27.2.21

നിഴൽവീണവഴികൾ ഭാഗം 115


 പണത്തിന്റെ കുറവാണെങ്കിലും അതും അദ്ദേഹം നൽകാൻ തയ്യാറാണ്.. വളരെ ആത്മാർത്ഥതയുള്ള സ്വദേശിയാണയാൾ.. റഷീദിനെ സ്വന്തം അനുജനെപ്പോലെയാണ് കാണുന്നത്. വേണ്ട എല്ലാസഹായവും ചെയ്തുകൊടുക്കുന്നു. എത്ര വിസവേണമെന്നു പറഞ്ഞാൽ മതി അടുത്ത നിമിഷം അതെല്ലാം റഡിയാക്കാനുള്ള നടപടികൾ ആരംഭിക്കും. തന്റെ വിജയത്തിനു കാരണം ആ മനുഷ്യസ്നേഹിയുമാണെന്ന് റഷീദിനറിയാം...

അടുത്ത ദിവസം അഭിമന്യുവിന്റെ വിവാഹപാർട്ടിയായിരുന്നു. സ്റ്റാഫുകളും മറ്റു പ്രമുഖ വ്യക്തികളും മാത്രം. എല്ലാറ്റിന്റെയും മുന്നിൽ റഷീദ് ഓടി നടക്കുന്നുണ്ടായിരുന്നു. അൻവറിന് യാത്രാവിലക്കുള്ളതിനാൽ സൗദിയിലേയ്ക്ക് വരാനായില്ല. എന്നാലും എല്ലാവിധ ആശംസകളും നേർന്നിരുന്നു. അടുത്ത ദിവസം മുതൽ രണ്ടാൾക്കും ജോലിയിൽ പ്രവേശിക്കണം. സ്റ്റാഫുകളെല്ലാം വളരെ സന്തോഷത്തിലായിരുന്നു ഇങ്ങനെയൊരു ആഘോഷം ആദ്യമായായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണം. എല്ലാവരും വളരെ സന്തോഷത്തിലുമായിരുന്നു. അതു കഴിഞ്ഞ് ഓരോരുത്തരായി പിരി‍ഞ്ഞു. അടുത്തദിവസംകാണാമെന്നു പറഞ്ഞ് റഷീദും യാത്രപറഞ്ഞിറങ്ങി.

നാട്ടിലേയ്ക്ക് വിളിച്ച് റഷീദ് വിവരങ്ങൾ തിരക്കി. വാപ്പയുടെ സുഖവിവരം ദിവസം രണ്ടു മൂന്നു നേരമെങ്കിലും വിളിക്കാറുണ്ട് റഷീദ് നാട്ടിലേയ്ക്ക്. ഇപ്പോൾ മോളും അവനോട് സംസാരിക്കാറുണ്ട്. അവൾക്ക് ചില വാക്കുകൾ പറയാനറിയാം.. അതൊക്കെ കേൾക്കുമ്പോൾ മനസ്സിന് സന്തോഷം. അനാഥാലയത്തിലെ പുതിയ ബ്ലോക്കിന്റെ പണി കഴിഞ്ഞതായി അറിയിപ്പ് ലഭിച്ചിരുന്നു. അതിനായുള്ള പണം മുടക്കിയത് റഷീദ് തന്നെയായിരുന്നു. അവരുടെ കടപ്പാടും നന്ദിയും പ്രാർത്ഥനയും ജീവിതത്തിൽ എന്നും തനിക്കു കരുത്തു പകരുമെന്നറിയാം. ഇത്തവണത്തെ വരവിൽ റഷീദിന് അവിടെ പോകാനായില്ല. അടുത്ത വരവിൽ എത്താമെന്നു അറിയിച്ചിരുന്നു. ഉദ്ഘാടനത്തിന് റഷീദിനെ അവർ പ്രതീക്ഷിച്ചു.പക്ഷേ റഷീദിന്റെ അഭിപ്രായത്തിൽ താൻ ചെയ്യുന്ന പ്രവർത്തി മറ്റൊരാൾ അറിയുന്നത് ഇഷ്ടമല്ലാത്ത ആളായിരുന്നു. കൂടുതൽ താമസിപ്പിക്കാതെ ഉദ്ഘാടനം നടത്തണമെന്ന് അധികാരികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. അതവർ സ്വീകരിച്ചു. അടുത്ത ആഴ്ച അതിന്റെ ഉദ്ഘാടനമാണ്. ആ ബ്ലോക്കിന് അവർ നൽകിയിരിക്കുന്ന പേര് ഹമീദ് അലി അക്ബർ ബ്ലോക്കെന്നാണ്. അതുപോലും അവരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു. വാപ്പയോട് അനുവാദം ചോദിച്ചില്ല... പിന്നെ കൂടുതൽ എതിർക്കാൻ പോയില്ല. അവൾ ഇപ്പോഴും അവരുമായി ബന്ധപ്പെടുന്നുണ്ട്. തന്റെ ഓരോ പടവുകളും താണ്ടാനുള്ള കരുത്തു നൽകിയ തന്നെ സംരക്ഷിച്ചു നിർത്തിയ സ്ഥാപനം.. മറക്കാനാവില്ല ഈ ജന്മം.

റഷീദ് തിരക്കുകളിലേയ്ക്ക് വഴുതിവീണു.അഭിമന്യുവും ജോലിയിൽ ജോയിൻ ചെയ്തു. വിവാഹത്തോടെ തന്റെ ഉത്തരവാദിത്വങ്ങൾ വർദ്ധിച്ചിരിക്കുന്നു. പഴയ ആളല്ല ഇപ്പോൾ അഭിമന്യു. ഉത്തരവാദിത്വമുള്ള ഒരു ഹൃഗനാഥൻ. ന്നാലും ജോലിയിൽ യാതൊരു കുറവും വരുത്താറില്ല. എല്ലാ ബ്രാഞ്ചുകളിലും സന്ദർശിക്കുക.അവിടെ ഉള്ള കുറവുകളും മറ്റും പരിഹരിക്കുക. ജീവനക്കാരുടെ പ്രശ്നങ്ങൾ ക്ഷമയോടെ മനസ്സിലാക്കുക. അതിനുള്ള പരിഹാരം കണ്ടെത്തുക. എല്ലാവിധത്തിലും തിരക്കോടു തിരക്കുതന്നെ. ജബലലിയിൽ പുതുതായി ഒരു ബ്രാഞ്ച് തുടങ്ങുന്ന കാര്യത്തിലുള്ള ചർച്ചകൾ നടക്കുന്നു. കുറച്ച് ദൂരം കൂടുതലാണെങ്കിലും അവിടൊരു ബ്രാഞ്ചുണ്ടെങ്കിൽ വളരെ പ്രയോജനകരമായിരിക്കുമെന്നാണ് പൊതുവേ എല്ലാവരുടേയും അഭിപ്രായം. സ്പോൺസർക്കും അതിൽതാൽപര്യമുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. തിരക്കുകളുടെ രണ്ടാഴ്ചകൾ കടന്നുപോയി. നാട്ടിൽ സഫിയയുടെ വീടുപണി നടക്കുന്നു. എല്ലാം വളരെവേഗത്തിലാണ്. കോൺട്രാക്ടറുമായി സംസാരിക്കാറുണ്ട്. അടുത്ത മാസം ഫസലിന്റെ ക്ലാസ്സ് തുടങ്ങും. അതിന്റെ ഏർപ്പാടുകളും നടത്താൻ അറിയിച്ചിട്ടുണ്ട്.

റഷീദ് എയർപോർട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു കൂടെ അഭിമന്യുവും ഭാര്യയും... സ്റ്റീഫന്റെ മകളും ഭർത്താവും വരുന്നുണ്ട്. അവരെ സ്വീകരിക്കണം. തങ്ങളുടെ ഓഫീസിലെ അക്കൗണ്ട്സിലേയ്ക്കാണ് അവനെ കൊണ്ടുവരുന്നത്. താമസം അഭിമന്യുവിന്റെ ബിൽഡിംഗിൽതന്നെ. കൃത്യ സമയത്തുതന്നെ ഫ്ലൈറ്റ് എത്തിയിരുന്നു. അവരെ രണ്ടാളേയും സ്വീകരിച്ച് അവർ റൂമിലേയ്ക്ക്. നാട്ടിലെ വിശേഷങ്ങൾ വാതോരാതെ സംസാരിച്ചിരുന്നു. ബന്ധുക്കളെ വിട്ടു വന്നതിൽ വിഷമമുണ്ടെങ്കിലും ഇവിടെയും  ബന്ധുക്കളുണ്ടല്ലോ എന്ന ആശ്വാസം. അവരെല്ലാം റൂമുകളിലെത്തി. ഇവിടെ താമസ സൗകര്യം കണ്ട് സ്റ്റീഫൻരെ മകളുപോലും ഞെട്ടിപ്പോയി. വളരെ വിശാലമായ ഫ്ലാറ്റ് പൂർണ്ണമായും ഫർണിഷ് ചെയ്തത്. തൊട്ടപ്പുറത്ത് അഭിമന്യുവും കുടുംബവും. എന്തായാലും എല്ലാവരും അടുത്തടുത്തു തന്നെയുണ്ടല്ലോ.

അൻവറിന് സൗദിയിലെത്തിയാൽ കൊള്ളാമെന്നുള്ള ആഗ്രഹമുണ്ട്.പക്ഷേ പാസ്പോർട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇവിടുത്തെ നിയമം അനുശാസിക്കുന്ന കാര്യം മാത്രമേ റഷീദ് ചെയ്യുള്ളൂ. വഴിവിട്ട ഒരു നടപടികളും സ്വീകരിക്കാൻ റഷീദ് തുനിയുകയുമില്ല. പഴയ കാലം തന്റെ അഹങ്കാരത്തിന്റെ ഫലം.. ഒരു സുപ്രഭാതത്തിൽ ഒന്നുമില്ലാതായ അവസ്ഥ. അവസാനം ജയിലിൽ.. ആരുമായും ബന്ധമുണ്ടായിരുന്നില്ല. റഷീദിന്റെ കാരുണ്യമില്ലായിരുന്നെങ്കിൽ താനിന്നും ജയിലിലെ ഇരുട്ടുമുറികളിലായിരുന്നേനേ... ഇന്നും അൻവറിന് അതൊരു പേടിസ്വപ്നമാണ്.

സ്മിത പോകുന്നതിന്റ തലേ ദിവസം വിളിച്ചിരുന്നു. അവൾ യാത്ര പറയാൻ എല്ലാവിധ യാത്രാമംഗളങ്ങളും ആശംസിച്ചു. കൂടെ അവളുടെ കുടുംബവും അവനോട് സംസാരിച്ചു. അവളുടെ അനുജത്തി അവനോട് പഠനവിവരങ്ങളൊക്കെ തിരക്കുകയും ചെയ്തു. അടുത്ത മാസം ക്ലാസ്  തുടങ്ങുമെന്നും അതിനുള്ള തയ്യാറെടുപ്പുകളും അവളും പൂർത്തിയാക്കിയെന്നും പറഞ്ഞു..

പഠനത്തിൽ റിയ വളരെ മിടുക്കിയാണ്. അത് പഠിക്കുമ്പോഴേ മനസ്സിലാക്കിയിരുന്നു. കാണാനും സുന്ദരി.. തന്നോട് കുറച്ച് അടുപ്പം കാണിച്ചുതുടങ്ങിയപ്പോഴേ ഐഷു കടിഞ്ഞാണിട്ടു.. എപ്പോഴും ഒരു സെക്യൂരിറ്റിയെപ്പോലെ തന്നെ ഐഷു വീക്ഷിക്കുമായിരുന്നു. അവൾ വിളിച്ച കാര്യം അറിഞ്ഞാൽ ഐഷു പിണങ്ങും അതുകൊണ്ട് അവളോട് ഇതൊന്നും പറയേണ്ട എന്നു കരുതി. താൻ പല സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പലരേയും കാണുമ്പോൾ ലൈംഗികമായ ചിന്തകൾ ഉണ്ടാകും പക്ഷേ ഐഷുവിനോടു മാത്രം ഇതുവരെ അങ്ങനെയൊരു അടുപ്പം തോന്നിയിട്ടില്ല.. ഒരുപക്ഷേ ആത്മാർത്ഥമായ പ്രണയമായിരിക്കാം... അവിടെ സെക്സിന് വലിയ പ്രാധാന്യമില്ലല്ലോ.. തങ്ങൾ പലപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ ഒരിക്കലും മോശമായ രീതിയിൽ സംസാരിക്കുകയോ നോക്കുകയോ ചെയ്തിട്ടില്ല. ഒരിക്കൽ അവളോട് ഒരുമ്മ തരുമോയെന്നു ചോദിച്ചതിന് നാലഞ്ചു ദിവസം മിണ്ടാതെ നടന്നു. അവൾ തികച്ചു വ്യത്യസ്ഥയാണ്.. ആരോടുമായി താരതമ്യം ചെയ്യാനാവില്ല. പാവമാണ്. തന്നെ അത്രയ്ക്ക് ഇഷ്ടവുമാണ്. താനാണെങ്കിലോ അവസരം ലഭിച്ചാൽ.... അവന്റെ മനസ്സിൽ കുറ്റബോധം തോന്നി.

ചെയ്യുന്ന പ്രവർത്തികൾ മോശമാണെന്നറിയാം.. അവസരങ്ങൾ താനായിട്ട് ഉണ്ടാക്കുന്നതല്ല.. തേടിവരുന്ന അവസരങ്ങളിൽ നിന്ന് തെന്നിമാറാനാവാതെ വീണുപോകുന്നു. ഒരുപക്ഷേ തന്റെ വീക്ക്നെസ്സായിരിക്കാം.. കുട്ടിക്കാലത്തെ പീഠനങ്ങൾ.. അതായിരിക്കും തന്നെ ഇതിലേയ്ക്ക് വലിച്ചിഴച്ചത്. ശാരീരികമായ അടുപ്പം പലരുമായി ഉണ്ടെങ്കിലും മനസ്സ് ഇപ്പോഴും ഐഷുവിന് മാത്രം അവകാശപ്പെട്ടതാണ്. ജീവിതത്തിൽ സ്മിതയിൽ നിന്നും ലഭിച്ച സുഖം മറ്റാരിൽ നിന്നും ലഭിച്ചിട്ടില്ല. അവളുടെ ശരീരഘടനയും വികാരമുണ്ടാക്കുന്ന സംഭാഷണവും.. ഒരുപക്ഷേ അതായിരിക്കും കാരണം. അവളെക്കുറിച്ച് ഓർക്കുമ്പോഴേ തന്റെ മനസ്സിൽ ലൈംഗിക ഉത്തേജനം ഉണ്ടാകും. അവളും ആഗ്രഹിക്കുന്നത് ഇണയുടെ സാമീപ്യം മാത്രം. പ്രകൃതിയുടെ ഓരോ വികൃതികൾ... തന്നേക്കാൾ പ്രായക്കൂടുതൽ. സെക്സിന് പ്രായമൊരു പ്രശ്നമല്ലല്ലോ... മനുഷ്യൻകല്പിച്ചു നൽകിയ മൂല്യങ്ങളിൽ ഊന്നിയുള്ള ജീവിതം. അതിൽ നിന്നുള്ള വ്യതിചലനങ്ങൾക്ക് കാരണമാകുന്നതും സെക്സ് തന്നെയാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതുപോലെ ലൈംഗിക ദാഹമുണ്ടാകുമ്പോൾ അതും ലഭ്യമാകേണ്ടതുതന്നെ. ഇതിനെ അവിഹിതമെന്നു പറയാമോ? രണ്ടാളുടേയും സമ്മതത്തോടെയുള്ള ഒരു കൊടുക്കൽ വാങ്ങൽ. ഇവിടെ ആരും ആരേയും ചതിക്കുന്നില്ല. ജൈവീകമായ ഒരു പ്രവർത്തി. ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് അവൻ വായനയിൽ മുഴുകി.

അടുത്ത ദിവസംരാവിലെ മൗലവി വിളിച്ചിരുന്നു. അന്നു വൈകുന്നേരം ഒരു പ്രഭാഷണമുണ്ടെന്നും വരുന്നുണ്ടോയെന്നു ചോദിച്ചു. അവന് സമ്മതമായിരുന്നു. വൈകുന്നേരം 3 മണിക്കുതന്നെ അദ്ദേഹം അവിടെത്തി. കുടുംബവുമായി ഇരുന്നു സംസാരിച്ചു. അല്പനേരത്തിനകം അവർ ഇറങ്ങി. കൃത്യം അഞ്ചരയ്ക്കു തന്നെ അവരവിടെ എത്തി. ഇത്തവണ ഫസലിന് അവസരമുണ്ടായിരുന്നില്ല. മൂന്നു നാല് പ്രഭാഷകരുണ്ടായിരുന്നു. തനിക്ക് സ്റ്റേജിന്റെ ഫ്രണ്ടിൽ തന്നെ ഇരിക്കാനുള്ള സീറ്റു ലഭ്യമാക്കിയിരുന്നു.

ഇസ്ലാംമതവിശ്വാസി ജീവിതത്തിൽ അനുശാസിക്കേണ്ട രീതികളെപ്പറ്റിയുള്ള പ്രഭാഷണമായിരുന്നു. വളരെ വാചാലനായി അദ്ദേഹം സംസാരിച്ചു. പരസ്പര വിശ്വാസവും കുടുംബസ്നേഹവും അങ്ങനെ നീണ്ടുപോയി...

“പ്രിയ സഹോദരരേ... നമ്മുടെ മതത്തിൽ ഒളിഞ്ഞും തെളിഞ്ഞും ചില ലൈംഗിക വൈകൃതങ്ങൾ കണ്ടുവരുന്നു. മുതിർന്നവർ അവരുടെ ലൈംഗിക ശമനത്തിനായി കുട്ടികളെ ഉപയോഗിക്കുന്നു. ചെറുപ്രായത്തിൽ അവരിലുണ്ടാക്കുന്ന ഈ ഷോക്ക് ഒരിക്കലും അവരുടെ ജിവിതത്തിൽ മറക്കാനാവില്ല. ഒരുപക്ഷേ അവരുടെ ഭാവി തന്നെ അപകടത്തിലാക്കുന്നതാണിത്. വിവാഹിതരും അവിവാഹിതരും ഇതിൽ ഒട്ടും പിന്നിലല്ല. ഇസ്ലാം ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. മൃഗങ്ങൾ പോലും ചെയ്യാത്ത പ്രവർത്തിയാണിത്.  ഇണയോട് ആകർഷണമാകാം. പക്ഷേ സ്വവർഗ്ഗത്തോട് ആകർഷണം തോന്നുന്നത് മാനസിക വൈകല്യമാണ്. അതിനുള്ള ചികിത്സകൂടിയാണ് ഇസ്ലാം. എത്രയോ അനുഭവങ്ങൾ ഞാൻ കേട്ടിരിക്കുന്നു. പലരേയും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനായിട്ടുണ്ട്. സ്വയം അറിയുക, കുട്ടികൾ നമ്മുടെ സമ്പത്താണ്. അവരെ ലൈംഗിക ശമനത്തിനുള്ള ഉപകരണമായി കാണരുത്... മനുഷ്യന് ലൈംഗിക തൃഷ്ണ ജന്മനായുള്ളതാണ്. അവന്റെ വിവേകമാണ് അവനെ പിടിച്ചു നിർത്തുന്നത്. സമൂഹത്തിൽ ചില നിയമങ്ങൾ നമ്മൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. കാമത്തിന് കടിഞ്ഞാണിടണം. പ്രസംഗം അങ്ങനെ നീണ്ടുപോയി.

അവൻ ആലോചിക്കുകയായിരുന്നു. ഈ മൗലവി തന്നേയും ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മാനസാന്തരപ്പെട്ടിരിക്കുന്നു. എത്രയോ മൗലവിമാർ ഈ സമുഹത്തിലുണ്ട്. അവർക്ക് ഈ പ്രഭാഷണം ഒരു പ്രചോദനമാണെങ്കിൽ... പക്ഷേ ഇപ്പോൾ അദ്ദേഹം അതിൽനിന്നെല്ലാം വിമുക്തനായിരിക്കുന്നു. വളർന്നുവരുന്ന മക്കളെ ഓർത്തായിരിക്കണം. തന്റെ പ്രായമുള്ള ഒരു മകനുണ്ട്. തന്നേക്കാൾ പ്രായമുള്ള മകളുമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് പേടി തന്റെ മക്കളെ ഇതുപോലെ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നാണ്. എന്തായാലും കുസൃതികൾ തനിക്കും ഇഷ്ടമായിരുന്നു. ആദ്യം ചില എതിർപ്പുകളുണ്ടായിരുന്നെങ്കിലും പിന്നിട് താനും ആ വഴിക്കുതിരിഞ്ഞുപോയി.

എത്രയോ കുട്ടികൾ ഈ വഴികളിലൂടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അടിമകളായി മാറിയിട്ടുണ്ട്. ലൈംഗിക തൃഷ്ണ പരിഹരിക്കാൻ ഒരു ശരീരം മതി എന്ന ചിന്ത.. ആ ശരീരത്തിനുള്ളിൽ നിഷ്കളങ്കമായ ഒരു മനസ്സുണ്ടെന്ന് ചിന്തിക്കാറില്ല. തുടയിടുക്കുകളിലും വായിലുമെല്ലാം ലൈംഗിക തൃഷ്ണ തീർക്കുന്നവർ.. സമൂഹത്തിന് എത്ര പുരോഗമനമുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല.

പ്രഭാഷണം അവസാനിച്ചു. അവർതിരികെ കാറിൽ കയറി..

“ഫസലേ ഇന്നത്തെ പ്രസംഗം എങ്ങനുണ്ടായിരുന്നു.“

“വളരെ നന്നായിരുന്നു.“

“ഇത് എന്റെ ഒരു കുറ്റസമ്മതവും പ്രായശ്ചിത്തവുമായിരുന്നു... ‍ഞാനും ഇതുപോലൊരാളായിരുന്നു. അതിൽ നിന്നും എന്നെ വിമുക്തനാക്കിയത് നീയാണ്. നിന്നോടെനിക്ക് നന്ദിയുണ്ട്.“

അദ്ദേഹം ഒരുപാട് മാറിയിരുന്നു. പഴയ ചിന്താഗതികളും ഇല്ലാതായി.. കുട്ടികളിൽ കണ്ടുവരുന്ന വിഷാദത്തിനും പഠന വൈകല്യത്തിനും ഇതും ഒരു കാരണമാണെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അവർ വളരെനേരം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അപ്പോഴേയ്ക്കും വീടെത്തിയിരുന്നു. നേരം വൈകിയതിനാൽ വീട്ടിലേയ്ക്ക് കയറുന്നില്ലെന്നു പറഞ്ഞു. ഇനിയും കാണാമെന്നു പറഞ്ഞ് മൗലവി  യാത്രയായി. ഫസൽ വീട്ടിൽ കയറി. ഹമീദ് വിശേഷങ്ങളൊക്കെ ചോദിച്ചു. അവൻ ചുരുക്കി കാര്യങ്ങൾ അവതരിപ്പിച്ചു. ഉപ്പയോട് പറയാനുള്ള വിഷയമല്ലല്ലോ.. അതുകൊണ്ട് പൂർണ്ണമായുള്ള വിവരങ്ങൾ പറഞ്ഞില്ല. പകരം ഇസ്ലാം അനുശാസിക്കുന്ന ജീവിതരിതിയെപ്പറ്റി പറഞ്ഞു.

അപ്പോഴാണ് ടെലിഫോൺ ശബ്ദിച്ചത്. അവൻ ഫോണെടുത്തു. ഐഷുവായിരുന്നത്. അവർ കുറേനേരം സംസാരിച്ചു. ഇവിടുത്തെ വിവരങ്ങളും അവിടത്തെ വിവരങ്ങളും ചോദിച്ചറിഞ്ഞു. അടുത്ത ആഴ്ച അവർ നാട്ടിലേയ്ക്കു വരുന്നെന്നും കാണണമെന്നും പറഞ്ഞു. വരുന്ന ദിവസം പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. അവളും ഉമ്മയും മാത്രമാണ് വരുന്നത്. വാപ്പയ്ക്ക് തിരക്കുകാരണം സമയം കിട്ടുന്നില്ല. രണ്ടുമൂന്നു ദിവസം ഇവിടെ കാണും..

അവന്റെ മനസിൽ സന്തോഷത്തിന്റെ പെരുമ്പറകൊട്ടി....




സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 28 02 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 07 03 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ