26.12.20

നിഴൽവീണവഴികൾ ഭാഗം 106

 

അവർ നേരേ പോയത് അഭിമന്യുവിന്റ നവവധുവിന്റെ വീട്ടിലേയ്ക്കാണ്. അവിടെത്തിയപ്പോൾ വലിയ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുനടക്കുന്നെന്നു മനസ്സിലായി.. എല്ലാവരും ഓടിയെത്തി സ്വീകരിച്ചു.. അവരെ എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു. അഭിമന്യു എല്ലാവരേയും പരിചയപ്പെടുത്തി. അവർ അവിടെനിന്നും ഉച്ചഭക്ഷണവും കഴിച്ചാണ് യാത്ര തിരിച്ചത്...

നേരേ വീട്ടിലേയ്ക്ക്... വിവാഹത്തിനു വേണ്ട എല്ലാ തയ്യാറെടപ്പുകളും പൂർത്തിയായിരുന്നു. അഭിമന്യുവിനെ സംബന്ധിച്ച് ഇന്ന് നാട്ടിലെ ബന്ധുക്കളെന്നു പറയാൻ റഷീദും കുടുംബവും മാത്രമാണ്. മറ്റാരും തന്നെ അന്വേഷിച്ചു വരാനില്ല എന്നതു സത്യമാണ്. ബന്ധുക്കൾ പലയിടത്തായി ചിതറിക്കിടക്കുന്നു. അവരെ കണ്ടെത്തുകയെന്നത് വളരെ പരിശ്രമകരവുമാണ്. ഒന്നും വേണ്ട... സ്വന്തക്കാരേക്കാളും ആത്മാർത്ഥ ആത്മാർത്ഥ സുഹൃത്തായ റഷീദിനും കുടുംബത്തിനുമുണ്ട്.

വൈകുന്നേരത്തോടെ അവർ വീട്ടിലെത്തി. മുറ്റത്തെ പന്തലിന്റെ പണി പൂർത്തിയായിരിക്കുന്നു. വർണ്ണം വിതറുന്ന ബൾബുകൾ കത്തിച്ചു. നല്ല ഭംഗിയായിരിക്കുന്നു. ഒരു വിവാഹവീടിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോഴാണുണ്ടായത്.

അഭിമന്യുവിന് റഷീദിന്റെ വീട് സ്വന്തം വീടുപോലായിരുന്നു. നഷ്ടപ്പെട്ടുപോയ അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും തിരികെക്കിട്ടിയതുപോലെ. അനേക വർഷങ്ങൾക്കുശേഷം അവൻ മനസ്സു തുറന്നു സന്തോഷിച്ച ദിവസമായിരുന്നു.

അടുത്ത ദിവസം രാവിലെ അവർ രജിസ്റ്റർ ഓഫീസിലേയ്ക്ക് പോയി. കൂടെ സഫിയയും ഹമീദും ഫസലുമുണ്ടായിരുന്നു. പുരയിടം രജിസ്റ്റർ ചെയ്യാനായണ് പോയത്. 24 സെന്റ് സ്ഥലം.. അവിടെ ഒരു ചെറിയ വീടുണ്ട്. അത് പൊളിച്ച് പുതിയത് പണിയണം.. എല്ലാം റഷീദ് പ്ലാൻ ചെയ്തിട്ടുണ്ട്. സഫിയയുടെ പേരിൽ തന്നെയാണ് അത് വാങ്ങാനുദ്ദേശിക്കുന്നത്. അവളുടെ മകൻ ഒരു ഡോക്ടറാകുമ്പോൽ സ്വന്തമായി ഒരു വീടില്ലാത്ത ദുഃഖം അവനുണ്ടാകരുത്. സഫിയയെ സുരക്ഷിതയാക്കേണ്ടത് തന്റെ കടമയാണ് എന്ന് റഷീദിനറിയാം...

രജിസ്റ്ററോഫീസിലെത്തി അധികം താമസിയാതെ അവിടുത്തെ ജോലികളൊക്കെ തീർത്തു. പ്രമാണം രജിസ്റ്റർ ചെയ്ത് റഷീദിന്റെ കൈയ്യിലാണ് കൊടുത്തത്. റഷീദ് അത് ഹമീദിനെ ഏൽപ്പിച്ചു.. ഹമീദ് മകളെ അടുത്തുവിളിച്ചു. അവളുടെ കൈയ്യിൽ നൽകി.. അവൾ പടച്ചോനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ പ്രമാണം ഏറ്റുവാങ്ങി... അവൾ ഒരിക്കലു മനസ്സിൽ കരുതിയിട്ടില്ലാത്തതാണവിടെ സംഭവിച്ചത്. ജീവിതത്തിൽ സംഭവിച്ചത് നഷ്ടങ്ങളാണെങ്കിലും അതൊക്കെ അനിവാര്യമായിരുന്നുവെന്നിപ്പോൾ തോന്നുന്നു... സ്നേഹനിധിയായ വാപ്പയും ഉമ്മയും സഹോദരങ്ങളുമില്ലായിരുന്നെങ്കിൽ താനും മകനുമെന്നേ ഈ മണ്ണിൽ അലിഞ്ഞു ചേർന്നേനെ... ഉച്ചയ്ക്കു മുമ്പുതന്നെ അവർ‌ വീട്ടിൽ തിരികെയെത്തി.

വൈകുന്നേരം നാലുമണിയോടെ ക്ഷണിക്കപ്പെട്ട അതിഥികൾ വീട്ടിലേയ്ക്ക് വന്നുതുടങ്ങി... ഹമീദിനെ അറിയാവുന്നവരും അയൽക്കാരുമെല്ലാമെത്തിയിരുന്നു. ലൈബ്രറിയിലെയും പള്ളിയിലെയും ഭരണാധികാരികളും എത്തിയിരുന്നു. രണ്ടു വ്യത്യസ്ത മതങ്ങളാണെങ്കിലും സ്വന്തം മകനെപ്പോലെ കണ്ടുകൊണ്ട് ഒരു ഹിന്ദുവായ യുവാവിന്റെ വിവാഹം സ്വയം ഏറ്റെടുത്ത് നടത്തുന്ന ഹമീദിനെ എല്ലാരും പ്രകീർത്തിച്ചു. വൈകുന്നേരം വരുന്നവർക്കായി ഭക്ഷണം തയ്യാറാക്കിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ ആൾക്കാരെത്തി... പലരും നാളെ എത്തുമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് പോയത്.. അൻപതു പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും നൂറോളം പേർ വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലായി. എന്തായാലും മൂന്നു ബസ്സും 4 കാറും ഏർപാടു ചെയ്തിട്ടുണ്ട്. അതിൽ കൊള്ളുന്ന ആൾക്കാരുണ്ടാവുമെന്ന് ഉറപ്പാണ്.

അഭിമന്യു ആ നാട്ടിൽ പുതിയതാണല്ലോ.. എല്ലാവരും വന്ന് അഭിമന്യുവിനെ പരിചയപ്പെട്ടു.. എല്ലാവരുമായി വളരെ ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നു അഭിമന്യു... അപ്രതീക്ഷിതമായാണ് അഭിമന്യുവിനെ പഠിപ്പിച്ച ടീച്ചർ അവിടെ എത്തിയത്... ഏകദേശം 85 വയസ്സ് പ്രായം കാണും. റഷീദാണ് അദ്ദേഹത്തോട് അഭിമന്യുവിന്റെ വിവാഹക്കാര്യം പറഞ്ഞിരുന്നത്. അഭിമന്യുവിന് ഒരു സർപ്രൈസ് ആകട്ടെയെന്നു കരുതി അവനോട് പറഞ്ഞിരുന്നില്ല... പഠനത്തിൽ വളരെ മികച്ചവനായിരുന്നു അഭിമന്യു.. അതിനാൽ ടീച്ചേഴ്സിനെല്ലാം വളരെ കാര്യവുമായിരുന്നു. അവന്റെ ക്ലാസ്ടീച്ചറായിരുന്നു കേശവൻ നായർ സാർ.. വളരെ മെലിഞ്ഞ ശരീരത്തിനുടമ.. പ്രായം 85 ആയെങ്കിലും ഇപ്പോഴും നല്ല ചുറുചുറുക്ക്. ഒറ്റ നോട്ടത്തിൽ തന്നെ അഭിമന്യുവിന് സാറിനെ ഓർത്തെടുക്കാൻ കഴി‍ഞ്ഞു. അടുത്തെത്തി നമസ്കരിച്ചു. കുശലാന്വേഷണം കഴിഞ്ഞു സാറിനെ ഭക്ഷണം കഴിക്കാനായി അകത്തേയ്ക്ക് ആനയിച്ചു...

അവനും സാറിനൊപ്പമിരുന്നു.

“അഭിമന്യു.. റഷീദും കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു. ഒരു സുപ്രഭാതത്തിൽ സ്കൂളിലെത്തി ടീ.സി.യുമായി മടങ്ങിയതല്ലേ... പിന്നെ യാതൊരറിവുമുണ്ടായില്ല... പലപ്പോഴും പലരോടും ചോദിച്ചിരുന്നു. പക്ഷേ കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോൾ റഷീദ് എന്റെ വീട് തേടിപ്പിടിച്ച് എത്തിയിരുന്നു. അങ്ങനെയാണ് കാര്യങ്ങളൊക്കെ അറിയുന്നത്.. എന്തായാലും നിനക്ക് നല്ലൊരു ഭാവിയുണ്ടാല്ലോ എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. പഴയ തറവാട്ടിലേയ്ക്ക് പോയിരുന്നോ..?“

“പോയിരുന്നു സാർ.. അവിടെ മാമനും മാമിയും മാത്രമേയുള്ളൂ.. മക്കളൊക്കെ വിരോധത്തിലാ.. ആരേയും കണ്ടാത്താൻ ശ്രമിച്ചതുമില്ല.. വീടും വസ്തുവും ഇപ്പോഴും ആരുടേയും പേരിലായിട്ടില്ല... അമ്മയുടെ വസ്തു നിയമപരമായി എനിക്കുതന്നെയാണല്ലോ വന്നെത്തേണ്ടത്.. അതിനായി ഞാൻ ശ്രമിക്കുന്നുമില്ല.. പക്ഷേ അമ്മയുടെ കുഴിമാടം നിൽക്കുന്ന സ്ഥലം എനിക്കുവേണം.. അത് സംരക്ഷിക്കണം. അതാണെന്റെ ആഗ്രഹം...“

“നീ അതിനു വിഷമിക്കേണ്ട...  എന്തായാലും അവർക്ക് വീടും വസ്തുവും വേണ്ടാത്ത സ്ഥിതിക്ക് നീ തന്നെ അത് ഏറ്റെടുക്കണം.. അവരെ ഇപ്പോൾ നോക്കാനാരുമില്ല..“

“അവർക്ക് എന്നെ വേണ്ടായിരുന്നുവെങ്കിലും എനിക്കവരെ വേണം... ഞാൻ എന്തു സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറാണ്... ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിച്ച മനുഷ്യനാണ് എന്റെ മാമൻ പക്ഷേ വിധി നേരേ തിരിച്ചായിരുന്നു. ഇന്ന് മരണം കാത്തുകഴിയുന്ന ഒരു പാവം മനുഷ്യനാണ് അയാൾ....“

“ശരിയാണ്. തെറ്റുകൾ മനുഷ്യസഹജമാണ്... ക്ഷമിക്കുകയെന്നുള്ളത് ദൈവീകവും..“

“സാർ പറഞ്ഞത് വളരെ ശരിയാണ്... മക്കളൊക്കെ ഉപേക്ഷിച്ചില്ലേ.. എനിക്ക് ബന്ധുക്കളെന്നു പറയാൻ രക്തബന്ധത്തിലുള്ളവർ അവർ മാത്രമാണ്... ഞാൻ അവരെ സംരക്ഷിക്കാൻ തയ്യാറാണ്... വിവാഹം കഴിഞ്ഞിട്ട് ഞാൻ ഭാര്യയുമായി അവിടെ പോകുന്നുണ്ട്. അവർക്ക് വേണ്ടസഹായമൊക്കെ ചെയ്യാം... മക്കളെ കണ്ടെത്തി അവർതമ്മിലുള്ള വിരോധം പറഞ്ഞു തീർക്കുകയുമാകാമല്ലോ..?“

സാറുമായി വിവാഹം കഴിഞ്ഞിട്ട് വിശദമായി സംസാരിക്കാമെന്നു ഏറ്റു. കല്യാണത്തിന് എത്താമെന്നു പറഞ്ഞ് സാർ യാത്രപറഞ്ഞിറങ്ങി...
തിരക്കുകളൊക്കെ കുറഞ്ഞു... എത്രയോ വർഷങ്ങൾക്കുശേഷമാണ് വീട്ടിലൊരു ആഘോഷം നടക്കുന്നത്... വിവാഹം നടന്നിട്ടുണ്ടെങ്കിലും വളരെ ആർഭാടപൂർവ്വമായ ഒരാഘോഷമായിരുന്നു ഇന്നത്തേത്... അടുത്ത ദിവസം 7 മണിക്കുതന്നെ വാഹനം പുറപ്പെടുമെന്ന് വിവാഹത്തിന് വരാനുള്ളവരോട് പ്രത്യേകം പറഞ്ഞിരുന്നു.

അകത്ത് സഫിയയും മറ്റുള്ളവരും അടുത്തദിവസം പോകേണ്ട ഡ്രസ്സുകളും മറ്റും തേയ്ക്കുന്ന തിരക്കിലായിരുന്നു. ഫസൽ അവന്റെ റൂമിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. അന്നത്തെ ദിവസത്തെ ആഘോഷങ്ങൾക്കുശേഷം അവർ എല്ലാവരും ഉറങ്ങാൻകിടന്നു.

അടുത്ത ദിവസം എല്ലാവരും നേരത്തേ എഴുന്നേറ്റ് റഡിയായി. മണവാളനെ ഒരുക്കുന്ന ചടങ്ങുണ്ടല്ലോ.. അത് റഷീദും ഫസലുമാണ് എറ്റെടുത്തത്. കൂടാതെ ഹമീദിന്റെ ബന്ധത്തിലുള്ള ഒരു പയ്യനുമെത്തിയിരുന്നു. അവരെല്ലാവരും കൂടി അഭിമന്യുവിനെ മേക്കപ്പ്ചെയ്ത് സുന്ദരനാക്കി... സഫിയ സാരിയുടുത്തു വന്നപ്പോൾ ആളാകെ മാറിയിരുന്നു. പ്രായം വളരെ കുറഞ്ഞതുപോലെ തലയിൽ മൈലാഞ്ചിതേച്ചു നരച്ച മുടി കറുപ്പിച്ചിരിക്കുന്നു. എല്ലാവരും കൈയ്യിൽ മൈലാഞ്ചി ഇട്ടിരുന്നു. ഹമീദ് മതവിശ്വാസിയാണെങ്കിലും വസ്ത്രധാരണത്തിൽ ഒരു കടുംപിടുത്തവും നടത്തിയിട്ടില്ല. സഫിയപോലും വിവാഹശേഷമാണ് തട്ടം ധരിച്ചിട്ടുള്ളത് അതും ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി.. വന്നു കയറിയ രണ്ടു പെൺകുട്ടികളോടും ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ല... സഫിയ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. മറ്റുള്ളവരും അതുപോലെതന്നെ... വരന് പോകാനുള്ള വാഹനം അലങ്കരിക്കുന്ന തിരക്കിലാിയരുന്നു ഫസൽ... അവരുടെ വണ്ടിയിൽ തന്നെയാണ് വരൻ പോകുന്നത്. വിഷ്ണു സാരഥിയും....

ഹമീദ്ക്ക പുതു വസ്ത്രങ്ങളണി‍ഞ്ഞ് യാത്രയ്ക്ക് തയ്യാറായിരുന്നു. അദ്ദേഹത്തിത്തിന്റെ ഭാര്യയും സഹായത്തിനായി അടുത്തെത്തി.. അഭിമന്യു ഒരു മണവാളന്റെ രൂപത്തിൽ താഴേയ്ക്കു വന്നു..

“ങ്ഹാ ഇപ്പോഴാണ് മണവാളനായത്.“ സഫിയ അവനെ കളിയാക്കി...

“ഒന്ന് പോ.. കളിയാക്കാതെ...“

“ദേ.. ഇക്കാ അഭിമന്യുവിന് നാണംവരുന്നു.“

വിവാഹത്തിന് നാത്തൂനായി സഫിയയാണ് നിൽക്കുന്നത്... അഭിമന്യുവിന്റെ സഹോദരിയുടെ സ്ഥാനത്ത്. അച്ഛന്റെ സ്ഥാനത്ത് ഹീദ്ക്കയും... വിചാരിച്ചതുപോലെ വിവാഹത്തിന് ക്ഷണിച്ചവരെല്ലാം എത്തി.. ഏകദേശം നൂറുപേരൊളം വരും.. വാഹനം കൃത്യം 7 മണിക്കുതന്നെ പുറപ്പെട്ടു. അഭിമന്യു ഉൾപ്പെടെ എല്ലാവരും രണ്ടു വണ്ടികളിലായാണ് യാത്ര തിരിച്ചത്. സഫിയയും അഭിമന്യുവും ഹമീദ്ക്കയും ഭാര്യയും ഒരു വണ്ടിയിൽ. അടുത്ത വണ്ടിയിൽ റഷീദും ഭാര്യയും, നാദിറയും കുട്ടികളുമായി... രണ്ടു മണിക്കൂറത്തെ യാത്രയുണ്ട്.. വിവാഹം 11 മണിക്ക് ശേഷമായതിനാൽ അധികം സമയവുമുണ്ട്.

കൃത്യം 9.30 തന്നെ അവരുടെ വാഹനം ആഡിറ്റോറിയത്തിലെത്തി.. അവിടെ പെൺ കൂട്ടരുടെ ബന്ധുക്കളൊക്കെ എത്തിയിരുന്നു. മണവാളനെ സ്വീകരിച്ചാനയിക്കുകയെന്ന ചടങ്ങാണ് അടുത്തതായി.. പെണ്ണിന്റെ സഹോദരനും മറ്റു ബന്ധുക്കളും വരനെ ഹാരമണിയിച്ച് സ്വീകരിച്ചു. കൂടെ മറ്റു ബന്ധുക്കളും ആഡിറ്റോറിയത്തിലേയ്ക്ക് കയറി... റഷീദും ഹമീദും മറ്റു ബന്ധുക്കളും സ്റ്റേജിലേയ്ക്ക് കയറി... മുഹൂർത്ത സമയമായി. പെൺകുട്ടിയെ ആനയിച്ചുകൊണ്ട് വിളക്കുകളുമായി കുട്ടികളെത്തി.. മണ്ഡപം വലംവച്ചു നിന്നു. ഹമീദ് അഭിമന്യുവിന്റെ കൈപിടിച്ച് മുന്നോട്ട് ആനയിച്ചു.. ഇരിക്കുന്നവരെ നോക്കി തൊഴുതു... അവനെ പെൺകുട്ടിക്കരികിലായി നിർത്തി... ചടങ്ങുകളെക്കുറിച്ച് അഭിമന്യുവിന് ഒരു പിടിയുമില്ല. പക്ഷേ ഹമീദിന് എല്ലാമറിയാം... ഒരു മുസൽമാനാണെങ്കിലും ഹിന്ദു ആചാരങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. പലരും പരസ്പരം നോക്കുന്നുണ്ടായിരുന്നു. മുഹൂർത്ത സമയമായി... മണവാട്ടി മുതിർന്ന ബന്ധുക്കളുടെ കാൽതൊട്ടു വന്ദിച്ചു... അഭിമന്യു ഹമീദിന്റെയും ഭാര്യയുടെയും കാൽതെട്ടു അനുഗ്രഹം വാങ്ങി... നേരേ മണ്ഢപത്തിലേയ്ക്ക്. തൊട്ടടുത്ത് പരികർമ്മിയെപ്പോലെ ഹമീദ് നിലയുറപ്പിച്ചു... അഭിമന്യുവനെ സ്വന്തം മകനെപ്പോലെയാണ് ഹമീദ് കണ്ടിരുന്നത്...

നാദസ്വരത്തിന്റെ താളത്തിൽ അവിടെ കൂടിയ ബന്ധുക്കളെ സാക്ഷിയാക്കി അഭിമന്യു തന്റെ പ്രിയപ്പെട്ടവളെ താലികെട്ടി സ്വന്തമാക്കി... കന്യാദാനമെന്ന ചടങ്ങും ഹമീദ് തന്നെ നടത്തി... ഹമീദിനെ അറിയാത്ത പലരും  ചോദിക്കുന്നുണ്ടായിരുന്നു അഭിമന്യുവിന്റെ അച്ഛൻ മുസൽമാനാണോയെന്ന്... ജാതിയടെയും മതത്തിന്റെയും പേരിൽ അടിപിടികൂടുന്നവർക്ക് ഇതൊരു ഉത്തമ ഉദാഹരണമായിരുന്നു. മറ്റൊരു മതത്തിലുള്ളവരെ ഉൾക്കൊള്ളാൻ മതമൊരു തടസ്സമല്ല... മനസ്സിന്റെ വാതിലുകളാണ് തുറക്കേണ്ടത്...

മംഗളകരമായി ആ ചടങ്ങുകൾ നടന്നു.. തിരക്കിനിടയിൽ സ്റ്റീഫനേയും കുടുംബത്തേയും നേരത്തേ കാണാനായില്ല... എല്ലാവരും അവിടെ ഒത്തു കൂടി.. ഫോട്ടോയെടുത്തു.. നാത്തൂന്റെ സ്ഥാനം നന്നായി സഫിയ ചെയ്തു... ഇപ്പോൾ അവളെ കണ്ടാൽ ഒരു ഹിന്ദു യുവതിയാണെന്നേ തോന്നൂ... ഫസൽ പോലും അത്ഭുതപ്പെട്ടുപോയി, സ്വന്തം ഉമ്മയുടെ രൂപമാറ്റത്തിൽ...

വിവാഹശേഷം സൽക്കാരവും നടന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. രണ്ടുമണിക്കാണ് പെണ്ണുമായി പുറപ്പെടേണ്ടത്... അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഹമീദും സൈനബയും നാദിറയും അഫ്സയുമൊക്കെ നേരത്തേ വീട്ടിലേയ്ക്കുപോയി.. അവർ വരുമ്പോൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമല്ലോ.. കൂടാതെ ഇന്നുതന്നെയാണ് വധുവിന്റെ വീട്ടിൽനിന്നും ആൾക്കാൾ അങ്ങോട്ടു വരുന്നത്... അതിന്റ തയ്യാറെടുപ്പുകളും പൂർത്തിയാക്കണം.

വധു യാത്രപറഞ്ഞപ്പോൾ അടുത്ത ബന്ധുക്കളുടെ കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു. അവർ എല്ലാവരും വധുവിനെയും വരനേയും യാത്രയാക്കി... നേരേ വീട്ടിലേയ്ക്ക്... ഏകദേശം അഞ്ചു മണിയോടെ അവർ വീട്ടിലെത്തി.. കാർ നിർത്തി.. വീട്ടിലേയ്ക്ക്... അവിടെ സൈനബ തന്നെയാണ് അമ്മയുടെ സ്ഥാനത്തുനിന്ന് കത്തിച്ച വിളക്ക് നൽകി വധുവിനെ സ്വീകരിച്ചത്... അഭിമന്യുവിന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു... എത്ര ജന്മം നന്ദി പറഞ്ഞാലാണ് തീരുക... ഹിന്ദു ആചാരങ്ങളൊന്നും തെറ്റിക്കാതെ ആ മംഗളകർമ്മത്തിന്റ ചടങ്ങുകളോരോന്നും നടന്നു...

ജാതിയുടെയും മതത്തിന്റേയും പേരിൽ നടക്കുന്ന അടിപിടി അക്രമങ്ങൾക്ക് ഇതൊരു മാതൃകയാണെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.

ആൾക്കൂട്ടം കഴിവതും ഒഴിവാക്കുക... ജാഗ്രത... ജാഗ്രത.. ജാഗ്രത....




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 27 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 12 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ