1.8.20

നിഴൽവീണവഴികൾ ഭാഗം 85


ഫസൽ  ചായകുടിയും കഴിഞ്ഞ് മുറിയിലേയ്ക്ക് പോയി... കുറച്ചു നേരം പഠനം.. അതിനായി അവൻ പുസ്തകമെടുത്ത് ടെറസിലേയ്ക്കിറങ്ങി.. അവിടെ ഒരു കസേര സ്ഥിരമായി ഇട്ടിട്ടുണ്ട്... നല്ല നീലാകാശം... തണുത്ത കാറ്റ്.. അവൻ പ്രകൃതിഭംഗിയും നോക്കി പഠനത്തിലേയ്ക്ക് വഴുതിവീണു.....

ഏതാനും ദിവസങ്ങൾ മാത്രം.. എൻഡ്രൻസ്‌  കിട്ടിയില്ലെങ്കിൽ
 ഇനിയെന്ത്. ഒരുപക്ഷേ അത് കിട്ടിയില്ലെങ്കിൽ കോളേജിൽ ഡിഗ്രിയ്ക്ക് ചേരുക.. അതാവും നല്ലത്.. ഇതുതന്നെ തന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ.. വീട്ടുകാരുടെ നിർബന്ധം... ഐഷുവിനോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന നിമിഷങ്ങൾ... അങ്ങനെ പലതും. മനസ്സിൽ പലവിധ ചിന്തകളും ഉയർന്നുവന്നു... ഉപ്പ ഉൾപ്പെടെയു ള്ളവരുടെ ആഗ്രഹം... ഉമ്മയ്ക്ക് ഇത് ജീവിതാഭിലാഷമാണ്.. എല്ലാം പടച്ചോൻ തീരുമാനിക്കട്ടെ.. പക്ഷേ.. ദിവസങ്ങൾ അടുക്കുന്തോറും എന്തോ മനസ്സിനൊരു ഉറപ്പില്ലായ്മ.. ഒരുപക്ഷേ തന്റെ തോന്നലായിരിക്കാം.

ഫസലിന്റെ ക്ലാസ്സുകൾ അവസാന ദിവസം വന്നെത്തി... ലാസ്റ്റ് ദിവസം... മോഡൽ എക്സാം കഴിഞ്ഞ് എല്ലാവരേയും ടീച്ചർ ഹാളിലേയ്ക്ക് വിളിപ്പിച്ചു.. അവരോടെപ്പം പറഞ്ഞു തുടങ്ങി..

“ പ്രിയ വിദ്യാർത്ഥികളെ... ഇന്നു നമ്മുടെ ഈ ബാച്ചിന്റെ അവസാന ദിവസമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി വളരെയധികം സമയം പഠനത്തിനുവേണ്ടി നിങ്ങൾ ചിലവഴിച്ചിരുന്നു. ഇതിൽ പലരും നല്ല ലക്ഷ്യത്തോടുകൂടി കഠിനാദ്വാനം ചെയ്തിരുന്നു.... നിങ്ങളിൽ വളരെ നല്ല ഭാവിയുള്ളവരുണ്ട്.. ഇതിൽ ഞങ്ങളുടെ ആഗ്രഹം പറയുകയാണെങ്കിൽ ഇവിടെ പഠിച്ച എല്ലാ കുട്ടികളും നല്ലനിലയിൽ പാസ്സായി എല്ലാവരും ഡോക്ടർമാർ ആകണമെന്നുള്ളതാണ്. വ്യത്യസ്തമായ ജീവിത ചുറ്റുപാടുകളിൽനിന്നും വന്നിട്ടുള്ളവരാണ് നിങ്ങളോരോരുത്തരും. നാളെയുടെ വാഗ്ദാനങ്ങളാണ്. വീട്ടുകാരുടെ സ്വപ്നങ്ങളാണ് നിങ്ങളോരോരുത്തരും.. ആരോഗ്യമേഖലയിലെ താരങ്ങളാകാൻ നിങ്ങൾക്കോരോരുത്തർക്കും സർവ്വേശ്വരൻ ശക്തിനൽകട്ടെ. ഇന്നത്തെ റിസൾട്ട് അടുത്ത ദിവസം അറിയാവുന്നതാണ്. അതിനായി ഇവിടെ വരണമെന്ന് നിർബന്ധമില്ല... വിളിച്ചു ചോദിച്ചാൽ മതി.. ഒരു ദിവസം അതിനുകൂടി പാഴാക്കേണ്ടതില്ല.. ഫോണില്ലാത്തവർ അടുത്ത എക്സേഞ്ജിലോ.. ഫോണുള്ള വീട്ടിലോ നിന്നു വിളിക്കാവുന്നതാണ്... അപ്പോൾ ഞാൻ നീട്ടുന്നില്ല... എല്ലാവർക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു. റിസൾട്ട് വന്നതിനു ശേഷം നമുക്ക് ഇവിടെ വീണ്ടും കാണാം. എന്റെ എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ വീണ്ടും നേർന്നുകൊണ്ട് നിർത്തുന്നു.“

എല്ലാവരും നിർത്താതെ കയ്യടിച്ചു... മീറ്റിംഗ് കഴിഞ്ഞു.. എല്ലാവരും പരസ്പരം യാത്ര പറയുന്ന തിരക്കിലായിരുന്നു.. അപ്രതീക്ഷിതമായി ഒരു പെൺകുട്ടി ഫസലിന്റെ അടുത്തു വന്നു.. അവളെ പലപ്പോഴും ഫസൽ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ തന്നോടിതുവരെ അവൾ സംസാരിച്ചിട്ടില്ല... ഫസലിന്റെ അടുത്തെത്തി ചോദിച്ചു.

“ഫസൽ... ഞാൻ ദീപ്തി... ഇവിടെ നമ്മുടെ വിദ്യാഭ്യാസയാത്രയുടെ ഒരദ്യായം അസാനിക്കുന്നു. എന്നെങ്കിലുമൊരിക്കൽ വീണ്ടും കാണുമെന്നു പ്രതീക്ഷിക്കുന്നു. എനിക്കു ഫസലിന്റെ ഒരു ഓട്ടോഗ്രാഫ് വേണം...“

ഫസലിന് അത്ഭുതമായിരുന്നു. ആ സെന്ററിൽ ആരുടേയും കൈകളിൽ ഓട്ടോഗ്രാഫില്ല.. ഈ കുട്ടിയെന്താ ഇങ്ങനെ... അവളുടെ ആ നോട്ടം.. അവൻ പിന്നൊന്നും ആലോചിച്ചില്ല.. “ജീവിതാവസാനംവരെ ഈ സുഹൃദ്ബന്ധം നിലനിൽക്കട്ടെ.... ഒപ്പ്“...

അവൾ അത് വായിച്ച്. അവന്റെ മുഖത്തേയ്ക്ക് നോക്കി. പുഞ്ചിരി തൂകിക്കൊണ്ട് യാത്രപറഞ്ഞു... അപ്പോഴാണ് ഐഷുവിന്റെ വരവ്..

“എന്താ.. ഒരു യാത്രപറച്ചിലൊക്കെ...“

“അവളൊരു ഓട്ടോഗ്രാഫ് ചോദിച്ചു.

“എന്നിട്ട്..“

“ഞാൻ നൽകി...“

“എന്തെഴുതി... ഒരു നല്ല സുഹൃത്തിന് വിജയം നേരുന്നു..“

“അത്രയേയുള്ളൂവോ..“

“ഉവ്വ്..“

“ഒക്കെ.. ഞാൻ ക്ഷമിച്ചിരിക്കുന്നു.

അവർ എല്ലാവരോടും യാത്രപറഞ്ഞിറങ്ങി..

“ഐഷു.. നിങ്ങൾ നല്ല സുഹൃത്തുക്കളാണ്.. എന്നും ഇങ്ങനെ തന്നെ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.“

ഫസലിനേയും ഐഷുവിനെയും നോക്കി ടോം പറഞ്ഞു..

“നിങ്ങൾടെ ആഗ്രഹം സഫലമാകട്ടെ..“

“അപ്പോൾ ഞങ്ങൾ ഉദ്ദേശിച്ചത് ശരിരായിരികുമല്ലോ..“

“ആവശ്യമില്ലാത്തതൊന്നും ചിന്തിക്കരുതേ...“ ഫസലാണത് പറഞ്ഞത്...

എന്നത്തേയും പോലെ...അവരുടെ വാഹനം വന്നു നിന്നു.. അവരതിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെട്ടു...

“ഫസലേ... നീ നന്നായി പ്രിപ്പയർ ചെയ്യുക.. വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്... ഇനി ഏതാനും ദിവസങ്ങൾ മാത്രം.. നീ റാങ്ക്ലിസ്റ്റിൽ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം...“

“ഞാൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും. പിന്നെല്ലാം പടച്ചോൻ നോക്കിക്കോളും.“

“എല്ലാം പടച്ചോനുവിട്ടിട്ട് വെറുതേയിരിക്കരുത്.. നീ പരിശ്രമിക്കണം. അലസത ഒഴിവാക്കുക..“

“അവളുടെ ഉപദേശം നീണ്ടുപോയി.. പിന്നെ.. എക്സാമിന് എങ്ങനെവാരാനാ പ്ലാൻ...

“മാമയുടെ ഓഫീസിലെ താമസസ്ഥലത്ത് താമസിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.. തലേദിവസം വണ്ടിയിൽ പോകാമെന്ന്... അതാവും നല്ലതെന്ന് തോന്നുന്നു.“

“മതി.. ഞാനും ഉമ്മയും നാളെ രാവിലെ ഇവിടുന്നു തിരിക്കും.. കോഴിക്കോട് സെന്ററിനടുത്താണ് ഉമ്മാന്റെ കുടുംബവീട്.. അവിടെ നിന്നും പോകാനാണ് പ്ലാൻ.. മാത്രമല്ല വാപ്പ സ്ഥലത്തില്ലല്ലോ.. ക്ലാസ്സ് കഴിഞ്ഞ് അങ്ങു പൊയ്ക്കൊള്ളാനാണ് വാപ്പയും പറഞ്ഞി രിക്കുന്നത്.“

“ശരി...“

അവരുടെ സംഭാഷണം നീണ്ടുനിന്നില്ല.. അപ്പോഴേയ്ക്കും അവനിറങ്ങാനുള്ള സ്റ്റോപ്പായി... ഇറങ്ങാൻ നേരം അവൾ അവനൊരു ഷേക്ക്ഹാന്റ് കൊടുത്തു...

“ബസ്റ്റ് ഓഫ് ലക്ക്...“

“താങ്ക്യു ഐഷു..“

രണ്ടുപേരുടേയും കണ്ണുകൾ നിറഞ്ഞതുപോലെ തോന്നി..

അവൻ സ്റ്റോപ്പിലേയ്ക്ക് നടന്നു. അവരുടെ വാഹനം വളവ് തിരിഞ്ഞുപോയി..

ഫസലിന് എന്തെല്ലാമോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ... തങ്ങളുടെ സ്കൂൾ ജീവിതത്തിൽ നിന്നും ആരംഭിച്ച ഈ ബന്ധം ഇത്രയും നാൾ നിലനിന്നു. ഇനി ഈ പരീക്ഷയൊക്കെ കഴിഞ്ഞാൽ പിന്നെ എന്നാവും കാണുക.. ഇനി അവളുടെ വാപ്പ പറഞ്ഞതുപോലെ അവളെ ബാംഗ്ലൂരിൽ ചേർക്കുമോ... തനിക്ക് കുറച്ച് അടുപ്പമുള്ള ഒരു പെൺകുട്ടി അവളാണ്.. തന്നോട് അടുപ്പംകാണിച്ച മറ്റുള്ളവരുടെയൊക്കെ ഉദ്ദേശം മറ്റു പലതുമായിരുന്നു. യഥാർത്ഥ സ്നേഹം എന്തെന്ന് പഠിപ്പിച്ചവൾ അവളാണ്... അതായിരിക്കാം അവളോട് തനിക്ക് ഇത്ര ഇഷ്ടം... ഇതിനെ പ്രേമമെന്നു വിളിക്കാമോ... അതോ ഇഷ്ടമെന്നോ...

അവന്റ ആലോചനകൾ നീണ്ടുപോയി.. ഇറങ്ങാനുള്ള ബസ്റ്റോപ്പിൽ ബസ്സിറങ്ങി.. നേരേ വീട്ടിലേയ്ക്ക്.. അവിടെ ഉപ്പയും ഉമ്മായുമെല്ലാരുമുണ്ടായിരുന്നു. അവനോട് വിശേഷങ്ങൾ തിരക്കി.. അവൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു.. അന്നും പതിവുപോലെ ചായകുടിയൊക്കെ കഴിച്ച് പഠനത്തിനായി റൂമിലേയ്ക്ക് പോയി..

റഷീദ് പടിപടിയായി ഉയർച്ചയുടെ പടവുകളോരോന്നും കയറുകയായിരുന്നു. തന്റെ സ്ഥാപനം സൗദി അറേബ്യയിൽ മാത്രം ഒതുങ്ങിക്കൂടുന്നതിനേക്കാളും മറ്റു ജി.സി.സി. സ്റ്റേറ്റുകളിലേയ്ക്കും വ്യാപിപ്പിക്കാമെന്നുള്ള ചിന്താഗതിയിലെത്തി... അതിനായി വിശ്വസ്ഥരായ ആൾക്കാരെത്തന്നെ വേണം.. ആദ്യം മനസ്സിലെത്തിയത് ദുബൈയെക്കുറിച്ചായിരുന്നു. നല്ല ബിസിനസ് കേന്ദ്രം.. എന്തുകൊണ്ടും ബിസിനസ് വളർത്താനാവുന്ന സ്ഥലം..

റഷീദ് വിവരം അഭിമന്യുവുമായി സംസാരിച്ചു... അവനും ഇഷ്ടക്കേടൊന്നുമുണ്ടായിരുന്നില്ല.. അങ്ങനെയെങ്കിൽ ആരാകും അത് നടത്താൻ യോഗ്യതയുള്ള ആൾ എന്ന കാര്യത്തിൽ അവർക്ക് സംശയമൊന്നുമുണ്ടായില്ല.. അൻവർ.. തന്റെ സ്വന്തം ചോര..

റഷീദ് ദുബായിലുള്ള തന്റെ സുഹൃത്തുക്കളുമായി വിശദമായി സംസാരിച്ചു.. അവിടുത്തെ സാധ്യതകളെക്കുറിച്ചും ബിസിനസ് തുടങ്ങാനുള്ള നിയമവശങ്ങളെക്കുറിച്ചും സംസാരിച്ചു... സ്വദേശികളും വിദേശികളുമായ ധാരാളം ആൾക്കാരുള്ള സ്ഥലങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.. തങ്ങളുടെ ബ്രാന്റ് ഇന്ന് സൗദിയിലെ വളരെ അറിയപ്പെടുന്ന ബ്രാന്റായി മാറിയിരിക്കുന്നു. അൽ ഹംറ ബേക്കേഴ്സ്  എന്ന ബ്രാന്റിൽ തന്നെ ദുബായിലും തുടങ്ങാമെന്നാണ് തീരുമാനം... സൗദിയിൽ നിന്നും ഫ്ലൈറ്റിലോ കാർ മാർഗ്ഗമോ പോകാനുമാകുമല്ലോ...

പടച്ചോൻ ഒരു അവസരം റഷീദിന് നൽ‌കിയിരിക്കുകയാണ്. അത് ഭംഗിയായി ഉപയോഗിക്കേണ്ടത് അവന്റെ കടമയാണ്. അതായിരിക്കണം അവന് വച്ചടിവച്ചടി ഉയർച്ചയുണ്ടായിക്കൊണ്ടിരിക്കുന്നത്.. എന്തായാലും പരാജയം എന്ന ഒന്ന് സൗദിയിൽ എത്തിയശേഷം കൂടുതലായി അനുഭവിക്കേണ്ടിവന്നിട്ടില്ല. അഭിമന്യു വിനെ കണ്ടെത്തിയത് തികച്ചും യാദൃശ്ചികമായിരുന്നു. അവന്റെ വരവോടെ തന്റെ ബിസ്സിനസ്സിലും ഉയർച്ചയുണ്ടായി... ഒരുപക്ഷേ തന്നെപ്പോലെതന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും അവനുള്ളതുകൊണ്ടാകാം തനിക്കിത്രയും ധൈര്യമുണ്ടാവുന്നത്.

രാത്രിയിൽ റഷീദ് അൻവറിനെ വിളിച്ചു. കാര്യങ്ങൾ വിശദമായി സംസാരിച്ചു. സൗദിയിൽ അൻവറിന്  പോകാനാവില്ല. കാരണം പാസ്പോർട്ട് ബ്ലാക്ക്ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. മറ്റ് ജി.സി.സി. രാജ്യങ്ങളിൽ പോകുന്നതിന് തടസ്സമില്ല... അൻവറിനും അത് സന്തോഷം പകരുന്ന കാര്യമായിരുന്നു. ഇവിടെ തിരക്കുപിടിച്ച ജീവിതമാണ്. പക്ഷേ ഗൾഫിൽ നിന്നും ലഭിക്കുന്നതുപോലുള്ള വരുമാനമില്ലല്ലോ... ഇവിടുത്തെ ജോലിക്കാര്യം അവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്ഥാപനം നല്ല നിലയിൽ നടക്കുന്നു. എല്ലാ ബിസ്സിനസ്സുകളും ലാഭകരമായി പോകുന്നു. അവരുടെ അടുത്ത ബന്ധു അടുത്തകാലത്തായി ജോയിൻ ചെയ്തിട്ടുണ്ട് കുറച്ച് ആത്മാർത്ഥയുള്ളവനാണ്. അവന് വേണ്ട പരിശീലനം കൊടുത്താൽ എല്ലാ കാര്യങ്ങളും നന്നായി നടക്കുമെന്നുള്ള തിൽ സംശയമില്ല. അമ്മായിയോട് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും...

അന്ന് ആ വീട്ടിൽ വളരെ സന്തോഷത്തിന്റെ രാത്രിയായിരുന്നു. ഹമീദിനും കുടുംബത്തിനും മക്കളുടെ ഉയർച്ചയിൽ സന്തോഷമായിരുന്നു. അവർ ഉയരട്ടെ... ഉയർച്ചയിൽ അവർക്ക് മനുഷ്വത്വം നഷ്ടമാകാതിരിക്കാൻ പടച്ചോനോടു പ്രാർത്ഥിക്കാം... ഇല്ല ഒരിക്കലും അവരങ്ങനെയാകില്ലന്നുറപ്പാണ്.

“ഫസലേ.. നീയും നന്നായി പഠിച്ചുപാസാകാൻ നോക്കണം... ഇപ്പോൾ നമുക്ക് ആളുണ്ട്.. പണത്തിന് ബുദ്ധിമുട്ടുമില്ല.. എല്ലാവരുടേയും പ്രതീക്ഷ നിന്നിലാണ്.“

“അതറിയാം ഉപ്പാ.“

“നീയും അൻവറും മറ്റന്നാൾ രാവിലെ ഇവിടുന്നു തിരിക്കണം. രണ്ടുദിവസത്തേക്കുള്ള ഡ്രസ്സും മറ്റും എടുത്തുകൊള്ളണം. അവിടെ അൻവറിന്റെ ക്വോർട്ടേഴ്സിൽ താമസിക്കാം.. അവിടുന്നു രാവിലെതന്നെ എക്സാം സെന്ററിലെത്താമല്ലോ.. വിഷ്ണുവും കൂടെക്കാണും.. അവനും അവിടെ നിൽക്കട്ടെ... അല്ലെങ്കിൽ ഇത്രയും ദൂരം വീണ്ടും യാത്ര ചെയ്യണ്ടേ..?“

“ഫസലും അവൻവറും അത് സമ്മതമായിരുന്നു...“

അന്നത്തെ ദിവസം ഫസൽ കുറച്ചു കൂടുതൽ നേരമിരുന്നു പഠിച്ചു. രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്.. ഇപ്പോൾ സഫിയ ഫസലിനെ നേരത്തേ വിളിച്ച് ഉണർത്താറില്ല. കാരണം അവൾക്കറിയാം അവൻ രാത്രിയിൽ കൂടുതൽ നേരമിരുന്ന് പഠിക്കുന്നെന്ന് അതുകൊണ്ട് അവന് കുറച്ച് വിശ്രമം ലഭിക്കട്ടെയെന്നു കരുതി.

രാവിലെ തന്നെ ..... ഗോപി ഡോക്ടർ വിളിച്ചിരുന്നു. സഫിയയാണ് ഫോണെടുത്തത്... അപ്പുറത്തുനിന്നും പറഞ്ഞു.. ഇത് ഞാനാ... സഫിയയാണോ... അവൾ ഒരുനിമിഷം ഒന്നും മിണ്ടിയില്ല..

“ഹലോ.. ഹലോ...“

“അതേ ഞാനാ...“

“എന്താ സഫിയാ.. എന്തുണ്ട് വിശേഷം..“

“സുഖമായിരിക്കുന്നു. .... സുഖമാണോ.. മോളും  ഭാര്യയും സുഖമായിരിക്കുന്നോ..“

“സുഖമായിരിക്കുന്നു.“

“ഫസലിന്റെ പഠിത്തമെങ്ങനെയുണ്ട്... പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളൊക്കെ പൂർത്തിയായോ...“

“അത്.. അങ്ങ്തന്നെ അവനോട് ചോദിക്കൂ...“

“താനെന്താ അന്യരെപ്പോലെ സംസാരിക്കുന്നേ..“

“ഇല്ല അങ്ങനെയല്ല..“

“ശരി.. ഫസലിനെയൊന്നു വിളിക്കൂ...“

അവൾ ഫോൺ മേശയിൽ വച്ചിട്ട് ഫസലിനെ വിളിച്ചു..

ഫസൽ ഓടിയെത്തി.. ആരാന്നു ചോദിച്ചു.. അവൾ പേരുപറഞ്ഞു..

എത്രയോ നാളുകൾക്കു ശേഷമാണ് അയാൾ തന്നോട് സംസാരിച്ചത്.. പലപ്പോഴും കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ് പതിവ്.. മനസ്സിൽ നിന്നും എത്ര പറിച്ചുമാറ്റാൻ ശ്രമിച്ചിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹം തനിക്കാരുമല്ലെന്നും... വിവാഹിതനാണെന്നും മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിന്നൊരു അവസ്ഥയായിരുന്നില്ല അവളുടേത്.. പക്ഷേ ആ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ അവൾ കഴിഞ്ഞിരുന്നു... ഓർമ്മകൾ ഇന്നുജീവിക്കുന്നു. തന്റെ മനസ്സിൽ അടക്കം ചെയ്ത ശവക്കല്ലറയ്ക്കുള്ളിൽ ഇന്നും ഒരു നോവായി...

ഫസൽ കുറേയധികം നേരം അദ്ദേഹവുമായി സംസാരിച്ചു... എത്താൻ കഴിയാഞ്ഞതുകൊണ്ടാണ് ഫോൺ ചെയ്തതെന്നും പറഞ്ഞു.. അയാൾക്കറി യാമല്ലോ.. തനിക്കു പിറക്കാതെപോയ മകനാണവൻ... അന്ന് തനിക്ക് സഫിയയെ ലഭിച്ചിരുന്നെങ്കിൽ ഇവൻ ഇന്ന് തന്റെ മകനായി ജീവിക്കുമായിരുന്നു. പക്ഷേ ദൈവം അതിനുള്ള വഴിയുണ്ടാക്കിയില്ല... പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ക്വസ്റ്റിയൻസിനെക്കുറിച്ചും മറ്റും വിശദമായി അവനു വിവരിച്ചുകൊടുത്തു. ശ്രദ്ധിക്കേണ്ടകാര്യങ്ങളും കൈയ്യിൽ കരുതേണ്ടതെന്തൊക്കെയെന്നും വിശദമായി സംസാരിച്ചു.. ഫസലിന് അദ്ദേഹത്തോടുള്ള സംഭാഷണത്തിൽ ആത്മധൈര്യം വർദ്ധിക്കുന്നതായും തോന്നി... കുറച്ചുനേരം കഴിഞ്ഞ് ഫസൽ സഫിയയെ വിളിച്ചു.

സഫിയ അടുത്തെത്തിയപ്പോൾ ഫോൺ അവളുടെ കൈയ്യിൽ കൊടുത്തു... അവൾ അല്പം മടിയോടെയാണെങ്കിലും ഫോൺ വാങ്ങി ചെവിയിൽ ചേർത്തുവച്ചു.

സഫിയ അവൻ നന്നായി പ്രിപ്പയർ ചെയ്തിട്ടുണ്ട്... നേരിട്ടെത്തണമെന്നുണ്ടായിരുന്നു പക്ഷേ ഞാനിപ്പോൾ രാജസ്ഥാനിലാണ്.. ഒരു മീറ്റിംഗിനായി എത്തിയതാ... എന്റെ പരിമിതമായ അറിവ് അവന് നൽകാൻ ശ്രമിച്ചതാണ്... അതിനുള്ള അവകാശമെങ്കിലും എനിക്കുണ്ടല്ലോ... സഫിയയ്ക്ക് സുഖമല്ലേ.

“അവളുടെ കണ്ണുകൾ നിറ‍ഞ്ഞു.

“സുഖമാണ്.“

“എനിക്കറിയാം... ഇപ്പോൾ നിന്റെ മുഖഭാവം എന്തായിരിക്കുമെന്ന്.. വിഷമിക്കരുത്... ജീവിതത്തിൽ ധൈര്യമായിരിക്കുക.. എല്ലാം വിധിയാണെന്നു കരുതുക.. നിന്റെ ഭാഗ്യമാണ് നിന്റെ മകനും കുടുംബവും... എന്തു സഹായത്തിനും എന്നെ വിളിക്കാം.. നിന്റെ ആ പഴയ ഏട്ടൻ ഒരു വിളിപ്പാടകലെയുണ്ടാകും.. ഒരു കുടുംബസുഹൃത്തായി കാണാമല്ലോ.. എന്നെ..“

അവൾ മൂളി..

“ശരി... ഞാൻ അവനെ നാളെ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്... കുറച്ചു കാര്യങ്ങൾ കൂടി നോക്കി മനസ്സിലാക്കാൻ പറഞ്ഞിരിക്കുകയാണ്. അവന് അതും കൂടി കവർ ചെയ്യട്ടെ..“

“ശരി.. വളരെ നന്ദിയുണ്ട്...“

“ഇതിനെന്തിനാ നന്ദി പ്രകടിപ്പിക്കുന്നത്.. എന്റെ അവകാശമല്ലേ..“

അദ്ദേഹം ഫോൺ ഡിസ്കണക്ടു ചെയ്തു..

അവളുടെ ഉള്ളിൽ ഒരു പിടച്ചിൽ.. അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാം ഇപ്പോഴും ആ വിഷമം ഉള്ളിലുണ്ടെന്ന്.. വീട്ടിലുള്ള മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ സഫിയ ശ്രദ്ധിച്ചു..

“ആരാ മോളേ..“

“ഗോപി ഏട്ടനാ..“

“അവന്റെ പഠിത്തകാര്യം ചോദിക്കാൻ വിളിച്ചതാ...“

“ഗോപിയുടെ അപ്പനും അമ്മയും സുഖമായിരിക്കുന്നോ..“

“വാപ്പാ.. ശരിയ്ക്കും ഞാൻ അത് ചോദിക്കാൻ മറന്നുപോയി..“

ഫസൽ വളരെ കഠിന പ്രയത്നത്തിലായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.. തനിക്ക് വിജയിക്കണം.. അതാകണം ഇനിയുള്ള ദിവസങ്ങളിലെ മന്ത്രം... ഉമ്മയും ഉപ്പയും മറ്റ് ബന്ധുക്കളുമെല്ലാം വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുകയാണ്. അവൻ വീണ്ടും പഠനത്തിൽ മുഴുകി... ഇടയ്ക്ക് ഐഷു വിളിച്ചിരുന്നു. അവളോടും വിശദമായി സംസാരിച്ചു. ഗോപി ഡോക്ടർ പറഞ്ഞുകൊടുത്ത ചില ടിപ്സുകൾ അവൻ അവൾക്കും പറഞ്ഞുകൊടുത്തു... പരീക്ഷ ഫസലിനാണെങ്കിലും ടെൻഷൻ ആ കുടുംബത്തിലെ എല്ലാവർക്കുമുണ്ടായിരുന്നു. അവരെല്ലാം മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഫസൽ ഒരു ഡോക്ടറായി കാണാൻ... റഷീദും വിളിച്ച് അവനു വേണ്ട ആത്മധൈര്യം നൽകുന്നുണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഫസലും അൻവറും എല്ലാവരോടും യാത്രപറഞ്ഞ് ഇറങ്ങാനൊരുങ്ങി ഫസൽ ആദ്യം ഉപ്പയുടെ അനുഗ്രഹം വാങ്ങി. എല്ലാവരോടും പ്രാ‍ത്ഥിക്കാൻ പറഞ്ഞു. സഫിയ അവനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തു... എല്ലാവരുടെയും കണ്ണുകളിൽ ചെറിയ നനവ് കാണാമായിരുന്നു. അത് ഒരു പ്രതീക്ഷയുടെ കണ്ണുനീരുകളായിരിക്കാമെന്നവൻ കരുതി..

അവർ യാത്രപറഞ്ഞ് വാഹനത്തിൽ കയറി. നേരേ കോഴിക്കോട്ടേയ്ക്ക്... മൂന്നുമണിക്കൂറത്തെ നീണ്ട യാത്ര.. അവർ കോഴിക്കോട്  ലക്ഷ്യസ്ഥാനത്തെത്തി.. സിറ്റിയുടെ തിരക്കിൽ നിന്നും ഒഴിഞ്ഞ കോണിലായിരുന്നു ക്വാർട്ടേഴ്സ്... വീട്ടിലെത്തി അൻവർ വീട്ടിൽ വിളിച്ച് എത്തിയകാര്യം പറഞ്ഞു..ഫസലിന് ഒരു റൂം പ്രത്യേകം നൽകി.. അവിടെ എല്ലാ സൗകര്യവുമുണ്ടായിരുന്നു.

പരീക്ഷയുടെ തലേദിവസം... കഴിവതും ഫസൽ റിലാക്സാവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഖുറാൻ കൈയ്യിലെടുത്തു..... അതിലെ വാചകം വായിച്ചു... ഈണത്തിൽ കുറച്ചുനേരം ചൊല്ലി അതിന്റെ അർത്ഥം സ്വയം പറഞ്ഞു... അപ്പോഴേയ്ക്കും നിസ്കാരസമയമായിരുന്നു... നിസ്കാരവും കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും ഒരു പുതിയ ശക്തി ലഭിച്ചതുപോലെ തോന്നി... വീട്ടിൽനിന്നും.. മറ്റും വിളിച്ചിരുന്നു. ഐഷുവിന്‌റെ വിളിയും വന്നിരുന്നു. നേരത്തെ ഉറങ്ങാൻ അൻവർമാമപറഞ്ഞതിനാൽ അവൻ നേരത്തേ കിടന്നു. പഠിച്ച  പല കാര്യങ്ങളും ഓർമ്മയിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. നാളത്തെ പ്രഭാതം അത് തന്റെ ഭാവി തീരുമാനിക്കുന്ന ദിവസമാണ്. നല്ലത് മാത്രം സംഭവിക്കട്ടെയെന്നു മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അവൻ ഉറക്കിലേക്ക് വഴുതി വീണു.


വായനക്കാരെ ഓർമ്മിപ്പിക്കുന്നു.... ജീവന്റെ വിലയുള്ള ജാഗ്രത



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ  02 08 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  09 08 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ