21.11.20

നിഴൽവീണവഴികൾ ഭാഗം 101

 

അവിടെ ഗംഭീര സ്വീകരണമാണ് അവർക്ക് ലഭിച്ചത്.. അവരെ രണ്ടാളേയും സ്റ്റേജിലേയ്ക്ക് ആനയിച്ചു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കും മൗലവിയിലേക്കും... സ്വാഗത പ്രസംഗത്തിനു ശേഷം അധ്യക്ഷ പ്രസംഗം.. അൽപനേരത്തിനുശേഷം ഫസലിനെ പ്രസംഗിക്കാൻ ക്ഷണിച്ചു.. അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം... അധ്യക്ഷ പ്രസംഗത്തിലെ ചില സഭാഷണശകലങ്ങൽ ഏകദേശം അവന് പ്രസംഗിക്കാനുള്ള സബ്ജക്ട് ലഭ്യമാക്കിയിരുന്നു. നിശ്ശബ്ദമായ അന്തരീക്ഷം.. ആ ഹാൾ നിറയെ വിവിധതലത്തിലുള്ള ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. ഭൂരിഭാഗവും മലയാളികൾ. അവൻ ചുറ്റുമൊന്ന് വീക്ഷിച്ചു... തന്നെ ശ്രവിക്കാനിരിക്കുന്ന ജനം... സാവധാനം അവന്റെ പ്രസംഗം ആരംഭിച്ചു...

“പ്രിയ ജനങ്ങളെ.....“ ചടുലമായ വാക്കുകൾ അവനിൽ നിന്നു നിർബാധം ഒഴുകിയെത്തിക്കൊണ്ടിരുന്നു. തഴക്കംവന്ന ഒരു പ്രാസംഗികനെപ്പോലെ അവൻ പ്രസംഗിച്ചു കയറുകയായിരുന്നു. എങ്ങും നിശ്ശബ്ദത... അവിടെക്കൂടിയിരുന്ന പലർക്കും അവനൊരു അത്ഭുതമായിരുന്നു. ഖുർആനും മറ്റു മതഗ്രന്തങ്ങളെ  ക്കുറിച്ചുമുള്ള അവന്റെ അറിവിൽ അവിടുള്ളവർക്ക് മതിപ്പ് തോന്നി... മൗലവിപോലും ഒരു നിമിഷം സ്തംഭിച്ചുപോയി. താൻപോലും കരുതിയില്ല ഒരു പ്രിപ്പറേഷനുമില്ലാതെ അവനിത്രയൊക്കെ പറയാനാവുമെന്ന്...ഒരു പക്ഷെ ഈ പരന്ന വായനയായിരിക്കാം ചെറുപ്രായത്തിൽ ഈ അറിവുകളൊക്കെ സ്വയത്തമാക്കിയത്. ഇന്ന് പ്രാസംഗികനായി മൗലവിയെയാണ് ക്ഷണിച്ചിരുന്നതെങ്കിലും കമ്മറ്റിക്കാരോടുള്ള മൗലവിയുടെ അഭ്യർത്ഥനപ്രകാരമാണ് ഫസലിന് അവിടൊരു അവസരം തരപ്പെടുത്തിയത്.. അത് വെറുതെയായില്ലെന്ന് മൗലവിക്ക് മനസ്സിലായി.. അവൻ ബുദ്ധിയും കഴിവുമുള്ളവനാണ്. എത്തപ്പെടുന്ന ഏതു മേഖലയിലും അവൻ ഒന്നാമതെത്തുമെന്നതിൽ അത്ഭുതമില്ല... എത്രയോ വർഷങ്ങളെടുത്ത് സ്വയത്തമാക്കിയ അറിവാണ് തനിക്കുള്ളത്... തന്നേക്കാൾ അറിവ് ഈ ചെറുപ്രായത്തിൽ അവൻ സ്വയത്തമാക്കിയിരിക്കുന്നു.

അൻപത് മിനിറ്റുകളോളം ആ പ്രസംഗം നീണ്ടുപോയി... അവസാനം പ്രസംഗം നിർത്തിയപ്പോൾ നിർത്താതെയുള്ള കരഘോഷം... അവിടുള്ളവരെ അവൻ വളരെ വേഗം അവന്റെ ആരാധകരാക്കിയിരിക്കുന്നു.

അടുത്തതായി ക്ഷണിച്ചത് മൗലവിയെയായിരുന്നു. മൗലവി... തികച്ചും വിഷയത്തിലൂന്നിനിന്നുള്ള പ്രസംഗമാണ് നടത്തിയത്. പലപ്പോഴും ഫസലിന്റെ പ്രസംഗത്തിലെ ഉദ്ധരണികളെ അദ്ദേഹം എടുത്തുപറ‍ഞ്ഞു. ഇസ്ലാം സമൂഹത്തിന് ഫസൽ ഒരു മുതൽക്കൂട്ടാണെന്നും... യുവാക്കളുടെ കടന്നുവരവിന്  ഇസ്ലാമിന് പുത്തനുണർവ്വ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു... ഇരുപതു മിനിട്ടു മാത്രം നീണ്ടുനിന്ന പ്രഭാഷണം..

യോഗം അവസാനിച്ചു. അവന്റെ കണ്ണുകൾ അവിടെല്ലാം പരതുകയായിരുന്നു. കമ്മറ്റിക്കാർ അവരെ തിരികെക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പലരും അവന്റെ അടുത്തെത്തി. അവനെ വളരേയേറെ അഭിനന്ദിച്ചു.. ഇനിയും കാണണമെന്നും ഇനി കാണുമ്പോൾ ഡോ. ഫസൽ എന്ന ബോഡായിരിക്കും തങ്ങൾ ഇവിടെ സ്ഥാപിക്കുകയെന്നും കമ്മറ്റിക്കാർ അവനോടു പറഞ്ഞു. അതു കേട്ടപ്പോൾ അവനും അഭിമാനം തോന്നി.

ഐഷു വാക്കുതന്നിരുന്നതാണ്. ഇവിടെത്തുമെന്ന് എന്തുപറ്റിആവോ?.. അവൻ നിരാശനായി ചുറ്റുപാടും നോക്കി. ഓ.. ചിലപ്പോൾ ഹോട്ടലിൽ എത്തുമായിരിക്കും.. അവർ പുറത്തേയ്ക്കിറങ്ങി.. അപ്രതീക്ഷിതമായി ഒരു കൈ അവന്റെ തോളത്തു തട്ടി... അവൻ തിരിഞ്ഞു നോക്കി... ഐഷു.. കൂടെ അവളുടെ വാപ്പ...

“കൺഗ്രാഡുലേഷൻസ് ഫസൽ..“ ഐഷുവിന്റെ വാപ്പയാണ് അത് പറഞ്ഞുകൊണ്ട് അവന് ഷേക്ക്ഹാന്റ് കൊടുത്തത്. ഫസൽ താങ്ക്സ് പറഞ്ഞു...

“ഞാൻ പറഞ്ഞതെന്തിനാണെന്നറിയോ.. എൻട്രൻസ് പാസ്സായതിനു മാത്രമല്ല.. നിന്റെ പ്രസംഗം മൊത്തം കേൾക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ കേൾക്കേണ്ടതെല്ലാം നിന്റെ ആ 50 മിനിറ്റ് പ്രസംഗത്തിലുണ്ടായിരുന്നു...“

ഫസൽ മൗലവിയെ പരിചയപ്പെടുത്തി.. ഹായ് എനിക്കറിയാം... നമ്മൾ എത്രയോ പ്രാവശ്യം പലവട്ടം കണ്ടിരിക്കുന്നു.. അവർ പഴയ പരിചയക്കാരായിരുന്നു. കൂടെ ഒരാളുണ്ടെന്നറി‍ഞ്ഞപ്പോൾ മൗലവിയാണെന്ന് പറഞ്ഞിരുന്നില്ല... പണ്ഡിതനാണെന്നു മാത്രം... അതാ തിരിച്ചറിയാഞ്ഞത്. അവരുടെ സംഭാഷണം കേട്ടുകൊണ്ട് കമ്മറ്റിക്കാർ അവിടെ ചുറ്റും കൂടി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകൾ ഐഷുവിനെ ചുറ്റിതഴുകിക്കൊണ്ടിരുന്നു. എത്ര നാളുകളായി അവളെ കണ്ടിട്ട്... അത്ര കൂടുതലായിട്ടില്ലെങ്കിലും ഒരുപാടു നാളുകളായ തോന്നൽ.. അവൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു. അവളും ഇടയ്ക്കിടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു.

“ഇനി എന്താ പരിപാടി...“

“ഹോട്ടലിലേയ്ക്ക് കൊണ്ടു പോകാൻ ഇവർ തയ്യാറായി നിൽക്കുന്നു..“

“നമുക്ക് വീട്ടിലേയ്ക്കൊന്നു പോയിട്ടു പോയാലോ...“

“ശരി...“

മൗലവി കമ്മറ്റിക്കാരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.. തങ്ങളുടെ അടുത്ത സുഹൃത്താണെന്നും അവരുടെ വീട്ടിൽ പോയതിനു ശേഷം ഹോട്ടലിലേയ്ക്ക് പോകുമെന്നും അറിയിച്ചു. കൂടാതെ എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് ചട്ടംകെട്ടിയിട്ടാണ് അവരെ അവർ യാത്രയാക്കിയത്.

ഐഷുവും വാപ്പയും ഫ്രണ്ട് സീറ്റിലാണ് ഇരുന്നിരുന്നത്... മൗലവിയും ഫസലും ബേക്ക് സീറ്റിലും.. അവർ ഫസലിന്റെ അഡ്മിഷനെക്കുറിച്ചും... മറ്റുമെല്ലാം വിശദമായി സംസാരിച്ചു. ഐഷു.. ബാംഗ്ലൂരിലെ പ്രധാനപ്പെട്ട കോളേജിൽ അഡ്മിഷനെടുക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം കാര്യങ്ങളെല്ലാം ശരിയാവും... ഇവിടുത്തെ ബിസിനസ്സ് നോക്കി നടത്തേണ്ടിവന്നതിനാൽ നാട്ടിലേയ്ക്ക് പെട്ടെന്ന് പറിച്ചു നടുകയെന്നു പറയുന്നത് അവർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

“ഫസലേ നീ ഗെറ്റ്ടുഗദറിനുപോയിരുന്നല്ലോ.. എല്ലാവരും എത്തിയിരുന്നല്ലേ..“

“അതേ ഐഷു.. ഐഷു ഒഴികെ.. എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും നിന്നെ തിരക്കി...“

“എനിക്ക് എത്താൻ കഴിയില്ലായിരുന്നു. വാപ്പയ്ക്ക് ഇവിടെ വന്നതിനു ശേഷം തീരെ സമയമില്ല... ഇന്ന് എന്റെ നിർബന്ധത്തിനു വഴങ്ങി വന്നതാണ്.“

“ശരിയാ ഫസലേ... ബിസിനസ്സിൽ അകപ്പെട്ടുകഴിഞ്ഞാൽ വലിയ പാടാ..“

“ശരിയാ... അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.“ മൗലവിയും ചർച്ചയിൽ പങ്കുചേർന്നു.

അവർ ബംഗ്ലൂർ സിറ്റിയിലൂടെ നയനമനോഹരമായ കാഴ്ചകൾ കണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. തൊട്ടടുത്ത് തന്റെ പ്രണയസഖി.. അവളുടെ സൈഡ് ഭാഗം തനിക്കു കാണാം.. വളരെ സന്തോഷവതിയായിരിക്കുന്നു. സ്കൂളിൽ നിന്നു തുടങ്ങിയ ബന്ധം.. ഇന്നും ഒരു ഉടവുമില്ലാതെ പോകുന്നു... തന്നോടുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ അടയാളമാണവൾ. യാത്ര തുടങ്ങിയിട്ട് ഏകദേശം ഒന്നര മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. അവർ ഒരു റസിഡൻസ് ഏരിയയിലേയ്ക്ക് കാർ തിരിച്ചു... ആട്ടോമാറ്റിക്കായി ഗേറ്റ് തുറക്കപ്പെട്ടു.. കൊട്ടാരസദൃശ്യമായ ഒരു വീടിന്റെ മുറ്റത്താണ് ആ വാഹനം ചെന്നു നിന്നത്... ഫസലിനും മൗലവിയ്ക്കും അത്ഭുതമായിരുന്നു..  അവർ സാധാരണ സിനിമകളിൽ മാത്രം കണ്ടുപരിചയമുള്ള വീടിന്റെ രൂപമായിരുന്നത്... മൂന്നു നിലകൾ... കൂടാതെ ഔട്ട്ഹൗസ്.. മനോഹരമായ ഉദ്യാനം.. ഫൗണ്ടൻ.. പലതരത്തിലുള്ള കിളികൽ... അവർ വീടിനുള്ളിലേയ്ക്ക് കയറി... അവിടെ അവരെ സ്വീകരിക്കാൻ വേറേയും ആൾക്കാരുണ്ടായിരുന്നു. ഐഷുവിന്റെ ഉമ്മ.. അവരുടെ ബന്ധുക്കൾ അങ്ങനെ പലരും.. എല്ലാവരുടേയും നോട്ടം ഫസലിലേയ്ക്കായിരുന്നു.

മാന്യമായ പെരുമാറ്റം.. പണത്തിന്റെ ഒരു ഹുങ്കും അവർക്കില്ല... ഐഷു ഫസലിനേയും വിളിച്ച് മുറ്റത്തേയ്ക്കിറങ്ങി...

“നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നേ... നിന്റെ പ്രസംഗം.. അതിൽ നീയെത്ര വാചാലനായിരുന്നു. ഇപ്പോൾ ഒരു മിണ്ടാട്ടവുമില്ലല്ലോ...“

“ടാ.. ഞാനിതൊക്കെ കണ്ട് അന്തം വിട്ടുനിൽക്കുകയാണ്... ഇതൊക്കെ സ്വപ്നമാണോ..“

“ഈ കാണുന്നതൊക്കെ....“

“നീയെന്താ പറഞ്ഞുവന്നത്..“

“ഇതൊക്കെ നമുക്കുള്ളതല്ലേ...“

“അതിന് നിന്റെ വാപ്പയും ഉമ്മയും സമ്മതിക്കുമോ?“

“അവർക്കെന്താ സമ്മതിച്ചാൽ... എല്ലാം നേരേയാകും.... നീയാദ്യം ഡോക്ടറാക്... പിന്നെ ഉഴപ്പാതെ നന്നായി പഠിക്കണേ...“

അവരുടെ സംഭാഷണം നീണ്ടുപോയി... ചെറിയ ഇടവേളയിൽ അവർ മനസ്സിലുള്ളത് പലതും പങ്കുവച്ചു. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും അതിന് സാക്ഷ്യംവഹിച്ചു... അകത്തുനിന്നും വിളിവന്നാണ് അവർ അകത്തേയ്ക്ക് കയറിയത്.. അവർക്ക് കഴിക്കാനുള്ള ഭക്ഷണം റഡിയായിരുന്നു... രുചികരമായ ഭക്ഷണം... അന്നവിടെ സ്റ്റേ ചെയ്യാമെന്നും പിറ്റേദിവസം പോകാമെന്നും പറ‍ഞ്ഞപ്പോൾ മൗലവിയാണ് പറഞ്ഞത്.. ചില മീറ്റിംഗുകൾ ഹോട്ടലിൽ വച്ചിട്ടുണ്ട് . ആയതിനാൽ ഇനിയൊരിക്കലാകട്ടെയെന്ന്... എന്തായാലും എയർപോർട്ടിൽ കൊണ്ടു വിടാൻ തങ്ങളെത്തുമെന്നു പറഞ്ഞു... അതിനായി കമ്മറ്റിക്കാരെ വിളിക്കേണ്ടെന്നും അദ്ദേഹം അവരോട് പറഞ്ഞു.. അത് അവർ സമ്മതിച്ചു.

എല്ലാവരോടും യാത്രപറ‍ഞ്ഞ് അവർ തിരിച്ചു... വളരെ സന്തോഷത്തോടെ എല്ലാവരും അവരെ യാത്രയാക്കി.. ഐഷുവിന്റെ കസിൻസൊക്കെ അവളെ കളിയാക്കി നോക്കുന്നുണ്ടായിരുന്നു. അതു കാണുമ്പോൾ ഐഷുവിന്റെ മുഖത്ത് നാണം വിരിയുന്നുണ്ടായിരുന്നു.

അവരേയും വഹിച്ചുകൊണ്ട് വാഹനം ഹോട്ടൽ ലക്ഷ്യമാക്കി തിരിച്ചു. ഐഷുവിന്റെ വാപ്പയാണ് വാഹനം ഓടിച്ചിരുന്നത്. വിദേശ നിർമ്മിത കാർ... പോകുന്നവഴിക്ക് പല സ്ഥലങ്ങളും അവരെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. നേരേ ഹോട്ടലിൽ. അവിടെ വണ്ടി നിർത്തി.. അവർ ഇറങ്ങി യാത്ര പറഞ്ഞു.. അടുത്ത ദിവസം രാത്രിയിലാണ് ഫ്ലൈറ്റ്.... എയർപോർട്ടിലേയ്ക്ക് പോകുന്നതിനായി അദ്ദേഹം നാലുമണിക്കുതന്നെ ഹോട്ടലിൽ എത്തുമെന്നറിയിച്ചു.

അവർ റൂമിലേയ്ക്ക്. അവിടെയെത്തി. രണ്ടാളും കുളിച്ചു ഫ്രഷായി.. നല്ലക്ഷീണമുണ്ട്.. കൂടാതെ നല്ല ഭക്ഷണവുമായിരുന്നു..

“ഫസലേ.. നല്ല കുടുംബമാണ് കേട്ടോ... എന്തായാലും നിന്നെ അവർക്കെല്ലാവർക്കും വലിയ ഇഷ്ടമാണ്... നിന്റെ ഭാഗ്യം... അവരുടേയും നിന്നെപ്പോലെ ഒരു നല്ല കുട്ടിയെ ആ കുടുംബത്തിൽ ലഭിക്കുന്നത് അഭിമാനം തന്നെയാണ്... ആ കുട്ടിയും നല്ല സ്വഭാവും സൗന്ദര്യവുമുള്ളകുട്ടിതന്നെയാണ്.“

അവർ കുറേനേരം പലതിനേക്കുറിച്ചും സംസാരിച്ചിരുന്നു. അപ്പോഴേയ്ക്ക് ഐഷുവിന്റെ കോൾ  എത്തിയിരുന്നു. അവൻ സുഖമായി എത്തിയെന്ന് അവളെ അറിയിച്ചു. ഗുഡ്നൈറ്റ് പറഞ്ഞ് കാൾ കട്ടാക്കി... അതിനുശേഷം അവൻ വീട്ടിലേയ്ക്ക് വിളിച്ചു. എല്ലാവരും അവന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. അവൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. ഇടയ്ക്ക് മൗലവിയും ഹമീദുമായി സംസാരിച്ചു.. എല്ലാവർക്കും വളരെ സന്തോഷം. അൽപം കഴിഞ്ഞപ്പോൾ കമ്മറ്റിക്കാർ വിളിച്ചു. അവരോടും അൽപനേരം സംസാരിച്ചു. അടുത്ത ദിവസം രാവിലെ പത്തുമണിക്ക് അവർ ഹോട്ടലിലേയ്ക്ക് വരുന്നുണ്ടെന്നറിയിച്ചു...

പിറ്റേദിവസം രാവിലെ തന്നെ അവർ ഉറക്കമുണർന്നു. കുളിച്ച് ഫ്രഷായി കാപ്പികുടിയും കഴിഞ്ഞ് ഇരുന്നു. അൽപനേരത്തെ പത്രവായന അപ്പോഴേയ്ക്കും തങ്ങളെക്കാണാൻ ചിലർ എത്തിയകാര്യം റൂം ബോയ് അറിയിച്ചു.. അവരോട് റൂമിലേയ്ക്ക് വരാൻ പറഞ്ഞു... നാലുപേരുണ്ടായിരുന്നു. അവിടെ അവരുമായി ചെറിയൊരു ചർച്ച... അടുത്ത വർ‌ഷം മാർച്ച് ഏപ്രിൽ മാസം നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്ലാനുകളായിരുന്നു. 7 ദിവസത്തെ പരിപാടി. ഫസൽ എല്ലാദിവസവും  അവിടെയുണ്ടാകണമെന്നാണ് അവരുടെ ആഗ്രഹം. മറ്റു വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അവർ അറിയിച്ചു. ഉച്ചയ്ക്ക് എല്ലാവരുമൊരുമിച്ച് ലഞ്ച് കഴിച്ചാണ് പിരിഞ്ഞത്. മൂന്നു മണികഴിഞ്ഞപ്പോൾ ഐഷുവിന്റെ കോൾ എത്തി... ഫസലാണ് കോൾ എടുത്തത്...

“ഫസൽ ഞങ്ങൾ ഇവിടുന്നു തിരിക്കുകയാണ് കറക്ട് നാലുമണിക്കവിടെയെത്തും... നാലുമണിക്ക് താഴേയ്ക്ക് പോരേ..“

“ശരി..“

മൗലവിയും അവനും പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി.. വസ്ത്രങ്ങളൊക്കെ പായ്ക്ക് ചെയ്തിരുന്നു. റൂം ബോയിയെവിളിച്ച് കര്യങ്ങൾ അറേഞ്ചു ചെയ്തു. തങ്ങളുടെ ലഗേജുമായി റൂംബോയി ആദ്യമേ താഴേയ്ക്ക് പോയി. അവർ റൂം ചെക്കൗട്ട് ചെയ്ത് ലോഞ്ചിലിരുന്നു. അൽപനേരത്തിനകം വെള്ളനിറത്തിലുള്ള മെഴ്സിഡസ് ബെൻസ് ആ ഹോട്ടലിനു മുന്നിലെത്തി. അവർ രണ്ടാളും അതിൽ കയറി. ഐഷുവും വാപ്പയും കൂടെയുണ്ടായിരുന്നു.

അവർ നഗരത്തിലെ കാഴ്ചകൾ കണ്ടും പല പല കാര്യങ്ങൾ സംസാരിച്ചും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ആ യാത്ര അവസാനിച്ചത് എയർപോർട്ടിലായിരുന്നു. അവർ കാറിൽ നിന്നിറങ്ങി. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു... ഐഷുവും ഫസലും കണ്ണുകൾകൊണ്ട് യാത്രാമൊഴിചൊല്ലി... ഇനിയെന്നു കാണുമെന്നറിയില്ല.. ന്നാലും ബാംഗ്ലൂരിലെത്താൻ ഒരു കാരണമായല്ലോ... ഇടയ്ക്കിടയ്ക്ക് ഇതുപോലെ എത്തിച്ചെരാമെന്നുള്ള പ്രതീക്ഷ... ഇനിയും വരണമെന്ന് ഐഷുവിന്റെ വാപ്പ രണ്ടാളോടുമായി പറഞ്ഞു... ഇനി വരുമ്പോൾ തങ്ങളുടെ ഔട്ട്ഹൗസിൽ താമസിക്കാമെന്നും. വെറുതേ ഹോട്ടലിൽ താമസിക്കുന്നതെന്തിനാണെന്നും ചോദിച്ചു. അവർ കണ്ണിൽ നിന്നും മറയുന്നതുവരെ ഐഷു ടാറ്റ കാണിച്ചു. എയർപോർട്ടിൽവച്ച് ഐഷു അവന് ഒരു ഗിഫ്റ്റ് നൽകിയിരുന്നു. അതെന്താണെന്ന് ഇപ്പോൾ തുറന്നുനോക്കരുതെന്നും വീട്ടിൽ ചെന്നിട്ട് മതിയെന്നും അവൾ പറഞ്ഞിരുന്നു. അവന് ജിജ്ഞ സയുണ്ടായിരുന്നെങ്കിലും അവളോട് പറഞ്ഞ വാക്കു തെറ്റിക്കാനാവില്ലായിരുന്നു.

എയർപോർട്ടിൽ ബോർഡിംഗ് പാസ് വാങ്ങി അവർ ഫ്ലൈറ്റ് പുറപ്പെടേണ്ട സ്ഥലത്തേയ്ക്ക് പോയി... കുറച്ചു നേരത്തെ കാത്തിരിപ്പിനുശേഷം അനൗൺസ്മെന്റ് വന്നു.. അവർ തങ്ങളുടെ ഹാന്റ്ബാഗുമായി നേരേ പ്രവേശനകവാടത്തിലേയ്ക്ക്... രണ്ടാളും ഫ്ലൈറ്റിൽ കയറി... ഇങ്ങോട്ടു വന്നതുപോലെ സൈഡ് സീറ്റായിരുന്നു ഫസലിന്. തൊട്ടടുത്ത് സീറ്റ് മൗലവിയ്ക്കും. രണ്ടാളും ലഗേജൊക്കെ മുകളിൽവച്ചു. ഫ്ലൈറ്റ് പുറപ്പെടാൻ അരമണിക്കൂറോളമുണ്ട്.. അവർ രണ്ടാളും തലേ ദിവസത്തെ മീറ്റിംഗിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സംസാരിച്ചു..

“ഫസലേ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. മറ്റൊന്നും തോന്നരുത്.“

“മൗലവിയ്ക്ക് എന്നോട് എന്തുവേണേലും ചോദിക്കാലോ..“

“ആ കുട്ടിയുമായി നിനക്ക് വളരെ ആത്മാർത്ഥ പ്രണയമാണല്ലേ..“

“അത് ശരിയാ... മൗലവിയോട് ഞാൻ പറ‍ഞ്ഞിട്ടുണ്ടല്ലോ.“

“അവരുടെ വീട്ടുകാർക്കതറിയാമോ.“

“അവർക്ക് സംശയമുണ്ടാവാൻ വഴിയില്ല.. ഞങ്ങൾ സ്കൂൾതലംമുതലേ സുഹൃത്തുക്കളാ..“

“എന്നാൽ അവർക്കും നിന്നെ ഇഷ്ടമാണ്... ഇതൊരു വിവാഹത്തിൽ കലാശിക്കുമെന്നുള്ള കാര്യത്തിൽ എനിക്കുറപ്പാ... നല്ല കുട്ടിയാ... നല്ല കുടുംബമാ... ഒരിക്കലും വിട്ടുകളയരുത്.“

“വീട്ടുകാർക്കറിയാമെന്ന് മൗലവിക്കെങ്ങനെ മനസ്സിലായി..“

“ആ കുട്ടിയുടെ വാപ്പയുടെ ചില സംഭാഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായി... അദ്ദേഹത്തിന് ഈ ബന്ധത്തോട് വളരെ താൽപര്യമുള്ളതുപോലെ എനിക്ക് തോന്നി.“

“എന്തായാലും മൗലവിയുടെ തോന്നലുകൾ യാഥാർത്ഥ്യമാവട്ടെ... സമ്പത്തിനോട് ഭ്രമമില്ല... സമ്പത്തുണ്ടെന്നറിഞ്ഞല്ല ഞങ്ങൾ പ്രണയിച്ചത്...“

“എന്തായാലും നിന്നെപ്പോലൊരാളിനെ അവർക്ക് ലഭിക്കുന്നത് അവരുടെ ഭാഗ്യംതന്നെയാണ്.“

ഫ്ലൈറ്റ് ടേക്കോഫിനുള്ള അനൗൺസ്മെന്റ് ചെയ്തു... അവർ സീറ്റ്ബെൽറ്റ് മുറുക്കി. രാത്രിയിലായിരിക്കും ഫ്ലൈറ്റ് എയർപോർട്ടിലെത്തുക. അവിടെ വിഷ്ണു കാത്തുനിൽപ്പുണ്ടാവും... അവിടെനിന്നും മൗലവിയുടെ വീട്ടിലേയ്ക്ക്. നേരംവെളുക്കുന്നതുവരെ അവിടെ വിശ്രമം അതു കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള യാത്ര.. വൈകുന്നേരത്തോടെ വീട്ടിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്ലൈറ്റ് ടേക്കോഫ് ചെയ്തു... ബാംഗ്ലൂർ സിറ്റിയുടെ ആകാശക്കാഴ്ച മനോഹരമായിരുന്നു. കണ്ണിൽ നിന്നും മറയുന്നതുവരേ അവൻ അതു നോക്കി നിന്നു. വീണ്ടും അവർ സംഭാഷണത്തിലേയ്ക്ക് തിരികെയെത്തി...

“ഫസലേ.. നിന്റെ പ്രസംഗത്തിലെ ആശയങ്ങൾ നീയൊരു പേപ്പറിൽ പകർത്തിവയ്ക്കണം... നമുക്ക് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം.. വളരെ അർത്ഥവത്തായ ചിന്താഗതികളാണ് നിന്റേത്..“

“ചില പോയിന്റുകൾ ഞാൻ കുറിച്ചുവയ്ക്കാറുണ്ട്.. സമയം ലഭിക്കുന്നില്ല.. ഇനി ക്ലാസ്സു തുടങ്ങിക്കഴിഞ്ഞാൽ എങ്ങനെയാണെന്നറിയില്ല..“

“എല്ലാറ്റിനും സമയം ലഭിക്കും ഫസലേ.. നമ്മുടെ ജീവിതത്തെ ഒരു അടുക്കും ചിട്ടയിലും കൊണ്ടെത്തിക്കണം.. അതിനു നമുക്ക് സാധിക്കണം. എല്ലാം നേരേയാകും.“

സാവധാനം രണ്ടാളും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസലിന്റെ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു. ഐഷുവുമായുള്ള ജീവിതം... ഒരുമിച്ചുള്ള യാത്രകൾ... പ്രേമസല്ലാപങ്ങൾ...അങ്ങിനെ..അങ്ങിനെ...

ജാഗ്രത... ശീലമാക്കുക... 



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 22 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 29 11 2020


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ