14.11.20

നിഴൽവീണവഴികൾ നൂറിന്റെ നിറവിൽ

 

ജീവിതം പറഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് 100 ആഴ്ചകൾ ഒരിക്കലും ഇത്രയും പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ല.. ഓരോ ലക്കം കഴിയുമ്പോഴും പലരും വിളിച്ച് അഭിനന്ദിക്കുന്നുണ്ടായിരുന്നു. അവരുടെ അനുഭവങ്ങളും കഥയിലെ ഫസലിന്റെ അനുഭവവുമായി വളരെ സാമ്യമുണ്ടെന്ന് പലരും വിളിച്ചു പറഞ്ഞിട്ടുണ്ട്. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഇതൊരു വെറും കഥപറച്ചിലല്ല പരസ്പരം സംവാദമാണ്. ഇതിൽ പല കഥാപാത്രങ്ങളും നമുക്കിടയിൽ ജീവിക്കുന്നവരാണ് യാദൃശ്ചികം എന്നു പറയുന്നില്ല... എല്ലാ ലക്കത്തെപ്പോലെ ഈ ലക്കവും നിങ്ങൾ ഏറ്റെടുക്കുമെന്നു കരുതുന്നു.. ഇനിയും നമുക്ക് ഓരോ ഞായറാഴ്ചയും കാണാം...

“ഉമ്മാ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ല. അങ്ങനെയെങ്കിൽ  ഞൻ ഹോസ്റ്റലിൽ നിൽക്കാം.“
“അതുമതി.. ഞാൻ വല്ലപ്പോഴും വന്നുനിൽക്കാം.. ഇവിടം വിട്ടു പോകാൻ വയ്യാത്തോണ്ടാ..“
“ഹമീദ് അവളെ നിർബന്ധിച്ചില്ല.. ഫസലും എതിർത്ത് പറയാൻ പോയില്ല..“
അവർ വളരെ നേരം പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഫോൺബെല്ലടിച്ചത്. ഫസൽ ഓടിച്ചെന്നു ഫോണെടുത്തു.

ഡോക്ടർ ഗോപിയുടെ കോളായിരുന്നത്. മെഡിക്കൽ കോളേജിൽ അടുത്ത ആഴ്ചതന്നെ എത്തണമെന്നും അഡ്മിഷനുമായിബന്ധപ്പെട്ട പേപ്പേഴ്സ് സമർപ്പിക്കണമെന്നും പറഞ്ഞു. തലേദിവസം വന്നു സ്റ്റേ ചെയ്യുന്നതാണ് നന്നെന്നറിയാം അതിനാൽ അതിനുള്ള സംവിധാനം ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ തന്റെ ക്വോർട്ടേഴ്സിൽ താമസിക്കാമെന്നും ഗോപി ഡോക്ടർ പറഞ്ഞു.  അവർ കുറച്ചുനേരം സംസാരിച്ചു.

ഫോൺ കട്ട് ചെയ്ത് എല്ലാവരോടുമായി അവൻ കാര്യങ്ങൾ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പോകേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യണം.

“സഫിയ അങ്ങനെയെങ്കിൽ അവന്റെ ക്വോർട്ടേഴ്സിൽ താമസിച്ചിട്ടു പോയാൽ പോരേ.“ ഹമീദ് ചോദിച്ചു.

“വേണ്ടുപ്പാ... നമുക്ക് അദ്ദേഹത്തിന്റെ ഭാര്യയെ ഒരു പ്രാവശ്യം മാത്രമേ കണ്ടു പരിചയമുള്ളൂ. നമ്മൾ അവരുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടാകാൻ പോകാതിരിക്കുന്നതാണ് നല്ല.“

ഹമീദ് പിന്നൊന്നും പറഞ്ഞില്ല. പഴയ കാര്യങ്ങളോരോന്നും ആ വൃദ്ധ മനുഷ്യന്റെ മനസ്സിലൂടെ കടന്നുപോയി. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാനാവാത്തതാണത്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനായി അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ വലിയൊരു പാതകം താൻ ചെയ്തിട്ടുണ്ട്. അവന്റെ അച്ഛൻ പറയുമായിരുന്നു.. നമുക്ക് മറ്റെവിടെയെങ്കിലും പോകാം.. അപ്പോൾ പിന്നെ മതത്തിന്റെ വേലിക്കെട്ടുകൾ നമ്മുടെ ഹൃദയബന്ധത്തെ പിഴുതെറിയില്ലല്ലോ ... പക്ഷേ ആ കാലത്ത് കൃഷിഭൂമിയും വീടും വിട്ടു മറ്റൊരു യാത്ര ചിന്തിക്കാനാവുമായിരുന്നില്ല. എന്തായാലും സംഭവിച്ചത് സംഭവിച്ചു. എല്ലാം പടച്ചോന്റെ തീരുമാനമെന്നു കരുതി സമാധാനിക്കാം.

അവസാനം അവളുടെ ഇഷ്ടത്തിനു തന്നെ വിട്ടു.. അമ്മായിയുടെ വീട്ടിൽ തങ്ങുക. തലേദിവസം രാവിലെ തിരിക്കാം. താമസം അമ്മായിയുടെ അടുത്ത്. അതിനു ശേഷം വരാൻ നേരത്ത് ഗോപി ഡോക്ടറുടെ കോർട്ടേഴ്‌സിലേക്കൊരു യാത്ര. അതിനുശേഷം തിരിച്ച് വീട്ടിലേയ്ക്ക്. രാത്രിയോടുകൂടി തിരികെ എത്താം...

എല്ലാവർക്കും സമ്മതമായിരുന്നു. ഹമീദ് കൂടെപ്പോരാമെന്നു പറ‍ഞ്ഞു. പക്ഷേ അവർക്കാർക്കും താൽപര്യമുണ്ടായിരുന്നില്ല. നാദിറ തയ്യാറായിരുന്നു. പക്ഷേ കുഞ്ഞിനേയും കൊണ്ടൊരു ദീർഘയാത്ര... കുറച്ച് ബുദ്ധിമുട്ടുള്ളതുമാണ്.

“അതിന്റെ ആവശ്യമില്ല വാപ്പാ... അവിടെ ഗോപിയേട്ടൻ ഉണ്ട്. പിന്നെ ഞാൻ പോകുന്നത് നാളത്തെ ഡോക്ടറുടെ കൂടെയല്ലെ... അവനെ ഇത്രയും കാലം ഞാനല്ലേ സംരക്ഷിച്ചത്.. ഇനി എന്നെ സംരക്ഷിക്കേണ്ട ചുമതല അവനല്ലെ..“

ഫസൽ സ്നേഹപൂർവ്വം സഫിയുടെ കവിളിൽ ഒരു നുള്ളുകൊടുത്തു.

“ടാ ചെക്കാ.. കുട്ടിക്കളിക്ക് നിൽക്കല്ലേ നീ ഇപ്പൊ വലിയ ചെക്കനാ ..“ അവിടെ പിന്നെ സ്നേഹത്തിന്റെ പിണക്കമായിരിരുന്നു അരങ്ങേറിയത്.

“ഉമ്മാ ഈ വരുന്ന വെള്ളിയാഴ്ച ബാംഗ്ലൂരിൽ പോകണം.“

“അതിനൊക്കെ ഒറ്റയ്ക്ക് പോകാനുള്ള കഴിവുണ്ടല്ലോ.. പിന്നെന്താ അവിടെ പോയാൽ...“

“ഉമ്മാ ഉമ്മ എന്റെ ചക്കര ഉമ്മയല്ലേ.. പേടിക്കേണ്ട... ദാ നോക്കിയേ.. നല്ല മസിലുള്ള  ശരീരമാണ് പിന്നെന്തിനാ പേടിക്കുന്നത് .“

“ഉവ്വേ ...“

വ്യാഴാഴ്ച രാവിലെ മൗലവി വിളിച്ചിരുന്നു. പോകേണ്ട തയ്യാറെടുപ്പുകൾ എവിടെയായെന്നു ചോദിച്ചു.

“ഇവിടെ എല്ലാം ക്ലിയറാണ് മൗലവി..“

“നമ്മുടെ ഫ്ലൈറ്റ് വൈകിട്ട് 7 മണിക്കാണ്. അഞ്ചുമണിക്ക് എയർപോർട്ടിൽ എത്തണം.“

“ശരി..“

അവരുടെ യാത്രയുടെ കാര്യങ്ങളെല്ലാംവിശദമായി സംസാരിച്ചു. ഉപ്പയോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഫോൺ ഉപ്പയുടെ അടുത്തേയ്ക്ക് നീട്ടി.. അവർ വിശദമായി സംസാരിച്ചു. ശനിയാഴ്ച പ്രോഗ്രാമാണ്. ഞായർ കഴിഞ്ഞു തിങ്കളാഴ്ച വൈകിട്ട് തിരിക്കും... അന്ന് രാത്രിയോടെ  കോഴിക്കോടെത്തും. അവിടെ വിഷ്ണു വെത്താമെന്നു ഏറ്റിട്ടുണ്ട്. കൊണ്ടാക്കുന്നതും വിഷ്ണുവാണല്ലോ.. രണ്ടു ട്രിപ്പ് ഇത്രയും ദൂരം യാത്ര ചെയ്യണ്ടെന്ന് മൗലവി  പറ‍ഞ്ഞു. അതിന് അദ്ദേഹത്തിന്റെ ഒരു വീട് അവിടെ പൂട്ടിക്കിടക്കുന്നുണ്ട്. അവിടെ താമസിക്കാമെന്നു തീരുമാനമെടുത്ത്. അവർ പോകുന്നത് ഒരുമിച്ച് അതിനു ശേഷം  വിഷ്ണു അവിടെ സ്റ്റേ ചെയ്യും.  എന്നിട്ട് ഒരുമിച്ച് അവർ തിരികെ യാത്ര.

എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു.

വെള്ളിയാഴ്ച വെളുപ്പാൻ കാലത്ത് 3 മണിക്ക് അവർ യാത്ര തുടങ്ങി.. എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേയ്ക്ക് സഫിയ ഓടി അടുത്തെത്തി ഒരു കവർ നൽകി..

“ഇതെന്താ ഉമ്മാ...“

“ടാ... വാഴിച്ചെലവൊക്കെയില്ലേ...“

“ഓ പോക്കറ്റ്മണി... താങ്കുയു ഉമ്മ.“

“ഈ ചെക്കൻ ഇപ്പോൾ ഇംഗ്ലീഷ് പറഞ്ഞ് കളിയാക്കുന്നു ഉപ്പാ..“

“അവൻ പറയട്ടടീ..“

അവൻ യാത്ര ആരംഭിച്ചെങ്കിലും അവിടെ സഫിയയുടെ മനസ്സിന് ഒരു വിങ്ങലായിരുന്നു. ആദ്യമായാണ് ഫസൽ വിമാനത്തിൽ കയറുന്നത്.. തിരികെ വരുന്നതുവരെ മനസ്സിൽ തീയായിരിക്കും.. ഇല്ല പടച്ചോൻ എല്ലാം കാത്തുകൊള്ളും...

തണുപ്പുള്ള അന്തരീക്ഷത്തിൽ ചെറിയ മഞ്ഞിനെ കീറിമുറിച്ച് കൊണ്ട്. ഇരുട്ടിന്റെ പുതപ്പിനുള്ളിലൂടെ അവർ യാത്ര പൊയ്ക്കൊണ്ടിരുന്നു. രാവിലെ 9 മണിയായപ്പോഴേയ്ക്കും പ്രഭാത ഭക്ഷണം കഴിക്കാനായി നിർത്തി.. അതിനു ശേഷം വീണ്ടും യാത്ര മൗലവി അവിടെ വിഷ്ണുവിന് താമസ്സിക്കാനുള്ള ബിൽഡിംഗിൽ ഉണ്ടാവുമെന്നും അവിടെ എത്തിയിട്ട് ഒരുമിച്ച് എയർപോർട്ടിലേയ്ക്ക് പോകാമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

വിഷ്ണു ചോദിക്കാതെ തന്നെ അവൻ അവന്റെ ജീവിത്തിൽ വളരെ വേദനാജനകമായ കഥ പറഞ്ഞുതുടങ്ങി.. അതെങ്ങനെ കഥയാകും പച്ചയായ ജീവിതമല്ലേ... വാപ്പയോടൊപ്പമുള്ള ജീവിതവും അവിടെ അദ്ദേഹത്തിന് ഭാര്യയുള്ളത് പറയാതെ കബളിപ്പിച്ച് വിവാഹം കഴിച്ച കാര്യവും അവൻ പറ‍ഞ്ഞു. വിഷ്ണു സ്വന്തം കുടുംബാംഗംപോലെയാണല്ലോ... ഇന്നുവരെ ആരോടും പറയാതിരുന്ന പല രഹസ്യങ്ങളു അവനു വിശ്വസിച്ച് പറയാൻ പറ്റിയ ഒരു മനുഷ്യനാണ് വിഷ്ണുവെന്ന് അവനു തോന്നിയിരുന്നു.

“സെഞ്ചോറിയുടെ നിറവിലാണ് ഈ കഥ നിൽക്കുന്നത്... തുടക്കത്തിൽ പറഞ്ഞതുപോലെ ഇതൊരു അനുഭവകഥതന്നെയാണ്. ഇവിടെ ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുന്നെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം... ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ... ഇതൊരു യഥാർത്ഥ ജീവിതകഥതന്നെയാണ്.. ഇതിൽ കഥാപാത്രങ്ങൾ പലയിടങ്ങളിലായി ജീവിച്ചിരിക്കുന്നു. ഫസലിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നവരിൽ ചിലർ മൺമറഞ്ഞു പോയവരും നിലവിൽ ജീവിച്ചിരിപ്പുള്ളവരുമുണ്ട് ... തിരിഞ്ഞുനോക്കിയാൽ വേദനതോന്നുന്ന സംഭവങ്ങൾ. പക്ഷേ അവനൊരിക്കലും താൻ ലൈംഗികമായി പിഢിപ്പിക്കപ്പെട്ട വിവരം വിഷ്ണുവിനോട് പറഞ്ഞില്ല.. അതൊരിക്കലും ആരോടും പറയേണ്ടതില്ല.. തന്റെ ഒപ്പം ആ ഓർമ്മകളും മൺമറഞ്ഞു പോവട്ടെ.“

അവർ ഒരു മണിയോടു കൂടി ലക്ഷ്യസ്ഥാനത്തെത്തി.. അവിടെ ഗേറ്റ് തുറന്നിട്ടിരുന്നു. അവർ എത്തിയപ്പോൾ മൗലവി അവരെ സ്വീകരിക്കാനെത്തി.. അവർ രണ്ടാളും വീട്ടിൽ കയറി...അവർക്കായി ഭക്ഷണം ഒരുക്കിയിരുന്നു. അവിടെ ഒരു ജോലിക്കാരിയുണ്ടായിരുന്നു. അടുത്തു തന്നെയാണ് താമസം... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും.വീടും മുറ്റും വൃത്തിയാക്കുകയും ഭക്ഷണം പാചകംചെയ്ത് കൊടുക്കുകയും ചെയ്യും.. വിശ്വസിക്കാം. വർഷങ്ങളായുള്ള പരിചയം. മൗലവി അവരെ പരിചപ്പെടുത്തി. വിഷ്ണു ഡോക്ടറാകാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ വല്ലാത്ത ബഹുമാനം..

“അവർ അവിടെനിന്നും ഭക്ഷണം കഴിച്ച് മൂന്നു മണിയോടെ യാത്ര ആരംഭിച്ചു. അവിടെനിന്നും ഒന്നരമണിക്കൂറത്തെ യാത്രമാത്രം. അവരുടെ വാഹനം എയർപോർട്ടിലെത്തി.. വഴിയിൽ മൗലവി പല കാര്യങ്ങളെക്കുറിച്ചും അവനോട് സംസാരിച്ചു. കൂടുതലും മലയാളി സമൂഹമാണ് അവിടെയുള്ളത് നിന്റെ പ്രഭാഷണത്തിൽ കുറച്ച് ഇംഗ്ലീഷുകൂടി കയറ്റാമെന്നുണ്ടെങ്കിൽ വളരെ നല്ലതായിരിക്കും.“

“അവനെ വിളിച്ചു പറഞ്ഞപ്പോൾ തന്റെ പ്രഭാഷണം ഉണ്ടാകുമെന്നു കരുതിയില്ല... ഇതിപ്പോൾ പ്രത്യേകിച്ചൊന്നും പ്രിപ്പയർ ചെയ്തതുമില്ല... ങ്ഹാ കുഴപ്പമില്ല.. തന്റെ കൈയ്യിലുള്ളത് തട്ടിവിടാം...“

അവർ എയർപോർട്ടിനുള്ളിൽ കയറി. ബോഡിംങ്പാസ് വാങ്ങി ലോഞ്ചിലേയ്ക്ക് പോയി... ഫ്ലൈറ്റ് അനൗൺസ് ചെയ്തു.. രണ്ടാളും മറ്റുള്ള യാത്രക്കാർക്കൊപ്പം ഫ്ലൈറ്റിനുള്ളിലേയ്ക്ക് കയറാനുള്ള കവാടത്തിലേക്ക് നീങ്ങി. അവൻ അവന്റെ പ്ലാൻ പറഞ്ഞു.. നാളത്തെ പ്രോഗ്രാം കഴിഞ്ഞ് പിന്നീട് ഒരു ദിവസം അവിടെ സ്റ്റേയുണ്ട്. തനിക്ക് വേണ്ടപ്പെട്ട കുട്ടിയെ കാണണമെന്നു പറ‍ഞ്ഞപ്പോൾ അദ്ദേഹം എതിർത്തില്ല. അവൻ അവളോട് എത്തുന്ന സമയവും മറ്റും പറഞ്ഞിരുന്നു. വാപ്പയ്ക്ക് സമയമുണ്ടെങ്കിൽ എത്തിച്ചേരുമെന്നു അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പ്രഭാഷണം കഴിഞ്ഞ് അവിടെ എത്തണമെന്നും അവൾ പറഞ്ഞിരുന്നു. താമസം അവളുടെ വാപ്പ ഓഫർ ചെയ്തിരുന്നു. പക്ഷേ ഇവിടെ മീറ്റിംഗ് സംഘടിപ്പിച്ചവർ വേണ്ട എല്ലാ തയ്യാറെടുപ്പുകളും ഏർപ്പാടാക്കിയിരുന്നു.

വിഷ്ണു അവരെ യാത്രയാക്കി തിരിച്ച് മൗലവിയുടെ വീട്ടിലേയ്ക്ക് പോയി... അവിടെ അവനുവേണ്ട ഭക്ഷണം പാചകം ചെയ്തു വച്ചിട്ട് അവർ പോയിരുന്നു.

ഫ്ലൈറ്റിനുള്ളിൽ അവൻ കയറിയപ്പോൾ വല്ലാത്തൊരു സന്തോഷം..ജീവിതത്തിൽ ആദ്യമായി ഫ്ലൈറ്റിൽ കയറുകയാണവൻ. ദൂരെ നിന്നു മാത്രമേ കണ്ടിട്ടുള്ളു. മാമയേയും മറ്റും യാത്രയാക്കാൻ വരുമ്പോൾ അതിൽ ഒരു ദിവസമെങ്കിലും കയറണമെന്നുള്ള അതിയായ മോഹമുണ്ടായിരുന്നു. അവരുടെ ഊഴമായി അവർ അകത്തു കയറി നല്ല തണുപ്പുണ്ട്. വാതിലിൽ തങ്ങളെ തൊഴുത് അഭിവാദ്യം ചെയ്യുന്ന എയർ ഹോസ്റ്റസ്. സിനിമാനടിപോലും തോറ്റുപോകും. അവരുടെ സീറ്റിനടുത്തെത്തി. ലഗേജുകൾ മുകളിൽവച്ചു, മൗലവി അവനോട് സൈഡ് സീറ്റിലിരിക്കാൻ പറഞ്ഞു.. അവന് വലിയ സന്തോഷമായി.. വീട്ടിൽ ഉമ്മയെക്കുറിച്ചും ഉപ്പയെക്കുറിച്ചും അവൻ ചിന്തിച്ചു. തന്റെ നല്ലതിനുവേണ്ടി മാത്രം പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ. ബാംഗ്ലൂരിൽ പോകണമെന്നു പറഞ്ഞപ്പോൾ ഒരെതിർപ്പുമില്ലാതെ സമ്മതിച്ചു. അവന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു. എയർഹോസ്റ്റസ് വേണ്ട നിർദ്ദേശങ്ങൾ ആംഗ്യരൂപത്തിൽ അവതരിപ്പിച്ചു. അവനതെല്ലാം പുതുമയായിരുന്നു. എല്ലാം ശ്രദ്ധാപൂർവ്വം കേട്ടു... മനസ്സിൽ കുളിര് കോരിക്കൊണ്ട് ഫ്ലൈറ്റ് സാവധാനം ചലിച്ചു തുടങ്ങി.. റൺവെയിലെത്തി പതുക്കെയൊന്നു നിന്നു.. പെട്ടെന്നുതന്നെ വന്നതിന്റെ ഇരട്ടി സ്പീഡിൽ മുന്നോട്ടു കുതിച്ചു.. നിമിഷങ്ങൾക്കകം ടേക്കോഫ് ചെയ്തു.. മുകളിൽ നിന്നു നോക്കിയപ്പോൾ നിമിഷങ്ങൾക്കകം എയർപ്പോർട്ട് കണ്ണിൽ നിന്നും മറഞ്ഞു. മേഖപാളികളി‍ൽ പ്രവേശിച്ചു. ഒരു കൊച്ചു കുട്ടിയുടെ ജിജഞാ സയോടെ അവൻ നോക്കിയിരുന്നു. അവന്റെ മുഖത്തെ ഭാവങ്ങൾ മൗലവിയെയും അത്ഭുതപ്പെടുത്തി...

അന്തരീക്ഷത്തിലൂടെ അത് മുന്നോട്ടു കുതിച്ചു... ഇപ്പോൾ അതിന്റെ സ്പീഡ് അറിയാനാവുന്നില്ല. പക്ഷേ വളരെ വേഗം കാഴ്ചകൾ കണ്ണിൽ നിന്നു മറയുന്നു. അപ്പോഴേയ്ക്കും എയർ ഹോസ്റ്റസ് അവർക്കുള്ള ലഘുഭക്ഷണവുമായി വന്നു. ഫസലിനു വേണ്ടി മൗലവി തന്നെയാണ് ഓർഡർ ചെയ്തത്. ഇടയ്ക്കിടയ്ക്ക് അനൗൺസ്മെന്റുകൾ വന്നുകൊണ്ടിരുന്നു. രണ്ടാളും സാൻവിച്ചാണ് ഓർഡർ ചെയ്തിരുന്നത്. പ്രത്യേക രുചിയായിരുന്നതിന്. അതി രാവിലെ ഉണർന്നതല്ലേ.. അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. മേഘപാളികളിലൂടെയുള്ള യാത്ര അവനിൽ ആലസ്യം ജനിപ്പിച്ചു... സാവധാനം ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
മൗലവി അവനെ തട്ടിയുണർത്തിയപ്പോഴാണ് ഇറങ്ങാനുള്ള സ്ഥലമായെന്നുള്ള കാര്യം ഓർമ്മയിൽ വന്നത്. ഫ്ലൈറ്റ് ലാന്റ് ചെയ്യാനുള്ള അനൗൺസ് മെന്റുകൾ വന്നു... അൽപ നേരത്തിനകം ഫ്ലൈറ്റ് താഴേയ്ക്ക് പോയിത്തുടങ്ങി.. ഇപ്പോൾ എയർപോർട്ട് വ്യക്തമായി കാണാം... ഫ്ലൈറ്റ് നല്ല സ്പീഡിൽ തന്നെ ലാന്റ് ചെയ്തു.. അൽപനേരം റണ് വേയിലൂടെ ഓടി... തങ്ങൾക്ക് പുറത്തേയ്ക്കിറങ്ങാനുള്ളിടത്തെത്തി അവ നിന്നു. എല്ലാവരും ലഗേജുകളുമെടുത്ത് പുറത്തേയ്ക്ക്. വിശാലമായ എയർപോർട്ട്. തങ്ങൾ കയറിവന്ന എയർപ്പോർട്ടിനേക്കാൾ വലിയ എയർപോർട്ട്. ധാരാളം ഫ്ലൈറ്റുകൾ നിരന്നുകിടക്കുന്നു.

ഫ്ലൈറ്റ് ചെറിയൊരാലസ്യത്തോടെ കവാടത്തിനടുത്തു നിന്നു. വാതിൽ തുറന്നതും അവിടെ ഗോവണി ഘടിപ്പിച്ചിരുന്നു. അവർ അതിലൂടെ ഇറങ്ങി മറ്റുള്ള യാത്രക്കാർക്കൊപ്പം പുറത്തേയ്ക്ക് അവിടെയെത്തിയപ്പോൾ അവരെ സ്വീകരിക്കാൻ നെയിംബോഡുമായി ആളെത്തിയിരുന്നു. അവരുടെ വാഹനത്തിൽ കയറി യാത്രയായി.. എയർപോർട്ടിൽ നിന്നും ഏകദേശം ഒന്നരമണിക്കൂർ യാത്ര... രാത്രിയുടെ കൂരിരുട്ടിൽ അംബരചുംബികളായ ബിൽഡിങ്ങുകൾ പ്രകാശത്തിൽ തിളങ്ങി നിൽക്കുന്നു. റോഡിൽ നിറയെ വെളിച്ചം പകൽ പോലെ തോന്നുന്നു. എന്തു ഭംഗിയാണിവിടെ.. കൂടെ ഡ്രൈവറെ കൂടാതെ ഒരാൾകൂടിയുണ്ടായിരുന്നു. അവർ ഓരോ സ്ഥലങ്ങളും അവയുടെ പേരും വിശദമായി പറഞ്ഞുകൊണ്ടിരുന്നു. നാളത്തെ പ്രോഗ്രാമിനെക്കുറിച്ചും അവർ സംസാരിച്ചു. ഏകദേശം 10 മണിയോടുകൂടി അവർക്ക് താമസിക്കേണ്ട ഹോട്ടലിലെത്തി... അനേകം നിലകളുള്ള ബിൽഡിംഗ് സ്റ്റാർ ഹോട്ടലാണെന്ന് കൂടെവന്ന ആൾ പറഞ്ഞു.. വാഹനം ഹോട്ടലിന്റെ മുന്നിലെത്തി. അവരുടെ ലഗേജ് ഹോട്ടൽ ജീവനക്കാൽ വന്നെടുത്തു. അവരുടെ റൂമിലേയ്ക്ക് ആനയിച്ചു. രണ്ടാളും റൂമിലെത്തി. വിശാലമായ റൂം... നല്ല രീതിയിൽ ബഡ്ഡ് അറേഞ്ചു ചെയ്തിരിക്കുന്നു ചെറിയൊരു ബാൽക്കണിയുമുണ്ടവിടെ... ഹോട്ടൽ മുറിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിലയ ഹോട്ടലിൽ ആദ്യമാണ് താമസിക്കാനെത്തുന്നത്... അവർക്കുള്ള ഭക്ഷണം എടുത്തുവാരാമെന്നു പറഞ്ഞ് റൂംബോയി പോയി... അൽപ നേരത്തിനകം അവർ രണ്ടാളും കുളിച്ച് ഫ്രഷായി എത്തി. അപ്പോഴേയ്ക്കും ആവിപറക്കുന്ന ഭക്ഷണം എത്തിയിരുന്നു.. നനല്ല ബീഫും ചപ്പാത്തിയും, കൂടാതെ ചിക്കൻ ഫ്രൈയും വലിയൊരു പ്ലേറ്റിൽ സലാഡും... കണ്ടപ്പോഴേ ഫസലിന്റെ വായിൽ കൊതിയൂറി... റൂംബോയി പോയുടനെ അവർ ഭക്ഷണം എടുത്തു നിരത്തിവച്ചു... കഴിക്കാൻ തുടങ്ങി.. ഇതുവരെ കഴിച്ചിട്ടുള്ള ഭക്ഷണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്... ഏകദേശം 1 മണിവരെ അവർ പല കാര്യങ്ങളും സംസാരിച്ചിരുന്നു. നാളെ പോകുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും. അവിടെ ചെന്നിട്ട് ഇടപെടേണ്ട രീതിയെക്കുറിച്ചും അവനോട് പറഞ്ഞു... അവൻ എല്ലം വിശദമായി കേട്ടു.. മൗലവി ഒരു പുസ്തകം അവന് നൽകി... നമുക്ക് നാളെ ഉച്ചവരെ സമയമുണ്ട്. സമയമുണ്ടെങ്കിൽ ഇതൊന്നു വായിച്ചുനോക്കൂ.. ചിലപ്പോൾ പ്രയോജനപ്പെടും...

അവൻ അതു വാങ്ങി.. മൗലവി  ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടന്നു.. അവൻ ആ ബുക്കിലൂടെ കണ്ണുകൾ പായിച്ചു. ശിഥിലമായികൊണ്ടിരിക്കുന്ന കുടുംബ ഭദ്രതയെ കുറിച്ചുള്ള പുസ്തകം ആയിരുന്നു അത്..അവൻ ഗാഢമായ വായനയിൽ മുഴുകി...  മൗലവി പഴയതുപോലെ തന്നെ സ്പർശിക്കുകയോ അസ്വാഭാവികമായി പൊരുമാറുകയോ ചെയ്യുന്നില്ല... അവൻ കട്ടിലിൽ തന്നെ തലയിണ തലയിൽ വച്ച് കിടന്നു. പതുക്കെ ഓരോ പേജുകൾ മറിച്ചുനോക്കി..

നിശ്ശബ്ദതയെ ഭംജിച്ചുകൊണ്ട് മൗലവി സംസാരിച്ചു തുടങ്ങി.. ഫസലേ.. ഞാൻ പഴയരീതിയിലല്ല നിന്നെ കാണുന്നത്.. അറിയാതെ എന്തെല്ലാമോ ആവേശത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തു.. പക്ഷേ ഒരിക്കലും തിരിഞ്ഞു നോക്കിയില്ല.. എനിക്കിപ്പോൾ പുനർ ചിന്തനം വന്നിരിക്കുന്നു. ഇനിയൊരിക്കലും ഒരു കുഞ്ഞിനേയും ലൈംഗിക സംതൃപ്തിക്കായി സമീപിക്കാൻ പാടില്ലെന്ന് എനിക്ക് നീതന്നെയാണ് മാതൃകയാക്കി തന്നത്. എനിക്കും ഒരു മകനുണ്ട്.. അവന് പ്രായം വെറും പത്ത് വയസ്സ്.. അവനെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അടങ്ങിയിരിക്കാൻ സാധിക്കുമോ.. ഇല്ല... അതിനാൽ ഞാനെല്ലാം നിർത്തി...എന്റെ മനസ്സിനെയും ശീലങ്ങളെയും കടിഞ്ഞാണിടാൻ സാധിച്ചു. അയാൾ തിരിഞ്ഞു കിടന്ന് അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു.. ചെയ്തുപോയ തെറ്റിന് മാപ്പ്. നീയൊരിക്കലും മനസ്സിൽ വയ്ക്കരുത്.. അയാൾ അതു പറയുമ്പോൾ കണ്ണുകളിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.

”മൗലവി... വിഷമിക്കേണ്ട... ‍ഞാനത് ഇനിയൊരിക്കലും ഓർ‌ക്കില്ല... ജീവിതത്തിൽ എല്ലാ അനുഭവങ്ങളും വേണമല്ലോ... ഇതും അതുപോലൊരു അനുഭവമാകട്ടെ..

മൗലവി അവനെ നോക്കി. തിരിഞ്ഞു കിടന്നുറങ്ങി. അവൻ സാവധാനം പേജുകളിലോരോന്നായി മറിച്ചു വായിച്ചു. രണ്ടു രണ്ടര മണിവരെ അവൻ വായിച്ചിരുന്നു. ഉറക്കം കൺപോളകളെ തഴുകാൻ തുടങ്ങിയപ്പോൾ അവൻ ബാൽക്കണിയിലേയ്ക്ക് ചെന്നു. അവിടെ പത്താമത്തെ നിലയിലുള്ളതാണ് അവരുടെ റൂം.. മുകളിൽ നിന്നു നോക്കിയാൽ സിറ്റിയിലെ പ്രധാന സ്ഥലങ്ങളൊക്കെ വെളിച്ചത്തിൽ മുഴുകി നിൽക്കുന്നു. വീട്ടിൽ നിന്നും ഒറ്റയ്ക്ക് വിട്ടുനിൽക്കുന്നത് ആദ്യമായാണ്. ദൂരെക്കാണുന്ന ഏതോ ഒരു ബിൽഡിംഗിലായിരിക്കും തന്റെ ഐഷു താമസ്സിക്കുന്നത്. നാളെ കഴിയുമെങ്കിൽ എത്താമെന്നു പറഞ്ഞിട്ടുണ്ട്. ഇവിടെ എത്തിയിട്ട് വിളിക്കാൻ സാധിച്ചില്ല...  എന്തായാലും നാളെയാകട്ടെ ചിലപ്പോൾ റൂമിലേയ്ക്ക് വിളിച്ചെന്നുമിരിക്കും താമസിക്കുന്ന ഹോട്ടലിന്റെ പേര് നൽകിയിരുന്നു.

അവൻ തിരികെ കട്ടിലിനടുത്തെത്തി ഉറങ്ങാൻ കിടന്നു. നിഷ്കളങ്കമായി മൗലവി അവിടെക്കിടന്ന് ഉറങ്ങുന്നു. പാവം.. അദ്ദേഹത്തിന് തെറ്റ് ബോധ്യപ്പെട്ടിരിക്കുന്നു. സ്വന്തം മകന് ഇതുപോലൊരു അവസ്ഥ ഉണ്ടാകാൻ ഒരു മനുഷ്യനും ആഗ്രഹിക്കാറില്ലല്ലോ... തന്നെ പ്പോലെ എത്രയോ കുട്ടികൾ ഇതുപോലെ ചതിക്കുഴികളിൽ പെട്ടിരിക്കുന്നു...

കണ്ണുകൾ മെല്ലെ ഉറക്കം തഴുകിയെത്തി... അവൻ ചെന്ന് കിടന്നു ഗാഢമായ നിദ്രയിലേയ്ക്ക് വീണു.. രാവിലെ മൗലവി വിളിച്ചിട്ടാണ് അവൻ ഉണർന്നത്.. അദ്ദേഹം കുളിച്ച് പുതിയ ഡ്രസ്സ് ധരിച്ച് നിൽക്കുന്നു. അവൻ ഉടനേ ബാത്ത് റൂമിലേയ്ക്ക് പോയി കുളിച്ച് ഫ്രഷായി വന്നു. അപ്പോഴേയ്ക്കും അവർക്കുള്ള ബ്രേക്ക്ഫാസ്റ്റ് എത്തിയിരുന്നു. നല്ല മസാല ദോശയും ചമ്മന്തിയും വടയുമായിരുന്നു. രുചികരമായ ഭക്ഷണം... അൽപ നേരത്തിനകം ഫോൺ ശബ്ദിച്ചു. ഫസൽ തന്നെ ഫോണെടുത്തു. അങ്ങേത്തലയ്ക്കൽ ഐഷുവായിരുന്നു..

”ടാ നീയെത്തിയോ..”

”എത്തി..”



”പിന്നെന്താ വിളിക്കാഞ്ഞത്..”

”രാത്രിയായി... അപ്പോൾ വിളിച്ചാൽ നീയെന്നെ തെറിവിളിക്കും..”

”ഇല്ലെന്നേ.. ഞാൻ കാത്തിരുന്നു. പിന്നെ ഇന്ന് വാപ്പയ്ക്ക് കുറച്ച് തിരക്കുണ്ട്. ഞങ്ങൾ മീറ്റിംഗ് കഴിഞ്ഞിട്ടാകും എത്തുന്നത്.. നിന്നെ അവിടെയോ അല്ലെങ്കിൽ ഹോട്ടലിലോ എത്തി കാണാം... പിന്നെ മൗലവിയേയും കൂട്ടിക്കൊള്ളണേ.. ഇന്ന് രാത്രി ഭക്ഷണം വീട്ടീന്നാകാം.. ഇവിടെ എല്ലാവരും നിന്നെ കാത്തിരിക്കുന്നു.”

”അവർ മാത്രമേ കാത്തിരിക്കുന്നുള്ളോ..”

”അതു പിന്നെ... ഞാനതെന്തിനാ പറയുന്നേ.. നിനക്കറിയാലോ..”

അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു... അവർക്കു പോകാനുള്ള സമയമായി.. അവരുടെ വാഹനം താഴെയെത്തിയെന്ന് അറിയിപ്പു വന്നു. മൗലവിയും അവനും വേണ്ട പുസ്തകങ്ങളും എടുത്ത് പുറത്തേയ്ക്ക് രണ്ടാളും വെള്ള ഡ്രസ്സ് ധരിച്ചിരുന്നു. തലയിലും തൊപ്പിയും... ഫസലിനിപ്പോൾ മൗലവിയേക്കാളും പൊക്കം വച്ചിരിക്കുന്നു.

അവർ വാഹനത്തിൽകയറി.. വാഹനം മീറ്റിംഗ് സ്ഥലം ലക്ഷ്യമാക്കി നീങ്ങി. സിറ്റിതിരക്കുകളിലേയ്ക്ക് കടന്നിരിക്കുന്നു. എവിടെയും ട്രാഫിക് ജാമ്... മുട്ടിയുരുമ്മി നീങ്ങുന്ന വാഹനങ്ങൾ... ഫുഡ്പാത്തിലൂടെ ജനങ്ങൾ ലക്ഷ്യമില്ലാതെ ഒഴുകുന്നതുപോലെ.. അവനതൊക്കെ പുതുമയായിരുന്നു. അൽപനേരത്തിനകം അവരുടെ വാഹനം മീറ്റിംഗ് നടക്കുന്ന സ്ഥലത്തെത്തി. അവിടെ ഗംഭീര സ്വീകരണമാണ് അവർക്ക് ലഭിച്ചത്.. അവരെ രണ്ടാളേയും സ്റ്റേജിലേയ്ക്ക് ആനയിച്ചു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കും മൗലവിയിലേക്കും...

കാത്തിരിക്കാം... നല്ലൊരു നാളേയ്ക്കായി... ജീവന്റെ വിലയള്ള ജാഗ്രത



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 15 11 2020


തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്ച്ച 22 11 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ