6.3.21

നിഴൽവീണവഴികൾ ഭാഗം 116


അപ്പോഴാണ് ടെലിഫോൺ ശബ്ദിച്ചത്. അവൻ ഫോണെടുത്തു. ഐഷുവായിരുന്നത്. അവർ കുറേനേരം സംസാരിച്ചു. ഇവിടുത്തെ വിവരങ്ങളും അവിടത്തെ വിവരങ്ങളും ചോദിച്ചറിഞ്ഞു. അടുത്ത ആഴ്ച അവർ നാട്ടിലേയ്ക്കു വരുന്നെന്നും കാണണമെന്നും പറഞ്ഞു. വരുന്ന ദിവസം പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. അവളും ഉമ്മയും മാത്രമാണ് വരുന്നത്. വാപ്പയ്ക്ക് തിരക്കുകാരണം സമയം കിട്ടുന്നില്ല. രണ്ടുമൂന്നു ദിവസം ഇവിടെ കാണും..

സഫിയയുടെ വീടുപണി വളരെ വേഗം നടക്കുന്നുണ്ടായിരുന്നു. സഫിയയും ഫസലുമൊക്കെ ഇടയ്ക്കൊക്കെ അവിടെ പോകാറുണ്ട്. വീടിന്റെ കോൺട്രാക്ടർ അലി എന്നു വിളിപ്പോരുള്ള മനുഷ്യൻ സഫിയയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവളോട് അയാൾക്കൊരു താൽപര്യം... സഫിയയോട് പലവട്ടം അടുക്കാൻ ശ്രമിച്ചു. സഫിയയ്ക്ക് കാര്യം പിടികിട്ടിയതുകൊണ്ട് കൂടുതൽ അടുപ്പം കാണിച്ചില്ല. 44 വയസ്സുണ്ട്. വിവാഹിതനായിരുന്നു. ഭാര്യ ക്യാൻസർ ബാധിച്ചു മരിച്ചു. ഒരു കുട്ടിയുണ്ട്. പിന്നീട് വിവാഹം കഴിച്ചില്ല. പക്ഷേ സഫിയയെ കണ്ടതുമുതൽ അയാൾക്ക് വലിയ ആഗ്രഹം. സഫിയ സഹരിക്കുന്നില്ലെന്നു മനസ്സിലായപ്പോൾ തൽക്കാലം അയാളതിൽ നിന്നുംപിന്തിരിഞ്ഞു... തന്റെ ജോലിയെ ബാധിക്കുമെന്നുള്ളതുകൊണ്ട് കൂടുതൽ നിർബന്ധത്തിനുപോയതുമില്ല.

ഒരു പുനർ വിവാഹത്തെക്കുറിച്ച് സഫിയ ചിന്തിച്ചിട്ടുപോലുമില്ല. ഒരു വിവാഹത്തിൽ നിന്നുണ്ടായ തിക്ത ഫലങ്ങൾ ഓർക്കാത്ത നിമിഷങ്ങളില്ല. അതിൽ നിന്നുള്ള ഭയം അതെന്നും തന്നെ പിന്തുടർന്നുകൊണ്ടിരിക്കും. സഫിയ എന്ന ഉമ്മ ഇപ്പോഴും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് ഫസലിനെയും ഉറ്റവരേയും ഓർത്തിട്ടാണ്. റഷീദ് ഒരിക്കൽ പുനർ വിവാഹത്തെക്കുറിച്ച് ചോദിച്ചതാണ്. പക്ഷേ താൽപര്യം കാണിച്ചില്ല. ജീവിതത്തിൽ ഇഷ്ടപ്പെട്ടത് ഒരു പുരുഷനെമാത്രം പക്ഷേ ആ ബന്ധത്തിൽ നിന്നും രണ്ടുപേർക്കും പിന്തിരിയേണ്ടി വന്നു. ആ ഓർമ്മകൾ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്. വിവാഹിതയായെങ്കിലും ഒരാളുടെ കാമം തീർക്കാനുള്ള ശരീരത്തിനുടമയെന്ന നിലയിൽ മാത്രമാണ് താൻ സ്വയം കരുതിയിരുന്നത് അപ്പോഴും മനസ്സ് തന്റെ ആദ്യ പ്രണയത്തിനൊപ്പമായിരുന്നു. നല്ല സ്വഭാവമുള്ള മനുഷ്യൻ തന്നെയാണ് അലി. പക്ഷേ മാനസികമായി ഒരു വിവാഹത്തിനോ ദാമ്പത്യത്തിനോ താൽപര്യമില്ല... ഇനിയുള്ള ജീവിതം കുടുംബത്തോടൊപ്പം ഫസലിനെയും അവന്റെ കുഞ്ഞുങ്ങളേയും നോക്കി ജീവിക്കുക.

കൃത്യമായ ഇടവേളകളിൽ ഹമീദിന് മരുന്നുകൾ എടുത്തു നൽകിയിരുന്നത് സഫിയ തന്നെയായിരുന്നു. സ്പ്രേ തലയിണയ്ക്കടുത്തുതന്നെ വച്ചിട്ടുണ്ട്. പലപ്പോഴും ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. പ്രായമായെങ്കിലും അവശനാണെങ്കിലും മനോധൈര്യം ഒന്നുകൊണ്ടുമാത്രം ദിവസങ്ങൾ കഴിഞ്ഞുപോകുന്നു. തന്റെ കാര്യത്തിൽ മക്കളുടെ പ്രത്യേക ശ്രദ്ധയുണ്ടെന്ന് ഹമീദിനറിയാം.. അധികനാൾ ഈ ദുനിയാവിൽ ഉണ്ടാവില്ലായെന്നും ഉറപ്പാണ്. ഉള്ളടത്തോളം കാലം ആരോഗ്യത്തോടിരിക്കണം അതാണ് ആഗ്രഹം.. എല്ലാം പടച്ചോന്റെ തീരുമാനങ്ങളാണല്ലോ. ഫസൽ ഇടയ്ക്കിടയ്ക്ക് ബൈക്കുമെടുത്ത് കറങ്ങാറുണ്ട്. ഫസലിന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ രണ്ടു വീടുകൾക്കപ്പുറമുള്ള ഒരു താത്ത പുറത്തേയ്ക്ക് ഇറങ്ങി നിൽക്കാറുണ്ട്. ആദ്യമൊന്നും അവൻ ശ്രദ്ധിച്ചില്ല.. പിന്നീടാണ് അവനത് മനസ്സിലായത്. കാണാൻ നല്ല മൊ‍ഞ്ചുണ്ട്. വിവാഹിതയാണെന്നു തോന്നുന്നു. കുട്ടികളായിട്ടില്ലായിരിക്കണം. ഒരു ദിവസം തിരികെ വരുന്നവഴിക്ക് വീടിനോട് ചേർന്നു നിൽക്കുന്ന അരമതിലിനരുകിൽ അവൾ നിൽക്കുന്നു. അവൻ ബൈക്ക് സ്ലോ ചെയ്തു. അവർ നോക്കി ചിരിച്ചു. അവനും.. അവൻ ബൈക്ക് നിർത്തി പേര് ചോദിച്ചു.

“ഫൗസിയ...“

“നല്ല പേര്.“

“നിന്റെ പേരെന്താ..“

“ഫസൽ.“

“ഇവിടാണോ വീട്..“

“അല്ല.. കെട്ടിച്ചോണ്ടുവന്നതാ.. ഗൾഫിലാ...“

വലിയ പ്രായമായിട്ടില്ല.. എന്തോ ഒരു ഇഷ്ടം അവനോടുണ്ടെന്ന് മനസ്സിലായി... ഇവർ അഭി ചേട്ടന്റെ  വിവാഹത്തിന് വന്നിരുന്നു. അന്നും തന്നെ ശ്രദ്ധിക്കുന്നത് അവന് മനസ്സിലായിരുന്നു. അൽപനേരം അവിടെ നിന്നിട്ട് അവൻ യാത്ര പറഞ്ഞു പിരിഞ്ഞു... അവരെന്തോ അവനിൽ നിന്നു പ്രതീക്ഷിക്കുന്നതായി അവനൊരു തോന്നൽ... കുറച്ചു നാളുകളായി അവന്റെ മനസ്സിൽ ലൈംഗികതയ്ക്ക് വളരെ പ്രാധാന്യം വന്നുതുടങ്ങിയിരുന്നു. കാണാൻ സുന്ദരൻ പലരും നോക്കാറുണ്ട്. ഇപ്പോൾ പ്രേമം തോന്നാറില്ല ശാരീരികമായ ആകർഷണം...

അടുത്ത ദിവസം അവൻ ലൈബ്രറിയിൽ നിന്നും പുസ്തകമെടുക്കാനായി പോയി... അന്ന് ബൈക്ക് എടുത്തിരുന്നില്ല. ആ വീടെത്തിയപ്പോൾ ഗേറ്റിലൂടെ അകത്തേയ്ക്ക് നോക്കി. അതേ. ഫൗസിയ മുറ്റം തൂക്കുന്നു. അവൻ കുറച്ചുനേരം നോക്കി നിന്നു. നല്ല അഴകൊത്ത ശരീരം തുടുത്ത മുഖം... മിന്നുന്ന കണ്ണുകൾ. അപ്രതീക്ഷിതമായി അവൾ തിരിഞ്ഞുനോക്കി.. നോക്കി ചിരിച്ചു.. അവൻ ഗേറ്റിനടുത്തേയ്ക്ക് ചെന്നു. തൊട്ടപ്പുറത്ത് വേറേ വീടുകളില്ല.. റോഡിൽ മറ്റാരേയും കാണാനുമില്ലായിരുന്നു. അവൾ ഗേറ്റ് തുറന്നു. അവൻ ഗേറ്റ് കടന്ന് അകത്തേയ്ക്ക്.

“ഇവിടാരുമില്ലേ...“

“ഇല്ല ഭർത്താവിന്റെ ഉമ്മ യും ഞാനും മാത്രമേയുള്ളു. ഉമ്മ ബന്ധുവീട്ടിൽ പോയിരിക്കുന്നു. അൽപംകഴിഞ്ഞു വരും... വാ വെള്ളം കുടിച്ചിട്ടു പോകാം...“

“അവൻ ക്ഷണം സ്വീകരിച്ചു. സിറ്റൗട്ടിൽ കയറി ഇരുന്നു. അവൾ അകത്തേയ്ക്ക് പോയി. ഫ്രിഡ്ജിൽ നിന്നും തണുത്ത ജ്യൂസുമായി വന്നു. അവൻ അറിയാത്തതുപോലെ അവളുടെ കൈകളിൽ സ്പർശിച്ചു. അവളുടെ മുഖത്ത് നാണം സ്ഫുരിക്കുന്നത് കാണാമായിരുന്നു. ദൂരെ നിന്നു കാണുന്നതിലും സുന്ദരിയായിരുന്നു. വലിയ പ്രായമില്ല.. പഠിച്ചുകൊണ്ടിരുന്നപ്പോൾ പിടിച്ചു കെട്ടിച്ചതാകും. വിവാഹശേഷം ഭർത്താവ് കൂടുതൽ നാൾ നിന്ന ലക്ഷണമില്ല... അവന്റെ മനസ്സിൽ പലവിധ ആഗ്രഹങ്ങളും പൊട്ടി മുളച്ചു. പലരും തന്നെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ തനിക്ക് പെണ്ണ് ആവശ്യ ഘടകമാണെന്നുള്ള തോന്നൽ...

“എത്ര വയസ്സായി...“

“പതിനേഴ്...“

അവളുടെ സംസാരത്തിനും ചിരിക്കും ഒരു ആകർഷണമുണ്ടായിരുന്നു. ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോഴും അവൻ അവളുടെ കൈകളിൽ സ്പർശിച്ചു.

“എന്നും ലൈബ്രറിയിൽ പോകുമോ.“

“ചില ദിവസങ്ങളിൽ..“

“എനിക്കേ ബൈക്കിൽ കയറാൻ വല്യ ആഗ്രഹാ.. അതാ നോക്കി നിൽക്കുന്നേ..“

“ഭർത്താവിനറിയില്ലേ..“

“ഇല്ല... അല്ലേലും അദ്ദേഹത്തിന് അതിനൊന്നും താൽപര്യമില്ല.. രണ്ടാംകെട്ടാ... കുറച്ചു പ്രായക്കൂടുതലുമുണ്ട്..“

അവന് കാര്യം പിടികിട്ടി.

“എന്റെ ബൈക്കിൽ കയറ്റാം..“

“യ്യോ വേണ്ട... നാട്ടാര് കണ്ടാലേ ജീവിതം തുലയും..“

അവളോട് സംസാരിച്ചിരിക്കാനും ഒരു രസം... കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു..

“ഫസൽ ഇനി പൊയ്ക്കോ... ഉമ്മ വരാറായി... ഉമ്മയില്ലാത്ത ദിവസം ഞാൻ പുറത്തിറങ്ങി നിൽക്കാം.. അന്ന് വാ.. സംസാരിച്ചിരിക്കാം..“

ഫസലിന് ഉള്ളിലൊരു കുളിര് കോരി... ഇത് നടക്കും....

അവൻ അവിടെനിന്നുമിറങ്ങി ലൈബ്രറിയിലേയ്ക്ക്... പുസ്തകങ്ങൾ തിരയുന്നതിനിടയിൽ പമ്മന്റെ ഭ്രാന്ത് എന്ന നോവൽ അവന്റെ കണ്ണിൽ പെട്ടു. നല്ല കട്ടിയുള്ള പുസ്തകം. ഒരുപാട് കേട്ടിരിക്കുന്നു വായിക്കാനുള്ള അവസരം കിട്ടിയില്ല.. പുസ്തകം എ യാണ്... എടുത്താൽ അവരെല്ലാം എന്തു ധരിക്കും തന്നെക്കുറിച്ച്. അല്ലെങ്കിൽ താനെന്തിനാ പേടിക്കുന്നേ... താനൊരാണല്ലേ... ഇതെല്ലാം വായിക്കാനുള്ളതല്ലേ... അവൻ കൂടെ രണ്ടു മൂന്നു പുസതകങ്ങളുമെടുത്തു ലൈബ്രറേറിയൻ രജിസ്റ്ററിൽ എഴുതി പുസതകങ്ങൾ അവന് നൽകി...

“ഇത് ഇന്ന് വന്നതേയുള്ളൂ.. വലിയ ഡിമാന്റാ. വേഗം കൊണ്ടുവരണേ... ഡോക്ടറാകാൻ പോകല്ലേ.. ഇതൊക്കെ വായിക്കണം..“

അവന് ഒരു ചമ്മലുണ്ടായി.. പക്ഷേ മുഖത്ത് പ്രകടിപ്പിച്ചില്ല.. പുസ്തകമെടുത്ത് നേരേ വീട്ടിലേയ്ക്ക്... നേരം സന്ധ്യ കഴിഞ്ഞിരുന്നു. ആ വീടിനു മുന്നിലെത്തിയപ്പോൾ ഗേറ്റിലൂടെ അകത്തേയ്ക്ക് നോക്കി.. കതകടച്ചിരിക്കുന്നു. മുറ്റത്ത് മങ്ങിയ വെളിച്ചത്തിൽ വീടു കാണാം... ഉറക്കമായി കാണും.. പ്രത്യേകിച്ച് രണ്ടു പെണ്ണുങ്ങൾ മാത്രമല്ലേയുള്ളൂ... അവൻ മുന്നോട്ടു നടന്നു.

“എന്താ ഫസലേ ലേറ്റായത്“

“അവിടെ രണ്ടു സുഹൃത്തക്കളെ കണ്ടു സംസാരിച്ചു നിന്നു ഉപ്പ.“

അവൻ പുസ്തകവുമായി മുകളിലേയ്ക്ക് പോയി.

അൻവർ നല്ല തിരക്കിലാണെപ്പോഴും. ബേക്കറിയിൽ നല്ല ജോലിയുണ്ട്, തിരക്ക് വളരെ കൂടുതലുമാണ്. കൂടാതെ ഹോം ഡെലിവറിയും തുടങ്ങിയിരിക്കുന്നു. രണ്ടു പയ്യമ്മാർ മാത്രമാണ് ഉണ്ടായിരുന്നത് തിരക്കു കൂടിയതിനാൽ മൂന്നുപെരെക്കൂടി റിക്രൂട്ട് ചെയ്തു. ഒരു സ്വദേശിയും രണ്ടു ഹിന്ദിക്കാരും. റൂട്ടൊക്കെ നന്നായ അറിയാവുന്നരാണവർ. അഡ്മിനിസ്ട്രേഷൻ കൈകാര്യം ചെയ്യാൻ റഷീദിനേക്കാളും മിടുക്കനാണ് അൻവറെന്ന് റഷീദിനും നന്നായറിയാം... അതുകൊണ്ടുതന്നെയാണ് ബേക്കറിയുടെ പൂർണ്ണ ചുമതല അൻവറിനെ ഏൽപ്പിച്ചത്. മാസംതോറും ശമ്പളവും ലാഭവിഹിതവും അവന്റെ അക്കൗണ്ടിലേയ്ക്ക് എത്തുന്നുണ്ട്. എന്തുകൊണ്ടോ. എത്ര കിട്ടുന്നു എന്താണ് എന്നുള്ള കാര്യങ്ങളൊന്നും അവൻ ഭാര്യയോട് പറഞ്ഞിട്ടില്ല. കാരണം ഒരനുഭവം ഉള്ളതാണല്ലോ..

ഭാര്യയല്ല കുറ്റക്കാരിയെങ്കിലും പണം കൂടുതൽ ഉണ്ടാകുന്നതു കാണുമ്പോൾ വീണ്ടും പഴയതുപോലെ ആയാലോ എന്നുള്ള പേടി. അടുത്ത കാലത്ത് അവളുടെ വാപ്പയ്ക്ക് സ്റ്റോണിന്റെ സർജറിയുണ്ടായിരുന്നു. അതിനുള്ള പണമൊക്കെ അയച്ചുകൊടുത്തതും അൻവർതന്നെ. അവരും സാമ്പത്തികമായി ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിലാണ്. നോക്കിയും കണ്ടുമൊക്കെ ജീവിച്ചില്ലേൽ ഇതുപോലെയാകും.



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 07 03 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 14 03 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ