12.9.20

നിഴൽവീണവഴികൾ ഭാഗം 91

 


വിഷമത്തോടെയാണെങ്കിലും ചിരിച്ച മുഖത്തോടെ എല്ലാവരും അൻവറിനെ യാത്രയാക്കി. നാദിറയ്ക്ക് നല്ല വിഷമമുണ്ട്.. പക്ഷേ വിഷമിച്ചിരിക്കാനുള്ള സമയമല്ലിതെന്ന് അവൾക്ക് നന്നായറിയാം...
അവർ മൂവരും വണ്ടിയിൽ കയറി.. യാത്ര എയർപോർട്ട് ലക്ഷ്യമാക്കി... യാത്രയ്ക്കിടയിൽ അൻവർ ഓർക്കുകയായിരുന്നു. ഇതുപോലെ വർഷങ്ങൾക്കുമുമ്പ് ഒരു യാത്ര... അന്ന് കുടുംബത്തിന്റെ അവസ്ഥ ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. വാപ്പയുടെ ശ്രമഫലമായി ലഭിച്ച വിസയിൽ വിദേശത്തേയ്ക്ക്... താൻ വിദേശത്തേയ്ക്ക് പോകുമ്പോൾ എല്ലാവരും നല്ല പ്രതീക്ഷയിലായിരുന്നു. കുടുംബത്തിലെ രക്ഷകനെന്നുള്ള പരിവേഷം... സ്വന്തമായൊരിടം.. എല്ലാം നേടാൻ തക്കപണമുണ്ടാക്കി. പക്ഷേ... നാദിറയുടെ വാക്കുകേട്ട താൻ എല്ലാവരേയും വെറുപ്പിച്ചു... അവസാനം അറബി തന്റെ സമ്പത്ത് തട്ടിയെടുത്ത് ജയിലിലടച്ചപ്പോൾ മറ്റാരുമല്ല രക്ഷയ്ക്കെത്തിയത്, റഷീദ് തന്നെയായിരുന്നു... അന്ന് റഷീദ് ഒരു വിസയ്ക്കുവേണ്ടി എത്രയോതവണ എഴുതിയിരുന്നു പക്ഷേ തനിക്ക് അതിന് മനസ്സുവന്നില്ല.. എന്താണെന്നറിയില്ല.. അന്ന് എല്ലാം നേടിയെന്ന അഹങ്കാരമായിരുന്നു.

”ഇക്കാ... നിങ്ങട കുടുംബം ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാ... ആ കപ്പലിൽ കപ്പിത്താനാവാതെ സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കൂ...” എന്നായിരുന്നു നാദിറ തന്നെ ഉപദേശിച്ചിരുന്നത്... വാപ്പയ്ക്കു ചികിത്സയ്ക്കുപോലും പണമയയ്ക്കാൻ മടിച്ചിരുന്നു. സഫിയയുടെ ബുദ്ധിമുട്ടുകൾ മസനസ്സിലാക്കി ഒരു സഹായവും ചെയ്തതുമില്ല.. അവസാനം എല്ലാം നഷ്ടപ്പെട്ട് മരുഭൂമിയിൽ അലഞ്ഞ തന്നെ തേടിപ്പിടിച്ച് ഇവിടെത്തിച്ചതും ആ ജേഷ്ഠൻ റഷീദ് തന്നെയായിയുരന്നു. അവർക്ക് തന്നോട് ഒരിക്കലും വെറുപ്പുണ്ടായിട്ടില്ല.. അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല.. എന്തോ തനിക്ക് അവനെപ്പോലെ അന്ന് ചിന്തിക്കാനായില്ല... എന്തിന് എല്ലാവരും ഒരുമിച്ച് ഒരു കുടുംബത്തിൽ കഴിയണം എന്ന ഉദ്ദേശത്തിൽ റഷീദ് വീടു വാങ്ങിയതുപോലും വാപ്പാന്റെ പേരിലാണ്... ”ഇത് വാപ്പാന്റെ സ്വത്താണ്... അത് എല്ലാവർക്കും അവകാശമുണ്ട്... ആയതിനാൽ ഈ വീട്ടിൽ നമുക്കെല്ലാവർക്കും തുല്യ അവകാശമാണൻവറേ” എന്നാ റഷീദ് തന്നോട് പറഞ്ഞത്... കാലം തനിക്കും മാപ്പുതന്നിരിക്കുന്നു.. ഇനി താൻ ഒരു നല്ല മകനാണെന്നും സഹോദരനാണെന്നും ഭർത്താവാണെന്നും ഉപ്പയാണെന്നും തെളിയിക്കാനുള്ള ഒരു അവസരമാണ് പടച്ചോൻ തനിക്കു തന്നിരിക്കുന്നത്.. ഈ അവസരം താനൊരിക്കലും പാഴാക്കില്ല.. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം മനസ്സിൽ എത്രയോതവണ ചെയ്തിരിക്കുന്നു. മനസ്സുകൊണ്ട് വാപ്പയുടെയും ഉമ്മയുടെയും കാലുകൾ താൻ പിടിച്ചിരിക്കുന്നു. തനിക്ക് വന്ന ഈ അവസരം എല്ലാ തെറ്റിനുമുള്ള ഒരു പരിഹാരത്തിനുവേണ്ടിയാകാം.

ഫസൽ നല്ല ഉറക്കത്തിലായിരുന്നു. ചിന്തകളിൽ മുഴുകിയിരുന്നതിനാൽ അവൻവർ എയർപോർട്ടെത്തിയത് അറിഞ്ഞില്ല..

”ഇക്കാ.. നമ്മളെത്തി...” ഉറക്കത്തിലെന്നവണ്ണം അൻവർ ഞെട്ടി ഉണർന്നു.

”ഫസലേ....” അൻവർ അവനെ കുലുക്കി വിളിച്ചു. പാർക്കിംഗിൽ വണ്ടി നിർത്തി.. മൂവരും വണ്ടിയിൽ കരുതിയ വെള്ളമുപയോഗിച്ച് മുഖം കഴുകി.. നല്ല ഉറക്കച്ചടവുണ്ടായിരുന്നു. എയർപോർട്ടിനടുത്ത ക്യാന്റീനിൽ നിന്നും മൂവരും ചായ വാങ്ങിക്കുടിച്ചു..”

”വിഷ്ണു. ഇന്നാ ഇതു വെച്ചോ തിരികെ പോകുമ്പോൾ നിങ്ങൾ കഴിച്ചുപോകണം. പകൽ നല്ലട്രാഫിക്കായിരിക്കും.. വീടെത്താൻ ഒരു സമയമെടുക്കും.”

”അതു കുഴപ്പമില്ല ഇക്കാ.. ഞാനും ഫസലും സ്ഥിരം കഴിക്കുന്ന ഒരു കടയുണ്ട്.. അവിടുന്നാകും ഇന്നത്തെ ഭക്ഷണം..” ഫസലും പുഞ്ചിരിച്ചുകൊണ്ട് അൻവറിനെ നോക്കി..

അവർ പ്രതീക്ഷിച്ചതിലും അരമണിക്കൂർ മുന്നേയാണ് എയർപോർട്ടിലെത്തിയത്. അവർ മൂവരും എയർപോർട്ടിന്റെ കവാടത്തിലേയ്ക്ക് നടന്നു. വിഷ്ണുവാണ് ലഗേജ് ട്രോളിയിൽ വച്ച് തള്ളിക്കൊണ്ടുപോയത്.. ഒരു കൈ ഫസലിന്റേതുമുണ്ടായിരുന്നതിൽ.

എയർപോർട്ടിൽ നല്ലതിരക്കുണ്ടായിരുന്നു.. ധാരാളം യാത്രക്കാർ കുടുംബമായും അല്ലാതെയും വന്നിരിക്കുന്നു... യാത്രയയക്കുമ്പോഴുണ്ടാകുന്ന ബന്ധുക്കളുടെ കണ്ണുനീർ... വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഗൾഫിലേയ്ക്ക് തിരികെപോകുന്ന പ്രവാസിയായ ഭർത്താവിനെ യാത്രയാക്കാൻ നിറകണ്ണുകളുമായി നിൽക്കുന്ന ഭാര്യ... വാപ്പായെന്നു വിളിച്ചു തുടങ്ങിയപ്പോഴേയ്ക്കും ഗൾഫിലേയ്ക്ക് തിരികെപ്പോകേണ്ടിവന്ന പിതാക്കന്മാർ.. എന്നും എയർപോർട്ടുകൾ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും അതിർവരമ്പുകളാണ്... അവിടെ വരേയേ ഉള്ളൂ യത്രാനുമതിയില്ലാത്ത ഏതൊരു ഇന്ത്യാക്കാരന്റെയും യാത്ര.. അനുമതിയുള്ളവന് ആ അതിർവരമ്പുകൾ കടന്നുപോകാം... മനസ്സ് കൂടെവന്നവരുടേയും പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെയും കൂടെവിട്ടിട്ട് ശരിരമാണ് ആ അതിർവരമ്പുകൾ ഭേദിച്ച് മുന്നോട്ട് പോകുന്നത്.... കണ്ണിൽ നിന്നും മറയുന്നതുവരെ കൈയുയർത്തിക്കാണിക്കും. പിന്നെ തിരക്കുകളിൽ ഇഴുകിച്ചേരും, യാഥാർത്ഥ്യം മനസ്സിലാക്കി യത്രയിൽ തടസ്സങ്ങളില്ലാതിരിക്കാനായി പ്രാർത്ഥിച്ചുകൊണ്ട് അവിടം വിടുന്ന ബന്ധുക്കൾ.. യാത്രയാകുംവരെ പിടിച്ചുനിന്ന വികാരം, ഉറ്റവർ കണ്ണിൽ നിന്നും മറയുമ്പോൾ പെയ്തുതുടങ്ങുന്ന തുലാവർഷം ഓർമ്മിപ്പിക്കുന്ന ചിലരേയും അവിടെ കാണാം.

ലഗേജും തള്ളിയുള്ള വിഷ്ണുവിന്റെയും ഫസലിന്റെയും യാത്ര എയർപോർട്ടിന്റെ ഗ്ലാസ് ഡോറുകൾക്കിപ്പുറം വരെ മാത്രം...

”ങ്ഹാ.. ഇനി ഞാൻ കയറട്ടെ... നല്ല തിരക്കുണ്ട്.. നിങ്ങൾ നിൽക്കേണ്ട.. പൊയ്ക്കോ...”

വിഷ്ണു അൻവറിന് ഷേക്ക്ഹാന്റ് കൊടുത്തു.. ഫസലിന് ചെറുതായി കരച്ചിൽവന്നു... പക്ഷേ അവൻ ഉള്ളിലൊതുക്കി... അൻവർമാമാനെ അവൻ ആശ്ലേഷിച്ചു.. അദ്ദേഹത്തിന്റെ കണ്ണുകളിലും കണ്ണുനീർ ഉരുണ്ടുകൂടി... അവിടെ നിന്നാൽ സീനാകുമെന്നു കരുതി.. അൻവർ യാത്രപറഞ്ഞു പിരിഞ്ഞു... കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കിനിന്നും.. ദൂരെയെത്തി കൈവിശിക്കാണിച്ചു... തങ്ങൾക്കു യാത്ര തിരിക്കാനുള്ള സിഗ്നലായിരുന്നത്.. അവർ രണ്ടാളും കാറിനടുത്തേയ്ക്ക് നടന്നു...

”വിഷ്ണുവേട്ടാ.. നമുക്ക് ആ ഫ്ലൈറ്റ് പറന്നുമുകളിലേയ്ക്കു പോയിട്ടു പോകാം..”

”ശരി.. നിനക്ക് കാണണോ..?”

”അതേ.. വിഷ്ണുവേട്ടാ...”

”അവർ ഫ്ലൈറ്റ് കാണാൻ സാധിക്കുന്ന സൈഡിലേയ്ക്ക് ചെന്നു നിന്നു.. വളരെ ദൂരത്തായിരുന്നു ഫ്ലൈറ്റ്... ധാരളം ഫ്ലൈറ്റുകൾ യാത്രയ്ക്കായി തയ്യാറായി നിൽപ്പുണ്ടായിരുന്നു. അതിൽ ഏതു ഫ്ലൈറ്റിലാണ് അൻവറിക്ക പോകുന്നതെന്നറിയില്ല.. പക്ഷേ ഫ്ലൈറ്റിന്റെ സമയം മാത്രമേ അറിയാവൂ.. എന്തായാലും ഒരു ഫ്ലൈറ്റ് പറന്നുപൊങ്ങിയിട്ട് യാത്രതിരിക്കാമെന്ന് വിഷ്ണു പറഞ്ഞു.. ഫസൽ അത് അംഗീകരിച്ചു.

സാവധാനം യാത്രക്കാരേയും വഹിച്ചുകൊണ്ട് ഒരു ഫ്ലൈറ്റ് റൺവേയിലേയ്ക്ക്.. അവിടെ നിന്നും പതുക്കെ വേഗതകൂട്ടി പെട്ടെന്ന് അതിവേഗത കൈവരിച്ചു പറന്നുയർന്നു. നിമിഷങ്ങൾക്കുള്ളിൽ ആകാശത്തിലെ മേഘപാളികളിൽ ലയിച്ചു...

”ഫസലേ ഇനി നമുക്ക് പോകാം.. ഇക്കാന്റെ ഫ്ലൈറ്റിന് ഇനിയും മണിക്കൂറുകളുണ്ട്... അതുവരെ നമുക്ക് നിൽ‌ക്കേണ്ട...”

”ശരി.. മാമ പറഞ്ഞതല്ലേ... നമുക്ക് പോകാം...” അവർ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ചു... അരമണിക്കൂറത്തെ യാത്രയിൽ അവർ സ്ഥിരമായി കയറാറുള്ള ചായക്കടയിലെത്തി.. അവിടെനിന്നും വിഷ്ണു പുട്ടും പയറും പപ്പടവും കഴിച്ചു.. ഫസലിന് ഇഷ്ടം നല്ലചൂടുള്ള പൊറാട്ടയും ബീഫുമായിരുന്നു അവർ പ്രഭാതഭക്ഷണം കഴിഞ്ഞ് അവിടെനിന്നും യാത്ര തിരിച്ചു...

”ഫസലേ വേണേങ്കി ഒന്നുറങ്ങിക്കോ...”

”വേണ്ട വിഷ്ണുവേട്ടാ.. ഞാൻ ഉണർന്നിരിക്കാം.. ഉറക്കം വരുന്നില്ല..”

വിഷ്ണുവിനൊപ്പം ഫ്രെണ്ട് സീറ്റിലായിരുന്നു അവൻ ഇരുന്നിരുന്നത്.. സംസാരിച്ചും പറഞ്ഞും അവരുടെ വാഹനം റോഡിലൂടെ കുതിച്ചു പാഞ്ഞു.... നല്ല തണുത്ത കാറ്റടിച്ചപ്പോൾ ഫസൽ അറിയാതെ ഉറങ്ങിപ്പോയി... വീടിനടുത്തെത്തിയപ്പോഴാണ് ഫസൽ ഉണർന്നത്..

”വിഷ്ണുവേട്ടാ... ഇത്ര പെട്ടെന്നിങ്ങെത്തിയോ..”

”നല്ല ആളാ.. ഉണർന്നിരിക്കാമെന്നു പറഞ്ഞിട്ട് നല്ല ഉറക്കമായിരുന്നല്ലോ..?”

”സോറി വിഷ്ണുവേട്ടാ.. ഉറങ്ങിപ്പോയി..”

”സാരമില്ല.. ഞാൻ വിളിക്കാഞ്ഞതാ...”

അവർ വീട്ടിലെത്തി.. വാതിൽക്കൽ ഹമീദുണ്ടായിരുന്നു. അവരെത്തിയപ്പോൾ എല്ലാവരും പുറത്തേക്കിറങ്ങി..

”യാത്രയൊക്കെ സുഖമായിരുന്നോ വിഷ്ണൂ...”

”വലിയ തിരക്കില്ലായിരുന്നു ഹമീദിക്കാ... സുഖമായെത്തി. ഇക്കാനെ യാത്രയയച്ചിട്ടാണ് ഞങ്ങൾ തിരിച്ചത്..”

”വാ വിഷ്ണു കാപ്പികുടിച്ചിട്ടു പോകാം..”

”ഇക്കാ കഴിച്ചു... വരുന്നവഴിക്ക്... ഫസലിന് ഇഷ്ടപ്പെട്ടൊരു കടയുണ്ട്... അവിടുന്നു കഴിച്ചിട്ടാ ഞങ്ങൾ വന്നത്...”

”എന്നാ ഒരു ചായകുടിച്ചിട്ടു പോകാം..”

വിഷ്ണു മനസ്സില്ലാ മനസ്സോടെ അകത്തേയ്ക്ക് കയറി.. വിഷ്ണുവിന് ചായയുമായി സഫിയയെത്തി... ഫസലിന് ചായ ശീലമില്ലാത്തതിനാൽ അവൻ നേരേ മുകളിലേയ്ക്ക് പോയി..

”അവന് നല്ല ഉറക്കം വരുന്നുണ്ടായിരിക്കും...”

”ഇല്ലെന്നേ.. കാറിൽ നല്ല ഉറക്കമായിരുന്നു.” വിഷ്ണു സഫിയയോട് പറ‍ഞ്ഞു.

”വിഷ്ണുവിന് ഇന്ന് വേറേ ഓട്ടമുണ്ടോ..”

”ഇല്ല സഫിയാത്ത... ഇന്ന് ആരും വിളിച്ചിട്ടില്ല. ആരേലും വിളിച്ചാൽ ഞാൻ വണ്ടിവന്നെടുക്കാം... കുറച്ചുനേരം ഒന്ന് റസ്റ്റെടുക്കണം..”

വിഷ്ണു ചായകുടിച്ച് യാത്രപറഞ്ഞ് പിരിഞ്ഞു... ആ വീട്ടിൽ അന്ന് മൊത്തത്തിൽ ഒരു മൂകതയായിരുന്നു. അൻവറിന്റെ യാത്ര അവർക്ക് എല്ലാവർക്കും ഉള്ളിൽ ദുഃഖമുണ്ടെങ്കിലും പുറത്താരും കാണിച്ചില്ല... എന്നാൽ എല്ലാവർക്കും പരസ്പരം മനസ്സിലാകുകയും ചെയ്തു.

വൈകുന്നേരം നാലുമണിയായപ്പോൾ ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു. ഹമീദ് മാത്രമേ ആ സമയത്ത് അകത്തുണ്ടായിരുന്നുള്ളൂ.. ഫസൽ മുകളിലും... മറ്റുള്ളവർ പുരയിടത്തിൽ പച്ചക്കറി പറിക്കാനായി പോയിരുന്നു. ഹമീദാണ് വന്ന് ഫോണെടുത്തത്.. അപ്പുറത്ത് മൗലവിയായിരുന്നു.

”ഹമീദിക്കാ ഇത് ഞാനാ... ”

”ആ മൗലവിയോ...”

”അൻവർ സുഖമായെത്തിയോ..”

”എത്തി.. വിളിച്ചിരുന്നു... എല്ലാവർക്കും സന്തോഷമായി..”

”എന്തായാലും പടച്ചോൻ സഹായിച്ച് കുടുംബത്തിന് നല്ലതേ വരൂ...”

”നന്ദിയുണ്ട് മൗലവി... അങ്ങ് നമുക്കുവേണ്ടിയും ദുആ ചെയ്യുന്നുണ്ടല്ലോ.”

”ഉവ്വൂവ്വ്... ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാ.. നാളെ ഒരു പ്രഭാഷണമുണ്ട്... ഫസലിനേയും കൊണ്ടുപോകാമെന്നാണ് വിചാരിക്കുന്നത്.. പ്രഭാഷണത്തിനു പോകുമ്പോൾ അവനേയും കൂട്ടണമെന്ന് അവൻ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു.”

”അതിനെന്താ... അവനെ വിടാമല്ലോ...”

”അതേ.. നാളെ ഇവിടുന്നു തിരിക്കും.. തിരിച്ച് മറ്റന്നാളെ എത്താനാകൂ... നാളെ വൈകിട്ടാണ് പ്രഭാഷണമെങ്കിലുും കഴിയുമ്പോൾ രാത്രിയാകും.. പിന്നെ രാത്രി യാത്ര ഒഴിവാക്കി വെളുപ്പാൻ കാലത്ത് തിരിക്കാമെന്നു കരുതുന്നു.”

”അതിനെന്താ മൗലവി... അങ്ങെന്നു പറഞ്ഞാൽ അവന് ജീവനാ.. ഞാൻ അവനെ വിളിക്കാം...”

ഹമീദ്. ഫോൺ വച്ചിട്ട് സ്റ്റെയർകേയ്സിന് അടുത്തു വന്ന് ഉച്ചത്തിൽ ഫസലിനെ വിളിച്ചു.. ഫസൽ തിടുക്കപ്പെട്ട് ഓടി താഴേയ്ക്കുവന്നു...

”ഫസലേ.. മൗലവി ലൈനിലുണ്ട്... നിന്നെ വിളിക്കുന്നു..”

മൗലവി കാര്യങ്ങളൊക്കെ ഫസലിനോട് പറ‍ഞ്ഞു. ഫസലിനും കേട്ടപ്പോൾ വലിയ സന്തോഷമായി... മാഹിയിലേയ്ക്കാണ് യാത്ര.. കുറേനാളായി കാണണമെന്നു കരുതിയ സ്ഥലാണ്. കേരളത്തിനടുത്താണെങ്കിലും അവിടെ കേന്ദ്രഭരണ പ്രദേശമായിരുന്നു. ഒരതിർത്തി കടന്നു അപ്പുറത്തു ചെന്നാൽ അവിടെ മലയാളം സംസാരിക്കുന്നവർ തന്നെ.. പക്ഷേ നമുക്കില്ലാത്ത ചില പ്രാധാന്യം അവിടുത്തുകാർക്കുണ്ടായിരുന്നു. അവൻ ഹമീദിനെ അനുവാദത്തിനായി നോക്കി...

”ചെല്ലാമെന്നു പറഞ്ഞോളൂ.. ഫസലേ.. സഫിയയോട് ഞാൻ പറഞ്ഞുകൊള്ളാം.”

”ഫസൽ സമ്മതംമൂളി..”

”ഫസലേ ഞാൻ നാളെ രാവിലെ 5 മണിക്ക് അവിടെയെത്തും രണ്ടുദിവസത്തേയ്ക്കുള്ള ഡ്രസ്സൊക്കെ എടുത്തേക്കണം.”

”ശരി..”

അവൻ വലിയ സന്തോഷത്തിലായിരുന്നു. കുറച്ചു സ്ഥലങ്ങൾ കാണാം... പുതിയ ആൾക്കാരെ പരിചയപ്പെടാം.. കൂടാതെ മൗലവിയുടെ പേരിലൊന്നു ഷൈൻചെയ്യാം..

അപ്പോഴേയ്ക്കും സഫിയയും മറ്റുള്ളവരും എത്തിയിരുന്നു. അവരോട് ഹമീദ് കാര്യങ്ങളൊക്കെ പറഞ്ഞു... ”വാപ്പാ. അത്..” സഫിയ പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും ഹമീദ് ഇടപെട്ടു..

”അവൻ ഇനി ഡോക്ടറാവാൻ പഠിക്കാൻ പോകുന്നവനാ.. പലയിടത്തും രാത്രിയും പകലുമെന്നില്ലാതെ പോകേണ്ടിവരും..ഇതൊരു തുടക്കമാകട്ടെ.. മറ്റൊന്നിനുമല്ലല്ലോ.. ഒരു ദൈവീക പ്രവർത്തിക്കല്ലേ...” സഫിയ പിന്നൊന്നും പറഞ്ഞില്ല..

”അല്ലെങ്കിലും അന്റെ വാപ്പയാ ഓനേ വഷളാക്കി കളയണേ..” ഹമീദിന്റെ ഭാര്യ സൈനബയാണത്   പറഞ്ഞത്..

”.... സൈനബാ ... ഒന്നു മിണ്ടാണ്ടിരി... അവന്റെ നല്ലതിനല്ലേ.. ഇതൊക്കെ ചെയ്യുന്നത്.. ചെറുപ്രായത്തിൽ അവൻ എല്ലായിടത്തും പോയി ശീലിക്കട്ടേ.. പോകുന്നത് സാധാരണക്കാരനായ മനുഷ്യന്റോടല്ല.. പുള്ളി ആരാന്നറിയില്ലേ... നാടറിയണ മനുഷ്യനാ..”

”ഹമീദിന്റെ മുന്നിൽ പിന്നെ പൊതുവെ എതിർ അഭിപ്രായം പറയാൻ സൈനബ നിൽക്കാറില്ല... എന്നും അവർക്ക് ഹമീദിന്റെ നിഴലായി നിൽക്കനായിരുന്നു ഇഷ്ടം... ഇത്ര നാളത്തെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയിലും താഴ്ചയിലും താങ്ങായും തണലായും നിന്നവൾ... ഒരിക്കൽപ്പോലും തന്റെ ഇഷ്ടത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. നാല് ആങ്ങളമാരുടെ ഓരേയൊരു സഹോദരി... അത്യാവശ്യം സമ്പാദ്യമൊക്കെ ഉണ്ടായിരുന്നു. കൂടെയിറങ്ങിവരുമ്പോൾ  തനിക്ക് കൂട്ടായുണ്ടായിരുന്നത് മനോധൈര്യം മാത്രമായിരുന്നു... പിന്നെ എല്ലാറ്റിനും പിന്നിൽനിന്ന് ധൈര്യം പകർന്നിരുന്നവൾ അവളായിരുന്നു. ബുദ്ധിമുട്ടും കഷ്ടപ്പാടുകളുമുണ്ടായിട്ടും അഭിമാനിയായ തന്നെ തോൽപ്പിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു സഹായവുമായി വന്ന സഹോദരന്മാരുടെ സഹായംപോലും തനിക്കുവേണ്ടി അവൾ നിരസിച്ചിരുന്നു... പൊതുവേ ഒരു കാര്യത്തിലും അഭിപ്രായം പറയാറില്ല.. പറയുന്നത് താൻ സ്വീകരിക്കാറുമുണ്ട്...

അൻവറിന് ഒരു പുതിയ ലോകമായിരുന്നു ദുബായ്.. ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന ബഹുനിലകെട്ടിടങ്ങൾ... റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങൾ...ഡ്രൈവറില്ലാതെ ഓടുന്ന ദുബൈ മെട്രോ ട്രയിൻ ബുർജ്ജ് ഖലീഫ ദുബായ് മാൾ എയർപോർട്ടിൽ റഷീദും അഭിമന്യുവുമാണ് സ്വീകരിക്കാനെത്തിയത്..അവർ അവനേയും കൊണ്ട് നേരേ പോയത് അവർ പുതുതായി തുടങ്ങാൻപോകുന്ന ബേക്കറിയിലേയ്ക്കായിരുന്നു. ഏകദേശം പണി പൂർത്തിയായിരിക്കുന്നു. നാളെക്കഴിഞ്ഞ് ഉദ്ഘാടനം.. അവിടേയ്ക്ക് വരേണ്ട സ്റ്റാഫുകളും എത്തിച്ചേർന്നിരുന്നു. അൻവറിനെ എല്ലാവർക്കും പരിചയപ്പെടുത്തി... എല്ലാവരും നല്ല സ്നേഹമുള്ളോരാണെന്ന് സംഭാഷണത്തിൽ തന്നെ മനസ്സിലാവും...

അവർ അതിനുശേഷം അവരുടെ താമസസ്ഥലത്തേയ്ക്ക് പോയി.. ഒരു രണ്ടുനിലകെട്ടിടം... അത് പൂർണ്ണമായും അവർ വാടകയ്ക്കെടുത്തിരുന്നു. താഴത്തെ നിലയും മുകളിലത്തെ നിലയിലുമായി മൊത്തം 6 റൂമുകൾ.. താഴത്തെ നിലയിലെ ഒരു ഫ്ലാറ്റ് പൂർണ്ണമായും അൻവറിനുള്ളതായിരുന്നു. രണ്ടു റൂമും ഹാളുമായിരുന്നു. തൊട്ടടുത്തായി ഒരു സിങ്കിൾ റൂാം ഫ്ളാറ്റുമുണ്ടായിരുന്നു. അത് ഓഫീസ് കാര്യങ്ങൾക്കായി വിനിയോഗിക്കാമെന്നാണ് കരുതുന്നത്.. മുകളിലത്തെ റൂമുകൾ സ്റ്റാഫുകൾക്കു കാന്റീനായും ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു.

”അൻവറൊന്നു ഫ്രഷായി ഇരിക്ക് ഞങ്ങളൊന്നു പാഴ്സലാഫീസുവരെപോയിട്ടു വരാം.. ഒരു മെഷീനെത്താനുണ്ടായിരുന്നു. അതിന്റെ ക്ലിയറൻസിന് പോയിട്ടു വരാം.”

വിശാലമായ റൂം.. അൻവറിന് ഫ്ലാറ്റ് നന്നായി ഇഷ്ടപ്പെട്ടു... ഇറങ്ങിയ ഉടൻ തന്നെ ഏൽപ്പിച്ച ഫോണിൽനിന്നും അൻവർ നാട്ടിലേയ്ക്ക് വിളിച്ചു. ഹമീദായിരുന്നു ഫോണെടുത്തത്... അൻവർ വിശദമായി അവിടുത്തെ വിശേഷങ്ങൾ പറഞ്ഞു... അടുത്തതായി സഫിയയുമെത്തി.. അവസാനം നാദിറയുടെ കൈയ്യിൽ ഫോണെത്തി.. അവൾ കണ്ഠമിടറിക്കൊണ്ടായിരുന്നു സംസാരിച്ചത്... വിഷമം കാണും... എല്ലാം നമ്മുടെ നല്ലതിനുവേണ്ടിയല്ലേ നാദിറാ...

എല്ലാവരോടും കുശലം പറ‍ഞ്ഞ് ഫോൺ കട്ട് ചെയ്തു.. കുളിച്ച് ഫ്രഷായപ്പോഴേയ്ക്കും റഷീദും അഭിമന്യുവും തിരികെയെത്തി.. അവർ മൂവരും കാറിൽ നേരേ ഷോപ്പിലേയ്ക്ക് തിരിച്ചു... അവിടെയെത്തി... എല്ലായിടത്തും ഒന്നു ചുറ്റിക്കറങ്ങി.. സൂപ്പർമാർക്കറ്റും ഇലക്ട്രോണിക് ഷോപ്പും.. സിനിമാതീയേറ്റരുമെല്ലാം കറങ്ങികണ്ടു... എന്തുകൊണ്ടും നല്ല കണ്ണായ സ്ഥലംതന്നെയാണെന്ന് അൻവറിനു  ബോധ്യമായി... അവർ കടയിലെത്തിയപ്പോഴേയ്ക്കും അവിടെ നന്നായി മേശയും കസേരയുമൊക്കെ നിരത്തിയിരുന്നു. റഡിന്റേയും ബ്ലാക്കിന്റെയും കോമ്പിനേഷനായിരുന്നു തയ്യാറാക്കിയിരുന്നത്... ഷവർമ കടയും ഫ്രണ്ടിലായി ഫിക്സ് ചെയ്തിരിക്കുന്നു. അകത്തേ കാഷ്കൗണ്ടർ, ഓർഡർ സ്വീകരിക്കന്ന സ്ഥലം... ഡെലിവറി.. ഒരേസമയം പതിനഞ്ചുപേർക്കിരിക്കാം. അതു കൂടാതെ തൊട്ടപ്പുറത്ത് വിശാലമായ കോമൺ ഡൈനിംഗ് ഏരിയായുമുണ്ട്... ചെറിയ കടയാണെങ്കിലും പണി പൂർത്തിയായിക്കഴിഞ്ഞപ്പോൾ വലിയൊരു കടയായി അവർക്ക് തോന്നി... ബോർമയും മറ്റും അവരുടെ താമസസ്ഥലത്തിനടുത്തായാണ് സെറ്റുചെയ്തിരിക്കുന്നത്.. അവിടെനിന്നുമാണ് കേക്ക് ബ്രഡ് തുടങ്ങിയ സാധനങ്ങൾ ഉണ്ടാക്കി എത്തിക്കുന്നത്.. അതിനായി പ്രത്യേകം വാഹനവും ഡ്രൈവറും റഡിയാക്കിയിരുന്നു. അൽപസമയത്തിനകം ഒരു കെട്ട് ബ്രോഷറുമായി ഒരു യുവാവെത്തി.. അത് മേശമേൽ വച്ച് അതിൽ നിന്നും ഒരു കോപ്പിയെടുത്ത് റഷീദന്റെ കൈയിൽ കൊടുത്തു..

ഇനി അൻവറാണ് ഇതിന്റെ മുതലാളി... ഒന്നു നോക്കി എന്തേലും കുഴപ്പമുണ്ടോയെന്നു നോക്കിയേ അൻവറേ.. റഷീദാണത് പറഞ്ഞത്... അൻവറിന്റെ കണ്ണുകൾ നിറഞ്ഞുപോയി... അൻവർ മെനു കൈയ്യിൽ വാങ്ങി. വായിച്ചുനോക്കി.. നല്ല ഭംഗിയായി പ്രിന്റ്ചെയ്തിരിക്കുന്നു.. എല്ലാ ഐറ്റത്തിന്റെും ഫോട്ടോകളും പ്രിന്റ് ചെയ്തിട്ടുണ്ട്. അവർ മൂവരും മേശയ്ക്ക് അഭിമുഖമായി ഇരുന്നു. ബേസിക്കായിട്ട് വേണ്ട കാര്യങ്ങളൊക്കെ അൻവറിന് പറഞ്ഞുകൊടുത്തു. അൻവറിനെ സഹായിക്കാനായി ഒരു മലയാളിയുമുണ്ട്... അവൻ സൗദിയിലായിരുന്നു തൽക്കാലത്തേയ്ക്ക് ഇങ്ങോട്ട് സ്ഥലംമാറ്റിയിരിക്കുന്നു.. അറബിയും ഹിന്ദിയും, ഇംഗ്ലീഷുമൊന്നും അൻവറിന് പ്രശ്നമില്ല.. പക്ഷേ ഇത് അൻവറിന്റെ മേഖലയല്ലല്ലോ... അപ്പോൾ കുറച്ച് പരിശീലനം ആവശ്യമാണ്. ഓർഡറെടുക്കണം... എല്ലായിടത്തും കണ്ണോടിയെത്തണം. ഡെലിവറിയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ചെയ്യണം. എവിടെങ്കിലും ഒരു പാകപ്പിഴയുണ്ടായാൽ മൊത്തം താളംതെറ്റും.. അൻവറിന്റെ കഴിവിനെക്കുറിച്ച് റഷീദിന് നല്ല ബോധ്യമുണ്ട്. കുത്തഴിഞ്ഞു കിടന്ന അമ്മായിയുടെ കമ്പനി മൂന്നു മാസംകൊണ്ട് ലാഭത്തിലാക്കിക്കൊടുത്ത ആളാ പുള്ളിക്കാരൻ.. ആ ബുദ്ധിയുടെ ഒരംശം മതി.. ഈ സ്ഥാപനം നടത്തി വിജയിപ്പിക്കാൻ.

ചെക്കുകളും മറ്റു ഡോക്കുമെന്റുകളും അൻവറിന്റെ പേരിൽതന്നെയായിരുന്നു... രാത്രി കുറച്ച് വൈകിയാണവർ അവിടെനിന്നും തിരിച്ചത്..പോകുന്ന വഴിക്ക് സ്‌പോൺസറുടെ വീട്ടിൽ കയറി അൻവറിനെ പരിചയപ്പെടുത്തി... നാളെക്കഴിഞ്ഞാൽ ഉദ്ഘാടനമാണ്.. നാളെത്തന്നെ കുറച്ച് മെനു കാർഡുകൾ അടുത്തടുത്ത ഓഫീസുകളിലും മറ്റും വിതരണംചെയ്യണം. തങ്ങളിവിടുണ്ടെന്നുള്ള തോന്നൽ ആൾക്കാരിലുണ്ടാക്കണമല്ലോ... അതിനുള്ള സംവിധാനങ്ങളൊക്കെ ചെയ്തു.. അവർ നേരേ പോയത് ബോർമയും മറ്റും സെറ്റ് ചെയ്ത സ്ഥലത്തേയ്ക്കാണ്. അവിടെ നാലു പണിക്കാരെ നിയമിച്ചിട്ടുണ്ട്. എല്ലാ ബേക്കറി ഐറ്റങ്ങളും ഉണ്ടാക്കാനറിയാവുന്നവർ തന്നെയായിരുന്നവർ. ഇവിടെനിന്നും ദിവസം നാലുപ്രാവശ്യം സാധനങ്ങളുമായി വാഹനം കടയിലേയ്ക്ക് പോകണം.. ഓഡറനുസരിച്ച് അതിൽ കൂടുതലും വേണ്ടിവരും... ഷോപ്പിംഗ്മാൾ തുറക്കുന്നതിനു മുന്നേ അതാതു ദിവസത്തേയ്ക്കുള്ള സ്റ്റോക്കെത്തണം. പഴകിയ സാധനങ്ങൾ തിരികെയെത്തിച്ച് അത് നശിപ്പിക്കാനുള്ളസംവിധാനമുണ്ടാക്കണം... അങ്ങനെ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. പൊതുജനാരോഗ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന രാജ്യമാണത്.. ആയതിനാൽ ഏതെങ്കിലും ചെറിയ പിഴവുവന്നാൽ ഫൈനടിക്കും. അതുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്...

അവർ ഫ്ലാറ്റിലെത്തിയപ്പോഴേയ്ക്കും രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. അവർക്കുള്ള ഭക്ഷണം റൂമിലെത്തിച്ചിരുന്നു. അൻവറിന് ഗൾഫിലെ സൗദി ലൈസൻസുണ്ട്... അത് എക്സ്പയറായതിനാൽ പുതിയത് ഇവിടെനിന്നുംഎടുക്കണം.. അതിനുള്ള ഏർപ്പാടും ചെയ്തിരുന്നു. റഷീദ് ഓടിക്കുന്ന വാഹനം ഇവിടുത്തേയ്ക്കുവേണ്ടി വാങ്ങിയതാണ്.. അൻവർ ലൈസൻസ് എടുക്കുന്നതുവരെ കൊണ്ടുപോകാനും വരാനുമായി ഒരാളുടെ സഹായം ഉറപ്പിച്ചിട്ടുണ്ട്. അഭിമന്യുവും റഷീദും നാലഞ്ചു ദിവസം ഇവിടെത്തന്നെ കാണും... ഇവിടുത്തെ ട്രെൻഡ് മനസ്സിലാക്കാൻ ആ ദിവസങ്ങൾ മതിയല്ലോ?

അവർ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. അൻവറിന് ഉറക്കം വന്നില്ല... തന്റെ ജേഷ്ഠൻ തനിക്ക് നൽകിയിരിക്കുന്നത് ഒരു പുതു ജീവിതമാണ്... അവന്റെ സ്നേഹത്തിനു മുന്നിൽ താൻ പരാജയപ്പെട്ടിരിക്കുന്നു. അഭിമന്യു എന്തായാലും അവന്റെ ശക്തിതന്നെയാണ്... എന്തിനും കൂടെനിൽക്കുന്ന ആത്മാർത്ഥ സുഹൃത്ത്... കുട്ടിക്കാലത്തേ അറിയാം... സൽസ്വഭാവി... എത്രയോ ദിവസം തങ്ങളുടെ വീട്ടിൽ വന്നിരിക്കുന്നു. ആ സ്വഭാവത്തിൽ ഇന്നും അവനൊരു മാറ്റവും വന്നിട്ടില്ല... പലതും ഓർത്തോർത്ത് അൻവർ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

ഓരോ കോൾ ചെയ്യുമ്പോഴും നമ്മുടെ ഫോണിലൂടെ കൊറോണയുടെ അപകടത്തെക്കുറിച്ചും ചെയ്യേണ്ടതിനെപ്പറ്റിയും നമ്മെ ഉപദേശിക്കുന്നു.. ശരാശരി ഒരു മലയാളി ഒരു ദിവസം കുറഞ്ഞത് പത്തിലധികം ആൾക്കാരെ വിളിക്കാറുണ്ട്... അത്രയും തവണ നമുക്ക് നല്ല ഉപദേശം ലഭിക്കുന്നു റെക്കോഡ് ചെയ്ത സംഭാഷണമായി... എന്നിട്ടും നമ്മളെന്താ പഠിക്കാത്തത്... അതു കേട്ടിരുന്നെങ്കിൽ ഇത്രയും കൊറോണ വ്യാപനം ഇന്നു കേരളത്തിലുണ്ടാകുമായിരുന്നെന്ന് തോന്നുന്നില്ല... ജീവന്റെ വിലയുള്ള ജാഗ്രത.. അതായിരിക്കണം ഓരോരുത്തരുടേയും മനസ്സിൽ... വാക്സിൻ വന്നോട്ടേ... അതുവരെയെങ്കിലും ജീവിച്ചിരിക്കേണ്ടേ.... ജാഗ്രത, ജാഗ്രത... ജീവന്റെ വിലയുള്ള ജാഗ്രത....




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 13 09 2020



തുടർന്നു വായിക്കുക അടുത്ത ഞായറായ്ച്ച 20 09 2020



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ