12.6.21

നിഴൽവീണവഴികൾ ഭാഗം 130


 “ങ്ഹാ.. ഫസലേ.. ഒരു ഡോക്ടറായാൽ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാ.... ഏതു നിമിഷവും സേവന സന്നദ്ധനായിരിക്കണം.. ഇതൊക്കെ പഠനം തുടങ്ങുമ്പോൾ മനസ്സിലാകും.. മറ്റുള്ളവരുടെ ജീവൻ നമ്മുടെ പക്കലാ... ജീവൻ നൽകുന്നത് ദൈവമാണെങ്കിലും അതു സംരക്ഷിക്കാൻ നമ്മളും പ്രയത്നിക്കണം...“
അവൻ തലകുലുക്കി...
“അപ്പോൾ ശരി.. ബൈൈ...“
വാഹനം റിവേഴ്സെടുത്ത് ടാറ്റപറഞ്ഞു പോയി...
അവർ വീട്ടിലേയ്ക്കും. ഫസൽ ഗേറ്റ് കുറ്റിയിട്ട് പൂട്ടി അവർക്ക് പിറകിലായി നടന്നു....

രണ്ടുദിവസത്തെ വിശ്രമം വിഷ്ണുവിന്റെ അസുഖം പൂർണ്ണമായും ഭേദമാക്കി. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. റഷീദ് അടുത്ത ആഴ്ച പോകാമെന്നുള്ള തീരുമാനത്തിലാണ്. അതിനു മുന്നേ സ്റ്റീഫന്റെ വീട്ടിലേയ്ക്കൊന്നു പോകണം പുള്ളിക്കാരൻ വന്ന കാര്യം അറിഞ്ഞെങ്കിലും എത്താനായിട്ടില്ല. ഒരു ചെറിയ സർജ്ജറിയുണ്ടായിരുന്നു. മകളെ അറിയിച്ചിട്ടില്ല, നാട്ടിൽ വന്ന് വിളിച്ചപ്പോഴാണ് അക്കാര്യമറിഞ്ഞത് തന്നെ പ്രത്യേകിച്ച് പറഞ്ഞതാ മകളെ അറിയിക്കരുതെന്ന്. സാധാരണ അദ്ദേഹം ഇവിടേയ്ക്ക് വരാറുള്ളതുമാണ്. വിഷ്ണുവിനോട് യാത്രപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതം മൂളി...

സഫിയയും, നാദിറയും, അഫ്സയും ഫസലും റഷീദും പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാവിലെ 7മണിക്കുതന്നെ അവർ യാത്ര തിരിച്ചു. ചെല്ലുന്ന കാര്യം അറിയിച്ചിരുന്നില്ല. വാപ്പാന്റെ കാര്യങ്ങളെല്ലം ഉമ്മ നോക്കാമെന്നേറ്റിട്ടുണ്ട്. പുതുതായി വരാമെന്നേറ്റപയ്യൻ നാളെ രാവിലെ എത്തുമെന്നും അറിയിച്ചു. അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തോട് കാര്യം പറഞ്ഞപ്പോൾ ഒരുമാസം റിലീവിംഗ് പിരീഡ് എന്നുള്ളത് കുറച്ചുകൊടുത്തു. അതു മാത്രമല്ല കുറേനാളായി എല്ലാവരും കൂടി ഒന്നു പുറത്തേയ്ക്ക് പോയിട്ട്. അല്ലേലും ഉമ്മയ്ക്കും വാപ്പയ്ക്കും പുറത്തു പോകണമെന്നുള്ള ആഗ്രഹം പണ്ടേയില്ല. നാദിറയുടെ കുഞ്ഞിന് പ്രായം ഒരു വയസ്സായി. റഷീദിന്റെ കുട്ടിക്ക് രണ്ട് വയസ്സും. രണ്ടാളും നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് തല്ല് കൂടുന്നത് കാണാം... അവർക്കും യാത്ര വലിയ ഇഷ്ടമാണ്. പോകാനുള്ള തയ്യാറെടുപ്പിൽ അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്തിരുന്നു. രാവിലെ കാപ്പി കുടിച്ചു. കുട്ടികൾക്കുള്ളത് പാഴ്സലായി എടുത്തു. ഉച്ചഭക്ഷണം വഴിയിൽ നിന്നും കഴിക്കാമെന്നുള്ള ഐഡിയ...

“വിഷ്ണു എങ്ങനുണ്ട്...“

“ഇപ്പോൾ കുഴപ്പമൊന്നുമില്ല.. രണ്ടു ദിവസം അമ്മ പുറത്തേയ്ക്കു വിട്ടില്ല... അതുകൊണ്ട് പൂർണ്ണമായും മാറി. ഇന്നലെ കുളിച്ചു. പൂർണ്ണ ആരോഗ്യവാനാ...“

“വണ്ടി ഓടിക്കാൻ കുഴപ്പമില്ലല്ലോ..“

“അതിക്ക... എന്തു അസുഖമാണെങ്കിലും ഞാൻ വണ്ടി ഓടിക്കും. അതെന്റെ ശീലമാ... വളയം പിടിച്ചു കഴിഞ്ഞാൽ ഒരസുഖവും ബാധിക്കില്ല....“

“ശരിയാ...“

വാഹനം ഇടവഴി വിട്ട് മെയിൻ റോഡിലൂടെ മുന്നോട്ട് നീങ്ങി... എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. റഷീദ് ഫ്രണ്ടിലായിരുന്നു ഇരുന്നത്. ബാക്കിയെല്ലാവരും പിറകിലും... റഷീദിന്റെ കുട്ടി ഫസലിന്റെ മടിയിലേ ഇരിക്കൂ.. ഓരോരോ കാര്യങ്ങളും അവനോടു ചോദിച്ചുകൊണ്ടിരിക്കുന്നു. പൂർണ്ണമായും തിരിയുന്നില്ലെങ്കിലും അവർക്ക് മനസ്സിലാകും..

“ഗോപി രാവിലെ വിളിച്ചിരുന്നു.“ റഷീദാണ് പറഞ്ഞത്...

“അതെന്താ ഇന്നലെ വിളിക്കാതിരുന്നത്“

“അത് അവനെത്തിയപ്പോൾ രാത്രി ഒരു മണി കഴിഞ്ഞിരുന്നു. നമ്മൾ ഉറങ്ങിക്കാണുമെന്ന് കരുതി പിന്നെ വിളിച്ചില്ല. എന്തായാലും സുഖമായെത്തിയെന്നു പറ‍ഞ്ഞു. പിന്നെ അവന് ഈ യാത്രയൊക്കെ പതിവുള്ളതാണ്.“

“നാളെ തിരിച്ചുപോകുമെന്നല്ലേ പറഞ്ഞിരിക്കുന്നത്...“

“അതേ.. ചിലപ്പോൾ ലീവ് നീട്ടിക്കിട്ടിയാൽ രണ്ടുദിവസം നിൽക്കാനാകുമെന്നും പറഞ്ഞിട്ടുണ്ട്. ഡോക്ടേഴ്സല്ലേ... നല്ല തിരക്കാണവരുടെ ജീവിതം.“

സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. ഇനി ഒരു മണിക്കൂറത്തെ ഓട്ടം... ഇടയ്ക്ക് നിർത്തി കരുതിയ ചായയും ലഘു ഭക്ഷണങ്ങളുംകഴിച്ചിരുന്നു. കുട്ടികൾ രാവിലെ ഒന്നും കഴിച്ചിരുന്നില്ല. പോകുന്ന വഴിയിൽ ബേക്കറിയിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി.. സ്റ്റീഫന്റെ വീട്ടിൽ  കൊടുക്കാനാ...  

വാഹനം മെയിൻ റോഡിൽ നിന്നും അവരുടെ വീട്ടിലേയ്ക്കുള്ള വളവ് തിരിഞ്ഞ് അൽപം കുണ്ടും കുഴിയും നിറഞ്ഞ റോഡിലേയ്ക്ക് തിരിഞ്ഞു. നേരേ വീടിനു മുന്നിൽ നിർത്തി... ഗേറ്റ് പൂട്ടിയിട്ടില്ല... റഷീദ് ഗേറ്റ് തുറന്ന് അകത്തേയ്ക്ക്... മുന്നിലെത്തി ബല്ലടിച്ചു. പുറത്തേയ്ക്ക് വന്നത് അദ്ദേഹത്തിന്റെ ഇളയ മകളായിരുന്നു.

“അമ്മാ... ദാ... ആരാ വന്നതെന്നു നോക്കിയേ...“

അവളുടെ അമ്മ പുറത്തേയ്ക്കു വന്നു.. ങ്ഹാ.. ഇതാരൊക്കെയാ.... “ദേ.... റഷീദും കുടുംബവും എത്തിയിട്ടുണ്ട്...“

“ഇതെന്താ വരുന്ന കാര്യം പറയാതിരുന്നത്...“

“എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്നു കരുതി...“

ഫസൽ ഓർക്കുകയായിരുന്നു. തനിക്ക് വളരെ പരിചിതമായ വഴിയായിരുന്നിത്... താനൊരിക്കലും മറക്കില്ല.. സ്റ്റീഫൻ അങ്കിളിന്റെ കൂടെ തന്റെ പിതാവിന്റെ കബറിടം സന്ദർശിക്കാൻ പോയതും. തിരികെ ഇവിടെ വന്നതും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.

“സ്റ്റീഫൻ ചേട്ടാ ഇപ്പോൾ എങ്ങനുണ്ട്...“

“കുറവുണ്ട് ... റഷീദേ...“

“കുറച്ചു നാളായി ഈ ഹെർണിയയുടെ ശല്യം തുടങ്ങിയിട്ട്.. പലപ്പോഴും നീണ്ട അവധി വേണ്ടതല്ലേയെന്നു കരുതി സർജ്ജറി നീട്ടിനീട്ടി കൊണ്ടുപോവുകയായിരുന്നു. മോളുടെ കല്യാണം കഴിഞ്ഞിട്ട് നടത്താമെന്നു കരുതി.. പക്ഷേ വീണ്ടും നീട്ടിവച്ചു. അവസാനം വേദന സഹിക്കവയ്യാതായപ്പോൾ ഡ്യൂട്ടിയിൽ നിന്നും തന്നെ തീയറ്ററിലേയ്ക്ക് കൊണ്ടുപോയി.. സർജ്ജറികഴിഞ്ഞാണ് ഇവിടെ വീട്ടിൽ കാര്യങ്ങൾ അറിയുന്നതുതന്നെ...“

“ഗൾഫിൽ രണ്ടാളും സുഖമായി സന്തോഷമായി കഴിയുന്നു..“

“മോള് ഇന്നു രാവിലെയും വിളിച്ചിരുന്നു. ഇന്നലെ നൈറ്റ് കഴിഞ്ഞതേയുള്ളൂ.. ഇന്നവൾക്ക് ഓഫാണ്... ഉറങ്ങാൻ പോകുന്നതിനു മുന്നേ വിളിച്ചു വിവരങ്ങൾ തിരക്കി...“

“റോസിയ്ക്ക് ബി.എസ്.സി.നഴ്സിംഗിന് അഡ്മിഷൻ റഡിയായി... സഭയുടെ കോളേജിലാ... അവൾക്കും നഴ്സിംഗ് മേഖല തന്നെ വേണമെന്ന് വാശി.. പിന്നെ എതിർത്തില്ല..“

“നല്ല മേഖലയല്ലേ....“

“അതേ... നന്നായി പഠിക്കും...  ഞാൻ പറഞ്ഞത് എഞ്ചിനീയറിംഗ് നോക്കാനാ.. അവള് പറയുവാ... എന്തേലും നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ നഴ്സിംഗ് മേഖലയാണ് നല്ലതെന്ന്... പിന്നെ ഞാനെതിർത്തില്ല..“

അപ്പോഴേയ്ക്കും റോസി ജ്യൂസുമായെത്തി..

“ഞങ്ങൾ റോസിയെക്കുറിച്ചാ പറഞ്ഞുകൊണ്ടിരുന്നത്..“

“അപ്പാ...“

“ഇല്ല മോളേ... നിന്റെ പഠിത്തത്തെക്കുറിച്ചാ..“

“അങ്കിൾ.. ഇവിടുന്ന് പോയി വരാവുന്ന ദൂരമേയുള്ളൂ... ഒരു മൂന്നു വർഷം... അതു കഴിഞ്ഞാൽ ചേച്ചി കൊണ്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്.. അപ്പൻ പറയുവാ.. നാട്ടിൽ നിന്നാൽ മതി...യെന്ന്.... അതിൽ ഞാനും അപ്പനും തെറ്റും..“

“അല്ല റഷീദേ... രണ്ടു മക്കളുള്ളതിൽ രണ്ടാളും ഗൾഫിലായാൽ പിന്നെ ഞങ്ങൾക്കാരാ...“

“അതൊക്കെ അപ്പന്റെ പേടിയല്ലേ അങ്കിളേ.. വലിയ ആർമീക്കാരനൊക്കെയാ.. പക്ഷേ... ഞങ്ങളെയോർത്ത് ഭയമാ..“

“ങ്ഹാ.. അതൊക്കെ പഠിത്തം കഴിഞ്ഞിട്ട് ആലോചിക്കാലോ... ചിലപ്പോൾ നാട്ടിൽ സർക്കാരിൽ നല്ല ജോലി കിട്ടിയാലോ..“

“എന്നാൽ ഇവിടെനിൽക്കും...“

എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. സ്റ്റീഫന്റെ ഭാര്യയും പെണ്ണുങ്ങളുമെല്ലാം ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി... നല്ല മട്ടൻ കിട്ടി... മട്ടൻ ബിരിയാണിയും ബീഫ് ഫ്രൈയും... ഇടയ്ക്കിടയ്ക്ക്  കുട്ടികളുടെ ബഹളവുമുണ്ട്. ഫസലും അടുക്കളയിൽ സഹായത്തിനു കൂടി...

എല്ലാവരും അവനെ കളിയാക്കുന്നുണ്ടായിരുന്നു.

“ചേച്ചീ... വീട്ടിൽ അടുക്കളയുടെ പരിസരത്തുപോലും വരാത്തോനാ.. ദാ നോക്കിയേ... ഉള്ളി തൊലിക്കുന്നു...“

“കളിയാക്കാതെ ഉമ്മാ...“

“അവനതൊക്കെ പഠിക്കണ്ടേ... ഇനി കോളേജിൽ പോയിത്തുടങ്ങിയാൽ.. ഇതൊക്കെ ഉപകാരപ്പെടും. ഒറ്റയ്ക്കു താമസിച്ചാൽ ഉണ്ടാക്കി കഴിക്കുന്നതല്ലേ നല്ലത്..“

സമയം പോയതറിഞ്ഞില്ല... ഉച്ചഭക്ഷണം തയ്യാറായി... സ്റ്റീഫനെ പതുക്കെ എഴുന്നേൽപ്പിച്ച് ഡൈനിംഗ് ടേബിളിലെത്തിച്ചത് റഷീദാണ്... എല്ലാവരും ഇരുന്നു. വിശാലമായ ഹാളായിരുന്നത്. പഴക്കമുള്ള വീടാണെങ്കിലും റൂമുകളും മറ്റും വളരെ വലുതായിരുന്നു. സ്റ്റീഫന്റെ ഭാര്യയും റോസിയും സഫിയയും എല്ലാവർക്കും വിളമ്പിവച്ചു...

“സഫിയ ഇരിയ്ക്ക്...“

“എല്ലാവരും തിന്നു തുടങ്ങിയിട്ട് ഇരിക്കാം ചേച്ചീ..“

“അവൾ വീട്ടിലും അങ്ങനെയാ... എല്ലാവരും തുടങ്ങിയിട്ടേ ഇരിക്കൂ..“

“അതുമ്മ മറ്റുള്ളവർ കഴിച്ച് കുഴപ്പമില്ലെന്ന് ഉറപ്പായേ കഴിക്കൂ..“

“പോടാ കളിയാക്കാതെ...“ എല്ലാവരും ചിരിച്ചു.

“വിഷ്ണുവെന്താ മിണ്ടാതിരുന്ന് കഴിക്കുന്നത്..“

“ഇക്കാ... ഭക്ഷണത്തിലെ ശ്രദ്ധ പോകും..“

“ഉവ്വുവ്വേ...“

കുട്ടികൾ അവരുടെ ലോകത്തായിരുന്നു. ഓടിയും ചാടിയും കളിക്കുന്നു. റോസിയും അവർക്കൊപ്പം കൂടി... ചെറു സന്ദർശനം നടത്തി തിരിക്കാമെന്നു കരുതിയതാ... സമയം നാലുമണിയായിരിക്കുന്നു. എല്ലാവർക്കും ചായയും ഉണ്ടാക്കി നൽകി... ഇനി തിരിച്ചില്ലെങ്കിൽ അങ്ങെത്തുമ്പോൾ ഒരുപാട് ലേറ്റാവും.. അവിടുന്ന് ചക്കയും മാങ്ങയും പലഹാരങ്ങളും പൊതിഞ്ഞ് സ്റ്റീഫന്റെ ഭാര്യ കാറിൽ കൊണ്ടുവച്ചു. വേണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. വീട്ടിൽ വരുമ്പോഴും ഇതുപോലെയാ...എല്ലാവരും യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി..

“ഹമീദ്ക്കാനോടും ഉമ്മയോടും അന്വേഷണം പറയണേ...“

“വാപ്പയ്ക്ക് നിർബന്ധമായിരുന്നു. ഇവിടെ വന്ന് നേരിട്ട് കണ്ട് സുഖവിവരം അറിയണമെന്ന്... പിന്നെ വാപ്പയൊന്നു ആരോഗ്യം വീണ്ടെടുക്കട്ടെയെന്നു കരുതി...“

അവർ യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. റോസിയും മമ്മിയും അവരെ ടാറ്റപറഞ്ഞു സ്റ്റീഫൻ  പുറത്തിറങ്ങിയില്ല... കൂടുതൽ നടക്കരുതെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വാഹനം ചെറുറോഡിൽ നിന്നും ഹൈവേയിലേയ്ക്ക് കയറി... നേരേ വീട്ടിലേയ്ക്ക്... വണ്ടിയിൽ കയറി അൽപം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടികളും ഉറക്കം തുടങ്ങിയിരുന്നു....




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 06 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 13 06 2021



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ