11.7.20

നിഴൽവീണവഴികൾ ഭാഗം 82



രാവിലെ വിഷ്ണുവും ഫസലുമാണ് റഷീദിനൊപ്പം പോകുന്നത്.. അൻവറിന് ഓഫീസിൽ പോകണം അതിനാൽ റഷീദ് തന്നെയാണ് പറഞ്ഞത് ഇവര് രണ്ടുപേരും മതിയെന്ന്. മാത്രമല്ല ഫസൽ വലുതായല്ലോ...

രാവിലെ 3 മണിക്കുതന്നെ എല്ലാവരും ഉണർന്നു... പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. വിഷ്ണു അപ്പോഴേയ്ക്കും വീട്ടിലെത്തി. ഫസലും വിഷ്ണുവും റഷീദിന്റെ ബാഗെടുത്ത് വണ്ടിയിൽ വച്ചു. അൻവറും അവരോടൊപ്പം സിറ്റിവരെ കാണും.. അവിടുന്നു അതിരാവിലെയുള്ള ട്രെയിനിൽ പോകാനുള്ള തീരുമാനത്തിലുമായിരുന്നു. റഷീദിന് വിഷമമുണ്ട്.. തന്റെ കുഞ്ഞുമോളെ നേരേചൊവ്വേയൊന്നു താലോലിക്കാനുള്ള സമയംപോലും കിട്ടിയില്ല.. അവൾക്ക് അൽപാൽപം അറിവുവച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ വാപ്പയെന്നു വിളിക്കും. കാണുമ്പോൾ ഓടി കൈകളിലേയ്ക്ക് വീഴും... 

കുഞ്ഞിനും മനസ്സിലായെന്നു തോന്നുന്നു . രാവിലെ തന്നെ അവളും ഉണർന്നു, വാപ്പ എടുക്കണമെന്നുപറഞ്ഞ് നിർബന്ധം പിടിച്ചു. റഷീദും അവളുമായി മുറ്റത്തിറങ്ങി.. വാപ്പയോട് സ്നേഹപ്രകടനമായിരുന്നവൾക്ക്... ഇതിനിടയിൽ അവളുടെ ഉമ്മ വന്ന് കൈകാണിച്ച് എടുക്കാൻ നോക്കി.. പോയില്ല.. നാദിറയും വന്നു.. ആരുടെയും അടുത്തു പോകാതെ അവൾ മുറുകെപിടിച്ചിരിക്കുകയായിരുന്നു . 

“റഷീദേ.. ഇനി താമസിപ്പിക്കേണ്ട.. ഇറങ്ങിക്കോ... അവൾക്കറിയാം നീ ഇന്നു പോകുന്ന കാര്യം... നീ വിഷമിക്കേണ്ട... ‍ഞങ്ങൾ നോക്കിക്കൊള്ളാം...“

മനസ്സില്ലാ മനസ്സോടെ.. കുഞ്ഞിനെ സഫിയയെ ഏൽപിക്കാൻ ശ്രമിച്ചു.. അവൾ പോകുന്നില്ല... സഫിയ അൽപം ബലം പ്രയോഗിച്ച് അവളെ വേർപെടുത്തി. അവൾ... “പ്പാ.. പ്പാ..“ എന്നു പറഞ്ഞ് കരയാൻ തുടങ്ങി... അവിടെയുള്ള എല്ലാവരുടേയും കണ്ണുകൾ നനയിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. റഷീദിന്റെ കണ്ണുകളിലും കണ്ണുനീരു കിനിഞ്ഞു... സഫിയയുടെ കൈയ്യിൽ കൊടുക്കുന്നതിനു മുന്നേ ഒരു മുത്തം അവൾക്കു നിൽകി.. അകത്ത് വാതിലിനരുകിൽ ഉള്ളുകൊണ്ട് കരഞ്ഞുകൊണ്ട് അയാളുടെ ഭാര്യ നിൽപ്പുണ്ടായിരുന്നു.. ഏതു ദുഃഖ സാഹചര്യത്തിലും അവൾ മുഖത്ത് പുഞ്ചിരിക്കാൻ ശ്രമിക്കുമായിരുന്നു. പക്ഷേ ഇന്ന് ഇപ്പോൾ അവളുടെ മുഖത്ത് വിഷമം തളംകെട്ടിയിരിക്കുന്നു എന്ന് റഷീദിന് മനസ്സിലായി. മകളുടെ കരച്ചിൽ വകവയ്ക്കാതെ വാപ്പാന്റെ അടുത്തെത്തി.. വാപ്പയേയും ഉമ്മയേയും കെട്ടിപിടിച്ചു മുത്തം നൽകി .. എല്ലാവരോടും യാത്ര പറഞ്ഞു വണ്ടിക്കടുത്തേയ്ക്ക് തിരിഞ്ഞു.. 

അവൾ അപ്പോഴും കര‍ഞ്ഞുകൊണ്ടിരിക്കുകയായിരുന്നു... വാ.. വാ... എന്നു പറഞ്ഞു റഷീദിനെ വിളിക്കുന്നുണ്ടായിരുന്നു. ഇനി നിന്നാൽ അവിടൊരു സീനാകുമെന്ന് റഷീദിന് തോന്നി... 

“വിഷ്ണു വണ്ടിയെട്...“

അവർ മൂവരും വിഷ്ണുവും യാത്ര തുടർന്നു... കുറച്ചുനേരത്തേയ്ക്ക് വാഹനത്തിനുള്ളിൽ നിശബ്ദതയായിരുന്നു. സിറ്റിയിലെത്തിയപ്പോൾ അൻവർ യാത്രപറഞ്ഞിറങ്ങി.. റഷീദിനെ ആശ്ലേഷിച്ച് യാത്രയാക്കി... റഷീദ് ഇടയ്ക്കിടയ്ക്ക് ഫസലിനോട് കുശലം ചോദിച്ചുകൊണ്ടിരുന്നു. വാഹനം ഹൈവേയിൽ കടന്ന് അൽപാൽപം സ്പീഡ്കൂടിയും കുറഞ്ഞും ഓടിക്കൊണ്ടിരുന്നു  ...

ഏകദേശം എട്ടു മണിയോടു കൂടി അവർ എയർപോർട്ടിലെത്തി. രാവിലെ 10.30 നാണ് ഫ്ലൈറ്റ്.. എയർപോർട്ടിലെത്തി അവർ ഒരുമിച്ച് ക്യാന്റീനിൽ നിന്നും ചായ കുടിച്ചു. റഷീദിന്റെ കൈയ്യിലുണ്ടായിരുന്ന ആയിരം രൂപ ഫസലിന്റെ കൈയ്യിൽ കൊടുത്തു. ആയിരം രൂപ വിഷ്ണുവിനും കൊടുത്തു.. ഇതു നിങ്ങടെ കയ്യിലിരിക്കട്ടെ.. പോകുന്നവഴിക്ക് വയറു നിറച്ചു വല്ലതും കഴിക്കണം... ഫസലേ നിനക്കുള്ള പോക്കറ്റ് മണിയാണിത്. ടിക്കറ്റ് കൺഫോമായതുകൊണ്ട് പേടിക്കേണ്ട ആശ്യമില്ല.. റഷീദ് രണ്ടാളോടും യാത്ര പറ‍ഞ്ഞ് എയർപോർട്ടിന്റെ പ്രവേശന കവാടത്തിലൂടെ അകത്തേയ്ക്ക് നടന്നു .. അകത്തു കയറി രണ്ടാളേയും നോക്കി കൈ വീശിക്കാണിച്ചു. 

അവർ അൽപനേരം കൂടി അവിടെ നിന്നു.. അതിനുശേഷം രണ്ടാളും വണ്ടിക്കടുത്തേയ്ക്ക് നീങ്ങി... 

“ഫസലേ നിനക്ക് വിശക്കുന്നില്ലേ .. വെറും ചായയല്ലേ കഴിച്ചുള്ളൂ...“

“ഇപ്പൊ വേണ്ട വിഷ്ണുവേട്ടാ.. .നമുക്ക് പോകുന്നവഴി കഴിഞ്ഞപ്രാവശ്യം കയറിയ കടയിൽ കയറി നല്ല ബീഫും പൊറോട്ടയും കഴിക്കാം...“

“ഓക്കെ. നിന്റെ ഇഷ്ടം...“

“ഫസലേ... എടാ...ഫസലേ....“

അവന്റെ പേരുവിളിക്കുന്നിടത്തേയ്ക്ക് ഫസൽ തിരിഞ്ഞുനോക്കി... അപ്രതീക്ഷിതമായ അവളെ കണ്ടത് അവന് അത്ഭുതമായിരുന്നു.

“ഐഷു എന്താ ഇവിടെ..“ ഐഷുവും കൂടെ ഉമ്മയുമുണ്ടായിരുന്നു. അവൻ തെല്ലൊരത്ഭുതത്തോടെ അവളെ നോക്കി.. രണ്ടാളും തമ്മിൽ കണ്ടിട്ട് ഏകദേശം മൂന്നാഴ്ചയിൽ കൂടുതൽ ആയിരിക്കുന്നു.

“ഞങ്ങൾ രാവിലെയുള്ള ഫ്ലൈറ്റിൽ പോന്നു. .വാപ്പ വരാനായിരുന്നതാ.. പക്ഷേ ഒരു ദിവസം കൂടി കഴിയും. എനിക്ക് നാളെ ക്ലാസ്സിനുപോകണമെന്നു വിചാരിച്ചു ഞങ്ങൾ രാവിലെയിങ്ങു പോന്നു.“

“ഫസലേ എന്തുണ്ട് വിശേഷം.. എന്താ നീ ഇവിടെ..“ അവളുടെ ഉമ്മയാണ് ചോദിച്ചത്.

“എന്റെ റഷീദ് മാമ ഇന്ന് സൗദിയിലേയ്ക്ക് പോകുന്നുണ്ടായിരുന്നു. ഇവിടെ കൊണ്ട് വിടാൻ വന്നതാ..“

“എന്നിട്ട് മാമ പോയോ...“ അവൾ ചോദിച്ചു.

“പോയി...“

“കഷ്ടമായിപ്പോയി... കാണാൻ പറ്റിയില്ലല്ലോ..“

“അത് നിങ്ങൾ വരുന്ന കാര്യം പറഞ്ഞില്ലല്ലോ...“

“അതിന് നിന്റെ മാമ പോകുന്നകാര്യം എന്നെ അറിയിച്ചില്ലല്ലോ..“

“വേണ്ട വേണ്ട.. ഇനി തർക്കംവേണ്ട...“

“ശരി.. ഞങ്ങളുടെ വണ്ടി അതാ വരുന്നു. പോട്ടേ... നീ നാളെ വരുമോ.. പിന്നെ... കഴിഞ്ഞ ക്ലാസ്സിലെ നോട്സൊക്കെ കൊണ്ടുവരണേ...“

“ശരി. കൊണ്ടുവരാം... ഇത് വിഷ്ണുവേട്ടൻ. ഞങ്ങടെ അയൽപക്കത്തുള്ളതാ... വിഷ്ണുവേട്ടനാ ഞങ്ങളെ കൊണ്ടുവന്നത്.. “ അവൻ വിഷ്ണുവിനെ പരിചയപ്പെടുത്തി.

അവർ യാത്ര പറഞ്ഞു പിരിഞ്ഞു... ഐഷുവും ഉമ്മയും അവരുടെ മേഴ്സിഡസ് വാഹനത്തിൽ കയറി ടാറ്റാ പറഞ്ഞ് യാത്രയായി...

“ടാ കള്ളാ... ഏതാടാ ആ കുട്ടി...“

“അതോ... അത് എന്റെ കൂടെ പഠിക്കുന്ന കുട്ടിയാ..“

“അതറിയാം.. പക്ഷേ എന്തോ വശപ്പിശക് നിങ്ങൾ തമ്മിലുണ്ടല്ലോ..“

“ഇല്ല വിഷ്ണുവേട്ടാ.. ഒന്നുമില്ല. ഒന്നിച്ചു പഠിക്കുന്നെന്നേയുള്ളൂ...“

“അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.. എന്തായാലും നല്ല കുട്ടിയാ.. സുന്ദരികുട്ടിതന്നെയാ... പിന്നെ നിങ്ങൾ തമ്മിൽ നല്ല മാച്ചായിരിക്കും...“

“പോ വിഷ്ണുവേട്ടാ...“

“കണ്ടാ ചെക്കന് നാണംവന്നത്..“

അവർ രണ്ടാളും കാറിൽ കയറി.. ശരിയാ വിഷ്ണുവേട്ടൻ പറഞ്ഞതുപോലെ... അവളിന്ന് എന്നത്തേയുംകാൾ സുന്ദരിയായി കാണപ്പെട്ടു.. കുറച്ച് മോഡേൺ ഡ്രസ്സ് ധരിച്ചിരുന്നതുകൊണ്ടായിരിക്കാം. കുറച്ചു ദിവസങ്ങൾ മാറി നിന്നതിന്റെ വിഷമം അവളുടെ മുഖത്ത് കാണാമായിരുന്നു. അവളുടെ കണ്ണുകളിലെ തിളക്കം കണ്ടാൽ ആർക്കും മനസ്സിലാകും. ഒരുപക്ഷേ വിഷ്ണുവേട്ടൻ അത് കണ്ട് മനസ്സിലാക്കിയതായിരിക്കും. വേണ്ട.. ഒന്നും അറിയേണ്ട ആരും.

അവർവണ്ടിയിൽ കയറി യാത്രയായി... രണ്ടാളും ഓരോരോ കാര്യങ്ങളും പറഞ്ഞിരുന്നു. ഇടക്കെപ്പോഴോ ഫസൽ ഒന്നു മയങ്ങിപ്പോയി... വിഷ്ണുനോക്കുമ്പോൾ അവൻ നല്ല ഉറക്കമാണെന്നു മനസ്സിലായി വിളിച്ചില്ല.. ഒരുമണിക്കൂറോളം ഓടിക്കഴിഞ്ഞപ്പോൾ അവർ എയർപോർട്ടിൽ വരുമ്പോൾ ചായകുടിക്കാറുള്ള കടയുടെമുന്നിൽ വണ്ടിയെത്തി.. വിഷ്ണു പതുക്കെ ഫസലിനെ തട്ടിയുണർത്തി.. 

“ഇത്രപെട്ടെന്നെത്തിയോ... “

“വീട്ടിലെത്തിയില്ലമോനേ.. നീ പറഞ്ഞ കടയെത്തി നമുക്ക് കഴിച്ചിട്ടു പോകാം..“

അവർ രണ്ടാളും പുറത്തിറങ്ങി... ഫസൽ അവന് ഇഷ്ടപ്പെട്ട പൊറാട്ടയും ബീഫും കഴിച്ചു .. വിഷ്ണുവിന് ഇഷ്ടം പുട്ടും പയറും പപ്പടവുമായിരുന്നു. അവർ രണ്ടാളും കഴിച്ച് കൈകഴുകി പണം നൽകി വീണ്ടും വാഹനത്തിൽ കയറി...

ഇനി രണ്ടുമണിക്കൂറത്തെ ഓട്ടമുണ്ട്... ഞായറാഴ്ചയായിരുന്നതിനാൽ പൊതുവേ റോഡിൽതിരക്കു കുറവായിരുന്നു. 

...വാഹനം വീടിനടുത്തെത്തി... വീടിനു മുന്നിൽ മറ്റൊരു വാഹനം കിടക്കുന്നതു കണ്ടു. ആരായിരിക്കുമത്.

“ഫസലേ.. വീട്ടിലാരോ വന്നിരിക്കുന്നു..“

“അറയില്ല വിഷ്ണുവേട്ടാ...“

“ഫസലേ.. എനിക്ക് വേറേ ഓട്ടമുണ്ട്.. നീ ഇറങ്ങിക്കോ...“

അവൻ വാഹനത്തിൽ നിന്നുമിറങ്ങി.  നേരേ വീട്ടിനടുത്തേയ്ക്ക്.

പുറത്തുനിന്നു അവൻ കണ്ടു.. മൗലവിയാണ്... എന്തോ ആവശ്യത്തിനു വന്നതായിരിക്കും..

അവൻ അകത്തേയ്ക്ക് കയറി.. അവനെ കണ്ടയുടൻ.

“എന്താ ഫസലേ എത്ര നേരമായി ഞാനിവിടെ വന്നിരിക്കുന്നു.

“അത്.... ‍ഞാൻ..“

“ഓ ഞാൻ വെറുതേ പറഞ്ഞതാ... ഇവിടെ അടുത്ത് ഒരു പരിപാടിയുണ്ട്. അതിനായി വന്നതാ... പിന്നെ റഷീദ് വിളിച്ചിരുന്നു. പോകുന്നത് അതി രാവിലെയാണെന്ന് കരുതിയില്ല.. ഒരു കാണാമെന്നുകരുതി.. പക്ഷേ ഞാൻ താമസിച്ചുപോയി..

അവൻ തലയാട്ടി..

“പിന്നെ യാത്രയൊക്കെ സുഖമായിരുന്നില്ലേ .

“ഉവ്വ്... “

“ഫസല് ഫ്രീയാണെങ്കിൽ എന്നോടൊപ്പംപോരേ.. ഇവിടെ ഒരു ചെറിയ ചടങ്ങുണ്ട്... അത് കഴിഞ്ഞ് ഇവിടെ തിരികെ കൊണ്ട് ആക്കാം..“

“അവന് സന്തോഷമായി.. നേരേ അകത്തേയ്ക്ക പോയി ഒന്നു ഫ്രഷായി. ഉമ്മാനോടും ഉപ്പാനോടും യാത്രപറ‍ഞ്ഞ് ഫസൽ പുറത്തേയ്ക്കിറങ്ങി.

അവർ രണ്ടാളും പിറകിലത്തെ സീറ്റിലാണ് കയറിയത്..

“എന്ത് പരിപാടിയാ...  പ്രസംഗമാണോ .“

“അല്ലെന്നേ.. ചെറിയൊരു മാർഗ്ഗക്കല്യാണം... ബന്ധുവിന്റെയാ... അക്കൂട്ടത്തിൽ നിങ്ങടെ വീട്ടിലൊന്നു കയറിയതാ...

“എന്താ ഞാനതു പറഞ്ഞപ്പോൾ നിന്റെ മുഖത്തൊരു നാണം.“

അപ്രതീക്ഷിതമായി മൗലവി അവന്റെ തുടയിലൊരു നുള്ളുകൊടുത്തു...

“നിന്റെ ആരാ സുന്നത്ത് കല്യാണം ചെയ്തത്...“

“അത്... കുട്ടിക്കാലത്താ.. ആരാന്ന് ഓർക്കുന്നില്ല.“

ഒരു മുസൽമാനെസംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണിത്... ആൺകുട്ടി ജനിച്ചുകഴിഞ്ഞാൽ അത് ഒരു ചടങ്ങായി നടത്താറുണ്ട്. വേദനാജനകമായ ദിവസങ്ങളായിരിക്കും. അവന്റെ ഓർമ്മയിലും അത് ഓടിയെത്തി... സന്തോഷപൂർവ്വം ഓടിക്കളിച്ചു നടന്ന തന്നെ അപ്രതീക്ഷിതമായി അകത്തേയ്ക്കു വിളിക്കുന്നു. രണ്ടുപേരും ബലമായി പിടിച്ച് നിക്കർ ഊരി മാറ്റുന്നു. എതിർക്കാൻ ശ്രമിച്ചിട്ട് അതിനുള്ള ശക്തിയുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരു ഉറുമ്പു കടിക്കുന്ന വേദന തന്റ ജനനേന്ത്രീയത്തിൽ അനുഭവപ്പെട്ടത്... പിന്നെ കുറേ ദീവസത്തേയ്ക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കാൻ വയ്യാത്ത രീതിയലുള്ള വേദനയായിരുന്നു. അർദ്ധനഗ്നനായി ഇരുട്ടുമുറിയിൽ....
പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത്. വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.  പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തു വരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്.പഴയ കാലങ്ങളിൽ ഒസ്സാൻമ്മാരായിരുന്നു [ബാർബർ ] ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്.ഇസ്ലാം മതം ശാരീരിക ശുദ്ധിക്ക് വളരെ അധികം പ്രാധാന്യം കൽപ്പിക്കുന്നു പ്രാർത്ഥനയ്ക്ക് മുൻപ് ശാരീരിക ശുദ്ധി വരുത്തുന്നത് വളരെ ഏറെ പ്രധാനം ആണ്.ഈ കാലഘട്ടത്തിൽ ശാരീരിക ശുദ്ധിക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട് .ശാരീരിക അകലവും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുക .ഇനി അങ്ങോട്ട് ജാഗ്രത മാത്രം പോരാ ഭയവും വേണം.....

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  19  07 2020 
സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  12 07 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ