19.9.20

നിഴൽവീണവഴികൾ ഭാഗം 92

 

 

അവർ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. അൻവറിന് ഉറക്കം വന്നില്ല... തന്റെ ജേഷ്ഠൻ തനിക്ക് നൽകിയിരിക്കുന്നത് ഒരു പുതു ജീവിതമാണ്... അവന്റെ സ്നേഹത്തിനു മുന്നിൽ താൻ പരാജയപ്പെട്ടിരിക്കുന്നു. അഭിമന്യു എന്തായാലും അവന്റെ ശക്തിതന്നെയാണ്... എന്തിനും കൂടെനിൽക്കുന്ന ആത്മാർത്ഥ സുഹൃത്ത്... കുട്ടിക്കാലത്തേ അറിയാം... സൽസ്വഭാവി... എത്രയോ ദിവസം തങ്ങളുടെ വീട്ടിൽ വന്നിരിക്കുന്നു. ആ സ്വഭാവത്തിൽ ഇന്നും അവനൊരു മാറ്റവും വന്നിട്ടില്ല... പലതും ഓർത്തോർത്ത് അൻവർ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

ഔപചാരികമായ ഉദ്ഘാടനം... സ്പോൺസർ എത്തിയിരുന്നു. അദ്ദേഹത്തെ കൊണ്ടുതന്നെ ഉദ്ഘാടനം നിർവ്വഹിപ്പിച്ചു... അവിടെ സിനിമ വിട്ടുവന്ന സമയമായതിനാൽ നല്ല തിരക്കുമുണ്ടായിരുന്നു. ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി... പ്രതീക്ഷിച്ചതിലും വിൽപന. കൗണ്ടറിൽ അൻവർ, അൻവറിനെ സഹായിക്കാനായി മലയാളിയായ ഒരു കോഴിക്കോട്ടുകാരനുമുണ്ടായിരുന്നു. അവിടുത്തെ ഭക്ഷണം കഴിച്ച എല്ലാവരും നല്ല അഭിപ്രായം പറഞ്ഞത് അവരെ വളരെ സന്തോഷിപ്പിച്ചു.

അടുത്ത ദിവസം മുതൽ ഡെലിവറി തുടങ്ങുകയാണ്. അതിനുള്ള തയ്യാറെടുപ്പുകളും സ്റ്റാഫുകളും തയ്യാറായിക്കഴിഞ്ഞു. രണ്ടു സ്കൂട്ടർ ഡലിവറി ബോയിമാരെ തയ്യാറാക്കിയിട്ടുണ്ട്. ഓർഡറെടുക്കുന്നതിനുള്ള പരസ്യം നൽകിക്കഴിഞ്ഞു. സിനിമയ്ക്കിടയിൽ സ്ലൈഡ് പ്രദർശിപ്പിക്കാൻസംവിധാനവുമുണ്ടാക്കി.. ഫ്ലാറ്റുകളിലും ഓഫീസുകളിലും ഫ്ലൈയർ വിതരണത്തിനുള്ള സംവിധാനവും നേരത്തേ ചെയ്തിരുന്നു. റഷീദിന് ഒരു കാര്യത്തിൽ ഉറപ്പായിരുന്നു.. തങ്ങളുടെ തീരുമാനം തെറ്റിയിട്ടില്ല.. മണിക്കൂറുകൾക്കകം ഷവർമ്മ പൂർണ്ണമായും തീർന്നുകഴിഞ്ഞിരുന്നു. 60 കിലോയുടെ ഷവർമയായിരുന്നു. അതപ്പാടെ തീർന്നിരിക്കുന്നു. പിന്നീട് ചിക്കൻ ബർഗർ, സാൻവിച്ച് ഹോട്ട്ഡോഗ് തുടങ്ങിയവയുടെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ടായിരുന്നു. നാളെ കുറച്ചുകൂടി തയ്യാറെടുപ്പുകൾ വേണ്ടിവരുമെന്ന് അവർക്ക് മനസ്സിലായി.

രാത്രി 9 മണിവരെയാണ് അവർക്ക് റസ്റ്റാറന്റ് നടത്തുവാനുള്ള അനുവാദം നൽകിയിരിക്കുന്നത്... അന്നത്തെ ദിവസം 9 മണിക്ക് തന്നെ കച്ചവടം ക്ലോസ് ചെയ്തു.. അന്നത്തെ കണക്കുകൾ ക്ലിയർ ചെയ്യാൻ വീണ്ടും ഒന്നൊന്നര മണിക്കൂറോളം എടുത്തു. എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു. തിരക്കിനടയിൽ അൻവറിനും റഷീദിനും അഭിമന്യുവിനും പരസ്പരം സംസാരിക്കാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല.. ജീവനക്കാർക്കൊപ്പം അവർ ജോലികളിൽ മുഴുകുകയായിരുന്നു. അന്നത്തെ ബിസിനസ്സിൽ എല്ലാവരും വളരെയധികം ഹാപ്പിയായിരുന്നു.

അവർ ഷോപ്പ് ക്ലോസ്സ് ചെയ്ത് പുറപ്പെട്ടു. ജീവനക്കാർ അവർക്കുള്ള വാനിൽ അക്കമഡേഷനിലേയ്ക്കും. റഷീദും അഭിമന്യുവും അൻവറും അവരുടെ കാറിൽ താമസസ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു.

“അൻവർ എങ്ങനെയുണ്ട്.“ അഭിമന്യുവാണത് ചോദിച്ചത്.

“അഭിമന്യു നിങ്ങളുടെ തീരുമാനം കറക്ടാണെന്ന് ഞാൻ പറയും.. എല്ലാവരും ഹാപ്പിയാണ്. കൂടുതൽ വിറ്റുപോകുന്നത് ഷവർമയാണ്. നാളെ കുറച്ചുകൂടി വേണ്ടിവരുമെന്നു തോന്നുന്നു..“

“അതു ഇപ്പോൾ വേണ്ട.. കാരണം ഇതൊരു ട്രെൻഡാകുമോ എന്നു നോക്കിയിട്ടു മതി.. ഇന്ന് അറുപതു കിലോയായിരുന്നല്ലോ.. നാളെയത് അൻപതു മതി.. കാരണം ഇവിടെ നല്ല സെയിൽ ഉള്ള കാര്യം കസ്റ്റമേഴ്സിനു മനസ്സിലാകണം... വെറും ഒരു ബിസിനസ് ട്രിക്.. ഒരു പരീക്ഷണം.“

“ശരി..“

“തൊട്ടടുത്ത കടക്കാരനുമായി സംസാരിച്ചു... മലപ്പുറംകാരനാ.. വന്നിട്ട് പത്തുമുപ്പതു വർഷമായി.. ഷൂക്കട നടത്തുന്നു. ബിസിനസ് അത്ര പോരായെന്നാണ് പുള്ളിക്കാരന്റെ ഭാഷ്യം.. പുള്ളിയ്ക്ക് എല്ലാം മതിയാക്കി പോകാനുള്ള ആഗ്രഹവുമുണ്ട്. അങ്ങനെയെങ്കിൽ പ്രത്യേകം പറയാൻ ഞാൻ പറ‍ഞ്ഞിട്ടുണ്ട്.. നല്ല വിലകൊടുത്ത് നമുക്കെടുക്കാം.. കൂടുതൽ സൗകര്യത്തോടെ ആ കടയോടൊപ്പം ചേർക്കാം.. അങ്ങനെയെങ്കിൽ ബേക്കറി സാധനങ്ങൾ മാത്രമായി അവിടെ വിൽക്കാം..“ റഷീദാണ് അത് പറഞ്ഞത്..

“അത് നല്ല ഐഡിയാ... എന്തായാലും ഇവിടം നന്നാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.. കോയാക്കേടെ ഷവർമ സൂപ്പറാ... പുള്ളിക്കാരന് ഇവിടെ നല്ല എക്സിപീരിയസുമുണ്ട്. ജോലി ചെയ്ത സ്ഥലത്തുനിന്നും ശമ്പളം കൂട്ടിക്കൊടുത്ത് കൂടെക്കൂട്ടിയതാ... ഇനി വിസയുടെ പരിപാടിയും നോക്കണം.. സ്പോൺസർ 10 വിസയ്ക്ക് അനുമതി തന്നിട്ടുണ്ട്... എല്ലാം ഈ മാസം തന്നെ ചെയ്തു തീർക്കണം.“

“അൻവർ തന്നെ അതിനുള്ള സംവിധാനം നോക്കണം.. അതിനുള്ള സർവ്വീസ് എജന്റ് നാളെ അവിടെ വരും.. അയാളോട് ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.“

“ശരി...“

അൻവർ നേരത്തേ സൗദിയിൽ ജോലിചെയ്തിരുന്നതിനാൽ ഭാഷ അവനൊരു പ്രശ്നമായിരുന്നില്ല.

“അൻവറേ നീ വീട്ടിൽ വിളിച്ചിരുന്നോ..“ റഷീദ് ചോദിച്ചു.

“ഉദ്ഘാടനം കഴിഞ്ഞയുടൻ ഫോൺ വിളിച്ച് വീട്ടിൽ പറഞ്ഞിരുന്നു. വാപ്പയ്ക്ക് വലിയ സന്തോഷമായി.. റഷീദ് സ്പോൺസറിന്റെ കൂടെ തിരക്കിലാണെന്ന് ഞാൻ പറഞ്ഞിരുന്നു.“

അവർ സംസാരിച്ചും പറഞ്ഞും വീട്ടിലെത്തി.. എല്ലാവരും നല്ല ക്ഷീണത്തിലായിരുന്നു. ഡൈനിംഗിൽ ഭക്ഷണം തയ്യാറായിരുന്നു.. അവർ കുളിച്ച് ഫ്രഷായി ഭക്ഷണം കഴിച്ച് കിടന്നപ്പോഴേയ്ക്കും പന്ത്രണ്ടു മണിയായിരുന്നു. അന്നത്തെ കളക്ഷൻ എണ്ണി തിട്ടപ്പെടുത്തിയിരുന്നു. അടുത്ത ദിവസത്തേയ്ക്കുള്ള പണം മാറ്റിവച്ച് ബാക്കി അക്കൗണ്ടിലേയ്ക്കിടാനുള്ള കാര്യങ്ങളും റഡിയാക്കിയിരുന്നു.

രാവിലെ തന്നെ മൗലവി വീട്ടിലെത്തിയിരുന്നു. വണ്ടിയുടെ ഹോൺ കേട്ടപ്പോഴേ ഫസൽ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി.. രണ്ടുദിവസത്തേയ്ക്കുള്ള ഡ്രസ്സും മറ്റ് അവശ്യ സാധനങ്ങളും എടുത്തിരുന്നു. മൗലവി വിട്ടിലേയ്ക്ക് വന്നു.. ഹമീദിക്കയെ അഭിവാദ്യം ചെയ്തു..

“ഇക്കാ... ഇവൻ സുരക്ഷിതമായിരിക്കും. ഒന്നും പേടിക്കേണ്ട.. നാളെ ഇവിടെത്തിക്കാം...“

“അങ്ങയെ ഞങ്ങൾക്ക് വിശ്വാസമാ....“ കൂടുതൽ നേരം അവിടെ നിൽക്കാനുള്ളസമയമുണ്ടായിരുന്നില്ല.. അവർ യാത്രപറഞ്ഞ് തിരിച്ചു... വാഹനം വേഗതയിൽ പാഞ്ഞുകൊണ്ടിരുന്നു. ഫസലും മൗലവിയും ബാക്ക് സീറ്റിലാണ് ഇരുന്നിരുന്നത്.. ഡ്രൈവർ സ്ഥിരം ആള് തന്നെ..

“ഫസലേ.. ഇന്ന് വൈകുന്നേരം നമ്മൾ മാഹിയിലെത്തും.. ഒന്നു കുളിച്ച് ഫ്രഷായി പള്ളിയിലേയ്ക്ക് പോകണം.. എന്റെ പ്രസംഗത്തിന് മുന്നേ നിന്റെ ഒരു പ്രസംഗമുണ്ട്...“

അവനൊന്നു ഞെട്ടി..

“ഞാനെന്തു പറയാനാണ്...“

“നിനക്കെല്ലാം അറിയാം... ഖുർആനും വിദ്യാഭ്യാസവും എന്ന ഒരു പുസ്തകം ഞാൻ തന്നിട്ടില്ലേ... അതു നീ വായിച്ചായിരുന്നല്ലോ.. അതിലെ ചില പ്രസക്ത ഭാഗങ്ങൾ അവതരിപ്പിക്കണം... വിദ്യാഭ്യാസ കാലഘട്ടത്തിൽ അക്കാദമിക് വിഷയങ്ങൾക്കൊപ്പം ഖുർആൻ പാരായണം ചെയ്യേണ്ടതിന്റെ പ്രാധാന്യവും വേദപഠനത്തിൽ ചെലുത്തേണ്ട ശ്രദ്ധയും വിശദായി പ്രദിപാതിക്കുന്നുണ്ട്... വിശുദ്ധ ഖുർആൻ.. അത് മനസ്സിരുത്തി പഠിക്കുകയെന്നുള്ളതാണ്. അറബിക് വാക്കുകളിലെ മലയാളം തർജ്ജമ വിശദമായി അതിൽ കൊടുത്തിട്ടുണ്ട്... ഓത്തുപള്ളിയിലെ അധ്യാപനരീതിയും ബാങ്കുവിളിയിലെ സമയക്രമീപകരണവും വ്യക്തിശുചിത്വും എല്ലാമെല്ലാം അതിലുണ്ട്..“

അവൻ ഓരോന്നോരോന്നായി ഓർക്കാൻ തുടങ്ങി.. മൗലവി ബാഗിൽ നിന്നും ഒരു പുസ്തകം കൂടി കൈയ്യിലെടുത്തു...  അതിൽ വിശുദ്ധ ഖുർആൻ മലയാള പരിപാഷയായിരുന്നു. അദ്ദേഹം അതിൽ മാർക്കു ചെയ്ത ഭാഗം അവനെ കാണിച്ചു...

“ഇവിടം മുതലുള്ള 14 പേജുകളാണ് നമ്മുക്ക് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രസംഗിക്കേണ്ടത്.. പ്രാസംഗിക രീതി നിന്നോട് പ്രത്യേകം പറയേണ്ടതില്ലല്ലോ...“

അവന് ആദ്യം ചെറിയ ഭയം തോന്നിയെങ്കിലും എവിടുന്നോ ഒരു ധൈര്യം അവനിലെത്തി... ഖുർആ നിലെ സ്വർണ്ണ ലിപികളിൽ അവൻ വിരലോടിച്ചു... അതിന്റെ പേജുകളോരോന്നായി മറിച്ചു നോക്കി... ഒരു പേജിൽ അവന്റെ കണ്ണുകൾ ഉടക്കി...

ഇഖ്‌റഹ് ബിസ്മി റബ്ബിക്കല്ലാതീ ഹലഖ് [സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.] ഹലഖൽ ഇൻസാന മിൻ ഹലഖ് [മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.]ഇക്‌റഹ് വറബ്ബറുകൽ അക്റമു [നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു...ഫസൽ മനസ്സിരുത്തി വായനയിൽ മുഴുകി...   


രാവിലെ കാപ്പികുടിയും, ഉച്ചഭക്ഷണവും പോകുന്ന വഴിയിലുള്ള ഹോട്ടലുകളിൽ നിന്നുമായിരുന്നു. ഏകദേശം മൂന്നു മണിയോടുകൂടി അവർ മാഹിയിലെത്തി.. അവിടെനിന്നും വീണ്ടും ഒരു മണിക്കൂറത്തെ യാത്ര തങ്ങള്കുഞ്ഞ് മൗലവിയുടെ പേരിലുള്ള പള്ളിയാണവരുടെ ലക്ഷ്യം... താമസം അവിടുന്നു രണ്ടു കിലോമീറ്റർ അപ്പുറമുള്ള ലോഡ്ജിലാണ് ഏർപ്പാടാക്കിയിരിക്കുന്നത്.. റൂമിൽ പോയി ഫ്രഷായിട്ടുവേണം അങ്ങോട്ടേയ്ക്ക് പോകാൻ... ഏഴുമണിക്കെത്തിയാൽ മതി.. അതുവരെ ചെറിയരീതിയിൽ ഒരു വിശ്രമവുമാവാം...


പ്രതീക്ഷിച്ച സമയത്തുതന്നെ അവർ ലോഡ്ജിലെത്തി.. അവിടെ പള്ളിക്കമ്മറ്റിക്കാരായ രണ്ടുപേർ എത്തിച്ചേർന്നിരുന്നു. അവരെ രണ്ടാളേയും സ്വീകരിച്ച് റൂമിലേയ്ക്ക് കൊണ്ടുപോയി... ഫസലും അവരോടൊപ്പം റൂമിലെത്തി. വിശാലമായ റൂം.. അവരെ റൂമിലാക്കി പള്ളിക്കമ്മറ്റിക്കാർ യാത്ര പറഞ്ഞിറങ്ങി..

“ഫസലേ... വേണമെങ്കിൽ ചെറിയൊരു പ്രിപ്പറേഷനാവാം.. എന്തേലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കണം.“

“അത്. എനിക്ക് മുൻ പരിചയമില്ല..“

“അതിനുള്ള അവസരമാണല്ലോ ഇപ്പോൾ വന്നിരിക്കുന്നത്.“

“.. പറയുമ്പോൾ തെറ്റുണ്ടായാലോ..“

“നീ വന്നിരിക്കുന്നത് എന്നോടൊപ്പാണ്... അങ്ങനെതെറ്റുണ്ടായാൽ നമ്മൾ തിരുത്തും.. നീ അതിൽ ഭപ്പെടേണ്ട..“

ഫസൽ ഓർക്കുകയായിരുന്നു. തനിക്ക് കിട്ടിയ ഈ അവസരം നന്നായി വിനിയോഗിക്കുക.. തന്റെ ലക്ഷ്യം ഒരു ഡോക്ടറാവുകയെന്നതുതന്നെയാണ്. പക്ഷേ വേദപഠനത്തോടും അതിന്റെ ക്ലാസ്സുകളോടും ഇപ്പോൾ വളരെയധികം ഇഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു. മൗലവി ഒരിക്കൽ ചോദിച്ചതാണ്. നിനക്ക് ഡോക്ടറാകണോ... അതോ എന്നെപ്പോലെ പടച്ചോന്റെ വാക്കുകൽ സാധാരണക്കാരിലെത്തിക്കുന്നൊരു മുസ്സൽമാനാകണോ യെന്ന്... അന്ന് തനിക്ക് വ്യക്തമായ ഒരുത്തരം ഉണ്ടായിരുന്നില്ല.. ആ കാലം മാറിയിരിക്കുന്നു. ആധികാരികമായി തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു. ഡോക്ടറായാലും ഒരു പുണ്യ പ്രവർത്തിയാണല്ലോ ചെയ്യുന്നത്.. മൗലവിയായാലും അതുതന്നെ... പക്ഷേ തന്നിലൂടെ ജീവിതം തിരിച്ചുപിടിക്കാൻ ഒരു മനുഷ്യന് സാധിക്കുന്നെങ്കിൽ അതിനേക്കാൾ സന്തോഷം എന്താണ്.. ആയതിനാൽ ഒരു ഡോക്ടറായ പ്രഭാഷകനാകം... ആ ഉത്തരം അദ്ദേഹത്തിന് അന്ന് നന്നായി ഇഷ്ട്പെട്ടിരുന്നു.

അവർ രണ്ടാളും കുളിച്ച് ഫ്രഷായി... അവർക്കുള്ള ചായയും ലഘുഭക്ഷണവും അപ്പോഴേയ്ക്കും റൂമിലെത്തിയിരുന്നു. കോഫിയും അപ്പവും മട്ടൻ കുറുമയും... അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേയ്ക്കും പള്ളിക്കമ്മറ്റിക്കാരെത്തിയിരുന്നു. അവരുടെ വാഹനത്തിൽ നേരേ പള്ളിയങ്കണത്തിലേയ്ക്ക്.

അവിടെത്തിയപ്പോൾ ഫസലിന് തന്റെ ധൈര്യം ചോർന്നു പോകുന്നതുപോലെ തോന്നി... ധാരാളം ജനങ്ങൾ അവിടെ കൂടിയിരിക്കുന്നു. സ്ത്രീകളേയും പുരുഷന്മാരേയും വേർതിരിച്ചിരിക്കുന്നു.. കുട്ടികളുൾപ്പടെ ധാരാളംപേർ അവിടുണ്ട്.. ഫ്രണ്ട് റോയിലായി കുറച്ച് പ്രായമായ ആളുകളുമുണ്ട്. അവരിൽ പലരും പണ്ഡിതരാണെന്ന് കണ്ടാലറിയാം.. താൻ വല്ല മണ്ടത്തരവും വിളിച്ചു പറഞ്ഞാലോ... മൗലവി അവന്റെ മുഖത്തേയ്ക്ക നോക്കി.. “വേണ്ടത് ധൈര്യമാണ്.. മനസ്സിൽ പടച്ചോൻ മാത്രം.. മറ്റൊന്നും നിന്റെ മനസ്സിൽ വേണ്ട... പള്ളിക്കമ്മറ്റിക്കാർ അവരെ രണ്ടാളേയും സ്വീകരിച്ച് വേദിയിലേയ്ക്ക് ആനയിച്ചു...  സ്റ്റേജിന്റെ പടവുകൾ കയറിയപ്പോൾ ഫസലിന് തന്റെ കാലുകൾ വിറക്കുന്നതുപോലെ തോന്നി.. മൗലവിയുടെ കൈകളിലൊന്നു പിടിച്ചു.. അദ്ദേഹം അവന്റെ കൈകളിൽ മുറുകിപ്പിടിച്ചു... ആ സ്പർശനം അവനിൽ കൂടുതൽ ധൈര്യം പകർന്നു... സ്വാഗത പ്രാസംഗികൻ അവരെ പരിചയപ്പെടുത്തി... മുന്നിലെ കുട്ടികളെ നോക്കി പറഞ്ഞു തുടങ്ങി..

“ഫസൽ... മൗലവിയുടെ വളരെ വേണ്ടപ്പെട്ട കുട്ടിയാണ്... അവൻ മെഡിക്കൽ പരീക്ഷ എഴുതി നിൽക്കുകയാണ്. ഡോക്ടറാകാൻ.. എന്നിട്ടും മതപരമായ കാര്യത്തിൽ ശ്രദ്ധയൂന്നിയിരിക്കുന്നു... സ്വാഗത പ്രാസംഗികൻ രണ്ടുപേരേയെും ഒരുപാട് പുകഴ്ത്തിപ്പറഞ്ഞു... അവസാനം അദ്ദേഹം ഫസലിനെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു.. മൗലവിയുടെ മുഖത്തേയ്ക്ക് നോക്കി.. അദ്ദേഹത്തിന്റെ മുഖത്തെ ശാന്തഭാവം.. ആ നോട്ടം അവന് കൂടുതൽ കരുത്തു നൽകി.. നേരേ മൈക്കിനടുത്തേയ്ക്ക്... തന്റെ ആദ്യ പ്രഭാഷണം....

നാമിവിടെ കൂടിയിരിക്കുന്നത് അറിവ് നേടുക എന്ന ലക്ഷ്യവുമായാണ്. കുട്ടികൾ അവർ നാളെയുടെ  വരദാനമാണ്.. നിങ്ങളിൽ എത്രപേർ ഖുർആൻ അർത്ഥം അറിഞ്ഞു കാണാപ്പാഠം പഠിച്ചിട്ടുണ്ട്... നിശ്ശബ്ദത... എനിക്കറിയാം.. ആരും പൂർണ്ണമായും മനസ്സിലാക്കിയിട്ടില്ലെന്നത്.. ഒരു മുസ്സൽമാന്റെ പ്രധാന ശീലങ്ങളി‍ൽ ഒന്നാണ് ഖുർആൻ പഠിക്കുക.. അത് തെറ്റ് കൂടാതെ പാരായണം ചെയ്യുക... പ്രാവർത്തികമാക്കുകയെന്നുള്ളത്.. മതം ഒരു അനുഷ്ഠാനമാണ്... "ഇഹലോക ജീവിതം ശാശ്വതമാണെന്ന് മനസ്സിൽ കരുതീടല്ലേ മനുഷ്യാ... ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞു നീ യാത്ര തിരിക്കുമല്ലോ..." മുൻപെങ്ങോ കേട്ടുമറന്ന ഈ പാട്ടിന്റെ ഈരടികൾ ഞാൻ ഓർക്കുന്നു. കരുണാ നിധിയായ  റബ്ബിന്റെ കൽപ്പന തെറ്റി നടക്കല്ലേ.. എന്ന ഈരടികൾ മനസ്സിൽ ഓർക്കുക ഭൂമിയിലെ ജീവിതം ഒരു ഇടത്താവളം മാത്രമാണ് സ്വർഗ്ഗത്തിലേക്ക് പോകാൻ നമ്മൾ യോഗ്യരാണോ എന്ന് തീരുമാനിക്കാനുള്ള ഇടത്താവളം പണത്തിന്റെയും പദവിയുടെയും കൂടെ പോകാതെ മനുഷ്യനായി ജീവിക്കുക... അതാണ് പൂർവീകർ നമ്മെ പഠിപ്പിക്കുന്നത്.ചോദിച്ചു വാങ്ങല്ലേ നരകത്തിലേക്കുള്ള പ്രവേശനം അവന്റെ ഓരോ വാക്കുകളും അവിടെ കൂടിയിരിക്കുന്ന മനുഷ്യ ഹൃദയങ്ങളിലേക്കാണ് തുളച്ചു കയറിയത് നിശബ്ദമായ ആ അ ന്തരീക്ഷസത്തിൽ ഒരു മത പ്രഭാഷകന്റെ ജനനം അവിടെ കൂടിയിരിക്കുന്ന ജനങ്ങൾ സാക്ഷിയായി...

അവന്റെ പ്രസംഗം കണികളെല്ലാം നിശബ്ദമായി കേട്ടിരിക്കുകയായിരുന്നു... വിശുദ്ധ ഖുർആനെക്കുറിച്ച് അവന്റെ കാഴ്ചപ്പാടുകളായിരുന്നു അവൻ അവിടെ അവതരിപ്പിച്ചത്... പലപ്പോഴായി കേട്ടിരുന്ന മതപ്രഭാഷണങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലായിരുന്നു അവന്റെ പ്രസംഗം... ഇടയ്ക്കിടെ പറയുന്ന ഖുർആൻ വചനങ്ങൾ അതിനിടയിൽ അതിന്റെ പരിഭാഷ... മനോഹരമായ അവന്റെ ശബ്ദത്തിൽ വളരെ ഭക്തിസാന്ദ്രവുമായിരുന്നു... അവന്റെ പ്രായത്തേക്കാൾ അറിവ് അവനുണ്ടെന്ന് മുതിർന്നവർക്കുപോലും തോന്നി. മൗലവിയ്ക്കുപേലും അത്ഭുതമായിരുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു ഫസലിന്റെ പ്രഭാഷണം.. സ്വന്തം മതത്തെ ഇഷ്ടപ്പെടുന്നതുപോലെ മറ്റു മതങ്ങളെ ബഹുമാനിക്കുന്നവനുമാകണം മുസൽമാനെന് അവിടെ വിശകലനം ചെയ്തു പറയുകയുണ്ടായി..

അവിടെ തന്റെ ആദ്യ മതപ്രഭാഷണത്തിൽ ഒരു മത പണ്ഢിതൽ ജനിക്കുകയായിരുന്നു... ആരേയും അത്ഭുതപ്പെടുത്തുന്ന വാക്ചാതുര്യവും അക്ഷരസ്പുടതയും അറിവും അവനുണ്ടായിരുന്നു. ഒരു മണിക്കൂറോളം അവന്റെ പ്രസംഗം നീണ്ടുപോയി... മൗലവി എല്ലാം കേട്ട് സന്തോഷിച്ചിരിക്കുകയായിരുന്നു. താൻ പോലും ശ്രദ്ധിക്കാതിരുന്ന ചെറിയ കാര്യങ്ങൾ പോലും അവൻ വിശകലനം ചെയ്ത് പറഞ്ഞിരിക്കുന്നു. ഇനി തനിക്കിവിടെ എന്താണ് പറയാനുള്ളത്... ഫസലിന്റെ പ്രസംഗത്തിൽ അദ്ദേഹത്തിന് അഭിമാനം തോന്നി.

അവന്റെ പ്രസംഗം കഴിഞ്ഞപ്പോഴേയ്ക്കും വേദിയിൽ നിന്നും നിർത്താതെ കരഘോഷം മുഴങ്ങിയിരുന്നു... അടുത്തെത്തിയ ഫസലിനെ മൗലവി ആശ്ലേഷിച്ചു. “നീ വെറും ഫസലല്ല... പണ്ഡിതനായ ഫസലാണ്... അവന്റെ മനസ്സിൽ കുളിരുകോരി.. തനിക്ക് ഇഷ്ടപ്പെട്ട  ഒര മേഖലയാണിത്... പക്ഷേ മറ്റുള്ളവരുടെ ഇഷ്ടത്തിനും പ്രാധാന്യം കൊടക്കേണ്ടതാണല്ലോ...

മൗലവിയുടെ പ്രസംഗവും ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ഫസൽ വിശദമായി ആ പ്രസംഗങ്ങൾ ശ്രദ്ധിച്ചു... എല്ലാം കഴിഞ്ഞപ്പോഴേയ്ക്കും പത്തര മണിയായിരുന്നു. ജനങ്ങളെല്ലാം പിരിഞ്ഞുപോയി.. പള്ളിക്കമ്മിറ്റിക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നു. അവരുമായി വിശദമായി സംസാരിച്ചു.  അന്നത്തെ പ്രസംഗത്തെക്കുറിച്ച് എല്ലാവരും നല്ലഅഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്... എല്ലാവരും വളരെയധിം പ്രോത്സാഹനം ചൊരിഞ്ഞു.. പള്ളിയിൽ തന്നെ ഏർപ്പെടുത്തിയ ഭക്ഷണം കഴിച്ച് അവർ റൂമിലേയ്ക്ക് പുറപ്പെട്ടു... കാറിലിരുന്നുകൊണ്ടുതന്നെ ഫസലിനെ അദ്ദേഹം വളരെയധികം പ്രശംസിച്ചിരുന്നു.

റൂമിന്റെ വാതിൽ തുറന്ന് അകത്തു കടന്നതും മൗലവി ഫസലിനെ കെട്ടിപ്പിടിച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞു...

വിശുദ്ധ ഗ്രന്ഥങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത് ഇന്നത്തെ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല...തലമുറകളായി കൈമാറ്റം ചെയ്തു വരുന്ന ഈ വുശുദ്ധ ഗ്രന്തങ്ങളെ സമരത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നത് ഭൂഷണമാണോ? എന്ന് ചിന്തിക്കണം  അതിനെത്തുടർന്നുണ്ടാകുന്ന രാഷ്ട്രീയക്കാരുടെ സംഭാഷണങ്ങൾ ഒരുരീതിയിലും ന്യായീകരിക്കാവുന്നതല്ല..  എല്ലാറ്റിനും ഒരതിർവരമ്പ്  ആവശ്യമായിരിക്കുന്നു... വിവാദങ്ങൾ വരും പോകും... കൊറോണ വരും പക്ഷേ പോകാൻ പ്രയാസമാണ്... അസുഖം മാറിയാലും അനേകകാലം അതിന്റെ പരിണിത ഫലങ്ങളുണ്ടാവുമെന്ന് പറഞ്ഞു കേൾക്കുന്നു... ഇപ്പോൾ നമുക്കാവശ്യം ജീവന്റെ വിലയുള്ള ജാഗ്രതയാണ്...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 20 09 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 27 09 2020


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ