ചില പ്രണയങ്ങൾ അങ്ങനെയാണ്; ചോര പൊടിയാത്ത ക്രൂരതകളാൽ സ്വയം എരിച്ചുകളയുന്നവ. അവിടെ സ്നേഹം എന്നത് ഒരു യാചനയും, സഹനം എന്നത് ഒരു ആത്മഹത്യയുമാണ്."
ഞാൻ അവളുടെ മുന്നിൽ ഒരു പൂച്ചയായിരുന്നു. എനിക്ക് ശൗര്യമുണ്ടോ, വാശിയമുണ്ടോ എന്നൊന്നും അവൾക്ക് നോക്കേണ്ടിയിരുന്നില്ല. അവൾക്ക് ശബ്ദമുയർത്താം, ശാസിക്കാം, പരിഭവങ്ങൾ തീർക്കാം. ആ വാക്കുകൾ നെഞ്ചുതുളയ്ക്കുമ്പോഴും ഞാൻ പുഞ്ചിരിച്ചു. എല്ലാം അവളുടെ ഒരൊറ്റ വാക്കിന് വേണ്ടി, ഒരു നോട്ടത്തിന് വേണ്ടി മാത്രം. "അവൾ എന്നെ സ്നേഹിക്കുന്നുണ്ട്" എന്ന വ്യാമോഹത്തിന്റെ ആശ്വാസത്തിൽ ഞാൻ ഓരോ വേദനയും വിഴുങ്ങി.
ഓർമ്മയില്ലേ, മുമ്പൊക്കെ അവൾ പറയുമായിരുന്നു— "നീ നൽകുന്ന ആനന്ദം വാക്കുകൾക്ക് അതീതമാണ്, നിന്നെ എനിക്ക് കിട്ടിയത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്" എന്ന്. അന്ന് അവളുടെ ചുണ്ടിലെ പുഞ്ചിരിയായിരുന്നു എന്റെ ലോകം. എന്നാൽ ഇന്നോ? അവൾ പറയുന്നു— "നിന്നിൽ പുതുമയില്ല, നിന്നിൽ എനിക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്നില്ല" എന്ന്. എന്റെ മുന്നിൽ ഇന്ന് അവൾ വെറുമൊരു ശവമായി അഭിനയിക്കുകയാണ്. ആ കണ്ണുകളിൽ ഇപ്പോൾ എന്നോടുള്ള സ്നേഹമല്ല, മടുപ്പ് മാത്രമാണ്.
അന്നത്തെ ആ വാക്കുകളും ഇല്ലാതായ ഈ അകൽച്ചയും തമ്മിൽ ഞാൻ എവിടെയാണ് ഒടുങ്ങേണ്ടത്? ഇന്നീ ഇരുട്ടിലിരുന്ന് ഞാൻ ചോദിച്ചുപോകുകയാണ്... ഞാൻ നിന്റെ വഴികൾക്ക് ഒരു താൽക്കാലിക ഇടത്താവളം മാത്രമായിരുന്നോ? നീ ഉയർന്നു പറക്കാൻ, നിന്റെ രക്ഷപ്പെടലുകൾക്ക് ചവിട്ടിമെതിക്കാൻ ഞാൻ വെറും കൽപ്പടവുകൾ മാത്രമായിരുന്നോ? എല്ലാം കഴിഞ്ഞ്, ഈ കറിയിലെ കറിവേപ്പില പോലെ നീ എന്നെ പുറത്തേക്ക് വലിച്ചെറിയുകയാണോ?
എന്റെ ഈ മൗനമൊക്കെ നീ കരുതിയത് ഭീരുത്വമാണോ? അതോ ജീവനില്ലാത്ത ഒരു വെറും ശവത്തിന്റെ നിസ്സംഗതയാണോ?
അല്ല, ഒരിക്കലുമല്ല. എനിക്ക് വികാരങ്ങളുണ്ട്, വിചാരങ്ങളുണ്ട്. നിന്നെപ്പോലെതന്നെ വലിയൊരു ലോകം കാണാൻ കൊതിക്കുന്ന സ്വപ്നങ്ങളും സങ്കൽപ്പങ്ങളും എനിക്കുമുണ്ട്. എന്റെ ഭാവിയിലെ ഓരോ ചിത്രത്തിലും നിന്റെ മുഖം മാത്രമാണ് ഞാൻ നിറച്ചു വെച്ചിരുന്നത്. അത്രമേൽ ആഴത്തിലാണ് ഞാൻ നിന്നെ സ്നേഹിച്ചത്. നിനക്ക് മുന്നിൽ ഞാൻ പതുങ്ങിനിന്നത് പേടികൊണ്ടല്ല, മറിച്ച് നിന്റെ സ്നേഹത്തിന് വേണ്ടി എന്റെ തന്റേടങ്ങളെല്ലാം ഞാൻ തന്നെ കാലിൽ ചവിട്ടി മെതിക്കുകയായിരുന്നു.
ഒരു പെണ്ണിൽ നിന്ന് ഒരു ആണാഗ്രഹിക്കുന്ന എല്ലാ വികാരങ്ങളും ഈ പ്രണയത്തിലുണ്ട്. സമർപ്പണമുണ്ട്, അടങ്ങാത്ത ആഗ്രഹങ്ങളുണ്ട്,
സ്വന്തമാക്കണമെന്ന തീവ്രമായ മോഹമുണ്ട്. പക്ഷേ, നിരന്തരമായ ആ അവഗണനയും അകറ്റിനിർത്തലുകളും... അതെന്നെ ദിവസവും ജീവനോടെ കൊല്ലുകയായിരുന്നു.
എത്ര സഹിച്ചാലും ക്ഷമിച്ചാലും, അതിനൊക്കെ ഒരു പരിധിയില്ലേ? അടക്കിപ്പിടിച്ച ആ സഹനത്തിന്റെ പരിധികൾ ലംഘിക്കപ്പെടുമ്പോൾ, ഏതൊരു പൂച്ചയും അവസാനം ഒന്ന് തിരിച്ചുകടിക്കാൻ ശ്രമിക്കില്ലേ? അതുപോലെ, എന്റെ ഉള്ളിലെ പൊട്ടിത്തെറികൾ അവൾക്ക് മുന്നിൽ അലർച്ചയായി മാറാറുണ്ട്. ആ നിമിഷങ്ങളിൽ ഞാൻ ഭ്രാന്തനെപ്പോലെ പൊട്ടിത്തെറിക്കാറുണ്ട്. കാരണം, എനിക്കൊരു ആത്മാവുണ്ട്; അതിനു മുറിവുകൾ പറ്റുന്നുണ്ട്. നിരന്തരം സ്നേഹം നിഷേധിക്കപ്പെടുമ്പോൾ, ഈ സഹനം ഒരു ദിവസം തിരിഞ്ഞു കൊത്തുന്ന മറ്റൊരു രൂപമായി മാറിയേക്കാം—സ്വയം പീഡിപ്പിച്ച്, ഒടുവിൽ ഉള്ളിലെ അഗ്നി തിരിച്ചറിയുന്ന ഒരു 'പീഡകന്റെ ആത്മാവായി'.
പ്രണയം ഇത്രമേൽ ആഴത്തിലാകുമ്പോൾ, അവിടെ ക്ഷമയും സഹനവും ഒരുതരം ആത്മപീഡനമായി മാറുന്നുണ്ട്. അതവൾ ഒരിക്കലും മനസ്സിലാക്കിയിട്ടുണ്ടാവില്ല. പ്രണയം തന്ന്, പിന്നീട് ആ പ്രണയം കൊന്നൊടുക്കി, ഞാൻ സ്വയം ഈ അഗ്നിയിൽ എരിഞ്ഞു തീരണമോ? എങ്കിലും, ഈ വരികൾ വായിച്ച് ഏതെങ്കിലുമൊരു നിമിഷത്തിൽ നീ എന്നെക്കുറിച്ച് ഓർക്കുമായിരിക്കും... അന്ന് നീ അറിയും, ഒരു മനുഷ്യൻ എത്രമാത്രം തോറ്റുപോയാലും, താൻ ജീവനുതുല്യം സ്നേഹിച്ചവൾക്കുവേണ്ടി താൻ അനുഭവിച്ച നരകത്തിന്റെ ആഴം എത്രയെന്ന്. ആ നാളിൽ, ഒരുപക്ഷേ നീ എന്നെ തേടിയെത്തിയേക്കാം... അന്ന് ബാക്കിയാവുന്നത് ഈ മണ്ണിൽ എരിച്ചുകളഞ്ഞ എന്റെ ഓർമ്മകൾ മാത്രമായിരിക്കാം....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ