12.12.20

നിഴൽവീണവഴികൾ ഭാഗം 104

 

അവർ 9 മണികഴിഞ്ഞാണ് വീട്ടിൽ തിരികെയെത്തിയത്. എല്ലാവരും റൂമിൽ പോയി ഫ്രഷായി വന്നു.. രാത്രി കഴിക്കാനായി അരിപ്പത്തിരിയും മട്ടൻ കറിയും ഒരുക്കിയിരുന്നു. കൂടെ ചിക്കൻ ഫ്രൈയും.. വേറേയും പലതരം വിഭവങ്ങളുണ്ടായിരുന്നു. എല്ലാം വളരെ രുചികരമായിരുന്നു. പതിനൊന്നു മണിവരെ അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം.. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു....

എല്ലാവരും പുലർച്ചെതന്നെ ഉറക്കമുണർന്നു. പുറപ്പെടാനുള്ള തയ്യാറെടുപ്പ്. റഷീദിന്റെ മകൾ ഒരു കുറുമ്പും കാണിച്ചില്ല.. അവൾക്ക് യാത്രകൾ വളരെ ഇഷ്ടമാണെന്നു തോന്നുന്നു. അമ്മായി രാവിലെ തന്നെ എഴുന്നേറ്റു കഴിക്കാനുള്ള കാപ്പിയും ഉച്ചയ്ക്കുള്ള ഭക്ഷണവും പൊതിയായി നൽകി... അമ്മായിയോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.. അവരുടെ മനസ്സ് നിറവാർന്നതാണ്. അത് മറ്റുള്ളവരുടെ മനസ്സു നിറയുന്നതുവരെ സ്നേഹംകൊണ്ടു മൂടും... അവർ രാവിലെ ചായ മാത്രമേ കഴിച്ചുള്ളൂ...

എല്ലാപ്രാവശ്യത്തെപ്പോലെ അമ്മായി നിറകണ്ണുകളോടെ യാത്രയാക്കി... സഫിയ സ്ഥിരമായി വരില്ലെന്നറിയാം ന്നാലും ഇടയ്ക്കിടയ്ക്ക് മോനേ കാണാനായി ഇവിടെവന്നു നിൽക്കണമെന്നുള്ള ആവശ്യം മാത്രമാണ് അമ്മായി സഫിയയ്ക്കു മുന്നിൽ വച്ചത്... അതിനുള്ള അനുവാദം ഹമീദ് തരുമെന്നും കൂടി പറഞ്ഞു...

അവർ യാത്ര തുടർന്നു. രണ്ടുദിവസമാണ് താമസിച്ചതെങ്കിലും ഒരുപാട് നാളുകളായി താമസിച്ച് പിരിയുമ്പോഴുള്ള വേദനായിയിരുന്നു എല്ലാവർക്കും..

വാഹനം അവരേയും വഹിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്കു കുതിച്ചു. രാവിലെ ഉണർന്നതുകൊണ്ട് എല്ലാവരും തെല്ലൊരു മയക്കത്തിലേയ്ക്ക് വഴുതിവീണു. ഒൻപതു മണി കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ഉണർന്നു കഴിഞ്ഞിരുന്നു. സുരക്ഷിതമായി റോഡിന് സൈഡിൽ വാഹനം പാർക്കു ചെയ്തു. അവർ കാപ്പികുടിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി.. ചായ ഫ്ലാസ്കിൽ പ്രത്യേകം തന്നുവിട്ടിരുന്നു. കൂടാതെ അപ്പവും ചിക്കൻ സ്റ്റൂവും... എല്ലാം നല്ല സ്വാദോടുകൂടി എല്ലാവരും കഴിച്ചു. അൽപനേരത്തെ വിശ്രമത്തിനുശേഷം അവർ യാത്ര തുടർന്നു...

ഉച്ചഭക്ഷണത്തിനായി അവർ 2 മണിയോടുകൂടി വീണ്ടും വാഹനം നിർത്തി... ഫ്രൈഡ്റൈസാണ് ഉണ്ടാക്കിതന്നിരിക്കുന്നത്. കൂടാതെ ചിക്കൻ കറിയും ഫ്രൈയും... അവരെല്ലാം ഉച്ചഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു... ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വീണ്ടും വഴുതിവീണു... വിഷ്ണു തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു. നാലുമണിയോടുകൂടി അവർ ചായകുടിക്കാനായി വീണ്ടും വാഹനം നിർത്തി... റോഡിനു സൈഡിലുള്ള ചെറിയൊരു തട്ടുകട... എല്ലാവരും ചായയും വടയും കഴിച്ച് വീണ്ടും യാത്ര... ഏകദേശം 5.30 മണിയോടെ അവർ വീട്ടിലെത്തി. ഫസലിറങ്ങി ഗേറ്റ് തുറന്നുകൊടുത്തു.. വാഹനം അകത്തേയ്ക്ക്... തങ്ങളെപ്രതീക്ഷിച്ച് എല്ലാവരും ഉമ്മറത്തുണ്ടായിരുന്നു. എത്തിയപാടേ ഹമീദ് കുശലാന്വേഷണം നടത്തി... ഫസലിന്റെ അഡ്മിഷന്റെ കാര്യങ്ങളും മറ്റും അവനോടു തന്നെ ചോദിച്ചു മനസ്സിലാക്കി. അവൻ വിശദമായി ഉപ്പയോട് പറഞ്ഞുകൊടുത്തു. അമ്മായിയുടെ കാര്യങ്ങളും അവൻ അവതരിപ്പിച്ചു. ഉപ്പയെ ഒന്നു കാണണമെന്നുണ്ടെന്നു പറഞ്ഞു. യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് അതാണ് വരാത്തത്...

അപ്പോഴേയ്ക്കും ഗൾഫിൽ നിന്നും റഷീദ് വിളിച്ചു... റഷീദിനോടും ഫസൽ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. പോയ കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നടന്നതിൽ അവർ അല്ലാഹുവിനോട് നന്ദിപറഞ്ഞു. റഷീദും അഭിമന്യുവും വരുന്ന വെള്ളിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കുന്നു. അഭിമന്യുവിന് താമസിക്കാൻ വീടിന്റെ മുകളിലത്തെ നിലയിൽ ഫസലിന്റെ മുറിയുടെ ഓപ്പോസിറ്റുള്ള റൂമാണ് തയ്യാറാക്കിയിരിക്കുന്നത്... അഭിമന്യുവിന് ഇവിടെ വേറേ ബന്ധുക്കളാരുമില്ലല്ലോ.

അഭിമന്യുവിന്റെ വിവാഹക്കാര്യം പറഞ്ഞപ്പോഴേ ഹമീദ്ക്ക പറഞ്ഞിരുന്നത് അവൻ നമുക്ക് വളരെ വേണ്ടപ്പെട്ടവനാ.. ഇവിടെ എല്ലാക്കാര്യങ്ങളും നോക്കേണ്ടത് നമ്മുടെ കടമയാണ്. ആയതിനാൽ അവൻ വിവാഹം കഴിഞ്ഞ് വരേണ്ടതും ഇവിടെത്തന്നെയെന്നാണ്. ജാതിയും മതവുമൊന്നും അതിനൊരു തടസ്സമേയല്ല... ഭാര്യവീട്ടുകാർക്കും അതിൽ വിരോധമില്ല.. അഭിമന്യുവിന്റെ വിവാഹം കഴിഞ്ഞ് അവർ അന്നുതന്നെ ഇവിടെത്തും... അതു കഴിഞ്ഞാൽ സ്റ്റീഫന്റെ മകളുടെ വിവാഹമാണ് അത് തൊട്ടടുത്ത ആഴ്ചയിലുമാണ്. ആ വിവാഹം കഴിഞ്ഞാൽ അഭിമന്യുവും ഭാര്യയും ഗൾഫിലേയ്ക്ക് പറക്കും.. റഷീദ് ഒരാഴ്ചകൂടി നാട്ടിൽ കാണും.

എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ അഭിമന്യുവിന് ഇതൊക്കെയൊരു പുതിയ അനുഭവമായിരുന്നു. റഷീദാണ് അഭിമന്യുവിനോട് ഹമീദ്ക്കയുടെ ആഗ്രഹം പറഞ്ഞത്. അതിനെ എതിർക്കാൻ അഭിമന്യുവിനുമായില്ല... വിരലിലെണ്ണാവുന്ന ബന്ധുക്കൾ മാത്രമേ ഇന്നുള്ളൂ.. ബാക്കിയുള്ളവർക്ക് അഭിമന്യുവിനെ അറിയത്തുമില്ല. വന്നുകഴിഞ്ഞാൽ തന്റെ ആ പഴയ തറവാട്ടിലേയ്ക്കൊന്നു പോകണമെന്നുണ്ട്... ആരോ ആ തറവാട് സ്വന്തമാക്കിയിരിക്കുന്നു എന്നു മാത്രമറിയാം.. എന്നാലും അമ്മയുടെ കുഴിമാടത്തിൽ എത്തി അനുഗ്രഹം വാങ്ങണം... അവിടെ ഒരു തിരികത്തിച്ചുവയ്ക്കണം കുറച്ചു പൂക്കളിടണം... എന്തായാലും ആ കാലത്ത് ചെറിയൊരു ആൽത്തറപോലെ കെട്ടിയതിനാൽ അതാരും തകർത്തുകാണില്ലെന്നറിയാം... അഥവാ അതില്ലെങ്കിലും അമ്മ ജനിച്ചു വളർന്ന ആ തറവാട്ടിൽ ഒന്ന് എത്തുകയെന്നുള്ളത് ജീവിതാഭിലാഷമാണ്... അവിടെ കാറ്റായി തന്നെ അനുഗ്രഹിക്കുമെന്നവന്റെ മനസു പറയുന്നുണ്ടായിരുന്നു.

എന്തെല്ലാം ത്യാഗങ്ങളാണ് അവന്റെ അമ്മ അനുഭവിച്ചിട്ടുള്ളത്... ഒരിക്കലും മുഖം കറുത്ത് കണ്ടിട്ടില്ല... എന്നിട്ടും ദൈവം അമ്മയെ നേരത്തേയങ്ങു വിളിച്ചു. ഇന്നുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. റഷീദിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഗൾഫിലെ മരുഭൂമിയോട് പടവെട്ടി ജീവിക്കേണ്ടവനാണ് താൻ... ഒരിക്കലും മറക്കാനാവാത്ത സുഹൃത്താണ് റഷീദ്.. അവനോടും അവന്റെ കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്...

അടുത്ത ദിവസം തന്നെ പന്തലുകാർ വീട്ടിലെത്തി... ഹമീദിന്റെ നിർദ്ദേശപ്രകാരം ചെറിയൊരു പന്തൽ കെട്ടുന്നതിനാണവർ എത്തിയത്... വീടെല്ലാം ലൈറ്റിടാൻ പറഞ്ഞിട്ടുണ്ട്. പരിസരം മൊത്തം വൃത്തിയാക്കുകയും ചെയ്തു. പലരും ചോദിച്ചു എന്താ വിശേഷമെന്ന് അവരോടെല്ലാം പറഞ്ഞത് തനിക്ക് പിറക്കാതെപോയ ഒരു മകന്റെ വിവാഹമാണെന്ന്.. അയൽക്കാരെയൊക്കെ വിളിച്ചിരുന്നു. കത്തുകണ്ടപ്പോൾ പലരുടേയും മുഖം ചുളിഞ്ഞു... ഇതൊരു ഹിന്ദു പയ്യനല്ലേയെന്ന്.. ഹമീദ് പറഞ്ഞത് അത് നമ്മൾ പറയുന്നതല്ലേ.. ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമമാണ്... പേരിൽ മാത്രമല്ലേ വ്യത്യാസമുള്ളൂ... ചോരയും നീരുമൊക്കെ എല്ലാവർക്കും ഒരുപോലെയല്ലേയെന്ന്....

ഇതിനിടയിൽ ഐഷു വിളിച്ച് ഫസലിനോട് വിവരങ്ങൾ തിരക്കി.. അവളും അവിടെ അഡ്മിഷനെടുത്തു. രണ്ടുമൂന്നു മലയാളികളും അവിടുത്തെ കോളജിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഫസൽ തന്റെ കോളേജിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു.. അടുത്ത മാസം ക്ലാസ്സുകൾ തുടങ്ങും അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. ഇവിടെ ഗോപിയങ്കിൾ വേണ്ട എല്ലാ സഹായവും ചെയ്തുതരുമെന്നും അവൻ പറഞ്ഞു. ക്ലാസ്സു തുടങ്ങിക്കഴിഞ്ഞതിനുശേഷം വെക്കേഷന് കുടുംബസമേതം അവർ നാട്ടിലേയ്ക്ക് വരാനുള്ള പ്ലാനുണ്ടന്നുള്ള കാര്യം ഐഷു അവനോടു പറഞ്ഞു.. ഇവിടുത്തെ വീട്ടിൽ അവരുടെ ബന്ധുക്കളാണ് താമസം. കൂടാതെ ഇവിടുത്തെ ബിസിനസ് അനുജനാണ് നോക്കുന്നത്... എല്ലാം നേരേ പോകുന്നു. ന്നാലും വാപ്പ നാട്ടിലെത്തിയിട്ട് ആറുമാസത്തിലധികമായിരിക്കുന്നു.. തന്റെ അഡ്മിഷനൊക്കെ കഴിഞ്ഞ് ഒറ്റയ്ക്ക നാട്ടിലേയ്ക്ക പോകാനായിരുന്നു വാപ്പാന്റെ പരിപാടി. ഐഷു അത് പൊളിച്ചു. ഒരുമിച്ചു പോകാമെന്നായി.. അങ്ങനെ അവർ ആ തീരുമാനത്തിലെത്തി. നാട്ടിൽ വരുമ്പോൾ നേരിട്ടു കാണാമെന്നു പറഞ്ഞ് അവർ സംഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് അവൻ ഒരു കാര്യം മറന്നത്.. വീണ്ടും  അവൻ അവളുടെ നമ്പറിലേയ്ക്ക് ഡയൽ ചെയ്തു.

“എന്താ ഫസലേ...“

“അതേ ഞാനൊരു കാര്യം പറയാൻ മറന്നുപോയി..“

“അതെന്താ...“

“അഭിമന്യു അങ്കിളിനെ അറിയില്ലേ..“

“അറിയാലോ...“

“അങ്കിളിന്റെ വിവാഹം ഈ വരുന്ന ഞായറാഴ്ചയാണ്... വിവാഹംകഴിഞ്ഞു വരുന്നത് ഇവിടേയ്ക്കാണ് അതു പറയാൻ വിളിച്ചതാ... പിന്നെ നിന്നെയും കുടുംബത്തേയും പ്രത്യേകം ക്ഷണിക്കുന്നു.“

“നീ നേരത്തേ പറഞ്ഞായിരുന്നല്ലോ.. നാട്ടിലായിരുന്നെങ്കിൽ വരാമായിരുന്നു. എന്തായാലും നല്ലൊരു കാര്യം...“

“അതേ.. ഇനി ഇവിടെ പന്തലുയരുന്നത് ആരുടെ കല്യാണത്തിനായിരിക്കുമെന്നറിയാമോ.“

“ആരുടെ...“

“അതു നിനക്കറിയില്ലേ...“ അവൾ അജ്ഞത നടിച്ചു..

“ഇല്ല...“

“ഇല്ലെങ്കിൽ അറിയേണ്ട... ശരി ഗുഡ് നൈറ്റ്..“

“നീ പറഞ്ഞിട്ടു പോടാ ചെക്കാ ...“

“... ഓ പിന്നെ.. ഒന്നുമറിയാത്ത ഒരു കുട്ടി.“

“എന്താടാ നീ പിണങ്ങിയോ... ന്നാലേ എനിക്കറിയാം.... ന്റ മോൻ പോയിക്കിടന്നുറങ്ങിക്കോ..“

അവളുടെ വായിൽ നിന്ന് അത് കേൾക്കാനായിരുന്നു അവനാഗ്രഹം... കേട്ടുകഴിഞ്ഞപ്പോൾ സമാധാനമായി... ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ വച്ചു..

ഗൾഫിൽ നിന്നും റഷീദ് വിളിച്ചിരുന്നു. വെള്ളിയാഴ്ച അവർ വെളുപ്പിനേ നാലുമണിക്കുള്ള ഫ്ലൈറ്റിലാണ് വരുന്നത്... വിഷ്ണു ആ സമയത്ത് അവിടെത്തിയാൽ മതി.. ഫസലും കൂടെ കാണുമല്ലോ... ഞായറാഴ്ച രാവിലെ 7 മണിക്ക് വിവാഹസ്ഥലത്തേയ്ക്ക് തിരിക്കണം വിവാഹം 10.30 നുമേൽ 11 മണിക്കകമാണ്... ഇവിടെനിന്നും രണ്ടര മണിക്കൂറത്തെ യാത്രയുണ്ട്. കുറച്ച് നേരത്തേ തിരിക്കാമെന്നാണ് പ്ലാൻ... വരുന്ന ദിവസം തന്നെ അവർ അഭിമന്യുവിന്റെ തറവാട്ടിലേയ്ക്ക് പോകും.. അവിടെ എത്തിയിട്ട് ഒരുപാട് വർഷങ്ങളായിരിക്കുന്നു.. ആരേയും അറിയില്ല... അവിടെനിന്നുമായിരിക്കും വീട്ടിലേയ്ക്കുള്ള യാത്ര... വിവാഹത്തിന് ഹമീദും തന്റെ ബന്ധുക്കളെ ക്ഷണിച്ചിട്ടുണ്ട്. അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഒരു വിവാഹമാകുമ്പോൾ ചെറുക്കന്റെ കൂട്ടത്തിൽ നിന്നും ആളുവേണമല്ലോ.. അവനാരുമില്ലാന്നൊരു തോന്നലുണ്ടാകരുതല്ലോ... സ്റ്റീഫന്റെ മകളും അവരോടൊപ്പമാണ് വരുന്നത്.. എയർപോർട്ടിൽ സ്റ്റിഫൻ അവളെ കൂട്ടാനെത്തുന്നുണ്ട്. അഭിമന്യു വിവാഹം കഴിക്കുന്ന കുട്ടി കഴിഞ്ഞ ആഴ്ചതന്നെ നാട്ടിലെത്തിയിരുന്നു. അഭിമന്യുവും റഷീദും ദുബായിൽനിന്നുമാണ് കേരളത്തിലേയ്ക്ക വരുന്നത്.... തിരിച്ച് സൗദിയിലേയ്ക്കു പോകും... അഭിമന്യുവിന് താമസിക്കാൻ പ്രത്യേകം ഫ്ലാറ്റ് എടുത്തിരുന്നു. രണ്ടാൾക്കും ജോലിയുള്ളതിനാൽ അതിനനുസരിച്ചുള്ള സ്ഥലമാണ് തിര‍ഞ്ഞെടുത്തത്.

സ്റ്റീഫന്റെ മകളുടെ വിവാഹംകൂടാൻ വീണ്ടുമൊരു യാത്ര.. അത് കൂടുതൽ ദൂരത്തിലല്ല... ടൗണിലെ പള്ളിയിൽ വച്ചാണ്.. അവിടെയും തയ്യാറെടുപ്പുകൾ ധൃതഗതിയിൽ നടന്നുവരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ വിവാഹക്ഷണമൊക്കെ കഴിഞ്ഞു. വീടിന്റെ പെയിൻിംഗ് തീർന്നു. ബന്ധുക്കളുടെ ഡ്രസ്സൊക്കെയെടുത്തു.. അവളുടെ വിവാഹവസ്ത്രവും മറ്റും വന്നതിനു ശേഷം മാത്രമേ എടുക്കുള്ളൂ.. എല്ലാവർക്കുമൊരു ഉത്സവ പ്രതീതിതന്നെ...

അന്നത്തെ ദിവസം സന്തോഷത്തെടെ അവസാനിച്ചു.. എല്ലാവരും ഉറങ്ങാനായി പോയി... രാവിലെ താഴെനിന്നും സഫിയയുടെ വിളികേട്ടാണ് ഫസൽ ഉണർന്നത്... താഴെ മൗലവി വന്നിരിക്കുന്നു. അവൻ ഓടി താഴെയെത്തി... മൗലവിയും കുടുംബവുമുണ്ട്... ഫസലിനെ മൗലവിയും തന്റെ കുടുംബത്തിന് പരിചയ്പ്പെടുത്തി.

“ഫസലേ... ഇന്ന് ഞങ്ങളുടെ നാട്ടിലേയ്ക്കൊരു യാത്രപോവാ... പോകുന്ന വഴിയ്ക്ക് നിന്നെയൊന്നു കണ്ടിട്ടു പോകാമെന്നു കരുതി... എന്തായി അഡ്മിഷനൊക്കെ...“

“എല്ലാം കഴിഞ്ഞു... ഇന്നലെ എത്തിയതേയുള്ളൂ.

“എന്നാണ് ക്ലാസ് തുടങ്ങുന്നത്..“

“അടുത്ത മാസം..“

“.. ശരി... വായന മുടക്കരുത്... നമുക്ക് ഒരു ബാംഗ്ലൂർ ട്രിപ്പുകൂടിയുണ്ട്... അതിന് സമയമാകുമ്പോൾ പറയാം.... നീ നിന്റെ പഠനത്തിൽ ശ്രദ്ധിക്കുക.“

അപ്പോഴേയ്ക്കും സഫിയ എല്ലാവർക്കുമുള്ള ചായയുമായി എത്തിയിരുന്നു... കുറേനേരം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പോകാൻ നേരം മൗലവി ഒരു ചെറിയ പായ്ക്കറ്റ് ഫസലിനെ ഏൽപ്പിച്ചു...

“ഫസലേ ഇത് എന്റെയൊരു സമ്മാനം..“

“അവൻ സന്തോഷത്തോടെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു..“

“നീയതു പൊട്ടിച്ചു നോക്കിക്കേ..“

അവൻ കവർ പൊട്ടിച്ചു...

“സ്റ്റെതസ്കോപ്പ്...“

“അതേ.. എന്റെ അനിയന്റെ മകൻ ഇന്നലെ അമേരിക്കയിൽ നിന്നും വന്നു.. അവനോട് ഞാൻ പ്രത്യേകം പറഞ്ഞു വരുത്തിച്ചതാ...“

“മൗലവി ഇത് വലിയ വിലകൂടിയതല്ലേ...“

“അതിന് സമ്മാനത്തിന്റെ മൂല്യം ആരും നോക്കാറില്ലല്ലോ..“

“എന്റെ ജീവിതത്തിൽ സുപ്രധാനമായ വഴിത്തിരിവുകളിലെല്ലാം മൗലവിയും കൂടെയുണ്ട്.. ഇപ്പോൾ ആദ്യമായൊരു സ്റ്റെതസ്കോപ്പ് കൈകൊണ്ട് തൊടുന്നത് മൗലവിൽ നിന്നുമാണ്...“

“എല്ലാം പടച്ചോന്റെ തീരുമാനം...“

എല്ലാവരുടെയും മിഴികൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.

“പിന്നെ ഞായറാഴ്ച ഞാനെന്തായാലും വരും.. നമ്മുടെ അഭിമന്യുവിന്റെ വിവാഹമല്ലേ.. നേരിട്ട് കണ്ടിട്ടില്ല... ന്നാലും ഹമീദിക്കാന്റെ വാക്കുകളിൽ നിന്നും മനസ്സിലാവും അദ്ദേഹം നിങ്ങൾക്ക് എത്ര പ്രിയപ്പെട്ടവനാണെന്നുള്ളത്.“

കുറച്ചു നേരം കൂടി മൗലവി സംസാരിച്ച് നിന്നശേഷം യാത്രപറഞ്ഞിറങ്ങി..

മൗലവി ഓർക്കുകയായിരുന്നു. താനെന്തെല്ലാമാണ് ഫസലിനു മേൽ കാണിച്ചുകൂട്ടിയിട്ടുള്ളത്. എന്നിട്ടും അവന് യാതൊരു വിരോധവുമില്ല... തന്റെ ശീലങ്ങൾ അവസാനിപ്പിച്ചത് ഒരു സുപ്രധാന പങ്ക് അവനുമുൻണ്ട്... ചെയ്ത തെറ്റുകൾക്ക്... അദ്ദേഹം നൂറുവട്ടം മനസ്സിൽ മാപ്പുറഞ്ഞിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാതെ ജീവിക്കണമെന്നു ശപദവുമെടുത്തിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക് റഷീദ് വിളിക്കുന്നുണ്ടായിരുന്നു. ചെക്കന്റെ നാത്തൂനായി നിൽക്കുന്നത് സഫിയയാണ്... അവൾ ആദ്യമായാണ് ഇതൊക്കെ ചെയ്യാൻ പോകുന്നത്.. പേടിക്കേണ്ടെന്നും എല്ലാം പറഞ്ഞുകൊടുക്കാമെന്നും അവർ പറഞ്ഞിട്ടുണ്ട്... പഠിക്കുന്ന സമയത്ത് അഭിമന്യു എന്തൊരു സ്നേഹമായിരുന്നു. റഷീദും അൻവറുമില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ കൊണ്ടാക്കിയിട്ടേ പോകാറുണ്ടായിരുന്നുള്ളൂ... അവൻ അവളെ കണ്ടിരുന്നതും സ്വന്തം പെങ്ങളെപ്പോലെയായിരുന്നു. റഷീദിന്റെ പെങ്ങൾ തന്റെയും പെങ്ങളല്ലേയെന്നാണ് ചോദിക്കാറുണ്ടായിരുന്നത്. ഒരു സഹോദരിയുടെ സ്ഥാനത്തുനിന്നും അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെയാണ്.

വൈകുന്നേരം ഫസൽ ലൈബ്രറിയിലേക്ക് തിരിച്ചു... എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കണം. പുതിയത് എടുക്കണം.


യാത്രകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കു. കൊറോണ എല്ലായിടത്തുമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടുവാൻ ജാഗ്രതൈ....





സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 13 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 12 2020


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ