20.3.21

നിഴൽവീണവഴികൾ ഭാഗം 118

 

ഡോക്ടർ യാത്ര പറഞ്ഞു പിരിഞ്ഞു. അവിടെനിന്നും വീട്ടിലേയ്ക്ക് ഫോൺചെയ്ത് വിശേഷങ്ങളൊക്കെ പറഞ്ഞു. അടുത്ത ദിവസം രാവിലെ മാത്രമേ ഡിസ്ചാർജ്ജ് ആകുള്ളൂ എന്നു പറഞ്ഞപ്പോൾ സഫിയയ്ക്കും ചെറിയ വിഷമം തോന്നി. വാപ്പ ഇന്നെത്തുമെന്നാണ് കരുതിയത്. ങഹാ.. എന്തായാലും അസുഖം ഭേദമാകുമല്ലോ..?

രാത്രിയിൽ ഹോസ്പിറ്റലിൽ അവർ മൂവരും മാത്രം. പ്രത്യേകിച്ച് ഹമീദിന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അൻവറും റഷീദും ‍ഡോക്ടറെ വിളിച്ചു സംസാരിച്ചു. അവരും ചെറിയ ടെൻഷനിലായിരുന്നു. രാവിലെ തന്നെ ഡോക്ടറെത്തി. എല്ലാം കൺട്രോളിലായിരിക്കുന്നു. ബാക്കി പരിശോധനകളുടെ റിസൾട്ടുകളും എത്തിയിരുന്നു.

“ഹമീദ്ക്കാ ഇന്നു വീട്ടിൽ പൊയ്ക്കോ... പക്ഷേ മരുന്നും ചെക്കപ്പും മുടക്കാൻ പാടില്ല. രണ്ടാഴ്ചകഴിഞ്ഞിട്ട് എന്തായാലും എത്തിയിരിക്കണം.“

“ശരി ഡോക്ടർ“

“ഫസലേ. നീ വേണം ഇതൊക്കെ ശ്രദ്ധിക്കാൻ.“

ഫസൽ തല കുലുക്കി. രാവിലെ പത്തുമണിക്ക് ഡോക്ടർ ഡിസ്ചാർജ്ജ് എഴുതിയിരുന്നു. ഫസൽ വീട്ടിൽ വിളിച്ച് വണ്ടി അയയ്ക്കാൻ പറഞ്ഞു.

വർഷങ്ങൾക്കുശേഷം വീടുവിട്ടു നിന്ന ദിവസമായിരുന്നു ഹമീദിനെ സംബന്ധിച്ച്. ഉള്ളിൽ ചെറിയ ഭയം തോന്നിത്തുടങ്ങിയിരുന്നു ഹമീദിന്. സൈനബയും ഭയന്നുപോയിരുന്നു. ഹമീദ് പുറമേ സന്തോഷവാനായിരുന്നുവെങ്കിലും ഉള്ളിൽ ചെറിയ ടെൻഷനുണ്ടായിരുന്നു. രാവിലെ ബ്രേക്ഫാസ്റ്റ് കാന്റീനിൽ നിന്നും വാങ്ങി. ആവശ്യമുള്ള മരുന്നുകൾ ഹോസ്പിറ്റലിലെ ഫാർമസിയിൽ നിന്നും വാങ്ങിയിരുന്നു. പത്തു മണിയോടെ വിഷ്ണു എത്തി. സിസ്റ്റർ വന്നു ഫസലിനോട് ഡോക്ടർ വിളിക്കുന്നെന്നു പറഞ്ഞു. ഫസൽ നേരേ ഡോക്ടറുടെ റൂമിലേയ്ക്ക് നടന്നു. വാതിൽ തട്ടി അകത്തേയ്ക്ക് പ്രവേശിച്ചു.

“ങ്ഹാ.. ഫസൽ ഇരിക്കൂ...“

ഫസൽ ഇരുന്നു.

“എന്നാ ക്ലാസ്സ് തുടങ്ങുന്നത്.“

“അടുത്ത മാസം...“

“എന്തായാലും വേണ്ട തയ്യാറെടുപ്പുകൾ നടത്തുക.“ അവർ കുറച്ചുനേരം കോളേജിനെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നു.

“ഫസലേ.. ഉപ്പയ്ക്ക് ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല... പക്ഷേ വളരെയധികം ശ്രദ്ധിക്കണം. പ്രായത്തിന്റേതായ ചില പ്രശ്നങ്ങളുണ്ട്. ഒരാളുടെ ശ്രദ്ധ എപ്പോഴുമുണ്ടാവണം... വീട്ടിൽ പ്രത്യേകം അക്കാര്യം അറിയിക്കണം. ചെക്കപ്പ് മുടങ്ങാതെ നടത്തണം. അവയവങ്ങളുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത കുറഞ്ഞുവരുന്നു. മരുന്നുകൾ കൊണ്ട് അവയെ അതിജീവിക്കാൻപരിമിതികളുമുണ്ട്. അതിനാൽ നാം വളരെ ശ്രദ്ധിക്കുക. ഫസൽ പോയിക്കഴിഞ്ഞാലും വളരെ ശ്രദ്ധയുണ്ടാവണം. വീട്ടിലിപ്പോൾ ആരൊക്കെയുണ്ട്.“

“ഉമ്മയും രണ്ടു മാമിമാരുമുണ്ട്.“

“ങ്ഹാ.. എന്തായാലും എല്ലാരുടേയും ശ്രദ്ധ അദ്ദേഹത്തിലുണ്ടായിരിക്കണം.“ ഡോക്ടർ പതുക്കെ എഴുന്നേറ്റു... ഫസലും.. വാ ഫസലേ... നമുക്കു റൂമിലേയ്ക്കു പോകാം..“ അവർ രണ്ടാളും ഹമീദിക്കാന്റെ റൂമിലേയ്ക്ക് പോയി...

അവിടെ യാത്ര തിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുകയായിരുന്നു. ബാഗ് വിഷ്ണു നേരത്തേതന്നെ വണ്ടിയിൽ കൊണ്ടുവച്ചു. വീൽച്ചെയർ എത്തിയിരുന്നു.

“ഹമീദ്ക്കാ.. കൊച്ചുമോനേട് എല്ലാം പറഞ്ഞിട്ടുണ്ട്. വളരെ സൂക്ഷിക്കണം... മരുന്നുകൾ മുടക്കാൻ പാടില്ല. രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും ചെക്കപ്പിന് വരണം.“

“അൽഹംദുലില്ലാഹ്... എല്ലാം പടച്ചോൻെറ നിശ്ചയം...“ അദ്ദേഹം സാവധാനം വീൽച്ചെയറിലേയ്ക്ക് ഇരുന്നു. അവർ സഹായിച്ചു. ഡോക്ടറോട് യാത്രപറഞ്ഞ് പിരിഞ്ഞു... വലിയ ബുദ്ധിമുട്ടുകളില്ലാതെ തന്നെ ഹമീദ് വാഹനത്തിൽ കയറി... വിഷ്ണു വണ്ടിയെടുത്തു.

പോകുന്ന വഴിക്ക് സിറ്റിയിൽ നിന്നും പച്ചക്കറികളും ഫ്രൂട്സും വാങ്ങാൻ സഫിയ പറഞ്ഞയച്ചിരുന്നു. വിഷ്ണുവും ഫസലും അതു വാങ്ങുന്നതിനായി വാഹനം നിർത്തി പോയി.

“നീ പേടിച്ചുപോയോ...“ ഹമീദ് സൈനബയോട് ചോദിച്ചു.

“പടച്ചോൻ കാക്കും എന്നുറപ്പായിരുന്നു.“ അദ്ദേഹം അൽപനേരം നിശ്ശബ്ദനായിരുന്നു.

“എല്ലാറ്റിനും ഒരവസാനം ഉണ്ടല്ലോ... എന്റെ ജീവിതത്തിൽ നീ എത്തിയതിനുശേഷം സന്തോഷം എന്തെന്ന് നീ അറിഞ്ഞത് നമ്മുടെ മക്കൾ ഒന്നു രക്ഷപ്പെട്ടതിനു ശേഷംമാണെന്നെനിക്കറിയാം...“

“അതെന്താ അങ്ങനെപറഞ്ഞേ... ഞാൻ സന്തോഷവതിയായിരുന്നല്ലോ... ഒരു ഭാര്യയ്ക്കു വേണ്ട സംരക്ഷണവും കരുതലും അങ്ങു തന്നിട്ടുണ്ട്.“

“അതല്ല..“

“ഇക്കാ.. വെറുതെ അതുമിതുമോർത്ത് ടെൻഷനടിക്കാതിരിക്ക്. ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ...“

“ഹമീദ് നിശബ്ദനായി... ഇനി ഓരോന്നുപറഞ്ഞ് അവളെ വേദനിപ്പിക്കേണ്ട.. നിഴലായി എന്നും കൂടെയുണ്ടായിരുന്നു. ഒരു വിഷമവും സങ്കടവും, പരിഭവവും തന്നോട് കാണിച്ചിട്ടില്ല. തന്റെ കാലം കഴിഞ്ഞാൽ അവളുടെ അവസ്ഥ എന്തായിരിക്കും എന്നോർത്തുള്ള വിഷമം അദ്ദേഹത്തിനുണ്ട്.

അവർ സാധനങ്ങളും വാങ്ങി എത്തി. വണ്ടിയുടെ പിറകിൽ വച്ചു. വാഹനം വീണ്ടും യാത്ര തുടർന്നു. ഏകദേശം 12 മണിയോടെ അവർ വീട്ടിലെത്തി. സഫിയയും മറ്റും വീടിനു പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. വാഹനം നേരേ അകത്തേയ്ക്ക്. സഫിയയും ഫസലും ചേർന്ന് ഹമീദിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി.. ഇപ്പോഴത്തെ തന്റെ സന്തത സഹചാരിയായ വടിയുടെയും സഫിയയുടെയും സഹായത്തിൽ ഹമീദ് വീട്ടിലേയ്ക്കുള്ള പടവുകൾ കയറി...

“ഞാൻ കുറച്ചുനേരം ഇവിടിരിക്കട്ടെ. നല്ല തണുത്ത കാറ്റുണ്ട്.“

ഹമീദ് തന്റെ ഇഷ്ട ഇരിപ്പിടത്തിൽ ഇരുന്നു. പുറമേ ചൂടു കുടുതലാണെങ്കിലും ഇവിടിരുന്നാൽ നല്ല തണുത്ത കാറ്റാണ്. സഫിയ അകത്തുപോയി വാപ്പയ്ക്ക് കുടിക്കാൻ വെള്ളവുമായെത്തി... അദ്ദേഹം വെള്ളം വാങ്ങിക്കുടിച്ചു.

“എങ്ങനുണ്ട് വാപ്പാ...“

“എനിക്ക് കുഴപ്പമൊന്നുമില്ല. ഡോക്ടറുടെ നിർബന്ധം കൊണ്ടു ഒരു ദിവസം കിടന്നതല്ലേ...  ഞാൻ പൂർണ്ണ ആരോഗ്യവാനാ...“

നാദിറയുടെ മകൾ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി. ഹമീദ് അവളുമായി കുശലം പറഞ്ഞു... അദ്ദേഹത്തിന്റെ സന്തോഷം ഇപ്പോൾ വീട്ടിലെ രണ്ടു കുരുന്നുകളാണ്. നാദിറയുടെയും അഫ്സയുടെയും  രണ്ടു മക്കൾ. സമയം പോകുന്നതറിയില്ല. അവരുടെ കുസൃതികളും മറ്റും കണ്ടിരിക്കാൻ നല്ല രസമാണ്. കുറച്ചു നേരം കഴിഞ്ഞ് ഹമീദ് റൂമിൽ കയറി ഡ്രസ് മാറി... ഫസൽ തന്റെ റൂമിലേയ്ക്ക് പോയി...

റഷീദും അൻവറും വിളിച്ചു. ഫസൽ വിശദമായി കാര്യങ്ങൾ അവരെ ധരിപ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞ് കൃത്യമായി ചെക്കപ്പിന് പോകണമെന്നും റഷീദ് പറഞ്ഞു. വാപ്പയുടെ ആരോഗ്യകാര്യത്തിൽ അവർ രണ്ടാളും അൽപം ടെൻഷനിലായിരുന്നു. എന്തായാലും വാപ്പയുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നുവെന്നുള്ള കാര്യം രണ്ടാൾക്കുമറിയാം... പടച്ചോന്റെ സഹായത്താൽ വലിയ പ്രശ്നങ്ങളില്ലാതെ പോകുന്നു.

അപ്രതീക്ഷിതമായി വീടിന്റെ ഗേറ്റിൽ ഒരു വാഹനം വന്നു നിന്നു. ഫസൽ പുറത്തേയ്ക്കിറങ്ങി. ഡോക്ടർ ഗോപി... പിറകിൽ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും... അവൻ സന്തോഷത്തോടെ ഗേറ്റു തുറന്നു. അവർ വാഹനം അകത്തേയ്ക്ക് കടത്തി. ഗോപി ആദ്യം വണ്ടിയിൽ നിന്നുമിറങ്ങി.. പിറകേ ദാസനും ഭാര്യയും ഹമീദിന്റെ കളി കൂട്ടുകാരൻ

ഹമീദും സന്തോഷത്തോടെ അവരെ സ്വീകരിക്കാൻ പുറത്തേയ്ക്കിറങ്ങി.

“ദാസാ എത്ര നാളായി കണ്ടിട്ട്. അവർ രണ്ടാളും പരസ്പരം ആശ്ലേഷിച്ചു.“

“എന്തായി ഫസലേ കാര്യങ്ങൾ.. പുസ്തകങ്ങളൊക്കെ കിട്ടിയില്ലേ..“

“കിട്ടി അങ്കിൾ.. അടുത്തമാസം ക്ലാസ്സ് തുടങ്ങും.. ഒരു ദിവസം മുന്നേ എത്തിയേക്കണം.. ഞാനവിടെയുണ്ടാവും വീടറിയാമല്ലോ..“

“അറിയാം.“

അവർ അകത്തേയ്ക്ക് കയറി...

സഫിയയുടെ മനസ്സിലൂടെ മിന്നൽപിണറുകൾ പാഞ്ഞു... ഒരു നിമിഷം അവൾ മറ്റൊരു ലോകത്തേയ്ക്ക് പോയി.. പെട്ടെന്നുതന്നെ ചിന്തകൾ കടിഞ്ഞാണിട്ട് ഇപ്പോഴത്തെ സഫിയയായി മാറി.... അവർക്ക് എല്ലാവർക്കും വെള്ളം കൊടുത്തു.

“നിങ്ങൾ എവിടുന്നു വരുന്നു.

“ഹമീദേ ഞങ്ങൾ രണ്ടാഴ്ചയായി ഇവനോടൊപ്പമായിരുന്നു... പറ്റുന്നില്ല..നാടു വിട്ടു നിന്നിട്ട് ഉറക്കവും വരുന്നില്ല.. വലിയ അസ്വസ്ത്ഥത.. അങ്ങനെ തിരികെപ്പോകാമെന്നു കരുതി.. കുറച്ചു നാളായി എനിക്ക് നിന്നെ കാണണമെന്നുള്ള വലിയ ആഗ്രഹം.. ഞാൻ ഇവനോട് പറഞ്ഞപ്പോൾ പോകുന്നത് ഇതുവഴിയാക്കാമെന്നു പറഞ്ഞത്...“

അവർ പഴയ ഹമീദും ദാസനുമായി മാറി...

ഗോപിയോട് ഹമീദ് ഹോസ്പിറ്റലിൽ പോയ കാര്യവും മരുന്നുകളുടെ കുറിപ്പടികളും നൽകി.. അദ്ദേഹം വിശദമായി ചോദിച്ചു മനസ്സിലാക്കി... മറ്റേ ഡോക്ടർ പറഞ്ഞതുതന്നെ ഗോപിയും പറഞ്ഞു. ആരോഗ്യം മോശമായി വരുന്നു വളരെ ശ്രദ്ധിക്കണം...

“ഭാര്യയും മോളും സുഖമായിരിക്കുന്നോ... അവർ വന്നില്ലേ..“ സഫിയ ചോദിച്ചു.

“ഇല്ല.. മോൾക്ക് പരീക്ഷയാണ്.. അതിനാൽ രണ്ടാളേയും യാത്രയിൽ നിന്നും ഒഴിവാക്കി...“

ഇവരുടെ കഥകളൊന്നും നാദിറയ്ക്കോ... അഫ്സയ്ക്കോ അറിയില്ല.. അയൽക്കാരായിരുന്നുവെന്നുള്ള കാര്യം മാത്രമേ അവർക്കറിയാവു... സഫിയയുടെ മനസ്സ് ഇപ്പോഴും അദ്ദേഹത്തെ കാണുമ്പോൾ പിടയ്ക്കാറുണ്ട്. ഇനി അതിനെക്കുറിച്ച് ഓർത്തിട്ട് കാര്യമില്ലല്ലോ...

സഫിയയും മറ്റുള്ളവരും അടുക്കളയിൽ അവർക്ക് ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഹമീദും ദാസനും പഴയകാര്യങ്ങൾ സംസാരിച്ച് ചിരിക്കുകയായിരുന്നു. കുറേ നാളുകൾക്കുശേഷം കണ്ടുമുട്ടിയതല്ലേ.. ഒരുപാട് കാര്യങ്ങൾ അവർക്ക് പരസ്പരം സംസാരിക്കാനുണ്ടായിരുന്നു. ദാസനും  ഭാര്യയ്ക്കും ശാരീരിക അവശതകളുണ്ട്... പ്രായം കൂടിവരികയല്ലേ എന്നാശ്വാസം...

അവർ എല്ലാവരും ഭക്ഷണം കഴിച്ചു. നാലു മണിവരെ എല്ലാവരും സംസാരിച്ചും പറഞ്ഞുമിരുന്നു. എന്തായാലും വീട്ടിലെത്തുമ്പോൾ വളരെ ഇരുട്ടുമെന്നറിയാം.. ഇവിടെ കയറാതെ പോയാൽ വലിയ നഷ്ടമാകുമായിരുന്നെന്ന് ദാസൻ പറഞ്ഞു..

സന്തോഷത്തോടെ അവർ യാത്രപറഞ്ഞ് പിരിഞ്ഞു... ആ വാഹനം വീടുമുറ്റത്തുനിന്നും കടന്നുപോയി.. ഫസൽ ഗേറ്റ് കുറ്റിയിട്ട് തിരികെയെത്തി... ഹമീദിന് വളരെ സന്തോഷമായിരുന്നു. അനേകനാളിനുശേഷം അവനെ കണ്ടതല്ലേ... കുറേനേരം സംസാരിച്ചും പറഞ്ഞുമിരുന്നു. ആ ഒരു സന്തോഷം..

ഫസൽ വൈകുന്നേരം വായിച്ചു തീർന്ന പുസ്തകവുമെടുത്ത് ലൈബ്രറിയിലേയ്ക്കു പോയി.

“ഫസലേ നേരത്തേ വരണേ..“ സഫിയയാണത് പറഞ്ഞത്..

റഷീദ് ബിസ്സിനസ്സിന്റെ തിരക്കിൽത്തെന്നെയായിരുന്നു. റിയാദിലെ പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള സംവിധാനങ്ങൾ തുടങ്ങിയിരുന്നു. അതിനാവശ്യമുള്ള സ്റ്റാഫുകളെ എടുക്കണം. അഭിമന്യുവും റഷീദും പറ്റിയ ലൊക്കെഷൻ കണ്ടെത്തിയിരുന്നു. ഒരു സൂപ്പർമാർക്കറ്റാണ്... വിദേശികളും സ്വദേശികളും ധാരാളമായി എത്തുന്ന സ്ഥലം... നല്ല വലിപ്പമുള്ള സ്ഥലമാണ് അവർക്ക് കിട്ടിയത്.. കോൺട്രാക്ട് സൈൻ ചെയ്ത്. ഇന്റീരിയൽ ചെയ്യാനുള്ള സംവിധാനങ്ങൾ തുടങ്ങിയിരുന്നു.

വളരെ മോഡേൺ രീതിയിലാണ് അവരവിടെ പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത മാസം ഉദ്ഘാടനം ചെയ്യണമെന്നാണ് ലക്ഷ്യം...

അതിനിടയ്ക്കുതന്നെയാണ് ദുബായിലെ ബ്രാഞ്ചും തുറക്കേണ്ടത്.. അതിന്റെ പണിയും ദ്രുതഗതിയിൽ നടക്കുന്നു. അതുടനേ തീരും.. അടുത്ത ആഴ്ച അവിടേയ്ക്കു പോകണം... അവിടുത്തെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല അൻവർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.

ഫസൽ ലൈബ്രറിയിലേയ്ക്ക് പോകുന്നു വഴി അവളുടെ വീടിനടുത്തെത്തിയപ്പോൾ ഗേറ്റിലേയ്ക്ക് നോക്കി.. തന്നെ പ്രതീക്ഷിച്ചതുമാതിരി അവൾ പുറത്തു നിൽക്കുന്നു. ഓടി ഗേറ്റിനടുത്തെത്തി...

“എന്താ ഇന്നലെ കാണാതിരുന്നത്...“

“അത് ഉപ്പയ്ക്ക് സുഖമില്ലായിരുന്നു. ഹോസ്പിറ്റലിൽ പോയി..“

“ഇപ്പോൾ എങ്ങനുണ്ട്.“

“കുഴപ്പമില്ല...“

“ഉമ്മയുണ്ടോ..“

“ഉണ്ട് അകത്താ..“

അൽപനേരം അവർ അവിടെനിന്നു സംസാരിച്ചു... അകത്തു നിന്നും ഉമ്മയുടെ വിളികേട്ടപ്പോൾ അവൾ യാത്ര പറഞ്ഞു പിരിഞ്ഞു...

ഫസൽ മുന്നോട്ടു നടന്നു... ലൈബ്രറിയിലെത്തി. ആനുകാലികങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു. പുസ്തകം തിരികെ നിൽകി... പുതിയ രണ്ടു പുസ്തകങ്ങൾ എടുത്തു..

“എന്നാ ഫസലേ ക്ലാസ്സ് തുടങ്ങുന്നേ..“ ലൈബ്രേറിയനായ അങ്കിളായിരുന്നു ചോദിച്ചത്.

“അടുത്തമാസം.“

“ക്ലാസ്സ് തുടങ്ങിയാൽ പിന്നെ ഇങ്ങോട്ടുള്ള വരവൊക്കെ കുറയുമല്ലേ..“

“കഴിയുമ്പോഴൊക്കെ വരണമെന്നാണാഗ്രഹം..“

“നന്നായി പഠിക്കണം... ഈ നാട്ടിലെ ആദ്യത്തെ ഡോക്ടറായിരിക്കും..“

“അവൻ തലകുലുക്കി..“

പുസ്തകവുമായി നേരേ വീട്ടിലേയ്ക്ക് തിരിച്ചു. പോകുന്നവഴിക്ക് വീണ്ടും ആ വീടിനു മുന്നിലെത്തിയപ്പോൾ ഗേറ്റിനകത്തുകൂടി അകത്തേയ്ക്കു നോക്കി.. ആരുമില്ല. ഗേറ്റ് അടച്ചിരിക്കുന്നു. അവൻ വീട്ടിലേയ്ക്കു നടന്നു.

വീട്ടിലെത്തിയപ്പോൾ ഐഷുവന്റെ കാൾ എത്തിയിരുന്നു.

“ഫസലേ.. നാളെ ഞങ്ങൾ നാട്ടിലേയ്ക്കു വരികയാണ്..“ എയർപോർട്ടിൽ നിന്നും നേരേ അങ്കിളിന്റെ വീട്ടിൽ പോകണം അങ്കിളിന്റെ മോളുടെ നിശ്ചയമാണ്. അതു കഴിഞ്ഞ് രാത്രിയിലേ ഞങ്ങൾ വീടിലെത്തുകയുള്ളൂ.. നീ നാളെ വീട്ടിലേയ്ക്ക് വരുമോ..“

“വരാം...“

“പിന്നെ നമുക്കുൊന്ന് കോച്ചിംഗ് സെന്ററിൽ പോകണം. അവിടുന്നു വിളിച്ചിരുന്നു. താനൊഴിച്ച് എല്ലാവരും അവിടെത്തിയിരുന്നെന്നു പറഞ്ഞു. എന്റെ അസൊകര്യം ഞാൻ അവരോട് പറഞ്ഞിരുന്നു. അതു മാത്രമല്ല എന്റെ അങ്കിളിന്റെ മകളെ അവിടെ ചേർക്കണം. അതുകൂടി സംസാരിക്കാം. വാപ്പ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. അതുകൊണ്ടു കുഴപ്പമില്ല..

“വാപ്പ വരുന്നില്ലേ..“

“ഇല്ലില്ല... ഞാനും ഉമ്മയും മാത്രം... പിന്നെ ഇത്തവണ ഞാനും ഉമ്മയും നിന്റെ വീട്ടിലേയ്ക്കു വരുന്നുണ്ട്... ന്റ ഭാവി അമ്മായി അമ്മയെ ഒന്നു കാണണം.. നീന്റെ വീടും ചുറ്റുപാടുകളുമൊന്നു കണ്ടിരിക്കാം...“

“വരുന്നതൊക്കെ കൊള്ളാം ഇവിടെ നിന്നുകളയുമെന്നു പറയരുത്..“

“അതേ ഞാൻ വന്നുകയറേണ്ട വീടല്ലേ അത്..“

“അത് അന്ന്..“

അവർ വളരെനേരം സംസാരിച്ചിരുന്നു. കുറച്ചു നാളുകളായിരിക്കുന്നു അവളെ കണ്ടിട്ട്... എന്തായാലും നാളെക്കഴിഞ്ഞ് കാണാമല്ലോ... അവന്റെ മനസ്സിന്റെ പൂന്തോട്ടത്തിൽ പ്രണയത്തിന്റെ പൂക്കളിട്ടു അവിടെ വണ്ടുകൾതേൻകുടിക്കാൻ മൂളി നടന്നു... പഴയ ഒരുപാട്ടിന്റെ ഈരടികൾ അയലത്തുള്ള റേഡിയോയിൽ നിന്നും ഒഴുകിയെത്തി....

 സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം......




സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 21 03 2021

തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്ച്ച 28 03 2021


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ