു... അവന്റെ ജനനം കഴിഞ്ഞ് ആദ്യ ജന്മദിനം പരസ്പരം അറിഞ്ഞു വരുന്നതിനു  മുന്നേ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അതിനാൽ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാനായിരുന്നില്ല... ഇന്ന് താൻ സംതൃപ്തയാണ്... എല്ലാം ഒരുമിച്ച് ആഘോഷിച്ചല്ലോ... കഴിഞ്ഞ കാലങ്ങളെല്ലാം മറക്കാം... എത്ര മറന്നാലും ഓർമ്മകൾ വീണ്ടും മറവിയുടെ മൂടുപടം തകർത്ത് വെളിയിലേയ്ക്ക് വരും... എത്ര ശക്തമായ മൂടുപടമാണെങ്കിലും ഓർമ്മകളുടെ മുന്നിൽ തകർന്നുവീഴും...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ



    
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ