6.2.21

നിഴൽവീണവഴികൾ ഭാഗം 112

 

എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിച്ചു.. മുറ്റത്തു നല്ല തണലായിരുന്നു ഓരോരുത്തരായി അവിടേയ്ക്കെത്തി.. എല്ലാവരും ഓരോരോ കാര്യങ്ങൾ പറയുന്നു... തമാശകൾ പിണക്കങ്ങൾ... ആരേയും അസൂയപ്പെടുത്തുന്ന ഒത്തൊരുമയായിരുന്നു അവർക്ക്...

അടുത്ത ദിവസം രാവിലെ തന്നെ റഷീദ് ഹോസ്പിറ്റലിലേയ്ക്ക് പോയി. റിസൾട്ടുകൾ വന്നിരുന്നു. ഡോക്ടറുമായി വിശദമായി സംസാരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. വളരെ ശ്രദ്ധിക്കേണ്ട അവസ്ഥയാണിപ്പോൾ. ക്രിയാറ്റിൻ ലവൽ കൂടിയിരിക്കുന്നു. കൊളസ്ട്രോൾ അതിമായ ലവലിലെത്തിയിരിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തിനും ചില പ്രശ്നങ്ങളുണ്ട്. ഭയപ്പെടേണ്ടെന്നും എപ്പോഴും ആരേലും ഒപ്പമുണ്ടാകണമെന്നും ഡോക്ടർ റഷീദിനോട് പറഞ്ഞു.

റഷീദിന്റെ ഉള്ളിൽ വല്ലാത്ത ഒരു തീ പുകയാൻ തുടങ്ങിയിരുന്നു. വാപ്പ... അദ്ദേഹത്തിന്റെ ആയുസ് നീട്ടിക്കിട്ടണേ എന്നു പ്രാർത്ഥിച്ചു. ഡോക്ടറുടെ സംഭാഷണത്തിൽനിന്ന് ഒരു കാര്യം ഉറപ്പാണ്... വാർദ്ധക്യം ശരീരത്തിൽ പിടിമുറുക്കിയിരിക്കുന്നു. ശാരീരിക അവശതകൾ പെട്ടെന്ന് അനുഭവപ്പെടാത്തത് അദ്ദേഹം നല്ലൊരു അധ്വാനിയായിരുന്നതിനാലായിരിക്കണം. എന്നാലും പെട്ടെന്നുള്ള ഒരു മാറ്റം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.. അതിനുള്ള ജാഗ്രത വേണം.

റഷീദ് തിരികെയെത്തിയപ്പോൾ ഹമീദ് ചോദിച്ചു.

“ങ്ഹാ നീ വന്നോ... ഞാൻ പറഞ്ഞതല്ലേ.. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന്...“

ഒരുനിമിഷം റഷീദ് ആശങ്കയിലായിരുന്നു...

“ശരിയാ വാപ്പാ.. വാപ്പായ്ക്ക് കുഴപ്പമൊന്നുമില്ല.. ചില ഗുളികൾ നിർത്താനും ചിലത് പുതുതായി തുടങ്ങാനും പറഞ്ഞിട്ടുണ്ട്... അത് മാത്രം ചെയ്താൽ മതി... പിന്നെ മുടങ്ങാതെ എല്ലാമാസവും ചെക്കപ്പിന് പോകണം.. അതിന് തടസ്സമുണ്ടാകരുതെന്ന് പ്രത്യേകം ഡോക്ടർ പറഞ്ഞിട്ടുണ്ട്..

“അത് ഞാൻ പോയ്ക്കൊള്ളാം..“

അപ്പോഴേയ്ക്കും ഫസൽ താഴേയ്ക്കെത്തിയിരുന്നു. അവൻ റിസൾട്ട് വാങ്ങി നോക്കി... റഷീദ് മുഖത്തേയ്ക്കും... ഫസലിന് കാര്യം പിടികിട്ടിയിരുന്നു. അത്യാവശ്യം കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ ഫസലിനാവും.. ഒന്നുമല്ലെങ്കിലും ഒരു മെഡിക്കൽ സ്റ്റുഡന്റാകാൻ പോകയല്ലേ... റഷീദ് അവനെനോക്കി കണ്ണുകാണിച്ചു... അവന് മനസ്സിലായി താനിപ്പോൾ ഒന്നും പറയാൻ പാടില്ല എന്നാണ് അതിനർത്ഥമെന്ന്.

“ഉപ്പാ. ഉപ്പ...യ്ക്ക് എല്ലാം ഒക്കെയാണല്ലോ... 18 വയസ്സുചെന്ന ചെക്കന്റെ ആരോഗ്യം... അവന്റെയും ഉള്ളു കത്തുകയായിരുന്നു. റഷീദ് സഫിയയുടെ അടുത്തേയ്ക്ക് പോയി... അവളോട് രഹസ്യമായി കാര്യങ്ങൾ അതരിപ്പിച്ചു. ഉമ്മയോട് പറയാനാവില്ല.. അത് വലിയ പ്രശ്നമാവും.. സഫിയയാകുമ്പോൾ അവളുടെ മനസ്സിൽത്തന്നെയിരിക്കും. ഡോക്ടർ വളരെയധികം സൂക്ഷിക്കണമെന്നു പറഞ്ഞ കാര്യവും റഷീദ് പറഞ്ഞു...

ടെൻഷൻ നിറഞ്ഞ മണിക്കൂറുകൾ പെട്ടെന്ന് തന്നെ ഫസലിന്റെ ബുദ്ധിപരമായ നീക്കത്തിൽ ആഹ്ലാദഭരിതമായി... അവൻ എല്ലാവരോടും തമാശകൾ പറഞ്ഞു ചിരിച്ചു... റഷീദിന് ഭയമായിരുന്നു. ബുധൻ.. വ്യാഴം വെള്ളി.. വെള്ളിയാഴ്ച തിരികെപ്പോകണം... താനില്ലാത്തപ്പോൾ ഫസലുണ്ടായിരന്നിവിടെ. പക്ഷേ ഇപ്പോൾ അവന് ക്ലാസ്സ് തുടങ്ങാറായിരിക്കുന്നു. അങ്ങനെയാകുമ്പോൾ ഇവിടെ ആരുമില്ലാത്ത അവസ്ഥ... റഷീദിന് ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. എന്തായാലും വിഷ്ണുവിന്റെ സേവനം എപ്പോഴുമുണ്ടാകുമല്ലോ.. അവനോട് കാര്യങ്ങളെക്കുറിച്ചൊന്നു സൂചിപ്പിക്കാം.

വൈകുന്നേരം വിഷ്ണുവിനോട് റഷീദ് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. ഒരു ശ്രദ്ധ വാപ്പയുടെ കാര്യത്തിലുണ്ടാകണമെന്നും.. ആരോടും ഇക്കാര്യം പറയരുതെന്നും റഷീദ് പറഞ്ഞു... ഉച്ചഭക്ഷണവും കഴിഞ്ഞ് എല്ലാവരും വിശ്രമത്തിനായി പോയി... ഫസൽ ഹാളിലിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഫോൺ ബെല്ലടിച്ചു. അവൻ ചെന്ന് ഫോണെടുത്തു... അപ്പുറത്ത് ഒരു സ്ത്രീശബ്ദം..

“ഹലോ ആരാണ്...“

“ഫസലാണോ...?“

“അതേ...?“

“ഇത് ഞാനാ... സ്മിത...“

അവൻ ചുറ്റുമൊന്ന് നോക്കി.. ആരേലും തന്നെ ശ്രദ്ധിക്കുന്നോ എന്നറിയാൻ... ഇല്ല അവിടെങ്ങും ആരുമില്ല..

“പിന്നെ വിളിക്കണമെന്ന് കരുതിയതല്ല. ഒരു കാര്യം പറയാനുണ്ടായിരുന്നു. നാളെ ഫ്രീയാണോ...?“

“ആണല്ലോ...“

“എന്നാൽ നീ എന്റെ വീട്ടിലേക്ക് പോരേ...“

“അങ്ങോട്ടുള്ള വഴി..“

അവൾ വിശദമായി പോകേണ്ട വഴി പറഞ്ഞുകൊടുത്തു... അവന്റെ മനസ്സിൽ ഒരു പെരുമ്പറകൊട്ടുകയായിരുന്നു.

“എന്താ ഇത്ര അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്...“

“അതേ.. എന്റെ ചേട്ടൻ കാനഡയിലാണെന്നറിയാമല്ലോ.. എനിക്കവിടെ പോകാനൊരു അവസരം കിട്ടി... തൽക്കാലം അവിടെത്തിയതിനു ശേഷം ജോലിക്കു ശ്രമിക്കാം... പഠിച്ചത് നഴ്സിംഗാണല്ലോ... സിനിമാ മോഹമാണ് എന്നെ ഇവിടെ എത്തിച്ചത്...“

“അതെനിക്കറിയാം. എന്നാ പോകുന്നത്..“

“അടുത്ത ഞായറാഴ്ച... നീ എന്തായാലും വരണം.. ഒരു പക്ഷേ കാനഡയിലേയ്ക്ക് പോയിക്കഴിഞ്ഞാൽ നമുക്ക് കാണാനൊരു അവസരം അടുത്തെങ്ങുമുണ്ടാകുമെന്ന് തോന്നുന്നില്ല...“

“ശരി. ഞാൻ. എത്താം..“ അവൻ ഫോൺ കട്ട് ചെയ്തു...

എം.എസ്.സി. നഴ്സിംഗ് നല്ല മാർക്കോടുകൂടി പാസ്സായതാ.. പഠിക്കുമ്പോഴേ അഭിനയമോഹം... ചെറു വേഷങ്ങൾ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി ഒരു ചതിക്കുഴിയിൽ വീണു.. മോഹങ്ങളുടെ ചിറകറ്റു വീണത് വൈകിയാണറിഞ്ഞത്... ഇപ്പോൾ അവൾ തിരിച്ചുവരവിന്റെ പാതയിലാണ്... തനിക്ക് പറ്റിയ തൊഴിൽ നഴ്സിംഗ് തന്നെയെന്ന് അവൾക്ക് ബോധ്യമായിരിക്കുന്നു. ജേഷ്ഠനും ഭാര്യയും അവിടായതുകാരണം അവിടെ വേറേ പ്രശ്നങ്ങളൊന്നുമില്ല..

അവന്റെ മനസ്സൊന്നു ശാന്തമായി.. നാളെ എന്തായാലും വീട്ടിൽ പോകണം... അവരുടെ അപ്പനേയും അമ്മയേയും പരിചയപ്പെടാമല്ലോ... താൻ ആഗ്രഹിച്ചു കീഴ്പ്പെടുത്തിയ യുവതിയാണവൾ... ആരായാലും  മോഹിക്കുന്ന സൗന്ദര്യമായിരുന്നു അവൾക്ക്. ഇന്ന് സിനിമയിലുള്ള ഏതു നായികയെക്കാളും സുന്ദരി.. പക്ഷേ ഭാഗ്യം തുണച്ചില്ല... അവരുടെ പോക്ക് ഡയറക്ടർക്ക് വലിയൊരു അടിയായിരിക്കും. ഫ്രണ്ട് ഓഫീസിലെ ഒരു അഴക് അവരായിരുന്നു... അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം... തന്റെ പുരുഷത്വം അവളുടെ അഴിഞ്ഞാടിയത് അവൻ ഓർത്തെടുത്തു. അവളുടെ ശീൽക്കാരശബ്ദം അവളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം തന്റെ ചെവിയിൽ മുഴങ്ങും... ങ്ഹാ രക്ഷപ്പെടട്ടെ... ഇവിടെ നിന്നാൽ അവർ ഇനിയും ട്രാക്ക് മാറി സഞ്ചരിക്കും.. അവസാനം ആർക്കും വേണ്ടാത്ത രീതിയിലാകുമ്പോൾ വലിച്ചെറിയും, കറിവേപ്പിലപോലെ...

അവന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് സഫിയയുടെ വരവ്...

“എന്താടാ നീ ചിന്തിച്ചിരിക്കുന്നത്. “

“ഒന്നുമില്ലുമ്മാ...“

“ശരി... നാളെ നിനക്ക് വല്ലിടത്തും പോകണോ..“

“വേണം.. ഉമ്മാ.. കുറച്ച് പുസതകങ്ങൾ വാങ്ങണം.. സിറ്റിയിലേയ്ക്കാ...“

അഭിമന്യുവും ഭാര്യയും തിരികെപ്പോകാനുള്ള തയ്യാറെടുപ്പു തുടങ്ങിയിരുന്നു. ഓരോന്നു പായ്ക്ക്ചെയ്യുന്നു. റഷീദ് കൂടെക്കൂടെ വരുന്നതുകാരണം പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും വേണ്ടല്ലോ. ഇന്നുവൈകുന്നേരം അവരുടെ വീട്ടിൽ നിന്നും ആൾക്കാർ എത്തുമെന്നറിയിച്ചിരുന്നു. അവന്റെ ഭാര്യയും നല്ല സഹകരണമുള്ള കുട്ടിയാണ്. എല്ലാവർക്കുമൊപ്പം അവളും രാവിലെ അടുക്കളജോലിക്കായെത്തും. സഫിയ നിർബ്ബന്ധിച്ച് തിരികെപറഞ്ഞുവിടും. സ്നേഹപൂർവ്വമുള്ള പറച്ചിലിൽ അവൾ അതനുസരിക്കും. അഭിമന്യുവിനെ സംബന്ധിച്ച് ഒരുപുതു ജീവിതമാണ് ലഭിച്ചിരിക്കുന്നത്. നഷ്ടപ്പെട്ടു എന്നു കരുതിയിടത്തുനിന്നും പുതിയൊരു തുടക്കം... ഇപ്പോൾ ബന്ധുക്കളിൽ പലരേയും കണ്ടെത്താനും സാധിച്ചു. കുടുംബവീട് വീണ്ടെടുക്കാൻ സാധിച്ചതുതന്നെ ഒരു വലിയ സന്തോഷം നൽകുന്നതായിരുന്നു. എല്ലാറ്റിനോടും റഷീദിനോട് കടപ്പെട്ടിരിക്കുന്നു.

ദുബായിൽ അൻവർ തന്റെ കഴിവു മുഴുവൻ ബിസിനസ്സിൽപ്രദർശിപ്പിച്ചുകൊണ്ടിരുന്നു. റഷീദിനേക്കാൾ ബിസിസ്സ് മെന്റാലിറ്റിയുള്ളവനാണ് അൻവർ.. അടുത്തൊരു മാളിൽ റസ്റ്റാറന്റ് തുടങ്ങാനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടാണ് റഷീദും അഭിമന്യുവും നാട്ടിലേയ്ക്ക് തിരിച്ചത്. അതിന്റെ തുടർ ചർച്ചകൾ അൻവർ തന്നെ ഏറ്റെടുത്തിരുന്നു. അതിന് ഫലമുണ്ടായി. അവിടെ റസ്റ്റാറന്റ് തുടങ്ങാനുള്ള അനുവാദം കിട്ടിയിരിക്കുന്നു. ആ കുടുംബത്തിന് അതും ഒരു ആഹ്ലാദത്തിന് വകനൽകുന്നതായിരുന്നു. സ്ഥലം പോയി കാണുകയും അതിനുള്ള അഡ്വാൻസ് നൽകുകയും ചെയ്തത് റഷീദ് തന്നെ. മറ്റു കാര്യങ്ങളൊക്കെ റഷീദും അഭിമന്യുവും എത്തിയിട്ട് ചെയ്യാമെന്നുള്ള തീരുമാനത്തിലായിരുന്നു. അൻവർ വളരെ കുറഞ്ഞ കാലംകൊണ്ട് വലിയൊരുസുഹൃത് വലയം ഉണ്ടാക്കിയിരുന്നു. വിവിധ ഭാഷക്കാരും ദേശക്കാരും... രാത്രി ജോലി കഴിഞ്ഞ് വളരെ വൈകിയാണ് ഫ്ലാറ്റിലേയ്ക്ക് പോകുന്നത്. നാദിറയെ കൊണ്ടുവരാൻ അൻവറിനോട് റഷീദ് പറഞ്ഞെങ്കിലും അൻവറിന് അതിൽ താൽപര്യമില്ല. ഒരിക്കൽ തന്റെ ജീവിതത്തിന്റെ ഗതിമാറ്റി വിട്ടവളാണ്. ഇവിടെയെത്തി ഇവിടുത്തെ സൗകര്യങ്ങൾ കണ്ടുകഴിയുമ്പോൾ അവളിൽ ഇനിയും മാറ്റങ്ങളുണ്ടാകാം. അത് തന്റെ കുടുംബത്തിന്റെ ഭദ്രതയെത്തെന്നെ ബാധിക്കും.. അതു കാരണം അൻവർ അതിനു തുനിയുന്നില്ല.

സഫിയയുടെ വീടിന്റെ തറ പണി തുടങ്ങിയിരുന്നു. കോൺട്രാക്ട് കൊടുത്തിരിക്കുന്നതിനാൽ വലിയ ടെൻഷനില്ല. എല്ലാം അവർ തന്നെ നോക്കിക്കൊള്ളും. സഫിയയും വലിയ സന്തോഷത്തിലാണ്. സ്വന്തമായൊരുവീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു. വീടുവച്ചുവെന്നു കരുതി താൻ അവിടെ താമസിക്കാനൊന്നും പോകുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. അതവിടെ കിടക്കട്ടെ.. വാപ്പയേയും കുടുംബക്കാരെയും വിട്ട് താനെങ്ങോട്ടെയ്ക്കുമില്ലെന്ന് അവൾ തീരുമാനിച്ചിരുന്നു. അവൾകൂടി പോയാൽ പിന്നെ ഇവിടാര്. വളരെ ദുരെയല്ലല്ലോ.. വിളിച്ചാൽ വിളികേൾക്കുന്നിടത്തുതന്നെ. അയൽപക്കക്കാരുമായൊക്കെ അവർ നല്ല ബന്ധത്തിലായിരുന്നു. ആരു സഹായം ചോദിച്ചുവന്നാലും ഹമീദ് അവരെ സഹായിക്കുമായിരുന്നു. അതിൽ ജാതിയോ മതമോ നോക്കാറില്ല. അതു തന്നെയാണ് ഹമീദന്റെ പ്രത്യേകത.

സ്റ്റീഫന്റെ കുടുംബവും വളരെ സന്തോഷത്തിലായിരുന്നു. ആദ്യം വിവാഹത്തിന് എതിർത്തെങ്കിലും പയ്യന്റെ സ്വഭാവം അവർക്കെല്ലാം ഇഷ്ടപ്പെട്ടിരുന്നു. അടുത്ത ബന്ധുവീടുകളിലൊക്കെ പോയി ആ ബന്ധങ്ങൾ കുറച്ചുകൂടി ഊട്ടിയുറപ്പിച്ചു. വർഷങ്ങളോളം സഹകരിക്കാതിരുന്ന അവരെയെല്ലാം കൂട്ടിയോജിപ്പിക്കാൻ അവൻ തന്നെയാണ് മുൻകൈയ്യെടുത്തത്. ഇനി ഇളയ ആളും വളർന്നു വരുന്നു. അവളുടെ പഠിത്തം കഴിഞ്ഞ് ഒരു ജോലിയായിട്ടു മതി വിവാഹമെന്നാണ് അവൾ പറയുന്നത്. അങ്ങോട്ടു ചോദിച്ചില്ലെങ്കിലും അവളതൊക്കെ അവരോട് പറയാറുണ്ട്. ദീർഘവീക്ഷണം കുറച്ചു കൂടുതലുള്ള സ്വഭാവമാണ്.  പഠനത്തിൽ നല്ല മികവുമുണ്ട്.

ഫസലിന് ഐഷുവുമായുള്ള ബന്ധം വളരെ ദൃഢമായി വളർന്നുകൊണ്ടിരിക്കന്നു. രണ്ടുപേരുടെയും വീട്ടുകാർക്ക് ഇക്കാര്യങ്ങളൊക്കെ അറിയാം. പക്ഷെ ഇപ്പോൾ ആരും ഇക്കാര്യങ്ങൾ അവരോട് ചോദിക്കാറില്ല. കുട്ടികളല്ലേ അവരുടെ പടിത്തമൊക്കെ കഴിയട്ടെ.. കരിയറിൽ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള പക്വതയൊക്കെയായല്ലോ. അവരെ സംബന്ധിച്ച് അടുത്തൊരു അഞ്ചു വർഷങ്ങൾ വളരെ നിർണ്ണായകമാണ്. അതു കഴിഞ്ഞുമാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. അതു കഴിഞ്ഞ് പിജി ചെയ്യണമെന്നാണ് ഫസലിന് ആഗ്രഹം.. പക്ഷേ ഐഷു പറയുന്നത് വിവാഹംകഴിഞ്ഞ് പിജിക്ക് പോയാൽ മതിയെന്നുമാണ്. അതൊരു തർക്കവിഷയമായി ഇപ്പോഴുംതുടരുന്നു.

ഇടയ്ക്ക് ഡോ ഗോപി വിളിക്കാറുണ്ട്. കാര്യങ്ങൾ അന്വേഷിക്കും. വേണ്ട നിദ്ദേശങ്ങൾ നൽകും. കഴിഞ്ഞ ആഴ്ചയിൽ ചില പുസ്തകങ്ങൾ അവന് കൊറിയർ ചെയ്തിരുന്നു. പഠിക്കൻ ധാരാളമുണ്ട്. കിട്ടുന്ന പുസ്തകങ്ങൾ അവൻ വായിച്ചുപഠിക്കാൻ ശ്രമിക്കുന്നുമുണ്ട്. അറിയാതെ കിടന്ന പല അറിവുകളും അവനിൽ എത്തപ്പെടുന്നത് അങ്ങനെയൊക്കെയാണ്. മനുഷ്യശരീരത്തിൽ രഹസ്യങ്ങൾ അറിയുക... അതാണ് ഒരു മികച്ച ഡോക്ടറുടെ കഴിവ്.. അതിനുള്ള പ്രാപ്തി ഫസലിനുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഉപ്പയുടെ റിസൾട്ടിന്റെ കാര്യം അദ്ദേഹവുമായി ഡിസ്കസ് ചെയ്തിരുന്നു. ഡോക്ടർ പറഞ്ഞതുതന്നെയാണ് അദ്ദേഹവും പറഞ്ഞത്.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൃത്യമായ ചെക്കപ്പ്. അതു മുടങ്ങാൻ പാടില്ല.

റഷീദിന് വാപ്പയുടെ കാര്യത്തിൽ വളരെ ഉൽക്കണ്ടയുണ്ട്. വാപ്പയുടെ അസുഖവിവവരം വാപ്പയോട് പറഞ്ഞിട്ടില്ല. വെറുതേ എന്തിന് ടെൻഷനടിപ്പിക്കുന്നേ... ജീവിതത്തിൽ ദുഃഖങ്ങൾ മാത്രം അനുഭവിച്ച മനുഷ്യൻ സന്തോഷം ലഭിച്ചിട്ട് കുറച്ചു നാളുകളായിട്ടേയുള്ളൂ.. അപ്പോഴേയ്ക്കും അവശതയിലേയ്ക്ക് നീങ്ങുന്നു. ഉമ്മയ്ക്കും വാർദ്ധക്യം കടന്നുകൂടിയിരുന്നു. നടക്കാനും മറ്റുമെല്ലാം ബുദ്ധിമുട്ടുകളുണ്ട്. വീട്ടിൽ എല്ലാവരുമുള്ളതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോകുന്നു.

വൈകുന്നേരം ചായകുടി സമയത്ത് എല്ലാവരും ഒത്തുകൂടി. നാളെക്കഴിഞ്ഞ് അവർക്ക് പോകണം.. എല്ലാവർക്കും മനസ്സിന് വിഷമമുണ്ട്. പക്ഷേ ജീവിതമാണ്. അവിടെ ഇഷ്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ പലപ്പോഴും കഴിയാറില്ല... ഇത്രയും ദിവസം എങ്ങനെപോയെന്നറിയില്ല. എല്ലാവരേയും സംബന്ധിച്ച് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. ഈ വിട്ടിൽ മൂന്നു വിവാഹങ്ങൾ നടന്നെങ്കിലും ആഹ്ലാദത്തോടെ നടന്ന വിവാഹമായിരുന്നു അഭിമന്യുവിന്റെത്. അതൊക്കെ പടച്ചോന്റെ ഓരോ തീരുമാനങ്ങളാണെന്നാണ് ഹമീദിക്ക പറയുന്നത്.

വൈകുന്നേരംത്തോടെ അഭിമന്യുവിന്റെ ഭാര്യയുടെ അച്ഛനും അമ്മും സഹോദരിയുമെത്തിയിരുന്നു. അവർക്ക് യാത്ര കുറച്ച് ദുഷ്ക്കരമാണ് അവർ ഇവരെ യാത്രയാക്കിയിട്ടേ തിരികെ പോകുന്നുള്ളൂ. അവർക്കു താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഹമീദിന്റെ വീട്ടിൽ ആർക്കും സ്വന്തം വീടുപോലെ കയറിവരാനുള്ള സ്വാതന്ത്ര്യമുണ്ട്. തങ്ങളുടെ മകളെ നല്ലൊരു കുടുംബത്തിലേയ്ക്കയച്ച സന്തോഷം അവർക്കുമുണ്ട്. അനുജത്തിയുടെ ഭർത്താവ് ആസ്ട്രേലിയയിലാണ്... വിവാഹത്തിനായി അവൾ മാത്രമാണ് എത്തിയത്. രണ്ട് കുട്ടികൾ പരീക്ഷാ സമയമായതിനാൽ അവരെ കൊണ്ടുവരാനായില്ല... അടുത്ത ആഴ്ച തിരികെപ്പോകും.. ഇനി അടുത്ത വരവിന് ഒത്തുകൂടാമെന്നാണ് തീരുമാനം. അവൾക്ക് ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുന്നു. റയിൽവേയിൽവലിയ ഉദ്യോഗസ്ഥനാണ്. നല്ല സ്നേഹമുള്ള മനുഷ്യൻ. വിവാഹം കഴിഞ്ഞ് തിരികെപ്പോയി.. കാരണം വളരെ ഉത്തരവാദിത്വമുള്ള പൊസിഷനിലിരിക്കുന്ന ആളാണ്. കുടുംബസമേതം അവിടെത്തന്നെ... അവരുംകൂടി എത്തിക്കഴിഞ്ഞപ്പോൾ ഒരഘോഷത്തിന്റെ പ്രതീതിയായി. ഫസലും എല്ലാറ്റിനും സഹായിയായി കൂടെയുണ്ട്. രാത്രി നല്ലൊരു ഡിന്നറിനുള്ള ഒരുക്കം തുടങ്ങിയിരുന്നു.

ആഹ്ലാദത്തിനിടയിൽ പലപ്പോഴും ജാഗ്രത മറന്നുപോകുന്നു. അതിന്റെ ഫലമാണ് ഇന്നുകാണുന്ന കോവിഡിന്റെ വർദ്ധന.. പല രാജ്യങ്ങളും വീണ്ടും അടച്ചിടലിലേയ്ക്ക് പോകുന്നു. വീണ്ടുമൊരു അടച്ചിടൽ നമുക്കു ചിന്തിക്കാനാവില്ല.. സ്വയം സുരക്ഷ ഒരുക്കുക.. ഓരോരുത്തരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക.. ഒരുമിച്ചു നിന്നാൽ സാമൂഹിക അകലം പാലിച്ച് നമുക്ക് ഇവനെ തുരത്താം....




 

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 07 02 2021

 

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 14 02 2021



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ