25.7.20

നിഴൽവീണവഴികൾ ഭാഗം 84


ഫസൽ പഠനത്തിൽ മുഴുകി.. കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളൊന്നും അവനെ അലട്ടിയതേയുണ്ടായിരുന്നില്ല. രാത്രിയിൽ കുറച്ചു വൈകിയാണ് അവൻ ഉറങ്ങാൻ കിടന്നത്. അടുത്ത ദിവസം ടെസ്റ്റ്പേപ്പറുണ്ട്. ജയിക്കാനുള്ള മാർക്കില്ലെങ്കിൽ ഐഷു പിണങ്ങും അതുകൊണ്ടു മാത്രമാണ് കുറച്ചുനേരം ഇരുന്നു പഠിച്ചത്. ബെഡ്ഡിൽ കിടന്നതും പെട്ടെന്നുതന്നെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

രാവിലെ അവൻ വലിയ ഉത്സാഹത്തോടെ ഉറക്കമുണർന്നു. അടുത്ത പത്തു ദിവസം കൂടി കഴിഞ്ഞാൽ എൻഡ്രൻസ് എക്സാമാണ്. അതിനുള്ള തയ്യാറെടുപ്പുകളൊക്കെ പൂർത്തിയാക്കേണ്ടതുണ്ട്. എന്താകും ഭാവിയെന്നതിനെക്കുറിച്ച് ഇപ്പോഴും ഒരുറപ്പില്ല.. പല ദിവസവും ക്ലാസ്സിൽ നല്ല രീതിയിൽ പെർഫോം ചെയ്യാനായിട്ടുമില്ല. പിന്നെ അവന്റെ ഉത്സാഹമെന്നു പറയുന്നത് ഐഷു ഇന്നുമുതൽ ഉണ്ടാകുമെന്നതുതന്നെയാണ്.

അവളുടെ സാമീപ്യം തനിക്ക് വളരെയൊരു ആശ്വാസമാണെന്നത് തിരിച്ചറിഞ്ഞത് ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ്. അവളില്ലാത്ത കോളേജിലേയ്ക്കുള്ള യാത്ര തികച്ചും ബോറായിരുന്നു. ദിവസേനയുള്ള പാഠഭാഗങ്ങളൊക്കെ അവളെ വിളിച്ചു പറയുമായിരുന്നു. അതു കൂടാതെ അവളെ അവിടെ പഠിപ്പിക്കാൻ അവിടെ ഒരു പ്രൊഫസറെ അവളുടെ വാപ്പ അറേഞ്ചുചെയ്തിരുന്നു. അതുകൊണ്ട് അവൾക്ക് ക്ലാസ്സ് മിസ്സിങ്ങായിട്ടുമില്ല.

“എന്താടാ നിനക്കിത്ര സന്തോഷം രാവിലെ.“

“എന്താ ഉമ്മാഇത്.. മക്കളുടെ സന്തോഷമല്ലേ ഉമ്മമാർക്ക് സന്തോഷം .“

സഫിയയുടെ ഉത്തരം മുട്ടിപ്പോയി... 

“ങ്ഹാ എനിക്കറിയാ... ഇന്നവളുവരുന്ന ദിവസമല്ലേ.. അതായിരിക്കും...“

“ഉമ്മാ... ഞങ്ങൾ നല്ല സുഹൃത്തുക്കളാ... വെറുതേ തെറ്റിദ്ധരിക്കരുതേ..“

“എടീ.. നാദിറാ... എനിക്കിവനോട് തർക്കിച്ചുനിൽക്കാനാവില്ല.. ഇപ്പോഴത്തെ പിള്ളേരൊക്കെ വളരെ ബുദ്ധിമാന്മാരാ..“

“ശരിയാ നാത്തൂനേ... ഇവനങ്ങു വലുതായില്ലേ... ഇനി പിടിച്ചാൽ കിട്ടൂല്ല...“

“ടാ... 24-ാം തീയതി പരീക്ഷയല്ലേ.. നീ എല്ലാം പഠിച്ചുകഴിഞ്ഞോ...“

“പിന്നെന്താ... എന്നാൽ കഴിയുന്നതൊക്കെ പഠിച്ചിട്ടുണ്ട്... പിന്നെ.. ലക്ഷക്കണക്കിനു കുട്ടികൾ എഴുതുന്ന എക്സാമാണ്... ആഗ്രഹമുണ്ട്. കിട്ടുമെന്ന് പ്രതീക്ഷയുണ്ട്... പിന്നെല്ലാം പടച്ചോന്റെ കയ്യിലല്ലേ...?“

“ശരിയാ... ഇവിടെവരെയെത്തിച്ച പടച്ചോൻ അതിനുള്ള വഴിയൊക്കെ കാണിച്ചുതരും...“ സഫിയ പറഞ്ഞു.

“പിന്നെ.. നിന്റെ സുഹൃത്ത് അലി മൗലവി രാത്രിയിൽ ഉപ്പാനെ വിളിച്ചിരുന്നു. നിന്റെ പഠിത്തം കഴിഞ്ഞ് കുറച്ചു ദിവസം റിസൾട്ടിനുവേണ്ടി കാത്തിരിക്കുന്ന സമയമുണ്ടല്ലോ.. ആ സമയത്ത് നിന്നെ അദ്ദേഹത്തിന്റെ കൂടെ വിടാമോ എന്നു ചോദിച്ചു... ഉപ്പ ഒന്നും പറഞ്ഞില്ല.. നിന്റെ ആഗ്രഹം അറിഞ്ഞിട്ടു മതിയെന്നു പറഞ്ഞു.“

“എന്നോടൊന്നും മൗലവി പറഞ്ഞില്ലല്ലോ... എന്തായാലും... അദ്ദേത്തിന് എന്നെ ആവശ്യമാണ്... കാരണം ഞാനും അദ്ദേഹവും ഖുർആൻ വിശകലനം ചെയ്യുന്നത് ഏകദേശം ഒരുപോലെയാണ്... എനിക്ക് പലതും കാണാതെയറിയാ.. അദ്ദേഹത്തിന് ഖുർആൻ  നോക്കേണ്ടിയും വരും... പിന്നെ അങ്ങനെയൊരു അവസരം കിട്ടിയാൽ നല്ലതാ... ഉമ്മയും ഉപ്പയും പറഞ്ഞാലേ ഞാൻ പോവൂ...“

“ഉപ്പയ്ക്ക് എതിർപ്പൊന്നുമില്ല... ഈ കുടുംബത്തിനു കിട്ടുന്ന ഒരു അംഗീകാരമല്ലേ അതൊക്കെ... പിന്നെ എല്ലാദിവസവും പോകാനും പറ്റില്ല... പഠനം തുടങ്ങിയാൽ അതിലായിരിക്കണം ശ്രദ്ധ...“

“അതൊക്കെ ഞാനേറ്റു... എന്തായാലും ഈ വെക്കേഷന് ഒന്നു സൗദിയിലേയ്ക്ക് പോയാൽ കൊള്ളാമെന്നുണ്ട്.. പരീക്ഷ കഴിഞ്ഞാൽ ഡ്രൈവിംഗ് ടെസ്റ്റുണ്ട്. അതോടൊപ്പം പാസ്പോർട്ടിനും അപേക്ഷിക്കണം.“

“ചെക്കന്റെ ആഗ്രഹമൊക്കെ കൊള്ളാലോ...“

“ഉമ്മാ.. മാമ പറഞ്ഞതാ... എന്നെക്കൊണ്ടുപോകാമെന്ന്.. ഉമ്മ വരുന്നെങ്കിൽ പോരേ...“

“ഞാനെങ്ങും വരുന്നില്ല. ഉമ്മയും വാപ്പയും പ്രായമായിരിക്കുന്നു. പിന്നെങ്ങെനെയാ ഞാൻ അവരെ വിട്ട് പോരുന്നേ..“

“സഫിയാ.. നീ അതൊന്നുമോർത്തു വിഷമിക്കേണ്ട... ഇവിടെ ഞങ്ങടെ കാര്യം ഒരു പ്രശ്നമേയല്ല...“

ഹമീദ് റൂമിന് പുറത്തേക്കിറങ്ങിയത് സഫിയയുടെയും ഫസലിന്റെയും സംഭാഷണം കേട്ടുകൊണ്ടാണ്.

“ഇല്ല വാപ്പ... അവന് വേണേങ്കി പോയിട്ടു പോരട്ടേ... എനിക്ക് താല്പര്യമില്ല... എല്ലാറ്റിനും ഒരു സമയമുണ്ട്. അന്നാകട്ടെ..“

ഹമീദ് മറുത്തൊന്നും പറയാൻ പോയില്ല...

“ഇതാരാ വരുന്നേ സുന്ദരിക്കുട്ടി...“

റഷീദിന്റെ മകൾ പിച്ചവച്ചു തുടങ്ങിയിരിക്കുന്നു. നടക്കും ഇടയ്ക്ക് വീഴും. നടന്നു തുടങ്ങിയതിൽ പിന്നെ എങ്ങും ഓടിനടക്കുകയാണ്. എല്ലാവർക്കും വലിയ സന്തോവുമാണ്. 

“... ഫസലേ.. നീ ആദ്യം നന്നായി പഠിച്ച് പരീക്ഷയെഴുതൂ.. പിന്നീടാവാം ബാക്കിയൊക്കെ.. മൗലവിയോടൊപ്പം പോകുന്നതിൽ പ്രശ്നമൊന്നുമില്ല.. നല്ല മനുഷ്യനാ... നല്ലൊരു വാഗ്മിയുമാണ്. ഇന്ന് ഈ കേരളക്കരയിൽ അദ്ദേഹത്തെപ്പോലെ ഖുർആൻ അപഗ്രഥിക്കാൻ മറ്റാരുമില്ല.. അതു മാത്രമല്ല.. നല്ല ഈണത്തിൽ ബാങ്കുവിളിക്കുകയും ചെയ്യും... വളരെ കഷ്ടപ്പെട്ടു പഠിച്ചുവന്നതാ... ഇന്ന് നല്ല നിലയിലെത്തി.. ധാരാളം അനാഥാലയത്തിന്റെ ചുമതലയുമുണ്ട്.. ഒരുപാട് സേവന സന്നദ്ധ പ്രവർത്തനങ്ങളും നടത്തുന്നു. നമുക്കു വിശ്വസിക്കാൻ പറ്റിയ ഒരു നല്ല മനുഷ്യനാണ് അദ്ദേഹം.. നിനക്ക് ഇഷ്ടമാണെങ്കിൽ പൊയ്ക്കോ... പക്ഷേ പഠനം മുടക്കരുത്..“

ഫസൽ ചിന്തിക്കുകയായിരുന്നു. എന്തു നല്ല അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച്.. തനിക്കല്ലേ അറിയാവൂ.. അയാളുടെ യഥാർത്ഥ മുഖം.. വേണ്ട.. അതൊന്നും ചിന്തിക്കാനുള്ളതല്ല..

“ശരിയാ ഉപ്പ.. എനിക്കും നല്ലതാല്പര്യമുള്ളതാ.. നോക്കാം...“

അവൻ കാപ്പികുടിച്ച് ക്ലാസ്സിനു പോകാനിറങ്ങി... ഉപ്പ അവനെ വിളിച്ചു നൂറു രൂപയുടെ ഒരു നോട്ടു കൊടുത്തു...

“ഇതെന്തിനാ ഉപ്പാ...“

“ഇന്നലെ റഷീദിന്റെ പൈസ വന്നിരുന്നു. ഇത് നിനക്കുള്ളതാ.. പോക്കറ്റ്മണി.. പിന്നെ അനാവശ്യമായി ചിലവാക്കരുത്..“

“ഇല്ലുപ്പാ..“

അവൻ യാത്രപറഞ്ഞ് പുറത്തേക്കിറങ്ങി... നേരേ ബസ്റ്റാന്റിലേയ്ക്ക്.. അവിടുന്നു ആദ്യം കിട്ടിയ ബസ്സിൽ കയറി... എന്നും അവൻ നിൽക്കുന്ന ജംഗ്ഷനിൽ നിന്നു. കൃത്യ സമയത്തു തന്നെ അവരുടെ വാഹനമെത്തി.. ഇന്ന് ഡ്രൈവറാണ് വന്നത്. വാപ്പ ഇതുവരെ തിരികെയെത്തിയില്ല..

അവൻ ഫ്രണ്ട് സീറ്റിൽ കയറി... 

“നീ നേരത്തേ എത്തിയോ...“

“ഇല്ല ഐഷു... ഞാനിപ്പോഴെത്തിയതേയുള്ളൂ... പിന്നെ ഇന്ന് ടെസ്റ്റ്പേപ്പറാ.. നീ വല്ലതും പഠിച്ചോ..“

“എന്തു പടിക്കാനാ... അറിയാവുന്നതൊക്കെ എഴുതും... അടുത്താഴ്ച മോഡൽ എക്സാമാണെന്നു വിളിച്ചു പറഞ്ഞു... ഇനി പത്തു ദിവസമല്ലേയുള്ളൂ ഫൈനൽ എക്സാമിന്... എന്തായാലും അതു കഴിഞ്ഞാൽ കുറച്ചൊരു റസ്റ്റ് കിട്ടുമല്ലോ..“

“അതല്ലന്നേ... വാപ്പ ഉടനൊന്നും വരില്ല... കുറച്ചു ദിവസം കൂടി അവിടെ നിൽക്കേണ്ടിവരും.. ഇവിടെ എന്റെ എക്സാം കഴിഞ്ഞ് അടുത്ത ദിവസം തന്നെ തിരികെ  പോകണം.. കാരണം അവിടെ മൂത്താപ്പയുടെ (ഉപ്പയുടെ ജേഷ്ഠൻ ) മരണത്തോടെ അദ്ദേഹത്തിന്റെ കമ്പനിയിൽ വലിയ പ്രശ്നങ്ങളാ... നാനൂറിലധികം ആളുകൾ ജോലിചെയ്യുന്നു... അവിടുത്തെ പ്രശ്നങ്ങൾ ഒരാളില്ലാതെ നേരേയാക്കാൻ കഴിയില്ല. ഇവിടുത്തെ വാപ്പാന്റെ ബിസിനസ് മാമൻ നോക്കിക്കൊള്ളും.. അതു മാത്രമല്ല വാപ്പാന്റെ സ്റ്റോക്ക് വരുന്നത് അവിടുന്നുമാണ്... അവിടെ പ്രോബ്ലമായാൽ ഇവിടെയും പ്രോബ്ളമാവും.“

“അവിടെ അദ്ദേഹത്തിന്റെ മക്കളില്ലേ..“

“അതല്ലേ വലിയ വിഷമം.. ഒരു മകനുണ്ടായിരുന്നു രണ്ടുവർഷങ്ങൾക്കു മുമ്പ് ഒരു ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ടു. അതിനുശേഷമാണ് വാപ്പാന്റെ ചേട്ടൻ വലിയ മനോവിഷമത്തിലായത്.. അദ്ദേഹത്തിന്റെ ഭാര്യ നല്ല വിദ്യാഭ്യാസമൊക്കെയുണ്ട്. പക്ഷേ ബിസിനസ്സിൽ വലിയ താല്പര്യമില്ല.. അതിനുള്ള കഴിവുമില്ല. അവര് പറയുവാ... എന്റെ വാപ്പ നോക്കി നടത്തുന്നില്ലെങ്കിൽ പൂട്ടിക്കളയാമെന്ന്...“

“അങ്ങനെ പെട്ടെന്ന് പൂട്ടാനാവുമോ... കോടികളുടെ ബിസിനസ്സല്ലേ.“

“ശരിയാ... രണ്ടുമാസം അവിടെ നിന്ന് എല്ലാം ശരിയാക്കിയിട്ട് തിരികെപോരാമെന്നാണ് വാപ്പ പറയുന്നത്... ഇവിടുന്ന് മാമാനെ അങ്ങോട്ടെയ്ക്ക് ട്രാൻസ്ഫറാക്കിയിട്ട് വാപ്പ ഇവിടെതന്നെ  തുടരാമെന്നാണ് വിചാരിക്കുന്നത്. പുതുതായി ചില ഓർഡർ വിദേശത്തുനിന്നും ലഭിച്ചിട്ടുമുണ്ട്... അതുകൊണ്ട് ഒരു ദിവസംപോലും ജോലി നിർത്തിവയ്ക്കാനുമാവില്ല..“

“ടാ... ചെക്കാ... ചിലപ്പോ ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ തീരുമാനിക്കും.. വാപ്പ എന്നോട് ഒന്നു സൂചിപ്പിച്ചു.. കാരണം അവിടെ അഡ്മിഷൻ കിട്ടാൻ എളുപ്പമാ..“

“നിനക്ക് നിന്റെ വാപ്പയുള്ളതുകൊണ്ട് പേടിക്കേണ്ട.. എനിക്കങ്ങനെയല്ലല്ലോ..“

“പക്ഷേ എനിക്ക് താല്പര്യമില്ലെന്നു പറഞ്ഞു... വാപ്പ എന്റെ ഇഷ്ടത്തിനെതിരായൊന്നും ചെയ്യില്ല.“

അവനൊന്നും പറഞ്ഞില്ല.. അപ്പോഴേയ്ക്കും അവർ കോളേജിനടുത്തെത്തിയിരുന്നു. ഡ്രൈവറോട് തിരികെ വരേണ്ടസമയം പറഞ്ഞ് വണ്ടി പറഞ്ഞയച്ചു... അവർ രണ്ടാളും അകത്തേയ്ക്ക് കയറി..അവൾ ഓഫീസിൽ പോയി ലീവ് ലെറ്റർ കൊടുത്തു... ഓഫീസിനുള്ളിൽ നിന്നും അവളെ  പ്രിൻസിപ്പൾ വിളിച്ചു. 

“ആയിഷാ... വാപ്പ വന്നോ...“

“ഇല്ല സാർ.. വാപ്പായ്ക്ക് ഉടനൊന്നും തിരിച്ചെത്താനുള്ള സാഹചര്യമല്ലവിടെ..“

“ശരിയാ എന്നോട് വിളിച്ചു. പറഞ്ഞിരുന്നു. ഇടയ്ക്കൊന്നു വരാമെന്നു പറഞ്ഞു. പിന്നെ ഞാൻ തന്നെയാണ് അവിടെ നിനക്കായി ഒരു പ്രൊഫസറെ അറേഞ്ച് ചെയ്ത് തന്നത്.. എങ്ങനുണ്ടായിരുന്നു.“

“നന്നായി പഠിപ്പിച്ചു...“

“ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ... അദ്ദേഹം അവിടെ സ്വന്തമായി കോളേജുള്ള ആളാ... ഞാൻ ആവശ്യം പറഞ്ഞപ്പോൾ മറുത്തൊന്നം പറഞ്ഞില്ല...“

അവൾ നന്ദിപൂർവ്വം അയാളെ നോക്കി പുഞ്ചിരിച്ചു..

“ശരി... ക്ലാസ്സിലേയ്ക്കു പൊയ്ക്കോ.. പിന്നെ എക്സാം സെന്റർ കോഴിക്കോടാണ്.. അതിനുള്ള എല്ലാ തയ്യാറെടുപ്പോടുംകൂടിവേണം പോകാൻ... അടുത്ത ആഴ്ച ഒരു മോഡൽ എക്സാമുണ്ട്... അതുകൂടി കഴിയമ്പോൾ ഞങ്ങളാൽ കഴിയുന്നതൊക്കെ ചെയ്തുകഴിഞ്ഞെന്നു വരും.. ഇനിയെല്ലാം നിങ്ങളുടെ ചുമതലകളാണ്.“

“ശരി സർ...“

അവൾ പുറത്തിറങ്ങി ക്ലാസ്സിലേയ്ക്കു പോയി... അവിടെ സുഹൃത്തുക്കളെല്ലാം കുശലാന്വേഷണങ്ങളുമായി അവളുടെ അടുത്തെത്തി.. അല്പ സമയത്തിനകം ക്ലാസ്ലെടുക്കാനായി സാറെത്തി...

എല്ലാവരുംപഠനത്തിൽ മുഴുകി... പൊതുവേ എല്ലാവർക്കും കുറച്ചു ടെൻഷനൊക്കെയുണ്ട്.. ജീവത്തിൽ ഇതൊരു പ്രധാന കടമ്പയാണല്ലോ... ആ ഒരു ടെൻഷനായിരിക്കും.. പഴയതുപോലെ ആർക്കും തമാശപറയാൻ പോലും സമയമില്ല.. പഠനം പഠനം. പക്ഷേ ഫസൽ ശരിയ്ക്കും ആസ്വദിക്കുകയായിരുന്നു. അവന് അങ്ങനൊരു ടെൻഷനേയില്ല... അറിയാവുന്നതൊക്കെ എഴുതും അതിനപ്പുറമൊന്നും അവന്റെ കയ്യിലല്ലെന്നാണ് വിചാരം.

ഉച്ചയ്ക്ക് അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. മൂന്നു മണിയോടു കൂടി ക്ലാസ്സ് കഴിഞ്ഞു.. അവർ രണ്ടാളും പുറത്തിറങ്ങി.. അവിടെ ഡ്രൈവർ വന്നു കിടപ്പുണ്ടായിരുന്നു. അവർ കാറിനടുത്തേയ്ക്ക് നടന്നടുത്തു... യാദൃശ്ചികമായി റോഡിനപ്പുറത്തേയ്ക്ക് നോക്കിയപ്പോൾ അവൻ ഞെട്ടിപ്പോയി.. അവൾ തന്നെ കൈയ്യാട്ടി വിളിക്കുന്നു. തിരക്കഥാകൃത്തിന്റെ സെക്രട്ടറി.. അവൻ കണ്ട ഭാവം കാണിച്ചില്ല. പെട്ടെന്നുതന്നെ വണ്ടിയിൽ കയറി. കയറിയ ഉടനേതന്നെ വാഹനം മുന്നോട്ടെടുത്തു. ഭാഗ്യം ഐഷു ഇതൊന്നുമറിഞ്ഞില്ല... അവളെന്തിനാ ഇന്നിപ്പോൾ ഇവിടെത്തിയത്.. ഇനി എന്തെലും പറയാനായിരിക്കുമോ.. നാളെ ഉച്ചയ്ക്ക് ഐഷു അറിയാതെ അവിടൊന്നു പോകണം... മനസ്സിൽ ചിന്തിച്ചു.

“ഐഷു... വണ്ടിക്കകത്ത് വാനയിലായിരുന്നു. ചില സംശയങ്ങൾ ഫസലിനോടും ചോദിച്ചു.“

“ഫസലേ ഞാൻ നിന്നോട് സംശയം ചോദിക്കുന്നതിനേക്കാൾ നല്ലത് ഞാൻ ഈ ബുക്ക് മുഴുവൻ വായിച്ചു കണ്ടെത്തുന്നതായിരിക്കു.“

“അവന് ചിരിവന്നു“

“ചിരിക്കേണ്ട.. എൻഡ്രൻസ് കിട്ടിയില്ലേ നാണക്കേടാ ഫസലേ..“

“അതിന് എനിക്ക് കിട്ടുമല്ലോ... ഞാൻ നന്നായല്ലേ പഠിക്കുന്നത് .“

“ചെക്കാ...എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട.. ഞാൻ കണ്ടു നിന്റെ കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ്പേപ്പറിന്റെ മാർക്ക്. അവിടെ ഏറ്റവും കുറവ് നിക്കാ..“

“അത് ഞാൻ നന്നായി പഠിച്ചില്ലായിരുന്നു.“

“ങ്ഹാ. ... ഞാനൊന്നും പറയുന്നില്ല.. എല്ലാം നീ തിരുമാനിച്ചാൽ മതി..“

അവനൊന്നും മിണ്ടിയില്ല..

അവനിറങ്ങാനുള്ള സ്ഥലത്തെത്തി.. വണ്ടിയിൽ നിന്നും പുറത്തിറങ്ങിയാത്ര പറഞ്ഞു പിരിഞ്ഞു ... അല്പ നേരത്തിനകം തന്നെ അവന്റെ ബസ്സെത്തി. അവൻ അതിൽ കയറി നേരേ വീട്ടിലേയ്ക്ക്.

ബസ്റ്റാന്റിലിറങ്ങി നേരേ വീട്ടിലേയ്ക്ക് നടന്നു. അവിടെത്തിയപ്പോൾ വീടിനു മുന്നിൽ ഒരു കാറ്‍ കിടക്കുന്നതു കണ്ടു.. പരിചയമില്ലാത്ത കാർ. ആരായിരിക്കും. അവൻ അകത്തേയ്ക്ക് കയറി... അവൻ ദൂരെനിന്നേ കണ്ടു.. സ്റ്റീഫൻ  അങ്കിളും ആന്റിയുമാണ്... അവർ കുറച്ചു നാളുകളായി ഇങ്ങോട്ടൊക്കെ വന്നിട്ട്... 

“ഫസലേ നിന്നെക്കണ്ടിട്ട് പോകാനായിരിക്കുകയായിരുന്നു. നീയങ്ങു വളർന്നുപോയല്ലോടാ...“

“അങ്കിൾ ആന്റി സുഖമാണോ...“

“സുഖം.. ചേച്ചി എങ്ങനുണ്ട്..“

“അവളും സുഖമായിരിക്കുന്നു.. നിന്നെ കഴിഞ്ഞാഴ്ച വിളിച്ചിരുന്നെന്നു പറഞ്ഞു..“

“ശരിയാ...“

കുറച്ചുനേരം അവർ കുശലം പറഞ്ഞിരുന്നു. എന്നിട്ട് യാത്രപറഞ്ഞിറങ്ങി.. പോകാൻ നേരം കുറച്ചു തേങ്ങയും പച്ചക്കറികളുമൊക്കെ ഹമീദ് പായ്ക്ക് ചെയ്ത് നൽകി... സന്തോഷത്തോടെ അവരതു സ്വീകരിച്ചു.

അവർ യാത്ര പറഞ്ഞു പിരിഞ്ഞു.

അവൻ റൂമിലെത്തി ഫ്രഷായി ചായകുടിക്കാനായെത്തി.. 

“ഉമ്മാ എന്താ ഉമ്മാ വിശേഷിച്ച്.“

“... അതേ നിന്നോടു കാര്യങ്ങളൊക്കെ പറയാൻ പറഞ്ഞിരുന്നു. ലിസിയുടെ കല്യാണമായി..“

“ആരാ ആ ചേച്ചി കണ്ടുവച്ച ആളാണോ..?“

“അതേ.. എന്തായാലും ഞാൻ ഇടപെട്ട് അവരെക്കൊണ്ട് സമ്മതിപ്പിച്ചു.. ചെക്കന് ഗവൺമെന്റ് ജേലിക്കുള്ള ടെസ്റ്റ് കിട്ടിയിരിക്കുന്നു. താമസിയാതെ അപ്പോയിന്റാവും.. ജോലികിട്ടിയാലും രണ്ടാൾക്കും വേണേങ്കി  ലീവെടുത്ത് ഗൾഫിൽ പോകാമല്ലോ? അതുകൊണ്ട് സ്റ്റീഫൻ അങ്കിൾ സമ്മതിച്ചു .“

“നന്നായി.. ആ ചേച്ചി വളരെ മനപ്രയാസത്തിലായിരുന്നു. എനിക്കറിയാം ആളിനെ.. നമ്മളാഹോസ്പിറ്റലിലുള്ളപ്പോൾ ഈ ചേച്ചീടെ കൂടെ ഒരാളിനെ കണ്ടായിരുന്നു. ഞാനൊരിക്കൽ ചോദിച്ചപ്പോൾ ചേച്ചി അത് സമ്മതിച്ചു.. നല്ലൊരു സുന്ദരനാ ആള്.. വെറുതെ അല്ല  ചേച്ചിയെപ്പോലൊരു സുന്ദരി ഇഷ്ടപ്പെട്ടത്..“

“എടാ... കള്ളാ...അപ്പോ നിനക്കെല്ലാമറിയാമായിരുന്നല്ലേ..“

“പിന്നല്ലാതെ... അത് എന്റെ ചേച്ചിയല്ലേ.. ചേച്ചിക്ക് അനുജനോടല്ലേ കാര്യങ്ങൾ പറയുന്നത്..“

“ഈവർഷം അവസാനം നിശ്ചയം കഴിച്ചുവയ്ക്കാമെന്നാണ് പറയുന്നത്. കല്യാണം ഒരുവർഷം കഴിഞ്ഞുമതിയെന്നാണ് രണ്ടുകൂട്ടരുടേയും  അഭിപ്രായം.. അവൾ ജോയിൻ ചെയ്തിട്ട് ഒരുവർഷമല്ലേ ആയുള്ളൂ... കരിയർ ഡവലപ്ചെയ്യട്ടേ... എന്നിട്ടാകാമെന്നാണ് രണ്ടാളുടേയും അഭിപ്രായം..“

“അതാ നല്ലത്... രണ്ടാൾക്കും ബുദ്ധിയുണ്ട്.“

അവൻ ചായകുടിയും കഴിഞ്ഞ് മുറിയിലേയ്ക്ക് പോയി... കുറച്ചു നേരം പഠനം.. അതിനായി അവൻ പുസ്തകമെടുത്ത് ടെറസിലേയ്ക്കിറങ്ങി.. അവിടെ ഒരു കസേര സ്ഥിരമായി ഇട്ടിട്ടുണ്ട്... നല്ല നീലാകാശം... തണുത്ത കാറ്റ്.. അവൻ പ്രകൃതിഭംഗിയും നോക്കി  പഠനത്തിലേയ്ക്ക് വഴുതിവീണു.....

നന്നായി പഠിച്ചിരുന്നകുട്ടിയായിരുന്നു ഫസൽ... പക്ഷേ അവന്റെ ജീവത്തിൽ പലരും പലരീതിയിൽ അവന്റെ വഴിതിരിച്ചുവിടുകയായിരുന്നു. ഒരു കുട്ടിയും പോകാൻ പാടില്ലാത്ത വഴിയിലൂടെയുള്ള യാത്ര... എത്രയോ കുട്ടികൾ ഇതുപോലെ നമ്മുടെ സമൂഹത്തിലുണ്ട്.. ഫസലുമാർ ഇനിയുണ്ടാവാതിരിക്കാനാണ് ഫസലിന്റെ ഈ അനുഭവം ഇവിടെ കുറിക്കുന്നത്... സമൂഹത്തിൽ നന്മമരങ്ങളുടെ തോലിട്ട പലരും സുഖമായി വിലസുന്നു... അവരുടെയൊക്കെ സ്വകാര്യ ജീവിതത്തിൽ ഇതുപോലെയുള്ള പല ഫസലുമാരുടേയും തേങ്ങിക്കരച്ചിലുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങി കേൾക്കുന്നുണ്ടാകും... ഇവിടെ എഴുതുന്നത് തെറ്റിലേയ്ക്ക് ആരും വഴുതി വീഴാതിരിക്കാനാണ്... എന്റെ വായനക്കാരിലധികവും വിവാഹിതരാണ് അവരുടെ മക്കളെയെങ്കിലും കൈയ്യെത്തും ദൂരത്ത് നോട്ടമെത്തും ദൂരത്ത് വിശ്വസ്തരെന്നു കരുതുന്നവരൊക്കെ അങ്ങനെയല്ലെന്നു ബോധ്യപ്പെടുത്തുകയെന്നതും ഒരു ലക്ഷ്യമാണ്. ഇത് വെറുമൊരു കഥയല്ല... പച്ചയായ ജീവിതത്തിൽ ഉൾതിരിഞ്ഞ അനുഭവക്കുറിപ്പാണ്... അതാണ് പറഞ്ഞത്.. ഫസലുകൾ ഉണ്ടാവുന്നതല്ല.. നമ്മൾ ഉണ്ടാക്കുന്നതാണ്... അതിൽ പല ഫസലുമാരും ഇന്നീ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയിട്ടുണ്ടാവാം.. പക്ഷേ നമ്മുടെ ഫസൽ ജീവിക്കുന്നു... പലർക്കുംവേണ്ടി... 

കാത്തിരിക്കുന്നു നമ്മളും കൊറോണയെന്ന ആളെക്കൊല്ലി വൈറസിന്റെ വാക്സിനുവേണ്ടി.. കേൾക്കുന്ന വാർത്തകൾ ആശ്വാസമുളവാക്കുന്നതാണ്. ഒരു നല്ല നാളേയ്ക്കായി ഒരുമിക്കാം.. രാഷ്ട്രീയവും മതവും വർഗ്ഗവും മറന്നുകൊണ്ട്.. ലോകരാജ്യങ്ങളിൽ ഈ കാലഘട്ടത്തിൽ രാഷ്ട്രീയം കടന്നുവന്നിട്ടുണ്ടോ. അവിടെയെല്ലാം കൊറോണ അതിന്റെ സംഹാരതാണ്ഡവം ആടിക്കൊണ്ടിരിക്കുന്നു. കൊറോണ ഒരു രോഗമാണ്... അതിന് രാഷ്ട്രീയമില്ല മതമില്ല പ്രായമില്ല... ഒന്നുമാത്രം മരണത്തിന്റെ തലോടൽ... ആ തലോടൽ ആരിൽനിന്നും എപ്പോഴും ആർക്കുമുണ്ടാവാം... 

ജീവന്റെ വിലയുള്ള ജാഗ്രത... അതാവാം മുദ്രാവാക്യം...




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ  26 07 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 02 08 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ