13.3.21

നിഴൽവീണവഴികൾ ഭാഗം 117

 

ഭാര്യയല്ല കുറ്റക്കാരിയെങ്കിലും പണം കൂടുതൽ ഉണ്ടാകുന്നതു കാണുമ്പോൾ വീണ്ടും പഴയതുപോലെ ആയാലോ എന്നുള്ള പേടി. അടുത്ത കാലത്ത് അവളുടെ വാപ്പയ്ക്ക് സ്റ്റോണിന്റെ സർജറിയുണ്ടായിരുന്നു. അതിനുള്ള പണമൊക്കെ അയച്ചുകൊടുത്തതും അൻവർതന്നെ. അവരും സാമ്പത്തികമായി ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിലാണ്. നോക്കിയും കണ്ടുമൊക്കെ ജീവിച്ചില്ലേൽ ഇതുപോലെയാകും.

ഫസൽ അത്താഴം കഴിഞ്ഞ് റൂമിലേയ്ക്ക് പോയി. പുസ്തകം മറിച്ചു നോക്കി. വായന തുടങ്ങി.. സിരകളിൽ വികാരമുണ്ടാക്കുന്ന രീതിയിലുള്ള രചനാരീതിയായിരുന്നു. രാത്രി ഒരുമണിവരെ ഇരുന്നു വായിച്ചു. നല്ല ഉറക്കം വന്നപ്പോൾ ഉറങ്ങി.. രാവിലെ കുറച്ചു ലേറ്റായാണ് ഉണർന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കാപ്പികുടി കഴിഞ്ഞ് റൂമിലേയ്ക്കു പോയി... ചില പുസ്തകങ്ങൾ റഫർ ചെയ്തു. ക്ലാസ്സ് ഉടൻ തുടങ്ങും. അതിനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.

റഷീദും അഭിമന്യുവും തങ്ങളുടെ തിരക്കുകളിലേയ്ക്കു കടന്നിരുന്നു. സ്റ്റീഫന്റെ മരുമകനും ജോയിൻ ചെയ്തു. ഇപ്പോൾ എല്ലാം സിസ്റ്റമാറ്റിക്കായിരിക്കുന്നു. ഓർഡർ സ്വീകരിക്കുന്നതിനായി ഒരാളെ പ്രത്യേകം നേരത്തേ നിയമിച്ചിരുന്നു. അതു കൂടാതെ ഒരാളെക്കൂടെ എടുത്തു. ഹോം ഡെലിവറി കുറച്ചു കൂടുതൽ വരുന്നുണ്ട്.

ബേക്കറിയുടെ വരുമാനം ദിനം പ്രതി വർദ്ധിച്ചുവരുന്നു. എല്ലാം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം എന്നു മാത്രമേ പറയാനാവൂ. അൻവർ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഡിസ്കസ് ചെയ്തു മാത്രമാണ് മുന്നോട്ടു പോകുന്നത്. പുതിയ ബ്രാഞ്ച് അവിടെ ആരംഭിക്കുന്ന കാര്യങ്ങൾ ദ്രുദഗതിയിൽ മുന്നോട്ടു പോകുന്നു. അടുത്ത മാസം ആദ്യം തുടങ്ങാനാണ് പ്ലാൻ. റഷീദും അഭിമന്യുവും അടുത്ത ആഴ്ച അവിടേയ്ക്ക് പോകും.. വേണ്ട കാര്യങ്ങളൊക്കെ ചെയ്തതിനു ശേഷം തിരികെവരും.. ഒരാഴ്ചത്തെ പരിപാടി. പിന്നീട് ഉദ്ഘാടനത്തിന് പോയാൽ മതിയല്ലോ.അവിടുത്തെ ചുമതലയും അൻവറിനു തന്നെ... നാട്ടിൽ നിന്നും ഒരു പയ്യനെ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ നിന്നും പണിയൊക്കെ പഠിക്കുകയാണ് അതിനുശേഷം അവനെ അവിടുത്തെ ചുമതല ഏൽപ്പിക്കും. റഷീദിനെ സംബന്ധിച്ച അന്യനായൊരു വ്യക്തിയല്ല. റഷീദിന്റെ ഭാര്യ വളർന്നത് ഒരു അനാഥാലയത്തിലായിരുന്നല്ലോ. അവിടെത്തെന്നെ ആൺകുട്ടികൾക്കുള്ള വിഭാഗത്തിലെ ഒരു പയ്യൻ... ഇന്നിപ്പോൾ അവന് 21 വയസ്സുണ്ട്. മാനേജരാണ് തന്നോട് വിവരം ചോദിച്ചത്. കാര്യങ്ങൾ മനസ്സിലായപ്പോൾ ആള് മിടുക്കനാണെന്ന് മനസ്സിലായി. എന്നാൽ പാസ്പോർട്ടെടുകകാൻ പറഞ്ഞു... പൂർണ്ണമായും അനാഥനെന്നു പറഞ്ഞുകൂടാ. അച്ഛൻ ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയതാണ്. വളർത്താൻ മാർഗ്ഗമില്ലാതെവന്നപ്പോൾ അമ്മതന്നെയാണ് അവനെ ഇവിടെ എത്തിച്ചത്. എത്തീംഘാനയിൽ പഠിപ്പിച്ചു. നന്നായി പഠിക്കുമായിരുന്നതിനാൽ വേണ്ട സഹാങ്ങളൊക്കെ ചെയ്തു. ഇപ്പോഴത്തെ കാലത്ത് നാട്ടിൽ ഒരു ജോലി ലഭിക്കുകയെന്നു പറഞ്ഞാൽ വലിയ പാടാണ്. അവനൊരു ജോലി ലഭിച്ചാൽ ഭാവി ജീവിതം സുഗമമായിരിക്കും എന്നു കരുതിയാണ് മാനേജർ തന്നോട് ഇക്കാര്യം പറഞ്ഞത്. അതു കേട്ടപ്പോൾ നല്ലൊരു പ്രവർത്തിയായിരിക്കുമെന്നു റഷീദിനും തോന്നി. അൻവറും അഭിമന്യുവുമായി സംസാരിച്ചപ്പോൾ അവരും ഓക്കൊ... പിന്നെ ഒട്ടും താമസിച്ചില്ല.. പാസ്പോർട്ടും വിസയും എല്ലാം  റഡി.. അൻവറിന്റെ കീഴിൽ ട്രെയിനിംഗ്. മിടുക്കൻ. നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നു. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ വളരെ വേഗം പഠിക്കുന്നു.

അൻവറിന്റെ അഭിപ്രായത്തിൽ അവനെക്കൊണ്ട് ഒരു ബ്രാഞ്ച് കൈകാര്യം ചെയ്യാനാവുമെന്നുള്ളത് ഉറപ്പാണ്. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം മുതൽ അവന് അവിടെയാകും ചുമതല. എം.ബി.എ. കഴിഞ്ഞു. കംപ്യൂട്ടറും നന്നായറിയാം.. നല്ല ദീർഘവീക്ഷണമുണ്ടവന്. പുതിയ ബ്രാഞ്ചിന്റെ ഇന്റീരിയർ ചെയ്യാൻ അവന്റെ സഹായവുമുണ്ടായിരുന്നു.

വിഷ്ണുവിനോട് പറഞ്ഞത് പ്രകാരം രാവിലെ തന്നെ വീട്ടിലെത്തി. ഹമീദിയ്ക്കയ്ക്ക് ഇന്നു ചെക്കപ്പിനുപോകാനുള്ള ദിവസമാണ്. ഹമീദും സൈനബയും ഫസലും സഫിയയുമാണ് കൂടെപ്പോകുന്നത്. റഷീദ് പ്രത്യേകം പറഞ്ഞിട്ടുണ്ട് ചെക്കപ്പ് മുടക്കാൻ പാടില്ലാന്ന്. അതുകൊണ്ട് കൃത്യമായി പോയേപറ്റൂ. പ്രത്യേകിച്ച് ഡോക്ടറും വളരെ സ്ട്രിക്ടാണ്. രാവിലെ 7 മണിക്ക് തന്നെ അവർ ഹോസ്പിറ്റലിലേയ്ക്ക് പുറപ്പെട്ടു. ഒരു മണിക്കുറിനകം അവരവിടെ എത്തി. ബ്ലഡും യൂറിനും കൊടുത്തു. അതിനു ശേഷം കാന്റീനിൽ നിന്നും ആഹാരം കഴിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും ബ്ലഡ് കൊടുത്തു.. അപ്പോഴേയ്ക്കും ഡോക്ടർ ഒ.പിയിലെത്തിയിരുന്നു.

“എങ്ങനുണ്ട് ഹമീദിക്കാ.. സുഖമാണോ.“

“സുഖമാണ് ഡോക്ടർ...“

“മോനെന്തു പറയുന്നു.“

“രാവിലെ വിളിച്ചിരുന്നു. സുഖമായിരിക്കുന്നു ഡോക്ടറോട് അന്വേഷണം പറയാൻ പറഞ്ഞു.“

ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രഷർ നോക്കി. പ്രഷർ കൂടുതൽ കാണിക്കുന്നു. അപ്പോഴേയ്ക്കും ടെസ്റ്റ് റിസൾട്ടുകളുമെത്തി. ഷുഗർ കൂടിത്തന്നെ നിൽക്കുന്നു. ഗുളികയിൽ നിൽക്കില്ലെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ ഇൻസുലിൽ സ്റ്റാർട്ട് ചെയ്യേണ്ടിവരും. എന്തായാലും നോക്കാം.

“ഫസലേ... ഉപ്പാക്ക് പ്രഷറും ഷുഗറും കുറച്ച് കൂടുതലാണ്. പൾസ് കുറച്ചു കൂടുതൽ കാണിക്കുന്നു. നമുക്ക് ഒരു ഇ.സി. ജി. എടുക്കണം. കൂടാതെ ചില പരിശോധനകളും.. രണ്ടു ദിവസം സ്റ്റേ ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടോ..“

“അത് ഡോക്ടർ.. പോയി വന്നാൽ പോരേ...“

“അതുപോരാ... ഇവിടെ കിടന്ന് നമുക്ക് അസുഖം കുറയ്ക്കാം. അതിനു ശേഷം വീട്ടിൽ പോകാം..“

“അത്...“

“ഹമീദിക്കാ ഇനി കൂടുതലൊന്നും ചിന്തിക്കേണ്ട... നമ്മുടെ അസുഖം ഭേദമാക്കാനല്ലേ...“

മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഡോക്ടർ ഉടൻ തന്നെ ചില ടെസ്റ്റുകൾക്ക് എഴുതിയിട്ടു. പ്രഷർ കുറക്കുന്നതിനായി ഒരു ഇഞ്ചക്ഷൻ നൽകി. ഇ.സി.ജി.യിൽ കുറച്ച് വേരിയേഷനുണ്ട്. അത് പ്രായത്തിന്റെതാണ്.. പ്രശ്നമുള്ള കാര്യമല്ല... ഒരു വി.ഐ.പി. റൂം തന്നെയാണ് ഹമീദിന് നൽകിയത്. ഹമീദും സൈനബയും ഫസലും ഹോസ്പിറ്റലിൽ നിൽക്കാമെന്നു തീരുമാനിച്ചു. അപ്രതീക്ഷിത വരവായതുകൊണ്ട് ഒന്നും കരുതിയില്ല ഫസൽ സഫിയയോടൊപ്പം തിരികെപ്പോയി ഡ്രസുമെടുത്തു വരാമെന്നു കരുതി യാത്ര തിരിച്ചു.

വീട്ടിലെത്തിയപ്പോഴേയ്ക്കും റഷീദിന്റെ ഫോണെത്തിയിരുന്നു ഫസൽ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു... വേണ്ട എല്ലാ ട്രീറ്റുമെന്റും കൊടുക്കാൻ ഡോക്ടറോടു പറയണമെന്നും താൻ ഹോസ്പിറ്റലിലേയ്ക്ക് വിളിച്ച് ഡോക്ടറോട് സംസാരിക്കാമെന്നു പറഞ്ഞു.

അവൻ ഡ്രസ്സുമെടുത്ത് ഹോസ്പിറ്റലിലേയ്ക്ക് വിഷ്ണുവുമായി യാത്ര തിരിച്ചു. അവിടെ ഹമീദിന് ചെറിയ ക്ഷീണമുണ്ടായിരുന്നതിനാൽ ഡ്രിപ് സ്റ്റാർട്ട് ചെയ്തിരുന്നു. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പല അവയവങ്ങളുടെയു പ്രവർത്തനക്ഷമത കുറവാണ്... പുറമേ നോക്കിയാൽ ആരോഗ്യവാനെന്നു തോന്നും... ഇടയ്ക്കിടയ്ക്ക് പ്രഷറും ഷുഗറും നോക്കുന്നുണ്ടായിരുന്നു.

ഫസൽ എത്തിയശേഷം അവർക്കുള്ള ആഹാരം ക്യാന്റീനിൽ നിന്നും ഓർഡർ ചെയ്തു. റഷീദ് ഡോക്ടറുമായി ഫോണിൽ സംസാരിച്ചു. പേടിക്കേണ്ടതില്ലെന്നും പ്രഷറും ഷുഗറും കൂടി നിൽക്കുന്നത് ഈ പ്രായത്തിൽ അത്ര നല്ലതല്ലെന്നും പറഞ്ഞു. വേണ്ട മുൻകരുതലെടുത്തെന്നും മരുന്നുകൾ നൽകിയെന്നും ഡോക്ടർ പറഞ്ഞു. വൈകുന്നേരംമായപ്പോഴേയ്ക്കും പ്രഷർ കൺട്രോളിലെത്തിയിരുന്നു. ഷുഗർ ഇൻസുലിൻ എടുത്തു കുറയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഒരുവിധം കൺട്രോളിലായിക്കഴിഞ്ഞാൽ പിന്നീട് ഗുളിക മതിയാകും.. ഹമീദിന് ഉള്ളിൽ ഭയമുണ്ടെങ്കിലും അതൊന്നും പുറത്തു കാണിച്ചിരുന്നില്ല.. എന്നായാലും തനിക്കു പോകാനുള്ള സമയമായെന്നുള്ള തോന്നൽ കുറച്ചു നാളുകളായി അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയിരുന്നു. തന്റെ പേരക്കുട്ടി ഒരു ഡോക്ടറായി ക്കാണാൻ ആഗ്രഹം.. അതു മാത്രമാണ് ഹമീദിന് അവസാനമായുള്ളത്... അതിനുള്ള ആയുസും ആരോഗ്യവും  പടച്ചോൻ നൽകുമെന്ന് പ്രതീക്ഷിക്കാം.

അടുത്ത ദിവസം രാവിലെതന്നെ സിസ്റ്റർമാർ ഡോറിൽ തട്ടി. ബ്ലഡ് എടുക്കാനായി വന്നതാണ്. രാവിലെ തന്നെപലതരത്തിലുള്ള പരിശോധനകൾ തുടങ്ങിയുരന്നു. ഇ.സി.ജി. എക്സ്റേ, തുടങ്ങി എല്ലാം. പത്തു മണിയോടെ ഡോക്ടറെത്തി. റിസൾട്ടു കണ്ടപ്പോൾ ഡോക്ടർക്കും സന്തോഷം..

“ഹമീദിക്കാ... പടച്ചോന്റെ സഹായത്താൽ എല്ലാം നോർമ്മലായിരിക്കുന്നു.. പിന്നെ... ഇനി.. പറയുന്നതുപോലൊക്കെ ചെയ്യണം... ഇന്നെന്തായാലും വിടുന്നില്ല. നാളെ രാവിലെ ഡിസ്ചാർജ്ജ് ചെയ്യാം... മരുന്നുകൾ സമയത്തുതന്നെ കഴിക്കണം മുടങ്ങാനേ പാടില്ല.. ആഹാരത്തിലുള്ള രീതിയിൽ മാറ്റംവരുത്തരുത്. പഞ്ചസാര പൂർണ്ണമായു ഒഴിവാക്കണം...“

“ചുരുക്കിപ്പറഞ്ഞാൽ എനിക്കൊന്നും കഴിക്കാനാവില്ലെന്നാണ് ഡോക്ടർ പറഞ്ഞുവരുന്നത്.“

“അങ്ങനെയല്ലിക്കാ.. ആഹാരം മരുന്നായി ഉപയോഗിക്കുക.. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനായി... പ്രായത്തിന് ഇതൊന്നും താങ്ങാനുള്ളകരുത്തില്ല.. പ്രായമെന്നു പറയുന്ന വെറും കണക്കുകളല്ല.. പ്രകൃതി നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റം...“

“ശരിയാ.. പഴയതുപോലെ ആരോഗ്യം ഇപ്പോഴില്ല.. ധൈര്യവും ചോർന്നുപോകുന്നു..“

“എല്ലാം ശരിയാകും ഇക്കാ....“

ഡോക്ടർ യാത്ര പറഞ്ഞു പിരിഞ്ഞു. അവിടെനിന്നും വീട്ടിലേയ്ക്ക് ഫോൺചെയ്ത് വിശേഷങ്ങളൊക്കെ പറഞ്ഞു. അടുത്ത ദിവസം രാവിലെ മാത്രമേ ഡിസ്ചാർജ്ജ് ആകുള്ളൂ എന്നു പറഞ്ഞപ്പോൾ സഫിയയ്ക്കും ചെറിയ വിഷമം തോന്നി. വാപ്പ ഇന്നെത്തുമെന്നാണ് കരുതിയത്. ങഹാ.. എന്തായാലും അസുഖം ഭേദമാകുമല്ലോ..?




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 21 03 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 14 03 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ