"സ്നേഹത്തിന്റെ മായാവലയങ്ങൾ അഴിഞ്ഞുവീഴുമ്പോൾ, ഉള്ളിലെ കനൽ കറുത്ത പുകയായി പുറത്തേക്ക് തുപ്പുന്ന ചില മനുഷ്യരുണ്ട്. വാശിയും പകയും മുഖത്ത് മുഖംമൂടിയണിയിക്കുന്ന ആ പകപ്പൊരുളുകൾ നമ്മെ ഭയപ്പെടുത്തുകയല്ല, മറിച്ച് മനുഷ്യന്റെ വികൃതമായ മറ്റൊരു മുഖത്തെ ഓർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്..."
ഈ അടുത്താണ് ആ വിചിത്രമായ രൂപാന്തരം ഞാൻ അവളിൽ കണ്ടുതുടങ്ങിയത്. ഒരുകാലത്ത് പ്രാണനുതുല്യം സ്നേഹിച്ച, കരുതലിന്റെ അമൃതുമാത്രം നിറഞ്ഞുനിന്ന ആ കണ്ണുകളിൽ, പെട്ടെന്നൊരു നാൾ ക്രൂരമായ ദേഷ്യവും അർത്ഥശൂന്യമായ വാശികളും പടർന്നുപിടിക്കുന്നത് നോക്കിനിൽക്കേണ്ടി വന്നു. ഉള്ളിൽ എരിഞ്ഞുപുകയുന്ന പകയുടെയും വിദ്വേഷത്തിന്റെയും കനലുകൾ അവളുടെ ഓരോ നിശ്വാസത്തിലും ഭാവത്തിലും നിഴലിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച സമ്മാനിച്ച നടുക്കം ഇന്നും മനസ്സിൽ ഒരു മരവിപ്പായി ബാക്കിയുണ്ട്.
ചെറിയ കുറുമ്പുകളെന്ന് നിഷ്കളങ്കമായി നമ്മൾ വിശ്വസിച്ച പലതും, പിന്നീട് ഭയാനകമായ പ്രതികാരത്തിന്റെ കറുത്ത രൂപങ്ങളായി പരിണമിക്കുന്നത് വലിയൊരു വേദനയാണ്. സ്നേഹിക്കേണ്ട ഇടങ്ങളിൽ വെറുപ്പിന്റെ വിഷവിത്തുകൾ പാകി, സ്വന്തം അഹങ്കാരത്തിന്റെ പൂണൂൽ അണിഞ്ഞ് എന്തും കാട്ടിക്കൂട്ടുന്ന ആ വികൃതഭാവം—അതൊരുതരം പകപ്പൊരുളുകൾ അല്ലാതെ മറ്റെന്താണ്?
ഏറ്റവും ഗാഢമായി സ്നേഹിച്ച, തന്റെ സർവ്വസ്വവുമായി ചേർത്തുപിടിച്ച ഒരു മനുഷ്യനോട് "ഞാൻ നിന്നെ തകർക്കും, തകർത്ത് തരിപ്പണമാക്കും" എന്ന് വെറുപ്പിന്റെ മൂർച്ചയേറിയ നാക്കുകൊണ്ട് ഉച്ചരിക്കുമ്പോൾ, അവൾ ഓർക്കാതെ പോകുന്ന ഒരു പരമാർത്ഥമുണ്ട്; ആ അടിയേൽക്കുന്നത് ഒരു മനുഷ്യന്റെ ഹൃദയത്തിനാണ്. ഒരു തെറ്റും ചെയ്യാത്ത മറ്റൊരു ജീവനോട് ഇത്രമേൽ ക്രൂരത കാണിക്കുമ്പോൾ, ആ പകയും വിദ്വേഷവും കൊണ്ട് അവൾ തകർത്തെറിയുന്നത് മറ്റൊരാളെയല്ല, സ്വന്തം ആത്മാവിന്റെ നന്മയെത്തന്നെയാണ്.
മറ്റുള്ളവരെ തോൽപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ, താൻ തന്നെയാണ് സ്വയം ശവപ്പെട്ടി തീർക്കുന്നത് എന്ന തിരിച്ചറിവ് ആ നിമിഷങ്ങളിൽ എവിടെയോ നഷ്ടപ്പെട്ടുപോവുകയാണ്.
മനുഷ്യൻ എത്ര വേഗമാണ് തനിക്കുള്ളിലെ വെളിച്ചമെല്ലാം കെടുത്തിക്കളഞ്ഞ്, സ്വാർത്ഥതയുടെയും ക്രൂരതയുടെയും പര്യായമായി മാറുന്നത്! എങ്കിലും, വാശിയുടെയും പകയുടെയും കറുത്ത പടവാളുകൾക്ക് ഒരിക്കലും സ്നേഹത്തിന്റെ ശാശ്വതമായ പൂക്കളെ ശാശ്വതമായി തോൽപ്പിക്കാൻ ആവില്ല.
പകയുടെ വിഷം തുപ്പി മറ്റുള്ളവരുടെ ജീവിതം എരിച്ചുകളയാൻ ശ്രമിക്കുമ്പോൾ, കറുത്തുപോകുന്നത് സ്വന്തം മനസ്സിന്റെ കണ്ണാടിയാണ്. ആ പകപ്പൊരുളുകളെ ഉള്ളിൽ കൊണ്ട്നടക്കാതെ, സ്നേഹത്തിന്റെ കുളിർമഴയാൽ മനസ്സിനെ ശുദ്ധീകരിക്കുക. അതാണ് കാലം ബാക്കിവെക്കുന്ന ഒരേയൊരു യഥാർത്ഥ സൗന്ദര്യം....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ