5.12.20

നിഴൽവീണവഴികൾ ഭാഗം 103

 

ഐഷുവിനെ വിളിച്ച് ഫസൽ കാര്യങ്ങളൊക്കെ പറഞ്ഞു... അവളുടെയും കോളേജ് അഡ്മിഷന്റെ കാര്യങ്ങളൊക്കെ അടുത്ത ആഴ്ചതന്നെയാണ്. അതിനുള്ള തയ്യാറെടുപ്പുകളും അവർ തുടങ്ങിയിരുന്നു. ഒരു വിഷമം മാത്രം രണ്ടാൾക്കും.. ഇവിടെ ഒരുമിച്ച് ഒരു കോളേജിൽ പോകാനാവില്ലെന്നുള്ള വിഷമം... എല്ലാം നല്ലതിനാവട്ടെയെന്നു കരുതുന്നു... കാത്തിരിക്കാം.

അമ്മായിയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് വരുന്നകാര്യം... അവർക്ക് ആദ്യം വലിയ സന്തോഷമായിരുന്നു. കാരണം തനിക്ക് ഒരു കൂട്ടാകുമെന്നു കരുതി. പിന്നീടാണ് തൽക്കാലം സഫിയ ആ തീരുമാനം ഉപേക്ഷിച്ച കാര്യം പറഞ്ഞത്. എന്തായാലും അമ്മായിക്ക് വിഷമമുണ്ടെങ്കിലും സഫിയയുടെ ഇഷ്ടത്തിന് എതിര് നിന്നില്ല.

ഞായറാഴ്ച രാവിലെ തന്നെ അവർ യാത്ര തിരിച്ചു. സഫിയ, ഫസൽ, അഫ്സ യാത്രയ്ക്കു മുന്നേ തന്നെ ഫസൽ ഹമീദിന്റെയും സൈനബയുടെയും അനുഗ്രഹം വാങ്ങിയിരുന്നു. നല്ല നിലയിലെത്തട്ടെയെന്നു പ്രാർത്ഥിച്ചു. മൗലവിയും രാവിലെ വിളിച്ചിരുന്നു. പോകുന്ന കാര്യം അറിയിച്ചു. പോകുന്ന വഴിക്ക് തന്റെ വീട്ടിലേയ്ക്ക് വന്നാൽ അവിടെ സ്റ്റേ ചെയ്യാമെന്നു പറഞ്ഞു. പക്ഷേ അമ്മായിയുടെ വീട്ടിലാണ് താമസമെന്നു പറഞ്ഞു.

അവർ ചിരികളികളോടെ യാത്ര തുടർന്നു. രാവിലെയായതിനാലും ഞായറാഴ്ച ആയതിനാലും റോഡ് വിജനമായിരുന്നു.അഫ്സയുടെ മകൾ ഇടയ്ക്കിടയ്ക്ക് ഫസലിന്റെ അടുത്തു വന്നിരിക്കും വീണ്ടും പിറകിലേയ്ക്കു പോകും.. കുഞ്ഞിന് വിശന്നു തുടങ്ങിയെന്നു മനസ്സിലായപ്പോൾ കാർ ഒഴിഞ്ഞ ഒരു ഭാഗത്തു നിർത്തി അവിടെ നല്ല തണലുമുണ്ടായിരുന്നു. അവർ കരുതിരുന്ന ഭക്ഷണം പുറത്തെടുത്തു. പത്തിരിയും ഇറച്ചിയുമായിരുന്നു കരുതിയിരുന്നത്. അവരെല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഉച്ചഭക്ഷണവും കൈയ്യിൽ കരുതിയിരുന്നു. ഹോട്ടൽ ഭക്ഷണം വേണ്ടെന്നുവച്ചിട്ടാണ് അവർ അതുമായി വന്നത്.

ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടും യാത്ര തുടർന്നു. ഇപ്പോൾ ഫസലിന്റെ മടിയിൽ നിർബന്ധപൂർവ്വം അവൾ കയറിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോരോ ചോദ്യങ്ങൾ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. നന്നായി തിരിയില്ലെങ്കിലും കാര്യം മനസ്സിലാകുമായിരുന്നു. സഫിയയും ..... ഇടയ്ക്കൊന്നു മയങ്ങി... ഒന്നരമണിയോടുകൂടി അവർ ഉച്ചഭക്ഷണം കഴിക്കാൻ ഒരു മരത്തണലിൽ നിർത്തി. ഇലയിൽ പൊതിഞ്ഞാണ് ഭക്ഷണം കരുതിയിരുന്നത്. അവർ എല്ലാവരും ഭക്ഷണം കഴിച്ച് അൽപനേരം വിശ്രമിച്ചു.

വീണ്ടും യാത്ര തുടർന്നു. വിചാരിച്ചതിനും നേരത്തെ അവർ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഉറപ്പായിരുന്നു. വഴിയിൽ വലിയ ട്രാഫിക് ഇല്ലായിരുന്നു. 5മണിയോടുകൂടി അവർ മാങ്കാവിലുള്ള മാളിയേക്കൽ തറവാടായ അമ്മായിയുടെ വീടിനടുത്തെത്തി. അവരെ പ്രതീക്ഷിച്ചു നിന്നതുപോലെ ഗേറ്റ് കീപ്പർ വന്ന് ഗേറ്റു തുറന്നു. അപ്പോഴേയ്ക്കും അമ്മായി വാതിൽ തുറന്ന് പുറത്തെത്തിയിരുന്നു. വളരെ നല്ല സ്വീകരണമാണ് അവർക്ക് അവിടെ ലഭിച്ചത്. ഫസലിനെ കണ്ടയുടൻ വന്ന് ആലിംഗനം ചെയ്തു.അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നാലും എന്റെ ആങ്ങളയുടെ ചെറുമകൻ ഒരു ഡോക്ടറായല്ലോ... അല്ലാഹുവിന്റെ വരദാനമാണ് ഫസൽ... ഒരു കാലത്ത് നഷ്ടപ്പെട്ട എല്ലാ സന്തോഷവും തിരികെയെത്തും... അല്ലലും അവന്റെ ഇടുപ്പും നടപ്പും കണ്ടാലറിയാം അവനൊരു ഡോക്ടറാകുമെന്ന്... എന്തായാലും നന്നായി പഠിക്കണം. നാട്ടിൽ പേരുകേട്ടൊരു ഡോക്ടറാകണം... ഒരു ചെറിയ ആശുപത്രിയ്ക്കുവേണ്ട എന്തു സഹായം വേണമെങ്കിലും ഞാൻ ചെയ്തുതരാം... ഹമീദ്ക്ക സമ്മതിക്കില്ല... എന്നാലും ഞങ്ങടെ കുടുംബത്തീന് ആദ്യായിട്ടാ ഒരു ഡോക്ടർ.. അത് നമ്മുടെ അഭിമാനമാണ്...

എന്താ സഫിയാ... എനിക്ക് പിണക്കമാ നിന്നോട്.. ഇവിടെ നിന്ന് പഠിക്കാമായിരുന്നല്ലോ...

“അമ്മായി... ആഗ്രഹമുണ്ട്.. പക്ഷേ അവിടെ വാപ്പയ്ക്ക് ഞാൻ തന്നെ എല്ലാകാര്യത്തിലും വേണം... എല്ലാരുമുണ്ടെങ്കിലും വാപ്പാന്റെ കാര്യത്തിന് ഞാൻ തന്നെ വേണമെന്ന് വാപ്പയ്ക്ക് വലിയ നിർബന്ധമാ... പിന്നെ എല്ലാവരേയും വിട്ടു വരാൻ ഒരു മടിയും...“

“ങ്ഹാ കുഴപ്പമില്ല.. ഇടയ്ക്ക് വന്നു നിൽക്കാമല്ലോ... ഹോസ്റ്റലിൽ നല്ല ഫുഡ് ഉണ്ടാകുമെന്നു തോന്നുന്നില്ല..“

“ഫസലേ.. നീ ഇടയ്ക്കിടയ്ക്കിങ്ങുപോരേ...“

“അതു ഞാനെത്തും അമ്മായി...“

“അതാണവൻ....“

“അവരുടെ സംഭാഷണം നീണ്ടുപോയി.. എല്ലാവർക്കും റൂം കാണിച്ചുകൊടുത്തു. വിഷ്ണുവിനുള്ള റൂം മുകളിലത്തെ നിലയിൽ.. വിഷ്ണുവും ഫസലും ഒരു റൂമിൽ കിടക്കാമെന്നു പറ‍ഞ്ഞു. മറ്റുള്ളവർ താഴത്തെ നിലയിലും..

അവർക്കായി അമ്മായി നല്ല ഭക്ഷണം ഒരുക്കിയിരുന്നു. ജോലിക്കാരുണ്ടെങ്കിലും എല്ലാറ്റിലും അമ്മായിയുടെ കൈയ്യെത്തിയിരുന്നു. പത്തു മണിയോടെ എല്ലാവരും കിടക്കാൻ പോയി. രാവിലെ പോകാനുള്ളതല്ലേ... അവിടെനിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്.

ഫസലിന്റെ മനസ്സിൽ സന്തോഷമായിരുന്നു. മെഡിക്കൽ കോളേജ്.. പുതിയ ചുറ്റുപാടുകൾ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കട്ടെയെന്നു പ്രാ‍ർത്ഥിച്ചു ഉറങ്ങാൻ കിടന്നു.

രാവിലെ തന്നെ എല്ലാവരും എഴുന്നേറ്റു. പ്രഭാത കൃത്യങ്ങളെല്ലാം നിർവ്വഹിച്ച്. അപ്പോഴേയ്ക്കും അമ്മായി താഴെ ഭക്ഷണം റഡിയാക്കിയിരുന്നു. നല്ല വെള്ളയപ്പവും മുട്ടക്കറിയും... സ്വാദിഷ്ടമായ ഭക്ഷണം. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അവർക്കിറങ്ങാനുള്ള സമയമായി. അമ്മായി പെട്ടെന്ന് അകത്തേയ്ക്കു പോയി... തിരികെ വന്നു ഫസലിന്റെ മുന്നിൽ നിന്നു. കൈയ്യിൽ കരുതിയിരുന്ന സ്വർണ്ണ മാല അവന്റെ കഴുത്തിലിട്ടു... ആർക്കുമൊന്നും മിണ്ടാനായില്ല..

“എന്താ അമ്മായി ഇതൊക്കെ...“

“ഇതെന്റെ ഒരു സ്നേഹമാണ്...“

“ന്നാലും. ഇത്രയും വിലപിടിപ്പുള്ളതൊന്നും വേണ്ടായിരുന്നു.“

“നിങ്ങളാരുമൊന്നും പറയരുത്.. ഇവൻ എന്റെ കുട്ടിയാ...“

അവരുടെ കൈയ്യിൽ ഒരു പേപ്പർ പൊതിയുമുണ്ടായിരുന്നു. സഫിയയുടെ കൈയ്യിൽ നിർബന്ധപൂർവ്വം ഏൽപ്പിച്ചു.. ആദ്യം സഫിയ എതിർത്തെങ്കിലും അവളതു വാങ്ങി..

“ഇതു നിങ്ങൾക്കുകൂടി അവകാശപ്പെട്ടതാ... അന്യന്റെ മുതൽ ആഗ്രഹിക്കാത്ത മനുഷ്യനാണ് ഹമീദ്.. പക്ഷേ അവകാശപ്പെട്ടതുപോലും അവൻ വാങ്ങിയിരുന്നില്ല... എത്രയോ പ്രാവശ്യം വേണ്ട എന്തു സഹായവും ചെയ്യാമെന്നു പറ‍ഞ്ഞിരുന്നു. അവനതെല്ലാം നിരസ്സിച്ചു. അവസാനം ഞങ്ങളുടെ കൺവെട്ടത്തുനിന്നും അവൻ ഓടിയൊളിക്കുകയായിരുന്നു. നിലവും വീടും സമ്പത്തുമൊക്കെ നൽകാമെന്നു പറ‍ഞ്ഞപ്പോഴും അഭിമാനിയായ അവനതൊന്നും ആഗ്രഹിച്ചിരുന്നില്ല...കഷ്ടപ്പെട്ടെങ്കിലും ഒരു നല്ല നിലയിലെത്തിയല്ലോ... പടച്ചോന്റെ കാരുണ്യമാണ്.“

സഫിയയ്ക്ക് മറുത്തൊന്നും പറയാനായില്ല.. അവൾ കൈയ്യിൽ വാങ്ങി.. ബാഗിൽ വച്ചു. എത്രയുണ്ടെന്നറിയില്ല.. പക്ഷേ നല്ലൊരു തുക കാണുമെന്നു കരുതി...

“പിന്നെ. ഞാൻ എന്റെ കുഞ്ഞിനെ ഇടയ്ക്കിടയ്ക്ക കാണാൻ പോകും.. ഇല്ലെങ്കിലും വണ്ടി അയച്ച് അവനെ ഇവിടെ വരുത്തും.. നിങ്ങൾക്ക് വിഷമമൊന്നുമില്ലല്ലോ..“

“നമുക്കെന്തു വിഷമം.. നിങ്ങളുടേയും കുഞ്ഞല്ലേ അവൻ.“

ഫസലിന്റെയും സഫിയയുടെയും കണ്ണു നിറഞ്ഞുപോയി... അമ്മായി അങ്ങനെയാണ്. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും... അഭിനമല്ല.. ആത്മാർത്ഥ സ്നേഹമാണവർക്ക്... ആരോരുമില്ലാതെ എങ്ങോട്ടെന്നില്ലാതെ ആദ്യം വന്നു കയറിയ വീടാണിത്... അന്ന് ഫസൽ വെറുമൊരു കുഞ്ഞ്... ഹസ്സനാജി എന്ന ആ വലിയ മനുഷ്യൻ  എനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങിത്തന്നു. വീട്ടിലേയ്ക്ക് വിടാൻ അവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. തന്റെ നിർബന്ധപ്രകാരമാണ് വീട്ടിലേയ്ക്ക് പോയത്... തനിക്കിവിടെ എത്രകാലം വേണമെങ്കിലും നിൽക്കാമെന്നു പറഞ്ഞിട്ടും താൻ നിന്നില്ല. അന്നവർ വാങ്ങി നൽകിയ വസ്ത്രങ്ങൾ ഇപ്പോഴും ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

അവർ വീട്ടിൽ നിന്നുമിറങ്ങി... അമ്മായി ഫസലിന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു... അവൻ കാൽ തൊട്ടു വന്ദിച്ചു.. വാഹനത്തിൽ കയറി... ടാറ്റ പറഞ്ഞ് നേരേ മെഡിക്കൽ കോളേജിലേയ്ക്ക്.. അവിടെ ഗോപിയേട്ടൻ കാത്തുനിൽക്കുന്നുണ്ടാകും... അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൽ ഇപ്പോഴും നെഞ്ചിൽ പെരുമ്പറകൊട്ടുന്നത് കേൾക്കാം... ന്നാലും ഇത്ര കാലമായിട്ടും ആ മനുഷ്യനെ അവൾക്ക് പൂർണ്ണമായും മറക്കാനായിട്ടില്ല... രണ്ടാളും മറന്നുവെന്നു അഭിനയിക്കുക മാത്രമായിരുന്നു.

അവർ പത്തു മണിക്കുതന്നെ മെഡിക്കൽ കോളേജിൽ എത്തി .... അഡ്മിഷനായി എത്തിയവരും അവരുടെ രക്ഷകർത്താക്കളുമുണ്ടായിരുന്നവിടെ.. തന്റെ കൂടെ പഠിച്ച രണ്ടുമൂന്നു പേരെ അവിടെവച്ചു കണ്ടു... ആ കോളേജിൽ പഠിച്ച എട്ടുപേർക്ക് ഇവിടെ അഡ്മിഷൻ കിട്ടിയതായി അറിഞ്ഞു. നേരത്തേ അറിയാവുന്നവർ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഒരു ഭയമില്ല... ഓഫീസിനടുത്തുതന്നെ ഗോപിയേട്ടൻ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടയുടൻ ഓടി അടുത്തെത്തി. ഫസലിന് ഷേക്ക്ഹാന്റ് കൊടുത്തു. സഫിയയെ നോക്കി ചിരിച്ചു. സഫിയ നാത്തൂനെ പരിചയപ്പെടുത്തി.

“സഫിയ... യാത്ര എങ്ങനുണ്ടായിരുന്നു.“

“കുഴപ്പമില്ലായിരുന്നു..“

“ഇവിടെ അഡ്മിഷൻ കാര്യങ്ങളൊക്കെ ആരംഭിച്ചു.. ഫസലിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്.. കൂടുതൽ നേരം നിൽക്കണ്ടിവരില്ല.. എന്റെ കൂടെ പോരേ...“

അവരെല്ലാം ഗോപിയെ അനുഗമിച്ചു. മെഡിക്കൽ കോളേജിന്റെ രണ്ടാമത്തെ നിലയിൽ അവരെത്തി.. അവിടെ ആദ്യം കണ്ട ഓഫീസിലേയ്ക്ക് ഗോപി കയറി.. മറ്റുള്ളവരോട് പുറത്തു നിൽക്കാൻ പറഞ്ഞ് ഗോപി ഫസലുമായി അകത്തേയ്ക്ക്. അവിടെ അദ്ദേഹത്തെ ഓഫീസർ അഭിവാദ്യം ചെയ്തു. ഫസലിന്റെ സർട്ടിഫിക്കറ്റും മറ്റും അവിടെ കാണിച്ചു.. അതെല്ലാം വെരിഫൈ ചെയ്തു.. റാങ്കലിസ്റ്റിലെ നമ്പരും മാർക്കും വെരിഫൈചെയ്തു.. എല്ലാം ഓക്കെ... ഐഡി കാർഡ് അപ്പോൾതന്നെ നൽകി. ഗോപിയുള്ളതിനാൽ എല്ലാം വേഗം നടന്നു. ഹോസ്റ്റലിന്റെ കാര്യങ്ങളും റഡിയാക്കി. എച്ച്ഓഡിയേയും പരിയയപ്പെടുത്തി.. വളരെ വേഗം അഡ്മിഷൻ പ്രൊസീഡ്യൂർ പൂർത്തിയാക്കി... ലോക്കൽ ഗാർഡിയനായി വച്ചിരിക്കുന്നത് ഗോപിയുടെ പേരായിരുന്നു....

അഡ്മിഷൻ കഴിഞ്ഞ് അവർ നേരേ പോയത് പ്രിൻസിപ്പാളിന്റെ റൂമിലേയ്ക്കായിരുന്നു. പുറത്തുനിന്നും ഡോറിൽ തട്ടിയതിനുശേഷം ഗോപി അകത്തേയ്ക്കു കയറി.. അവിടെ പ്രിൻസിപ്പൾ ഒറ്റയ്ക്കായിരുന്നു. അദ്ദേഹം ഫസലിനേയും സഫിയയേയും നാത്തൂനേയും കൂടെ വരാൻ പറഞ്ഞു. അവരെല്ലാരും പ്രിൻസിപ്പാളിന്റെ റൂമിൽ കയറി...

“ഡോക്ടർ... ഇതാണ് ഞാൻ പറഞ്ഞ വിദ്യാർത്ഥി. ഫസൽ.. ഇത് അവന്റെ ഉമ്മയും, അത് മാമി...“

“ഓ. ഡോക്ടർ പറഞ്ഞിരുന്നു... ഫസൽ ഇവിടെ നല്ല ക്ലാസ്സ് കിട്ടും... അറിയാമായിരിക്കുമല്ലോ.. പിന്നെ ചെറിയ രീതിയിൽ റാഗിംഗ് ഉണ്ട്.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി.. പിന്നെ ഗോപിയുടെ ആളാണെന്നറിഞ്ഞാൽ ആരുമൊന്നും ചെയ്യില്ല... അപ്പോൾ ബസ്റ്റ് ഓഫ് ലക്ക്...“

“സർ അഡ്മിഷനൊക്കെ പൂർത്തിയായി... ഡോ. മാത്യുവാണ് ഇവന്റെ എച്ച്.ഓ.ഡി... അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്... ഹോസ്റ്റലിന്റെ കാര്യങ്ങളും റഡിയാക്കി...“

“ങ്ഹാ.. ക്ലാസ്സ് അടുത്ത മാസം തുടങ്ങും.. വേണ്ട വിവരങ്ങൾ അപ്പോൾ അറിയിക്കും... വേണ്ട തയ്യാറെടുപ്പുകളൊക്കെ തുടങ്ങിക്കോളൂ...“

“ശരി സർ...“

അവർ പ്രിൻസിപ്പളിനോട് യാത്ര പറ‍ഞ്ഞ് പിരിഞ്ഞു... നേരേ താഴത്തെ നിലയിലേയ്ക്ക്.. അവിടെ തങ്ങളെപ്പോലെ ദൂരെദേശത്തുനിന്നുമൊക്കെ എത്തിയവരാണ്. പക്ഷേ അവർ ഇപ്പോഴും അഡ്മിഷൻ പൂർത്തിയാക്കിയിട്ടില്ല. ഗോപിയുള്ളതിനാൽ വളരെ വേഗം എല്ലാം നടന്നു. ഗോപി അവരെ കൂട്ടിക്കൊണ്ടു പോയത് ക്യാന്റീനിലേയ്ക്കായിരുന്നു. ചെറിയ രീതിയിൽ ഒരു കാപ്പികുടി... നല്ലകോഫിയും മുട്ട പപ്സും...

സഫിയയുടെ തൊട്ടു മുന്നിലായിരുന്നു ഗോപി ഇരുന്നിരുന്നത്.. അപ്പോഴാണ് ഗോപിയെ അവൾ ശ്രദ്ധിച്ചത്... മുടിയും താടിയും നരച്ചിരിക്കുന്നു... അന്നു കണ്ടതിനേക്കാളും പ്രായം കൂടിതയതുപോലെ...

“ഗോപിയേട്ടാ.. കുടുംബമൊക്കെ സുഖമായിരിക്കുന്നോ..“

“സുഖമായിരിക്കുന്നു. ഭാര്യ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലാണ്... മകളും അവളോടൊപ്പമുണ്ട്... എന്തായാലും മൂന്നുവർഷം അവിടെ കഴിയേണ്ടി വരും... ഞാൻ അവധി ദിവസങ്ങളിൽ അങ്ങോട്ടു പോകും... ചിലപ്പോൾ അവർ ഇങ്ങോട്ടും വരും..“

“മോളെത്രയിലാ പഠിക്കുന്നത്.“

“അവൾ ആറാംക്ലാസ്സിലാണ്.“

ഗോപി വിവാഹം കഴിച്ചിട്ട് വെറും 8 വർഷങ്ങളേ ആയുള്ളൂ.. വിവാഹമേ വേണ്ടെന്നു കരുതിയിരുന്നതാണ്. പലരുടെയും നിർബന്ധത്തിനു വഴങ്ങി അവസാനം വിവാഹം കഴിച്ചു കൂടെ ജോലി ചെയ്ത ഡോക്ടറെത്തന്നെ... ഗൈനക്കോളജിസ്റ്റാണ്... അവൾക്കറിയാം.. തനിക്കുവേണ്ടി കാത്തിരുന്ന മനുഷ്യനായിരുന്നു. അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി രണ്ടാളും പിരിഞ്ഞു. സഫിയയുടെ വിവാഹശേഷം നാട്ടിൽനിന്നും വിട്ടുനിന്നു. പക്ഷേ പഠനത്തിൽ മിടുക്കനായിരുന്ന ഗോപി... ഒരു ഡോക്ടറായി പുനർജനിച്ചു. ഇനിയൊരു വിവാഹമേ വേണ്ടെന്നു കരുതിയിരുന്ന ഗോപിയുടെ ജീവിതത്തിലേയ്ക്ക് വളരെ യാദൃശ്ചികമായാണ് മായ കടന്നെത്തിയത്... അവർ സന്തോഷത്തോടെ ജീവിച്ചുപോകുന്നു.

തങ്ങളുടെ രണ്ടാളുടേയും ജീവിതം ഒരു പരാജയമോ.. .വിജയമോ?...

അറിയില്ല... അറിയാൻ ശ്രമിക്കുന്നുമില്ല... കഴിഞ്ഞുപോയതെല്ലാം ഒരു ദുസ്വപ്നമായി കാണാനാണ് സഫിയ പഠിച്ചിരിക്കുന്നത്.

“സഫിയ പോകണ്ടേ?“

ഗോപിയുടെ ചോദ്യം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.. ഗോപി അടുത്തുള്ളപ്പോൽ താൻ പഴയതുപോലെ അടുത്തുപോകുമോ എന്നുള്ള ഭയമുണ്ടായിരുന്നു. ഇല്ല... അതിനിനി കഴിയില്ല.. അദ്ദേഹത്തിനും... രണ്ടാൾക്കും ഉത്തരവാദിത്വങ്ങൾ ഉണ്ട്...

അവർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ വിഷ്ണു കാറിനടുത്തുതന്നെയുണ്ടായിരുന്നു.

“സഫിയ.. ഇന്നുതന്നെ തിരികെപ്പോകുമോ...“

“ഇപ്പോൾ സമയം പന്ത്രണ്ടായില്ലേ.. അമ്മായി വിടില്ല... ഇപ്പോൾ പുറപ്പെട്ടാൽ രാത്രിയാകും.. ഉപ്പയ്ക്കും രാത്രി യാത്ര ഇഷ്ടമല്ല.. ഇനി നാളെരാവിലെ തിരിക്കാമെന്നു കരുതുന്നു...“

“ശരി... ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം... ക്ലാസ്സ് തുടങ്ങുന്ന ഡേറ്റും മറ്റുമൊക്കെ ഞാൻ വിളിച്ചു പറയാം...“

“ഫസലേ... സ്റ്റെത്തും മറ്റ് അക്സസറീസുമൊക്കെ ഞാൻ വാങ്ങിവച്ചിട്ടുണ്ട്. വെള്ള കോട്ടും കരുതിയിട്ടുണ്ട്. പിന്നെ പഠിക്കാനുള്ള പുസ്തകങ്ങളൊന്നും വാങ്ങേണ്ട.. എല്ലാം എന്റെ കൈയ്യിലുണ്ട്...“

“ഗോപിയേട്ടാ അപ്പോൾ ഇവന് പഠിക്കുകയെന്നുള്ള ചുമതലമാത്രമേയുള്ളൂവല്ലേ...“

“അതേ സഫിയാ... ഫസൽ നന്നായി പഠിച്ചാൽ മതി.“

അവർ വാഹനത്തിൽ കയറി.. ഗോപിയോട് യാത്ര പറഞ്ഞ് വാഹനം മുന്നോട്ടു യാത്ര തുടർന്നു. ഫസൽ ഒരു ഡോക്ടറാകുന്നതിന്റെ ആദ്യ കടമ്പ കടന്നിരിക്കുന്നു. അവന്റെ കാര്യങ്ങൾ നോക്കാൻ ഗോപിയെത്തിയത് ഒരു പക്ഷേ ഒരു നിയോഗമിയാരിക്കാം.. കാരുണ്യവാന്റെ കരുണയുണ്ടായിരുന്നെങ്കിൽ തന്റെ കുഞ്ഞിന്റെ അച്ഛനാകേണ്ട ആളാണ്.. ആ ചുമതലകൾ നിർവ്വഹിക്കുന്നതുപോലെയാണ് ഇന്നദ്ദേഹം ചെയ്തത്... അവളുടെ ചിന്തകൾ പഴയകാലത്തിലേയ്ക്ക് ഊളിയിടാൻ തുടങ്ങി... അപ്പോഴേയ്ക്കും റഷീദന്റെ മകൾ കവിളിൽ പിടിച്ചു നുള്ളി... അവൾ കുഞ്ഞിനെ മടിയിലിരുത്തി താലോലിച്ചു...

അവരുടെ വാഹനം അമ്മായിയുടെ വീട്ടിലെത്തി. ഗേറ്റ് തുറന്ന് വാഹനം അകത്തേയ്ക്ക്.

“നിങ്ങൾ ഇത്രവേഗത്തിലെത്തിയോ..“

“ഗോപിയേട്ടനുള്ളതുകൊണ്ട് എല്ലാം നേരത്തേ നടന്നു...“

“അതു. ഭാഗ്യമായി... പിന്നെ നമുക്ക് ഭക്ഷണമൊക്കെ കഴിച്ച് പുറത്തേയ്ക്കൊന്നുപോകാം.. ബീച്ചിലൊക്കെ ഒന്നു പോയിട്ട് എത്ര നാളായി... എനിക്ക് പോകാൻ ആഗ്രഹമുണ്ട്.. പക്ഷേ കൂടെവരാൻ ആർക്കും സമയമില്ല... അതുകൊണ്ട് ഞാനെങ്ങും പോകാറുമില്ല..“

“അതിനെന്താ അമ്മായി.. നമുക്ക് പോകാം..“

അവർക്കായി നല്ല സുഭിക്ഷമായ ഭക്ഷണം ഒരുക്കിയിരുന്നു. അവർ ഭക്ഷണം കഴി‍ച്ച് ചെറുതായി വിശ്രമിച്ചു. ഏകദേശം 4 മണിയോടെ പുറം കാഴ്ചകൾ കാണാനായി തിരിച്ചു... നേരേ ബീച്ചിലേയ്ക്ക്. കോഴിക്കോട് ബീച്ച് വളരെ മനോഹരമാണ്... എല്ലാവരും വാഹനത്തിൽ നിന്നിറങ്ങി.. നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. കടൽക്കരയിലേയ്ക്ക് സ്നേഹമഭിനയിച്ചെത്തുന്ന തിരമാല... തീരത്തിനോട് എത്ര അടുക്കാൻ ശ്രമിച്ചാലും തിരികെ പോകേണ്ടിവരുന്ന തിരമാലയുടെ വേദന...

അമ്മായി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സന്തോഷവതിയായിരുന്നു. മണലിൽ കളിക്കുകയും തിരമാല കരയിലേയ്ക്ക് അടുക്കുമ്പോൾ ഓടിയിറങ്ങികാലുനനയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരെല്ലാം നന്നായി ആഘോഷിച്ചു. ഇരുട്ടു വീണു തുടങ്ങിയപ്പോൾ അവർ തിരിച്ചു.. പോരുന്ന വഴിക്ക് നല്ലകോഴിക്കോടൻ പലഹാരങ്ങൾ ലഭിക്കുന്ന മിഠായിത്തെരുവിലേയ്ക്ക് വാഹനം വിട്ടു... വണ്ടി പാർക്ക് ചെയ്ത് മിഠായി തെരുവിന്റെ തിരക്കിലേയ്ക്ക് ഊളിയിട്ടു... പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള ഹൽവ.. ലോകപ്രശസ്തമായ കോഴിക്കോടൻ ഹൽവ.. വിവിധ തരത്തിലുള്ള മിഠായികൾ പലഹാരങ്ങൽ.. അമ്മായി നല്ലൊരു പർച്ചേസ് നടത്തി.. സഫിയയും വീട്ടിലേയ്ക്കുള്ളതൊക്കെ വാങ്ങി.. പക്ഷേ പൈസ കൊടുക്കൻ അമ്മായി അവളെ അനുവദിച്ചില്ല...

“മോളേ അത്യാവശ്യം ഷുഗറൊക്കെയുണ്ട്.. പക്ഷേ ഞാനതൊന്നും വകവയ്ക്കില്ല.. കിട്ടിയാൽ മധുരം നന്നായി കഴിക്കും..“

അവർ 9 മണികഴിഞ്ഞാണ് വീട്ടിൽ തിരികെയെത്തിയത്. എല്ലാവരും റൂമിൽ പോയി ഫ്രഷായി വന്നു.. രാത്രി കഴിക്കാനായി അരിപ്പത്തിരിയും മട്ടൻ കറിയും ഒരുക്കിയിരുന്നു. കൂടെ ചിക്കൻ ഫ്രൈയും.. വേറേയും പലതരും വിഭവങ്ങളുണ്ടായിരുന്നു. എല്ലാം വളരെ രുചികരമായിരുന്നു. പതിനൊന്നു മണിവരെ അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം.. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു....

ഓരോ നിമിഷവും ജാഗ്രതയോടെ...ഇലക്ഷനാണെന്നു കരുതി അമിതാവേശം വേണ്ട കരുതിയിരിക്കുക  കൊറോണയെന്ന ഭീകരനെ നമുക്കു പിടിച്ചു കെട്ടാം....



 

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 06 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 13 12 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ