19.12.20

നിഴൽവീണവഴികൾ ഭാഗം 105


റഷീദിന്റെ പെങ്ങൾ തന്റെയും പെങ്ങളല്ലേയെന്നാണ് അഭിമന്യു ചോദിക്കാറുണ്ടായിരുന്നത്. ഒരു സഹോദരിയുടെ സ്ഥാനത്തുനിന്നും അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെയാണ്.

വൈകുന്നേരം ഫസൽ ലൈബ്രറിയിലേക്ക് തിരിച്ചു... എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കണം. പുതിയത് എടുക്കണം.

ലൈബ്രറിയിൽ ഫസൽ ഇപ്പോൾ ആരാധാനപാത്രമാണ്. എല്ലാവരും അവനെ ഒരു അത്ഭുതത്തോടെയാണ് കാണുന്നത്. അന്നാട്ടിൽ ആ കാലഘട്ടത്തിൽ ആരും എം.ബി.ബി.എസ്. പരീക്ഷ പാസ്സായിട്ടുണ്ടായിരുന്നില്ല. എഞ്ചിനീയർമാർ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം എല്ലാവർക്കുമൊരു ആരാധന... അവൻ പുസ്തകങ്ങൾ തിരികെനൽകി. ഡിക്ടറ്റീവ് നോവലുകളോട് പണ്ടേ വലിയ താൽപര്യമായിരുന്നു. കോട്ടയം പുഷ്പനാഥിന്റെയും, ബാറ്റൻബോസിന്റെയും ഓരോ പുസ്തകങ്ങൾ എടുത്തു. ലൈബ്രേറിയനുമായി കുറച്ചുനേരം സംസാരിച്ചു. അവിടെ വന്നിട്ടുള്ള മിക്കവർക്കും ഫസിലിനെ അറിയും തിരിച്ചും. കുറച്ചുനേരം അവിടെ ചിലവഴിച്ചതിനുശേഷം അവൻ അവിടെനിന്നുമിറങ്ങി.

നേരേ വീട്ടിലേയ്ക്ക്. അവിടെ വിവാഹത്തിനുവേണ്ടിയുള്ള വസ്ത്രങ്ങൽ തുന്നിക്കൊണ്ടുവന്നിരുന്നു. അതിന്റെ ഭംഗിനോക്കുകയായിരുന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ എടുത്തിരുന്നു. എല്ലാവരും എത്തിയതിനുശേഷം മാത്രമേ പെണ്ണിനുളള സാരിയെടുക്കാൻ പോവുകയുള്ളൂ. ഫസലിന് പാന്റ്സും ഷർട്ടുമാണ് എടുത്തിരിക്കുന്നത്. അവൻ തന്നെയാണ് തന്റെ ഡ്രസ്സ് സെലക്ട് ചെയ്തത്. ഹമീദിന് നല്ല വെള്ളക്കുപ്പായമായിരുന്നു എടുത്തത്. പെണ്ണുങ്ങളെല്ലം സാരിയാണ് ധരിക്കാനുദ്ദേശിച്ചിരിക്കുന്നത്.

ഇന്ന് രാത്രി 1 മണിയോടുകൂടി വിഷ്ണുവുമായി യാത്ര തിരിക്കണം. വെളുപ്പാൻകാലത്താണ് അവർ എത്തുക. അതിനാൽ എല്ലാവരും നേരത്തേ കിടന്നു. വിഷ്ണുവിനോട് പ്രത്യേകം പറഞ്ഞിരുന്നു. അഭിമന്യുവിനുള്ള റൂം വൃത്തിയാക്കി അവിടെ പുതി കട്ടിലും മറ്റും വാങ്ങിയിട്ടിരുന്നു.

യാത്ര പുറപ്പെടുന്നതിനു മുമ്പ് റഷീദ് വിളിച്ചിരുന്നു. അവരുടെ ഫ്ലൈറ്റ് പുറപ്പെട്ടതിന് ശേഷം അൻവർ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.

ഒരുമണിക്കുതന്നെ ഫസലും വിഷ്ണുവും കാറിൽ യാത്ര ആരംഭിച്ചു. നല്ല തണുപ്പുണ്ട്. അവർ സംസാരിച്ചും പറഞ്ഞും യാത്ര തുടർന്നു. വഴിവക്കിലെ തട്ടുകടയിൽ നിന്നും കട്ടൻകാപ്പിയും കഴിച്ചു. കൃത്യസമയത്തുതന്നെ എയർപോർട്ടിലെത്തി. അവിടെ അറൈവൽ ഗേറ്റിനടുത്ത് കാത്തുനിന്നു.അൽ പനേരത്തിനകം അവർ രണ്ടാളും പുറത്തേയ്ക്ക്. അഭിമന്യുവിനെ വിഷ്ണു ആദ്യമായാണ് കാണുന്നത്. അവർ അടുത്തെത്തി. റഷീദും അഭിമന്യുവും ഫസലിനെ അഭിനന്ദിച്ചു. ഫോണിലൂടെയാണല്ലോ സംസാരിച്ചിരുന്നത്. ഇപ്പോഴാണ് നേരിട്ട് കാണുന്നത്. ആ ഫ്ലൈറ്റിൽ തന്നെയാണ് സ്റ്റീഫന്റെ മകളും എത്തിയത്. അവളും അപ്പോഴേയ്ക്കും പുറത്തെത്തിയിരുന്നു. അവളുടെ പ്രതിശ്രുത വരനും എയർപോർട്ടിലെത്തിയിരുന്നു. അവരെല്ലാവരും കുറേനേരം സംസാരിച്ചുനിന്നും. അപ്പോഴേയ്ക്കും വിഷ്ണു അവരുടെ ലഗേജുകൾ ഭദ്രമായി കാറിൽ കയറ്റി. കല്യാണത്തിന് എല്ലാവർക്കും കാണാമെന്നു പറഞ്ഞ് അവർ സന്തോഷപൂർവ്വം പിരിഞ്ഞു.

റഷീദ് വിഷ്ണുവിനെ പരിചയപ്പെടുത്തി. എല്ലാവരും കാറിൽ കയറി.. ഫസലിനോട് ഫ്രണ്ട് സീറ്റിൽതന്നെ കയറിക്കോളാൻ പറഞ്ഞ് റഷീദും അഭിമന്യുവും ബാക്ക് സീറ്റിലേയ്ക്ക് കയറി. അവർ സംസാരിച്ചും പറഞ്ഞും യാത്ര തുടർന്നു. വഴിക്ക് ചായകുടിയും കഴിഞ്ഞ് വീണ്ടും യാത്ര. ഏകദേശം പത്തു മണിയോടെ അവർ വീട്ടിലെത്തി.

അവർക്ക് വലിയ വരവേൽപ്പാണ് വീട്ടിൽ കിട്ടിയത്. അഭിമന്യുവിന് വളരെ സന്തോഷമായിരുന്നു. ഹമീദ്ക്കയെ കണ്ടയുടൻ കാലിൽ തൊട്ടു നമസ്കരിച്ചു. വളരെ ചെറുപ്പത്തിൽകണ്ടതാണ് ഇന്നാണ് അവർ വീണ്ടും കാണുന്നത്. വലിയ മാറ്റങ്ങളൊന്നുമില്ല.. കുറച്ച് തടിച്ചു... കട്ടി മീശ.. ഇത്രയും മാത്രമാണ് പുതുതായി അഭിമന്യുവിൽ ഹമീദ് കണ്ടത്... സഫിയയും അതാണ് പറഞ്ഞത്... എല്ലാവർക്കും മാറ്റങ്ങളുണ്ടാകുമെങ്കിലും അഭിമന്യുവിന് വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

അഭിമന്യു എല്ലാവരോടും കുശലാന്വേഷണം നടത്തി. വാപ്പയെ കണ്ടയുടൻ അഫ്സയുടെ കൈ തട്ടി മോൾ  ഓടിവന്ന് റഷീദിന്റെ തോളിൽ കയറി... നാദിറയുടെ കുട്ടി അൽപം നാണത്തോടെ മാറിനിന്നു. ചായകുടി കഴിഞ്ഞ് ഫസൽ മുകളിലത്തെ നിലയിലെ റൂമിലേയ്ക്ക് അഭിമന്യുവിനെ കൂട്ടിക്കൊണ്ടുപോയി. വിശാലമായ റൂം.. നല്ലരീതിയിൽ അറൈഞ്ചു ചെയ്തിരിക്കുന്നു. കൊണ്ടുവന്ന പെട്ടിയിൽനിന്നും വസ്ത്രങ്ങളും മറ്റും പുറത്തെടുത്തു. ഒന്നു കുളിച്ച് ഫ്രഷായി വരാമെന്നു പറ‍ഞ്ഞ് അഭിമന്യു ടോയിലറ്റിലേയ്ക്ക് പോയി.

അന്നത്തെ ദിവസം അവർ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി.. അത്യാവശ്യം എല്ലാവരോടും ഫോണിൽ ബന്ധപ്പെട്ടു. ഹമീദിക്കാന്റെ കുടുംബത്തിൽ നിന്നും അൻപതുപേരോളം വിവാഹത്തിനെത്തും. കൂടാതെ അയൽക്കാരെല്ലാവരും കൂടി ഇരുപത്തിയഞ്ചോ മുപ്പതോപേരുകാണും. എന്തായാലും മുറ്റത്ത് പന്തിലിട്ടിട്ടുണ്ട്. വരുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഭക്ഷണത്തിനും വേണ്ട കാര്യങ്ങളൊക്കെ ഇടപാട് ചെയ്തിട്ടുണ്ട്.

പിറ്റേ ദിവസം അതിരാവിലെ അഭിമന്യുവിന്റെ നാട്ടിലേയ്ക്ക് പോകാനുള്ള പ്ലാനിലായിരുന്നു. അവിടെ അമ്മയെ അടക്കംചെയ്ത മണ്ണിൽ ചെല്ലണം. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു ഫോട്ടോ പോലും തന്റെ പക്കലില്ല... പുറപ്പെടുന്നതിനുമുമ്പ് അതെടുക്കാൻ സാധിച്ചിരുന്നുമില്ല. പക്ഷേ ഇപ്പോഴും അമ്മയുടെ ആ ചിരിച്ച മുഖം മനസ്സിൽത്തന്നെയുണ്ട്.

അവർ അഞ്ചുമണിക്കുതന്നെ യാത്ര ആരംഭിച്ചു. കൂടെ ഫസലുമുണ്ട്. ഏകദേശം പത്തു മണിയോടെ അവർ ലക്ഷ്യസ്ഥാനത്തെത്തി. ഗ്രാമം വളരെ വികസിച്ചിരുന്നു. റോഡിനൊക്കെ വീതി കൂടിയിരിക്കുന്നു. പുതിയ വീടുകളുണ്ടായിരിക്കുന്നു. ഹമീദിന്റെ വീട് കഴിഞ്ഞിട്ടായിരുന്നു അഭിമന്യു വിന്റെ വീട്. ഹമീദിന്റെ വീടു നിന്ന സ്ഥലത്ത് ഇപ്പോൾ ഒരു സ്കൂളാണ്... പുതുതായി തുടങ്ങിയതാണെന്നു തോന്നുന്നു.. പഴയ ഓർമ്മകളെ‍ റഷീദിന്റെയും അഭിമന്യുവിന്റെയും മനസ്സിലൂടെ പാഞ്ഞുപോയി... അവർ കളിച്ചു നടന്ന പ്രദേശം.... പഠിച്ച സ്കൂളിനടുത്തെത്തി... പുതുതായി മതിൽ കെട്ടിയിരിക്കുന്നു കെട്ടിടങ്ങൽ ഓലപ്പുരകളായിരുന്നു അവയൊക്കെ ഓടാക്കിയിരിക്കുന്നു. അവധിയായതിനാൽ ഗേറ്റ്  പൂട്ടിയിട്ടിരിക്കുന്നു. സ്കൂളിന് മുന്നിലത്തെ മാവ് ഇപ്പോഴുമുണ്ട്... എത്രയോ കല്ലേറുകൾ ഏറ്റുവാങ്ങിയ മാവാണത്... കല്ലെറിഞ്ഞ് മാങ്ങയിട്ടതിന് എത്രയോ പ്രാവശ്യം അടികിട്ടിയിട്ടുണ്ട്. സ്കൂളിനടുത്തായി കാണുന്ന ചെറിയ കട... ഇതിപ്പോഴുമുണ്ട്. തങ്ങൾ അക്കാലത്ത് മിഠായി വാങ്ങിയിരുന്നത് അവിടെനിന്നുമാണ്. മാങ്ങ അച്ചാറും നെല്ലിക്ക, പുളിച്ചിക്ക അച്ചാറും അവിടെ സുലഭമായിരുന്നു. കൂടാതെ പൊരി മിഠായി... നാരങ്ങാ മിഠായി ഗ്യാസ് മിഠായി.. അങ്ങനെ... ധാരാളം.. ആ കടയും അടഞ്ഞു കിടക്കുന്നു. സ്കൂളില്ലാത്തതിനാലായിരിക്കും.

വാഹനം വീണ്ടും മുന്നോട്ടു പോയി... അഭിമന്യുവിന്റെ വീടിനു മുന്നിൽ വാഹനം നിന്നു. പണ്ട് മണ്ണ് കൊണ്ടുള്ള മതിലായിരുന്നു. ഇപ്പോൾ നല്ലപൊക്കത്തിൽ മതിൽ കെട്ടിയിരിക്കുന്നു. വീട് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്... തൊട്ടപ്പുറത്തായി കാളവണ്ടിയുള്ള ഒരു വീടുണ്ടായിരുന്നു. അത് ഇപ്പോഴുമുണ്ട്. ആ വീടിന് യാതൊരു മാറ്റവും വന്നിട്ടില്ല.. കാളകളെ റോഡിൽ കെട്ടിയിട്ടിരിക്കുന്നു. അഭിമന്യു സാവധാനം പുറത്തേക്കിറങ്ങി. എത്രയോ ഓർമ്മകൾ ഒടിക്കളിച്ച സ്ഥലമായിരുന്നത്. ഗേറ്റ് കുറ്റിയിട്ടിട്ടുണ്ടായിരുന്നു. റഷീദ് തന്നെ ഗേറ്റ് തുറന്നു. അഭിമന്യു ഒരു നിമിഷം വടക്കേഭാഗത്തേയ്ക്കു നോക്കി.. അവിടെ തന്റെ അമ്മയെ അടക്കംചെയ്ത സ്ഥലം.. പുല്ലുചെത്തി വൃത്തിയാക്കി ചുടുകട്ട അടുക്കി വച്ചിരിക്കുന്നു. ഇന്നും ആരോ അതു സംരക്ഷിച്ചുകൊണ്ടു പോകുന്നുവെന്ന് മനസ്സിലായി. അവർ വീടിനു മുന്നിലെത്തി. വാതിലിൽ തട്ടി വിളിച്ചു.

അഭിമന്യു നേരേ കുഴിമാടത്തിനടുത്തേയ്ക്ക് നടന്നു. അവിടെ അൽപനേരം മുട്ടുകുത്തി ഇരുന്നു. കണ്ണടച്ച് പ്രാർത്ഥിച്ചു. തന്റെ അമ്മ കാറ്റായി തന്നെ തഴുകുന്നതായി അവനു തോന്നി. എത്രയോ നാളുകൾക്കുശേഷമാണ് അവനവിടെയെത്തിയത്. എന്തസുഖമുണ്ടെങ്കിലും ആരേയും അറിയിക്കാതെ സ്വയം എരിഞ്ഞടങ്ങിയ അമ്മ.. അവന്റെ കണ്ണുകളിൽ നിന്നു രണ്ടുതുള്ളി കണ്ണുനീർ ആ പാദങ്ങളിലർപ്പിച്ചു.

വാതിലിൽ മുട്ടുകേട്ട് വൃദ്ധയായ ഒരു സ്ത്രീ പുറത്തേയ്ക്കിറങ്ങിവന്നു. തന്റെ മാമി മാമന്റെ ഭാര്യ... മാമനെന്നു പറ‍ഞ്ഞാൽ അമ്മയുടെ സഹോദരൻ...

“ആരാ...“

“അഭിമന്യുവും റഷീദും പരസ്പരം നോക്കി...

അഭിമന്യു തന്നെയാണ് സംസാരിച്ചു തുടങ്ങിയത്..

“ഞാൻ അഭിമന്യു..“

“ഭവാനിടെ മോനാണോ..“

“അതേ...“

അവരിൽ നിന്ന് ഒരു നിശ്വാസമുയർന്നു...

“നീയിങ്ങടുത്തുവന്നേ...“

അവരുടെ കണ്ണുകൾ നിറയുന്നത് മനസ്സാലായി... അവർ രണ്ടാളും അടുത്തെത്തി... ആ വൃദ്ധയായ സ്ത്രീ അഭിമന്യുവിന്റെ കരം ഗ്രഹിച്ചു..

“എവിടായിരുന്നു ഇത്രയും നാൾ... പലപ്പോഴും നിന്റെ മാമൻ നിന്നെക്കുറിച്ച് പറയാറുണ്ട്.. തീരെ വയ്യ കിടപ്പിലാണ്..“

“ഇതാരാ മോനോ...“

“എന്റെ സുഹൃത്താ.. അപ്പച്ചിക്കറിയാം... റഷീദ്...“

“ഹമീദിന്റെ മോനല്ലേ...“

“നിങ്ങൾ ആളാകെ മാറിയില്ലേ... എത്രയോ വർഷങ്ങളായി കണ്ടിട്ട്.“

അവർ അകത്തേയ്ക്ക് കയറി.. ഒരു കട്ടിലിൽ ചുരുണ്ടു കൂടി ഒരു മനുഷ്യൻ... തന്റ മാമനാണെങ്കിലും തന്നെ ശത്രുവായിയായിരുന്നു കണ്ടിരുന്നത്. അമ്മയുടെ ഓഹരിയായിരുന്നു ഈ വിടും പുരയിടവും. പക്ഷേ മാമന് ആ വീടിനായി ഒരു പാട് ശ്രമിച്ചുനോക്കി. അമ്മയുടെ അച്ചൻ അതിനു സമ്മതിച്ചില്ല... മാമന് വേറെ പുരയിടം നൽകിയിരുന്നു. പുള്ളിക്കാരൻ കുറച്ച് അത്യാഗ്രഹം ഉണ്ടായിരുന്ന മനുഷ്യനായിരുന്നു. അമ്മ സുഖമില്ലാതിരുന്ന സമയത്ത് സഹായത്തിനു ചെന്നെങ്കിലും അദ്ദേഹം സഹായിച്ചില്ല.. തന്നോടുപോലും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത്. അമ്മയുടെ മരണശേഷം അദ്ദേഹം അതു സ്വന്തമാക്കിയെന്നാണ് അന്നെ പറഞ്ഞു കേട്ടത്. അത് സത്യമായിരുന്നു.

ആ വൃദ്ധ അദ്ദേഹത്തിന്റെ അടുത്തെത്തി വിളിച്ചു.. അദ്ദേഹമൊന്നു മൂളി...

“ആരാ വന്നതെന്നു നോക്കിയേ...“

“കണ്ണുതുറക്കാതെ ആരാന്നു ചോദിച്ചു.“

“അഭിമന്യു...“

ആ പേരുകേട്ടതും അദ്ദേഹം കണ്ണുതുറന്നു.. രണ്ടാളേയും നോക്കി... അഭിമന്യു മുന്നോട്ടു നടന്നുചെന്നു. അവന്റെ കൈകളിൽ അയാൾ പിടിച്ചു.

“മോനേ.. ആയ കാലത്ത് നല്ല പ്രവർത്തികളല്ല ഞാൻ നിങ്ങളോട് ചെയ്തിട്ടുള്ളത്... ഭവാനിയുണ്ടായിരുന്നപ്പോൾ ഒരുപാട് ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്.. അവളുടെ മരണത്തിനു ശേഷമാണ് അവളുടെ വില ഞങ്ങൾ അറി‍ഞ്ഞത്.. നിങ്ങൾ അന്ന് എല്ലാം ഉപേക്ഷിച്ച് പോയില്ലേ...“

അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

“അവൾ പൊറുക്കില്ല... ഇവിടെ ആരുമില്ലാതിരുന്നതിനാൽ ഞാനും അവളും ഇങ്ങോട്ടു താമസം മാറി.. മക്കളൊക്കെ യുണ്ട് ആർക്കും ഞങ്ങളെ വേണ്ട... സ്വത്തെല്ലാം അവർ കൊണ്ടുപോയി.. പിന്നെ ഈ ഇരുപത്തേഴു സെന്റിൽ നിന്നും കിട്ടുന്ന വിള മാത്രമാണ് ഇപ്പോൾ ഞങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്... ഇപ്പോഴും ഇത് നിന്റെ അമ്മയുടെ പേരിൽ തന്നെയാണ്... കാത്തിരിക്കുകയായിരുന്നു എന്നെങ്കിലും ആരെങ്കിലും തിരക്കിവരുമെന്ന്... നീയിപ്പോൾ എവിടെയാ.. നിന്റെ അച്ഛൻ... സഹോദരി.....“

“അച്ഛൻ മരിച്ചിട്ട് ഇരുപതു വർഷമായി.. സഹോദരി വിവാഹിതയും രണ്ടു കുട്ടികളുമുണ്ട്. ഞാൻ വിവാഹം കഴിച്ചിരുന്നില്ല.. അടുത്ത ആഴ്ച എന്റെ വിവാഹമാണ്... അതിനായാണ് നാട്ടിലെത്തിയത്...“

“മോനേ... അനുഗ്രഹിക്കാൻ മാത്രമേ ഞങ്ങൾക്കാകൂ.. യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല...“

“വേണ്ട വേണ്ട... പ്രാർത്ഥന മാത്രം മതി മാമാ..“

“പിന്നെ... ഇപ്പോഴും ഈ വസ്തുവിന്റെയും വീടിന്റെയും പ്രമാണം നിന്റെ അമ്മയുടെ പേരിൽ തന്നെയാണ്. ഇതിനിപ്പോൾ അവകാശിയെത്തിയല്ലോ...“

“മാമാ... ഞാൻ അവകാശം പറഞ്ഞുവന്നതല്ല.. ഇത് മാമനുള്ളതുതന്നെയാണ്... അമ്മ പോയില്ലേ... മാമനുള്ളതുകൊണ്ടല്ലേ... അമ്മയുടെ കുഴിമാടമെങ്കലും അവശേഷിക്കുന്നത്..“

അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

“മറ്റു ബന്ധുക്കൾ...“

“എല്ലാവരും ഇവിടം വിറ്റു പെറുക്കി നാടുവിട്ടു... ഭവാനി ഞങ്ങളെ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്... അവൾക്ക് ഒരുപക്ഷേ ഞങ്ങൾഇവിടംവിട്ടു പോകുന്നത് ഇഷ്ടമല്ലായിരിക്കാം...“

ശരിയായിരിക്കാം. മാമൻ ദ്രോഹങ്ങൾ ചെയ്യുമ്പോഴും അമ്മ അദ്ദേഹത്തെ ന്യായീകരിച്ചിട്ടേയുള്ളൂ.. വലിയ സ്നേഹമായിരുന്നു സഹോദരനോട്... അവർ കുറേനേരം അവിടെ സംസാരിച്ചും പറഞ്ഞുമിരുന്നു. വിഷ്ണുവിനോട് തൊട്ടടുത്ത കടയിൽ നിന്നും ചന്ദനത്തിരിയും തീപ്പെട്ടിയും വാങ്ങിവരാൻ അഭിമന്യു പറഞ്ഞു...

അവർ കുഴിമാടത്തിനടുത്തെത്തി.. ചന്ദനത്തിരി കത്തിച്ചുവെച്ചു പ്രാർത്ഥിച്ചു.. തന്റെ വിവാഹമാണെന്നും അമ്മയുടെ അനുഗ്രഹമുണ്ടാവണമെന്നും അവൻ മനസ്സിൽ പ്രാ‍ർത്ഥിച്ചു. വീണ്ടും വീട്ടിനുള്ളിലേയ്ക്ക് കയറി.. അഭിമന്യു കുറച്ചു പണമെടുത്ത് അപ്പച്ചിയുടെ കൈയ്യിൽ കൊടുത്തു.. അവർ മറുത്തൊന്നും പറയാതെ പണം വാങ്ങി. അവരുടെ ബുദ്ധിമുട്ടിന്റെ ആഴം അഭിമന്യുവിന് മനസ്സലായി... അടുത്തുള്ള ആശുപത്രിയിലാണ് സ്ഥിരമായി കാണിക്കുന്നതെന്നു മനസ്സിലായി.. വേണ്ട പണം താൻ അയച്ചുതരാമെന്നും നല്ലൊരു ഡോക്ടറെ കാണിക്കണമെന്നും അഭിമന്യു അവരോടു പറഞ്ഞു.. അവർക്കും വലിയ സന്തോഷമായി... ജീവിതത്തിൽ അവസാനനാളിൽ രക്തബന്ധത്തിലുള്ള ഒരാളെങ്കിലും തേടിയെത്തിയല്ലോ.. ആ ഒരാശ്വാസം...

ചിലരുടെ ജീവിതം അങ്ങനെയാണ്.. ആരോഗ്യത്തോടിരിക്കുന്ന സമയം അഹങ്കാരം കാണിച്ചു കൂട്ടും.. അവസാനം കിടക്കയിൽ കിടന്നു പശ്ചാത്തപിക്കാനേ സമയം കാണുള്ളൂ... അങ്ങനെയുള്ളൊരു മനുഷ്യമായിരുന്നു അദ്ദേഹം... പക്ഷേ അപ്പച്ചി അങ്ങനെയായിരുന്നില്ല... അവർ അമ്മയോട് വളരെ സ്നേഹമുള്ള സ്ത്രീയായിരുന്നു. പിണക്കത്തിലായിരുന്നെങ്കലും അവർ അമ്മയെ കാണാൻ വരുമായിരുന്നു. അവരുടെ സ്നേഹബന്ധം മരണം വരെയും നിലനിന്നു.  

അവർ യാത്ര പറഞ്ഞു പിരിഞ്ഞു. വിവാഹം കഴിഞ്ഞ് വധുവുമായി എത്താമെന്നു പറഞ്ഞാണ് യാത്ര പറഞ്ഞിറങ്ങിയത്..

അഭിമന്യുവിന്റെ മനസ്സ് വലിയ ദുഃഖത്തിലായിരുന്നു. പഴയ ഓർമ്മകൾ വീണ്ടും അവന്റെ സിരകളിൽ ഓടിയെത്തി... റഷീദ് സംസാരത്തിലൂടെ അവന്റെ വിശമങ്ങൾ പതിയെ പതിയെ  മാറ്റെയെടുത്തു.. ഒരു നല്ല സുഹൃത്ത് അങ്ങനെയാകണമല്ലോ... അവർ നേരേ പോയത് അഭിമന്യുവിന്റ നവവധുവിന്റെ വീട്ടിലേയ്ക്കാണ്. അവിടെത്തിയപ്പോൾ വലിയ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുനടക്കുന്നെന്നു മനസ്സിലായി.. എല്ലാവരും ഓടിയെത്തി സ്വീകരിച്ചു.. അവരെ എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു. അഭിമന്യു എല്ലാവരേയും പരിചയപ്പെടുത്തി. അവർ അവിടെനിന്നും ഉച്ചഭക്ഷണവും കഴിച്ചാണ് യാത്ര തിരിച്ചത്...

യാത്രകൾ കഴിവതും ഒഴിവാക്കുക.. കൊറോണ നമ്മെവിട്ടുപോയിട്ടില്ല... ഇന്നും ഒരു പേടിസ്വപ്നമായി പിറകേയുണ്ട്... ജാഗ്രമതി ഭയം വേണ്ട....


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 20 12 2020



തുടർന്നു വായിക്കുക അടുത്ത ഞായർച്ച 27 12 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ