5.6.21

നിഴൽവീണവഴികൾ ഭാഗം 129

 

കാഴ്ചയിൽ വിശ്വസ്തനാണെന്നു തോന്നി... അദ്ദേഹത്തെ ജോലിയേൽപ്പിച്ച് അവർ യാത്ര തിരിച്ചു.. റഷീദ് തന്റെ ഫോൺ നമ്പറും നൽകി... മറ്റന്നാൾ വന്നിട്ട് ഒരാളെ വിളിച്ച് വീടിനകവും വൃത്തിയാക്കണം..

അവർ വരുന്നവഴിക്ക് ജംങ്ഷനിൽ നിന്നും കുറച്ച് ബേക്കറി സാധനങ്ങളും നാടൻ പലഹാരങ്ങും വാങ്ങി... നേരേ വീട്ടിലേയ്ക്ക്....

വീട്ടിലെത്തിയപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു. വാഹനം ഗേറ്റ് കടന്ന് വീട്ടുമുറ്റത്തെത്തി.

“ഫസലേ നമുക്ക് വിഷ്ണുവിനെ ഒന്നു കണ്ടിട്ടു വരാം. രണ്ടുദിവസമായി സുഖമില്ലാതിരിക്കുകയല്ലേ..“

“ശരി മാമാ...“  അവർ വാങ്ങിയ സാധനങ്ങൽ ഫസലും റഷീദുംകൂടി പെറുക്കി അകത്തു വച്ചു.

“എന്തായി റഷീദേ..“ ഹമീദ് ചോദിച്ചു.

“പോയകാര്യങ്ങലെല്ലാം നടന്നു വാപ്പാ..“

“ഇനി പ്രശ്നമൊന്നുമില്ലല്ലോ..“

“ഇല്ല വാപ്പാ.. വില്ലേജാഫീസർ പരിചയമുള്ള ആളായിരുന്നു. വാപ്പയ്ക്കറിയാം സുമേഷ്.. എന്റെകൂടെ പഠിച്ചതാ...“

“ഓർക്കുന്നില്ല... എന്തായാലും കാര്യം ഭംഗിയായി നടന്നല്ലോ...“

“വാപ്പാ. ഞാനും ഫസലും കൂടി വിഷ്ണുവിന്റെ വീട്ടിലേയ്ക്കൊന്നു പോയിട്ടു വരാം.. രണ്ടുദിവസമായി അവനെ കണ്ടിട്ട്... സുഖമില്ലെന്നു പറഞ്ഞതാ..“

“അതു ശരിയാ... ഞാൻ വയ്യാണ്ടായപ്പോ വളരെ കഷ്ടപ്പെട്ടതാ... നിങ്ങളൊന്നു പോയിട്ടു വാ...“

റഷീദും ഫസലും പുറത്തേയ്ക്കിറങ്ങി.. തൊട്ടയൽപക്കമാണ്. പക്ഷേ അവിടേയ്ക്കുള്ള വഴി കുറച്ചു ചുറ്റിയിട്ടാണ്. ഗേറ്റ് കടന്ന് അവർ നടന്നു...

“നീ ഇവിടെ വന്നിട്ടുണ്ടോ..“

“ഒന്നുരണ്ടുപ്രാവശ്യം..“

“ഞാൻ ആദ്യമാ..... സാധാരണ അവൻ അങ്ങോട്ടു വരുന്നതുകൊണ്ട് ഇങ്ങോട്ടു വരേണ്ടആവശ്യവുമില്ലായിരുന്നു.“

അവർ ഗേറ്റ് കടന്നപ്പോഴേ.. വാതിലിൽ ആളെത്തി.. വിഷ്ണുവിന്റെ അമ്മ... ഒരു കൊച്ചു വീട്... സാധാരണക്കാരായിരുന്നു അവർ. വിഷ്ണുവിന്റെ അച്ഛൻ നേരത്തേ മരിച്ചതാ.. അമ്മയായിരുന്നു വിഷ്ണുവിനേയും സഹോദരിയേയും നോക്കിയത്... അവരുടെ അധ്വാനത്തിന്റെ ഫലം ഇപ്പോൾ അവർ രക്ഷപ്പെട്ടു വരുന്നു. മകളെ നല്ലനിലയിൽ വിവാഹം കഴിപ്പിച്ചയച്ചു. സ്വന്തമായി വാങ്ങിയ വീടും പുരയിടവുമാണിത്... കൊച്ചു വീടെങ്കിലും നല്ല ഭംഗിയുള്ള വീടായിരുന്നു. മുറ്റത്ത് നല്ല ചെടികൾ വളർന്നുനിൽക്കുന്നു. വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞിട്ടില്ല..

“ങ്ഹാ.. സാറേ.. വാ സാറേ..“

“വിഷ്ണുവില്ലേ..“

“ഉണ്ട്... നല്ല ശരീരസുഖമില്ല.. അതാ അവൻ അങ്ങോട്ടൊന്നും വരാതിരുന്നത്..“

രണ്ടാളും വീടിനകത്തു കടന്നു. അപ്പോഴേയ്ക്കും ക്ഷീണിതനായി വിഷ്ണു അവന്റെ റൂമിനു പുറത്തേയ്ക്കിറങ്ങി..

“ങ്ഹാ.. ഇക്കാ... വിളിച്ചിരുന്നെങ്കിൽ ഞാനങ്ങോട്ടു വരില്ലായിരുന്നോ..“

“പിന്നെ. സുഖമില്ലാത്ത ആളല്ലേ അങ്ങോട്ടു വരാൻ..“

“എന്താ പ്രശ്നം..“

“രണ്ടുദിവസമായി നല്ല ശരീരംവേദനയും പനിയുമുണ്ട്..“

“ഡോക്ടറെ കാണിച്ചില്ലേ..“

“ഇല്ല. ഗുളികയുണ്ടായിരുന്നു. അതു കഴിച്ചു..“

“എന്നിട്ടു കുറവുണ്ടോ..“

“ഇല്ല.. എന്തായാലും രണ്ടുമൂന്നു ദിവസം എടുക്കും..“

“എന്നാൽ ഒരുങ്ങിക്കോ... ഞാൻ പോയി വണ്ടിയെടുത്തുകൊണ്ടു വരാം.. നമുക്ക് ജംഗ്ഷനിലെ ക്ലീനിക്കിലോട്ടു പോകാം..“

“വേണ്ടിക്കാ..“

“വേണോ വേണ്ടയോ എന്നു ഞാൻ തീരുമാനിക്കാം..“

“വിഷ്ണുവിന് മറുത്തൊന്നും പറയാനുള്ള അവസരം നൽകിയില്ല..“

“ഞാനും പറഞ്ഞതാ സാറേ. ഡോക്ടറെ കാണാൻ.. അവൻ പറഞ്ഞ് അതങ്ങ് മാറുമെന്ന്.. ഇപ്പോ പലതരത്തിലുള്ള പനിയല്ലേ സാറേ..“

“അമ്മ പേടിക്കേണ്ട.. ഇവനെ ഡോക്ടറെ കാണിച്ചിട്ടു പോരാം..“

റഷീദിനെ കുറിച്ച് അവർ കരുതിയത് വലിയ പണക്കാരൊക്കെയല്ലേ.. അതിന്റേതായ ഗമയൊക്കെ കാണുമെന്നാ.. എന്നാൽ സ്വന്തം മോനെപ്പോലെയാണ് അവന്റെ പെരുമാറ്റം ആ അമ്മയ്ക്ക് റഷീദിന്റെ പെരുമാറ്റത്തിൽ സന്തോഷം തോന്നി കൂടെ അത്ഭുതവും...

വിഷ്ണു റഡിയായി വന്നു...

“വിഷ്ണു ഇവിടെ നിൽക്ക്.. ഞാൻ പോയി വണ്ടിയെടുത്തുകൊണ്ടു വരാം... ഫസലേ നീയും ഇവിടെ നിന്നോ.. വണ്ടി വരുമ്പോൾ ഗേറ്റിനടുത്തേയ്ക്ക് വന്നാൽ മതി..“

“റഷീദ് വീട്ടിലേയ്ക്കു പോയി.. വീട്ടുകാരോട് കാര്യം പറഞ്ഞു..

“നല്ല കാര്യം റഷീദ്.. അവൻ നല്ല ആത്മാർത്ഥതയുള്ള ചെക്കനാ...“

“ശരിയാ വാപ്പാ..“

റഷീദ് വണ്ടിയുമായി ഗേറ്റിനടുത്തെത്തി.. അവർ രണ്ടാളും വണ്ടിയിൽ കയറി.. വിഷ്ണുവിന് നല്ല ക്ഷീണമുണ്ട്.

അൽപനേരത്തിനകം വാഹനം ക്ലീനിക്കിനടുത്തെത്തി.. ആ ഗ്രാമത്തിലെ ഒട്ടുമിക്ക ആൾക്കാരും എത്തുന്നൊരു ക്ലിനിക്കായിരുന്നത്. കുറച്ച് പ്രായംചെന്ന ഡോക്ടറാ... വലിയ തിരക്കില്ലായിരുന്നു. അവർ ഡോക്ടറുടെ അടുത്തെത്തി.

വിഷ്ണു കാര്യങ്ങൾ ഡോക്ടറോടു പറഞ്ഞു..

ഡോക്ടർ പരിശോധനയ്ക്കു ശേഷം അവരോടു പറഞ്ഞു.

“ഇത് വൈറൽ ഫിവറാ.. നാലഞ്ചു ദിവസം പനി കാണും. ചെറിയ കഫം ഉണ്ട്... ആന്റിബയോട്ടിക് അഞ്ചു ദിവസത്തേയ്ക്ക് എഴുതാം... പനിക്ക് ഒരു ഇഞ്ചക്ഷൻ എടുക്കാം...“

അവർ നഴ്സിംഗ് റൂമിലെത്തി.. ഒരു ഇഞ്ചക്ഷൻ എടുത്തു. അവിടെവച്ചുതന്നെ രണ്ടു ഗുളിയകളും നൽകി... ലൈറ്റ് ആഹാരം കഴിച്ചാൽ മതിയെന്നു പറഞ്ഞു.

അവർ അവിടെ നിന്നും തിരിച്ചു. വീട്ടിലെത്തിയപ്പോഴേയ്ക്കും വിഷ്ണുവിന് തെല്ലൊരാശ്വാസം തോന്നി... അവർ അവനെ വീട്ടിലെത്തിച്ചു. അമ്മയോട് കാര്യങ്ങൾ പറഞ്ഞു..

“എന്തേലും പ്രശ്നമുണ്ടെങ്കിൽ വിളിക്കണേ.. ഞങ്ങൾ തൊട്ടയൽപക്കത്തു കിടക്കുകയല്ലേ...“

“വിളിക്കാം സാർ..“

“ഈ സാർ വിളിയൊന്നു നിർത്താമോ.. വിഷ്ണുവിനെ പേരല്ലേ വിളിക്കുന്നത്...എന്നെയും പേര് വിളിച്ചാൽ മതി..“

“അത് സാർ..“

“ഒരു അതുമില്ല...“

“സാർ ശ്രമിക്കാം... ചായയിടട്ടോ സാർ..“

“വേണ്ട... ഇനിയൊരിക്കലാവാം..“

അവർ അവിടെനിന്നും യത്ര പറഞ്ഞിറങ്ങി..

വീട്ടിലെത്തിയപ്പോഴേയ്ക്കും അവിടെ ഒരു വാഹനം റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു. ആരോ വീട്ടിൽ എത്തിയെന്നു തോന്നുന്നു... അവർ വാഹനം ഗേറ്റിനുള്ളിലൂടെ പാർക്കിംഗ് ഏരിയയിലെത്തിച്ചു. അപ്പോഴേയ്ക്കും സഫിയ പുറത്തേയ്ക്കിറങ്ങി വന്നു.

“ആരാ സഫിയാ...“

“ഗോപി ഡോക്ടറാ... അവർ നാട്ടിലേയ്ക്ക് പോകുന്നവഴിയാ.. പോകുന്ന വഴി ഇതുവഴി വന്നു.. അടുത്ത മാസം ഇവന് ക്ലാസ് തുടങ്ങുകയല്ലേ.. അതിനായി കുറച്ചു പുസ്തകങ്ങളും കൊണ്ടുവന്നു...“

അവർ തിടുക്കപ്പെട്ട് അകത്തേയ്ക്ക് കയറി..

“നമസ്കാരം ഡോക്ടർ.“

“റഷീദേ.. നമ്മൾതമ്മിൽ പ്രായവ്യത്യാസമൊന്നുമില്ല.. ഒരുമിച്ച് പഠിച്ചവർ.. ഞാൻ പണ്ടേ പറഞ്ഞതാ.. എന്നെ ഡോക്ടറെന്നു വിളിക്കരുതെന്ന്. പേര് വിളിച്ചാൽ മതി..“

“പിന്നേ.. ഡോക്ടറെ ഞാൻ ഡോക്ടറെന്നല്ലാതെ പിന്നെന്തു വിളിക്കാനാ..“

“അവിടെ ചെറിയൊരു കൂട്ടച്ചിരിയുയർന്നു.“

കുറേ നാളുകൾക്കു ശേഷമാണ് റഷീദും ഗോപിയും ഒരുമിച്ചു കാണുന്നത്. അവർ പലതും സംസാരിച്ചിരുന്നു. നാട്ടിലെ കാര്യങ്ങളും കോളേജിലെ കാര്യങ്ങളും. ഇതിനിടയിൽ ഫസലും ഹമീദ്ക്കയും മറ്റുള്ളവരും കേൾവിക്കാരായിരുന്നു. ഹമീദ് കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. എക്സ്റേയും സ്കാനിംഗ് റിപ്പോർട്ടും കണ്ടു...

“ഇത് പേടിക്കാനൊന്നുമില്ലെന്നേ.. ചെറിയ പ്രശ്നങ്ങൾ അതിപ്പോൾ എന്നെ പരിശോധിച്ചാലും കാണും..“

“അതെന്നെ സമാധാനിപ്പിക്കാൻ പറയുകയല്ലേ ഡോക്ടറെ.. ഈ ഡോക്ടർമാരെല്ലാം ഇങ്ങനെയാ..“

“ങ്ഹാ.. ഇതാ കുഴപ്പം. ഇത്രയും നാൾ പേരു വിളിച്ച ആളിപ്പോൾ ഡോക്ടറേയെന്നു വിളിക്കുന്നു.“

“അത് ബഹുമാനവും സ്നേഹവും കൊണ്ടല്ലേ മോനേ..“

“ങ്ഹാ.. അങ്ങനെ വിളിക്ക്.. അതില് സ്നേഹവുമുണ്ട്.“

“ഫസലേ.. ഇനി ദിവസങ്ങളില്ല.. ഒരുമാസം തികച്ചില്ല... ചില പ്രത്യേക കാരണങ്ങളാലാണ് പുതിയ ക്ലാസ് തുടങ്ങാൻ താമസിച്ചത്... കോളേജ് വികസനവും ഹോസ്റ്റലിന്റെ പണിയും ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നു. ആയതിനാലാണ് ഇത്രയും താമസിച്ചത്. ക്ലാസ് താമസിക്കുന്നതുകാണിച്ച് പത്രങ്ങളിലും വാർത്തവന്നിരുന്നു. എന്തായാലും പണികൾ വരും ദിവസങ്ങളിൽ തീർക്കാനുള്ള തത്രപ്പാടിലാണ്... ഫസലൊക്കെ പുതിയ ബ്ലോക്കിലായിരിക്കും.. താമസം...“

ഫസലും വളരെ സന്തോഷത്തിലായിരുന്നു. ക്ലാസ്സ് തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങളല്ലേയുള്ളൂ... പുതിയ കൂട്ടുകാർ.. പുതിയ വിഷയം... ഒരു ഡോക്ടറെന്ന ലേബൽ....

“പിന്നെ.. പഠിക്കാനുള്ളതെല്ലാം ഒന്നു റഫർ ചയ്തു വെക്കണേ ... ഞാൻ തന്നിരിക്കുന്ന പുസ്തകങ്ങൾ ഒന്ന് ഓടിച്ചു നോക്കിയാൽ ഏകദേശം ഒരു ഐഡിയ കിട്ടും.. ബാക്കി നീ അങ്ങോട്ടല്ലേ വരുന്നത്...“

“അതേ ഇവനെ ഒന്നു പിഴിഞ്ഞ് റഡിയാക്കണം...“..

“അതൊക്കെ ഞാനേറ്റു..“

അവർ ഇരുട്ടുന്നതുവരെ സംസാരിച്ചും പറഞ്ഞുമിരുന്നു. എല്ലാവരും കുറേ നാളുകൾക്കുശേഷമാണ് ഇങ്ങനെയൊരു ഒത്തുകൂടലുണ്ടായത്. ഇതിനിടയിൽ സഫിയയ്ക്കു വീടുവയ്ക്കുന്ന കാര്യങ്ങളും... ഗൾഫിലെ ബിസിനസ്സിനെക്കുറിച്ചും... അൻവറിന്റെ സ്ഥലമെഴുത്തിനെക്കുറുച്ചുമൊക്കെ അവർ സംസാരിച്ചു. പോകാൻ നേരം ഹമീദിന്റെ കരം ഗ്രഹിച്ചു അദ്ദേഹം പുറത്തേയ്ക്കിറങ്ങി.. എല്ലാവരോടും യാത്ര പറ‍ഞ്ഞു.. അവർ ഗേറ്റ് വരെ അദ്ദേഹത്തെ അനുഗമിച്ചു. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. ഇനി അവിടെ എത്തുമ്പോൾ എന്തായാലും പത്തു പന്ത്രണ്ടു മണിയാകുമല്ലേ...

“വലിയ ട്രാഫിക് കാണില്ല.. അതുകൊണ്ടു ഓടിച്ചു പോകാം.. പിന്നെ എന്റെ യാത്രയെല്ലാം രാത്രികളിൽ തന്നെയാണ്. ഇതിനിടയിൽ വല്ല എമർജൻസിയും വരാതിരുന്നാൽ ഭാഗ്യം.. കഴിഞ്ഞ ആഴ്ച വീട്ടിലേയ്ക്ക് പോകാനായി തിരിച്ചതാ.. പത്തറുപതു കിലോമീറ്റർ യാത്രചെയ്തു. അപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും വിളിവന്നത്.. മിനിസ്റ്ററെ എമർജൻസിയായിഅഡ്മിറ്റ് ചെയിതിരികുന്നു.. ചെറിയൊരു സ്ട്രോക്ക്... നമ്മൾ ന്യൂറോ ഡിപ്പാർട്ടുമെന്റായതിനാൽ തിരികെവന്നേപറ്റൂവെന്ന് സൂപ്രണ്ട്... പിന്നെ തിരികെവരേണ്ടിവന്നു. അന്നു ഞാൻ ചെല്ലുമെന്നുകരുതി വീട്ടുകാർ ഉണ്ടാക്കിവച്ച ഭക്ഷണം അടുത്തദിവസം എടുത്തു കളയേണ്ടിവന്നെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞു...“

“ങ്ഹാ.. ഫസലേ.. ഒരു ഡോക്ടറായാൽ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാ.... ഏതു നിമിഷവും സേവന സന്നദ്ധനായിരിക്കണം.. ഇതൊക്കെ പഠനം തുടങ്ങുമ്പോൾ മനസ്സിലാകും.. മറ്റുള്ളവുടെ ജീവൻ നമ്മുടെ പക്കലാ... ജീനൻ നൽകുന്നത് ദൈവമാമണെങ്കിലും അതു സംരക്ഷിക്കാൻ നമ്മളും പ്രയത്നിക്കണം...“

അവൻ തലകുലുക്കി...

“അപ്പോൾ ശരി.. ബൈൈ...“

വാഹനം റിവേഴ്സെടുത്ത് ടാറ്റപറഞ്ഞു പോയി...

അവർ വീട്ടിലേയ്ക്കും. ഫസൽ ഗേറ്റ് കുറ്റിയിട്ട് പൂട്ടി അവർക്ക് പിറകിലായി നടന്നു....




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 13 06 2021



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 06 06 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ