28.11.20

നിഴൽവീണവഴികൾ ഭാഗം 102

 

സാവധാനം  രണ്ടാളും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസലിന്റെ മനസ്സ് നിറയെ  സ്വപ്നങ്ങളായിരുന്നു. ഐഷുവുമായുള്ള ജീവിതം... ഒരുമിച്ചുള്ള യാത്രകൾ...  പ്രേമസല്ലാപങ്ങൾ...അങ്ങിനെ..അങ്ങിനെ...

ഫ്ലൈറ്റ് ലാന്റ് ചെയ്യാറായപ്പോഴാണ് രണ്ടാളും ഉണർന്നത്. നല്ല ക്ഷീണമുണ്ടായിരുന്നു. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. വിഷ്ണു അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. സമയം രാത്രി ഒന്നരമണി. അവർ‌ മൗലവിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. വിജനമായ റോഡ്... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവരുടെ വാഹനം റോഡിലൂടെ പാഞ്ഞു. വിചാരിച്ചതിനേക്കാൾ നേരത്തേ അവർ വീട്ടിലെത്തി. എത്തിയപാടേ അവർ റൂമിലേയ്ക്ക് പോയി... അൽപനേരം ഉറങ്ങണം രാവിലെ 6 മണിക്ക് തന്നെ യാത്ര തിരിക്കണം. അടുത്ത യാത്ര എവിടേയ്ക്കാണെന്നറിയില്ല.. എന്നാലും താൻ എവിടെപ്പോയാലും ഫസലിനെ കൂട്ടുമെന്ന് മൗലവി പ്രത്യേകം പറഞ്ഞിരുന്നു.

രാവിലെ ആറുമണിക്കു തന്നെ അവർ പുറപ്പെടാൻ തയ്യാറായി... അവിടുത്തെ ഫോണിൽ വിളിച്ച് വീട്ടിൽ വിവരം പറ‍ഞ്ഞു. സഫിയയാണ് ഫോണെടുത്തത്... തലേദിവസം ഐഷു വിളിച്ച് കാര്യങ്ങൾ പറഞ്ഞെന്നും ഫ്ലൈറ്റ് പുറപ്പെട്ടതിനു ശേഷവും വിളിച്ചിരുന്നെന്നും സഫിയ അവനോട് പറഞ്ഞു... അവൾ കാര്യങ്ങൾ അറിഞ്ഞു ചെയ്തതിൽ അവൻ വളരെ സന്തോഷവാനായിരുന്നു.

രാവിലെ ചായമാത്രമേ കുടിച്ചുള്ളൂ... പോകുന്ന വഴിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാമെന്നുള്ള തീരുമാനത്തിലെത്തി. യാത്ര തുടർന്നുകൊണ്ടിരുന്നു. ഒൻപതു മണിയായപ്പോൾ അവർ സിറ്റിയിലെത്തി അവിടെ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും യാത്ര ആരംഭിച്ചു.

തലേദിവസത്തെ കാര്യങ്ങളൊക്കെ വിഷ്ണുവിനോട് അവൻ ചുരുക്കി പറ‍ഞ്ഞു. വിഷ്ണുവിന് ഫ്ലൈറ്റിലെ യാത്രയെക്കുറിച്ചറിയാനായിരന്നു ആഗ്രഹം. അവൻ കണ്ടിട്ടേയുള്ളൂ ഇതുവരെ കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഫസൽ ഈ ചെറുപ്രായത്തിൽ അതിലെല്ലാം കയറിയെന്നറിഞ്ഞപ്പോൾ വിഷ്ണുവിനും അത്ഭുതം. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞ് യാത്ര തുടർന്നുകൊണ്ടിരുന്നു. ഉച്ചഭക്ഷണം ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു ഹോട്ടലിൽ നിന്നുമായിരുന്നു. നല്ല നാടൻ കപ്പയും മീൻകറിയും മീൻ പൊരിച്ചതും കൂട്ടിയുള്ള ഭക്ഷണം... അവർ വീണ്ടും യാത്ര തുടർന്നു. നല്ല ഭക്ഷണം ശരിയ്ക്കും ഉറക്കത്തിന്റെ ആലസ്യം ഫസലിലുണ്ടാക്കി.. അവൻ ചെറു മയക്കത്തിലേയ്ക്ക് വഴുതിവീണു. വിഷ്ണു വാഹനം ലക്ഷ്യസ്ഥനത്തേയ്ക്ക് പായിച്ചുകൊണ്ടിരുന്നു. മിക്കവാറുമിടങ്ങളിൽ നല്ല ട്രാഫിക്കുണ്ട്. വിചാരിച്ച സമയത്ത് എത്താൻ സാധ്യതകുറവാണെന്നവർക്ക് മനസ്സിലായി.

രാത്രി എട്ടുമണിയോടുകൂടി അവർ വീട്ടിലെത്തി. അവിടെ എല്ലാവരും കാത്തുനിന്നിരുന്നു. ഫസൽ വളരെ സന്തോഷത്തിൽ എല്ലാവരോടും സംസാരിച്ചു. അവന്റെ ലഗേജുമായി വിഷ്ണുവും സഫിയയും അകത്തേയ്ക്ക്.

“ഫസലേ.. നീ പോയപ്പോൾ കൊണ്ടുപോയതിനേക്കാളുണ്ടല്ലോ... അവിടെനിന്നും സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടുവന്നിരിക്കുകയാണോ.“

“ഇല്ലുമ്മാ.. അവർ ചില ഗിഫ്റ്റുകൾ തന്നു അത്രമാത്രം.“

ഫ്ലൈറ്റിൽ കൂടുതൽ ലഗേജ് അനുവദിക്കാത്തതിനാൽ പർചേസിംഗ് നടത്തിയിരുന്നില്ല. അതു മാത്രമല്ല ഒന്നിനുമുള്ള സമയവുമില്ലായിരുന്നു. തിരക്കുപിടിച്ച യാത്രയായിരുന്നല്ലോ... ഇനിയൊരിക്കലാകട്ടെ... എന്തേലുമൊക്കെ വീട്ടുകാർക്കു വാങ്ങിക്കൊണ്ടുവരണം. അതിനും ഉമ്മയുടെ സഹായംതന്നെ വേണമല്ലോ.

ഫസൽ ഹമീദിന്റെ മുന്നിലെത്തി. കൈമുത്തി.. പോയ കാര്യങ്ങൾ ചുരുക്കി പറഞ്ഞു...

“ഫസലേ പോയി കുളിച്ചിട്ടു പോരേ.. ഭക്ഷണം കഴിക്കണ്ടേ...“

“അവൻ മുകളിലേയ്ക്ക് പോയി... കുളച്ചു ഫ്രഷായി.. അപ്പോഴാണ് ഓർത്തത് ഐഷുവിന്റെ ഗിഫ്റ്റ്.. അവൾ പ്രത്യേകം പറഞ്ഞിരുന്നു ഇത് വീട്ടിലെത്തിയിട്ടു മാത്രമേ തുറക്കാവൂ എന്ന്.

“അവൻ തന്റെ ബാഗിന്റെ ഉള്ളറയിലേയ്ക്ക് കൈയ്യിട്ടു. അവിടെ ഭദ്രമായി ചെറിയൊരു ഗിഫ്റ്റ് പാക്കറ്റ്.. സാവധനം കൈയ്യിലെടുത്ത് തുറന്നു... വിലകൂടിയ ഒരു വാച്ചാണ്... അതിനുള്ളിൽ ഒരു ചെറു കടലാസ്... അതിൽ ഇങ്ങനെ എഴുതി.. എന്റെ ജീവിത പങ്കാളിയ്ക്ക് എന്റെ നല്ല സുഹൃത്തിന്... എന്നെന്നും ഓർക്കാൻ... നിന്റെ വിജയത്തിലും പരാജയത്തിലും ഞാനൊപ്പമുണ്ടാവും...“

അവന്റെ മനസ്സിൽ സന്തോഷം അലതല്ലി... വളരെ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ച വാച്ച്.. അതിനേക്കാൾ വിലപിടിപ്പുള്ള അവളുടെ വാക്കുകൾ... അവൻ വാച്ചുമായി താഴേയ്ക്ക്... ഒറ്റനോട്ടത്തിൽ തന്നെ അവന്റെ കൈയ്യിൽ വാച്ച് സഫിയ തിരിച്ചറിഞ്ഞു..

“ചെക്കാ.. പുതിയ വാച്ചാണല്ലോ.. പുതുതായി വാങ്ങിയതാ..“

“ഇല്ലുമ്മാ.. ഐഷു സമ്മാനിച്ചതാ...“

“അവൾ അത് തിരിച്ചും മറിച്ചും നോക്കി..“

“ഇത് വജ്രമാണോ..“

“അറിയില്ലുമ്മാ.. എന്തായാലും വിലപിടിപ്പുള്ളതാണ്...“

മകനെക്കുറിച്ച് ഓർത്ത് സഫിയ അഭിമാനം കൊണ്ടു... അവൾക്ക് മനസ്സിലായിരുന്നു അവർ തമ്മിലുള്ളത് വെറുമൊരു സുഹൃദ്ബന്ധമല്ലെന്ന്... ഇല്ല ഒരിക്കലും മകന്റെ ഇഷ്ടത്തെ എതിർക്കില്ല.. കാരണം എന്റെ സ്വന്തം ഇഷ്ടം... അതിന് സാഫല്യം കൈവരാതെപോയതിന്റെ പരിണിതഫലമാണ് താനും തന്റെ മകനും അനുഭവിക്കുന്നത്.. അതൊരിക്കലും അവന്റെ ജീവിതത്തിൽ ഉണ്ടാകരുത്.. ഏതു ജാതിയിലുള്ള കുട്ടിയാണെങ്കിലും അവന് ഇഷ്ടപ്പെട്ടെങ്കിൽ അതൊരിക്കലും എതിർക്കില്ലെന്ന് അവൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതുകൊണ്ട് അവന്റെ കാര്യത്തിൽ അവൾക്കൊട്ടും സന്ദേഹമില്ല... ജാതിയും മതവും മനുഷ്യരുണ്ടാക്കുന്നതല്ലേ... ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഈ ലോകത്ത് എത്രയോ മനുഷ്യർ സുഖമായി ജീവിക്കുന്നു. അവർക്കാർക്കും ഒരു കുഴപ്പങ്ങളുമില്ലല്ലോ... ദൈവം പറഞ്ഞിട്ടില്ലല്ലോ സ്വജാതിൽ വിവാഹം കഴിച്ചാലേ ജീവിതം പൂർത്തിയാവൂയെന്ന്... ജാതിയുടെ പേരിൽ മതത്തിന്റെ പേരിൽ ഇഷ്ടപ്പെട്ട പുരുഷനെ വേണ്ടെന്ന് വച്ച് മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയായാലും പുരുഷനായാലും ജീവിതത്തിൽ എന്നെന്നും മുറിപ്പാടുമായിത്തന്നെയായിരിക്കും ജീവിക്കുന്നത്... ചിലർ ഒരു പക്ഷേ അങ്ങനെയായിരിക്കില്ല... മതങ്ങൾ ദൈവത്തിലേയ്ക്കുള്ള പാതയൊരുക്കലാണ്. അല്ലാതെ മതങ്ങൾ ദൈവങ്ങളേക്കാൾ മുകളിലല്ല... ജനിക്കുന്നത് ഏതു മതത്തിലായിക്കോട്ടെ... ആദ്യം കുടിക്കുന്ന ജലം അത് നൽകുന്നത് മതവിശ്വാസി അതായിരിക്കും മതത്തിന്റെ അടിസ്ഥാനമെന്നു കരുതുന്നെങ്കിൽ മരിക്കുമ്പോൾ അവസാനമായി ജലം നൽകുന്നത് ആരാണോ അവരുടെ മതം ആരേലും നോക്കാറുണ്ടോ... ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി ജനിച്ചു... മരിക്കുമ്പോൾ ഏതു മതസ്ഥനായിരുന്നെന്ന് ആരേലും പറയാറുണ്ടോ... മരിച്ചുകഴിഞ്ഞാൽ പേരില്ലാത്ത മയ്യത്ത്, ശവം, എന്നുള്ള വാക്കുകളല്ലാതെ മറ്റൊന്നും പറയാറില്ല... പേരുപോലും അന്യമായിരിക്കും...

ഫസൽ ഐഷുവിനെ വിളിച്ചു. താൻ സുഖമായി എത്തിയകാര്യം അറിയിച്ചു. അവളുടെ ഗിഫ്റ്റിന് അവൻ വളരെ നന്ദി പറഞ്ഞു... അവളോട് അതിന്റെ മൂല്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇത്രമാത്രം..

“സ്നേഹത്തിന്റെ മൂല്യമളക്കാനാവില്ല... എന്റെ സ്നേഹമെത്രയോ അതിനേക്കാൾ മൂല്യം ഒരു വസ്തുവിനുമില്ല... ഇത് എന്റെ ഒരു ഉപഹാരം.. നിനക്കായി ഞാൻ കരുതിവച്ചത്... അതിൽ എന്റെ ഹൃദയമിടിപ്പുണ്ടാവും...“

അവന് മറുത്തൊന്നും പറയാനായില്ല... ഇപ്രാവശ്യം നേരിൽ കണ്ടതിനുശേഷം രണ്ടാൾക്കും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ബന്ധത്തിന് കൂടുതൽ ഊഷ്മളത കൈവന്നിരിക്കുന്നു. കുറച്ചുകൂടി പക്വമായിരിക്കുന്നു... പരസ്പരം സ്വന്തമാക്കണമെന്ന മോഹം കൂടിവരുന്നു.

അവൻ ഗൂഡ്നൈറ്റ് പറഞ്ഞ് ഫോൺ കട്ട്ചെയ്തു. ഭക്ഷണം കഴിക്കാനിരന്നു. അവനേറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളായിരുന്നു അന്നുണ്ടാക്കിയിരുന്നത്. നാദിറയുടെയും അഫ്സയുടേയും കുഞ്ഞുങ്ങൾ അവിടെ കലപില ശബ്ദമുണ്ടാക്കി കളിക്കുന്നു. ഡൈനിംഗിൽ ഹമീദും സൈനബയും ഫസലുമിരുന്നു.. സഫിയ വിളമ്പിക്കൊടുത്തു. അവൻ രുചിയോടെ ഭക്ഷണം കഴിച്ചു.

അവന്റെ വാച്ച് എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു. ഇതിനിടയിൽ റഷീദും അൻവറും വിളിച്ചിരുന്നു. തങ്ങളുടെ ശേഷക്കാരന് ഇത്രയും നല്ല അവസരങ്ങൾ കിട്ടുന്നതിൽ അവർക്കും അഭിമാനം തോന്നി. അവർ ഇപ്പോൾ ദുബായിലാണ്.. അവിടെ രണ്ടാഴ്ചത്തെ വിസിറ്റിംഗിന് എത്തിയതാണ്.. ചില പേപ്പർ വർക്കുകൾ ചെയ്യാനുണ്ട്. കൂടാതെ രണ്ടു ഡെലിവറി വാനുകൾ കൂടി വേണ്ടിവന്നു അതും വാങ്ങിക്കഴിഞ്ഞിരുന്നു. അടുത്ത ഒരു ബ്രാഞ്ച് ഓപ്പൺ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നവർ സിറ്റി സെന്ററിൽ ഒരു ഷോപ്പ് ലഭിച്ചിരുന്നു. കുറച്ച് പിടിപാടുവേണ്ടിവന്നു അതു കിട്ടുന്നതിനായി.. പിന്നെ തങ്ങളുടെ സ്ഥാപനത്തിന്റെ വളർച്ച ഇപ്പോൾ എല്ലാവർക്കുമറിയാമല്ലോ... സൗദിയിലെ അറിയപ്പെടുന്ന ബേക്കേഴ്സ്.. ദുബായിലും വേണ്ടത്ര പേര്.ലഭിച്ചിരുന്നു. അതിന്റെ ഇൻ‌റീരിയർ വർക്കുകൾ തീരുവാൻ രണ്ടുമാസമെങ്കിലും വേണ്ടിവരും... കുറച്ച് മോഡേൺ രീതിയിലാണ് ഉദ്ദേശിക്കുന്നത്. എന്തായാലും അഭിമന്യുവിന്റെ വിവാഹശേഷം മതി ഉദ്ഘാടനം എന്നു തീരുമാനിച്ചിരുന്നു അവിടുത്തെ കാര്യങ്ങൾ നോക്കാൻ ആളിനേയും അവർ തീരുമാനിച്ചിരുന്നു. മറ്റാരുമല്ല സ്റ്റീഫന്റെ മരുമകൻ... അവന് ഒരു വിസ നൽകാമെന്ന് നേരത്തേ തീരുമാനിച്ചതാണ്.. അക്കൗണ്ട്സൊക്കെ നന്നായറിയാം.. ഭാഷയും അവന് പ്രശ്നമില്ല ഹിന്ദിയും ഇംഗ്ലീഷുമറിയാം... അറബിക് കുഴപ്പമില്ല... പിന്നെ അൻവറിന്റെ മേൽനോട്ടത്തിലാകുമ്പോൾ ഒന്നും ഭയക്കാനുമില്ല... ഇത്തവണ വിവാഹം കഴിഞ്ഞ് അവൾക്കൊപ്പം തന്നെ അവനും ഇവിടെയെത്താം.. രണ്ടാളും രണ്ടു സ്ഥലത്താകുമെന്നുള്ള ഒരു പ്രശ്നമേയുള്ളൂ.. അവൾക്ക് ദുബായിൽ നല്ല അവസരം ലഭിച്ചാൽ ഇങ്ങോട്ടു പോരാം.. അല്ലെങ്കിൽ അവന് ട്രാൻസ്ഫർ സൗദിയിലേയ്ക്ക് കൊടുക്കാം. അതാണ് ഇപ്പോഴത്തെ തീരുമാനം.. അവളോട് പറഞ്ഞപ്പോൾ അവൾക്ക് വളരെ സന്തോഷമായിരിക്കുന്നു. നാട്ടിലെ ചെറിയൊരു ജോലി.. അതിൽ നിന്നുള്ള വരുമാനവും കുറവ്.. അതാണ് ഗൾഫിലേയ്ക്ക് വരണമെന്നുള്ള ആഗ്രഹം കൂടിവന്നത്.

അൻവർ ശരിയ്ക്കും നന്നായി അധ്വാനിക്കുന്നുണ്ടവിടെ... സഹായിക്കാൻ ആളുണ്ടെങ്കിലും എല്ലാ മേഖലയിലും അൻവറിന്റെ ശ്രദ്ധ എത്തുന്നുണ്ട്. പലതരം ആൾക്കാരാണ് വരുന്നത്. അവരെയെല്ലാം സംതൃപ്തരാക്കണം. നാട്ടിൽ സഫിയയുടെ പേരിൽ വസ്തു എഴുതുന്നതിനുവേണ്ടിയുള്ള അഡ്വാൻസ് കൊടുത്തു. ആദ്യമൊക്കെ എതിർത്തെങ്കിലും സഫിയയ്ക്കും സമ്മതമായി. ദൂരെങ്ങുമല്ലല്ലോ തൊട്ടടുത്തല്ലേ... എഴുത്തു കഴിഞ്ഞാലുടൻ അവിടൊരു വീടുവയ്ക്കാനുളള പരിപാടിയും തുടങ്ങണം. ഇത്തവണ നാട്ടിൽ പോകുമ്പോൾ വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുവേണം വരാൻ.. അതിനുള്ള കാര്യങ്ങൾ വപ്പ നാട്ടിൽ ചെയ്യുന്നുമുണ്ട്.

അടുത്ത ദിവസം രാവിലെ ഫോൺ നിർത്താതെ അടിക്കുന്നതുകേട്ടാണ് സഫിയ ഓടിയെത്തി ഫോണെടുത്തത്. അപ്പുറത്ത് ഗോപി ഡോക്ടറായിരുന്നു. അടുത്ത തിങ്കളാഴ്ച പോസ്റ്റിൽവന്ന നോട്ടിഫിക്കേഷനുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തണമെന്നും അവിടെ വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങൾ ചെയ്തുതരാമെന്നും പറഞ്ഞു. ഞായറാഴ്ച ഇവിടെനിന്നും തിരിക്കണമെന്നും കോഴിക്കേട് താമസിച്ച് രാവിലെ എത്താമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ എല്ലാവർക്കും സന്തോഷകരമായ ദിവസമായിരുന്നു അന്ന്. അവന്റെ കോളേജൊന്നു കാണാമല്ലോ.. തന്റെ മകന്റെ എല്ലാ ഉന്നതികളിലും കൂടെയുണ്ടാകണമെന്നുള്ളത് തന്റെയും ആഗ്രഹമായിരുന്നുവല്ലോ.

ഹമീദിനോടും മറ്റുള്ളവരോടും വിവരം പറഞ്ഞു. സഫിയ താഴെനിന്നും വിളിച്ച് ഫസലിനോട് താഴേയ്ക്ക് വരാൻ പറഞ്ഞു. അവനോടും ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. വൈകുന്നേരം സിറ്റിയിലൊന്നു പോയി അവന് ആവശ്യമുള്ള ഡ്രസ്സൊക്കെ മേടിക്കണം. അത്യാവശ്യം ഉണ്ടെങ്കിലും കോളേജിൽ പോവുകയല്ലേ... ഹോസ്റ്റലിൽ നിന്നുള്ള പഠനവുമാണ് അവന് ഡ്രസ്സിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാവാൻ പാടില്ലല്ലോ. വിഷ്ണുവിനോട് വിളിച്ച് കാര്യം പറഞ്ഞിരുന്നു. വൈകുന്നേരം 3 മണിക്ക് എത്താമെന്നേറ്റു.

അന്ന് ചർച്ചമൊത്തത്തിൽ കോളേജിൽ പോകുന്ന കാര്യത്തെക്കുറിച്ചായിരുന്നു. റഷീദും അൻവറും വിളിച്ചപ്പോൾ കാര്യം പറഞ്ഞിരുന്നു. അവന് വേണ്ടതെല്ലാം വാങ്ങിനൽകാൻ സഫിയയോട് പ്രത്യേകം പറഞ്ഞ് ഏൽപിച്ചിരുന്നു. പണത്തിന്റെ കാര്യത്തിൽ ഒരു കുറവുംവരുത്തരുതെന്നും പറഞ്ഞിരുന്നു. അവന്റെ ചെലവിനുള്ള പണം നേരത്തേതന്നെ സഫിയയെ എൽപ്പിച്ചിരുന്നു.

അന്നു വൈകുന്നേരം അവർ ഫസലിന് ഡ്രസ്സ് എടുക്കാനായി പോയി... കൂടെ നാദിറയും അഫ്സയും  ഉണ്ടായിരുന്നു. സിറ്റിയിലെ ഏറ്റവും വലിയ ടെക്സ്റ്റയിൽസിലാണ് അവർപോയത്. അവിടെ നിന്നും നല്ല കുറേ ഷർട്ടുകൾ വാങ്ങി കൂടാതെ ടീ ഷർട്ടുകളും മറ്റും വാങ്ങി. കൂട്ടത്തിൽ മൂന്നുപോരും ഓരോ സാരിയും വാങ്ങി.. ഉമ്മയ്ക്കും ഉപ്പയ്ക്കും  ഓരോ ഡ്രസ്സെടുത്തു. വിഷ്ണുവിനും ഒരു ഷർട്ടെടുത്തു. വളരെ സന്തോഷത്തിൽ എല്ലാവരും അവിടെനിന്നും തിരിച്ചു. തിരികെ വരുന്നവഴി ഫസൽ പറഞ്ഞു നമുക്കോരോ ജ്യൂസ് കുടിച്ചിട്ടു പോകാമെന്ന്. അങ്ങനെ അവർ വരുന്ന വഴിയ്ക്ക് ഒരു ജ്യൂസ് കടയുടെ മുന്നിൽ വാഹനം നിർത്തി. പൈനാപ്പിൾ ജ്യൂസ് എല്ലാവർക്കും വാങ്ങിക്കുടിച്ചു. ഫസലും വിഷ്ണുവും മാത്രമാണ് വാഹനത്തിൽ നിന്നുമിറങ്ങിയത് മറ്റുള്ളവർക്കുള്ളത് വാഹനത്തിൽ തന്നെ കൊണ്ടുകൊടുത്തു. തണുത്ത ജ്യൂസ് കുടിച്ചപ്പോൾ എല്ലാവരുടേയും മനസ്സ് തണുത്തു... സന്തോഷകരമായ യാത്രയായിരുന്നു അവരുടേയും കുറേ നാളുകൾക്ക് ശേഷമാണ് അവർ ഒരുമിച്ചു യാത്ര ചെയ്തത്. കുഞ്ഞുങ്ങളും വലിയ ബഹളമില്ലാതെ ഇരുന്നു. അവർക്കും ഡ്രസ്സെടുത്തിരുന്നു.

അവർ വീട്ടിലെത്തിയപ്പോഴേയ്ക്കും ഇരുട്ടിയിരുന്നു. പുതിയതായി എടുത്ത തുണികളും മറ്റും ഉപ്പാനേയും ഉമ്മയേയും കാണിച്ചു. എല്ലാവർക്കും സെലക്ഷൻ നന്നായി ഇഷ്ടപ്പെട്ടു. വാപ്പയ്ക്കും ഉമ്മയ്ക്കും എടുത്ത ഡ്രസ്സു കൊടുത്തപ്പോൾ അവർക്കും സന്തോഷം...

പിന്നെ ഫസലേ.. വേറേയും ചിലവുണ്ട്... ഇനി ഇവനുള്ള കോട്ട് വാങ്ങണം. സ്റ്റെതസ്കോപ്പ് വാങ്ങണം.. അങ്ങനെ വലിയൊരു ലിസ്റ്റുണ്ട്.. ഗോപിയേട്ടൻ എല്ലാം പറയാമെന്നു പറഞ്ഞു.. അവിടെ ചെന്നാലേ കാര്യങ്ങളൊക്കെ അറിയാനാകൂ... എന്തായാലും റഷീദിന്റെ ഭാര്യയും തങ്ങളോടൊപ്പം വരാമെന്നേറ്റു. കുഞ്ഞിന് ഇപ്പോൾ കുറച്ച് അറിവൊക്കെ ആയല്ലോ... വലിയ ബഹളങ്ങളൊന്നുമില്ല. കൂടാതെ റഷീദും പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു കൂടെ പോകണമെന്ന്.

ഡോ. ഫസൽ... ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു ആ കുടുംബം... തങ്ങൾക്കാർക്കും സാധിക്കാതിരുന്നത് ഫസലിനെക്കൊണ്ട് സാധിപ്പിക്കാം എന്ന പ്രതീക്ഷ പൂർത്തീകരിക്കുന്ന നിമിഷം.. ആ നിമിഷത്തിനായി അവർ കാത്തിരിക്കുന്നു. ഫസലിന്റെ മനസ്സിലും നിറയെ സ്വപ്നങ്ങളായിരുന്നു. താനൊരു ഡോക്ടറായിട്ടുവേണം ആഗ്രഹങ്ങൾ പലതും സഫലീകരിക്കാൻ. ഉമ്മ, ഉപ്പ, മാമമാർ, മറ്റു ബന്ധുക്കൾ ആരേയും ജീവിതത്തിൽ മറക്കാനാവില്ല. ഉമ്മായെ നന്നായി നോക്കണം... ഇത്രയും കാലം അനുഭവിച്ചദുഃഖങ്ങൾക്ക് അറുതിയാകണം.. ഇപ്പോൾ ദുഃഖങ്ങളുണ്ടെന്ന് പറയുകയല്ല... എല്ലാവരുടേയും സഹായം കൊണ്ടു കഴിയുകയല്ലേ... അതിൽ നിന്നും ഉമ്മയ്ക്ക് സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹം കാണുമല്ലോ... അതാണ് തന്റെ ലക്ഷ്യം.

ഐഷുവിനെ വിളിച്ച് ഫസൽ കാര്യങ്ങളൊക്കെ പറഞ്ഞു... അവളുടെയും കോളേജ് അഡ്മിഷന്റെ കാര്യങ്ങളൊക്കെ അടുത്ത ആഴ്ചതന്നെയാണ്. അതിനുള്ള തയ്യാറെടുപ്പുകളും അവർ തുടങ്ങിയിരുന്നു. ഒരു വിഷമം മാത്രം രണ്ടാൾക്കും.. ഇവിടെ ഒരുമിച്ച് ഒരു കോളേജിൽ പോകാനാവില്ലെന്നുള്ള വിഷമം... എല്ലാം നല്ലതിനാവട്ടെയെന്നു കരുതുന്നു... കാത്തിരിക്കാം.




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 29 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 12 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ