19.6.21

നിഴൽവീണവഴികൾ ഭാഗം 131

 


അവർ യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. റോസിയും മമ്മിയും അവരെ ടാറ്റപറഞ്ഞു സ്റ്റീഫൻ  പുറത്തിറങ്ങിയില്ല... കൂടുതൽ നടക്കരുതെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വാഹനം ചെറുറോഡിൽ നിന്നും ഹൈവേയിലേയ്ക്ക് കയറി... നേരേ വീട്ടിലേയ്ക്ക്... വണ്ടിയിൽ കയറി അൽപം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടികളും ഉറക്കം തുടങ്ങിയിരുന്നു....


വാഹനം വീട്ടിലെത്തി. സമയം 9 മണികഴിഞ്ഞിരിക്കുന്നു. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. പോയകാര്യങ്ങൾ റഷീദ് ഉപ്പയോട് വിശദീകരിച്ചു.


“അൽഹംദുലില്ല... വേറേ പ്രശ്നങ്ങളൊന്നുമില്ലല്ലോ..“


എല്ലാവരും ഫ്രഷായി അത്താഴം കഴിഞ്ഞ് കിടപ്പായി.


റഷീദ് തന്റെ യാത്രയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എല്ലാവരും അദ്ദേഹത്തിന് കൊണ്ടുപോകുന്നതിനുള്ള പലഹാരങ്ങളുടെ പണിപ്പുരയിലാണ്. അവിടെ നല്ല പലഹാരങ്ങൾ ലഭിക്കുമെങ്കിലും നാട്ടിൽനിന്ന് കൊണ്ടുപോകുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് .. അതു കാത്തിരിക്കുന്നവരുമുണ്ടവിടെ. പ്രത്യേകിച്ച് സ്പോൺസർ...


നാളെക്കഴിഞ്ഞ് യാത്ര.. ഇന്നുതന്നെ പുതുതായി വരാമെന്നുപറഞ്ഞ പയ്യനെത്തും വാപ്പയുടെ കാര്യത്തിൽ അതിനൊരു ശാശ്വത പരിഹാരമാവും.. അവൻ ആദ്യം കുറച്ചുദിവസം പോയിവരാമെന്നു പറ‍ഞ്ഞിരിക്കുകയാണ്. അടുത്തആഴ്ച ഫസലന് കോളേജിൽ ജോയിൻ ചെയ്യണം. അവനും കൂടി പോയിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ പെണ്ണുങ്ങൾ മാത്രമാവും. അത് അവർക്ക് മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ടുമാവും. അപ്രതീക്ഷിതമായി ഐഷു വിളിച്ചിരുന്നു. അവളുമായി ഫസൽഏറെനേരം സംസാരിച്ചു. തങ്ങളുടെ ആദ്യത്തെ കോളേജ് ദിവസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഇരുവരും പങ്കുവച്ചത്.


പഠനത്തിൽ അത്ര വലിയ മിടുക്കനൊന്നുമായിരുന്നില്ല ഫസൽ.. പക്ഷേ ഐഷുവുമായുള്ള കൂട്ട്  അതാണ് തന്നെ ലക്ഷ്യബോധമുണ്ടാക്കാനും ആ ലക്ഷ്യത്തിലെത്തിക്കാനും കാരണമായത്. അവളുടെ സ്നേഹപൂർവ്വമായ ഉപദേശം.. അവളുടെ കുടുംബത്തോടുള്ള സഹകരണം തനിക്ക് കുറച്ചുകൂടി ഊർജ്ജം പകർന്നു. തളർത്താൻ ശ്രമിച്ചിടത്തുനിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു. തകർന്നുപോയെന്നു കരുതിയ വാപ്പയുടെ മരണത്തിൽ നിന്നും മുക്തനാകാൻ സാധിച്ചതും തന്റെ വിജയംതന്നെയാണ്. ഉള്ളിൽ ഇന്നും ഒരു നെരിപ്പോടായി തുടരുന്നുവെങ്കിലും അതിനൊരു സുഖമുണ്ട്. വീട്ടിൽനിന്നു കിട്ടുന്ന സപ്പോർട്ട്.. എല്ലാവരും തന്നിലർപ്പിച്ച വിശ്വാസം. ഉപ്പയില്ലായിരുന്നുവെങ്കിലും തന്നെ അതൊന്നുമറിയിക്കാതെ വളർത്തി  ഉമ്മ...വലിയുപ്പ... മാമമാർ എല്ലാവർക്കും തന്നിൽ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷകൾക്ക് ചിറകുമുളക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. കോഴിക്കോട് മെഡിക്കൽകോളജ് വളരെ ഫേമസാണ്. അവിടെപ്പോലും തനിക്ക് സഹായത്തിന് ആളുണ്ട്. ഗോപിസാർ... അഡ്മിഷനു രണ്ടു ദിവസം മുന്നേ ഏത്താൻ പറഞ്ഞിരിക്കുന്നു. ഹോസ്റ്റലിൽ താമസം തീരുമാനിച്ചല്ലോ... അദ്ദേഹം ഹോസ്റ്റൽ വാർഡനും കൂടിയാണ് അതിനാൽ അവനിഷ്ടപ്പെട്ട റൂം നൽകാനുംകൂടിയാണ്.


നഷ്ടപ്പെട്ടുപോയ വാപ്പയുടെ സ്നേഹം മറ്റുള്ളവർ വാരിക്കോരി തരുന്നുണ്ടായിരുന്നുവെങ്കിലും ഹൃദയത്തിൽ എവിടെയൊക്കെയോ ഒരു നീറ്റലും വിങ്ങലും ഉണ്ടായിരുന്നു... ഓർമ്മകളിൽ മാത്രം തെളിഞ്ഞു നിന്നിരുന്ന ആ രൂപം വീണ്ടും കാണാനായത് ആ ആശുപത്രിക്കിടക്കയിൽ വച്ചാണ്. തന്നെപ്പോലെ സ്നേഹം ലഭിക്കാതെ വളർന്ന എത്രയോ കുട്ടികളുണ്ടാവാം... നഷ്ടസ്വപ്നങ്ങളുടെ വലിയൊരു ഭാണ്ഡകെട്ട് തന്റെ ചുമലിൽ ചുമയ്ക്കപ്പെട്ടുവെങ്കിലും.. അവർക്ക് ലഭിക്കാത്ത പലതും തനിക്കു ലഭിച്ചില്ലേ...  നിറകണ്ണുകൾ പലപ്പൊഴും കാഴ്ചകളെ മറയ്ക്കുന്നതിടയ്ക്കുംഅതിൽ സന്തോഷിക്കുകഎന്ന് സ്വയം മനസ്സിനെ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു... ...


ഐഷു ഇതുവരേയും തന്റെ വാപ്പയെക്കുറിച്ചു  ചോദിച്ചിട്ടില്ല... അതു ചോദിക്കേണ്ട ഒരു സാഹചര്യവും അവളായിട്ട് ഉണ്ടാക്കിയിട്ടില്ല.. അവൾക്കറിയാമായിരിക്കും... അവൾ മനസ്സിലാക്കിയിരിക്കും. എന്തുകൊണ്ടും തന്നെ മനസ്സിലാക്കി പെരുമാറാനറിയാവുന്നവളാണവൾ... ഏതു പ്രശ്നവും തുറന്നു പറയാമായിരുന്നവളോട്.. എന്തുകൊണ്ടോ ഇതൊന്നും പറയാൻ സാധച്ചിട്ടില്ല.  അന്നത്തെദിവസം വീട്ടിൽ എല്ലാവരും നല്ല തിരക്കിലായിരുന്നു. ഇടയ്ക്ക് റഷീദ് ഫസലിനേയും കൂട്ടി പുറത്തേയ്ക്ക് പോയിരുന്നു. അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങുന്നതിനായി... ഉച്ചയ്ക്കു മുമ്പ് അവർ വീട്ടിലെത്തി.


കുറച്ചു നാളുകൾക്കു ശേഷമാണ് മൗലവിയുടെ  വിളിയെത്തിയത്. വിവരങ്ങൾ ചോദിച്ചു. മാമ നാട്ടിലെത്തിയ കാര്യവും തനിക്ക് ക്ലാസ്സ് തുടങ്ങുന്ന കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു. ഉപ്പയ്ക്ക് സുഖമില്ലാത്ത കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും വിഷമമായി. ഉപ്പയോടും അദ്ദേഹം സംസാരിച്ചു. രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹം വീട്ടിലേയ്ക്ക് വരുമെന്നും പറഞ്ഞിട്ടുണ്ട്. തന്റെ വീടുപണി പൂർത്തിയാവാറായി... വീടുകൾ സ്വന്തമായി രണ്ടെണ്ണമുണ്ടെങ്കിലും രണ്ടു ഭാര്യമാർക്കും ഒരുമിച്ചു താമസിക്കാനുള്ള സൗകര്യം കുറവായിരുന്നു. ഭാര്യമാർ രണ്ടുപേരുംനല്ല സൗഹ‍‍ൃദത്തിലാണ്. അവരുടെ മക്കളും അതുപോലെതന്നെ... ആദ്യമൊക്കെ കുറച്ചു പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് അതൊക്കെ പരിഹരിക്കാനായി. അവരുടെ തന്നെ നിർദ്ദേശപ്രകാരമാണ് പുതിയ വീടുവയ്ക്കാൻ തീരുമാനിച്ചത്. അതെന്തായാലും പൂർത്തിയാകുന്നു. അതിൽ കുടുംബത്തോടെ ക്ഷണിക്കാനാണ് വരുന്നത്. ഇവിടെനിന്നും പോകാൻ താൻ മാത്രമേ കാണൂവെന്ന് ഫസലിനറിയാം.. എന്നാലും വിളിക്കേണ്ട ചുമതല അദ്ദേഹത്തിനാണല്ലോ...


എല്ലാപ്രാവശ്യത്തെപ്പോലെതന്നെ വാപ്പയെ വിട്ടുപിരിയുന്നതിൽ റഷീദിന്റെ മകൾക്ക് വിഷമമായിരുന്നു. വെളുപ്പാൻ കാലത്ത് കണ്ണുതിരുമ്മി ഉണർന്നിരുന്നു. വാപ്പ ഉമ്മകൊടുത്തപ്പോൾ അവൾ കരയാനാരംഭിച്ചു.. വിഷ്ണുവും ഫസലും സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റിയിരുന്നു. സമയം രണ്ടുമണി. ആറുമണിക്ക് റിപ്പോർട്ട് ചെയ്യണം.. വാപ്പയോട് യാത്രപറയുമ്പോൾ വാപ്പയുടെ കൈകൾ വിറയ്ക്കുന്നതും തൊണ്ടയിടറുന്നതും കണ്ണുകളിൽ കണ്ണുനീർ നിറയുന്നതും റഷീദ് അറിഞ്ഞു.. യാത്രപറഞ്ഞ് വണ്ടിയിൽ കയറി... എല്ലാവരോടും ടാറ്റപറഞ്ഞ് വണ്ടി ഗേറ്റ് കടന്ന് മുന്നോട്ട്. കുറേനേരത്തേയ്ക്ക് ആർക്കുമൊന്നും മിണ്ടാനായില്ല..


റഷീദ് തന്നെയാണ് നിശബ്ധതയ്ക്ക് വിരാമമിട്ടത്. “വിഷ്ണു വീട്ടിലേയ്ക്കും ഒരു ശ്രദ്ധ വേണം കേട്ടോ... “


“ഇക്കാ അതിലൊന്നും പേടിക്കേണ്ട...“


“ഇന്നുതന്നെ പുതിയ ആളെത്തും... വാപ്പാന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ ആവശ്യമാ... ഇപ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യുമെങ്കിലും സഹായം ആവശ്യമാണ്. ഉമ്മയ്ക്കാണെങ്കിൽ വലിയ ആരോഗ്യവുമില്ല.. ഉപ്പാനെ താങ്ങി എഴുന്നേൽപ്പിക്കാനുള്ള ആരോഗ്യവുമില്ല.... ഇതാവുമ്പോൾ നമുക്ക് ആറിയാവുന്ന ആളുമാണ്...“


“അതെന്തായാലും നന്നായി റഷീദ്ക്കാ...“


അവർ ഓരോ കാര്യങ്ങളും പറഞ്ഞ് ഇടയ്ക്ക് മയങ്ങിപ്പോയി. വാഹനം എയർപോർട്ടിലെത്തി വിഷ്ണു രണ്ടാളെയും വിളിച്ചുണർത്തി. പത്തുമിനിട്ട്  നേരത്തെ എത്തിയിരിക്കുന്നു. ഫസൽ ഓടിപ്പോയി ഒരു ട്രോളിയുമായെത്തി. ലഗ്ഗേജ് ട്രോളിയിലേയ്ക്ക് കയറ്റി.


“ഫസലേ.. നിന്റെ പുതിയ കോളേജ് ജീവിതം ആരംഭിക്കുകയാണ്. എല്ലാവിധ ആശംസകളും.. അതുപോലെ പഠനത്തിൽ വളരെയധികം ശ്രദ്ധിക്കണം. നിന്നിലെ പ്രതീക്ഷ വാനോളമുണ്ട്. പണത്തെക്കുറിച്ച് നീ ആലോചിക്കുകയേ വേണ്ട...“


അവൻ തലകുലുക്കി... റഷീദ് രണ്ടാളോടും യാത്രപറഞ്ഞു പിരിഞ്ഞു... അവർ കുറേ നേരംകൂടി അവിടെത്തന്നെ നിന്നു. പണ്ടുമുതലേയുള്ള ശീലമാണ്. യാത്രയായിക്കഴിഞ്ഞാലും അരമണിക്കൂർ അവിടെത്തെന്ന നിൽക്കാറുണ്ട്. ഇന്നത്തെപോലെ കൈയ്യിൽ ഫോണില്ലല്ലോ... ആയതിനാൽ എമിഗ്രേഷനുവേണ്ടിയുള്ള ഏകദേശ സമയം കഴിയാനായി എയർപോർട്ട് പരിസരത്തു തന്നെ ചിലവഴിക്കാറുണ്ട്...


മടക്കയാത്രയിൽ സ്ഥിരമായി കയറാറുള്ള ഹോട്ടലിൽ കയറി അവർ കാപ്പികുടിച്ചു. വീണ്ടും വാഹനത്തിൽ കയറി. അവർ പരസ്പരം ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു. ഞായറാഴ്ചയായതിനാൽ റോഡിൽ തിരക്കു കുറവായിരുന്നു. ടൗണിൽ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. കടകൾ തുറന്നു വരുന്നതേയുള്ളു.. അവർ അടുത്തുള്ള ഒരു മരച്ചോലയിൽ കാർ പാർക്ക് ചെയ്തു. കുറച്ചു നേരം രണ്ടാളും വണ്ടിയിലിരുന്നു മയങ്ങി.. ഉണർന്നപ്പോൾ സമയം 9.30 അത്യാവശ്യം കടകൾ തുറന്നിരിക്കുന്നു. ഫസലിന് ഒരു ഷൂ വാങ്ങണം.. നേരേ കടയിൽ കയറി. അവനിഷ്ടപ്പെട്ട ഷൂതന്നെ അവിടുണ്ടായിരുന്നു. ഹോസ്റ്റലിൽ ഉപയോഗിക്കുന്നതിനാൽ ഒരു ചെരുപ്പും വാങ്ങി... അവർ അടുത്ത കടയിലേയ്ക്ക് പോയി. രണ്ടു ലുങ്കികളും കുറച്ച് ഇന്നർവെയറുകളും വാങ്ങി...  അതുകഴിഞ്ഞ് പലവ്യഞ്ജനങ്ങൾ വാങ്ങുന്ന കടയിലെത്തി ലിസ്റ്റ് കൊടുത്തു. ആ സമയംകൊണ്ട് അവർ അടുത്ത കടയിൽ പോയി.. കുഞ്ഞിന്റെ സാധനങ്ങൾ വാങ്ങാനായിരുന്നു. അതും കഴിഞ്ഞ് മെഡിക്കൽഷോപ്പിൽനിന്നും മരുന്നുകളും വാങ്ങി തിരികെ കാറിലെത്തി. സമയം 11 കഴിഞ്ഞിരിക്കുന്നു. അവർ വാഹനം റിവേഴ്സെടുത്തു തിരികെ യാത്ര തുടർന്നു. പന്ത്രണ്ടുമണിയോടെ വീട്ടിലെത്തി.


പോയ കാര്യങ്ങളൊക്കെ എല്ലാവരോടും വിവരിച്ചു. ഫസലിന് നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. താൻ പോയി ഫ്രഷായിവരാമെന്നു പറഞ്ഞു പോയി... ഡ്രസ്സ് മാറി കിടക്കയിൽ കിടന്നു. അറിയാതെ ഉറങ്ങിപ്പോയി.. രണ്ടുമണിയായിട്ടും കാണാത്തതുകൊണ്ട് സഫിയ അവനെ വിളിച്ചു..


“വേണ്ട മോളേ വിളിക്കേണ്ട.. അവൻ ഉറക്കമൊഴിഞ്ഞതല്ലേ.. ഉറങ്ങട്ടെ..


ഹമീദാണ് സഫിയയോട് പറഞ്ഞത്... ന്നാലും അൽപ്പം  കഴിഞ്ഞപ്പോൾ അവൻ ഫ്രഷായി താഴെയെത്തി... എല്ലാവരും ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു. അവനുള്ള ഭക്ഷണം മേശമേൽ വിളമ്പി വച്ചിട്ടുണ്ടായിരുന്നു. അതും കഴിച്ച് ഉപ്പയുടെ അടുത്തുവന്നിരുന്നു. അപ്പോഴേയ്ക്കും വാപ്പയുടെ കാര്യങ്ങൾ നോക്കാനുള്ള ആളെത്തിയിരുന്നു. വളരെപ്പെട്ടെന്നുതന്നെ അവൻ എല്ലാവരുമായി നല്ല പരിചയത്തിലായി. വീട്ടിലെ ഒരംഗത്തെപ്പോലെ പെരുമാറിത്തുടങ്ങി.. തൽക്കാലം വൈകുന്നേരം വീട്ടിൽ പോയിവരാമെന്നും അത്യാവശ്യ ഘട്ടങ്ങളി‍ൾ ഇവിടെ തങ്ങിയാൽ മതിയെന്നും പറഞ്ഞിട്ടുണ്ട്. ഹമീദിന്റെ തൊട്ടടുത്ത ചെറിയ മുറിയാണ് അവനായി നൽകിയിരിക്കുന്നത്. സാധാരണ ഗസ്റ്റുകൾ വരുമ്പോൾ നൽകുന്ന റൂമാണ്. ഇവിടെ അങ്ങനെ ഗസ്റ്റുകളാരും വന്ന് തങ്ങാറില്ലല്ലോ...


ഹമീദ് മരുന്നു കഴിക്കുന്ന സമയവും അതിന്റെ ഡോസും അവൻ തന്റെ ഡയറിയിൽ കുറിച്ചുവച്ചു. അവന്റെ കൈയ്യിൽ സ്റ്റെതസ്കോപ്പും പ്രഷർ എടുക്കുന്ന സാധനങ്ങളും പിന്നെ എന്തെല്ലാമോ ഉണ്ട്... യൂറിനിലെ ഷുഗർ അളക്കുന്നതിനുള്ള സ്ട്രിപ്പുമുണ്ട്. തീരുമ്പോൾ വാങ്ങിയാൽ മതിയല്ലോ... ഒരു ഹോം നേഴ്സിന്റെ  കൈയ്യിൽ ഇങ്ങനെയുള്ള സാധനങ്ങൾ സാധാരണ കാണാറില്ല.. ഏതോ വീട്ടിൽനിന്നും അവന് ഗിഫ്റ്റായി നൽകിയതാണെന്ന് അവൻ പറഞ്ഞു... ആദ്യം തന്നെ പ്രഷറും മറ്റും പരിശോധിച്ച് തന്റെ ഡയറിയിൽ രേഖപ്പെടുത്തി. കഴിക്കാനുള്ള ആഹാരരീതികളും മനസ്സിലാക്കി. എല്ലാറ്റിനും അവന് ഒരു അടുക്കുംചിട്ടയുമുണ്ടെന്ന് മനസ്സിലായി..


ഹമീദ് ചെറുമയക്കത്തിനു പോയി... വൈകുന്നേരം ആറുമണിക്ക് അവൻ ഹമീദിന് വീൽച്ചെയറിൽ തന്നെ തള്ളി പുറത്തെത്തിച്ചു.. അവിടെ കുറച്ചു സമയം ശുദ്ധമായി കാറ്റ് ഏൽക്കാമെന്നു പറഞ്ഞു. അവൻ പറഞ്ഞത് ഹമീദിനും ശരിയാണെന്നു തോന്നി.. സാധാരണ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാറാണ് പതിവ്... പുറത്തിറങ്ങിയപ്പോൾ മനസ്സിനും നല്ല കുളിർമ... അരമണിക്കൂർ കഴിഞ്ഞപ്പോൾ ഹമീദിന്റെ അനുവാദം ചോദിച്ച് അകത്തേയ്ക്ക്. ഭക്ഷണം ഏഴുമണിക്ക് തന്നെ കഴിപ്പിക്കണമെന്ന് അവൻ പറഞ്ഞതുപ്രകാരം ഏഴുമണിക്ക് ഭക്ഷണം റഡ‍ിയായെത്തിയിരുന്നു. അവനെ വിളിച്ചപ്പോൾ വീട്ടിൽ പോയി കഴിക്കുമെന്നു പറഞ്ഞു. നിർബന്ധിച്ചപ്പോഴും അവനതുതന്നെയാണ് പറ‍ഞ്ഞത്.. ഉമ്മ കാത്തിരിക്കുമെന്നും വീട്ടിൽ എത്താൻ കഴിയുന്ന ദിവസങ്ങളിൽ എത്ര ലേറ്റായാലും അവിടെനിന്നു മാത്രമേകഴിക്കൂവെന്നും പറഞ്ഞപ്പോൾ പിന്നീടാരും നിർബന്ധിച്ചില്ല..


കഴിക്കാനുള്ള മരുന്നുകൾ കൃത്യമായി നൽകി... അവൻ യാത്രപറഞ്ഞു പിരി‍ഞ്ഞു.. അടുത്ത ദിവസം മുതൽ 6 മണിക്കെത്തും... ഒരു ദിവസം കൊണ്ടുതന്നെ എല്ലാവർക്കും അവന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടിരുന്നു. അവൻ പോയതിനുശേഷം എല്ലാവരും അവനെക്കുറിച്ചായിരുന്നു സംസാരിച്ചത്. റഷീദ് വിളിച്ചു കാര്യങ്ങൾ തിരക്കി. അൻവറും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഇപ്പോൾ രണ്ടാളും ദിവസം രണ്ടുമൂന്നു തവണ വിളിക്കാറുണ്ട്. തന്നോടുള്ള മക്കളുടെ സ്നേഹത്തിൽ ഹമീദിന് അഭിമാനംതോന്നി...




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 27 06 2021 



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ  20 06 2021 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ